യേശുവിന്റെ ജീവിതവും ശുശ്രൂഷയും
ശബ്ബത്തിൽ സൽപ്രവൃത്തികൾ ചെയ്യുന്നു
ഇത് പൊതുയുഗം 31-ലെ വസന്തകാലം. യേശു യഹൂദയിൽനിന്ന് ഗലീലയിലേക്ക് പോകവെ ശമര്യയിലെ കിണററിങ്കൽ വച്ച് സ്ത്രീയോട് സംസാരിച്ചശേഷം ചില മാസങ്ങൾ പിന്നിട്ടിരിക്കുന്നു.
ഗലീലയിലെമ്പാടും ഉപദേശിച്ചശേഷം യേശു വീണ്ടും യഹൂദ്യയിലേക്ക് പോകുന്നു. അവൻ അവിടെയുള്ള സിന്നഗോഗുകളിൽ പ്രസംഗിക്കുന്നു. അവന്റെ ഗലീലയിലെ ശുശ്രൂഷയുമായി താരതമ്യപ്പെടുത്തുമ്പോൾ യഹൂദ്യയിലെ അവന്റെ പ്രവർത്തനത്തെക്കുറിച്ച് ബൈബിൾ അല്പമേ പറയുന്നുള്ളു. പ്രസ്പഷ്ടമായി, യഹൂദ്യയിലെ അവന്റെ ശുശ്രൂഷയ്ക്ക് ഗലീലയിൽ ലഭിച്ചതുപോലെ അനുകൂലമായ ഒരു പ്രതികരണം ലഭിച്ചില്ല.
താമസിയാതെ യേശു പൊ. യു. 31-ലെ പെസഹായ്ക്കുവേണ്ടി യഹൂദ്യയുടെ പ്രമുഖ നഗരമായ യെരൂശലേമിലേക്ക് പോകുന്നു. ഇവിടെ, നഗരത്തിന്റെ ആട്ടുവാതിൽക്കൽ, ബേഥ്സെദാ എന്ന കുളം ഉണ്ട്. അവിടെ അനേകം വ്യാധിക്കാരും കുരുടരും മുടന്തരും വരുന്നുണ്ട്. വെള്ളം കലങ്ങുമ്പോൾ ഈ കുളത്തിലെ വെള്ളത്തിലിറങ്ങിയാൽ ആളുകൾ സുഖപ്പെടുമെന്ന് അവർ വിശ്വസിക്കുന്നു.
ഇത് ശബ്ബത്തുദിവസം. യേശു 38 വർഷമായി രോഗിയായിരിക്കുന്ന ഒരു മനുഷ്യനെ കുളത്തിങ്കൽ കാണുന്നു. ദീർഘകാലമായുള്ള ആ മമനുഷ്യന്റെ രോഗത്തെക്കുറിച്ച് മനസ്സിലാക്കിക്കൊണ്ട് യേശു ഇപ്രകാരം ചോദിക്കുന്നു. “നിനക്ക് സൗഖ്യമാകണമോ?”
“യജമാനനേ വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിലാക്കുവാൻ എനിക്കാരുമില്ല, ഞാൻ തന്നേ ചെല്ലുമ്പോൾ മറെറാരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു” എന്ന് അവൻ ഉത്തരം പറയുന്നു.
“എഴുന്നേററ് നിന്റെ കിടക്കയെടുത്ത് നടക്ക” എന്ന് യേശു അവനോട് പറയുന്നു. ഉടൻതന്നെ ആ മനുഷ്യൻ സൗഖ്യം പ്രാപിച്ച് അവന്റെ കിടക്കയെടുത്ത് നടക്കുന്നു!
എന്നാൽ യഹൂദൻമാർ ആ മനുഷ്യനെ കാണുമ്പോൾ ഇപ്രകാരം പറയുന്നു: “ഇന്ന് ശബ്ബത്താണ്. ഇന്ന് കിടക്കയെടുക്കുന്നത് നിനക്ക് വിഹിതമല്ല.”
“എന്നെ സൗഖ്യമാക്കിയവൻ ‘നിന്റെ കിടക്കയെടുത്തു നടക്ക’ എന്ന് എന്നോടു പറഞ്ഞു” എന്ന് ആ മനുഷ്യൻ അവരോടുത്തരം പറഞ്ഞു.
“‘കിടക്കയെടുത്തു നടക്കാൻ’ നിന്നോടു പറഞ്ഞ മനുഷ്യൻ ആരാണ്?” അവർ ചോദിക്കുന്നു. പുരുഷാരം നിമിത്തം യേശു മറെറാരു ഭാഗത്തേക്ക് മാറിയതിനാൽ സൗഖ്യം പ്രാപിച്ചവൻ യേശുവിന്റെ പേര് അറിഞ്ഞിരുന്നില്ല. എന്നിരുന്നാലും പിന്നീട്, യേശുവും ആ മനുഷ്യനും ആലയത്തിൽ വച്ച് കണ്ടുമുട്ടുന്നു. അങ്ങനെ തന്നെ സൗഖ്യമാക്കിയവൻ ആരെന്ന് ആ മനുഷ്യൻ ഗ്രഹിക്കുന്നു.
അങ്ങനെ, തന്നെ സൗഖ്യമാക്കിയവൻ യേശുവാണെന്ന് സൗഖ്യം പ്രാപിച്ചവൻ യഹൂദൻമാരോടു പറയുന്നു. ഇത് മനസ്സിലാക്കവെ, യഹൂദൻമാർ യേശുവിനെ സമീപിക്കുന്നു. എന്തിനുവേണ്ടി? അവൻ ഈ അത്ഭുതകാര്യങ്ങൾ ചെയ്യുന്നതെങ്ങനെയെന്നറിയുവാനാണോ? അല്ല. പ്രത്യുത, അവൻ ശബ്ബത്തിൽ ഇക്കാര്യങ്ങൾ ചെയ്യുന്നതിനാൽ അവനിൽ കുററം കണ്ടുപിടിക്കുന്നതിനുവേണ്ടിയാണ്. അവർ അവനെ ദ്രോഹിക്കാൻ തുടങ്ങി! ലൂക്കോസ് 4:44; യോഹന്നാൻ 5:1-16.
◆ യേശുവിന്റെ മുൻ യഹൂദ്യാസന്ദർശനത്തിനുശേഷം എത്രനാൾ പിന്നിട്ടിരിക്കുന്നു?
◆ ബേഥ്സെദാ കുളം വളരെ പ്രശസ്തമായിരിക്കുന്നതെന്തുകൊണ്ട്?
◆ യേശു കുളത്തിങ്കൽ എന്തത്ഭുതം ചെയ്യുന്നു, യഹൂദൻമാരുടെ പ്രതികരണമെന്തായിരുന്നു? (w86 6/15)