സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം
‘ദൈവത്തിന്നു മുഖപക്ഷമില്ല, ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു.’—പ്രവൃത്തികൾ 10:34, 35.
1. ബൈബിളിനെക്കുറിച്ച് എന്തു വിചാരിക്കുന്നുവെന്നു ചോദിച്ചപ്പോൾ ഒരു പ്രൊഫസർ എങ്ങനെ പ്രതികരിച്ചു, അദ്ദേഹം എന്തു ചെയ്യാൻ തീരുമാനിച്ചു?
ഒരു ഞായറാഴ്ച ഉച്ചതിരിഞ്ഞുള്ള സമയം. ഒരു പ്രൊഫസർ തന്റെ ഭവനത്തിലിരിക്കുകയായിരുന്നു. അന്നാരെങ്കിലും സന്ദർശകരായി എത്തുമെന്ന പ്രതീക്ഷയൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അപ്പോഴാണു നമ്മുടെ ഒരു ക്രിസ്തീയ സഹോദരി അദ്ദേഹത്തിന്റെ ഭവനം സന്ദർശിക്കുന്നത്. അവൾക്കു പറയാനുള്ളത് അദ്ദേഹം ശ്രദ്ധിച്ചുകേട്ടു. അവൾ സംസാരിച്ചത് അദ്ദേഹത്തിനിഷ്ടപ്പെട്ട വിഷയങ്ങളായിരുന്നു—മലിനീകരണവും ഭൂമിയുടെ ഭാവിയും. എന്നാൽ ചർച്ചയ്ക്കിടയിൽ അവൾ ബൈബിൾ എടുത്തപ്പോൾ അദ്ദേഹം സംശയാലുവായി കാണപ്പെട്ടു. അതുകൊണ്ട് ബൈബിളിനെക്കുറിച്ച് എന്തു വിചാരിക്കുന്നുവെന്ന് അവൾ അദ്ദേഹത്തോടു ചോദിച്ചു.
“അതൊരു നല്ല പുസ്തകംതന്നെ, ബുദ്ധിമാന്മാരായ ചില മനുഷ്യർ എഴുതിയത്. എങ്കിലും ഗൗരവബുദ്ധിയോടെ കാണേണ്ട ഒന്നല്ല ബൈബിൾ,” അദ്ദേഹം മറുപടി പറഞ്ഞു.
“താങ്കൾ എന്നെങ്കിലും ബൈബിൾ വായിച്ചിട്ടുണ്ടോ?” അവൾ ചോദിച്ചു.
അമ്പരന്നുപോയ ആ പ്രൊഫസർക്ക്, താൻ അതു വായിച്ചിട്ടില്ലെന്നു സമ്മതിക്കേണ്ടിവന്നു.
അപ്പോൾ അവൾ ഇങ്ങനെ ചോദിച്ചു: “ഒരിക്കലും വായിക്കാത്ത ഒരു ഗ്രന്ഥത്തെക്കുറിച്ചു താങ്കൾക്ക് ഒരു ഉറച്ച അഭിപ്രായം പറയാൻ എങ്ങനെ സാധിക്കും?”
നമ്മുടെ സഹോദരി പറഞ്ഞതിൽ കഴമ്പുണ്ടായിരുന്നു. ബൈബിൾ വായിച്ച് അതേക്കുറിച്ച് ഒരഭിപ്രായം രൂപപ്പെടുത്തിയെടുക്കാൻ പ്രൊഫസർ തീരുമാനിച്ചു.
2, 3. അനേകമാളുകൾക്കും ബൈബിൾ ഒരു അടഞ്ഞ പുസ്തകമായിരിക്കുന്നതെന്തുകൊണ്ട്, ഇതു നമുക്ക് എന്തു വെല്ലുവിളി ഉയർത്തുന്നു?
2 ഇക്കാര്യത്തിൽ പ്രൊഫസർ തനിച്ചല്ല. വ്യക്തിപരമായി ഒരിക്കലും ബൈബിൾ വായിച്ചിട്ടില്ലെങ്കിലും അനേകമാളുകൾക്കും അതിനെക്കുറിച്ചു വ്യക്തമായ അഭിപ്രായങ്ങളുണ്ട്. അവരുടെ കൈവശം ഒരു ബൈബിൾ ഉണ്ടായിരുന്നേക്കാം. അതിന്റെ സാഹിത്യപരമോ ചരിത്രപരമോ ആയ മൂല്യം അവർ അംഗീകരിക്കുകയും ചെയ്യുന്നുണ്ടാകാം. എന്നാൽ അനേകർക്കും അതൊരു അടഞ്ഞ പുസ്തകമാണ്. ‘ബൈബിൾ വായിക്കാൻ എനിക്കു സമയമില്ല’ എന്നു ചിലർ പറഞ്ഞേക്കാം. ‘അത്തരമൊരു പുരാതന ഗ്രന്ഥം എങ്ങനെയാണ് എന്റെ ജീവിതത്തിൽ പ്രസക്തമാകുക?’ എന്നു ചിലർ ചിന്തിച്ചേക്കാം. അത്തരം വീക്ഷണഗതികൾ നമുക്കൊരു യഥാർഥ വെല്ലുവിളിയാണ്. ബൈബിൾ ‘ദൈവശ്വാസീയമാ’ണെന്നും ‘ഉപദേശത്തിനു പ്രയോജനമുള്ളതാ’ണെന്നും യഹോവയുടെ സാക്ഷികൾ ഉറപ്പായി വിശ്വസിക്കുന്നു. (2 തിമൊഥെയൊസ് 3:16, 17) എന്നാൽ ആളുകളുടെ വർഗീയമോ ദേശീയമോ വംശീയമോ ആയ പശ്ചാത്തലം ഏതായിരുന്നാലും തങ്ങൾ ബൈബിൾ പരിശോധിക്കേണ്ടതാണെന്നു നമുക്കെങ്ങനെ അവരെ ബോധ്യപ്പെടുത്താനാകും?
3 ബൈബിൾ പരിശോധനാർഹമാണെന്നതിന്റെ ഏതാനും കാരണങ്ങൾ നമുക്കു ചർച്ചചെയ്യാം. അത്തരം ചർച്ച ശുശ്രൂഷയിൽ കണ്ടുമുട്ടുന്നവരുമായി ന്യായവാദം ചെയ്യാൻ നമ്മെ സജ്ജരാക്കുമെന്നു മാത്രമല്ല, ബൈബിൾ പറയുന്നത് തങ്ങൾ പരിഗണിക്കേണ്ടതാണെന്ന് അവരെ ബോധ്യപ്പെടുത്താനും ഒരുപക്ഷേ ഉതകിയേക്കാം. അതേസമയം, ബൈബിൾ, അത് അവകാശപ്പെടുന്നതുപോലെ, നിശ്ചയമായും “ദൈവത്തിന്റെ വചനം” തന്നെയാണെന്ന നമ്മുടെതന്നെ വിശ്വാസത്തെ ഈ പുനരവലോകനം ബലിഷ്ഠമാക്കുകയും ചെയ്യും.—എബ്രായർ 4:12.
ലോകത്തിൽ ഏറ്റവും വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്ന പുസ്തകം
4. ലോകത്തിൽ ഏറ്റവും വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രന്ഥം ബൈബിളാണെന്നു പറയാവുന്നതെന്തുകൊണ്ട്?
4 ബൈബിൾ പരിഗണനാർഹമായിരിക്കുന്നതിന്റെ ഒരു കാരണം അത് മനുഷ്യചരിത്രത്തിൽ ഏറ്റവും കൂടുതൽ വിതരണം ചെയ്യപ്പെട്ടിരിക്കുന്നതും ഏറ്റവും കൂടുതൽ ഭാഷകളിലേക്കു പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്നതുമായ പുസ്തകമാണ് എന്നതാണ്. 500-ലധികം വർഷംമുമ്പ്, കൈകൊണ്ടു നിരത്താവുന്ന അച്ചുപയോഗിച്ച് നിർമിച്ച അതിന്റെ ആദ്യത്തെ അച്ചടിച്ച പതിപ്പ് യോഹനസ് ഗുട്ടൻബെർഗിന്റെ പ്രസ്സിൽനിന്നു പുറത്തിറങ്ങി. അന്നുമുതൽ 400 കോടി ബൈബിളുകൾ മുഴുവനായോ ഭാഗികമായോ അച്ചടിച്ചിട്ടുള്ളതായി കണക്കാക്കപ്പെടുന്നു. 1996 ആയപ്പോഴേക്കും, ബൈബിൾ പൂർണമായോ ഭാഗികമായോ 2,167 ഭാഷകളിലേക്കും ഉപഭാഷകളിലേക്കും പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്.a മാനവരാശിയുടെ 90 ശതമാനത്തിലധികം പേർക്കും ബൈബിൾ ഭാഗികമായെങ്കിലും മാതൃഭാഷയിൽ ലഭ്യമാണ്. മതപരമോ ലൗകികമോ ആയ വേറൊരു പുസ്തകവും ഇതിനടുത്തുപോലും വരുന്നില്ല!
5. ബൈബിൾ ലോകമെമ്പാടുമുള്ള ആളുകൾക്കു ലഭ്യമായിരിക്കണമെന്നു നാം പ്രതീക്ഷിക്കേണ്ടതെന്തുകൊണ്ട്?
5 സ്ഥിതിവിവരക്കണക്കുകൾ മാത്രംകൊണ്ട് ബൈബിൾ ദൈവത്തിന്റെ വചനമാണെന്നു തെളിയുന്നില്ല. എങ്കിലും, ദൈവനിശ്വസ്തമായ ഒരു ലിഖിതരേഖ ലോകമെമ്പാടുമുള്ള ആളുകൾക്കു ലഭ്യമായിരിക്കേണ്ടതാണെന്നു നാം നിശ്ചയമായും പ്രതീക്ഷിക്കും. എന്തുതന്നെയായാലും, “ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു” എന്നും ബൈബിൾതന്നെ പറയുന്നുണ്ടല്ലോ. (പ്രവൃത്തികൾ 10:34, 35) മറ്റേതൊരു പുസ്തകത്തിൽനിന്നും വ്യത്യസ്തമായി, ബൈബിൾ ദേശീയ അതിർത്തികൾ കടക്കുകയും വർഗീയവും വംശീയവുമായ പ്രതിബന്ധങ്ങളെ മറികടക്കുകയും ചെയ്തിരിക്കുന്നു. സത്യമായും, സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥമാണ് ബൈബിൾ!
പരിരക്ഷിക്കപ്പെട്ടിരിക്കുന്നതിന്റെ അനുപമചരിത്രമുള്ളത്
6, 7. ബൈബിളിന്റെ മൂല എഴുത്തുകൾ ഇപ്പോഴുള്ളതായി അറിവില്ലെന്നതിൽ അതിശയിക്കാനില്ലാത്തതെന്തുകൊണ്ട്, ഇത് എന്തു ചോദ്യമുയർത്തുന്നു?
6 മറ്റൊരു കാരണത്താലും ബൈബിൾ പരിശോധന അർഹിക്കുന്നു. പ്രകൃതിജന്യവും മാനുഷികവുമായ പ്രതിബന്ധങ്ങളെ അതു തരണം ചെയ്തിരിക്കുന്നു. കനത്ത വെല്ലുവിളികളുണ്ടായിരുന്നിട്ടും അതു പരിരക്ഷിക്കപ്പെട്ട ചരിത്രം ഇതിനെ മറ്റു പുരാതന ഗ്രന്ഥങ്ങൾക്കിടയിൽ യഥാർഥത്തിൽ അനുപമമാക്കുന്നു.
7 ബൈബിളെഴുത്തുകാർ പപ്പൈറസിലും (ഇതേ പേരുള്ള ഒരു ഈജിപ്ഷ്യൻ ചെടിയിൽനിന്ന് ഉണ്ടാക്കിയത്) ചർമപത്രത്തിലും (മൃഗങ്ങളുടെ തോൽകൊണ്ട് ഉണ്ടാക്കിയത്) മഷികൊണ്ടാണ് എഴുതിയതെന്നതു വ്യക്തമാണ്.b (ഇയ്യോബ് 8:11) എന്നാൽ അത്തരം എഴുത്തുസാമഗ്രികൾക്കു പ്രകൃതിജന്യ ശത്രുക്കളുണ്ടായിരുന്നു. പണ്ഡിതനായ ഒസ്കാർ പാരറ്റ് വിശദമാക്കുന്നു: “എഴുതുന്നതിനുള്ള ഈ രണ്ടു മാധ്യമങ്ങളും ഈർപ്പം, പൂപ്പൽ, പലതരം കീടങ്ങൾ തുടങ്ങിയവയാലൊക്കെ ഒരുപോലെ നശിച്ചുപോകുന്നവയാണ്. കടലാസ്, ബലമുള്ള തുകൽപോലും, വായുസമ്പർക്കത്തിലോ നനവുള്ള മുറിയിലോ ഇരിക്കുമ്പോൾ എത്ര പെട്ടെന്നു നശിച്ചുപോകുന്നുവെന്ന് അനുദിന അനുഭവത്തിൽനിന്നു നമുക്കറിയാം.” അതുകൊണ്ട് ബൈബിളിന്റെ മൂല എഴുത്തുകൾ എവിടെയെങ്കിലും ഉള്ളതായി അറിവില്ലെന്നതിൽ അതിശയിക്കാനില്ല; അവ പണ്ടുതന്നെ ജീർണിച്ചുപോയിരിക്കാം. എന്നാൽ മൂല ലിഖിതങ്ങൾ പ്രകൃതിജന്യ ശത്രുക്കൾക്ക് അടിപ്പെട്ടുപോയെങ്കിൽ, ബൈബിളെഴുത്തുകൾ നമ്മുടെ കാലംവരെ നിലനിന്നതെങ്ങനെ?
8. നൂറ്റാണ്ടുകളായി ബൈബിളെഴുത്തുകൾ പരിരക്ഷിക്കപ്പെട്ടിരിക്കുന്നതെങ്ങനെ?
8 മൂല ലിഖിതങ്ങൾ എഴുതപ്പെട്ടതിനുശേഷം ഉടൻതന്നെ കൈകൊണ്ടു പകർത്തിയെഴുതിയ പ്രതികൾ ഉണ്ടാക്കിത്തുടങ്ങി. വാസ്തവത്തിൽ ന്യായപ്രമാണവും തിരുവെഴുത്തിന്റെ മറ്റു ഭാഗങ്ങളും പകർത്തിയെഴുതുന്നത് പുരാതന ഇസ്രായേലിൽ ഒരു തൊഴിലായിത്തീർന്നു. ഉദാഹരണത്തിന്, പുരോഹിതനായ എസ്രായെ “മോശയുടെ ന്യായപ്രമാണത്തിന്റെ ഒരു വിദഗ്ധ പകർപ്പെഴുത്തുകാരൻ” എന്നു വിളിച്ചിരിക്കുന്നു. (എസ്രാ 7:6, 11, NW; സങ്കീർത്തനം 45:1 താരതമ്യം ചെയ്യുക.) എന്നാൽ പകർപ്പെടുത്തതും നശ്വര വസ്തുക്കളിൽത്തന്നെയായിരുന്നു; കാലക്രമേണ അവയുടെ സ്ഥാനത്ത് കൈകൊണ്ടെഴുതിയ മറ്റു പകർപ്പുകൾ ഉണ്ടാക്കേണ്ടിവന്നു. പിന്നെ പകർപ്പുകളുടെ പകർപ്പെടുക്കലായി. ഈ പ്രക്രിയ നൂറ്റാണ്ടുകളോളം തുടർന്നു. മനുഷ്യർ പൂർണരല്ലാത്തതുകൊണ്ട്, പകർപ്പെഴുത്തുകാരുടെ തെറ്റുകൾ ബൈബിൾ പാഠത്തിനു സാരമായ മാറ്റം വരുത്തിയിട്ടുണ്ടോ? ഇല്ലെന്ന് തെളിവുകളുടെ കൂമ്പാരം പറയുന്നു!
9. മാസരിറ്റുകാരുടെ മാതൃക ബൈബിൾ പകർപ്പെഴുത്തുകാരുടെ അതീവ ശ്രദ്ധയെയും കൃത്യതയെയും ദൃഷ്ടാന്തീകരിക്കുന്നതെങ്ങനെ?
9 പകർപ്പെഴുത്തുകാർ വളരെ വിദഗ്ധരായിരുന്നുവെന്നു മാത്രമല്ല, പകർത്തുന്ന വചനത്തോട് അവർക്ക് ആഴമായ ആദരവുമുണ്ടായിരുന്നു. “പകർപ്പെഴുത്തുകാരൻ” എന്നതിനുള്ള എബ്രായപദത്തിന് എണ്ണിരേഖപ്പെടുത്തൽ എന്ന പരാമർശമുണ്ട്. പകർപ്പെഴുത്തുകാരുടെ അതീവ ശ്രദ്ധയും കൃത്യതയും ദൃഷ്ടാന്തീകരിക്കുന്നതിന് പൊ.യു. ആറാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനുമിടയിൽ ജീവിച്ചിരുന്ന, എബ്രായ തിരുവെഴുത്തുകളുടെ പകർപ്പെഴുത്തുകാരായ മാസരിറ്റുകാരുടെ കാര്യമെടുക്കുക. പണ്ഡിതനായ തോമസ് ഹാർട്ട്വെൽ ഹോൺ പറയുന്നതനുസരിച്ച്, “എബ്രായ തിരുവെഴുത്തുകളിൽ [എബ്രായ] അക്ഷരമാലയിലെ ഓരോ അക്ഷരവും എത്ര പ്രാവശ്യം വരുന്നുണ്ടെ”ന്ന് അവർ തിട്ടപ്പെടുത്തിയിരുന്നു. അതിന്റെ അർഥമെന്താണെന്നു ചിന്തിച്ചുനോക്കൂ! ഒരൊറ്റ അക്ഷരംപോലും വിട്ടുപോകാതിരിക്കാൻ, അർപ്പണബോധമുള്ള ഈ പകർപ്പെഴുത്തുകാർ പകർത്തിയെഴുതിയിരുന്ന വാക്കുകൾ മാത്രമല്ല, അക്ഷരങ്ങളും എണ്ണിനോക്കിയിരുന്നു. ഒരു പണ്ഡിതന്റെ കണക്കുപ്രകാരം, എബ്രായ തിരുവെഴുത്തുകളിലെ 8,15,140 അക്ഷരങ്ങൾ അവർ എണ്ണുകയുണ്ടായി! ശുഷ്കാന്തിയോടെയുള്ള അത്തരം ഉദ്യമം വലിയ അളവിലുള്ള കൃത്യത ഉറപ്പാക്കി.
10. ആധുനിക പരിഭാഷകൾ ആധാരമായി എടുത്തിട്ടുള്ള എബ്രായ, ഗ്രീക്കു പാഠങ്ങൾ മൂല എഴുത്തുകാരുടെ വാക്കുകളെത്തന്നെ പുനരാവിഷ്കരിക്കുന്നുവെന്നതിന് ശക്തമായ എന്തു തെളിവുണ്ട്?
10 വാസ്തവത്തിൽ, ആധുനിക പരിഭാഷകൾ അവയുടെ ആധാരമായി എടുത്തിട്ടുള്ള എബ്രായ, ഗ്രീക്കു പാഠങ്ങൾ മൂല എഴുത്തുകാരുടെ വാക്കുകളെത്തന്നെ ശ്രദ്ധേയമായ വിശ്വാസ്യതയോടെ പുനരാവിഷ്കരിച്ചിരിക്കുന്നുവെന്നതിന് ശക്തമായ തെളിവുണ്ട്. നമ്മുടെ കാലംവരെ അതിജീവിച്ചിരിക്കുന്ന ബൈബിൾ കയ്യെഴുത്തുപ്രതികളുടെ ആയിരക്കണക്കിനു പകർപ്പുകൾ—എബ്രായ തിരുവെഴുത്തുകളുടെ പൂർണമോ ഭാഗികമോ ആയ 6,000-ത്തോളവും ഗ്രീക്കു ഭാഷയിലുള്ള ക്രിസ്തീയ തിരുവെഴുത്തുകളുടെ 5,000-ത്തോളവും പകർപ്പുകൾ—അതിന്റെ തെളിവാണ്. നിലവിലുള്ള അനേകം കയ്യെഴുത്തുപ്രതികളുടെ ശ്രദ്ധയോടെയുള്ള ഒരു താരതമ്യ അപഗ്രഥനത്തിലൂടെ പകർപ്പെഴുത്തുകാരുടെ തെറ്റുകൾ കണ്ടുപിടിക്കാനും മൂലവാക്യങ്ങൾ നിർണയിക്കാനും പാഠനിരൂപകർക്കു സാധിക്കുന്നു. എബ്രായ തിരുവെഴുത്തുഭാഗങ്ങളെക്കുറിച്ചു പറയവേ, പണ്ഡിതനായ വില്യം എച്ച്. ഗ്രീൻ ഇങ്ങനെ പ്രസ്താവിച്ചു: “മറ്റൊരു പുരാതന ഗ്രന്ഥവും ഇത്ര കൃത്യമായി പകർത്തിയെഴുതപ്പെട്ടിട്ടില്ല എന്നു ധൈര്യമായി പറയാം.” ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളെക്കുറിച്ചും അതുപോലെ ഉറപ്പിച്ചു പറയാവുന്നതാണ്.
11. 1 പത്രൊസ് 1:24, 25-ന്റെ വെളിച്ചത്തിൽ, ബൈബിൾ നമ്മുടെ നാൾവരെ അതിജീവിച്ചിരിക്കുന്നതെന്തുകൊണ്ട്?
11 മൂല എഴുത്തുകളുടെ സ്ഥാനത്ത് കൈകൊണ്ടെഴുതിയ പകർപ്പുകൾ വന്നില്ലായിരുന്നെങ്കിൽ, ബൈബിളും അതിന്റെ അമൂല്യ സന്ദേശവും എത്ര പെട്ടെന്ന് മൺമറഞ്ഞുപോയേനേ! അതിന്റെ അതിജീവനത്തിന് ഒറ്റ കാരണമേയുള്ളൂ: യഹോവയാണ് തന്റെ വചനത്തിന്റെ പരിപാലകനും സംരക്ഷകനും. 1 പത്രൊസ് 1:24, 25-ൽ ബൈബിൾതന്നെ അതു പറയുന്നുണ്ട്: “സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലുവാടി, പൂവുതിർന്നുപോയി; കർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു.”
മനുഷ്യവർഗത്തിന്റെ ജീവദ്ഭാഷകളിലേക്ക്
12. നൂറ്റാണ്ടുകളോളമുള്ള ആവർത്തിച്ചുള്ള പകർപ്പെഴുത്തിനു പുറമേ, ബൈബിളിനു വേറേ എന്തു പ്രതിബന്ധം നേരിട്ടു?
12 നൂറ്റാണ്ടുകളോളമുള്ള പകർപ്പെഴുത്ത് ദുഷ്കരംതന്നെയായിരുന്നു. എന്നാൽ ബൈബിളിനു മറ്റൊരു പ്രതിബന്ധവും ഉണ്ടായിരുന്നു—സമകാലീന ഭാഷകളിലേക്കുള്ള പരിഭാഷ. ആളുകളുടെ ഹൃദയത്തിൽ എത്തിച്ചേരണമെങ്കിൽ ബൈബിൾ അവരുടെ ഭാഷകളിൽ ലഭ്യമായിരിക്കണം. എന്നിരുന്നാലും, 1,100-ലധികം അധ്യായങ്ങളും 31,000-ത്തിലധികം വാക്യങ്ങളുമുള്ള ബൈബിൾ പരിഭാഷപ്പെടുത്തുകയെന്നത് അത്ര എളുപ്പമുള്ള പണിയല്ല. എന്നിട്ടും, പലപ്പോഴും മറികടക്കാനാകാത്തതെന്നു തോന്നിയ പ്രതിബന്ധങ്ങളെ നേരിട്ടുകൊണ്ട് നൂറ്റാണ്ടുകളിലുടനീളം, അർപ്പിതരായ പരിഭാഷകർ സന്തോഷപൂർവം പ്രസ്തുത വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.
13, 14. (എ) 19-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ ബൈബിൾ പരിഭാഷകനായ റോബർട്ട് മോഫറ്റിന് ആഫ്രിക്കയിൽ എന്തു വെല്ലുവിളി നേരിട്ടു? (ബി) ലൂക്കൊസിന്റെ സുവിശേഷം തങ്ങളുടെ ഭാഷയിൽ ലഭ്യമായപ്പോൾ റ്റ്സ്വാന ഭാഷക്കാരായ ആളുകൾ പ്രതികരിച്ചതെങ്ങനെ?
13 ഉദാഹരണത്തിന്, ആഫ്രിക്കൻ ഭാഷകളിലേക്ക് ബൈബിൾ പരിഭാഷപ്പെടുത്തിയതെങ്ങനെയെന്നു പരിചിന്തിക്കുക. 1800-ൽ, ഏതാണ്ട് ഒരു ഡസൻ ലിഖിത ഭാഷകളേ ആഫ്രിക്കയിലെങ്ങും ഉണ്ടായിരുന്നുള്ളൂ. നൂറുകണക്കിനു മറ്റു സംസാര ഭാഷകൾക്കു ലിപിയില്ലായിരുന്നു. റോബർട്ട് മോഫറ്റ് എന്ന ബൈബിൾ പരിഭാഷകനു നേരിടേണ്ടിവന്ന വെല്ലുവിളി അങ്ങനെയുള്ളതായിരുന്നു. 1821-ൽ, 25 വയസ്സുള്ളപ്പോൾ, മോഫറ്റ് തെക്കനാഫ്രിക്കയിൽ റ്റ്സ്വാന സംസാരിക്കുന്നവരുടെ ഇടയിൽ ഒരു ദൗത്യം ഏറ്റെടുത്തു. അവരുടെ അലിഖിത ഭാഷ പഠിക്കുന്നതിനായി അദ്ദേഹം ജനങ്ങളുമായി ഇഴുകിച്ചേർന്നു. ഭാഷാസഹായികളോ നിഘണ്ടുക്കളോ ഇല്ലാതിരുന്നിട്ടും സ്ഥിരോത്സാഹം കൈവെടിയാഞ്ഞ മോഫറ്റ് അവസാനം ആ ഭാഷ സ്വായത്തമാക്കുക മാത്രമല്ല, അതിനു ലിഖിതരൂപം നൽകുകയും ചെയ്തു. ചിലരെ അദ്ദേഹം റ്റ്സ്വാന ലിപി വായിക്കാൻ പഠിപ്പിക്കുകയും ചെയ്തു. റ്റ്സ്വാനക്കാർക്കിടയിൽ എട്ടു വർഷം പ്രവർത്തിച്ചതിനുശേഷം 1829-ൽ മോഫറ്റ് ലൂക്കൊസിന്റെ സുവിശേഷത്തിന്റെ പരിഭാഷ പൂർത്തിയാക്കി. പിൽക്കാലത്ത് അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി: “വിശുദ്ധ ലൂക്കൊസിന്റെ സുവിശേഷത്തിന്റെ പ്രതികൾക്കായി ആളുകൾ നൂറുകണക്കിനു മൈൽ അകലെനിന്നു വന്നതായി ഞാനോർക്കുന്നു. . . . അവർ ലൂക്കൊസിന്റെ സുവിശേഷത്തിന്റെ ഭാഗങ്ങൾ വാങ്ങി, അതിനെപ്രതി കരഞ്ഞു. അവരതു മാറോടണച്ച് നന്ദിസൂചകമായി കണ്ണീർ പൊഴിച്ചു. ‘കണ്ണീരുകൊണ്ടു നിങ്ങൾ പുസ്തകങ്ങൾ ചീത്തയാക്കും’ എന്ന് എനിക്ക് ഒടുവിൽ പലരോടും പറയേണ്ടിവന്നു.” ലൂക്കൊസിന്റെ സുവിശേഷം വായിക്കുന്ന പലരെയും കണ്ട് അവരുടെ കൈകളിലെന്താണെന്നു ചോദിച്ച ഒരു ആഫ്രിക്കക്കാരനെക്കുറിച്ചും മോഫറ്റ് പറഞ്ഞു. “ഇതു ദൈവവചനമാണ്” എന്നവർ പ്രതിവചിച്ചു. “അതു സംസാരിക്കുമോ?” അദ്ദേഹം ചോദിച്ചു. “ഉവ്വ്, അതു ഹൃദയത്തോടു സംസാരിക്കും,” അവർ പറഞ്ഞു.
14 അനേകം ആഫ്രിക്കക്കാർക്കും ലിഖിതമാർഗത്തിലൂടെ ആശയവിനിയമം നടത്താൻ ആദ്യമായി അവസരമൊരുക്കിയത് മോഫറ്റിനെപ്പോലെയുള്ള അർപ്പിതരായ പരിഭാഷകരായിരുന്നു. എന്നാൽ ആ പരിഭാഷകർ ആഫ്രിക്കൻ ജനതയ്ക്ക് അതിലും മൂല്യവത്തായ ദാനം നൽകി—അവരുടെ മാതൃഭാഷയിലുള്ള ബൈബിൾ. അതിലുമുപരി, മോഫറ്റ് റ്റ്സ്വാനക്കാർക്കു ദിവ്യനാമം പരിചയപ്പെടുത്തി. തന്റെ പരിഭാഷയിലുടനീളം അദ്ദേഹം ആ നാമം ഉപയോഗിക്കുകയും ചെയ്തു.c അതിനാൽ, റ്റ്സ്വാനക്കാർ ബൈബിളിനെ “യഹോവയുടെ വായ്” എന്നാണ് പരാമർശിച്ചത്.—സങ്കീർത്തനം 83:18.
15. ബൈബിൾ ഇന്നും ജീവനുള്ളതായിരിക്കുന്നതെന്തുകൊണ്ട്?
15 ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള മറ്റു പരിഭാഷകർക്കും സമാനമായ പ്രതിബന്ധങ്ങൾ നേരിട്ടു. ജീവൻ പണയപ്പെടുത്തിക്കൊണ്ടുപോലും ചിലർ ബൈബിൾ പരിഭാഷപ്പെടുത്തി. ഒന്നോർത്തു നോക്കുക: എബ്രായയിലും ഗ്രീക്കിലും മാത്രമാണ് ബൈബിൾ ലഭ്യമായിരുന്നതെങ്കിൽ, ദീർഘനാൾമുമ്പേ അതു “മൃത”മായിപ്പോകുമായിരുന്നു, എന്തെന്നാൽ കാലക്രമത്തിൽ ആളുകൾ ഈ ഭാഷകൾ മിക്കവാറും വിസ്മരിച്ചു. ഭൂമിയുടെ അനേകം ഭാഗങ്ങളിലും അവയെക്കുറിച്ച് ഒരറിവും ഉണ്ടായിരുന്നില്ല. എന്നിട്ടും ബൈബിൾ ജീവനോടിരിക്കുന്നു, എന്തെന്നാൽ വേറേ ഏതൊരു പുസ്തകത്തിൽനിന്നും വ്യത്യസ്തമായി, അതിന് ലോകമെമ്പാടുമുള്ള ആളുകളോട് അവരുടെ സ്വന്തം ഭാഷയിൽ “സംസാരിക്കാൻ” സാധിക്കും. തത്ഫലമായി, “[അതിന്റെ] വിശ്വാസികളിൽ” അതിന്റെ സന്ദേശം “പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.” (1 തെസ്സലൊനീക്യർ 2:13, NW) ദ ജെറുസലേം ബൈബിൾ ഈ വാക്കുകൾ ഇങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്നു: “അതു വിശ്വസിക്കുന്ന നിങ്ങൾക്കിടയിൽ അത് ഇപ്പോഴും ജീവിക്കുന്നൊരു ശക്തിയാണ്.”
ആശ്രയയോഗ്യം
16, 17. (എ) ബൈബിൾ ആശ്രയയോഗ്യമായിരിക്കണമെങ്കിൽ, എന്തു തെളിവുണ്ടായിരിക്കണം? (ബി) ബൈബിളെഴുത്തുകാരനായ മോശയുടെ നിഷ്കപടത ദൃഷ്ടാന്തീകരിക്കുന്ന ഒരു ഉദാഹരണം നൽകുക.
16 ‘ബൈബിൾ യഥാർഥത്തിൽ ആശ്രയയോഗ്യമാണോ?’ എന്നു ചിലർ സംശയിച്ചേക്കാം. ‘യഥാർഥത്തിൽ ജീവിച്ചിരുന്നവരെയും വാസ്തവത്തിൽ ഉണ്ടായിരുന്ന സ്ഥലങ്ങളെയും ശരിക്കും സംഭവിച്ച കാര്യങ്ങളെയും കുറിച്ചാണോ അതു പരാമർശിക്കുന്നത്?’ ശ്രദ്ധാലുക്കളും സത്യസന്ധരുമായ എഴുത്തുകാർ എഴുതിയതാണെന്നതിനു തെളിവുണ്ടെങ്കിലേ നമുക്കതിനെ ആശ്രയിക്കാൻ കഴിയുകയുള്ളൂ. ഇതു നമുക്കു ബൈബിൾ പരിശോധിക്കുന്നതിനുള്ള മറ്റൊരു കാരണം പ്രദാനം ചെയ്യുന്നു: അതു കൃത്യതയുള്ളതും ആശ്രയയോഗ്യവുമാണെന്നുള്ളതിന് ഈടുറ്റ തെളിവുണ്ട്.
17 സത്യസന്ധരായ എഴുത്തുകാർ കേവലം വിജയങ്ങളും കഴിവുകളും മാത്രമല്ല പരാജയങ്ങളും ദൗർബല്യങ്ങളും രേഖപ്പെടുത്തും. ബൈബിളെഴുത്തുകാർ നവോന്മേഷപ്രദമായ അത്തരം നിഷ്കപടത പ്രകടമാക്കി. ഉദാഹരണത്തിന്, മോശയുടെ സത്യസന്ധത പരിചിന്തിക്കുക. മോശയുടെ ഒന്നും ഒളിക്കാതെയുള്ള റിപ്പോർട്ടുകളിൽ ചിലതാണ് തനിക്കു വാഗ്ചാതുര്യമില്ലാത്തതിനാൽ ഇസ്രായേലിന്റെ നായകനാകാനുള്ള തന്റെ അയോഗ്യത (പുറപ്പാടു 4:10); ഗുരുതരമായ തെറ്റു ചെയ്തതിനെത്തുടർന്ന് വാഗ്ദത്തദേശത്തേക്കു പ്രവേശിക്കുന്നതിന് അനുമതി നിഷേധിക്കപ്പെട്ടത് (സംഖ്യാപുസ്തകം 20:9-12; 27:12-14); മത്സരികളായ ഇസ്രായേല്യരുമായി സഹകരിച്ച് സ്വർണ കാളക്കുട്ടിയെ ഉണ്ടാക്കിയ സ്വന്തം സഹോദരനായ അഹരോനു പറ്റിയ പിഴവ് (പുറപ്പാടു 32:1-6); സഹോദരിയായ മിര്യാമിന്റെ മത്സരവും അവൾക്കു ലഭിച്ച ലജ്ജാകരമായ ശിക്ഷയും (സംഖ്യാപുസ്തകം 12:1-3, 10); മച്ചുനന്മാരായ നാദാബിന്റെയും അബീഹൂവിന്റെയും ദൈവനിന്ദാകരമായ പ്രവൃത്തികൾ (ലേവ്യപുസ്തകം 10:1, 2); ദൈവത്തിന്റെ സ്വന്തം ജനം ആവർത്തിച്ചുനടത്തിയ പരാതികളും പിറുപിറുപ്പുകളും. (പുറപ്പാടു 14:11, 12; സംഖ്യാപുസ്തകം 14:1-10) അങ്ങനെ ആത്മാർഥവും സത്യസന്ധവുമായി വിവരങ്ങൾ രേഖപ്പെടുത്തിയത് സത്യത്തോടുള്ള ഒരു യഥാർഥ താത്പര്യത്തെയല്ലേ സൂചിപ്പിക്കുന്നത്? തങ്ങളുടെ പ്രിയപ്പെട്ടവരുടെയും സ്വജനത്തിന്റെയും തങ്ങളുടെതന്നെയും പോരായ്മകൾ രേഖപ്പെടുത്താൻ ബൈബിളെഴുത്തുകാർ മനസ്സൊരുക്കം കാണിച്ചുവെന്നത് അവരുടെ എഴുത്തുകളിൽ വിശ്വാസമർപ്പിക്കാൻ മതിയായ കാരണമല്ലേ?
18. ബൈബിളെഴുത്തുകാരുടെ എഴുത്തുകളെ വിശ്വാസയോഗ്യമായി തിരിച്ചറിയിക്കുന്നതെന്ത്?
18 ബൈബിളെഴുത്തുകാരുടെ പൂർവാപരയോജിപ്പ് അവരുടെ എഴുത്തുകളെ വിശ്വാസയോഗ്യമായി തിരിച്ചറിയിക്കുന്നു. 1,600-ലധികം വർഷംകൊണ്ട് 40 പുരുഷന്മാർ എഴുതിയതായിരുന്നിട്ടും ചെറിയ വിശദാംശങ്ങളുടെ കാര്യത്തിൽപ്പോലും അവർക്കു പരസ്പരയോജിപ്പുണ്ടെന്നത് വാസ്തവത്തിൽ ശ്രദ്ധേയമാണ്. എന്നാൽ ഒത്തുകളിയുണ്ടോ എന്നു തോന്നിപ്പിക്കുന്നവിധം കോർത്തിണക്കിയതൊന്നുമല്ല ഈ യോജിപ്പ്. മറിച്ച് വ്യത്യസ്ത വിശദാംശങ്ങളുടെ ഈ യോജിപ്പിൽ ആസൂത്രണമില്ലായ്മയാണ് ദൃശ്യമാകുന്നത്; പലപ്പോഴും ഈ യോജിപ്പ് യാദൃച്ഛികമാണെന്നു വ്യക്തം.
19. യേശുവിന്റെ അറസ്റ്റിനെക്കുറിച്ചുള്ള സുവിശേഷവിവരണങ്ങൾ വ്യക്തമായും മനഃപൂർവം കെട്ടിച്ചമച്ചതല്ലാത്ത പൂർവാപരയോജിപ്പ് വെളിപ്പെടുത്തുന്നതെങ്ങനെ?
19 ദൃഷ്ടാന്തത്തിന്, യേശുവിനെ അറസ്റ്റുചെയ്ത രാത്രിയിൽ നടന്ന ഒരു സംഭവമെടുക്കാം. ശിഷ്യന്മാരിൽ ഒരുവൻ വാളൂരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അയാളുടെ ചെവി അറുത്തു എന്ന് നാലു സുവിശേകന്മാരും രേഖപ്പെടുത്തുന്നു. എന്നാൽ ലൂക്കൊസ് മാത്രമേ യേശു “അവന്റെ കാതു തൊട്ടു സൌഖ്യമാക്കി” എന്നു പറയുന്നുള്ളൂ. (ലൂക്കൊസ് 22:51) എന്നാൽ അതല്ലേ ‘വൈദ്യനായ പ്രിയ ലൂക്കൊസ്’ എന്നറിയപ്പെടുന്ന എഴുത്തുകാരനിൽനിന്നു നാം പ്രതീക്ഷിക്കുന്നത്? (കൊലൊസ്സ്യർ 4:14) സന്നിഹിതരായിരുന്ന ശിഷ്യന്മാരിൽ വാളെടുത്ത് പ്രയോഗിച്ചത് പത്രൊസ് ആയിരുന്നുവെന്ന് യോഹന്നാന്റെ വിവരണം നമ്മോടു പറയുന്നു—വീണ്ടുവിചാരമില്ലാത്തവനും എടുത്തുചാട്ടക്കാരനുമാണ് പത്രൊസ് എന്നതിനാൽ ഈ വസ്തുതയിൽ അതിശയിക്കാനില്ല. (യോഹന്നാൻ 18:10; മത്തായി 16:22, 23-ഉം യോഹന്നാൻ 21:7, 8-ഉം താരതമ്യം ചെയ്യുക.) അപ്രധാനമെന്നു തോന്നുന്ന ഒരു വിശദാംശം യോഹന്നാൻ റിപ്പോർട്ടുചെയ്യുന്നു. “ആ ദാസന്നു മല്ക്കൊസ് എന്നു പേർ.” യോഹന്നാൻ മാത്രം ആ മമനുഷ്യന്റെ പേർ നൽകുന്നതെന്തുകൊണ്ട്? യോഹന്നാന്റെ വിവരണത്തിൽ, സന്ദർഭവശാൽ അവൻ നടത്തുന്ന ഒരു പരാമർശത്തിൽ അതിനുള്ള വിശദീകരണമുണ്ട്—യോഹന്നാൻ “മഹാപുരോഹിതന്നു പരിചയമുള്ളവ”നായിരുന്നു. അവൻ മഹാപുരോഹിതന്റെ വീട്ടുകാർക്കും പരിചയക്കാരനായിരുന്നു; അവിടുത്തെ ദാസന്മാർക്ക് അവനെയും അവന് അവരെയും പരിയചയമുണ്ടായിരുന്നു.d (യോഹന്നാൻ 18:10, 15, 16) അതിനാൽ പരിക്കേറ്റയാളുടെ പേർ പറയുന്നത് യോഹന്നാനെ സംബന്ധിച്ചിടത്തോളം തികച്ചും സ്വാഭാവികമായിരുന്നു. എന്നാൽ വ്യക്തമായും മറ്റു സുവിശേഷകർക്ക് അയാൾ അപരിചിതനായിരുന്നതുകൊണ്ട് അവർ അതു ചെയ്യുന്നില്ല. ഈ വിശദാംശങ്ങളിലെ പൊരുത്തം ശ്രദ്ധേയമാണെങ്കിലും മനഃപൂർവം വരുത്തിയതല്ലെന്നു വ്യക്തമാണ്. ബൈബിളിലുടനീളം സമാനമായ ദൃഷ്ടാന്തങ്ങൾ അനവധിയാണ്.
20. പരമാർഥഹൃദയർ ബൈബിളിനെക്കുറിച്ച് എന്തറിയേണ്ടതുണ്ട്?
20 അതുകൊണ്ട് നമുക്കു ബൈബിളിൽ ആശ്രയിക്കാനാകുമോ? തീർച്ചയായും! ബൈബിളെഴുത്തുകാരുടെ നിഷ്കപടതയും ബൈബിളിന്റെ ആന്തരിക യോജിപ്പും അതു സത്യമാണെന്നു വ്യക്തമായി പ്രതിധ്വനിപ്പിക്കുന്നു. തങ്ങൾക്കു ബൈബിളിൽ ആശ്രയിക്കാനാകുമെന്ന് പരമാർഥഹൃദയർ അറിയേണ്ടതുണ്ട്, എന്തെന്നാൽ അത് “സത്യത്തിന്റെ ദൈവമായ യഹോവ”യുടെ നിശ്വസ്തവചനമാണ്. (സങ്കീർത്തനം 31:5, NW) ബൈബിൾ സകലർക്കും വേണ്ടിയുള്ള ഗ്രന്ഥമാണെന്നതിന് വേറെയും കാരണങ്ങളുണ്ട്. നാം അത് അടുത്ത ലേഖനത്തിൽ പരിചിന്തിക്കുന്നതായിരിക്കും.
[അടിക്കുറിപ്പുകൾ]
a യുണൈറ്റഡ് ബൈബിൾ സൊസൈറ്റികൾ പ്രസിദ്ധീകരിച്ച സംഖ്യകളെ ആധാരമാക്കിയുള്ളത്.
b റോമിൽ രണ്ടാം പ്രാവശ്യം തടവിലായിരിക്കേ, പൗലൊസ് തിമൊഥെയൊസിനോട് “പുസ്തകങ്ങളും വിശേഷാൽ ചർമ്മലിഖിതങ്ങളും” കൊണ്ടുവരാൻ ആവശ്യപ്പെട്ടു. (2 തിമൊഥെയൊസ് 4:13) തടവിലായിരിക്കേ തനിക്ക് അവ പഠിക്കാൻ കഴിയേണ്ടതിന് എബ്രായ തിരുവെഴുത്തുകളുടെ ഭാഗങ്ങളായിരുന്നിരിക്കാം പൗലൊസ് ആവശ്യപ്പെട്ടത്. “വിശേഷാൽ ചർമ്മലിഖിതങ്ങളും” എന്ന പ്രയോഗം പപ്പൈറസ് ചുരുളുകളും തുകൽച്ചുരുളുകളും ഉൾപ്പെട്ടിരിക്കാമെന്നു സൂചിപ്പിക്കുന്നു.
c 1838-ൽ, മോഫറ്റ് ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പരിഭാഷ പൂർത്തിയാക്കി. ഒരു സഹപ്രവർത്തകന്റെ സഹായത്തോടെ, 1857-ൽ അദ്ദേഹം എബ്രായ തിരുവെഴുത്തുകളുടെ പരിഭാഷയും പൂർത്തിയാക്കി.
d മഹാപുരോഹിതനുമായും അദ്ദേഹത്തിന്റെ വീട്ടുകാരുമായുള്ള യോഹന്നാന്റെ പരിചയത്തെക്കുറിച്ച് വിവരണത്തിൽ പിന്നെയും പറയുന്നുണ്ട്. മഹാപുരോഹിതന്റെ മറ്റൊരു ദാസൻ പത്രൊസിനെ നോക്കി അവൻ യേശുവിന്റെ ശിഷ്യന്മാരിൽ ഒരുവനാണെന്ന് ആരോപിക്കുമ്പോൾ, ഈ ദാസൻ “പത്രൊസ് കാതറുത്തവന്റെ ചാർച്ചക്കാര”നാണെന്നു യോഹന്നാൻ വിശദമാക്കുന്നു.—യോഹന്നാൻ 18:26.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ ബൈബിൾ ലോകത്തിലെല്ലാവർക്കും ലഭ്യമായ ഒരു ഗ്രന്ഥമായിരിക്കണമെന്നു നാം പ്രതീക്ഷിക്കേണ്ടതെന്തുകൊണ്ട്?
□ ബൈബിൾ കൃത്യമായി പരിരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നതിന് എന്തു തെളിവുണ്ട്?
□ ബൈബിൾ പരിഭാഷകർക്ക് എന്തെല്ലാം പ്രതിബന്ധങ്ങൾ നേരിട്ടു?
□ ബൈബിളെഴുത്തുകളെ വിശ്വാസയോഗ്യമായി തിരിച്ചറിയിക്കുന്നതെന്ത്?