യഹോവ അനേകം പുത്രന്മാരെ മഹത്ത്വത്തിലേക്കു നയിക്കുന്നു
“[ദൈവം] അനേകം പുത്രന്മാരെ മഹത്ത്വത്തിലേക്കു നയിക്കുമ്പോൾ അവരുടെ രക്ഷാനായകനെ കഷ്ടാനുഭവങ്ങളാൽ തികഞ്ഞവനാക്കുന്നത് ഉചിതമായിരുന്നു.”—എബ്രായർ 2:10, NW.
1. മനുഷ്യവർഗത്തെ സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യം നിവൃത്തിയേറുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നതെന്തുകൊണ്ട്?
അനന്തജീവൻ ആസ്വദിക്കുന്ന ഒരു പൂർണ മാനുഷകുടുംബത്തിനു നിത്യഭവനമായിരിക്കാനാണ് യഹോവ ഭൂമിയെ സൃഷ്ടിച്ചത്. (സഭാപ്രസംഗി 1:4; യെശയ്യാവു 45:12, 18) നമ്മുടെ പൂർവപിതാവായ ആദാം പാപം ചെയ്യുകവഴി പാപവും മരണവും അവന്റെ സന്തതികളിലേക്കു കടത്തിവിട്ടുവെന്നതു സത്യംതന്നെ. എന്നാൽ മനുഷ്യവർഗത്തെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം അവന്റെ വാഗ്ദത്ത സന്തതിയായ യേശുക്രിസ്തുവിലൂടെ നിവൃത്തിയേറും. (ഉല്പത്തി 3:15; 22:18; റോമർ 5:12-21; ഗലാത്യർ 3:16) “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു” അവനെ നൽകുവാൻ യഹോവയെ പ്രേരിപ്പിച്ചത് മനുഷ്യവർഗ ലോകത്തോടുള്ള സ്നേഹമായിരുന്നു. (യോഹന്നാൻ 3:16) ‘അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുക്കാൻ’ യേശുവിനെ പ്രേരിപ്പിച്ചതും സ്നേഹംതന്നെ. (മത്തായി 20:28) ആദാം നഷ്ടപ്പെടുത്തിയ അവകാശങ്ങളും വിജയപ്രതീക്ഷകളും തിരികെ വാങ്ങുകവഴി ഈ “തത്തുല്യ മറുവില” നിത്യജീവൻ സാധ്യമാക്കിത്തീർക്കുന്നു.—1 തിമൊഥെയൊസ് 2:5, 6, NW; യോഹന്നാൻ 17:3.
2. ഇസ്രായേലിന്റെ വാർഷിക പാപപരിഹാരദിവസം യേശുവിന്റെ മറുവിലയാഗത്തിന്റെ പ്രയുക്തത മുൻനിഴലാക്കപ്പെട്ടതെങ്ങനെ?
2 വാർഷിക പാപപരിഹാരദിവസം യേശുവിന്റെ മറുവിലയാഗത്തിന്റെ പ്രയുക്തത മുൻനിഴലാക്കുന്നതായിരുന്നു. ആ ദിവസം, ഇസ്രായേലിലെ മഹാപുരോഹിതൻ പാപയാഗമായി ഒരു കാളയെ ആദ്യം ബലിയർപ്പിച്ച് അതിന്റെ രക്തം സമാഗമനകൂടാരത്തിലെ, പിൽക്കാലത്ത് ആലയത്തിലെ, അതിവിശുദ്ധ സ്ഥലത്തെ വിശുദ്ധ കൃപാസനത്തിൽ അർപ്പിച്ചിരുന്നു. അത് തനിക്കും തന്റെ കുടുംബത്തിനും ലേവിഗോത്രത്തിനും വേണ്ടിയായിരുന്നു. അതുപോലെ, യേശുക്രിസ്തു തന്റെ രക്തത്തിന്റെ മൂല്യം ആദ്യം തന്റെ ആത്മീയ “സഹോദരന്മാ”രുടെ പാപമോചനത്തിനായി ദൈവത്തിന് അർപ്പിച്ചു. (എബ്രായർ 2:12; 10:19-22; ലേവ്യപുസ്തകം 16:6, 11-14) പാപപരിഹാരദിവസം, മഹാപുരോഹിതൻ ഇസ്രായേലിന്റെ 12 പുരോഹിതേതര ഗോത്രങ്ങളുടെ പാപമോചനത്തിനുവേണ്ടി ഒരാടിനെ പാപയാഗമായി ബലിയർപ്പിച്ച് അതിന്റെ രക്തം അതിവിശുദ്ധസ്ഥലത്ത് അർപ്പിക്കുകയും ചെയ്തിരുന്നു. സമാനമായി, വിശ്വാസം പ്രകടമാക്കുന്ന മനുഷ്യർക്കുവേണ്ടി മഹാപുരോഹിതനായ യേശുക്രിസ്തു തന്റെ ജീവരക്തം ഉപയോഗിക്കുകയും അങ്ങനെ അവരുടെ പാപങ്ങൾ മോചിക്കുകയും ചെയ്യും.—ലേവ്യപുസ്തകം 16:15.
മഹത്ത്വത്തിലേക്കു നയിക്കപ്പെടുന്നു
3. എബ്രായർ 2:9, 10 പറയുന്നപ്രകാരം, ദൈവം 1,900 വർഷമായി എന്തു ചെയ്തുകൊണ്ടിരിക്കുകയാണ്?
3 1,900 വർഷമായി ദൈവം യേശുവിന്റെ “സഹോദരന്മാ”രോടുള്ള ബന്ധത്തിൽ സവിശേഷതരമായ ഒരു സംഗതി ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനെക്കുറിച്ച്, പൗലൊസ് അപ്പോസ്തലൻ എഴുതി: “ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു. സകലത്തിന്നും ലാക്കും സകലത്തിന്നും കാരണഭൂതനുമായവൻ [യഹോവയാം ദൈവം] അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുമ്പോൾ [“മഹത്ത്വത്തിലേക്കു നയിക്കുമ്പോൾ,” NW] അവരുടെ രക്ഷാനായകനെ കഷ്ടാനുഭവങ്ങളാൽ തികഞ്ഞവനാക്കുന്നതു യുക്തം ആയിരുന്നു.” (എബ്രായർ 2:9, 10) രക്ഷാനായകൻ യേശുക്രിസ്തുവാണ്, അവൻ ഭൂമിയിൽ മനുഷ്യനായി ജീവിക്കവേ സഹിച്ച സംഗതികളിലൂടെ തികഞ്ഞ അനുസരണം പഠിച്ചു. (എബ്രായർ 5:7-10) ദൈവത്തിന്റെ ആത്മീയ പുത്രനെന്ന നിലയിൽ ആദ്യം ജനിപ്പിക്കപ്പെട്ടവൻ യേശുവാണ്.
4. ദൈവത്തിന്റെ ആത്മീയപുത്രനായി എപ്പോൾ, എങ്ങനെ യേശു ജനിപ്പിക്കപ്പെട്ടു?
4 യേശുവിനെ സ്വർഗീയ മഹത്ത്വത്തിലേക്കു നയിക്കുന്നതിനുവേണ്ടി, അവനെ തന്റെ ആത്മീയ പുത്രനായി ജനിപ്പിക്കാൻ യഹോവ തന്റെ പരിശുദ്ധാത്മാവിനെ അഥവാ പ്രവർത്തനനിരത ശക്തിയെ ഉപയോഗിച്ചു. സ്നാപക യോഹന്നാനോടൊപ്പം തനിച്ചായിരിക്കവേ, യേശു തന്നെത്തന്നെ ദൈവത്തിനു സമർപ്പിച്ചതിന്റെ പ്രതീകമായി പൂർണമായി വെള്ളത്തിൽ മുങ്ങി സ്നാപനമേറ്റു. ലൂക്കൊസിന്റെ സുവിശേഷവിവരണം പറയുന്നു: “ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏററു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു, പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.” (ലൂക്കൊസ് 3:21, 22) യേശുവിന്റെമേൽ പരിശുദ്ധാത്മാവ് ഇറങ്ങിവരുന്നത് യോഹന്നാൻ കാണുക മാത്രമല്ല, യഹോവ അവനെ തന്റെ പ്രിയപുത്രനായി പരസ്യമായി അംഗീകരിക്കുന്നത് കേൾക്കുകയും ചെയ്തു. ആ സമയത്ത്, യഹോവ ‘മഹത്ത്വത്തിലേക്കു നയിക്കാനുള്ള അനേകം പുത്രന്മാരിൽ’ ആദ്യത്തവനായി യേശുവിനെ പരിശുദ്ധാത്മാവിനാൽ ജനിപ്പിച്ചു.
5. യേശുവിന്റെ ബലിയിൽനിന്ന് ആദ്യം പ്രയോജനം ലഭിച്ചതാർക്ക്, അവരുടെ എണ്ണമെത്ര?
5 യേശുവിന്റെ ബലിയിൽനിന്ന് ആദ്യം പ്രയോജനം ലഭിച്ചത് അവന്റെ “സഹോദരന്മാ”ർക്കായിരുന്നു. (എബ്രായർ 2:12-18) പുനരുത്ഥാനം പ്രാപിച്ച കർത്താവായ യേശുക്രിസ്തുവെന്ന കുഞ്ഞാടിനോടൊപ്പം അവർ അതിനോടകംതന്നെ സ്വർഗീയ സീയോൻമലയിൽ മഹത്ത്വത്തിലായിരിക്കുന്നത് യോഹന്നാൻ അപ്പോസ്തലൻ ദർശനത്തിൽ കണ്ടു. യോഹന്നാൻ അവരുടെ എണ്ണവും വെളിപ്പെടുത്തി, ഇങ്ങനെ പറഞ്ഞുകൊണ്ട്: “ഞാൻ സീയോൻമലയിൽ കുഞ്ഞാടും അവനോടുകൂടെ നെററിയിൽ അവന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിരിക്കുന്ന നൂററിനാല്പത്തിനാലായിരം പേരും നില്ക്കുന്നതു കണ്ടു. . . . അവരെ ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുത്തിരിക്കുന്നു. ഭോഷ്കു അവരുടെ വായിൽ ഉണ്ടായിരുന്നില്ല; അവർ കളങ്കമില്ലാത്തവർ തന്നേ.” (വെളിപ്പാടു 14:1-5) അതുകൊണ്ട് സ്വർഗത്തിലെ ‘മഹത്ത്വത്തിലേക്കു നയിക്കപ്പെട്ട അനേകം പുത്രന്മാർ’ ആകെ 1,44,001 പേരാണ്—യേശുവും അവന്റെ ആത്മീയ സഹോദരന്മാരും.
‘ദൈവത്തിൽനിന്നു ജനിച്ചവർ’
6, 7. ആരെല്ലാമാണ് “ദൈവത്തിൽനിന്നു ജനി”ക്കുന്നത്, ഇത് അവർക്ക് എന്ത് അർഥമാക്കുന്നു?
6 യഹോവയാൽ ജാതരായവർ “ദൈവത്തിൽനിന്നു ജനി”ക്കുന്നു. അത്തരം വ്യക്തികളെ അഭിസംബോധന ചെയ്തുകൊണ്ട് യോഹന്നാൻ അപ്പോസ്തലൻ എഴുതി: “ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ [യഹോവയുടെ] വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്വാൻ കഴികയുമില്ല.” (1 യോഹന്നാൻ 3:9) ഈ “വിത്തു” ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്. അതും അവന്റെ വചനവും 1,44,000-ത്തിൽപ്പെട്ട ഓരോരുത്തർക്കും സ്വർഗീയ പ്രത്യാശയിലേക്ക് “ഒരു പുതിയ ജനനം” നൽകിയിരിക്കുന്നു.—1 പത്രൊസ് 1:3-5, 23, NW.
7 പൂർണമനുഷ്യനായ ആദാം “ദൈവപുത്രൻ” ആയിരുന്നതുപോലെ, യേശു മനുഷ്യനായുള്ള ജനനംമുതൽതന്നെ ദൈവപുത്രനായിരുന്നു. (ലൂക്കൊസ് 1:35; 3:38) എന്നിരുന്നാലും, യേശുവിന്റെ സ്നാപനത്തിനുശേഷം, “നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന് യഹോവ പ്രഖ്യാപിച്ചതു പ്രധാനമായിരുന്നു. (മർക്കൊസ് 1:11) യേശുവിനെ ദൈവം തന്റെ ആത്മീയപുത്രനാക്കിയെന്ന് പരിശുദ്ധാത്മാവിന്റെ പകരലും ഈ പ്രഖ്യാപനവും ഉണ്ടായപ്പോൾ വ്യക്തമായി. ആലങ്കാരികമായി, യേശുവിന് ‘ഒരു പുതിയ ജനനം’ ലഭിച്ചു, അങ്ങനെ അവന് സ്വർഗത്തിൽ വീണ്ടും ദൈവത്തിന്റെ ഒരു ആത്മീയ പുത്രനെന്ന നിലയിൽ ജീവൻ ലഭിക്കുന്നതിനുള്ള അവകാശവും കിട്ടി. അവനെപ്പോലെ, അവന്റെ 1,44,000 ആത്മീയ സഹോദരന്മാരും “പുതുതായി ജനി”ക്കുന്നു. (യോഹന്നാൻ 3:1-8; 1993 ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 3-6 പേജുകൾ കാണുക.) യേശുവിനെപ്പോലെ, അവരും ദൈവത്താൽ അഭിഷേകം ചെയ്യപ്പെടുകയും സുവാർത്ത ഘോഷിക്കാൻ നിയോഗിക്കപ്പെടുകയും ചെയ്യുന്നു.—യെശയ്യാവു 61:1, 2; ലൂക്കൊസ് 4:16-21; 1 യോഹന്നാൻ 2:20.
ജനിപ്പിക്കപ്പെടുന്നതിന്റെ തെളിവ്
8. ആത്മാവിനാൽ ജനിച്ചുവെന്നതിന് (എ) യേശുവിന്റെ കാര്യത്തിൽ എന്തു തെളിവുണ്ട്? (ബി) അവന്റെ ആദിമ ശിഷ്യന്മാരുടെ കാര്യത്തിൽ എന്തു തെളിവുണ്ട്?
8 യേശു ആത്മജാതനായിയെന്നതിനു തെളിവുണ്ടായിരുന്നു. യേശുവിന്റെമേൽ ആത്മാവ് ഇറങ്ങിവരുന്നതു യോഹന്നാൻ സ്നാപകൻ കാണുകയും നവാഭിഷിക്ത മിശിഹായുടെ ആത്മീയപുത്രത്വം സംബന്ധിച്ച ദൈവത്തിന്റെ പ്രഖ്യാപനം കേൾക്കുകയും ചെയ്തു. എന്നാൽ തങ്ങൾ ആത്മജാതരാണെന്നു യേശുവിന്റെ ശിഷ്യന്മാർക്ക് എങ്ങനെയാണ് അറിയാനാകുക? തന്റെ സ്വർഗാരോഹണ ദിവസം യേശു പറഞ്ഞു: “യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും.” (പ്രവൃത്തികൾ 1:5) പൊ.യു. 33-ലെ പെന്തക്കോസ്തുനാളിൽ, യേശുവിന്റെ ശിഷ്യന്മാർ “പരിശുദ്ധാത്മാവുകൊണ്ടു സ്നാന”മേറ്റു. ആത്മാവ് പകരപ്പെട്ടതോടെ “ആകാശത്തുനിന്നു ഒരു മുഴക്കം ഉണ്ടാ”കുകയും “അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ” ശിഷ്യന്മാർ ഓരോരുത്തരുടെയുംമേൽ വരുകയും ചെയ്തു. എന്നാൽ ഏറ്റവും ശ്രദ്ധേയം “ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരി”ക്കാനുള്ള ശിഷ്യന്മാരുടെ പ്രാപ്തിയായിരുന്നു. അങ്ങനെ ദൈവപുത്രന്മാരെന്ന നിലയിൽ സ്വർഗീയ മഹത്ത്വത്തിലേക്കുള്ള വഴി ക്രിസ്തുവിന്റെ അനുഗാമികൾക്കു തുറക്കപ്പെട്ടിരിക്കുന്നുവെന്നതിനു കാണാവുന്നതും കേൾക്കാവുന്നതുമായ തെളിവുണ്ടായിരുന്നു.—പ്രവൃത്തികൾ 2:1-4, 14-21; യോവേൽ 2:28, 29.
9. ശമര്യക്കാരും കൊർന്നേല്യൊസും ഒന്നാം നൂറ്റാണ്ടിലെ മറ്റുള്ളവരും ആത്മജാതരായി എന്നതിന് എന്തു തെളിവുണ്ടായിരുന്നു?
9 കുറച്ചു കാലത്തിനുശേഷം, സുവിശേഷകനായ ഫിലിപ്പൊസ് ശമര്യയിൽ പ്രസംഗിച്ചു. ശമര്യക്കാർ അവന്റെ സന്ദേശം സ്വീകരിച്ച് സ്നാപനമേറ്റെങ്കിലും, ദൈവം അവരെ തന്റെ പുത്രന്മാരായി ജനിപ്പിച്ചിരിക്കുന്നുവെന്നതിന് അവർക്കു തെളിവില്ലായിരുന്നു. അപ്പോസ്തലന്മാരായ പത്രൊസും യോഹന്നാനും ആ വിശ്വാസികളുടെമേൽ കൈവെച്ച് പ്രാർഥിച്ചപ്പോൾ, നിരീക്ഷകർക്കു വ്യക്തമായ ഒരു വിധത്തിൽ “അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു.” (പ്രവൃത്തികൾ 8:4-25) ഇത് വിശ്വാസികളായ ശമര്യക്കാർ ദൈവപുത്രന്മാരെന്ന നിലയിൽ ആത്മജാതരായിരിക്കുന്നുവെന്നതിനുള്ള തെളിവായിരുന്നു. സമാനമായി, പൊ.യു. 36-ൽ കൊർന്നേല്യൊസും മറ്റു പുറജാതീയരും ദൈവത്തിന്റെ സത്യം സ്വീകരിച്ചു. “അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കയാൽ” പത്രൊസും അവനെ അനുഗമിച്ചിരുന്ന യഹൂദവിശ്വാസികളും “പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതുകണ്ടു വിസ്മയിച്ചു.” (പ്രവൃത്തികൾ 10:44-48) ഒന്നാം നൂറ്റാണ്ടിലെ അനേകം ക്രിസ്ത്യാനികൾക്കു ഭാഷാവരംപോലുള്ള ‘ആത്മവരങ്ങൾ’ ലഭിച്ചു. (1 കൊരിന്ത്യർ 14:12, 32) അങ്ങനെ തങ്ങൾ ആത്മജാതരായിരിക്കുന്നുവെന്നതിന് ഈ വ്യക്തികൾക്കു വ്യക്തമായ തെളിവുണ്ടായിരുന്നു. എന്നാൽ തങ്ങൾ ആത്മജാതരാണോ അല്ലയോ എന്ന് പിൽക്കാല ക്രിസ്ത്യാനികൾക്ക് എങ്ങനെ അറിയാൻ കഴിയുമായിരുന്നു?
ആത്മാവിന്റെ സാക്ഷ്യം
10, 11. റോമർ 8:15-17-ന്റെ അടിസ്ഥാനത്തിൽ, ആത്മാവ് ക്രിസ്തുവിന്റെ കൂട്ടവകാശികളായവരോടു സാക്ഷ്യം പറയുന്നുവെന്ന് എങ്ങനെ പറയാനാകും?
10 തങ്ങൾക്കു ദൈവാത്മാവുണ്ടെന്നതിന് 1,44,000 അഭിഷിക്ത ക്രിസ്ത്യാനികൾക്കും തീർച്ചയായും സമ്പൂർണ തെളിവുണ്ട്. ഇതേക്കുറിച്ചു പൗലൊസ് എഴുതി: “നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു. നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു [“മഹത്ത്വീകരിക്കപ്പെടേണ്ടതിന്,” NW] അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.” (ചെരിച്ചെഴുത്ത് ഞങ്ങളുടേത്.) (റോമർ 8:15-17) സ്വർഗീയ പിതാവിനോടുള്ള ബന്ധത്തിൽ തങ്ങൾ പുത്രന്മാരാണെന്ന ഒരു തോന്നൽ, ശക്തമായൊരു പുത്രത്വബോധം, അഭിഷിക്ത ക്രിസ്ത്യാനികൾക്കുണ്ട്. (ഗലാത്യർ 4:6, 7) സ്വർഗീയ രാജ്യത്തിൽ ക്രിസ്തുവിനോടൊപ്പം കൂട്ടവകാശികളെന്ന നിലയിൽ തങ്ങൾ ദൈവത്താൽ ജാതരായി ആത്മീയപുത്രത്വത്തിലേക്ക് വന്നിരിക്കുകയാണെന്ന് അവർക്കു പൂർണ ബോധ്യമുണ്ട്. ഇതിൽ, യഹോവയുടെ ആത്മാവ് വ്യക്തമായ ഒരു പങ്കുവഹിക്കുന്നുണ്ട്.
11 ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സ്വാധീനത്തിൻ കീഴിൽ, ദൈവവചനം സ്വർഗീയ പ്രത്യാശയെക്കുറിച്ചു പറയുന്നതിനോടു ക്രിയാത്മകമായ വിധത്തിൽ പ്രതികരിക്കാൻ അഭിഷിക്തരുടെ ആത്മാവ്, അഥവാ പ്രബലമായ മനോഭാവം അവരെ പ്രചോദിപ്പിക്കുന്നു. ഉദാഹരണത്തിന്, യഹോവയുടെ ആത്മീയ മക്കളെക്കുറിച്ചു തിരുവെഴുത്തുകൾ പറയുന്നത് വായിക്കുമ്പോൾ, അത്തരം വാക്കുകൾ തങ്ങൾക്കാണു ബാധകമാകുന്നതെന്ന് അവർ സ്വതവേ തിരിച്ചറിയുന്നു. (1 യോഹന്നാൻ 3:2) “ക്രിസ്തുയേശുവിലേക്കും” അവന്റെ മരണത്തിലേക്കും തങ്ങൾ “സ്നാപനമേറ്റിരിക്കുന്നു”വെന്ന് അവർക്കറിയാം. (റോമർ 6:3, NW) യേശുവിനെപ്പോലെ, തങ്ങളും മരിച്ച് സ്വർഗീയ മഹത്ത്വത്തിലേക്കു പുനരുത്ഥാനം ചെയ്യപ്പെടുന്ന ദൈവത്തിന്റെ ആത്മീയ പുത്രന്മാരാണെന്ന ഉറച്ചബോധ്യം അവർക്കുണ്ട്.
12. ദൈവത്തിന്റെ ആത്മാവ് അഭിഷിക്ത ക്രിസ്ത്യാനികളിൽ എന്ത് ഉൾനട്ടിരിക്കുന്നു?
12 മനഃപൂർവം ആഗ്രഹിച്ചിട്ടല്ല അവർ ആത്മീയപുത്രത്വത്തിലേക്കു ജനിപ്പിക്കപ്പെടുന്നത്. ഭൂമിയിലെ ഇന്നത്തെ പ്രയാസങ്ങൾ അസഹ്യമായി തോന്നുന്നതുകൊണ്ടല്ല ആത്മജാതർ സ്വർഗത്തിലേക്കു പോകാൻ ആഗ്രഹിക്കുന്നത്. (ഇയ്യോബ് 14:1) മറിച്ച്, മനുഷ്യർക്കു പൊതുവേ അസാധാരണമായ പ്രത്യാശയും ആഗ്രഹവും യഥാർഥ അഭിഷിക്തരിൽ ഉൾനടുന്നത് യഹോവയുടെ ആത്മാവാണ്. സന്തുഷ്ടരായ കുടുംബങ്ങളും സുഹൃത്തുക്കളും നിറഞ്ഞ ഒരു പറുദീസാഭൂമിയിലെ മാനുഷപൂർണതയിലുള്ള നിത്യജീവൻ മഹത്തരമായിരിക്കുമെന്ന് ആ ആത്മജാതർക്കറിയാം. എന്നിരുന്നാലും, അത്തരം ജീവിതമല്ല അവരുടെ മുഖ്യ ഹൃദയാഭിലാഷം. എല്ലാ ഭൗമിക പ്രതീക്ഷകളും ഇഷ്ടങ്ങളും സ്വമനസ്സാലെ ത്യജിക്കാൻ ഇടയാക്കത്തക്കവണ്ണം വളരെ ശക്തമാണ് അഭിഷിക്തരുടെ സ്വർഗീയ പ്രത്യാശ.—2 പത്രൊസ് 1:13, 14.
13. 2 കൊരിന്ത്യർ 5:1-5 പറയുന്നപ്രകാരം, പൗലൊസിന്റെ ‘വാഞ്ഛ’ എന്തായിരുന്നു, ഇത് ആത്മജാതരെക്കുറിച്ച് എന്തു സൂചിപ്പിക്കുന്നു?
13 സ്വർഗീയ ജീവനെക്കുറിച്ച് അവർക്കുള്ള ദൈവദത്ത പ്രത്യാശ വളരെ ശക്തമാണ്. അതുകൊണ്ടുതന്നെ അവരുടെ വികാരങ്ങൾ പിൻവരുന്നപ്രകാരം എഴുതിയ പൗലൊസിന്റേതുപോലെയാണ്: “കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു. ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ടു ഞങ്ങൾ നഗ്നരായിട്ടല്ല ഉടുപ്പുള്ളവരായിരിക്കുന്നു എങ്കിൽ സ്വർഗ്ഗീയമായ ഞങ്ങളുടെ പാർപ്പിടം അതിന്നു മീതെ ധരിപ്പാൻ വാഞ്ഛിക്കുന്നു. ഉരിവാനല്ല മർത്യമായതു ജീവനാൽ നീങ്ങിപ്പോകേണ്ടതിന്നു മീതെ ഉടുപ്പാൻ ഇച്ഛിക്കയാൽ ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു. അതിന്നായി ഞങ്ങളെ ഒരുക്കിയതു ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവം തന്നേ.” (2 കൊരിന്ത്യർ 5:1-5) ഒരു അമർത്യ ആത്മസൃഷ്ടിയെന്ന നിലയിൽ സ്വർഗത്തിലേക്കു പുനരുത്ഥാനം ചെയ്യപ്പെടണമെന്നതായിരുന്നു പൗലൊസിന്റെ ‘വാഞ്ഛ.’ മനുഷ്യശരീരത്തെ പരാമർശിച്ച്, അഴിച്ചുമാറ്റാവുന്ന കൂടാരം—ഒരു വീടിനോടുള്ള ബന്ധത്തിൽ ദുർബലവും താത്കാലികവുമായ താമസസ്ഥലം—എന്നൊരു ആലങ്കാരികപ്രയോഗം അവൻ ഉപയോഗിച്ചു. ഭൂമിയിൽ ഒരു മർത്യജഡശരീരത്തിൽ ജീവിക്കുന്നെങ്കിലും, വരാനിരിക്കുന്ന സ്വർഗീയ ജീവന്റെ അച്ചാരമെന്നവണ്ണം ആത്മാവുള്ള ക്രിസ്ത്യാനികൾ അമർത്ത്യമായ, അനശ്വര ആത്മശരീരമായ “ദൈവത്തിന്റെ ദാനമായോരു കെട്ടിട”ത്തിനായി നോക്കിപ്പാർത്തിരിക്കുന്നു. (1 കൊരിന്ത്യർ 15:50-53) പൗലൊസിനെപ്പോലെ, അവർക്ക് ആത്മാർഥമായി പറയാനാകും: “ഞങ്ങൾ ധൈര്യപ്പെട്ടു [മനുഷ്യ]ശരീരം വിട്ടു [സ്വർഗത്തിൽ] കർത്താവിനോടുകൂടെ വസിപ്പാൻ അധികം ഇഷ്ടപ്പെടുന്നു.”—2 കൊരിന്ത്യർ 5:8.
പ്രത്യേക ഉടമ്പടികളിലേക്ക് എടുക്കപ്പെടുന്നു
14. സ്മാരകാചരണം ഏർപ്പെടുത്തിയപ്പോൾ, യേശു ഏത് ഉടമ്പടിയാണ് ആദ്യം സൂചിപ്പിച്ചത്, ആത്മീയ ഇസ്രായേല്യരോടുള്ള ബന്ധത്തിൽ അത് എന്തു പങ്കു വഹിക്കുന്നു?
14 തങ്ങളെ രണ്ടു പ്രത്യേക ഉടമ്പടികളിലേക്ക് എടുത്തിരിക്കുന്നുവെന്ന് ആത്മജാത ക്രിസ്ത്യാനികൾക്കു ബോധ്യമുണ്ട്. പുളിപ്പില്ലാത്ത അപ്പവും വീഞ്ഞും ഉപയോഗിച്ച് തന്റെ ആസന്നമായിരുന്ന മരണത്തിന്റെ സ്മാരകം ഏർപ്പെടുത്തിയ സമയത്ത് അവൻ പാനപാത്രത്തെക്കുറിച്ച് പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ ആ ഉടമ്പടികളിൽ ഒന്നിനെക്കുറിച്ചു പരാമർശിച്ചു: “ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം [“പുതിയ ഉടമ്പടി,” പി.ഒ.സി. ബൈബിൾ] ആകുന്നു.” (ലൂക്കൊസ് 22:20; 1 കൊരിന്ത്യർ 11:25) പുതിയ ഉടമ്പടിയിലെ കക്ഷികൾ ആരെല്ലാമാണ്? യഹോവയാം ദൈവവും അവൻ സ്വർഗീയ മഹത്ത്വത്തിലേക്കു നയിക്കാൻ ഉദ്ദേശിക്കുന്നവരായ ആത്മീയ ഇസ്രായേലിലെ അംഗങ്ങളും. (യിരെമ്യാവു 31:31-34; ഗലാത്യർ 6:15, 16; എബ്രായർ 12:22-24) യേശുവിന്റെ ചൊരിയപ്പെട്ട രക്തത്താൽ പ്രവർത്തനത്തിൽവന്ന ഈ പുതിയ ഉടമ്പടി യഹോവയുടെ നാമത്തിനുവേണ്ടി ജാതികളിൽനിന്ന് ഒരു ജനത്തെ എടുക്കുകയും ആത്മജാത ക്രിസ്ത്യാനികളെ അബ്രാഹാമിന്റെ “സന്തതി”യുടെ ഭാഗമാക്കുകയും ചെയ്യുന്നു. (ഗലാത്യർ 3:26-29; പ്രവൃത്തികൾ 15:14) എല്ലാ ആത്മീയ ഇസ്രായേല്യരും സ്വർഗത്തിലെ അമർത്ത്യജീവനിലേക്ക് ഉയിർപ്പിക്കപ്പെട്ട് മഹത്ത്വത്തിലേക്കു നയിക്കപ്പെടുന്നതിനു പുതിയ ഉടമ്പടി വഴിയൊരുക്കുന്നു. “ഒരു നിത്യ ഉടമ്പടി”യായിരിക്കുന്നതിനാൽ, അതിന്റെ പ്രയോജനങ്ങൾ എന്നേക്കുമുള്ളതായിരിക്കും. സഹസ്രാബ്ദവാഴ്ചക്കാലത്തും അതിനുശേഷവും ഈ ഉടമ്പടി വേറേ വിധങ്ങളിൽ ഒരു പങ്കുവഹിക്കുമോ എന്ന് ഭാവിയിലേ അറിയാനൊക്കൂ.—എബ്രായർ 13:20, NW.
15. ലൂക്കൊസ് 22:28-30-നോടുള്ള ചേർച്ചയിൽ, യേശുവിന്റെ അഭിഷിക്താനുഗാമികൾ വേറേ ഏത് ഉടമ്പടിയിലേക്ക് എടുക്കപ്പെടാൻ തുടങ്ങി, എപ്പോൾ?
15 യഹോവ ‘മഹത്ത്വത്തിലേക്കു നയിക്കാൻ’ ഉദ്ദേശിച്ചിട്ടുള്ള “അനേകം പുത്രന്മാർ” ഒരു സ്വർഗീയ രാജ്യത്തിനായുള്ള ഉടമ്പടിയിലേക്ക് വ്യക്തിപരമായും എടുക്കപ്പെട്ടിരിക്കുന്നു. യേശുവിനും അവന്റെ കാൽച്ചുവടു പിൻപറ്റുന്ന അനുഗാമികൾക്കുമിടയിലെ ഈ ഉടമ്പടിയെക്കുറിച്ച് അവൻ പറഞ്ഞു: “നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിലനിന്നവർ. എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചുതരുന്നു. നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിങ്കൽ തിന്നുകുടിക്കയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും.” (ലൂക്കൊസ് 22:28-30) പൊ.യു. 33-ലെ പെന്തക്കോസ്തിൽ യേശുവിന്റെ ശിഷ്യന്മാർ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടപ്പോൾ രാജ്യ ഉടമ്പടി പ്രാബല്യത്തിൽ വന്നു. ആ ഉടമ്പടി ക്രിസ്തുവിനും അവന്റെ സഹരാജാക്കന്മാർക്കുമിടയിൽ എന്നേക്കും പ്രവർത്തനക്ഷമമായി നിലനിൽക്കുന്നതാണ്. (വെളിപ്പാടു 22:5) അതുകൊണ്ട്, തങ്ങൾ പുതിയ ഉടമ്പടിയിലും രാജ്യത്തിനായുള്ള ഉടമ്പടിയിലും ഉൾപ്പെട്ടിരിക്കുന്നുവെന്ന് ആത്മജാത ക്രിസ്ത്യാനികൾക്കു ബോധ്യമുണ്ട്. അതിനാൽ, കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കുമ്പോൾ, ഭൂമിയിൽ ശേഷിച്ചിട്ടുള്ള അഭിഷിക്തരായ താരതമ്യേന ചുരുക്കംപേർ മാത്രമേ യേശുവിന്റെ പാപരഹിത ശരീരത്തെ പ്രതിനിധാനം ചെയ്യുന്ന അപ്പത്തിലും മരണത്തിൽ ചൊരിയപ്പെട്ട അവന്റെ പൂർണതയുള്ള രക്തത്തെ പ്രതിനിധാനം ചെയ്യുകയും പുതിയ ഉടമ്പടിയെ സാധൂകരിക്കുകയും ചെയ്യുന്ന വീഞ്ഞിലും പങ്കുപറ്റുന്നുള്ളൂ.—1 കൊരിന്ത്യർ 11:23-26; 1990 സെപ്റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 19-22 പേജുകൾ കാണുക.
വിളിക്കപ്പെട്ടവർ, തിരഞ്ഞെടുക്കപ്പെട്ടവർ, വിശ്വസ്തർ
16, 17. (എ) മഹത്ത്വത്തിലേക്കു നയിക്കപ്പെടുന്നതിന് 1,44,000 പേരുടെ കാര്യത്തിൽ എന്തു സത്യമായിരിക്കണം? (ബി) ‘പത്തു രാജാക്കന്മാർ’ ആരാണ്, അവർ ക്രിസ്തുവിന്റെ “സഹോദരന്മാ”രുടെ ഭൗമിക ശേഷിപ്പിനോട് എങ്ങനെ പെരുമാറുന്നു?
16 യേശുവിന്റെ മറുവിലയാഗത്തിന്റെ ആദ്യ പ്രയുക്തത 1,44,000 പേർ സ്വർഗീയ ജീവനിലേക്കു വിളിക്കപ്പെടുന്നതും ദൈവത്താൽ ആത്മജാതരായി തിരഞ്ഞെടുക്കപ്പെടുന്നതും സാധ്യമാക്കുന്നു. തീർച്ചയായും, മഹത്ത്വത്തിലേക്കു നയിക്കപ്പെടുന്നതിന് അവർ ‘തങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ തങ്ങളുടെ പരമാവധി പ്രവർത്തി’ക്കേണ്ടതുണ്ട്. അവർ മരണത്തോളം വിശ്വസ്തരാണെന്നു തെളിയിക്കുകയും വേണം. (2 പത്രൊസ് 1:10, NW; എഫെസ്യർ 1:3-7; വെളിപ്പാടു 2:10) ഭൂമിയിൽ ഇപ്പോഴും ശേഷിക്കുന്ന ഒരു ചെറിയകൂട്ടം അഭിഷിക്തർ മുഴുരാഷ്ട്രീയ ശക്തികളെയും പ്രതിനിധീകരിക്കുന്ന “പത്തു രാജാക്കന്മാ”രുടെ എതിർപ്പു നേരിടുന്നെങ്കിലും നിർമലത കാത്തുസൂക്ഷിക്കുന്നു. “അവർ കുഞ്ഞാടിനോടു പോരാടും; താൻ കർത്താധികർത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും” എന്ന് ഒരു ദൂതൻ പറഞ്ഞിരിക്കുന്നു.—വെളിപ്പാടു 17:12-14.
17 സ്വർഗത്തിലായതുകൊണ്ട് “രാജാധിരാജാവാ”യ യേശുവിനെതിരെ മാനുഷഭരണാധിപന്മാർക്ക് ഒന്നും ചെയ്യാനാവില്ല. എന്നാൽ അവർ ഭൂമിയിൽ ഇപ്പോഴുമുള്ള അവന്റെ “സഹോദരന്മാ”രുടെ ശേഷിപ്പിനോടു ശത്രുത കാട്ടുന്നു. (വെളിപ്പാടു 12:17) അത് ദൈവത്തിന്റെ അർമഗെദോൻ യുദ്ധത്തിൽ അവസാനിക്കും, അപ്പോൾ “രാജാധിരാജാ”വിനും “വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരു”മായ അവന്റെ “സഹോദരന്മാ”ർക്കും വിജയം ഉറപ്പാണ്. (വെളിപ്പാടു 16:14, 16) അതിനിടെ, ആത്മജാത ക്രിസ്ത്യാനികൾ നല്ല തിരക്കിലാണ്. യഹോവയാൽ മഹത്ത്വത്തിലേക്കു നയിക്കപ്പെടുന്നതിനുമുമ്പായി അവരിപ്പോൾ എന്താണു ചെയ്തുകൊണ്ടിരിക്കുന്നത്?
നിങ്ങളുടെ ഉത്തരമെന്ത്?
□ ദൈവം ആരെയാണ് ‘സ്വർഗീയ മഹത്ത്വത്തിലേക്കു നയിക്കുന്നത്?’
□ “ദൈവത്തിൽനിന്നു ജനി”ക്കുകയെന്നതിന്റെ അർഥമെന്ത്?
□ ചില ക്രിസ്ത്യാനികളോട് ‘ആത്മാവ് സാക്ഷ്യം പറയുന്ന’തെങ്ങനെ?
□ ആത്മജാതർ ഏത് ഉടമ്പടികളിലേക്ക് എടുക്കപ്പെട്ടിരിക്കുന്നു?
[15-ാം പേജിലെ ചിത്രം]
സ്വർഗീയ മഹത്ത്വത്തിലേക്കുള്ള വഴി തുറക്കപ്പെട്ടിരിക്കുന്നുവെന്നതിനു പൊ.യു. 33-ലെ പെന്തക്കോസ്തിൽ തെളിവു ലഭിച്ചു