അധ്യായം 52
അത്ഭുതകരമായി ആയിരങ്ങളെ പോഷിപ്പിക്കുന്നു
മത്തായി 14:13-21; മർക്കോസ് 6:30-44; ലൂക്കോസ് 9:10-17; യോഹന്നാൻ 6:1-13
യേശു 5,000 പുരുഷന്മാരെ പോഷിപ്പിക്കുന്നു
ആ 12 അപ്പോസ്തലന്മാരും ഗലീലയിലെ പ്രസംഗപര്യടനം നന്നായി ആസ്വദിച്ചു. അവർ ഇപ്പോൾ തങ്ങൾ “ചെയ്തതും പഠിപ്പിച്ചതും എല്ലാം” യേശുവിനോടു വിവരിക്കുകയാണ്. എല്ലാവർക്കും നല്ല ക്ഷീണമുണ്ട്. പക്ഷേ അവർക്ക് ആഹാരം കഴിക്കാൻപോലും സമയമില്ല. കാരണം ഒരുപാട് ആളുകൾ വന്നും പോയും ഇരിക്കുന്നു. അതുകൊണ്ട് യേശു പറയുന്നു: “വരൂ, നമുക്കു മാത്രമായി ഒറ്റപ്പെട്ട ഒരു സ്ഥലത്ത് പോയി അൽപ്പം വിശ്രമിക്കാം.”—മർക്കോസ് 6:30, 31.
ഒരുപക്ഷേ കഫർന്നഹൂമിന് അടുത്തുനിന്നായിരിക്കാം, അവർ ഒരു വള്ളത്തിൽ കയറുന്നു. എന്നിട്ട് യോർദാൻ നദിക്കു കിഴക്ക് ബേത്ത്സയിദയ്ക്ക് അപ്പുറത്തുള്ള ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്കു പോകുന്നു. പക്ഷേ ഇവർ പോകുന്നതു ചിലരെങ്കിലും കാണുന്നു; മറ്റുള്ളവരും അറിയുന്നു. അങ്ങനെ അവരെല്ലാംകൂടി തീരത്തുകൂടെ ഓടി വള്ളം കരയ്ക്ക് അടുക്കുമ്പോഴേക്ക് അവിടെ എത്തുന്നു.
വള്ളത്തിൽനിന്ന് ഇറങ്ങുന്ന യേശു കാണുന്നതു വലിയൊരു ജനക്കൂട്ടത്തെയാണ്. യേശുവിന് അവരോട് അലിവു തോന്നുന്നു. കാരണം അവർ ഇടയനില്ലാത്ത ആടുകളെപ്പോലെയാണ്. അതുകൊണ്ട് യേശു ദൈവരാജ്യത്തെക്കുറിച്ച് “അവരെ പലതും പഠിപ്പി”ക്കാൻ തുടങ്ങുന്നു. (മർക്കോസ് 6:34) കൂടാതെ “രോഗികളെയെല്ലാം സുഖപ്പെടുത്തുകയും” ചെയ്യുന്നു. (ലൂക്കോസ് 9:11) അങ്ങനെ കുറെ സമയം കടന്നുപോകുന്നു. അപ്പോൾ ശിഷ്യന്മാർ യേശുവിനോടു പറയുന്നു: “ഇതൊരു ഒറ്റപ്പെട്ട സ്ഥലമല്ലേ? നേരവും വൈകി. ജനത്തെ പറഞ്ഞയയ്ക്കൂ. അവർ അടുത്തുള്ള ഗ്രാമങ്ങളിൽ ചെന്ന് എന്തെങ്കിലും വാങ്ങി കഴിക്കട്ടെ.”—മത്തായി 14:15.
അപ്പോൾ യേശു പറയുന്നു: “അവർ പോകേണ്ട കാര്യമില്ല; നിങ്ങൾ അവർക്കു വല്ലതും കഴിക്കാൻ കൊടുക്ക്.” (മത്തായി 14:16) താൻ ചെയ്യാൻപോകുന്നത് എന്താണെന്ന് യേശുവിന് അറിയാം. എന്നിട്ടും ഫിലിപ്പോസിനെ പരീക്ഷിക്കാൻവേണ്ടി യേശു ചോദിക്കുന്നു: “ഇവർക്കെല്ലാം കഴിക്കാൻ നമ്മൾ എവിടെനിന്ന് അപ്പം വാങ്ങും?” ചോദിക്കാൻ പറ്റിയ ആൾ ഫിലിപ്പോസുതന്നെയാണ്. കാരണം, അദ്ദേഹത്തിന്റെ വീട് ബേത്ത്സയിദയ്ക്ക് അടുത്താണ്. പക്ഷേ അപ്പം വാങ്ങിക്കൊടുത്ത് പ്രശ്നം പരിഹരിക്കാമെന്നു കരുതേണ്ടാ. കാരണം അവിടെ പുരുഷന്മാർതന്നെ ഏതാണ്ട് 5,000 പേരുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണംകൂടെ എടുക്കുകയാണെങ്കിൽ 10,000-ത്തിനും മേൽ വന്നുകാണും! ഫിലിപ്പോസ് പറയുന്നു: “200 ദിനാറെക്ക് (ഒരാളുടെ ഒരു ദിവസത്തെ കൂലിയാണ് ഒരു ദിനാറെ.) അപ്പം വാങ്ങിയാൽപ്പോലും ഓരോരുത്തർക്കും അൽപ്പമെങ്കിലും കൊടുക്കാൻ തികയില്ല.”—യോഹന്നാൻ 6:5-7.
ഇത്രയധികം ആളുകളെ പോഷിപ്പിക്കുന്നത് ഏതാണ്ട് അസാധ്യമാണെന്നു കാണിക്കാൻ അന്ത്രയോസ് പറയുന്നു: “ഈ കുട്ടിയുടെ കൈയിൽ അഞ്ചു ബാർളിയപ്പവും രണ്ടു ചെറിയ മീനും ഉണ്ട്. എന്നാൽ ഇത്രയധികം പേർക്ക് ഇതുകൊണ്ട് എന്താകാനാണ്?”—യോഹന്നാൻ 6:9.
എ.ഡി. 32-ലെ പെസഹയ്ക്കു തൊട്ടുമുമ്പുള്ള വസന്തകാലമാണ് ഇത്. മലഞ്ചെരുവിലെല്ലാം പച്ചപ്പട്ട് വിരിച്ചതുപോലെ കാണാം. ആളുകളെ 50 പേരുടെയും 100 പേരുടെയും കൂട്ടങ്ങളായി പുൽപ്പുറത്ത് ഇരുത്താൻ യേശു ശിഷ്യന്മാരോടു പറയുന്നു. എന്നിട്ട് യേശു ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്ത് ദൈവത്തോടു നന്ദി പറഞ്ഞശേഷം അവ മുറിച്ച് കഷണങ്ങളാക്കുന്നു. ഇതു ശിഷ്യന്മാരെ ഏൽപ്പിച്ചിട്ട് ആളുകൾക്കു കൊടുക്കാൻ പറയുന്നു. അത്ഭുതകരമെന്നു പറയട്ടെ, എല്ലാവർക്കും വേണ്ടുവോളം കഴിക്കാൻ കിട്ടുന്നു!
പിന്നീട് യേശു ശിഷ്യന്മാരോടു പറയുന്നു: “മിച്ചമുള്ള കഷണങ്ങളെല്ലാം എടുക്കുക. ഒന്നും കളയരുത്.” (യോഹന്നാൻ 6:12) ബാക്കിവന്ന കഷണങ്ങൾ 12 കൊട്ട നിറയാൻ മാത്രം ഉണ്ടായിരുന്നു!