ശുശ്രൂഷയിൽ സുവർണനിയമം പാലിക്കുക
“മറ്റുള്ളവർ നിങ്ങൾക്കു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതൊക്കെയും നിങ്ങൾ അവർക്കും ചെയ്യുവിൻ.”—മത്താ. 7:12.
1. ശുശ്രൂഷയിൽ നാം ആളുകളോടു പെരുമാറുന്ന വിധം പ്രധാനമാണോ? ഒരു ഉദാഹരണം നൽകുക. (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
ഏതാനും വർഷങ്ങൾക്കു മുമ്പ്, ഫിജിയിലെ ഒരു ക്രിസ്തീയദമ്പതികൾ ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകാചരണത്തിന് ആളുകളെ ക്ഷണിക്കുകയായിരുന്നു. അവർ ഒരു സ്ത്രീയോട് അവളുടെ വീടിന് അടുത്തുവെച്ച് സംസാരിച്ചുകൊണ്ടുനിന്നപ്പോൾ പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി. സഹോദരനും ഭാര്യയുംകൂടെ ഒരു കുട ഉപയോഗിച്ചിട്ട് അവരുടെ പക്കലുണ്ടായിരുന്ന രണ്ടാമത്തെ കുട നിവർത്ത് ആ സ്ത്രീക്ക് നൽകി. പിന്നീട് ആ സ്ത്രീ സ്മാരകത്തിന് ഹാജരായത് ആ ദമ്പതികൾക്ക് വളരെയധികം സന്തോഷത്തിന് കാരണമായി. തന്നെ സന്ദർശിച്ച സാക്ഷികൾ പറഞ്ഞ കാര്യങ്ങൾ അധികമൊന്നും താൻ ഓർക്കുന്നില്ലെങ്കിലും അവരുടെ നല്ല പെരുമാറ്റം നിമിത്തം സ്മാരകത്തിന് വരാൻ താൻ തീരുമാനിക്കുകയായിരുന്നെന്ന് അവൾ പിന്നീട് പറഞ്ഞു. എന്തായിരുന്നു ആ ദമ്പതികളുടെ നല്ല പെരുമാറ്റത്തിന് അവരെ പ്രേരിപ്പിച്ചത്? സുവർണനിയമം എന്നു പൊതുവെ അറിയപ്പെടുന്ന ഒരു തത്ത്വമാണ് അവരെ അതിനു പ്രേരിപ്പിച്ചത്.
2. എന്താണ് സുവർണനിയമം, അത് നമുക്ക് എങ്ങനെ ബാധകമാക്കാം?
2 സുവർണനിയമം എന്നു പറഞ്ഞാൽ എന്താണ്? “മറ്റുള്ളവർ നിങ്ങൾക്കു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതൊക്കെയും നിങ്ങൾ അവർക്കും ചെയ്യുവിൻ” എന്നു പറഞ്ഞുകൊണ്ട് യേശു നൽകിയ ബുദ്ധിയുപദേശമാണ് അത്. (മത്താ. 7:12) ആ നിയമം നമുക്ക് എങ്ങനെ ബാധകമാക്കാൻ കഴിയും? അടിസ്ഥാനപരമായി, നമുക്ക് രണ്ടു പടികൾ സ്വീകരിക്കാനാകും. ഒന്നാമതായി, നാം സ്വയം ഇങ്ങനെ ചോദിക്കണം, ‘ഞാൻ അയാളുടെ സ്ഥാനത്തായിരുന്നെങ്കിൽ എങ്ങനെയുള്ള ഒരു പെരുമാറ്റമാണ് ഞാൻ ആഗ്രഹിക്കുമായിരുന്നത്?’ രണ്ടാമതായി, സാധ്യമാകുന്നിടത്തോളം അയാളോട് ആ വിധത്തിൽത്തന്നെ പെരുമാറുക.—1 കൊരി. 10:24.
3, 4. (എ) സുവർണനിയമം പിൻപറ്റേണ്ടത് സഹവിശ്വാസികളോടുള്ള ഇടപെടലിൽ മാത്രമല്ലാത്തത് എന്തുകൊണ്ട്? (ബി) ഈ ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?
3 സഹവിശ്വാസികളോടുള്ള ഇടപെടലിൽ നാം മിക്കപ്പോഴും സുവർണനിയമം പിൻപറ്റാറുണ്ട്. എന്നാൽ സഹവിശ്വാസികളോടു മാത്രമാണ് അത്തരത്തിലുള്ള പരിഗണന കാണിക്കേണ്ടത് എന്ന് യേശു സൂചിപ്പിച്ചില്ല. നാം ആളുകളോട് പൊതുവെ, നമ്മെ പകയ്ക്കുന്നവരോടുപോലും എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുമ്പോഴാണ് വാസ്തവത്തിൽ അവൻ സുവർണനിയമത്തെക്കുറിച്ച് പറഞ്ഞത്. (ലൂക്കോസ് 6:27, 28, 31, 35 വായിക്കുക.) ശത്രുക്കളോടുള്ള ഇടപെടലിൽപ്പോലും സുവർണനിയമം പിൻപറ്റേണ്ടതുണ്ടെങ്കിൽ പൊതുജനത്തോട് സാക്ഷീകരിക്കവെ നാം എത്രയധികം അതിനായി ശ്രമിക്കണം! അവരിൽ അനേകരും “നിത്യജീവനുവേണ്ട ഹൃദയനില” ഉള്ളവരായിരുന്നേക്കാം എന്ന് നാം വിസ്മരിക്കരുത്.—പ്രവൃ. 13:48.
4 ശുശ്രൂഷയിലായിരിക്കവെ മനസ്സിൽപ്പിടിക്കേണ്ട നാല് ചോദ്യങ്ങൾ നാം ഇപ്പോൾ പരിചിന്തിക്കും: ഒരു വ്യക്തിയെ സമീപിക്കുമ്പോൾ അയാൾ ആരാണ് എന്ന് മനസ്സിലാക്കാൻ ഞാൻ ശ്രമിക്കാറുണ്ടോ? എവിടെവെച്ചാണ് ഞാൻ ആളുകളോട് സംസാരിക്കുന്നത് എന്നുള്ള പരിസരബോധം എനിക്കുണ്ടോ? ആളുകളെ സമീപിക്കാൻ ഏറ്റവും ഉചിതമായ സമയം ഏതാണ്? എങ്ങനെയാണ് ഞാൻ അവരെ സമീപിക്കേണ്ടത്? നാം കാണാൻ പോകുന്നതുപോലെ, ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന ആളുകളുടെ വികാരങ്ങളോട് പരിഗണന കാണിക്കാനും അതിന് അനുസൃതമായി സമീപനത്തിൽ മാറ്റം വരുത്താനും ഈ ചോദ്യങ്ങൾ നമ്മെ സഹായിക്കും.—1 കൊരി. 9:19-23.
ഞാൻ സമീപിക്കുന്ന ഈ വ്യക്തി ആരാണ്?
5. നമുക്ക് സ്വയം ഏതെല്ലാം ചോദ്യങ്ങൾ ചോദിക്കാനാകും?
5 ശുശ്രൂഷയിൽ നാം കണ്ടുമുട്ടുന്ന ഓരോ ആളും തനതു വ്യക്തിത്വമുള്ള ഒരു വ്യത്യസ്ത വ്യക്തിയാണ്. ഓരോരുത്തർക്കും അവരവരുടേതായ പശ്ചാത്തലവും പ്രശ്നങ്ങളും ഒക്കെയാണ് ഉള്ളത്. (2 ദിന. 6:29) അതുകൊണ്ട് ആരോടെങ്കിലും സുവാർത്ത പങ്കുവെക്കുമ്പോൾ സ്വയം ഇങ്ങനെ ചോദിക്കുക: ‘എന്റെ സ്ഥാനത്ത് അദ്ദേഹവും അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാനും ആയിരുന്നെങ്കിൽ അദ്ദേഹം എന്നെ എങ്ങനെ വീക്ഷിക്കാനായിരിക്കും ഞാൻ ആഗ്രഹിക്കുക? അടുത്തെവിടെയോ താമസിക്കുന്ന ആരോ ഒരാളായി മാത്രം അദ്ദേഹം എന്നെ വീക്ഷിച്ചാൽ എനിക്ക് സന്തോഷം തോന്നുമോ? അതോ ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹം എന്നെ പരിചയപ്പെടണമെന്നും വില കല്പിക്കണമെന്നും ആണോ ഞാൻ ആഗ്രഹിക്കുക?’ സ്വയം അത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് ഓരോ വീട്ടുകാരനെയും വ്യതിരിക്ത വ്യക്തിയായി കാണാൻ നമ്മെ സഹായിക്കും.
6, 7. ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന ഒരാൾ അൽപ്പം പരുക്കൻ ആണെന്ന് നമുക്ക് തോന്നുന്നെങ്കിൽ നാം എന്തു ചെയ്യണം?
6 ‘ഒരു നിഷേധിയായി’ മുദ്രകുത്തപ്പെടാൻ നാം ആരുംതന്നെ ആഗ്രഹിക്കില്ല. ദൃഷ്ടാന്തത്തിന്, “നിങ്ങളുടെ സംസാരം . . . ഹൃദ്യമായിരിക്കട്ടെ” എന്ന ബൈബിൾബുദ്ധിയുപദേശം ബാധകമാക്കാൻ ക്രിസ്ത്യാനികളെന്ന നിലയിൽ നാം കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. (കൊലോ. 4:6) എങ്കിൽപ്പോലും അപൂർണരായതു നിമിത്തം, പിന്നീട് ഖേദിക്കാൻ ഇടയാകുന്ന തരത്തിലുള്ള വാക്കുകൾ വല്ലപ്പോഴുമെങ്കിലും നമ്മുടെ വായിൽനിന്ന് വീണുപോകാറുണ്ട്. (യാക്കോ. 3:2) എന്തെങ്കിലും കാരണത്താൽ മനസ്സ് പ്രക്ഷുബ്ധമായിരുന്ന ഒരു സാഹചര്യത്തിൽ ആരോടെങ്കിലും അൽപം ദയാരഹിതമായി സംസാരിച്ചുപോയി എന്നതുകൊണ്ട് ‘പരുക്കനോ’ ‘പരിഗണനയില്ലാത്തവനോ’ ആയി മുദ്രകുത്തപ്പെടാൻ നാം ആരുംതന്നെ ആഗ്രഹിക്കുകയില്ല. മറ്റെ വ്യക്തി നമ്മെ മനസ്സിലാക്കണമെന്നും നാം സാധാരണഗതിയിൽ അങ്ങനെയല്ലെന്ന് അദ്ദേഹം തിരിച്ചറിയണമെന്നും നാം ആഗ്രഹിക്കും. അങ്ങനെയെങ്കിൽ മറ്റുള്ളവരോടും നാം അതേ പരിഗണന കാണിക്കേണ്ടതല്ലേ?
7 ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന ഒരാൾ അൽപ്പം പരുക്കൻ ആണെന്ന് നമുക്ക് തോന്നുന്നെങ്കിൽ അയാൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകുന്നത് ഉചിതമായിരിക്കില്ലേ? ജോലിസ്ഥലത്തോ സ്കൂളിലോ മറ്റോ നേരിട്ട സമ്മർദംകൊണ്ടായിരിക്കുമോ അത്? അയാൾക്ക് ഗുരുതരമായ എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടോ? തുടക്കത്തിൽ അസ്വസ്ഥത കാണിച്ചിട്ടുള്ള പല വീട്ടുകാരും, സാക്ഷികൾ അവരോട് സൗമ്യതയോടും ആദരവോടും കൂടി പെരുമാറിയതിന്റെ ഫലമായി ഒടുവിൽ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്.—സദൃ. 15:1; 1 പത്രോ. 3:15.
8. ചില പ്രത്യേക കൂട്ടരെ ഒഴിവാക്കാതെ ‘എല്ലാത്തരം ആളുകളോടും’ നാം സുവാർത്ത സംസാരിക്കേണ്ടത് എന്തുകൊണ്ട്?
8 എല്ലാത്തരം ജീവിതപശ്ചാത്തലങ്ങളിലുമുള്ള ആളുകളിലേക്ക് നമ്മുടെ ശുശ്രൂഷ എത്തിച്ചേരുന്നു. ഉദാഹരണത്തിന്, “ബൈബിൾ ജീവിതത്തിനു മാറ്റംവരുത്തുന്നു” എന്ന വീക്ഷാഗോപുരപരമ്പരയിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽത്തന്നെ, 60-ലധികം അനുഭവങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ലേഖനങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ചില ആളുകൾ മുമ്പ് മോഷ്ടാക്കളോ മദ്യപന്മാരോ ഗുണ്ടാസംഘത്തിലെ അംഗങ്ങളോ മയക്കുമരുന്നിന് അടിമകളോ ഒക്കെ ആയിരുന്നു. മറ്റു ചിലരാകട്ടെ, രാഷ്ട്രീയനേതാക്കളോ മതനേതാക്കളോ തൊഴിലാസക്തരോ ആയിരുന്നു. ഇനിയും ചിലർ, അധാർമികജീവിതം നയിച്ചിരുന്നവരായിരുന്നു. എങ്കിലും, അവരെല്ലാം സുവാർത്തയ്ക്ക് ചെവികൊടുത്തു, ബൈബിൾ പഠിച്ചു, ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് സത്യത്തിൽ വന്നു. അതുകൊണ്ട് ചില കൂട്ടർ ഒരിക്കലും രാജ്യസന്ദേശം സ്വീകരിക്കുകയില്ല എന്ന് നാം നിഗമനം ചെയ്യരുത്. (1 കൊരിന്ത്യർ 6:9-11 വായിക്കുക.) മറിച്ച്, ‘എല്ലാത്തരം ആളുകളും’ സുവാർത്തയോട് അനുകൂലമായി പ്രതികരിച്ചേക്കാമെന്നു നാം തിരിച്ചറിയുന്നു.—1 കൊരി. 9:22, അടിക്കുറിപ്പ്.
ഞാൻ ആളുകളെ സമീപിക്കുന്നത് എവിടെവെച്ചാണ്?
9. മറ്റുള്ളവരുടെ ഭവനങ്ങളെ നാം ആദരവോടെ കാണേണ്ടത് എന്തുകൊണ്ട്?
9 ശുശ്രൂഷയിൽ മിക്കപ്പോഴും എവിടെവെച്ചാണ് നാം ആളുകളോട് സംസാരിക്കാറുള്ളത്? സാധാരണഗതിയിൽ വീട്ടിൽ ചെന്നാണ് നാം ആളുകളെ കാണുന്നത്. (മത്താ. 10:11-13) മറ്റുള്ളവർ നമ്മുടെ ഭവനത്തോടും സ്വകാര്യവസ്തുക്കളോടും ആദരവു കാട്ടുമ്പോൾ നാം അതു വിലമതിക്കുന്നു. എത്രയായാലും, സ്വന്തം ഭവനം നമുക്കെല്ലാം വിലപ്പെട്ടതാണ്. അത് സ്വകാര്യതയും സംരക്ഷണവും ലഭിക്കുന്ന ഒരിടമായിരിക്കാൻ നാം ആഗ്രഹിക്കുന്നു. അങ്ങനെയെങ്കിൽ അതേ ആദരവ് നാം നമ്മുടെ അയൽക്കാരോടും കാണിക്കണം. അതുകൊണ്ട് വീടുതോറുമുള്ള ശുശ്രൂഷയിൽ അവരുടെ ഭവനങ്ങളെ നാം എങ്ങനെ വീക്ഷിക്കുന്നു എന്ന കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നത് ഉചിതമായിരിക്കും.—പ്രവൃ. 5:42.
10. ശുശ്രൂഷയിലായിരിക്കവെ, മറ്റുള്ളവരെ അലോസരപ്പെടുത്തുന്നത് നമുക്ക് എങ്ങനെ ഒഴിവാക്കാനാകും?
10 കുറ്റകൃത്യം കൊടികുത്തിവാഴുന്ന ഇക്കാലത്ത് അനേകരും അപരിചിതരെ സംശയത്തോടെയാണ് കാണുന്നത്. (2 തിമൊ. 3:1-5) അവരുടെ സംശയം വർധിപ്പിക്കുന്ന വിധത്തിൽ പെരുമാറാതിരിക്കാൻ നാം ശ്രദ്ധിക്കണം. ഉദാഹരണത്തിന്, ഒരു വീട്ടിലേക്ക് കയറിച്ചെന്ന് നാം മുൻവാതിലിൽ മുട്ടിവിളിക്കുന്നെന്നു കരുതുക. ആരും പ്രതികരിക്കുന്നില്ലെങ്കിൽ ജനലിൽക്കൂടെ അകത്തേക്കു നോക്കാനോ വീട്ടുകാരെ തേടി പിന്നാമ്പുറത്തേക്കു ചെല്ലാനോ പുരയ്ക്കുചുറ്റും നടക്കാനോ ഒക്കെ നമുക്ക് തോന്നിയേക്കാം. പക്ഷേ, അങ്ങനെ ചെയ്യുന്നത് വീട്ടുകാരനെ അസ്വസ്ഥനാക്കാനല്ലേ സാധ്യത? അയൽക്കാർ അതു കണ്ടാൽ എന്തായിരിക്കും ചിന്തിക്കുക? സുവിശേഷവേല നാം സമഗ്രമായി നിർവഹിക്കണം എന്നത് ശരിയാണ്. (പ്രവൃ. 10:42) നമ്മുടെ പക്കലുള്ള ശുഭകരമായ സന്ദേശം സകലരെയും അറിയിക്കാൻ നാം അത്യുത്സാഹമുള്ളവരാണ്; നമ്മുടെ ആന്തരം ശുദ്ധവുമാണ്. (റോമ. 1:14, 15) എങ്കിലും, സാക്ഷീകരിക്കുന്ന പ്രദേശത്തുള്ള ആളുകളെ അലോസരപ്പെടുത്താതിരുന്നുകൊണ്ട് നാം വിവേകം കാണിക്കണം. അപ്പൊസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “ഞങ്ങളുടെ ശുശ്രൂഷയ്ക്ക് ആക്ഷേപം വരാതിരിക്കാൻ ഒരുതരത്തിലും ഞങ്ങൾ ഇടർച്ചയ്ക്കു കാരണമുണ്ടാക്കുന്നില്ല.” (2 കൊരി. 6:3) അതുകൊണ്ട്, പ്രദേശത്തുള്ള ആളുകളുടെ ഭവനത്തോടും വസ്തുവകകളോടും നമ്മൾ ആദരവ് കാണിക്കുമ്പോൾ നമ്മുടെ നല്ല പെരുമാറ്റം ചിലരെയെങ്കിലും സത്യത്തിലേക്ക് ആകർഷിച്ചേക്കാം.—1 പത്രോസ് 2:12 വായിക്കുക.
ആളുകളെ സമീപിക്കാൻ ഏറ്റവും ഉചിതമായ സമയം ഏതാണ്?
11. മറ്റുള്ളവർ നമ്മുടെ സമയത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് പരിഗണന കാണിക്കുമ്പോൾ നാം അതു വിലമതിക്കുന്നത് എന്തുകൊണ്ട്?
11 ക്രിസ്ത്യാനികളെന്ന നിലയിൽ തിരക്കുപിടിച്ച ജീവിതമാണ് നമ്മുടേത്. ഉത്തരവാദിത്വങ്ങളെല്ലാം ചെയ്തുതീർക്കാനായി നാം മുൻഗണനകൾ നിശ്ചയിക്കുകയും ശ്രദ്ധാപൂർവം ഒരു പ്രവർത്തനപട്ടിക തയ്യാറാക്കുകയും ചെയ്യുന്നു. (എഫെ. 5:16; ഫിലി. 1:10) നമ്മുടെ പട്ടികയെ തകിടംമറിക്കുന്ന എന്തെങ്കിലും ഇടയ്ക്കു കയറിവന്നാൽ അതു നമ്മെ അസ്വസ്ഥരാക്കിയേക്കാം. അതുകൊണ്ടുതന്നെ നമ്മെ സന്ദർശിക്കുന്ന ആളുകൾ നമ്മുടെ സമയത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും നമുക്ക് ഒരുപാട് സമയം ചെലവഴിക്കാനില്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ന്യായബോധം കാണിക്കുകയും ചെയ്യുമ്പോൾ നാം അത് തീർച്ചയായും വിലമതിക്കാറുണ്ട്. അങ്ങനെയെങ്കിൽ സുവർണനിയമം മനസ്സിൽപ്പിടിച്ചുകൊണ്ട്, നാം സന്ദർശിക്കുന്ന ആളുകളോട് നമുക്ക് എങ്ങനെ ആദരവോടെ പെരുമാറാൻ കഴിയും?
12. നമ്മുടെ പ്രദേശത്ത് ആളുകളെ സമീപിക്കാൻ ഏറ്റവും ഉചിതമായ സമയം ഏതാണെന്ന് നമുക്ക് എങ്ങനെ നിർണയിക്കാൻ കഴിയും?
12 വീട്ടുകാരെ സമീപിക്കാൻ ഏറ്റവും പറ്റിയ സമയം ഏതാണെന്ന് കണ്ടെത്താൻ നാം ശ്രമിക്കണം. നമ്മുടെ പ്രദേശത്ത് സാധാരണയായി ആളുകൾ വീട്ടിലുള്ളത് എപ്പോഴാണ്? അവർ നമ്മെ സ്വീകരിക്കാൻ കൂടുതൽ മനസ്സൊരുക്കം കാണിച്ചേക്കാവുന്ന സമയം ഏതാണ്? അതിന് അനുഗുണമായി നമുക്ക് എങ്ങനെ നമ്മുടെ പട്ടികയിൽ പൊരുത്തപ്പെടുത്തൽ വരുത്താനാകുമെന്ന് ആലോചിക്കുക. ചില ദേശങ്ങളിൽ, ഉച്ചതിരിഞ്ഞ് വെയിലാറുന്ന നേരത്തോ സായാഹ്നത്തിലോ വീടുതോറും പോകുന്നതാണ് ഏറ്റവും ഫലപ്രദമെന്ന് കണ്ടിരിക്കുന്നു. നിങ്ങൾ സാക്ഷീകരിക്കുന്ന പ്രദേശത്തും സാഹചര്യം സമാനമാണെങ്കിൽ, ആ നേരത്ത് കുറച്ചു സമയമെങ്കിലും വീടുതോറുമുള്ള വേല ചെയ്യുന്നതിന് നിങ്ങൾക്ക് ക്രമീകരിക്കാൻ കഴിയുമോ? (1 കൊരിന്ത്യർ 10:24 വായിക്കുക.) പ്രദേശത്തുള്ള ആളുകൾക്ക് ഏറ്റവും അനുയോജ്യമായ സമയത്ത് ശുശ്രൂഷയിൽ പങ്കുപറ്റാനായി നാം ചെയ്യുന്ന ഏതൊരു ത്യാഗത്തെയും യഹോവ അനുഗ്രഹിക്കും എന്ന കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും.
13. വീട്ടുകാരനോട് നമുക്ക് എങ്ങനെ ആദരവ് കാണിക്കാനാകും?
13 നാം സംസാരിക്കുന്ന വ്യക്തിയോട് ആദരവ് കാണിക്കാൻ നാം ശ്രദ്ധിക്കേണ്ട മറ്റെന്തെങ്കിലുമുണ്ടോ? കേൾക്കുന്ന കാതുകൾ കണ്ടെത്തുമ്പോൾ നാം നല്ല സാക്ഷ്യം കൊടുക്കുകതന്നെ വേണം. എങ്കിലും അവർ നിങ്ങൾക്ക് സ്വാഗതമരുളി എന്നു കരുതി ദീർഘനേരം അവിടെ ചെലവഴിക്കരുത്. വീട്ടുകാരൻ അയാൾക്ക് പ്രധാനപ്പെട്ട മറ്റെന്തെങ്കിലും കാര്യത്തിനായി മാറ്റിവെച്ചിരിക്കുന്ന സമയമായിരിക്കാം അത്. താൻ വളരെ തിരക്കിലാണെന്ന് അദ്ദേഹം പറയുന്നെങ്കിൽ, ചുരുക്കിപ്പറയാമെന്ന് അദ്ദേഹത്തോടു പറയാവുന്നതാണ്. പക്ഷേ, പറഞ്ഞ വാക്ക് നാം പാലിക്കണം. (മത്താ. 5:37) സംഭാഷണം അവസാനിപ്പിക്കുമ്പോൾ വീണ്ടും കാണാൻ ഏതു സമയമായിരിക്കും സൗകര്യപ്രദമെന്ന് അന്വേഷിക്കുന്നത് നല്ലതാണ്. ഇങ്ങനെ ചോദിക്കുന്നത് ഫലകരമാണെന്ന് ചില പ്രസാധകർ കണ്ടിരിക്കുന്നു: “നിങ്ങളെ വീണ്ടും വന്ന് കാണാൻ എനിക്ക് ആഗ്രഹമുണ്ട്. വരുന്നതിനുമുമ്പ് ഒന്നു വിളിച്ചിട്ട്, അല്ലെങ്കിൽ ഒരു മെസ്സേജ് അയച്ചിട്ട് വരുന്നതായിരിക്കും നല്ലത്, അല്ലേ?” പ്രദേശത്തെ ആളുകളുടെ സൗകര്യത്തിനനുസരിച്ച് നാം നമ്മുടെ പട്ടികയിൽ മാറ്റം വരുത്തുമ്പോൾ, ‘ഞാൻ എന്റെ നന്മയല്ല, അനേകർ രക്ഷിക്കപ്പെടേണ്ടതിന് അവരുടെ നന്മയാണ് അന്വേഷിക്കുന്നത്’ എന്നു പറഞ്ഞ പൗലോസിന്റെ മാതൃക നാം അനുകരിക്കുകയായിരിക്കും.—1 കൊരി. 10:33.
ഞാൻ ആളുകളെ സമീപിക്കേണ്ടത് എങ്ങനെയാണ്?
14-16. (എ) നമ്മുടെ സന്ദർശനോദ്ദേശ്യം വീട്ടുകാരന് വ്യക്തമാക്കിക്കൊടുക്കേണ്ടത് എന്തുകൊണ്ട്? ദൃഷ്ടാന്തീകരിക്കുക. (ബി) ഏതു സമീപനമാണ് ഒരു സഞ്ചാരമേൽവിചാരകൻ ഫലപ്രദമെന്നു കണ്ടെത്തിയത്?
14 ഒരു ദിവസം ഒരാൾ നമ്മെ ഫോണിൽ വിളിക്കുന്നു എന്ന് കരുതുക. പക്ഷേ വിളിച്ച ആളുടെ ശബ്ദം നമുക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. അപരിചിതനായ അയാൾ നമുക്ക് പ്രിയപ്പെട്ട ഭക്ഷ്യവിഭവങ്ങൾ ഏതെല്ലാമാണെന്ന് ചോദിക്കുന്നു. ‘ആരാണ് അയാൾ?’ ‘എന്താണ് അയാൾക്ക് വേണ്ടത്?’ എന്നൊക്കെയായിരിക്കും നാം ചിന്തിക്കുന്നത്. മര്യാദയുടെ പുറത്ത് അയാളോട് അല്പം സംസാരിച്ചേക്കാമെങ്കിലും എത്രയും പെട്ടെന്ന് സംഭാഷണം അവസാനിപ്പിക്കാനായിരിക്കും നമ്മുടെ ശ്രമം. അതേസമയം, വിളിച്ച വ്യക്തി ആദ്യംതന്നെ സ്വയം പരിചയപ്പെടുത്തുന്നുവെന്ന് കരുതുക. താൻ പോഷകാഹാരരംഗത്ത് പ്രവർത്തിച്ചുവരികയാണെന്നും സഹായകമായ ചില വിവരങ്ങൾ നമ്മോട് പങ്കുവെക്കാനുണ്ടെന്നും ദയാപുരസ്സരം അയാൾ പറയുന്നു. ഇപ്പോൾ, കേൾക്കാൻ നാം കൂടുതൽ ചായ്വു കാണിച്ചേക്കാം. എന്തായാലും, മറ്റുള്ളവർ മര്യാദപൂർവം നമ്മോട് കാര്യങ്ങൾ തുറന്നുപറയുന്നതാണല്ലോ നമ്മൾ വിലമതിക്കുന്നത്. ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന ആളുകളോടും അതേ മര്യാദ കാണിക്കാൻ നമുക്ക് എങ്ങനെ കഴിയും?
15 പല പ്രദേശത്തും, നമ്മുടെ സന്ദർശനോദ്ദേശം എന്താണെന്ന് നാം വീട്ടുകാരന് വ്യക്തമാക്കിക്കൊടുക്കേണ്ട ആവശ്യമുണ്ട്. വീട്ടുകാരന് അറിയില്ലാത്ത വളരെ മൂല്യവത്തായ വിവരങ്ങളാണ് നമ്മുടെ കൈവശമുള്ളത് എന്നത് ശരിയാണ്. പക്ഷേ, യാതൊരു പരിചയപ്പെടുത്തലും കൂടാതെ, പഠിച്ചുവെച്ചിരിക്കുന്ന ഒരു അവതരണം പിൻവരുന്നതുപോലെ നാം നേരെ അങ്ങ് പറഞ്ഞുതുടങ്ങുന്നെങ്കിൽ വീട്ടുകാരൻ അമ്പരന്നുപോയേക്കാം: “നിങ്ങൾക്ക് ഈ ലോകത്തിലുള്ള ഏതെങ്കിലും പ്രശ്നം പരിഹരിക്കാനുള്ള ശക്തിയുണ്ടെങ്കിൽ ആദ്യം ഏതായിരിക്കും പരിഹരിക്കുക?” വീട്ടുകാരന്റെ വീക്ഷണം മനസ്സിലാക്കാനും സംഭാഷണം ബൈബിളിലേക്ക് തിരിക്കാനും ഉള്ള ലക്ഷ്യത്തിലാണ് അങ്ങനെ ചോദിക്കുന്നതെന്ന് നമുക്കറിയാം. പക്ഷേ, വീട്ടുകാരൻ ചിലപ്പോൾ അന്തംവിട്ടുനിൽക്കുകയായിരിക്കും: ‘ആരാണ് ഇയാൾ? ഇയാൾ എന്തിനാണ് എന്നോട് ഇങ്ങനെയൊക്കെ ചോദിക്കുന്നത്? എന്താണാവോ ഈ ഏർപ്പാട്?’ അതുകൊണ്ട്, വീട്ടുകാരൻ അന്ധാളിച്ചുപോകാതിരിക്കാൻ നാം ശ്രദ്ധ പുലർത്തണം. (ഫിലി. 2:3, 4) നമുക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും?
16 പിൻവരുന്ന സമീപനം ഫലപ്രദമാണെന്ന് ഒരു സഞ്ചാരമേൽവിചാരകൻ കണ്ടെത്തിയിരിക്കുന്നു. പരിചയപ്പെട്ടശേഷം വീട്ടുകാരന് സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ നൽകിക്കൊണ്ട് അദ്ദേഹം ഇങ്ങനെ പറയും: “ഈ പ്രദേശത്ത് എല്ലാ ആളുകൾക്കും ഞങ്ങൾ ഇത് കൊടുത്തുവരികയാണ്. പല ആളുകളും സാധാരണ ചോദിക്കാറുള്ള ആറു ചോദ്യങ്ങൾ ഇതിൽ ചർച്ച ചെയ്യുന്നുണ്ട്. നിങ്ങൾക്കും ഒരു പ്രതി തരാൻ ഞാൻ ആഗ്രഹിക്കുന്നു.” നമ്മൾ ചെന്നത് എന്തിനാണെന്ന് വ്യക്തമായിക്കഴിയുമ്പോൾ, മിക്ക ആളുകളുടെയും പരിഭ്രമം തെല്ലൊന്ന് കുറയാറുണ്ടെന്ന് സഹോദരൻ പറയുന്നു. അങ്ങനെയാകുമ്പോൾ ഒരു സംഭാഷണം തുടങ്ങുക എളുപ്പമായിരിക്കും. തുടർന്ന് സഞ്ചാരമേൽവിചാരകൻ വീട്ടുകാരനോട് ഇങ്ങനെ ചോദിക്കും: “ഇതിൽ ഏതെങ്കിലും ചോദ്യത്തെക്കുറിച്ച് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?” വീട്ടുകാരൻ ഏതെങ്കിലും ഒരു ചോദ്യം തിരഞ്ഞെടുക്കുന്നെങ്കിൽ ലഘുലേഖ തുറന്ന് ആ ചോദ്യത്തിന് ബൈബിൾ നൽകുന്ന ഉത്തരം ചർച്ച ചെയ്യും. ഇനി, പെട്ടെന്നൊരു ചോദ്യം കണ്ടെത്താൻ വീട്ടുകാരന് കഴിയുന്നില്ലെങ്കിൽ, അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതെ സഹോദരൻതന്നെ ഒരു ചോദ്യം തിരഞ്ഞെടുത്ത് ചർച്ച ചെയ്യും. ഇങ്ങനെ, സംഭാഷണം ആരംഭിക്കുന്നതിന് വ്യത്യസ്ത വിധങ്ങളുണ്ട് എന്ന് നാം തിരിച്ചറിയണം. ചില നാടുകളിൽ, വന്ന കാര്യം പറയുന്നതിനു മുമ്പ് കുറെക്കൂടെ ആചാരമര്യാദകൾ പാലിക്കാൻ വീട്ടുകാരൻ പ്രതീക്ഷിച്ചേക്കാം. എന്തായിരുന്നാലും മനസ്സിൽപ്പിടിക്കേണ്ട മുഖ്യസംഗതി, മറ്റുള്ളവർ തങ്ങളെ എങ്ങനെ സമീപിക്കാനാണോ നമ്മുടെ പ്രദേശത്തുള്ള ആളുകൾ ആഗ്രഹിക്കുന്നത് അതിനനുസൃതമായി നമ്മുടെ അവതരണങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം എന്നതാണ്.
ശുശ്രൂഷയിൽ സുവർണനിയമം പാലിക്കുന്നതിൽ തുടരുക
17. സുവർണനിയമം പിൻപറ്റാനാകുന്ന ഏതെല്ലാം വിധങ്ങളാണ് ഈ ലേഖനത്തിൽ നാം പരിചിന്തിച്ചത്?
17 അങ്ങനെയെങ്കിൽ, ശുശ്രൂഷയിലായിരിക്കെ സുവർണനിയമത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ കഴിയുന്ന എന്തെല്ലാം കാര്യങ്ങളെക്കുറിച്ചാണ് നമ്മൾ പഠിച്ചത്? നാം ഓരോ വീട്ടുകാരനെയും വ്യതിരിക്ത വ്യക്തിയായി കാണുന്നു. വീട്ടുകാരന്റെ ഭവനത്തോടും വസ്തുവകകളോടും നാം ആദരവു കാട്ടുന്നു. ആളുകൾ വീട്ടിൽ കാണുകയും ശ്രദ്ധിക്കാൻ ഏറെ മനസ്സൊരുക്കം കാണിക്കുകയും ചെയ്തേക്കാവുന്ന സമയങ്ങളിൽ ശുശ്രൂഷയിൽ ഏർപ്പെടാൻ നാം നല്ല ശ്രമം ചെയ്യുന്നു. നമ്മുടെ പ്രദേശത്തെ ആളുകൾ ശ്രദ്ധിക്കാൻ കൂടുതൽ ചായ്വു കാണിച്ചേക്കാവുന്ന ഒരു വിധത്തിൽ നാം നമ്മുടെ സന്ദേശം അവതരിപ്പിക്കുന്നു.
18. മറ്റുള്ളവർ നമ്മോട് ഇടപെടാൻ നാം ആഗ്രഹിക്കുന്ന വിധത്തിൽ നമ്മുടെ പ്രദേശത്തുള്ള ആളുകളോട് ഇടപെടുന്നത് എന്തെല്ലാം പ്രയോജനങ്ങളിലേക്ക് നയിക്കുന്നു?
18 മറ്റുള്ളവർ നമ്മോട് ഇടപെടാൻ നാം ആഗ്രഹിക്കുന്ന വിധത്തിൽ നമ്മുടെ പ്രദേശത്തുള്ള ആളുകളോട് ഇടപെടുന്നതു മുഖാന്തരം അനവധി പ്രയോജനങ്ങൾ ഉണ്ടാകുന്നു. ആളുകളോട് ദയയോടെയും പരിഗണനയോടെയും പെരുമാറുകവഴി നാം നമ്മുടെ പ്രകാശം പരത്തുകയാണ്, തിരുവെഴുത്തുതത്ത്വങ്ങളുടെ മൂല്യത്തിന് മാറ്റ് കൂട്ടുകയാണ്, സർവോപരി നമ്മുടെ സ്വർഗീയപിതാവിന് മഹത്ത്വം കരേറ്റുകയാണ്. (മത്താ. 5:16) നാം ആളുകളെ സമീപിക്കുന്ന വിധം അനേകരെ സത്യത്തിലേക്ക് ആകർഷിച്ചേക്കാം. (1 തിമൊ. 4:16) നാം പ്രസംഗിക്കുന്ന ആളുകൾ രാജ്യസന്ദേശം സ്വീകരിച്ചാലും ഇല്ലെങ്കിലും ശുശ്രൂഷ നിർവഹിക്കാൻ നാം നമ്മുടെ പരമാവധി ചെയ്യുന്നു എന്ന ചാരിതാർഥ്യം നമുക്കുണ്ടായിരിക്കും. (2 തിമൊ. 4:5) “സുവിശേഷത്തിൽ ഒരു പങ്കാളിയാകേണ്ടതിന്നു ഞാൻ സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു” എന്ന് എഴുതിയ അപ്പൊസ്തലനായ പൗലോസിനെ നമുക്ക് ഓരോരുത്തർക്കും അനുകരിക്കാം. (1 കൊരി. 9:23) ആ ലക്ഷ്യം മുൻനിറുത്തി ശുശ്രൂഷയിൽ എല്ലായ്പോഴും നമുക്ക് സുവർണനിയമം പാലിക്കാം.