അവർ യഹോവയുടെ ഹിതം ചെയ്തു
യേശു 70 ശിഷ്യന്മാരെ അയയ്ക്കുന്നു
അത് പൊ.യു. 32-ലെ ശരത്കാലമായിരുന്നു. യേശുവിന്റെ മരണത്തിനു മുമ്പായി വെറും ആറു മാസമേ ശേഷിച്ചിരുന്നുള്ളൂ. അതുകൊണ്ട്, പ്രസംഗപ്രവർത്തനം ത്വരിതപ്പെടുത്താനും തന്റെ അനുഗാമികളിൽ ചിലരെ കൂടുതലായി പരിശീലിപ്പിക്കാനും വേണ്ടി യേശു 70 ശിഷ്യന്മാരെ തിരഞ്ഞെടുത്ത് “താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു.”—ലൂക്കൊസ് 10:1.a
യേശുതന്നെ പിന്നീട് നേരിട്ട് എത്തിച്ചേരുമ്പോൾ തങ്ങൾ മിശിഹായ്ക്ക് അനുകൂലമാണോ അതോ എതിരാണോയെന്ന് ആളുകൾക്ക് കൂടുതൽ വേഗത്തിൽ തീരുമാനിക്കാൻ കഴിയേണ്ടതിന് യേശു ശിഷ്യന്മാരെ “തനിക്കു മുമ്പായി” അയച്ചു. എന്നാൽ അവൻ എന്തുകൊണ്ടാണ് അവരെ “ഈരണ്ടായി” അയച്ചത്? വ്യക്തമായും, എതിർപ്പു നേരിടുമ്പോൾ അവർ പരസ്പരം ഒരു പ്രോത്സാഹനമായിരിക്കാൻ വേണ്ടിയായിരുന്നു.
പ്രസംഗവേലയുടെ അടിയന്തിരതയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് യേശു തന്റെ അനുഗാമികളോടു പറഞ്ഞു: “കൊയ്ത്തു വളരെ ഉണ്ടു സത്യം; വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന്നു വേലക്കാരെ അയക്കേണ്ടതിന്നു അപേക്ഷിപ്പിൻ.” (ലൂക്കൊസ് 10:2) പ്രസംഗവേലയെ കൊയ്ത്തിനോട് ഉപമിച്ചത് ഉചിതമായിരുന്നു, കാരണം കൊയ്ത്തുകാലത്തെ ഏതൊരു കാലതാമസവും മൂല്യമുള്ള വിളകൾ പാഴാകുന്നതിൽ കലാശിക്കാമായിരുന്നു. സമാനമായി, ശിഷ്യന്മാർ തങ്ങളുടെ പ്രസംഗ നിയമനം അവഗണിച്ചിരുന്നെങ്കിൽ പലരുടെയും അമൂല്യ ജീവൻ നഷ്ടപ്പെടാമായിരുന്നു!—യെഹെസ്കേൽ 33:6.
ശ്രദ്ധാശൈഥില്യമില്ലാത്ത ശുശ്രൂഷകർ
യേശു തന്റെ ശിഷ്യന്മാരെ കൂടുതലായി ഇങ്ങനെ പ്രബോധിപ്പിച്ചു: “സഞ്ചിയും പൊക്കണവും [“ഭക്ഷണപ്പൊതിയും,” NW] ചെരിപ്പും എടുക്കരുതു; വഴിയിൽവെച്ചു ആരെയും വന്ദനം [“വന്ദനമായി ആലിംഗനം,” NW] ചെയ്കയുമരുതു.” (ലൂക്കൊസ് 10:4) ഒരു യാത്രക്കാരൻ സഞ്ചിയും ഭക്ഷണവും മാത്രമല്ല ഇട്ടിരുന്ന ചെരുപ്പു കൂടാതെ ഒരു ജോടികൂടെ കൊണ്ടുപോകുന്നത് സാധാരണമായിരുന്നു. കാരണം, അടിവശം തേഞ്ഞുപോകാനോ വള്ളികൾ പൊട്ടിപ്പോകാനോ സാധ്യതയുണ്ടായിരുന്നു. എന്നാൽ യേശുവിന്റെ ശിഷ്യന്മാർ അത്തരം കാര്യങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെടേണ്ടതില്ലായിരുന്നു. മറിച്ച്, ആതിഥ്യം പ്രകടമാക്കുന്നത് ഒരു പതിവായിരുന്ന സഹ ഇസ്രായേല്യരിലൂടെ യഹോവ തങ്ങൾക്കുവേണ്ടി കരുതുമെന്നുള്ള വിശ്വാസം അവർക്ക് ഉണ്ടായിരിക്കേണ്ടിയിരുന്നു.
എന്തുകൊണ്ടാണ് യേശു തന്റെ ശിഷ്യന്മാരോട് ആരെയും വന്ദനമായി ആലിംഗനം ചെയ്യരുതെന്ന് പറഞ്ഞത്? അവർ വികാരശൂന്യരോ പരുഷർപോലുമോ ആയിരിക്കണമായിരുന്നോ? അശേഷമില്ല! വന്ദനമായി ആലിംഗനം ചെയ്യുക എന്നർഥമുള്ള അസ്പാസോമയി എന്ന ഗ്രീക്കു പദത്തിന് മര്യാദപൂർവം “ഹലോ” എന്നോ “ശുഭദിനം” എന്നോ പറയുന്നതിനെക്കാൾ കൂടിയ അർഥം ഉണ്ടായിരിക്കാവുന്നതാണ്. ആചാരപൂർവമുള്ള ചുംബനങ്ങൾ, ആലിംഗനങ്ങൾ, പരിചയമുള്ള രണ്ടുപേർ കണ്ടുമുട്ടുമ്പോഴുള്ള സുദീർഘ സംഭാഷണങ്ങൾ എന്നിവയും അതിൽ ഉൾപ്പെടാവുന്നതാണ്. ഒരു ഭാഷ്യകാരൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “പൗരസ്ത്യരുടെ അഭിവാദനങ്ങളിൽ നമ്മുടെ ഇടയിലേതുപോലെ തല അൽപ്പം കുനിക്കുന്നതോ ഹസ്തദാനം ചെയ്യുന്നതോ ആയിരുന്നില്ല ഉൾപ്പെട്ടിരുന്നത്, മറിച്ച് പലവുരു ആലിംഗനം ചെയ്യുകയും കുമ്പിടുകയും സാഷ്ടാംഗപ്രണാമം നടത്തുകയുംപോലും ചെയ്തുകൊണ്ടാണ് അവരതു നിർവഹിച്ചിരുന്നത്. ഇതിനെല്ലാം വളരെയേറെ സമയം ആവശ്യമായിരുന്നു.” (2 രാജാക്കന്മാർ 4:29 താരതമ്യം ചെയ്യുക.) അതുകൊണ്ട്, ആചാരപരമായിരുന്നെങ്കിലും അനാവശ്യമായിരുന്ന ശ്രദ്ധാശൈഥില്യങ്ങൾ ഒഴിവാക്കാൻ യേശു തന്റെ അനുഗാമികളെ സഹായിക്കുകയായിരുന്നു.
ഒടുവിൽ, ഒരു വീട്ടിൽ ചെല്ലുമ്പോൾ സ്വാഗതം ചെയ്യപ്പെടുന്നെങ്കിൽ “അവർ തരുന്നതു തിന്നും കുടിച്ചുംകൊണ്ടു ആ വീട്ടിൽ തന്നേ പാർപ്പിൻ” എന്ന് യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു. എന്നാൽ ഒരു പട്ടണത്തിൽ പ്രവേശിക്കുമ്പോൾ നന്നായി സ്വീകരിക്കപ്പെടുന്നില്ലെങ്കിൽ അവർ “അതിന്റെ തെരുക്കളിൽ പോയി: നിങ്ങളുടെ പട്ടണത്തിൽനിന്നു ഞങ്ങളുടെ കാലിന്നു പററിയ പൊടിയും ഞങ്ങൾ നിങ്ങൾക്കു കുടഞ്ഞേച്ചുപോകുന്നു . . .എന്നു പറ”യേണം. (ലൂക്കൊസ് 10:7, 10, 11) ഒരുവന്റെ കാൽപ്പാദത്തിൽനിന്ന് പൊടി കൊട്ടിക്കളയുകയോ കുടഞ്ഞുകളയുകയോ ചെയ്യുന്നത്, തങ്ങളെ സ്വീകരിക്കാഞ്ഞ വീടിനെയോ പട്ടണത്തെയോ ഒടുവിൽ ദൈവത്തിൽനിന്നു വരുമായിരുന്ന ഭവിഷ്യത്തുകളനുഭവിക്കാൻ വിട്ടുകൊണ്ട് ശിഷ്യന്മാർ സമാധാനപൂർവം അവിടംവിട്ട് പോരുന്നതിനെ അർഥമാക്കുമായിരുന്നു. യേശുവിന്റെ ശിഷ്യന്മാരെ ദയാപൂർവം സ്വീകരിച്ചവർ അനുഗ്രഹങ്ങൾ ലഭിക്കാനുള്ള നിരയിൽ തങ്ങളെത്തന്നെ ആക്കിവെച്ചു. മറ്റൊരവസരത്തിൽ യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. ശിഷ്യൻ എന്നുവെച്ചു ഈ ചെറിയവരിൽ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”—മത്തായി 10:40, 42.
നമുക്കുള്ള പാഠങ്ങൾ
ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കാനും ശിഷ്യരെ ഉളവാക്കാനുമുള്ള നിയോഗം ഇന്ന് ലോകവ്യാപകമായി 50,00,000-ത്തിലധികം യഹോവയുടെ സാക്ഷികൾ നിറവേറ്റിക്കൊണ്ടിരിക്കുന്നു. (മത്തായി 24:14; 28:19, 20) തങ്ങളുടേത് ഒരു അടിയന്തിര സന്ദേശമാണെന്ന് അവർ തിരിച്ചറിയുന്നു. അതുകൊണ്ട്, തങ്ങളുടെ സുപ്രധാന നിയമനത്തിന് പൂർണ ശ്രദ്ധ നൽകുന്നതിൽനിന്ന് തങ്ങളെ തടയുന്ന ശ്രദ്ധാശൈഥില്യങ്ങളെ ഒഴിവാക്കിക്കൊണ്ട് അവർ തങ്ങളുടെ സമയം ഏറ്റവും മെച്ചമായി ഉപയോഗിക്കുന്നു.
കണ്ടുമുട്ടുന്ന സകലരോടും സൗഹാർദരായിരിക്കാൻ യഹോവയുടെ സാക്ഷികൾ പരിശ്രമിക്കുന്നു. എന്നാൽ അവർ വെറുതെ വ്യർഥ സംസാരത്തിൽ ഏർപ്പെടുന്നില്ല, സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചോ അനീതികൾ നേരേയാക്കാനുള്ള ഈ ലോകത്തിന്റെ പരാജിത ശ്രമങ്ങളെക്കുറിച്ചോ ഉള്ള വാദപ്രതിവാദത്തിൽ ഉൾപ്പെടുന്നുമില്ല. (യോഹന്നാൻ 17:16) പകരം, മനുഷ്യന്റെ പ്രശ്നങ്ങളുടെ ഏക ദീർഘകാല പരിഹാരത്തിൽ, അതായത് ദൈവരാജ്യത്തിൽ അവർ തങ്ങളുടെ ചർച്ച കേന്ദ്രീകരിക്കുന്നു.
യഹോവയുടെ സാക്ഷികൾ മിക്കവാറും എപ്പോഴും ജോടികളായി പ്രവർത്തിക്കുന്നു. അവർ ഓരോരുത്തരും ഒറ്റയ്ക്കു പ്രവർത്തിക്കുകയാണെങ്കിൽ കൂടുതൽ നിർവഹിക്കാനാവില്ലേ? ഒരുപക്ഷേ കഴിഞ്ഞേക്കും. എന്നിരുന്നാലും, ഒരു സഹവിശ്വാസിയോടൊപ്പം പ്രവർത്തിക്കുന്നതിന്റെ പ്രയോജനം ക്രിസ്ത്യാനികൾ ഇന്ന് തിരിച്ചറിയുന്നു. അപകടകരമായ പ്രദേശങ്ങളിൽ സാക്ഷീകരിക്കുമ്പോൾ അത് ഒരു പരിധിവരെയുള്ള സംരക്ഷണം നൽകുന്നു. കൂടാതെ, ഒരു പങ്കാളിയോടൊപ്പം പ്രവർത്തിക്കുന്നത് കൂടുതൽ അനുഭവപരിചയമുള്ള സുവാർത്താ പ്രസംഗകരുടെ വൈദഗ്ധ്യത്തിൽനിന്ന് പ്രയോജനം നേടാൻ പുതിയവരെ സഹായിക്കുന്നു. വാസ്തവത്തിൽ ഇരുവർക്കും അന്യോന്യമുള്ള പ്രോത്സാഹന കൈമാറ്റത്തിനു സഹായിക്കാനാകും.—സദൃശവാക്യങ്ങൾ 27:17.
ഈ “അന്ത്യകാലത്തു” നടക്കുന്ന ഏറ്റവും അടിയന്തിര പ്രാധാന്യമുള്ള വേല പ്രസംഗവേലയാണെന്നുള്ളതിൽ യാതൊരു സംശയവുമില്ല. (2 തിമൊഥെയൊസ് 3:1) “ഏകമനസ്സോടെ സുവിശേഷത്തിന്റെ വിശ്വാസത്തിന്നായി” വേല ചെയ്യുന്ന ഒരു ലോകവ്യാപക സഹോദരവർഗത്തിന്റെ പിന്തുണയുള്ളതിൽ യഹോവയുടെ സാക്ഷികൾ സന്തുഷ്ടരാണ്.—ഫിലിപ്പിയർ 1:27.
[അടിക്കുറിപ്പുകൾ]
a യേശു “എഴുപത്തിരണ്ട്” ശിഷ്യന്മാരെ അയച്ചെന്ന് ചില ബൈബിളുകളും പുരാതന ഗ്രീക്ക് കയ്യെഴുത്തുപ്രതികളും പറയുന്നു. എന്നാൽ, “എഴുപത്” എന്ന് വായിക്കുന്നതിന് ധാരാളം കയ്യെഴുത്തുപ്രതികളുടെ പിന്തുണയുണ്ട്. യേശു തന്റെ ശിഷ്യന്മാരുടെ വലിയൊരു സംഘത്തെ പ്രസംഗിക്കാൻ അയച്ചുവെന്ന മുഖ്യ ആശയത്തിൽനിന്ന് ഈ സാങ്കേതിക വ്യത്യാസം നമ്മെ വ്യതിചലിപ്പിക്കരുത്.