പ്രായമുള്ള മാതാപിതാക്കളോടു ദൈവികഭക്തി ആചരിക്കൽ
“ആദ്യമായി തങ്ങളുടെ സ്വന്തം കുടുംബത്തിൽ ദൈവികഭക്തി ആചരിക്കാനും തങ്ങളുടെ മാതാപിതാക്കൾക്കും വല്യമ്മ വല്യപ്പൻമാർക്കും തക്ക പ്രതിഫലം കൊടുത്തുകൊണ്ടിരിക്കാനും [മക്കളോ മരുമക്കളോ] പഠിക്കട്ടെ, എന്തുകൊണ്ടെന്നാൽ ഇതു ദൈവദൃഷ്ടിയിൽ സ്വീകാര്യമാണ്.”—1 തിമൊഥെയോസ് 5:4.
1, 2. (എ) വൃദ്ധ മാതാപിതാക്കളുടെ സംരക്ഷണത്തിന് ബൈബിൾ ആരെ ഉത്തരവാദികളാക്കുന്നു? (ബി) ഒരു ക്രിസ്ത്യാനി തന്റെ കടമയെ അവഗണിക്കുന്നത് ഒരു ഗൗരവമുള്ള സംഗതിയായിരിക്കുന്നതെന്തുകൊണ്ട്?
ഒരു കുട്ടി ആയിരുന്നപ്പോൾ നിങ്ങൾ അവരാൽ പോററിപ്പുലർത്തപ്പെട്ടു. ഒരു മുതിർന്നയാളായപ്പോൾ നിങ്ങൾ അവരുടെ ബുദ്ധിയുപദേശവും പിന്തുണയും തേടി. എന്നാൽ ഇപ്പോൾ അവർ വൃദ്ധരായിത്തീർന്നിരിക്കുന്നു, അവരെ പോററാൻ ആരെങ്കിലും വേണം. അപ്പോസ്തലനായ പൗലോസ് പറയുന്നു: “എന്നാൽ ഏതെങ്കിലും വിധവക്ക് മക്കളോ മരുമക്കളോ ഉണ്ടെങ്കിൽ, ആദ്യമായി തങ്ങളുടെ സ്വന്തം കുടുംബത്തിൽ ദൈവികഭക്തി ആചരിക്കാനും തങ്ങളുടെ മാതാപിതാക്കൾക്കും വല്യമ്മ വല്യപ്പൻമാർക്കും തക്ക പ്രതിഫലം കൊടുത്തുകൊണ്ടിരിക്കാനും അവർ പഠിക്കട്ടെ, എന്തുകൊണ്ടെന്നാൽ ഇതു ദൈവദൃഷ്ടിയിൽ സ്വീകാര്യമാകുന്നു. തീർച്ചയായും ഒരുവൻ സ്വന്തക്കാർക്കുവേണ്ടി, വിശേഷാൽ സ്വന്ത കുടുംബാംഗങ്ങൾക്കുവേണ്ടി കരുതുന്നില്ലെങ്കിൽ അയാൾ വിശ്വാസം തള്ളിക്കളഞ്ഞ് വിശ്വാസമില്ലാത്ത ഒരാളെക്കാൾ മോശമായിരിക്കുന്നു.”—1 തിമൊഥെയോസ് 5:4, 8.
2 ഇന്ന് ആയിരക്കണക്കിന് യഹോവയുടെ സാക്ഷികൾ വൃദ്ധ മാതാപിതാക്കളെ സംരക്ഷിക്കുന്നു. കേവലം “ദയ”യിൽനിന്നോ (ദ ലിവിംഗ് ബൈബിൾ) “കടമ”യായിട്ടോ (യെരൂശലേം ബൈബിൾ) അല്ല, പിന്നെയോ ദൈവികഭക്തിയിൽനിന്ന് അതായത് ദൈവത്തോടുള്ള ബഹുമാനത്തിൽ നിന്ന് ഇതു ചെയ്യുന്നു. തങ്ങളുടെ മാതാപിതാക്കളെ ഞെരുക്കകാലത്ത് ഉപേക്ഷിക്കുന്നത് ‘[ക്രിസ്തീയ] വിശ്വാസത്തെ തള്ളിക്കളയുന്ന’തിന് സമാനമാണെന്ന് അവർ തിരിച്ചറിയുന്നു.—തീത്തോസ് 1:16 താരതമ്യപ്പെടുത്തുക.
നിങ്ങളുടെ സംരക്ഷക ‘ചുമട് വഹിക്കുക’
3. ഒരുവന്റെ മാതാപിതാക്കളുടെ സംരക്ഷണം ഒരു യഥാർത്ഥ വെല്ലുവിളിയായിരിക്കാവുന്നതെങ്ങനെ?
3 വിശേഷിച്ചു പാശ്ചാത്യ രാജ്യങ്ങളിൽ പ്രായമുള്ള മാതാപിതാക്കളുടെ സംരക്ഷണം ഒരു യഥാർത്ഥ വെല്ലുവിളിയായിത്തീർന്നിരിക്കുന്നു. കുടുംബങ്ങൾ പലപ്പോഴും ശിഥിലമാണ്. വിലകൾ അനിയന്ത്രിതമായി ഉയർന്നിരിക്കുന്നു. വീട്ടമ്മമാർക്കു മിക്കപ്പോഴും ലൗകികജോലികളുണ്ട്. പ്രായം ചെന്നുകൊണ്ടിരിക്കുന്ന ഒരു പിതാവിനെയോ മാതാവിനെയോ പരിപാലിക്കുന്നത് അങ്ങനെ വമ്പിച്ച ഒരു കർത്തവ്യമായിരിക്കാൻ കഴിയും, വിശേഷിച്ച് ശുശ്രൂഷിക്കുന്ന ആൾതന്നെ മേലാൽ ചെറുപ്പമല്ലാത്തപ്പോൾ. “ഇപ്പോൾ ഞങ്ങൾ ഞങ്ങളുടെ 50-കളിലാണ്, സഹായമാവശ്യമുള്ള മക്കളും മരുമക്കളും ഞങ്ങൾക്കുണ്ട്” എന്ന് തന്റെ പിതാവിനെ പരിപാലിക്കാൻ പോരാട്ടം കഴിച്ചുകൊണ്ടിരിക്കുന്ന ഒരു സഹോദരി പറയുന്നു.
4, 5. (എ) സംരക്ഷണഭാരം മിക്കപ്പോഴും ആരുമായി പങ്കുവെക്കാൻ കഴിയുമെന്ന് ബൈബിൾ സൂചിപ്പിക്കുന്നു? (ബി) യേശുവിന്റെ നാളിൽ ചിലർ തങ്ങളുടെ മാതാപിതാക്കളോടുള്ള ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞതെങ്ങനെ?
4 ഉത്തരവാദിത്തത്തിൽ “മക്കൾക്കോ മരുമക്കൾക്കോ” പങ്കുചേരാമെന്ന് പൗലോസ് സൂചിപ്പിച്ചു. (1 തിമൊഥെയോസ് 5:4) ചിലപ്പോൾ, സന്തതികൾ പരിപാലനത്തിലെ ‘തങ്ങളുടെ ചുമടുവഹിക്കാൻ’ മനസ്സില്ലാത്തവരാണ്. (ഗലാത്യർ 6:5 താരതമ്യപ്പെടുത്തുക.) “എന്റെ മൂത്ത സഹോദരി സാഹചര്യത്തിൽനിന്ന് കൈ കഴുകിമാറി” എന്ന് ഒരു മൂപ്പൻ പരാതി പറയുന്നു. എന്നാൽ അങ്ങനെയുള്ള ഒരു ഗതി യഹോവക്കു പ്രസാദമായിരിക്കുമോ? ഒരിക്കൽ യേശു പരീശൻമാരോടു പറഞ്ഞത് ഓർക്കുക: “‘നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക’ എന്ന് മോശെ പറഞ്ഞു . . . എന്നാൽ’” എന്നിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം കിട്ടേണ്ടതായി എനിക്കുള്ള എന്തും കൊർബ്ബാൻ (അതായത് ദൈവത്തിനു നേർന്നിരിക്കുന്ന വഴിപാട്) ആകുന്നു” എന്ന് ഒരു പുരുഷൻ തന്റെ അപ്പനോടോ അമ്മയോടോ പറയുന്നുവെങ്കിൽ നിങ്ങൾ പറയുകയാണ്’—അയാൾ തന്റെ അപ്പനോ അമ്മക്കോ വേണ്ടി യാതൊന്നും ചെയ്യാൻ നിങ്ങൾ മേലാൽ അനുവദിക്കുന്നില്ല, അങ്ങനെ നിങ്ങൾ നിങ്ങളുടെ പാരമ്പര്യത്താൽ ദൈവവചനത്തെ അസാധുവാക്കുന്നു.”—മർക്കോസ് 7:10-13.
5 ഒരു യഹൂദൻ തന്റെ ദരിദ്ര മാതാപിതാക്കളെ സഹായിക്കാൻ കൂട്ടാക്കിയില്ലെങ്കിൽ, അയാൾ തന്റെ വകകളെ “കൊർബ്ബാൻ”—ആലയ ഉപയോഗത്തിന് മാററി വെച്ച ഒരു വഴിപാട്—ആയി പ്രഖ്യാപിക്കുക മാത്രം ചെയ്താൽ മതിയായിരുന്നു. (ലേവ്യാപുസ്തകം 27:1-24 താരതമ്യപ്പെടുത്തുക.) എന്നിരുന്നാലും, ഈ സങ്കൽപ്പിത വഴിപാട് വിട്ടുകൊടുക്കാൻ ഉടനെ അയാളുടെ മേൽ നിർബ്ബന്ധമില്ലായിരുന്നുവെന്ന് പ്രകടമാണ്. അങ്ങനെ അയാൾക്ക് തന്റെ വകകൾ, അനിശ്ചിതകാലം കൈവശം വെക്കാനും (നിസ്സംശയമായി ഉപയോഗിക്കാനും) കഴിയുമായിരുന്നു. എന്നാൽ അയാളുടെ മാതാപിതാക്കൾക്ക് സാമ്പത്തിക സഹായം ആവശ്യമായിവന്നാൽ, തനിക്കുള്ളതെല്ലാം “കൊർബ്ബാൻ” ആയി ഭക്തിപൂർവ്വം പ്രഖ്യാപിക്കുന്നതിനാൽ അയാൾക്ക് തന്റെ കർത്തവ്യത്തിൽനിന്ന് ഒഴിഞ്ഞു മാറാൻ കഴിയുമായിരുന്നു. യേശു ഈ വഞ്ചനയെ കുററംവിധിച്ചു.
6. മാതാപിതാക്കളോടുള്ള തങ്ങളുടെ കടമയിൽനിന്ന് ഒഴിഞ്ഞുമാറാൻ ഇക്കാലത്ത് ചിലരെ എന്തു പ്രേരിപ്പിച്ചേക്കാം? ഇതു ദൈവത്തിനു പ്രസാദമാണോ?
6 തന്റെ കടമയെ ഒഴിവാക്കാൻ വ്യർത്ഥമായ ഒഴികഴിവുകളെ ഉപയോഗിക്കുന്ന ഒരു ക്രിസ്ത്യാനി അങ്ങനെ ദൈവത്തെ വിഡ്ഢിയാക്കുന്നില്ല. (യിരെമ്യാവ് 17:9, 10) സാമ്പത്തിക പ്രശ്നങ്ങളും, ക്ഷയിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യവും സമാന സാഹചര്യങ്ങളും ഒരുവനു തന്റെ മാതാപിതാക്കൾക്കുവേണ്ടി ചെയ്യാൻ കഴിയുന്നതിന്റെ അളവിനെ അതിയായി പരിമിതപ്പെടുത്തിയേക്കാം. എന്നിരുന്നാലും, ചിലർ തങ്ങളുടെ മാതാപിതാക്കളുടെ ക്ഷേമത്തെക്കാളുപരിയായി കേവലം സ്വത്തുക്കളെയും സമയത്തെയും സ്വകാര്യതയേയും വിലയിരുത്തിയേക്കാം. എന്നിരുന്നാലും, ദൈവവചനം പ്രസംഗിക്കുന്നതും മാതാപിതാക്കളോടുള്ള നമ്മുടെ നിഷ്ക്രിയത്വത്താൽ അതിനെ “അസാധു” വാക്കുന്നതും എത്ര കാപട്യമായിരിക്കും!
കുടുംബ സഹകരണം
7. ഒരു വൃദ്ധപിതാവിനോ മാതാവിനോ പരിചരണം കൊടുക്കുന്നതിൽ കുടുംബങ്ങൾക്ക് എങ്ങനെ സഹകരിക്കാൻ കഴിയും?
7 വൃദ്ധ മാതാപിതാക്കൾ ഉൾപ്പെടുന്ന ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ ഒരു കുടുംബയോഗം വിളിച്ചുകൂട്ടാൻ ചില വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. ഉത്തരവാദിത്തതിൽ അധികപങ്കും ഒരു കുടുംബാംഗം വഹിക്കേണ്ടതുണ്ടായിരിക്കാം. എന്നാൽ ശാന്തമായും വസ്തുനിഷ്ഠമായും “രഹസ്യസംസാര”ത്തിൽ ഏർപ്പെടുന്നതിനാൽ മിക്കപ്പോഴും കുടുംബങ്ങൾക്ക് ജോലി ഭാരത്തിൽ പങ്കുപററാൻ വഴികൾ കണ്ടെത്താൻ കഴിയും. (സദൃശവാക്യങ്ങൾ 15:22) ദൂരെ താമസിക്കുന്ന ചിലർക്ക് സാമ്പത്തിക സഹായം നൽകാനും കാലാകാലങ്ങളിൽ സന്ദർശനം നടത്താനും കഴിഞ്ഞേക്കും. മററു ചിലർക്ക് വീട്ടുജോലികൾ ചെയ്തുകൊടുക്കാനോ വാഹനസൗകര്യം ഏർപ്പെടുത്താനോ കഴിഞ്ഞേക്കാം. എന്തിന്, കേവലം ക്രമമായി മാതാപിതാക്കളെ സന്ദർശിക്കാൻ സമ്മതിക്കുന്നതുതന്നെ വിലയേറിയ ഒരു സംഭാവനയായിരിക്കാം. 80-കളിലുള്ള സഹോദരി അവളുടെ മക്കളാലുള്ള സന്ദർശനങ്ങളെക്കുറിച്ച് “അത് ഒരു റേറാണിക്ക് പോലെയാണെ”ന്നു പറയുന്നു.
8. (എ) മുഴുസമയസേവനമനുഷ്ഠിക്കുന്ന കുടുംബാംഗങ്ങൾ തങ്ങളുടെ മാതാപിതാക്കളുടെ സംരക്ഷണത്തിൽ പങ്കുചേരുന്നതിൽ നിന്ന് ഒഴിവുള്ളവരാണോ? (ബി) മുഴുസമയസേവനത്തിലുള്ള ചിലർ മാതാപിതാക്കളോടുള്ള കടപ്പാടു നിറവേററാൻ എത്രത്തോളം ശ്രമിച്ചിരിക്കുന്നു?
8 എന്നാൽ ഒരു കുടുംബാംഗം മുഴുസമയ സേവനത്തിലേർപ്പെട്ടിരിക്കുമ്പോൾ കുടുംബങ്ങൾ ഒരു വിഷമകരമായ പ്രശ്നത്തെയാണ് അഭിമുഖീകരിക്കുന്നത്. മുഴു സമയശുശ്രൂഷകർ അങ്ങനെയുള്ള കടപ്പാടുകളിൽ നിന്ന് ഒഴികഴിവു പറഞ്ഞു മാറുന്നില്ല. ചിലർ തങ്ങളുടെ മാതാപിതാക്കളുടെ പരിപാലനത്തിനായി അസാധാരണശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഒരു സർക്കിട്ട് മേൽവിചാരകൻ പറയുന്നു: “വിശേഷാൽ മുഴു സമയസേവനത്തിന്റെ ആവശ്യങ്ങൾ നിറവേററാൻ ശ്രമിക്കുമ്പോൾതന്നെ ഞങ്ങളുടെ മാതാപിതാക്കളുടെ പരിപാലനം നിർവ്വഹിക്കുന്നത് ശാരീരികമായും വൈകാരികമായും എത്ര ക്ഷീണിപ്പിക്കുതായിരിക്കാമെന്ന് ഞങ്ങൾ ഒരിക്കലും ചിന്തിച്ചിരുന്നില്ല. തീർച്ചയായും, ഞങ്ങൾ ഞങ്ങളുടെ സഹിഷ്ണുതയുടെ പരിധിയിലെത്തി, ‘സാധാരണയിൽ കവിഞ്ഞ ശക്തി’യുടെ ആവശ്യം തോന്നുകയും ചെയ്തു.” (2 കൊരിന്ത്യർ 4:7) യഹോവ അങ്ങനെയുള്ളവരെ നിലനിർത്തുന്നതിൽ തുടരട്ടെ.
9. മാതാപിതാക്കളെ സംരക്ഷിക്കാൻ മുഴുസമയസേവനം നിർത്തുകയല്ലാതെ ഗത്യന്തരമില്ലാഞ്ഞവർക്ക് എന്തു പ്രോത്സാഹനം കൊടുക്കാൻ കഴിയും?
9 ചില സമയങ്ങളിൽ, സകല സാദ്ധ്യതകളും ആരാഞ്ഞശേഷം, ഒരു കുടുംബാംഗത്തിന് മുഴു സമയസേവനം വിടുകയല്ലാതെ ഗത്യന്തരമില്ലാതെ വരുന്നു. അങ്ങനെയുള്ള ഒരാൾക്ക് തന്റെ സേവന പദവികൾ വച്ചൊഴിയുന്നതു സംബന്ധിച്ച് സമ്മിശ്രവിചാരങ്ങൾ ഉണ്ടായിരിക്കാം. ‘രോഗിയായ എന്റെ വൃദ്ധ മാതാവിനെ പരിപാലിക്കുകയെന്നത് നമ്മുടെ ക്രിസ്തീയ ഉത്തരവാദിത്തമാണെന്ന് ഞങ്ങൾക്കറിയാം’ എന്ന് ഒരു മുൻ മിഷനറി പറയുന്നു. ‘എന്നാൽ ചിലപ്പോൾ അത് അസാധാരണമായി തോന്നുന്നു.’ എന്നിരുന്നാലും, ‘ഭവനത്തിൽ ദൈവികഭക്തി ആചരിക്കുന്നത് ദൈവദൃഷ്ടിയിൽ സ്വീകാര്യമാണ്’ എന്നോർക്കുക. (1 തിമൊഥെയോസ് 5:4) “വിശുദ്ധൻമാരെ ശുശ്രൂഷിച്ചിട്ടുള്ളതിലും തുടർന്നു ശുശ്രൂഷിക്കുന്നതിലും നിങ്ങളുടെ വേലയും അവന്റെ നാമത്തോടു നിങ്ങൾ കാണിച്ച സ്നേഹവും മറക്കാൻ തക്കവണ്ണം ദൈവം നീതികെട്ടവനല്ല” എന്നും ഓർക്കുക. (എബ്രായർ 6:10) അനേകം വർഷത്തെ മുഴു സമയസേവനത്തിൽനിന്ന് വിരമിച്ച ഒരു ദമ്പതികൾ പറയുന്നു: ഞങ്ങൾ മുഴുസമയശുശ്രൂഷയിൽ ആയിരിക്കേണ്ടതു പ്രധാനമായിരുന്നതുപോലെ ഇപ്പോൾ ഞങ്ങളുടെ സ്വന്തക്കാരെ പരിപാലിക്കേണ്ടത് പ്രധാനമാണ്, ആ വിധത്തിലാണ് ഞങ്ങൾ അതിനെ വീക്ഷിക്കുന്നത്.”
10. (എ) ചിലർ അകാലത്ത് മുഴുസമയസേവനം നിർത്തിയിരിക്കാവുന്നതെന്തുകൊണ്ട്? (ബി) കുടുംബങ്ങൾ മുഴു സമയസേവനത്തെ വീക്ഷിക്കേണ്ടതെങ്ങനെ?
10 ഒരുപക്ഷേ, തങ്ങളുടെ ബന്ധുക്കൾ ‘നിങ്ങൾ ജോലികളാലും കുടുംബങ്ങളാലും ബന്ധിതരല്ല, നിങ്ങൾക്ക് ഡാഡിയെയും മമ്മിയെയും നോക്കരുതോ?’ എന്ന് ന്യായവാദം ചെയ്തതുകൊണ്ട് ചിലർ അകാലത്തിൽ മുഴുസമയസേവനം വിട്ടുപോയിട്ടുണ്ട്. എന്നിരുന്നാലും, പ്രസംഗവേലയല്ലേ ഇന്നു ചെയ്യപ്പെടുന്ന ഏററവും അടിയന്തിരമായ വേല? (മത്തായി 24:14; 28:19, 20) അങ്ങനെ, മുഴുസമയസേവനത്തിലുള്ളവർ മർമ്മപ്രധാനമായ ഒരു വേലയാണു ചെയ്യുന്നത്. (1 തിമൊഥെയോസ് 4:16) ചില സാഹചര്യങ്ങളിൽ ദൈവസേവനത്തിന് കുടുംബകാര്യങ്ങളെ അപേക്ഷിച്ച് മുൻഗണനയുണ്ടായിരിക്കാമെന്ന് യേശുവും സൂചിപ്പിച്ചു.
11, 12. (എ) “മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ” എന്ന് യേശു ഒരു മനുഷ്യനെ ബുദ്ധിയുപദേശിച്ചതെന്തുകൊണ്ട്? (ബി) ഒരു അംഗം മുഴു സമയസേവനത്തിലായിരിക്കുമ്പോൾ ചില കുടുംബങ്ങൾ എന്തു ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്?
11 ദൃഷ്ടാന്തമായി, “ആദ്യം പോയി എന്റെ അപ്പനെ കുഴിച്ചിടാൻ അനുവദിച്ചാലും” എന്നു പറഞ്ഞുകൊണ്ട് ഒരു മനുഷ്യൻ യേശുവിന്റെ അനുഗാമിയാകാനുള്ള ക്ഷണം നിരസിച്ചപ്പോൾ” [ആത്മീയമായി] മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ, എന്നാൽ നീ പോയി എല്ലായിടത്തും ദൈവരാജ്യം ഘോഷിക്കുക” എന്ന് യേശു മറുപടി പറഞ്ഞു. (ലൂക്കോസ് 9:59, 60) യഹൂദൻമാർ മരിച്ചവരെ മരണദിവസത്തിൽതന്നെ കുഴിച്ചിടുന്നതുകൊണ്ട്, ആ മമനുഷ്യന്റെ പിതാവ് യഥാർത്ഥത്തിൽ മരിച്ചിരിക്കാനിടയില്ല. ആ മനുഷ്യൻ തന്റെ രോഗിയായ പിതാവിന്റെ മരണം വരെ പിതാവിനോടുകൂടെ കഴിയാൻ ആഗ്രഹിച്ചിരിക്കാൻ സാദ്ധ്യതയുണ്ട്. എന്നിരുന്നാലും, ഈ ആവശ്യം സാധിക്കാൻ സ്പഷ്ടമായി മററു ബന്ധുക്കൾ ഉണ്ടായിരുന്നതുകൊണ്ട് “എല്ലായിടത്തും ദൈവരാജ്യം ഘോഷിക്കാൻ” യേശു ആ മനുഷ്യനെ പ്രോത്സാഹിപ്പിച്ചു.
12 അങ്ങനെതന്നെ എല്ലാ അംഗങ്ങളും സഹകരിക്കുമ്പോൾ, മുഴു സമയസേവനത്തിലുള്ള ഒരാൾക്ക്, മുഴുസമയസേവനം വിടാതെതന്നെ മാതാപിതാക്കളുടെ പരിപാലനത്തിൽ പങ്കെടുക്കുന്നതിന് മിക്കപ്പോഴും ക്രമീകരണം ചെയ്യാൻ കഴിയുമെന്ന് ചില കുടുംബങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ദൃഷ്ടാന്തമായി, ചില മുഴുസമയ ശുശ്രൂഷകർ വാരാന്ത്യങ്ങളിലോ അവധിക്കാലങ്ങളിലോ തങ്ങളുടെ മാതാപിതാക്കളെ സഹായിക്കുന്നു. പ്രായമുള്ള കുറേ മാതാപിതാക്കൾ തങ്ങളുടെ ഭാഗത്ത് ഗണ്യമായ ആത്മത്യാഗത്തോടെ തങ്ങളുടെ മക്കൾ മുഴുസമയസേവനത്തിൽ നിലനിൽക്കാൻ നിർബ്ബന്ധിച്ചിട്ടുണ്ടെന്നുള്ളത് കൗതുകകരമാണ്. രാജ്യതൽപ്പര്യങ്ങളെ ഒന്നാമതു വെക്കുന്നവരെ യഹോവ സമൃദ്ധമായി അനുഗ്രഹിക്കുന്നു.—മത്തായി 6:33.
മാതാപിതാക്കൾ വീട്ടിലേക്ക് വരുമ്പോൾ “ജ്ഞാനവും” “വിവേചനയും”
13. മാതാപിതാക്കൾ തങ്ങളുടെ മക്കളോടുകൂടെ പാർക്കാൻ ക്ഷണിക്കപ്പെടുമ്പോൾ ഏതു പ്രശ്നങ്ങൾ വികാസം പ്രാപിച്ചേക്കാം?
13 തന്റെ വിധവയായ മാതാവ് തന്റെ വിശ്വാസികളായ ബന്ധുക്കളോടുകൂടെ താമസിക്കാൻ യേശു ഏർപ്പാടു ചെയ്തു. (യോഹന്നാൻ 19:25-27) അനേകം സാക്ഷികൾ തങ്ങളുടെ വീട്ടിൽവന്നു പാർക്കാൻ തങ്ങളുടെ മാതാപിതാക്കളെ അതുപോലെ ക്ഷണിച്ചിട്ടുണ്ട്—അവർ തൽഫലമായി അനേകം സന്തോഷപ്രദമായ സമയങ്ങളും അനുഗ്രഹങ്ങളും അനുഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും, പൊരുത്തപ്പെടാത്ത ജീവിതരീതികൾ, പരിമിതമായ സ്വകാര്യത, അനുദിന ശുശ്രൂഷയുടെ സമ്മർദ്ദം എന്നിവ മിക്കപ്പോഴും മാതാപിതാക്കളെ വീട്ടിൽ കൊണ്ടുവരുന്നത് ബന്ധപ്പെട്ട എല്ലാവർക്കും മടുപ്പുളവാക്കുന്നു. “അമ്മയുടെ ശുശ്രൂഷ എന്നെ കൂടുതൽ പിരിമുറുക്കമുള്ളവളാക്കി”യെന്ന് ആൻ പറയുന്നു, അവളുടെ അമ്മായിയമ്മയ്ക്ക് ആൽസീമേഴ്സ് രോഗമാണ്. “ചിലപ്പോൾ എന്റെ ക്ഷമപോലും നഷ്ടപ്പെട്ട് മമ്മിയോട് ഞാൻ ദയയില്ലാതെ സംസാരിക്കുന്നു—അത് എന്നെ വളരെ കുററബോധമുള്ളവളാക്കുന്നു.”
14, 15. ഈ സാഹചര്യങ്ങളിൽ “ജ്ഞാന”ത്തിനും “വിവേചന”യ്ക്കും ഒരു കുടുംബത്തെ ‘കെട്ടുപണി’ ചെയ്യാൻ എങ്ങനെ സഹായിക്കാൻ കഴിയും?
14 “ജ്ഞാനത്താൽ ഒരു ഭവനം പണിയപ്പെടും, വിവേചനയാൽ അത് ദൃഢമായി സ്ഥാപിതമെന്നു തെളിയും” എന്ന് ശലോമോൻ പറയുകയുണ്ടായി. (സദൃശവാക്യങ്ങൾ 24:3) ദൃഷ്ടാന്തമായി, ആൻ തന്റെ അമ്മായിയമ്മയുടെ പ്രശ്നത്തെക്കുറിച്ച് കൂടുതൽ ഗ്രാഹ്യം നേടാൻ ശ്രമിച്ചു. “അമ്മക്ക് ഒരു രോഗമുണ്ടെന്നും ഉദ്ദേശ്യപൂർവ്വം നടിക്കുന്നതല്ലെന്നും ഞാൻ മനസ്സിൽ പിടിക്കുന്നു.” എന്നാലും, “നമുക്കെല്ലാം അനേകം പ്രാവശ്യം പ്രമാദം പററുന്നു, ഒരുവന് വാക്കിൽ പ്രമാദം പററുന്നില്ലെങ്കിൽ, അവൻ ഒരു പൂർണ്ണമനുഷ്യനാകുന്നു.” (യാക്കോബ് 3:2) എന്നാൽ ഭിന്നതകൾ ഉണ്ടാകുമ്പോൾ നീരസം വളരാനോ കോപം ജ്വലിക്കാനോ അനുവദിക്കരുത്. (എഫേസ്യർ 4:31, 32) ഒരു കുടുംബമെന്നനിലയിൽ കാര്യങ്ങൾ സംസാരിച്ചുതീർക്കുകയും വിട്ടുവീഴ്ചകളോ പൊരുത്തപ്പെടുത്തലുകളോ വരുത്താൻ മാർഗ്ഗങ്ങൾ ആരായുകയും ചെയ്യുക.
15 ഫലപ്രദമായി ആശയവിനിയമം ചെയ്യാൻ വിവേചനയും ഒരുവനെ സഹായിക്കുന്നു. (സദൃശവാക്യങ്ങൾ 20:5) ഒരുപക്ഷേ, പിതാവിനോ മാതാവിനോ പുതിയ വീട്ടിലെ ദിനചര്യയോടു പൊരുത്തപ്പെടാൻ പ്രയാസമുണ്ടായിരിക്കാം. അല്ലെങ്കിൽ, തെററായ വിവേചനയാൽ പിതാവ് നിസ്സഹകരിക്കാൻ പ്രവണത കാട്ടുന്നു. ചില സാഹചര്യങ്ങളിൽ തികച്ചും ദൃഢമായി സംസാരിക്കുകയല്ലാതെ ഗത്യന്തരമില്ലായിരിക്കാം. (ഉല്പത്തി 43:6-11 താരതമ്യപ്പെടുത്തുക.) “പാടില്ലെന്നു പറയുന്നില്ലെങ്കിൽ, അമ്മ തന്റെ പണം മുഴുവൻ ചെലവാക്കും” എന്ന് ഒരു സഹോദരി പറയുന്നു. എന്നാൽ തനിക്ക് തന്നോടുള്ള തന്റെ അമ്മയുടെ പ്രിയത്തെ പ്രയോജനപ്പെടുത്താമെന്ന് ചില സമയങ്ങളിൽ ഒരു മൂപ്പൻ കണ്ടെത്തുന്നു. “പലപ്പോഴും ന്യായവാദം പരാജയപ്പെടുമ്പോൾ ‘അമ്മേ, ദയവായി എനിക്കുവേണ്ടി ഇതു ചെയ്യുമോ’ എന്നു മാത്രം ഞാൻ പറയുന്നു, അമ്മ കേൾക്കുന്നു.”
16. ഒരു സ്നേഹവാനായ ഭർത്താവ് തന്റെ ഭാര്യയോട് “വിവേചന” പ്രകടമാക്കേണ്ടതെന്തുകൊണ്ട്? അയാൾക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും?
16 സംരക്ഷണ ഭാരത്തിലധികവും വഹിക്കുന്നതു ഭാര്യയാകയാൽ വിവേചനയുള്ള ഒരു ഭർത്താവ് അവൾ വൈകാരികമായും ശാരീരികമായും ആത്മീയമായും ക്ഷീണിതയാകാതെ സൂക്ഷിക്കും. സദൃശവാക്യങ്ങൾ 24:10 പറയുന്നു: “അരിഷ്ടനാളിൽ നീ നിരുത്സാഹിതനെന്നു പ്രകടമാക്കിയിരിക്കുന്നുവോ? നിന്റെ ശക്തി തുച്ഛമായിരിക്കും.” തന്റെ ഭാര്യയുടെ ഉത്സാഹത്തെ പുതുക്കാൻ ഒരു ഭർത്താവിന് എന്തു ചെയ്യാൻ കഴിയും? “എന്റെ ഭർത്താവു വീട്ടിൽവന്നാലുടനെ എന്നെ ചുററിപ്പിടിക്കുകയും താൻ എന്നെ എത്ര വിലമതിക്കുന്നുവെന്ന് എന്നോടു പറയുകയും ചെയ്യും. അദ്ദേഹത്തെ കൂടാതെ എനിക്ക് ഇതു സാധിക്കുമായിരുന്നില്ല!” (എഫേസ്യർ 5:25, 28, 29) അയാൾക്ക് തന്റെ ഇണയോടൊത്ത് ബൈബിൾ പഠിക്കാനും ക്രമമായി അവളോടൊത്തു പ്രാർത്ഥിക്കാനും കഴിയും. അതെ, ഈ പ്രയാസ സാഹചര്യങ്ങളിൽപോലും ഒരു കുടുംബത്തിന് “കെട്ടുപണി” ചെയ്യപ്പെടാൻ കഴിയും.
നഴ്സിംഗ് ഹോം പരിചരണം
17, 18. (എ) ചില കുടുംബങ്ങൾ എന്തു നടപടി സ്വീകരിക്കാൻ നിർബ്ബന്ധിതരായി? (ബി) അങ്ങനെയുള്ള കേസുകളിൽ, പ്രായപൂർത്തിയായ മക്കൾക്ക് പൊരുത്തപ്പെടാൻ തങ്ങളുടെ മാതാപിതാക്കളെ എങ്ങനെ സഹായിക്കാൻ കഴിയും?
17 ഒരു വാർദ്ധക്യരോഗ വിദഗ്ദ്ധൻ പറയുന്നു: “ഒരു കുടുംബത്തിന് [മാതാപിതാക്കളെ] വീട്ടിൽ പരിചരിക്കാനുള്ള വൈദഗ്ദ്ധ്യമോ പണമോ ഇല്ലാത്ത ഒരു ഘട്ടം വരുന്നു.” ഒരു ഭർത്താവു പറയുന്നപ്രകാരം “ദിവസത്തിന്റെ 24 മണിക്കൂറും അമ്മയെ പരിരക്ഷിച്ച് എന്റെ ഭാര്യയുടെ ആരോഗ്യം തകർന്ന ഒരു ഘട്ടത്തിലെത്തി. അമ്മയെ ഒരു നഴ്സിംഗ് ഹോമിലാക്കാതെ ഗത്യന്തരമില്ലെന്നുവന്നു. എന്നാൽ ഇത് ചെയ്തത് ഞങ്ങൾക്ക് മർമ്മഭേദകമായിരുന്നു.”
18 ഈ സാഹചര്യങ്ങളിൽ ലഭ്യമായ ഏററവും നല്ല പരിചരണം നഴ്സിംഗ് ഹോം പരിചരണമായിരിക്കാം. എന്നിരുന്നാലും, അങ്ങനെയുള്ള സ്ഥലങ്ങളിലാക്കപ്പെടുന്ന പ്രായമുള്ളവർ മിക്കപ്പോഴും അന്ധാളിക്കുകയും സംഭ്രാന്തരാകയും തങ്ങൾ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നു വിചാരിക്കുകയും ചെയ്യുന്നു. “ഞങ്ങൾ ഇതു ചെയ്യേണ്ടിവന്നതെന്തുകൊണ്ടെന്ന് അമ്മയോട് ഞങ്ങൾ ശ്രദ്ധാപൂർവ്വം വിശദീകരിച്ചു” എന്ന് ഗ്രെററാ എന്നു പേരുള്ള ഒരു സഹോദരി പറയുന്നു. “ഇപ്പോൾ അമ്മ പൊരുത്തപ്പെടാൻ പഠിച്ചിരിക്കുന്നു, നഴ്സിംഗ് ഹോമിനെ തന്റെ ഭവനമായി വീക്ഷിക്കുന്നു.” നിരന്തര സന്ദർശനങ്ങളും പൊരുത്തപ്പെടുത്തലിലൂടെ മാതാപിതാക്കൾക്ക് ആശ്വാസം പകരുകയും അവരോടുള്ള നിങ്ങളുടെ സ്നേഹത്തിന്റെ ആത്മാർത്ഥതയെ തെളിയിക്കുകയും ചെയ്യുന്നു. (2 കൊരിന്ത്യർ 8:8 താരതമ്യപ്പെടുത്തുക.) ദൂരം ഒരു പ്രശ്നമായിരിക്കുന്നടത്ത് ടെലഫോൺ വിളികളിലൂടെയും കത്തുകളിലൂടെയും കാലികമായ സന്ദർശനങ്ങളിലൂടെയും സമ്പർക്കം പുലർത്തുക. (2 യോഹന്നാൻ 12 താരതമ്യപ്പെടുത്തുക.) എന്നിരുന്നാലും, ലൗകികരുടെ ഇടയിലെ താമസത്തിന് സ്പഷ്ടമായ ന്യൂനതകളുണ്ട്. നിങ്ങളുടെ ‘ആത്മീയാവശ്യങ്ങളെക്കുറിച്ചു ബോധമുണ്ടായിരിക്കുക.’ (മത്തായി 5:3) “ഞങ്ങൾ അമ്മക്ക് വായിക്കാനുള്ള വക കൊടുക്കുകയും സാദ്ധ്യമാകുന്നടത്തോളം ആത്മീയകാര്യങ്ങൾ ചർച്ച ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നു” എന്ന് ഗ്രെററാ പറയുന്നു.
19. (എ) നഴ്സിംഗ് ഹോമിലെ സംരക്ഷണം തെരഞ്ഞെടുക്കുന്നതിലും പരിശോധിക്കുന്നതിലും എന്തു ശ്രദ്ധ ചെലുത്തണം? (ബി) മാതാപിതാക്കളെ സംരക്ഷിക്കുന്നതിന് പരമാവധി പ്രവർത്തിക്കുന്നത് ഒരു ക്രിസ്ത്യാനിക്ക് എങ്ങനെ പ്രയോജനം ചെയ്യുന്നു?
19 ഐക്യനാടുകളിലെ 406 നഴ്സിംഗ് ഹോമുകളെക്കുറിച്ചുള്ള ഒരു പഠനത്തെ സംബന്ധിച്ച് ദ വാൾ സ്ട്രീററ ജേണൽ റിപ്പോർട്ടു ചെയ്തു. അതിൽ “ഏതാണ്ട് അഞ്ചിൽ ഒന്ന് അന്തേവാസികൾക്ക് അപകട സാദ്ധ്യതയുള്ളതാണെന്നും ഏതാണ്ടു പകുതിക്കു മാത്രമേ ഏററവും കുറഞ്ഞ നിലവാരങ്ങളെങ്കിലും ഉണ്ടായിരുന്നുള്ളുവെന്നും കണ്ടെത്തപ്പെട്ടു.” അങ്ങനെയുള്ള റിപ്പോർട്ടുകൾ പരിതാപകരമായി സാധാരണമാണെന്ന് പറയാൻ സങ്കടമുണ്ട്. അതുകൊണ്ട് നഴ്സിംഗ് ഹോം സംരക്ഷണം ആവശ്യമാണെങ്കിൽ ഒന്നു തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ ചെലുത്തുക. അത് ശുചിത്വമുള്ളതും നന്നായി സൂക്ഷിക്കുന്നതും യോഗ്യതയുള്ളവർ ജോലി ചെയ്യുന്നതും ഭവനാന്തരീക്ഷമുള്ളതും മതിയായ ഭക്ഷണം കിട്ടുന്നടവുമാണോയെന്നറിയാൻ വ്യക്തിപരമായി സന്ദർശിക്കുക. നിങ്ങളുടെ മാതാപിതാക്കൾക്ക് കൊടുക്കുന്ന പരിചരണത്തെ സാദ്ധ്യമാകുന്നടത്തോളം അടുത്തു പരിശോധിക്കുക. ഒരുപക്ഷേ, ലൗകിക വിശേഷദിവസങ്ങളോടോ വിനോദത്തോടോ ഉള്ള ബന്ധത്തിൽ വികാസം പ്രാപിച്ചേക്കാവുന്ന വിഷമകരമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ അവരെ സഹായിച്ചുകൊണ്ട് അവരുടെ വക്താക്കളായിരിക്കുക. നിലവിലുള്ള സാഹചര്യങ്ങളിൽ നിങ്ങളുടെ മാതാപിതാക്കൾക്ക് അത്യുത്തമ സംരക്ഷണം കൊടുക്കാൻ പരമാവധി ശ്രമിക്കുന്നതിനാൽ മററു വിധത്തിൽ നിങ്ങളെ ശല്യപ്പെടുത്താവുന്ന കുററബോധങ്ങളിൽ നിന്ന് നിങ്ങൾക്കു നിങ്ങളേത്തന്നെ മോചിപ്പിക്കാൻ കഴിയും.—2 കൊരിന്ത്യർ 1 12 താരതമ്യപ്പെടുത്തുക.
സന്തോഷത്തോടെ കൊടുക്കുന്നവർ, സന്തോഷത്തോടെ സ്വീകരിക്കുന്നവർ
20. മക്കൾ സന്തോഷത്തോടെ കൊടുക്കുന്നവരായിരിക്കുന്നത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
20 തന്റെ മാതാപിതാക്കളെ സംരക്ഷിക്കുന്നതു സംബന്ധിച്ച് ഒരു ക്രിസ്തീയ വനിത പറയുന്നു: “അതു പ്രയാസമായിരുന്നു. ഞാൻ അവർക്കുവേണ്ടി പാചകം ചെയ്യുകയും ശുചീകരണം നടത്തുകയും കരച്ചിൽ രോഗത്തെ കൈകാര്യം ചെയ്യുകയും ഷീററുകൾ മലമൂത്രങ്ങളാൽ മലിനമാകുമ്പോൾ മാററി വിരിക്കുകയും ചെയ്യേണ്ടിയിരുന്നു.” “എന്നാൽ ഞങ്ങൾ അവർക്കുവേണ്ടി എന്തെല്ലാം ചെയ്തോ അതെല്ലാം സന്തോഷപൂർവ്വം, ഉല്ലാസപൂർവ്വം, ആണു ചെയ്തത്. അവരെ ശുശ്രൂഷിക്കുന്നത് ഞങ്ങൾക്ക് അനിഷ്ടമാണെന്ന് അവർ വിചാരിക്കുവാൻ ഒരിക്കലും അനുവദിക്കാതിരിക്കുന്നതിന് ഞങ്ങൾ കഠിനശ്രമം ചെയ്തു” എന്ന് അവളുടെ ഭർത്താവു പറയുന്നു. (2 കൊരിന്ത്യർ 9:7) പ്രായമുള്ളവർ മിക്കപ്പോഴും സഹായം സ്വീകരിക്കാൻ വിമുഖരാണ്. മററുള്ളവർക്കു ഭാരമായിത്തീരാൻ അവർ ആഗ്രഹിക്കുന്നില്ല. അങ്ങനെ നിങ്ങൾ പ്രകടമാക്കുന്ന മനോഭാവം നിർണ്ണായകമാണ്.
21. (എ) മാതാപിതാക്കൾക്ക് എങ്ങനെ സന്തോഷത്തോടെ സ്വീകരിക്കുന്നവരായിരിക്കാൻ കഴിയും? (ബി) മാതാപിതാക്കൾ തങ്ങളുടെ വാർദ്ധക്യ കാലത്തേക്ക് ആസൂത്രണം ചെയ്യുന്നത് ജ്ഞാനമായിരിക്കുന്നതെന്തുകൊണ്ട്?
21 അതേസമയം മാതാപിതാക്കൾ പ്രകടമാക്കുന്ന മനോഭാവവും പ്രധാനമാണ്. “ഞാൻ അമ്മക്കുവേണ്ടി ചെയ്തതൊന്നും ഒരിക്കലും പോരായിരുന്നു” എന്ന് ഒരു സഹോദരി അനുസ്മരിക്കുന്നു. അതുകൊണ്ട്, മാതാപിതാക്കളേ, ന്യായബോധമില്ലാത്തവരോ അമിതമായ ആവശ്യം ഉന്നയിക്കുന്നവരോ ആകാതിരിക്കുക. ഏതായാലും, “മക്കൾ മാതാപിതാക്കൾക്കുവേണ്ടിയല്ല, മാതാപിതാക്കൾ മക്കൾക്കുവേണ്ടിയാണ് ചരതിക്കേണ്ടത്” എന്ന് ബൈബിൾ പറയുന്നു. (2 കൊരിന്ത്യർ 12:14) ചില മാതാപിതാക്കൾ തങ്ങളുടെ വകകൾ ധൂർത്തടിക്കുകയും അവരുടെ മക്കൾക്ക് ഒരു അനാവശ്യഭാരമായിത്തീരുകയും ചെയ്യുന്നു. എന്നിരുന്നാലും, സദൃശവാക്യങ്ങൾ 13:22 പറയുന്നു: “നല്ലവൻ പുത്രൻമാരുടെ പുത്രൻമാർക്കുവേണ്ടി ഒരു അവകാശം വെച്ചേക്കുന്നു.” അതുകൊണ്ട്, മാതാപിതാക്കൾക്ക് സാദ്ധ്യമാകുന്ന അളവിൽ തങ്ങളുടെ വാർദ്ധക്യകാലത്തിനുവേണ്ടി മുന്നമേ ആസൂത്രണം ചെയ്യാനും ഫണ്ടുകൾ മാററിവെക്കാനും സ്വന്തം സംരക്ഷണത്തിനുവേണ്ടി ചില ക്രമീകരണങ്ങൾ ചെയ്യാനും കഴിയും.—സദൃശവാക്യങ്ങൾ 21:5.
22. ഒരു വ്യക്തി തന്റെ വൃദ്ധ മാതാപിതാക്കളെ സംരക്ഷിക്കാൻ ചെലുത്തുന്ന ശ്രമങ്ങളെ എങ്ങനെ വീക്ഷിക്കണം?
22 ഒരുവന്റെ മാതാപിതാക്കളുടെ പരിപാലനം “തക്ക പ്രതിഫലം” ആണെന്ന് പറഞ്ഞപ്പോൾ പൗലോസ് നന്നായിത്തന്നെ പ്രസ്താവിച്ചു. (1 തിമൊഥെയോസ് 5:4) ഒരു സഹോദരൻ പറയുന്നതുപോലെ, “അമ്മ എന്നെ 20 വർഷം പരിപാലിച്ചു. അതിനോടു താരതമ്യപ്പെടുത്തുമ്പോൾ ഞാൻ എന്തു ചെയ്തു?” വൃദ്ധ മാതാപിതാക്കളുള്ള എല്ലാ ക്രിസ്ത്യാനികളും സമാനമായി ‘ഭവനത്തിൽ ദൈവികഭക്തി ആചരിക്കാൻ’ പ്രേരിതരാകട്ടെ, അവർ ദൈവത്താൽ സമൃദ്ധമായി അനുഗ്രഹിക്കപ്പെടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ. തങ്ങളുടെ മാതാപിതാക്കൻമാരെ ബഹുമാനിക്കുന്നവരോട്: ”നിങ്ങൾ ഭൂമിയിൽ ദീർഘനാൾ നിലനിൽക്കു”മെന്ന് അവനാണ് വാഗ്ദാനം ചെയ്യുന്നത്.—എഫേസ്യർ 6:3. (w87 6/1)
ഓർമ്മിക്കേണ്ട പോയിൻറുകൾ
◻ യേശുവിന്റെ നാളിൽ ചിലർ തങ്ങളുടെ മാതാപിതാക്കളോടുള്ള ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചതെങ്ങനെ?
◻ പ്രായമുള്ള മാതാപിതാക്കളെ ആർ സംരക്ഷിക്കണം, എന്തുകൊണ്ട്?
◻ മാതാപിതാക്കൾ വീട്ടിൽ താമസിക്കാൻ വരുമ്പോൾ കുടുംബങ്ങൾക്ക് എന്തു പ്രശ്നങ്ങൾ അനുഭവപ്പെട്ടേക്കാം, അവയെ എങ്ങനെ തരണം ചെയ്യാൻ കഴിയും?
◻ നഴ്സിംഗ് ഹോം സംരക്ഷണം ആവശ്യമായിരിക്കാവുന്നതെന്തുകൊണ്ട്? അതിനോട് പൊരുത്തപ്പെടാൻ മാതാപിതാക്കളെ എങ്ങനെ സഹായിക്കാൻ കഴിയും?
[18-ാം പേജിലെ ചിത്രം]
മാതാപിതാക്കളുടെ സംരക്ഷണത്തിൽ എങ്ങനെ പങ്കുചേരാമെന്ന് ചർച്ചചെയ്യാൻ ഒരു കുടുംബയോഗം നടത്താവുന്നതാണ്
[20-ാം പേജിലെ ചിത്രം]
നഴ്സിംഗ് ഹോം സംരക്ഷണം ആവശ്യമാണെങ്കിൽ പ്രായമേറിയവരുടെ വൈകാരികവും ആത്മീയവുമായ ക്ഷേമത്തിന് ക്രമമായ സന്ദർശനങ്ങൾ അത്യന്താപേക്ഷിതമാണ്