അധ്യായം 45
അനേകം ഭൂതങ്ങളുടെ മേൽ അധികാരം
മത്തായി 8:28-34; മർക്കോസ് 5:1-20; ലൂക്കോസ് 8:26-39
ഭൂതങ്ങളെ പുറത്താക്കി പന്നികളിലേക്ക് അയയ്ക്കുന്നു
കടലിൽവെച്ചുണ്ടായ പേടിപ്പെടുത്തുന്ന അനുഭവത്തിനു ശേഷം ശിഷ്യന്മാർ കരയിൽ എത്തിയതേ ഉള്ളൂ. അപ്പോഴതാ മറ്റൊന്ന്! കണ്ടാൽ പേടി തോന്നുന്ന തരത്തിലുള്ള രണ്ടു പേർ അടുത്തുള്ള കല്ലറയിൽനിന്ന് യേശുവിന്റെ അടുത്തേക്ക് പാഞ്ഞുവരുന്നു! രണ്ടു പേരിലും ഭൂതമുണ്ട്. ഒരാളിലാണു കൂടുതൽ ശ്രദ്ധ പതിയുന്നത്. സാധ്യതയനുസരിച്ച് അയാൾ ഏറെ അക്രമാസക്തനും കൂടുതൽ കാലം ഭൂതങ്ങളുടെ നിയന്ത്രണത്തിലായിരുന്നവനും ആണ്.
ആ പാവം മനുഷ്യൻ ഉടുതുണിപോലും ഇല്ലാതെയാണു നടക്കുന്നത്. രാവെന്നോ പകലെന്നോ ഇല്ലാതെ, “അയാൾ കല്ലറകളിലും മലകളിലും അലറിവിളിച്ച് നടന്നു. മാത്രമല്ല, കല്ലുകൊണ്ട് അയാൾ സ്വന്തം ശരീരത്തിൽ മുറിവേൽപ്പിക്കുകയും” ചെയ്യുന്നുണ്ട്. (മർക്കോസ് 5:5) അയാളുടെ അക്രമസ്വഭാവം കാരണം ആളുകൾക്ക് ആ വഴിയേ നടക്കാൻപോലും പേടിയാണ്. ചിലർ അയാളെ പിടിച്ചുകെട്ടാൻ നോക്കിയതാണ്. പക്ഷേ അയാൾ ചങ്ങലകൾ വലിച്ചുപൊട്ടിക്കുകയും കാലിലെ വിലങ്ങുകൾ തകർക്കുകയും ചെയ്തു. ആർക്കും അയാളെ കീഴ്പെടുത്താനുള്ള ശക്തിയില്ല.
അയാൾ യേശുവിന്റെ അടുത്ത് വന്ന് കാൽക്കൽ വീണപ്പോൾ അയാളെ നിയന്ത്രിച്ചിരുന്ന ഭൂതങ്ങൾ ഇങ്ങനെ അലറിവിളിക്കുന്നു: “അത്യുന്നതദൈവത്തിന്റെ പുത്രനായ യേശുവേ, അങ്ങ് എന്തിനാണ് എന്റെ കാര്യത്തിൽ ഇടപെടുന്നത്? എന്നെ ഉപദ്രവിക്കില്ലെന്നു ദൈവത്തെക്കൊണ്ട് ആണയിട്.” എന്നാൽ ഭൂതങ്ങളുടെ മേൽപ്പോലും തനിക്ക് അധികാരമുണ്ടെന്നു യേശു കാണിക്കുന്നു. യേശു കല്പിക്കുന്നു: “അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ട് പുറത്ത് വരൂ.”—മർക്കോസ് 5:7, 8.
ശരിക്കും ആ മനുഷ്യന്റെ മേൽ കുറെ ഭൂതങ്ങളുണ്ട്. “നിന്റെ പേര് എന്താണ് ” എന്ന് യേശു ചോദിക്കുമ്പോൾ കിട്ടുന്ന മറുപടി, “എന്റെ പേര് ലഗ്യോൻ. കാരണം, ഞങ്ങൾ പലരുണ്ട് ” എന്നാണ്. (മർക്കോസ് 5:9) ആയിരക്കണക്കിനു പട്ടാളക്കാർ അടങ്ങുന്നതാണ് റോമാക്കാരുടെ ലഗ്യോൻ. അതുകൊണ്ട് ഇയാളിൽ കുറെ ഭൂതങ്ങളുണ്ട്. ഇയാളുടെ ദുരവസ്ഥയിൽ ഈ ഭൂതങ്ങൾ ആഹ്ലാദിക്കുകയാണ്. “അഗാധത്തിലേക്കു പോകാൻ തങ്ങളോടു കല്പിക്കരുതെന്ന് ” അവർ യേശുവിനോട് അപേക്ഷിക്കുന്നു. തങ്ങളുടെയും തങ്ങളുടെ നേതാവായ സാത്താന്റെയും ഭാവി എന്താണെന്ന് സാധ്യതയനുസരിച്ച് അവർക്ക് അറിയാം.—ലൂക്കോസ് 8:31.
അടുത്തുതന്നെ ഒരു പന്നിക്കൂട്ടം മേയുന്നുണ്ട്, ഏതാണ്ട് 2,000 പന്നികൾ! ഇസ്രായേല്യർക്കു കൊടുത്ത നിയമമനുസരിച്ച് പന്നികൾ ശുദ്ധിയില്ലാത്ത ജീവികളാണ്. ജൂതന്മാർ അവയെ വളർത്തുകപോലും ചെയ്യരുത്. ഭൂതങ്ങൾ പറയുന്നു: “ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കണേ; ഞങ്ങൾ അവയിൽ പ്രവേശിച്ചുകൊള്ളാം.” (മർക്കോസ് 5:12) യേശു അവയോടു പോകാൻ പറയുന്നു. അവ പന്നികളിൽ പ്രവേശിക്കുന്നു. വിരണ്ട് ഓടിയ ആ 2,000 പന്നികളും ചെങ്കുത്തായ സ്ഥലത്തുനിന്ന് നേരെ കടലിലേക്കു ചാടുന്നു.
പന്നികളെ മേയ്ക്കുന്നവർ ഇതു കാണുമ്പോൾ ഓടിച്ചെന്ന് നഗരത്തിലും നാട്ടിൻപുറത്തും വിവരം അറിയിക്കുന്നു. അതോടെ, എന്താണു സംഭവിച്ചത് എന്ന് അറിയാൻ ആളുകൾ വരുകയായി. അവർ വരുമ്പോൾ, ഭൂതം ബാധിച്ചിരുന്ന ആ മനുഷ്യൻ സുബോധത്തോടെ ഇരിക്കുന്നതു കാണുന്നു. അയാൾ വസ്ത്രം ധരിച്ച് യേശുവിന്റെ കാൽക്കൽ ഇരിക്കുകയാണ്!
ഇതെക്കുറിച്ച് കേൾക്കുകയോ ആ മനുഷ്യനെ കാണുകയോ ചെയ്യുന്നവർക്കെല്ലാം പേടിയാകുന്നു. അടുത്തതായി യേശു എന്തായിരിക്കും ചെയ്യാൻപോകുന്നത് എന്നാണ് അവരുടെ ചിന്ത. അതുകൊണ്ട് ആ പ്രദേശം വിട്ട് പോകാൻ അവർ യേശുവിനെ നിർബന്ധിക്കുന്നു. യേശു അവിടെനിന്ന് പോകാൻ വള്ളത്തിൽ കയറുമ്പോൾ, മുമ്പ് ഭൂതം ബാധിച്ചിരുന്ന ആ മനുഷ്യൻ യേശുവിനോട് താനും വരട്ടേ എന്നു ചോദിക്കുന്നു. പക്ഷേ യേശു പറയുന്നു: “നീ നിന്റെ വീട്ടുകാരുടെ അടുത്തേക്കു പോയി യഹോവ നിനക്കു ചെയ്തുതന്ന കാര്യങ്ങളെപ്പറ്റിയും നിന്നോടു കാണിച്ച കരുണയെക്കുറിച്ചും പറയുക.”—മർക്കോസ് 5:19.
സാധാരണഗതിയിൽ ആരെയെങ്കിലും സുഖപ്പെടുത്തുമ്പോൾ, അതെക്കുറിച്ച് ആരോടും പറയരുത് എന്നാണു യേശു പറയാറ്. കാരണം ഇത്തരം വാർത്തകളുടെ അടിസ്ഥാനത്തിൽ ആളുകൾ തന്നെക്കുറിച്ച് ഓരോരോ നിഗമനങ്ങളിൽ എത്താൻ യേശു ആഗ്രഹിക്കുന്നില്ല. പക്ഷേ ഈ മനുഷ്യന്റെ കാര്യത്തിൽ, യേശുവിന്റെ അധികാരത്തിന്റെ ജീവിക്കുന്ന തെളിവാണ് അയാൾ. ഒരുപക്ഷേ യേശുവിനു നേരിട്ട് കാണാനും സംസാരിക്കാനും പറ്റാത്തവരോടുപോലും സാക്ഷി പറയാൻ അയാൾക്കു കഴിയും. മാത്രമല്ല പന്നികളെ നഷ്ടപ്പെട്ടതിനെക്കുറിച്ച് മോശമായ വാർത്ത പ്രചരിക്കുന്നതിന് തടയിടാനും ഒരുപക്ഷേ അയാളുടെ വാക്കുകൾക്കാകും. അതുകൊണ്ട് അയാൾ ദക്കപ്പൊലിയിലെങ്ങും പോയി യേശു തനിക്കുവേണ്ടി ചെയ്തതിനെക്കുറിച്ച് എല്ലാവരോടും പറയുന്നു.