നിങ്ങളുടെ പ്രാർഥനകൾ “ധൂപവർഗം പോലെ തയ്യാറാക്കിയത്” ആണോ?
“എന്റെ പ്രാർഥന നിന്റെ മുമ്പിലെ ധൂപവർഗം പോലെ തയ്യാറാക്കിയത് ആയിരിക്കട്ടെ.”—സങ്കീർത്തനം 141:2, NW.
1, 2. ധൂപവർഗത്തിന്റെ കത്തിക്കൽ എന്തിനെ പ്രതീകപ്പെടുത്തി?
ഇസ്രായേല്യർ ആരാധന നടത്തിയിരുന്ന സമാഗമന കൂടാരത്തിലെ ഉപയോഗത്തിനു വിശുദ്ധ ധൂപവർഗം തയ്യാറാക്കാൻ യഹോവയാം ദൈവം തന്റെ പ്രവാചകനായ മോശയോടു കൽപ്പിച്ചു. ദിവ്യ വിധിപ്രകാരമുള്ള നാലു സുഗന്ധവർഗങ്ങളുടെ ആ കൂട്ട് തീർച്ചയായും സൗരഭ്യവാസന ഉള്ളതായിരുന്നു.—പുറപ്പാടു 30:34-38.
2 ഇസ്രായേൽ ജനത ഏത് ഉടമ്പടിയിലേക്ക് എടുക്കപ്പെട്ടുവോ ആ ന്യായപ്രമാണ ഉടമ്പടി, ഈ ധൂപവർഗം ദിവസേന കത്തിക്കുന്നതിനു വ്യവസ്ഥ ചെയ്തിരുന്നു. (പുറപ്പാടു 30:7, 8) ധൂപവർഗത്തിന്റെ ഉപയോഗത്തിനു പ്രത്യേക പ്രാധാന്യം ഉണ്ടായിരുന്നോ? ഉണ്ടായിരുന്നു. കാരണം, സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “നിന്റെ [യഹോവയാം ദൈവത്തിന്റെ] മുമ്പിൽ എന്റെ പ്രാർഥനകൾ ധൂപവർഗം പോലെ തയ്യാറാക്കിയത് ആയിരിക്കട്ടെ; ഞാൻ ഉള്ളംകൈ ഉയർത്തുന്നത് സന്ധ്യാനേരത്തെ ധാന്യ വഴിപാടുപോലെയും ആയിരിക്കട്ടെ.” (സങ്കീർത്തനം 141:2, NW) ദൈവത്തിന്റെ സ്വർഗീയ സിംഹാസനത്തിനു ചുറ്റുമുള്ളവർക്കു ധൂപവർഗം നിറഞ്ഞ പൊൻകലശങ്ങൾ ഉള്ളതായി വെളിപ്പാടു പുസ്തകത്തിൽ യോഹന്നാൻ അപ്പൊസ്തലൻ വിശദീകരിക്കുന്നു. “വിശുദ്ധന്മാരുടെ പ്രാർത്ഥന” ആണ് “ധൂപവർഗ്ഗം” എന്ന് ആ നിശ്വസ്ത വിവരണം പറയുന്നു. (വെളിപ്പാടു 5:8) അതുകൊണ്ട്, സൗരഭ്യവാസനയുള്ള ധൂപവർഗത്തിന്റെ കത്തിക്കൽ യഹോവയുടെ ദാസന്മാർ രാപ്പകൽ അർപ്പിക്കുന്ന സ്വീകാര്യയോഗ്യമായ പ്രാർഥനകളെയാണ് പ്രതീകപ്പെടുത്തിയത്.—1 തെസ്സലൊനീക്യർ 3:10; എബ്രായർ 5:7.
3. ‘നമ്മുടെ പ്രാർഥനകൾ ദൈവത്തിന്റെ മുമ്പിലെ ധൂപവർഗം പോലെ തയ്യാറാക്കാൻ’ നമ്മെ എന്തു സഹായിക്കും?
3 നമ്മുടെ പ്രാർഥനകൾ ദൈവത്തിനു സ്വീകാര്യക്ഷമം ആയിരിക്കണമെങ്കിൽ, യേശുക്രിസ്തുവിന്റെ നാമത്തിൽ അവനോടു പ്രാർഥിക്കേണ്ടതുണ്ട്. (യോഹന്നാൻ 16:23, 24) എന്നാൽ, നമ്മുടെ പ്രാർഥനകളുടെ ഗുണം എങ്ങനെ മെച്ചപ്പെടുത്താൻ കഴിയും? ചില തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ പരിശോധിക്കുന്നത് നമ്മുടെ പ്രാർഥനകൾ യഹോവയുടെ മുമ്പിലെ ധൂപവർഗം പോലെ തയ്യാറാക്കാൻ നമ്മെ തീർച്ചയായും സഹായിക്കും.—സദൃശവാക്യങ്ങൾ 15:8.
വിശ്വാസത്തോടെ പ്രാർഥിക്കുക
4. വിശ്വാസം സ്വീകാര്യയോഗ്യമായ പ്രാർഥനയോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
4 നമ്മുടെ പ്രാർഥനകൾ സൗരഭ്യവാസനയുള്ള ധൂപവർഗം പോലെ ദൈവത്തിന്റെ പക്കൽ എത്തിച്ചേരണമെങ്കിൽ, നാം വിശ്വാസത്തോടെ പ്രാർഥിക്കേണ്ടതുണ്ട്. (എബ്രായർ 11:6) തിരുവെഴുത്തു സഹായം സ്വീകരിക്കാൻ മനസ്സൊരുക്കമുള്ള ഒരു ആത്മീയ രോഗിക്കു വേണ്ടി ക്രിസ്തീയ മൂപ്പന്മാർ നടത്തുന്ന “വിശ്വാസത്തോടുകൂടിയ പ്രാർത്ഥന [ആ] ദീനക്കാരനെ രക്ഷിക്കും [“സൗഖ്യമാക്കും,” NW].” (യാക്കോബ് 5:15) വിശ്വാസത്തോടെയുള്ള പ്രാർഥനകൾ നമ്മുടെ സ്വർഗീയ പിതാവിനെ സന്തോഷിപ്പിക്കുന്നു. പ്രാർഥനാ മനോഭാവത്തോടെ ദൈവവചനം പഠിക്കുമ്പോഴും അതു സത്യമാണ്. പിൻവരുന്ന പ്രകാരം ആലപിച്ചപ്പോൾ സങ്കീർത്തനക്കാരൻ നല്ലൊരു മനോഭാവം പ്രകടമാക്കി: “എനിക്കു പ്രിയമായിരിക്കുന്ന നിന്റെ കല്പനകളിലേക്കു ഞാൻ കൈകളെ ഉയർത്തുന്നു; നിന്റെ ചട്ടങ്ങളെ ഞാൻ ധ്യാനിക്കുന്നു. നിന്റെ കല്പനകളെ ഞാൻ വിശ്വസിച്ചിരിക്കയാൽ എനിക്കു നല്ല ബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരേണമേ.” (സങ്കീർത്തനം 119:48, 66) താഴ്മയോടെയുള്ള പ്രാർഥനയിൽ നമുക്കു ‘കൈകളെ വിരിക്കാം,’ ദൈവകൽപ്പനകൾക്കു ചേർച്ചയിൽ ജീവിച്ചുകൊണ്ട് നമുക്കു വിശ്വാസം പ്രകടമാക്കാം.
5. നമുക്കു ജ്ഞാനം കുറവാണെങ്കിൽ എന്തു ചെയ്യണം?
5 ഒരു പീഡാനുഭവത്തെ കൈകാര്യം ചെയ്യാനുള്ള ജ്ഞാനം നമുക്ക് ഇല്ലെന്നു വിചാരിക്കുക. ഒരു പ്രത്യേക ബൈബിൾ പ്രവചനം ഇപ്പോൾ നിവൃത്തിയേറുന്നുണ്ടോ എന്ന കാര്യത്തിൽ ഒരുപക്ഷേ നമുക്ക് ഉറപ്പില്ലായിരിക്കാം. അത് ആത്മീയമായി നമ്മെ അസ്ഥിരരാക്കാൻ അനുവദിക്കുന്നതിനു പകരം നമുക്കു ജ്ഞാനത്തിനായി പ്രാർഥിക്കാം. (ഗലാത്യർ 5:7, 8; യാക്കോബ് 1:5-8) തീർച്ചയായും, അതിഗംഭീരമായി ദൃശ്യമായ വിധത്തിൽ ദൈവം നമുക്ക് ഉത്തരം നൽകും എന്നു പ്രതീക്ഷിക്കാനാവില്ല. തന്റെ ആരാധകരെല്ലാം എന്തു ചെയ്യാൻ ദൈവം പ്രതീക്ഷിക്കുന്നുവോ അതു ചെയ്തുകൊണ്ട് നമ്മുടെ പ്രാർഥനകളുടെ ആത്മാർഥത നാം പ്രകടമാക്കണം. “വിശ്വസ്തനും വിവേകിയുമായ അടിമ” നൽകിയിരിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ സഹായത്തോടെ വിശ്വാസം വർധിപ്പിക്കുന്ന വിധത്തിൽ തിരുവെഴുത്തുകൾ പഠിക്കേണ്ടത് ആവശ്യമാണ്. (മത്തായി 24:45-47, NW; യോശുവ 1:7, 8) ദൈവജനത്തിന്റെ യോഗങ്ങളിൽ പതിവായി സംബന്ധിച്ചുകൊണ്ടും നാം പരിജ്ഞാനം വർധിപ്പിക്കേണ്ടതുണ്ട്.—എബ്രായർ 10:24, 25.
6. (എ) നമ്മുടെ നാളിനെയും ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയെയും കുറിച്ച് നാമെല്ലാം എന്തു തിരിച്ചറിയണം? (ബി) യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണത്തിനായി പ്രാർഥിക്കുന്നതിനു പുറമേ, നാം എന്തു ചെയ്യണം?
6 ഇന്ന് ചില ക്രിസ്ത്യാനികൾ വ്യക്തിഗത താത്പര്യങ്ങളിലും ജോലിയിലുമൊക്കെ മുഴുകുന്ന രീതി കണ്ടാൽ, നാം “അന്ത്യകാല”ത്തിന്റെ പരമാന്ത്യത്തിൽ എത്തിയിരിക്കുന്നു എന്ന ബോധം അവർക്കു നഷ്ടപ്പെട്ടിരിക്കുന്നതുപോലെ തോന്നും. (ദാനീയേൽ 12:4) യഹോവ ക്രിസ്തുവിനെ സ്വർഗീയ രാജാവായി വാഴിച്ച 1914-ൽ ക്രിസ്തുവിന്റെ സാന്നിധ്യം തുടങ്ങി എന്നതിനും അവൻ ഇപ്പോൾ തന്റെ ശത്രുക്കളുടെ മധ്യേ വാഴുകയാണ് എന്നതിനുമുള്ള തിരുവെഴുത്തുപരമായ തെളിവിലുള്ള അവരുടെ വിശ്വാസം ശക്തമായിത്തീരട്ടെ എന്നു സഹവിശ്വാസികൾ പ്രാർഥിക്കുന്നത് ഉചിതമാണ്. (സങ്കീർത്തനം 110:1, 2; മത്തായി 24:3) വ്യാജമതമായ “മഹതിയാം ബാബിലോ”ന്റെ നാശം, യഹോവയുടെ ജനത്തിന്മേൽ മാഗോഗിലെ ഗോഗ് നടത്തുന്ന സാത്താന്യ ആക്രമണം, അർമഗെദോൻ യുദ്ധത്തിൽ സർവശക്തനായ ദൈവം തന്റെ ജനത്തിനു കൈവരുത്തുന്ന രക്ഷ എന്നിങ്ങനെ മുൻകൂട്ടി പറഞ്ഞിരിക്കുന്ന സംഭവങ്ങൾ വളരെ വേഗത്തിലും താരതമ്യേന ചുരുങ്ങിയ സമയംകൊണ്ടും സംഭവിച്ചേക്കാമെന്നു നാമെല്ലാം തിരിച്ചറിയണം. (വെളിപ്പാടു 16:14, 16; 18:1-5; യെഹെസ്കേൽ 38:18-23) അതുകൊണ്ട് ആത്മീയമായി ഉണർന്നിരിക്കാൻ ദൈവസഹായത്തിനായി നമുക്കു പ്രാർഥിക്കാം. യഹോവയുടെ നാമം വിശുദ്ധീകരിക്കപ്പെടാനും അവന്റെ രാജ്യം വരാനും അവന്റെ ഹിതം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ചെയ്യപ്പെടാനും നമുക്കെല്ലാം ഉത്കടമായി പ്രാർഥിക്കാം. അതോടൊപ്പം, വിശ്വാസം പ്രകടമാക്കുകയും നമ്മുടെ പ്രാർഥനകൾ ആത്മാർഥമാണ് എന്നതിനു തെളിവു നൽകുകയും ചെയ്യുന്നതിൽ നമുക്കു തുടരാം. (മത്തായി 6:9, 10) തീർച്ചയായും, യഹോവയെ സ്നേഹിക്കുന്ന എല്ലാവരും ഒന്നാമതു രാജ്യവും അവന്റെ നീതിയും അന്വേഷിക്കുകയും അന്ത്യം വരുന്നതിനു മുമ്പ് സുവാർത്താ പ്രസംഗത്തിൽ കഴിയുന്നത്ര പങ്കുപറ്റുകയും ചെയ്യുമാറാകട്ടെ.—മത്തായി 6:33; 24:14.
യഹോവയ്ക്കു സ്തുതിയും നന്ദിയും നൽകുക
7. 1 ദിനവൃത്താന്തം 29:10-13-ൽ ഭാഗികമായി രേഖപ്പെടുത്തിയിരിക്കുന്ന ദാവീദിന്റെ പ്രാർഥന സംബന്ധിച്ചു നിങ്ങളിൽ മതിപ്പ് ഉളവാക്കുന്നത് എന്ത്?
7 ‘നമ്മുടെ പ്രാർഥനകൾ ധൂപവർഗം പോലെ തയ്യാറാക്കുന്ന’ ഒരു പ്രധാന വിധം ദൈവത്തിനു ഹൃദയംഗമമായ സ്തുതിയും നന്ദിയും കരേറ്റുക എന്നതാണ്. ദാവീദ് രാജാവ് അത്തരമൊരു പ്രാർഥന അർപ്പിച്ചത് അവനും ഇസ്രായേൽ ജനവും യഹോവയുടെ ആലയത്തിന്റെ നിർമാണത്തിന് സംഭാവന നൽകിയ അവസരത്തിൽ ആയിരുന്നു. ദാവീദ് ഇങ്ങനെ പ്രാർഥിച്ചു: “ഞങ്ങളുടെ പിതാവായ യിസ്രായേലിൻ ദൈവമായ യഹോവേ, നീ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു; സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു. ധനവും ബഹുമാനവും നിങ്കൽനിന്നു വരുന്നു; നീ സർവ്വവും ഭരിക്കുന്നു; ശക്തിയും ബലവും നിന്റെ കയ്യിൽ ഇരിക്കുന്നു; സകലത്തെയും വലുതാക്കുന്നതും ശക്തീകരിക്കുന്നതും നിന്റെ പ്രവൃത്തിയാകുന്നു. ആകയാൽ ഞങ്ങളുടെ ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്തു [“നന്ദി നൽകി,” NW] നിന്റെ മഹത്വമുള്ള നാമത്തെ സ്തുതിക്കുന്നു.”—1 ദിനവൃത്താന്തം 29:10-13.
8. (എ) 148 മുതൽ 150 വരെയുള്ള സങ്കീർത്തനങ്ങളിലെ ഏതു വാക്കുകളാണു നിങ്ങളുടെ ഹൃദയത്തെ വിശേഷാൽ സ്പർശിക്കുന്നത്? (ബി) സങ്കീർത്തനം 27:4-ൽ കാണുന്ന വികാരങ്ങൾ നമുക്കുണ്ടെങ്കിൽ, നാം എന്തു ചെയ്യും?
8 സ്തുതിയും കൃതജ്ഞതയും നിറഞ്ഞ എത്ര മനോഹരമായ വാക്കുകൾ! നമ്മുടെ പ്രാർഥനകൾ അത്ര പ്രൗഢഗംഭീരം അല്ലെങ്കിലും, ഹൃദയംഗമമായിരിക്കാൻ കഴിയും. സങ്കീർത്തനപുസ്തകം കൃതജ്ഞതയും സ്തുതിയും അടങ്ങിയ പ്രാർഥനകൾകൊണ്ടു നിറഞ്ഞിരിക്കുന്നു. 148 മുതൽ 150 വരെയുള്ള സങ്കീർത്തനങ്ങളിൽ സ്തുതി കരേറ്റുന്ന വളരെ മനോഹരമായ വാക്കുകളുണ്ട്. ദൈവത്തോടുള്ള കൃതജ്ഞത പല സങ്കീർത്തനങ്ങളിലും കാണാം. ദാവീദ് ഇങ്ങനെ പാടി: “ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിന്നു തന്നേ.” (സങ്കീർത്തനം 27:4) യഹോവയുടെ ജനത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും സതീക്ഷ്ണം പങ്കെടുത്തുകൊണ്ട് അത്തരം പ്രാർഥനകൾക്കു ചേർച്ചയിൽ നമുക്കു പ്രവർത്തിക്കാം. (സങ്കീർത്തനം 26:12) അങ്ങനെ ചെയ്യുന്നതും അനുദിനം ദൈവവചനത്തെക്കുറിച്ചു ധ്യാനിക്കുന്നതും ഹൃദയംഗമമായ സ്തുതിയോടും കൃതജ്ഞതയോടും കൂടെ യഹോവയെ സമീപിക്കാൻ നമുക്ക് അനവധി കാരണങ്ങൾ നൽകുന്നു.
താഴ്മയോടെ യഹോവയുടെ സഹായം തേടുക
9. ആസാ രാജാവ് എങ്ങനെയാണു പ്രാർഥിച്ചത്, അതിന്റെ ഫലം എന്തായിരുന്നു?
9 യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ നാം അവനെ മുഴുഹൃദയത്തോടെ സേവിക്കുകയാണെങ്കിൽ, സഹായത്തിനായുള്ള നമ്മുടെ പ്രാർഥനകൾ അവൻ കേൾക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. (യെശയ്യാവു 43:10-12) യഹൂദയിലെ ആസാ രാജാവിന്റെ കാര്യം പരിചിന്തിക്കുക. 41 വർഷം അവൻ ഭരണം നടത്തിയതിൽ ആദ്യത്തെ 10 വർഷം (പൊ.യു.മു. 977 - പൊ.യു.മു. 937) ദേശത്തു സമാധാനം കളിയാടിയിരുന്നു. അങ്ങനെയിരിക്കെ, പത്തുലക്ഷം പേരടങ്ങുന്ന ഒരു സൈന്യം കൂശ്യനായ (എത്യോപ്യനായ) സേരഹിന്റെ നേതൃത്വത്തിൻ കീഴിൽ യഹൂദയെ ആക്രമിച്ചു. എണ്ണത്തിൽ വളരെ കുറവായിരുന്നെങ്കിലും, ആസായും അവന്റെ ആളുകളും ആക്രമണകാരികൾക്കു നേരെ പുറപ്പെട്ടു. എന്നാൽ, യുദ്ധം തുടങ്ങുന്നതിനു മുമ്പ് ആസാ ഉള്ളുരുകി പ്രാർഥിച്ചു. വിടുവിക്കാനുള്ള യഹോവയുടെ ശക്തി അവൻ അംഗീകരിക്കുകയുണ്ടായി. സഹായത്തിനായി യാചിച്ചുകൊണ്ട് രാജാവ് പറഞ്ഞു: “നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു; നിന്റെ നാമത്തിൽ ഞങ്ങൾ ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മർത്യൻ നിന്റെ നേരെ പ്രബലനാകരുതേ.” തന്റെ മഹാ നാമത്തെപ്രതി യഹോവ യഹൂദയെ രക്ഷിച്ചതിന്റെ ഫലമായി സമ്പൂർണ വിജയം ഉണ്ടായി. (2 ദിനവൃത്താന്തം 14:1-15) ദൈവം ഒരു പീഡാനുഭവത്തിൽനിന്നു നമ്മെ വിടുവിച്ചേക്കാം, അല്ലെങ്കിൽ അതു സഹിച്ചുനിൽക്കാൻ നമ്മെ ശക്തീകരിച്ചേക്കാം. സംഗതി ഏതായാലും സഹായത്തിനായുള്ള നമ്മുടെ യാചന അവൻ കേൾക്കുന്നു എന്നതിന് യാതൊരു സംശയവും ഇല്ല.
10. ഒരു പ്രതിസന്ധി ഘട്ടത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു നമുക്ക് അറിയില്ലാത്തപ്പോൾ, യെഹോശാഫാത്ത് രാജാവിന്റെ പ്രാർഥന സഹായകമെന്നു തെളിയുന്നത് എങ്ങനെ?
10 ചില പ്രതിസന്ധിഘട്ടങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു നമുക്ക് അറിയില്ലെങ്കിൽ സഹായത്തിനായുള്ള നമ്മുടെ അപേക്ഷകൾ അവൻ കേൾക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ സാധിക്കും. യഹൂദയിലെ രാജാവായ യെഹോശാഫാത്തിന്റെ നാളുകളിൽ അത് ദൃഷ്ടാന്തീകരിക്കപ്പെട്ടു. 25 വർഷം നീണ്ടുനിന്ന അവന്റെ വാഴ്ചയുടെ ആരംഭം പൊ.യു.മു. 936-ൽ ആയിരുന്നു. അമ്മോന്യരുടെയും മോവാബ്യരുടെയും സേയീർ പർവതക്കാരുടെയും സംയുക്ത സൈന്യങ്ങൾ യഹൂദയെ ഭീഷണിപ്പെടുത്തിയപ്പോൾ യെഹോശാഫാത്ത് ഇങ്ങനെ അപേക്ഷിച്ചു: “ഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധിക്കയില്ലയോ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ സമൂഹത്തോടെതിർപ്പാൻ ഞങ്ങൾക്കു ശക്തിയില്ല; എന്തു ചെയ്യേണ്ടു എന്നു അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു.” താഴ്മയോടെയുള്ള ആ പ്രാർഥനയ്ക്ക് യഹോവ ഉത്തരം നൽകി. യഹൂദയ്ക്കു വേണ്ടി യുദ്ധം ചെയ്ത അവൻ ശത്രുനിരകളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ട് അവർ അന്യോന്യം കൊന്നൊടുക്കാൻ ഇടയാക്കി. തത്ഫലമായി, ചുറ്റുമുള്ള ജനതകൾ ഭയപ്പെട്ടു. യഹൂദയിൽ സമാധാനം കളിയാടി. (2 ദിനവൃത്താന്തം 20:1-30) ഏതെങ്കിലും ഒരു പ്രതിസന്ധിയെ നേരിടാനുള്ള ജ്ഞാനം ഇല്ലെങ്കിൽ യെഹോശാഫാത്തിനെ പോലെ നമുക്കും പ്രാർഥിക്കാൻ കഴിയും: ‘എന്തു ചെയ്യേണ്ടു എന്നു ഞങ്ങൾക്ക് അറിയില്ല; എങ്കിലും, യഹോവേ, ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു.’ പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ തിരുവെഴുത്ത് ആശയങ്ങൾ ഓർമയിലേക്കു വരുത്താൻ പരിശുദ്ധാത്മാവ് ഇടയാക്കുകയോ മനുഷ്യചിന്തയ്ക്ക് അതീതമായ ഏതെങ്കിലും വിധത്തിൽ ദൈവം നമ്മെ സഹായിക്കുകയോ ചെയ്തേക്കാം.—റോമർ 8:26, 27.
11. യെരൂശലേം മതിലിനെ സംബന്ധിച്ച നെഹെമ്യാവിന്റെ പ്രാർഥനയിൽനിന്നു നാം എന്തു പഠിക്കുന്നു?
11 ദൈവസഹായം ലഭിക്കാൻ നാം പ്രാർഥനയിൽ ഉറ്റിരിക്കേണ്ടതുണ്ടായിരിക്കാം. തകർന്നു കിടക്കുന്ന യെരൂശലേം മതിലിനെയും യഹൂദാ നിവാസികളുടെ ശോച്യാവസ്ഥയെയും കുറിച്ച് നെഹെമ്യാവ് ദിവസങ്ങളോളം വിലപിച്ചു, ദുഃഖിച്ചു, ഉപവസിച്ചു, പ്രാർഥിച്ചു. (നെഹെമ്യാവു 1:1-11) വ്യക്തമായും, സൗരഭ്യവാസന പരത്തുന്ന ധൂപവർഗം പോലെ അവന്റെ പ്രാർഥനകൾ ദൈവത്തിങ്കൽ എത്തി. ഒരു ദിവസം പേർഷ്യൻ രാജാവായ അർഥഹ്ശഷ്ടാവ് ‘നിന്റെ അപേക്ഷ എന്ത്’ എന്നു ദുഃഖിതനായ നെഹെമ്യാവിനോടു ചോദിച്ചു. അപ്പോൾ, ‘ഉടനെ ഞാൻ സ്വർഗ്ഗത്തിലെ ദൈവത്തോടു പ്രാർത്ഥിച്ചു’ എന്നു നെഹെമ്യാവ് റിപ്പോർട്ടു ചെയ്യുന്നു. ഹ്രസ്വമായ ആ നിശ്ശബ്ദ പ്രാർഥനയ്ക്ക് ഉത്തരം ലഭിച്ചു. കാരണം, യെരൂശലേമിൽ ചെന്ന് തകർന്ന മതിൽ പുനർനിർമിക്കുകയെന്ന തന്റെ ഹൃദയാഭിലാഷം നിവർത്തിക്കുന്നതിനു നെഹെമ്യാവിന് അനുവാദം ലഭിച്ചു.—നെഹെമ്യാവു 2:1-8.
എങ്ങനെ പ്രാർഥിക്കാമെന്ന് യേശു നിങ്ങളെ പഠിപ്പിക്കട്ടെ
12. യേശുവിന്റെ മാതൃകാ പ്രാർഥനയിലെ മുഖ്യ ആശയങ്ങൾ സ്വന്തവാക്കുകളിൽ ചുരുക്കമായി നിങ്ങൾ എങ്ങനെ പറയും?
12 സൗരഭ്യവാസന പരത്തുന്ന ധൂപവർഗം പോലെ, യേശുക്രിസ്തു ചൊല്ലിയ മാതൃകാ പ്രാർഥനയാണ് തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രാർഥനകളിൽ വെച്ച് ഏറ്റവും പ്രബോധനാത്മകം. ലൂക്കൊസിന്റെ സുവിശേഷം ഇപ്രകാരം പറയുന്നു: “ശിഷ്യന്മാരിൽ ഒരുത്തൻ അവനോടു: കർത്താവേ, യോഹന്നാൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ എന്നു പറഞ്ഞു. അവൻ അവരോടു പറഞ്ഞതു: നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ചൊല്ലേണ്ടിയതു: പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ. ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങൾക്കു കടംപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു; ഞങ്ങളെ പരീക്ഷയിൽ കടത്തരുതേ.” (ലൂക്കൊസ് 11:1-4; മത്തായി 6:9-13) എപ്പോഴും ആവർത്തിക്കേണ്ട ഒന്നായിട്ടല്ല, പിന്നെയോ ഒരു മാതൃകയായി ഉതകുന്ന ഒന്നായിട്ടാണ് നാം ഈ പ്രാർഥനയെ കാണേണ്ടത്.
13. “പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്ന വാക്കുകളുടെ പ്രാധാന്യം നിങ്ങൾ എങ്ങനെ വിശദീകരിക്കും?
13 “പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.” യഹോവയെ പിതാവ് എന്നു വിളിക്കുന്നത് അവന്റെ സമർപ്പിത ദാസന്മാർക്കുള്ള ഒരു പ്രത്യേക പദവിയാണ്. ഏതു പ്രശ്നം ഉണ്ടായാലും, കുട്ടികൾ കരുണാർദ്രതയുള്ള ഒരു പിതാവിനെ മടി കൂടാതെ സമീപിക്കുന്നതു പോലെ മാന്യവും ഭയാദരണീയവുമായ വിധത്തിൽ ദൈവത്തോടു പതിവായി പ്രാർഥിക്കാൻ നാം സമയം ചെലവഴിക്കേണ്ടതുണ്ട്. (സങ്കീർത്തനം 103:13, 14) യഹോവയുടെ നാമം വിശുദ്ധീകരിക്കപ്പെട്ടു കാണാനുള്ള ആഗ്രഹം നമ്മുടെ പ്രാർഥനകളിൽ പ്രതിഫലിക്കണം. കാരണം, ആ നാമത്തിന്മേൽ കുന്നുകൂടപ്പെട്ടിരിക്കുന്ന സകല നിന്ദയും നീങ്ങിക്കാണാൻ നാം വാഞ്ഛിക്കുന്നു. യഹോവയുടെ നാമം വിശേഷത ഉള്ളതായിരിക്കാൻ, അതു വിശുദ്ധമായി അല്ലെങ്കിൽ പവിത്രമായി നിലനിൽക്കാൻ നാം ആഗ്രഹിക്കുന്നു.—സങ്കീർത്തനം 5:11; 63:3, 4; 148:12, 13; യെഹെസ്കേൽ 38:23.
14. “നിന്റെ രാജ്യം വരേണമേ” എന്നു പ്രാർഥിക്കുന്നതിന്റെ അർഥം എന്താണ്?
14 “നിന്റെ രാജ്യം വരേണമേ.” യഹോവയുടെ പുത്രനായ യേശുവിന്റെയും അവന്റെ സഹ “വിശുദ്ധന്മാ”രുടെയും കൈകളിലെ സ്വർഗീയ മിശിഹൈക ഗവൺമെന്റിലൂടെ പ്രകടിപ്പിക്കപ്പെടുന്ന യഹോവയുടെ ഭരണാധിപത്യമാണ് ആ രാജ്യം. (ദാനീയേൽ 7:13, 14, 18, 27; വെളിപ്പാടു 20:6) ദൈവത്തിന്റെ പരമാധികാരത്തെ എതിർക്കുന്ന ഭൂമിയിലുള്ള സകലരെയും തുടച്ചുനീക്കിക്കൊണ്ട് അതു പെട്ടെന്നുതന്നെ ‘വരും.’ (ദാനീയേൽ 2:44) അപ്പോൾ യഹോവയുടെ ഹിതം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ചെയ്യപ്പെടും. (മത്തായി 6:10) അഖിലാണ്ഡ പരമാധികാരിയെ വിശ്വസ്തമായി സേവിക്കുന്ന എല്ലാ സൃഷ്ടികൾക്കും അത് എത്രയധികം സന്തോഷം കൈവരുത്തും!
15. ‘ദിനംപ്രതിയുള്ള ആഹാര’ത്തിനായി യഹോവയോട് അപേക്ഷിക്കുക എന്നതിന്റെ അർഥം എന്ത്?
15 “ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ.” യഹോവയോട് “ദിനംപ്രതി”യുള്ള ആഹാരത്തിനായി അപേക്ഷിക്കുന്നു എന്നതിന്റെ അർഥം നാം വലിയ അളവിൽ ഭൗതിക സംഗതികൾ ചോദിക്കരുത്, മറിച്ച് ദിവസേനയുള്ള ആവശ്യങ്ങൾക്കു മാത്രമേ അപേക്ഷിക്കാവൂ എന്നാണ്. നാം ഭൗതിക സംഗതികൾക്ക് യഹോവയിൽ ആശ്രയിക്കുന്നെങ്കിലും, ഭക്ഷണത്തിനും മറ്റ് അവശ്യ കാര്യങ്ങൾക്കുമായി നാം ജോലി ചെയ്യുകയും ഉചിതമായ മറ്റു മാർഗങ്ങൾ അവലംബിക്കുകയും ചെയ്യുന്നു. (2 തെസ്സലൊനീക്യർ 3:7-10) തീർച്ചയായും, നമ്മുടെ സ്വർഗീയ ദാതാവിനു നാം നന്ദി കരേറ്റണം. കാരണം, ഈ ഭൗതിക കരുതലുകൾ വിളിച്ചോതുന്നത് അവന്റെ സ്നേഹത്തെയും ജ്ഞാനത്തെയും ശക്തിയെയുമാണ്.—പ്രവൃത്തികൾ 14:15-17.
16. ദൈവത്തിന്റെ ക്ഷമ എങ്ങനെ നേടാൻ കഴിയും?
16 “ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങൾക്കു കടംപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു.” നാം അപൂർണരും പാപികളും ആയതിനാൽ, യഹോവയുടെ കുറ്റമറ്റ നിലവാരങ്ങളിൽ നമുക്കു പൂർണമായി എത്തിച്ചേരാൻ കഴിയില്ല. അതിനാൽ, യേശുവിന്റെ മറുവില യാഗത്തിന്റെ അടിസ്ഥാനത്തിൽ ക്ഷമയ്ക്കായി നാം പ്രാർഥിക്കേണ്ടതുണ്ട്. എന്നാൽ, “പ്രാർത്ഥന കേൾക്കുന്നവനായ” ദൈവം ആ യാഗത്തിന്റെ മൂല്യം നമ്മുടെ പാപങ്ങൾക്കു ബാധകമാക്കാൻ നാം ആഗ്രഹിക്കുന്നെങ്കിൽ, നാം അനുതാപമുള്ളവരും അവൻ നൽകുന്ന ഏതൊരു ശിക്ഷണവും സ്വീകരിക്കാൻ മനസ്സൊരുക്കം ഉള്ളവരും ആയിരിക്കണം. (സങ്കീർത്തനം 65:2; റോമർ 5:8; 6:23; എബ്രായർ 12:4-11) മാത്രമല്ല, ‘നമ്മുടെ കടക്കാരോട്,’ അതായത് നമുക്കെതിരെ പാപം ചെയ്യുന്നവരോട് ‘നമ്മൾ ക്ഷമിച്ചാലേ’ ദൈവം നമ്മോടു ക്ഷമിക്കുമെന്നു നമുക്കു പ്രതീക്ഷിക്കാനാവൂ.—മത്തായി 6:12, 14, 15.
17. “ഞങ്ങളെ [പ്രലോഭനത്തിൽ] കടത്തരുതേ” എന്ന വാക്കുകളുടെ അർഥം എന്താണ്?
17 “ഞങ്ങളെ പരീക്ഷയിൽ [“പ്രലോഭനത്തിൽ,” NW] കടത്തരുതേ.” യഹോവ ചില സംഗതികൾ അനുവദിക്കുമ്പോൾ, അവൻ അവ ചെയ്യുന്നതായി ബൈബിൾ ചിലപ്പോൾ പറയാറുണ്ട്. (രൂത്ത് 1:20, 21) നാം പാപം ചെയ്യാൻ തക്കവണ്ണം ദൈവം നമ്മെ പ്രലോഭിപ്പിക്കുന്നില്ല. (യാക്കോബ് 1:13) തിന്മ ചെയ്യാനുള്ള പ്രലോഭനങ്ങൾ പിശാചിൽനിന്നും നമ്മുടെ പാപപൂർണമായ ജഡത്തിൽനിന്നും ഈ ലോകത്തിൽ നിന്നുമാണ് ഉണ്ടാകുന്നത്. തന്ത്രപൂർവം നമ്മെക്കൊണ്ട് ദൈവത്തിനെതിരെ പാപം ചെയ്യിക്കാൻ ശ്രമിക്കുന്ന പ്രലോഭകനാണ് സാത്താൻ. (മത്തായി 4:3; 1 തെസ്സലൊനീക്യർ 3:5) “ഞങ്ങളെ പരീക്ഷയിൽ കടത്തരുതേ” എന്ന് അപേക്ഷിക്കുമ്പോൾ, ദൈവത്തോട് അനുസരണക്കേടു കാണിക്കാനുള്ള പ്രലോഭനം ഉണ്ടാകുമ്പോൾ നാം പരാജയമടയാൻ അനുവദിക്കരുതെന്ന് അവനോട് അപേക്ഷിക്കുകയാണ്. നാം പ്രലോഭനങ്ങൾക്കു വഴിപ്പെട്ട് “ദുഷ്ട”നായ സാത്താനാൽ വഞ്ചിതരാകാതിരിക്കാൻ നമ്മെ നയിക്കുന്നതിന് ദൈവത്തിനു കഴിയും.—മത്തായി 6:13; 1 കൊരിന്ത്യർ 10:13.
പ്രാർഥനകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുക
18. ഒരു സന്തുഷ്ട വിവാഹബന്ധത്തിനും കുടുംബജീവിതത്തിനും ആയുള്ള നമ്മുടെ പ്രാർഥനകൾക്കു ചേർച്ചയിൽ എങ്ങനെ പ്രവർത്തിക്കാൻ കഴിയും?
18 യേശുവിന്റെ മാതൃകാ പ്രാർഥനയിൽ ഉണ്ടായിരുന്നത് മുഖ്യ ആശയങ്ങളാണ്. എന്നാൽ, ഏതു വിഷയത്തെക്കുറിച്ചും നമുക്കു പ്രാർഥിക്കാൻ കഴിയും. ഉദാഹരണത്തിന്, ഒരു സന്തുഷ്ട വിവാഹബന്ധം ഉണ്ടായിരിക്കാനുള്ള നമ്മുടെ ആഗ്രഹത്തെ കുറിച്ചു നമുക്കു പ്രാർഥിക്കാവുന്നതാണ്. വിവാഹം കഴിയുന്നതുവരെ ലൈംഗികത ഒഴിവാക്കുന്നതിനുള്ള ആത്മനിയന്ത്രണത്തിനായി പ്രാർഥിക്കാം. അതേസമയം, അധാർമിക സാഹിത്യങ്ങളും വിനോദങ്ങളും ഒഴിവാക്കിക്കൊണ്ട് നമ്മുടെ പ്രാർഥനകൾക്കു ചേർച്ചയിൽ നാം പ്രവർത്തിക്കുകയും വേണം. ‘കർത്താവിൽ മാത്രം വിവാഹം കഴിക്കാനും’ നമുക്കു ദൃഢനിശ്ചയം ചെയ്യാം. (1 കൊരിന്ത്യർ 7:39, NW; ആവർത്തനപുസ്തകം 7:3, 4) നാം വിവാഹിതരായാൽ, ദൈവത്തിന്റെ ബുദ്ധ്യുപദേശം ബാധകമാക്കിക്കൊണ്ട് സന്തുഷ്ടിക്കായി നമ്മുടെ പ്രാർഥനകൾക്കു ചേർച്ചയിൽ നാം പ്രവർത്തിക്കണം. കുട്ടികൾ ഉണ്ടായാൽ, അവർ യഹോവയുടെ വിശ്വസ്ത ദാസന്മാർ ആയിത്തീരണേ എന്നു പ്രാർഥിക്കുന്നതു മാത്രം മതിയാകുന്നില്ല. അവർക്കു ബൈബിൾ അധ്യയനം നടത്തുകയും അവരോടൊപ്പം ക്രിസ്തീയ യോഗങ്ങളിൽ പതിവായി സംബന്ധിക്കുകയും ചെയ്തുകൊണ്ട് ദൈവിക സത്യങ്ങൾ അവരുടെ മനസ്സിൽ ഉൾനടാൻ ആവതെല്ലാം നാം ചെയ്യണം.—ആവർത്തനപുസ്തകം 6:5-9; 31:12; സദൃശവാക്യങ്ങൾ 22:6.
19. നാം ശുശ്രൂഷയെക്കുറിച്ച് പ്രാർഥിക്കുന്നെങ്കിൽ, അതു സംബന്ധിച്ച് എന്തു ചെയ്യണം?
19 ശുശ്രൂഷയിൽ അനുഗ്രഹങ്ങൾ ലഭിക്കാൻ നാം പ്രാർഥിക്കാറുണ്ടോ? അങ്ങനെയെങ്കിൽ, രാജ്യ പ്രസംഗ വേലയിൽ അർഥവത്തായ ഒരു പങ്ക് വഹിച്ചുകൊണ്ട് നമ്മുടെ പ്രാർഥനകൾക്കു ചേർച്ചയിൽ നമുക്കു പ്രവർത്തിക്കാം. നിത്യജീവന്റെ പാതയിൽ പ്രവേശിക്കുന്നതിനു മറ്റുള്ളവരെ സഹായിക്കാനായുള്ള അവസരങ്ങൾക്കായി നാം പ്രാർഥിക്കുന്നെങ്കിൽ, താത്പര്യക്കാരെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ നാം സൂക്ഷിക്കുകയും നമ്മുടെ പട്ടികയിൽ ബൈബിൾ അധ്യയനങ്ങൾ ഉൾപ്പെടുത്താൻ ഒരുക്കമുള്ളവർ ആയിരിക്കുകയും വേണം. ഒരു പയനിയർ എന്ന നിലയിൽ മുഴുസമയ പ്രസംഗ വേല ഏറ്റെടുക്കാൻ നാം ആഗ്രഹിക്കുന്നെങ്കിലോ? എങ്കിൽ, നമ്മുടെ പ്രസംഗ പ്രവർത്തനം വർധിപ്പിച്ചുകൊണ്ടും പയനിയർമാരോടൊപ്പം ശുശ്രൂഷയിൽ ഏർപ്പെട്ടുകൊണ്ടും നമ്മുടെ പ്രാർഥനകൾക്കു ചേർച്ചയിലുള്ള പടികൾ സ്വീകരിക്കാം. നാം നമ്മുടെ പ്രാർഥനകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുകയാണ് എന്നായിരിക്കും അത്തരം പടികൾ പ്രകടമാക്കുക.
20. അടുത്ത ലേഖനം എന്തു പരിചിന്തിക്കും?
20 നാം യഹോവയെ വിശ്വസ്തമായി സേവിക്കുന്നെങ്കിൽ, അവന്റെ ഹിതത്തിനു ചേർച്ചയിലുള്ള നമ്മുടെ പ്രാർഥനകൾക്ക് അവൻ ഉത്തരം നൽകും എന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ സാധിക്കും. (1 യോഹന്നാൻ 5:14, 15) ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില പ്രാർഥനകൾ പരിശോധിക്കുകവഴി നിശ്ചയമായും കുറെ പ്രയോജനങ്ങൾ നമുക്കു ലഭിച്ചു. അടുത്ത ലേഖനം ‘തങ്ങളുടെ പ്രാർഥനകൾ യഹോവയുടെ മുമ്പിലെ ധൂപവർഗം പോലെ തയ്യാറാക്കാൻ’ ആഗ്രഹിക്കുന്നവർക്കുള്ള മറ്റു തിരുവെഴുത്തു മാർഗനിർദേശങ്ങൾ പരിചിന്തിക്കുന്നതായിരിക്കും.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ നാം വിശ്വാസത്തോടെ പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്?
□ നമ്മുടെ പ്രാർഥനകളിൽ സ്തുതിക്കും കൃതജ്ഞതയ്ക്കും എന്തു സ്ഥാനം ഉണ്ടായിരിക്കണം?
□ പ്രാർഥനയിൽ നമുക്കു യഹോവയുടെ സഹായം വിശ്വാസത്തോടെ തേടാൻ കഴിയുന്നത് എന്തുകൊണ്ട്?
□ മാതൃകാ പ്രാർഥനയിലെ ചില മുഖ്യ ആശയങ്ങൾ ഏവ?
□ നമ്മുടെ പ്രാർഥനകൾക്കു ചേർച്ചയിൽ എങ്ങനെ പ്രവർത്തിക്കാൻ കഴിയും?
[12-ാം പേജിലെ ചിത്രം]
യെഹോശാഫാത്തിനെ പോലെ, നാം ചിലപ്പോൾ ഇങ്ങനെ പ്രാർഥിക്കേണ്ടിയിരിക്കാം: ‘എന്തു ചെയ്യേണ്ടു എന്നു ഞങ്ങൾക്ക് അറിയില്ല; എങ്കിലും, യഹോവേ, ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു’
[13-ാം പേജിലെ ചിത്രം]
യേശുവിന്റെ മാതൃകാ പ്രാർഥനയ്ക്കു ചേർച്ചയിൽ നിങ്ങൾ പ്രാർഥിക്കാറുണ്ടോ?