നിങ്ങൾ യഹോവയുടെ ദൃഷ്ടിയിൽ വിലയേറിയവരാണ്!
“നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു.”—യിരെമ്യാവു 31:3.
1. യേശുവിന്റെ നാളിലെ സാധാരണക്കാരോടുള്ള അവന്റെ മനോഭാവം പരീശൻമാരുടേതിൽനിന്ന് ഏതുവിധത്തിൽ വ്യത്യസ്തമായിരുന്നു?
അവന്റെ കണ്ണുകളിൽ അവർക്കതു കാണാൻ കഴിഞ്ഞു. യേശുവെന്ന ഈ മനുഷ്യൻ ഒരു രീതിയിലും അവരുടെ മതനേതാക്കൻമാരെപ്പോലെ ആയിരുന്നില്ല; അവൻ കരുതലുള്ളവനായിരുന്നു. അവന് ജനങ്ങളോടു സഹതാപം തോന്നി കാരണം അവർ “ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി”രുന്നു. (മത്തായി 9:36) അവരുടെ മതനേതാക്കൻമാർ സ്നേഹവും കരുണയുമുള്ള ഒരു ദൈവത്തെ പ്രതിനിധാനം ചെയ്യുന്ന സ്നേഹപുരസ്സരായ ഇടയൻമാർ ആയിരിക്കേണ്ടവരായിരുന്നു. അതിനുപകരം, അവർ സാധാരണക്കാരായ ജനങ്ങളെ വെറും പ്രാകൃതജനം—ശപിക്കപ്പെട്ടവരും—എന്ന രീതിയിൽ തരംതാഴ്ത്തി കണ്ടു.a (യോഹന്നാൻ 7:47-49; താരതമ്യം ചെയ്യുക: യെഹെസ്കേൽ 34:4.) വ്യക്തമായും അത്തരം ദുഷിച്ച, തിരുവെഴുത്തുവിരുദ്ധമായ വീക്ഷണം യഹോവ തന്റെ ജനത്തെ വീക്ഷിച്ചതിൽനിന്നു തികച്ചും വ്യത്യസ്തമായിരുന്നു. അവൻ തന്റെ ജനതയായ ഇസ്രായേലിനോട് ഇങ്ങനെ പറഞ്ഞു: “നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു.”—യിരെമ്യാവു 31:3.
2. ഇയ്യോബ് ദൈവത്തിന്റെ ദൃഷ്ടിയിൽ ഒന്നിനുംകൊള്ളാത്തവനാണെന്ന് അവനെ ബോധ്യപ്പെടുത്താൻ അവന്റെ സുഹൃത്തുക്കൾ ശ്രമിച്ചതെങ്ങനെ?
2 ഇങ്ങനെയൊക്കെയാണെങ്കിലും, തങ്ങൾ ഒന്നിനുംകൊള്ളരുതാത്തവരാണെന്ന ബോധ്യം യഹോവയുടെ പ്രിയപ്പെട്ട ചെമ്മരിയാടുകളിൽ ആദ്യമായി ഉണർത്താൻ ശ്രമിച്ചതു തീർച്ചയായും പരീശൻമാരായിരുന്നില്ല. ഇയ്യോബിന്റെ ദൃഷ്ടാന്തം പരിചിന്തിക്കുക. യഹോവയെ സംബന്ധിച്ചിടത്തോളം ഇയ്യോബ് നീതിമാനും നിഷ്കളങ്കനുമായിരുന്നു. എന്നാൽ, ഇയ്യോബ് അധാർമികനും അസ്തിത്വത്തിന്റേതായ യാതൊരു ലക്ഷണവും അവശേഷിപ്പിക്കാതെ മരിച്ചുപോകുന്ന ഒരു ദുഷ്ട വിശ്വാസത്യാഗിയുമായിരുന്നുവെന്ന് ആ മൂന്ന് “ആശ്വാസകർ” ഇയ്യോബിനെപ്പററി കുത്തുവാക്കു പറഞ്ഞു. ദൈവം സ്വന്ത ദൂതൻമാരെപ്പോലും വിശ്വസിക്കാതെ സ്വർഗത്തെത്തന്നെയും അശുദ്ധമായി വീക്ഷിച്ചതുകൊണ്ട് ഇയ്യോബിന്റെ പക്ഷത്തുനിന്ന് അവൻ ഒരു നീതിയും കണക്കിടുകയില്ലെന്ന് അവർ തറപ്പിച്ചു പറഞ്ഞു!—ഇയ്യോബ് 1:8; 4:18; 15:15, 16; 18:17-19; 22:3.
3. തങ്ങൾ ഒന്നിനും കൊള്ളാത്തവരും സ്നേഹിക്കപ്പെടാത്തവരുമാണെന്ന് ആളുകളെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിൽ സാത്താൻ എന്തു മാർഗങ്ങൾ ഉപയോഗിക്കുന്നു?
3 തങ്ങൾ സ്നേഹിക്കപ്പെടുന്നില്ലെന്നും ഒന്നിനുംകൊള്ളാത്തവരാണെന്നും ആളുകളെ ധരിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ പിശാച് ഇപ്പോഴും ഈ ‘തന്ത്രങ്ങൾ’ ഉപയോഗിക്കുകയാണ്. (എഫേസ്യർ 6:11, NW അടിക്കുറിപ്പ്) പിശാച് മിക്കപ്പോഴും ആളുകളുടെ പൊങ്ങച്ചത്തെയും അഹങ്കാരത്തെയും തൃപ്തിപ്പെടുത്തിക്കൊണ്ടാണു വഞ്ചിക്കുന്നത് എന്നതു ശരിതന്നെ. (2 കൊരിന്ത്യർ 11:3) എങ്കിലും, തനിക്കു ചവിട്ടിമെതിക്കാവുന്നവരുടെ ആത്മാഭിമാനത്തിനു ക്ഷതം വരുത്തുന്നതിലും അവൻ നിർവൃതിയടയുന്നു. ഈ ദുർഘടംപിടിച്ച “അന്ത്യകാലത്തു” പ്രത്യേകിച്ചും അത് അങ്ങനെതന്നെയാണ്. ഇന്ന് അനേകരും “വാത്സല്യമില്ലാത്ത” കുടുംബങ്ങളിൽ വളർന്നുവരുന്നു; അനേകർക്കും ദിവസേന ഉഗ്രൻമാരും സ്വാർഥരും തന്റേടികളുമായ ആളുകളുമായി ഇടപഴകേണ്ടി വരുന്നു. (2 തിമൊഥെയൊസ് 3:1-5) വർഷങ്ങളോളം നീണ്ടുനിന്ന ദുഷ്പെരുമാററം, വർഗഭേദം, വിദ്വേഷം, ദുർവിനിയോഗം എന്നിവ തങ്ങൾ കൊള്ളരുതാത്തവരും സ്നേഹിക്കപ്പെടാത്തവരുമാണെന്ന് അത്തരം ആളുകളെ ബോധ്യപ്പെടുത്തിയിട്ടുണ്ടാവും. “എനിക്ക് സ്നേഹിക്കാനോ സ്നേഹിക്കപ്പെടാനോ തോന്നുന്നില്ല. എന്നെപ്പററി ദൈവം എന്തെങ്കിലും കരുതുന്നുണ്ടെന്നു വിശ്വസിക്കാൻ എനിക്കു പ്രയാസംതോന്നുന്നു” എന്ന് ഒരു വ്യക്തി എഴുതി.
4-5. (എ) തന്നെ ഒന്നിനുംകൊള്ളുകയില്ലെന്ന വ്യക്തിപരമായ ആശയം തിരുവെഴുത്തു വിരുദ്ധമായിരിക്കുന്നതെന്തുകൊണ്ട്? (ബി) നമ്മുടെ ഒരു ശ്രമംകൊണ്ടും പ്രയോജനമില്ലെന്നു ചിന്തിക്കുന്നതുകൊണ്ടുള്ള അപകടകരമായ ഒരു പരിണതഫലം എന്ത്?
4 തന്നെ ഒന്നിനുംകൊള്ളുകയില്ലെന്ന ആശയം ദൈവവചനത്തിലെ സത്യത്തിന്റെ, മറുവിലയെപ്പററിയുള്ള പഠിപ്പിക്കലിന്റെ, കാതലിൽ കുത്തുന്നപോലെയാണ്. (യോഹന്നാൻ 3:16) നമുക്ക് എന്നേക്കും ജീവിക്കാനുള്ള അവസരം വിലയ്ക്കു വാങ്ങാൻവേണ്ടി ദൈവം ഉന്നതമായ വില—തന്റെ സ്വന്തം പുത്രന്റെ വിലയേറിയ ജീവൻ—കൊടുത്തെങ്കിൽ അവൻ തീർച്ചയായും നമ്മെ സ്നേഹിക്കുന്നുവെന്നതിൽ സംശയമില്ല; തീർച്ചയായും നാം അവന്റെ ദൃഷ്ടിയിൽ കൊള്ളാവുന്നവരായിരിക്കണം!
5 കൂടാതെ, നാം ദൈവത്തെ സന്തോഷിപ്പിക്കാത്തവരാണ്, നമ്മുടെ ശ്രമങ്ങളൊന്നും തക്ക ഫലമുള്ളതല്ല, എന്ന തോന്നൽ എത്ര നിരുത്സാഹജനകമായിരിക്കും! (താരതമ്യം ചെയ്യുക: സദൃശവാക്യങ്ങൾ 24:10.) നിഷേധാത്മകമായ ഈ വീക്ഷണത്തിന്റെ വെളിച്ചത്തിൽ, സാധ്യമുള്ളിടത്തോളം ദൈവസേവനത്തിൽ നമ്മെ കൂടുതൽ സഹായിക്കാനായി സദുദ്ദേശ്യത്തോടെ നൽകപ്പെടുന്ന പ്രോത്സാഹനംപോലും തങ്ങളെ കുററംവിധിക്കുന്നതിനു സമാനമാണെന്നു ചിലർക്കു തോന്നാൻ ഇടയാക്കിയേക്കാം. അത്, നാം ചെയ്യുന്നതൊന്നും പോരാ എന്ന നമ്മുടെ സ്വന്തം ആന്തരിക ബോധ്യത്തെ പ്രതിധ്വനിപ്പിക്കുന്നതായി തോന്നിച്ചേക്കാം.
6. നമ്മെപ്പററിത്തന്നെയുള്ള അത്യന്തം നിഷേധാത്മക ചിന്തയ്ക്കുള്ള ഏററവും നല്ല പ്രതിവിധി എന്താണ്?
6 എങ്കിലും, അത്തരം നിഷേധാത്മക വിചാരം നിങ്ങൾക്കുണ്ടാകുന്നതുപോലെ തോന്നുന്നെങ്കിൽ നിരാശപ്പെടരുത്. നമ്മിലനേകരും ഇടയ്ക്കിടെ സ്വയം നിശിതമായി വിമർശിക്കുന്നവരാണ്. കൂടാതെ, ദൈവവചനം “ഗുണീകരണത്തി”നുവേണ്ടിയും “കോട്ടകളെ ഇടിപ്പാൻ”വേണ്ടിയും രൂപകൽപ്പന ചെയ്തിരിക്കുന്നതാണെന്ന് ഓർക്കുക. (2 തിമൊഥെയൊസ് 3:16; 2 കൊരിന്ത്യർ 10:4) “നാം സത്യത്തിന്റെ പക്ഷത്തു നില്ക്കുന്നവർ എന്നു ഇതിനാൽ അറിയും; ഹൃദയം നമ്മെ കുററം വിധിക്കുന്നു എങ്കിൽ ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും എന്നു നമ്മുടെ ഹൃദയത്തെ അവന്റെ സന്നിധിയിൽ ഉറപ്പിക്കാം” എന്ന് അപ്പോസ്തലനായ യോഹന്നാൻ എഴുതി. (1 യോഹന്നാൻ 3:19, 20) എങ്കിൽ, നാം യഹോവക്കു വിലയേറിയവരാണെന്നു ബൈബിൾ പഠിപ്പിക്കുന്ന മൂന്നു വിധം നമുക്കു പരിചിന്തിക്കാം.
യഹോവ നിങ്ങളെ വിലയേറിയവരായി കണക്കാക്കുന്നു
7. ദൈവത്തിന്റെ ദൃഷ്ടിയിൽ ക്രിസ്ത്യാനികൾക്കുള്ള വിലയെക്കുറിച്ച് യേശു അവരെ എങ്ങനെയാണു പഠിപ്പിച്ചത്?
7 ആദ്യമായി, നാമോരോരുത്തരും ദൈവത്തിന്റെ ദൃഷ്ടിയിൽ വിലയുള്ളവരാണെന്നു ബൈബിൾ നേരിട്ടു പഠിപ്പിക്കുന്നു. “രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വില്ക്കുന്നില്ലയോ? അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല. നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ” എന്ന് യേശു പറഞ്ഞു. (ലൂക്കൊസ് 12:6, 7) അന്നൊക്കെ ഭക്ഷ്യവസ്തുവായി വിററിരുന്ന പക്ഷികളിൽ കുരികിലായിരുന്നു ഏററവും തരംതാണയിനം എന്നുവരികിലും, അവയിലൊന്നുപോലും സ്രഷ്ടാവിന്റെ ശ്രദ്ധയിൽപ്പെടാതെ പോയില്ല. അങ്ങനെ അതിശയിപ്പിക്കുന്ന ഒരു വിപരീത താരതമ്യത്തിന് അടിത്തറപാകി: പക്ഷികളെക്കാൾ എത്രയോ ഏറെ വിലയുള്ള മനുഷ്യനെ സംബന്ധിച്ച് ദൈവം സകലതും അറിയുന്നു. അത് അക്ഷരാർഥത്തിൽ നമ്മുടെ തലമുടി ഓരോന്നും എണ്ണിയിരിക്കുന്നപോലെയാണ്!
8. യഹോവക്കു നമ്മുടെ തലമുടിപോലും എണ്ണാൻ കഴിയുമെന്നു ചിന്തിക്കുന്നതു യാഥാർഥ്യമായിരിക്കുന്നത് എന്തുകൊണ്ട്?
8 തലമുടി എണ്ണിയിരിക്കുന്നുവെന്നോ? യേശുവിന്റെ ദൃഷ്ടാന്തത്തിന്റെ ഈ ഘടകം അയഥാർഥമാണെന്നു നിങ്ങൾ ശങ്കിക്കുന്നുവെങ്കിൽ ഇതു പരിചിന്തിക്കുക: തന്റെ വിശ്വസ്ത ദാസൻമാരെ ഉയിർപ്പിക്കത്തക്കവണ്ണം—അവരുടെ സങ്കീർണമായ ജനിതകം സഹിതം, ഓരോ വിശദാംശത്തിലും അവരുടെ മുഴു സ്മരണകളും അനുഭവങ്ങളും സഹിതം, അവരെ പുതുതായി സൃഷ്ടിച്ചുകൊണ്ട്—ദൈവം അവരെ പൂർണമായി ഓർക്കുന്നു. അതുമായി തുലനം ചെയ്യുമ്പോൾ നമ്മുടെ തലമുടി എണ്ണുന്നത് (സാധാരണ തലയിൽ ഏതാണ്ട് 1,00,000 മുടി കിളിർക്കും) ഒരു ലളിതമായ വേലയായിരിക്കും!—ലൂക്കൊസ് 20:37, 38.
യഹോവ നമ്മിൽ കാണുന്നത് എന്താണ്?
9. (എ) യഹോവ വിലകൽപ്പിക്കുന്ന ചില ഗുണങ്ങൾ ഏവ? (ബി) അത്തരം ഗുണങ്ങൾ അവനു വിലയേറിയതാണെന്നു നിങ്ങൾ ചിന്തിക്കുന്നത് എന്തുകൊണ്ട്?
9 രണ്ടാമതായി, യഹോവ നമ്മിൽ വിലകണ്ടെത്തുന്നുവെന്നു ബൈബിൾ പഠിപ്പിക്കുന്നു. ലളിതമായി പറഞ്ഞാൽ, നമ്മുടെ ക്രിയാത്മക ഗുണങ്ങളിലും ശ്രമങ്ങളിലും അവൻ ആനന്ദിക്കുന്നു. ദാവീദ് രാജാവു തന്റെ പുത്രനായ ശലോമോനോടു പറഞ്ഞു: “യഹോവ സർവ്വ ഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു.” (1 ദിനവൃത്താന്തം 28:9) അക്രമവും വിദ്വേഷവും നിറഞ്ഞ ഈ ലോകത്തു ദൈവം ശതകോടിക്കണക്കിനു ഹൃദയങ്ങൾ പരിശോധിക്കുമ്പോൾ സമാധാനവും സത്യവും നീതിയും സ്നേഹിക്കുന്ന ഒരു ഹൃദയം കണ്ടെത്തുമ്പോൾ അവൻ എത്ര ആനന്ദിതനായിരിക്കും! (താരതമ്യം ചെയ്യുക: യോഹന്നാൻ 1:47; 1 പത്രൊസ് 3:4.) തന്റെ നേർക്കുള്ള സ്നേഹഭരിതമായ ഒരു ഹൃദയം, തന്നെപ്പററി അറിയാൻ അന്വേഷിക്കുകയും ആ അറിവു മററുള്ളവരുമായി പങ്കിടുകയും ചെയ്യുന്ന ഒരു ഹൃദയം, ദൈവം കണ്ടെത്തുമ്പോൾ എന്തു സംഭവിക്കുന്നു? തന്നെപ്പററി മററുള്ളവരോടു സംസാരിക്കുന്നതു താൻ ശ്രവിക്കുന്നുവെന്നും എല്ലാ “യഹോവാഭക്തൻമാർക്കും അവന്റെ നാമത്തെ സ്മരിക്കുന്നവർക്കും വേണ്ടി . . . ഒരു സ്മരണപുസ്തകം എഴുതിവെച്ചിരിക്കു”ന്നുവെന്നുപോലും മലാഖി 3:16-ൽ യഹോവ നമ്മോടു പറയുന്നു. അത്തരം ഗുണങ്ങൾ അവനു വിലയേറിയവയാണ്!
10-11. (എ) യഹോവ തങ്ങളുടെ സദ്ഗുണങ്ങൾക്കു വിലകൽപ്പിക്കുന്നുവെന്നതിന്റെ തെളിവ് അവഗണിക്കാൻ ചിലർ പ്രവണത കാട്ടിയേക്കാവുന്നതെങ്ങനെ? (ബി) യഹോവ നല്ല ഗുണങ്ങളെ എല്ലാ വിധത്തിലും വിലകൽപ്പിക്കുന്നുവെന്ന് അബീയാവിന്റെ ദൃഷ്ടാന്തം കാണിക്കുന്നതെങ്ങനെ?
10 എന്നിരുന്നാലും, സ്വയം കുററംവിധിക്കുന്ന ഹൃദയം ദൈവദൃഷ്ടിയിൽ നമുക്കുള്ള വിലയുടെ അത്തരം തെളിവിനെ നിരാകരിച്ചെന്നു വരാം. അത് നിഷ്കർഷത്തോടെ ഇങ്ങനെ മന്ത്രിച്ചേക്കാം, ‘എങ്കിലും ആ ഗുണങ്ങളിൽ എന്നെക്കാൾ മാതൃകായോഗ്യരായ എത്രയോ പേർ ഉണ്ട്. എന്നെ അവരുമായി താരതമ്യം ചെയ്യുമ്പോൾ യഹോവക്ക് എത്ര നിരാശ അനുഭവപ്പെടും!’ യഹോവ താരതമ്യം ചെയ്യുന്നില്ല, അവൻ കർക്കശനല്ല, ഒട്ടും കുറയാതെ എല്ലാം വേണമെന്ന പിടിവാശിക്കാരനുമല്ല. (ഗലാത്യർ 6:4) വളരെ ചതുരതയോടെയാണ് അവൻ ഹൃദയങ്ങളെ വായിക്കുന്നത്, തന്നെയുമല്ല, നല്ല ഗുണങ്ങളെ എല്ലാ വിധത്തിലും അവൻ വിലകൽപ്പിക്കുന്നു.
11 ദൃഷ്ടാന്തത്തിന്, യൊരോബെയാം രാജാവിന്റെ മുഴു കുലത്തെയും വധിക്കുന്നതിന്, “കാഷ്ഠം” കോരിക്കളയുന്നപോലെ കോരിക്കളയുന്നതിന്, യഹോവ കൽപ്പന പുറപ്പെടുവിച്ചപ്പോൾ രാജാവിന്റെ പുത്രൻമാരിലൊരാളായ അബീയാവിനെ മാന്യമായി അടക്കം ചെയ്യണമെന്ന് അവൻ കൽപ്പിച്ചു. എന്തുകൊണ്ട്? “യിസ്രായേലിന്റെ ദൈവമായ യഹോവെക്കു പ്രസാദമുള്ള കാര്യം അല്പം കാണുകയാൽ.” (1 രാജാക്കൻമാർ 14:10, 13) അബീയാവു യഹോവയുടെ ഒരു വിശ്വസ്ത ആരാധകനായിരുന്നുവെന്ന് അത് അർഥമാക്കുന്നുണ്ടോ? തന്റെ ദുഷ്ട കുടുംബാംഗങ്ങളെപ്പോലെ അവനും മരിച്ചതിനാൽ അങ്ങനെയായിരുന്നിരിക്കണമെന്നു നിർബന്ധമില്ല. (ആവർത്തനപുസ്തകം 24:16) എന്നിട്ടും, യഹോവ അബീയാവിന്റെ ഹൃദയത്തിൽ “പ്രസാദമുള്ള കാര്യം അല്പം” കണ്ടതിന് അവൻ വിലകൽപ്പിക്കുകയും തദനുസരണം പെരുമാറുകയും ചെയ്തു. മുഴു ബൈബിളിനെപ്പററിയുമുള്ള മാത്യു ഹെൻറിയുടെ ഭാഷ്യം (ഇംഗ്ലീഷ്) ഇങ്ങനെ സൂചിപ്പിക്കുന്നു: “എന്തെങ്കിലും ഒരു നല്ല കാര്യമുണ്ടെങ്കിൽ അതു കണ്ടെത്തും: അൽപ്പമായിരുന്നാൽപ്പോലും അതന്വേഷിക്കുന്ന ദൈവം അതു കണ്ടെത്തും, അതിൽ സന്തോഷിക്കുകയും ചെയ്യും.” അൽപ്പമളവിലെങ്കിലും നല്ല ഗുണം ദൈവം നിങ്ങളിൽ കണ്ടെത്തുന്നുവെങ്കിൽ അവനെ വിശ്വസ്തതയോടെ സേവിക്കാൻ നിങ്ങൾ ശ്രമിക്കുന്നിടത്തോളം കാലം അതു വളർത്തിയെടുക്കാൻ അവനു കഴിയുമെന്ന കാര്യം മറക്കരുത്.
12-13. (എ) യഹോവ നമ്മുടെ ശ്രമങ്ങളെ വിലയുള്ളതായി കരുതുന്നു എന്നു സങ്കീർത്തനം 139:3 കാണിക്കുന്നതെങ്ങനെ? (ബി) യഹോവ നമ്മുടെ പ്രവർത്തനങ്ങൾ അരിച്ചെടുക്കുന്നുവെന്ന് എന്തർഥത്തിൽ പറയാനാവും?
12 യഹോവ നമ്മുടെ ശ്രമങ്ങൾക്കു സമാനമായ ഒരു വിധത്തിൽ വിലകൽപ്പിക്കുന്നു. സങ്കീർത്തനം 139:1-3-ൽ നാം ഇങ്ങനെ വായിക്കുന്നു: “യഹോവേ, നീ എന്നെ ശോധനചെയ്തു അറിഞ്ഞിരിക്കുന്നു; ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു. എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു.” അതുകൊണ്ട്, യഹോവ നമ്മുടെ സകല പ്രവൃത്തികളും അറിയുന്നു. എന്നാൽ യഹോവ അറിയുകമാത്രമല്ല ചെയ്യുന്നത്. എബ്രായ ഭാഷയിൽ “എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു” എന്ന പ്രയോഗം, “നീ എന്റെ വഴികളെല്ലാം നിധിപോലെ കാക്കുന്നു” അല്ലെങ്കിൽ “നീ എന്റെ വഴികളെല്ലാം കാത്തുപരിപാലിക്കുന്നു” എന്ന അർഥവും ധ്വനിപ്പിക്കുന്നു. (താരതമ്യം ചെയ്യുക: മത്തായി 6:19, 20) എങ്കിലും, നാം ഇത്രയധികം അപൂർണരും പാപികളുമായിരിക്കെ നമ്മുടെ വഴികൾ കാത്തുപരിപാലിക്കാൻ യഹോവക്ക് എങ്ങനെ കഴിയും?
13 രസകരമെന്നു പറയട്ടെ, ചില പണ്ഡിതൻമാർ പറയുന്നപ്രകാരം, തന്റെ നടപ്പും വിശ്രമ ഘട്ടങ്ങളും യഹോവ “ശോധന ചെയ്യുന്നു” എന്നു ദാവീദ് എഴുതിയപ്പോൾ എബ്രായ ഭാഷയിൽ അതിന്റെ അക്ഷരീയ അർഥം “അരിച്ചെടുക്കുക” അല്ലെങ്കിൽ “പാററിയെടുക്കുക” എന്ന് അർഥമാക്കി. ഒരു പരാമർശ ഗ്രന്ഥം ഇപ്രകാരം അഭിപ്രായപ്പെട്ടു: “അതിന്റെ അർഥം . . . ഉമി മുഴുവൻ പാററിക്കളഞ്ഞ് ധാന്യങ്ങൾ മുഴുവൻ അവശേഷിപ്പിക്കുക—വിലയേറിയതെല്ലാം സംരക്ഷിക്കുക—എന്നാണ്. അതുകൊണ്ട് ഇവിടെ അത് അർഥമാക്കുന്നത് ദൈവം, ആലങ്കാരിക അർഥത്തിൽ, അവനെ അരിച്ചെടുത്തു എന്നാണ്. അവൻ ഉമിയെല്ലാം അഥവാ വിലയില്ലാത്തതെല്ലാം, പറത്തിക്കളയുകയും അവശേഷിക്കുന്നത് അകൃത്രിമവും സത്തയുമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.” സ്വയം കുററംവിധിക്കുന്ന ഹൃദയം നമ്മുടെ പ്രവർത്തനങ്ങളെ വിപരീത മാർഗത്തിൽ അരിച്ചെടുത്തേക്കാം, കഴിഞ്ഞകാല തെററുകളെപ്പററി യാതൊരു ദയയുമില്ലാതെ നമ്മെ പരുഷമായി ശകാരിക്കുകയും നമ്മുടെ നേട്ടങ്ങളെ വിലയില്ലാത്തതായി തള്ളിക്കളയുകയും ചെയ്തുകൊണ്ടുതന്നെ. എന്നാൽ നാം ആത്മാർഥമായി അനുതപിക്കുകയും നമ്മുടെ തെററുകൾ ആവർത്തിക്കാതിരിക്കാൻ കഠിനശ്രമം ചെലുത്തുകയും ചെയ്യുന്നെങ്കിൽ യഹോവ നമ്മുടെ പാപങ്ങൾ പൊറുക്കും. (സങ്കീർത്തനം 103:10-14; പ്രവൃത്തികൾ 3:19) അവൻ നമ്മെ അരിക്കുകയും നമ്മുടെ സത്പ്രവൃത്തികൾ ഓർക്കുകയും ചെയ്യുന്നു. നാം വിശ്വസ്തരായി നിലകൊള്ളുന്ന കാലമെല്ലാം അവൻ അവ ഓർക്കുന്നുവെന്നതാണു വാസ്തവം. അവ മറക്കുക എന്നു പറയുന്നത് അവൻ അനീതിയായി വീക്ഷിക്കും, അവൻ ഒരിക്കലും നീതികെട്ടവനല്ലതാനും!—എബ്രായർ 6:10.
14. ക്രിസ്തീയ ശുശ്രൂഷയിലുള്ള നമ്മുടെ പ്രവർത്തനത്തെ യഹോവ വിലകൽപ്പിക്കുന്നുവെന്നു കാണിക്കുന്നതെന്ത്?
14 ദൈവം വിലകൽപ്പിക്കുന്ന ചില സത്പ്രവൃത്തികൾ എന്തെല്ലാമാണ്? അവന്റെ പുത്രനായ യേശുക്രിസ്തുവിനെ അനുകരിച്ചു നാം ചെയ്യുന്ന എന്തും. (1 പത്രൊസ് 2:21) അങ്ങനെയെങ്കിൽ, വളരെ പ്രധാനപ്പെട്ട ഒരു വേല തീർച്ചയായും ദൈവരാജ്യത്തെപ്പററിയുള്ള സുവാർത്ത വ്യാപിപ്പിക്കുന്നതാണ്. ‘“നൻമ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം”’ എന്നു നാം റോമർ 10:15-ൽ വായിക്കുന്നു. നമ്മുടെ കാലുകൾ “മനോഹര”മായി നാം സാധാരണഗതിയിൽ ചിന്തിക്കാറില്ലെന്നുവരികിലും പൗലോസ് ഇവിടെ ഉപയോഗിക്കുന്ന പദം, ഗ്രീക്ക് സെപ്ററുവജിൻറ് വേർഷനിൽ റിബേക്ക, റാഹേൽ, യോസേഫ് എന്നിവരെ—സൗന്ദര്യത്തിന്റെ കാര്യത്തിൽ ശ്രദ്ധേയരായ ഈ മൂന്നുപേരെയും—വർണിക്കാൻ ഉപയോഗിച്ചിരിക്കുന്ന അതേ പദംതന്നെയാണ്. (ഉല്പത്തി 26:7; 29:17; 39:6) അതുകൊണ്ട്, യഹോവയുടെ സേവനത്തിൽ നാം ഏർപ്പെടുന്നത് അവന്റെ ദൃഷ്ടിയിൽ മനോഹരവും വിലയേറിയതുമാണ്.—മത്തായി 24:14; 28:19, 20.
15-16. യഹോവ നമ്മുടെ സഹിഷ്ണുതയ്ക്കു വിലകൽപ്പിക്കുന്നതെന്തുകൊണ്ട്, സങ്കീർത്തനം 56:8-ലെ ദാവീദ് രാജാവിന്റെ വാക്കുകൾ ഈ വസ്തുതയ്ക്ക് അടിവരയിടുന്നത് എങ്ങനെ?
15 ദൈവം വിലകൽപ്പിക്കുന്ന നമ്മുടെ മറെറാരു ഗുണം സഹിഷ്ണുതയാണ്. (മത്തായി 24:13) നിങ്ങൾ യഹോവക്കു പുറംതിരിയാനാണു സാത്താൻ ആഗ്രഹിക്കുന്നത്. നിങ്ങൾ യഹോവയോടു വിശ്വസ്തരായി നിലകൊള്ളുന്ന ഓരോ ദിവസവും സാത്താന്റെ പരിഹാസത്തിന് ഉത്തരം നൽകാൻ നിങ്ങൾ സഹായിച്ച മറെറാരു ദിവസമാണ്. (സദൃശവാക്യങ്ങൾ 27:11) ചിലപ്പോഴെല്ലാം സഹിഷ്ണുത കാണിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ആരോഗ്യ പ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, വൈകാരിക സമ്മർദം എന്നിവയും മററു വിലങ്ങുതടികളും കടന്നുപോകുന്ന ഓരോ ദിനവും ക്ലേശകരമാക്കിയേക്കാം. അത്തരം ക്ലേശങ്ങൾക്കുമധ്യേയുള്ള സഹിഷ്ണുത യഹോവക്കു പ്രത്യേകിച്ചും വിലയേറിയതാണ്. അതുകൊണ്ടാണു ദാവീദു രാജാവ് തന്റെ കണ്ണീര് ഒരു ആലങ്കാരിക “തുരുത്തിയിൽ” ആക്കിവെക്കാൻ, “അവ നിന്റെ പുസ്തകത്തിൽ ഇല്ലയോ” എന്ന് ആത്മവിശ്വാസത്തോടെ ചോദിച്ചുകൊണ്ടു യഹോവയോട് അപേക്ഷിച്ചത്. (സങ്കീർത്തനം 56:8) അതേ, യഹോവയോടുള്ള വിശ്വസ്തത നിലനിർത്തുന്നതിനു നാം സഹിക്കുന്ന കണ്ണുനീരും കഷ്ടപ്പാടുമെല്ലാം അവൻ വിലയേറിയതായി എണ്ണുകയും ഓർക്കുകയും ചെയ്യും. അവയും യഹോവയുടെ ദൃഷ്ടിയിൽ വിലയേറിയതാണ്.
16 നമ്മുടെ മികച്ച ഗുണങ്ങളുടെയും ശ്രമങ്ങളുടെയും വീക്ഷണത്തിൽ നമ്മിലോരുത്തരിലും വിലകൽപ്പിക്കുന്ന ധാരാളം കാര്യങ്ങൾ യഹോവ കണ്ടെത്തുന്നുവെന്നത് എത്ര വ്യക്തമാണ്! സാത്താന്റെ ലോകം നമ്മോട് എങ്ങനെ പെരുമാറിയാലും വേണ്ടില്ല, യഹോവ നമ്മെ വിലയേറിയവരും “സകല ജാതികളുടെയും മനോഹരവസ്തു”ക്കളുടെ ഭാഗവുമായാണു വീക്ഷിക്കുന്നത്.—ഹഗ്ഗായി 2:7.
തന്റെ സ്നേഹം പ്രകടിപ്പിക്കാൻ യഹോവ ചെയ്തിരിക്കുന്നത്
17. യഹോവയും യേശുവും നമ്മെ വ്യക്തികളെന്നനിലയിൽ സ്നേഹിക്കുന്നുവെന്നു ക്രിസ്തുവിന്റെ മറുവിലയാഗം ബോധ്യപ്പെടുത്തേണ്ടത് എന്തുകൊണ്ട്?
17 മൂന്നാമതായി, നമ്മോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കാൻ യഹോവ അനേകം കാര്യങ്ങൾ ചെയ്യുന്നു. നാം ഒന്നിനും കൊള്ളാത്തവരും സ്നേഹിക്കപ്പെടാൻ കൊള്ളാത്തവരുമാണ് എന്ന സാത്താന്യ നുണയ്ക്കുള്ള ഏററവും ശക്തമായ ഉത്തരം ക്രിസ്തുവിന്റെ മറുവിലയാഗമാണെന്നതു തീർച്ചയാണ്. ദണ്ഡനസ്തംഭത്തിൽ യേശു അനുഭവിച്ച വേദനാജനകമായ മരണവും അതിനെക്കാളുപരി, തന്റെ പ്രിയപുത്രൻ മരിക്കുന്നതു കണ്ടപ്പോൾ യഹോവ സഹിച്ച വേദനയും അവർക്കു നമ്മോടുള്ള സ്നേഹത്തിനു തെളിവാണെന്ന കാര്യം നാം ഒരിക്കലും മറക്കരുത്. കൂടാതെ, ആ സ്നേഹം വ്യക്തിപരമായ രീതിയിൽ നമുക്കു ബാധകമാണ്. അപ്പോസ്തലനായ പൗലോസ് അതിനെ അങ്ങനെയാണു വീക്ഷിച്ചത്. തൻമൂലം, “എന്നെ സ്നേഹിച്ചു എനിക്കുവേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്ര”നെന്ന് അവൻ എഴുതി.—ഗലാത്യർ 2:20.
18. ഏതർഥത്തിലാണു യഹോവ നമ്മെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നത്?
18 ക്രിസ്തുവിന്റെ ബലിയിൽനിന്നു പ്രയോജനങ്ങൾ അനുഭവിക്കുന്നതിനു നമ്മെ വ്യക്തിപരമായി സഹായിച്ചുകൊണ്ട് യഹോവ തന്റെ സ്നേഹം തെളിയിച്ചു. “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല” എന്ന് യേശു യോഹന്നാൻ 6:44-ൽ പറഞ്ഞു. വ്യക്തിപരമായി നമ്മുടെ പക്കൽ എത്തിച്ചേരുന്ന പ്രസംഗവേലയും നമ്മുടെ പരിമിതികളോ അപൂർണതയോ ഗണ്യമാക്കാതെ ആത്മീയ സത്യങ്ങൾ ഗ്രഹിക്കുന്നതിനും ബാധകമാക്കുന്നതിനും നമ്മുടെമേൽ ചൊരിയുന്ന അവന്റെ പരിശുദ്ധാത്മാവും മുഖാന്തരം യഹോവ വ്യക്തിപരമായി നമ്മെ അവന്റെ പുത്രനിലേക്കും നിത്യജീവനിലേക്കും അടുപ്പിക്കുന്നു. അതുകൊണ്ട്, “നിത്യസ്നേഹംകൊണ്ടു ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു അതുകൊണ്ടു ഞാൻ നിനക്കു ദയ ദീർഘമാക്കിയിരിക്കുന്നു” എന്ന് ഇസ്രായേലിനെപ്പററി പറഞ്ഞതുപോലെ നമ്മെപ്പററിയും യഹോവക്കു പറയാൻ കഴിയും.—യിരെമ്യാവു 31:3.
19. പ്രാർഥിക്കുന്നതിനുള്ള പദവി യഹോവക്കു നമ്മുടെ നേർക്കുള്ള വ്യക്തിപരമായ സ്നേഹത്തെപ്പററി ബോധ്യപ്പെടുത്തേണ്ടത് എന്തുകൊണ്ട്?
19 എന്നുവരികിലും, ഏററവും ഉററവിധത്തിൽ നാം യഹോവയുടെ സ്നേഹം അനുഭവിക്കുന്നത് ഒരുപക്ഷേ പ്രാർഥനയെന്ന പദവിയിലൂടെയാണ്. തന്നോട് “ഇടവിടാതെ പ്രാർത്ഥിപ്പിൻ” എന്ന ക്ഷണം അവൻ നമുക്കു നൽകുന്നു. (1 തെസ്സലൊനീക്യർ 5:17) അവൻ ചെവിചായ്ക്കുന്നു! “പ്രാർത്ഥന കേൾക്കുന്നവ”നെന്നുപോലും അവൻ വിളിക്കപ്പെട്ടിരിക്കുന്നു. (സങ്കീർത്തനം 65:2) ഈ സ്ഥാനം അവൻ ആരെയും, സ്വന്തം പുത്രനെപ്പോലും, ഏൽപ്പിച്ചിട്ടില്ല. ഒന്നു ചിന്തിച്ചുനോക്കൂ: സംസാരസ്വാതന്ത്ര്യത്തോടെ പ്രാർഥനയിൽ തന്നെ സമീപിക്കാൻ അഖിലാണ്ഡത്തിന്റെ സ്രഷ്ടാവ് നമ്മെ പ്രേരിപ്പിക്കുന്നു. നിങ്ങളുടെ പ്രാർഥന, താൻ ഒരുപക്ഷേ ചെയ്യാൻ ഉദ്ദേശിക്കാതിരുന്ന കാര്യം ചെയ്യാൻ യഹോവയെ പ്രേരിപ്പിച്ചെന്നു വരാം.—എബ്രായർ 4:16; യാക്കോബ് 5:16; കാണുക: യെശയ്യാവു 38:1-16.
20. ദൈവത്തിനു നമ്മോടുള്ള സ്നേഹം ദുരഭിമാനത്തിനോ ഞാനെന്ന ഭാവത്തിനോ ഉള്ള ഒഴികഴിവല്ലാത്തത് എന്തുകൊണ്ട്?
20 സമനിലയുള്ള ഒരു ക്രിസ്ത്യാനിയും ദൈവത്തിന്റെ സ്നേഹത്തിന്റെയും ആദരവിന്റെയും തെളിവിനെ താൻ ആയിരിക്കുന്നതിലുമധികം പ്രാധാന്യമുള്ളവനായി സ്വയം വീക്ഷിക്കാനുള്ള ഒഴികഴിവായി കണക്കാക്കുകയില്ല. “ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു” എന്ന് പൗലോസ് എഴുതി. (റോമർ 12:3) നമ്മുടെ സ്വർഗീയ പിതാവിന്റെ സ്നേഹത്തിന്റെ ഊഷ്മളതയിൽ മുങ്ങിത്തുടിക്കുമ്പോൾതന്നെ നമുക്കു സുബോധമുള്ളവരായിരിക്കാം, ദൈവത്തിന്റെ സ്നേഹദയ അനർഹമാണെന്നും നമുക്ക് ഓർമിക്കാം.—താരതമ്യം ചെയ്യുക: ലൂക്കൊസ് 17:10.
21. നാം നിരന്തരം ത്യജിക്കേണ്ട സാത്താന്യ നുണയേത്, എന്നും ധ്യാനിക്കേണ്ട ദിവ്യസത്യം ഏത്?
21 നശിച്ചുകൊണ്ടിരിക്കുന്ന ഈ പഴയ വ്യവസ്ഥിതിയിൽ സാത്താൻ ഉന്നമിപ്പിക്കുന്ന ഏത് ആശയങ്ങളെയും ചെറുക്കുന്നതിനു നമ്മാൽ ആകുന്നതെല്ലാം നമുക്കോരോരുത്തർക്കും ചെയ്യാം. നാം ഒന്നിനും കൊള്ളരുതാത്തവരാണെന്നോ സ്നേഹിക്കപ്പെടാത്തവരാണെന്നോ ഉള്ള ചിന്ത ത്യജിക്കുന്നത് അതിൽ ഉൾപ്പെടുന്നു. ദൈവത്തിന്റെ തീവ്രമായ സ്നേഹം കരകവിഞ്ഞൊഴുകുന്നതു തടയാനുള്ള ഒരു വരമ്പായി സ്വയം കാണാനോ സർവവും കാണുന്ന അവന്റെ കണ്ണുകൾക്കുപോലും കാണാൻ വയ്യാത്തവിധം അത്ര നിസ്സാരമാണു നിങ്ങളുടെ സത്പ്രവൃത്തികൾ എന്നു ചിന്തിക്കാനോ അവന്റെ വിലയേറിയ പുത്രന്റെ മരണത്തിനുപോലും മറയ്ക്കാനാവാത്തവിധം അത്ര വലുതാണു നിങ്ങളുടെ പാപമെന്നു ചിന്തിക്കാനോ ഈ വ്യവസ്ഥിതി നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടെങ്കിൽ അതു നുണയാണ്. അത്തരം നുണകൾ അവ അർഹിക്കുന്ന വെറുപ്പോടെ ത്യജിച്ചു കളയുക! “മരണത്തിന്നോ ജീവന്നോ ദൂതൻമാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മററു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു” എന്ന റോമർ 8:38, 39-ലെ അപ്പോസ്തലനായ പൗലോസിന്റെ നിശ്വസ്ത വാക്കുകൾ നമുക്ക് എല്ലായ്പോഴും മനസ്സിൽ പിടിക്കാം.
[അടിക്കുറിപ്പുകൾ]
a വാസ്തവത്തിൽ, അവർ ദരിദ്രരെ “അംഹാരെററ്സ്” അഥവാ “നിലത്തെ ആളുകൾ” എന്ന നിന്ദാപദംകൊണ്ട് പുറംതള്ളിയിരുന്നു. ഒരു പണ്ഡിതന്റെ വാക്കുകളിൽ പറഞ്ഞാൽ, വിലയേറിയ സാധനങ്ങളൊന്നും ഇക്കൂട്ടരെ വിശ്വസിച്ചേൽപ്പിക്കരുത്, അവരുടെ സാക്ഷ്യം സ്വീകരിക്കരുത്, അവരെ അതിഥികളായി സ്വീകരിക്കരുത്, അവരുടെ അതിഥികളാകരുത്, അവരിൽനിന്ന് ഒന്നും വാങ്ങരുത് എന്നെല്ലാം പരീശൻമാർ പഠിപ്പിച്ചിരുന്നു. ഒരുവന്റെ മകൾ ഇവരിൽ ഒരാളെ വിവാഹം ചെയ്യുന്നത്, അവളെ കൂച്ചിക്കെട്ടി നിസ്സഹായയായി ഒരു മൃഗത്തിന്റെ മുന്നിൽ എറിഞ്ഞുകളയുന്നതിനു സമാനമാണെന്നു മതനേതാക്കൻമാർ പറഞ്ഞു.
നിങ്ങൾ എന്തു വിചാരിക്കുന്നു?
◻ നാം ഒന്നിനുംകൊള്ളാത്തവരാണെന്നും സ്നേഹിക്കപ്പെടാത്തവരാണെന്നും നമ്മെ ബോധ്യപ്പെടുത്താൻ സാത്താൻ ശ്രമിക്കുന്നതെന്തുകൊണ്ട്?
◻ യഹോവ നമ്മെ ഓരോരുത്തരെയും വിലയുള്ളതായി കരുതുന്നുവെന്നു യേശു പഠിപ്പിച്ചതെങ്ങനെ?
◻ യഹോവ നമ്മുടെ നല്ല ഗുണങ്ങളെ വിലയുള്ളതായി കരുതുന്നുവെന്നു നാം അറിയുന്നതെങ്ങനെ?
◻ യഹോവ നമ്മുടെ ശ്രമങ്ങളെ നിധിപോലെ കാക്കുന്നുവെന്നു നമുക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും?
◻ വ്യക്തികളെന്ന നിലയിൽ യഹോവക്കു നമ്മോടുള്ള സ്നേഹം അവൻ എങ്ങനെയാണു തെളിയിച്ചിരിക്കുന്നത്?
[13-ാം പേജിലെ ചിത്രം]
തന്റെ നാമത്തിൽ ചിന്തിക്കുന്നവരെയെല്ലാം യഹോവ ശ്രദ്ധിക്കുകയും ഓർക്കുകയും ചെയ്യുന്നു