യേശു—അവന്റെ ജീവിതം എങ്ങനെയുള്ളതായിരുന്നു?
“എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യുന്നതും അവന്റെ വേല പൂർത്തിയാക്കുന്നതുമത്രേ എന്റെ ആഹാരം.”—യോഹന്നാൻ 4:34.
യേശു ഈ വാക്കുകൾ പറഞ്ഞ സാഹചര്യം പരിശോധിച്ചാൽ ജീവിതത്തിൽ എന്തിനാണ് അവൻ പ്രാധാന്യം നൽകിയതെന്നു മനസ്സിലാകും. അന്നു രാവിലെ മുഴുവൻ യേശുവും ശിഷ്യന്മാരും കുന്നും മലയും നിറഞ്ഞ ശമര്യയിലൂടെ സഞ്ചരിക്കുകയായിരുന്നു. (യോഹന്നാൻ 4:6, അടിക്കുറിപ്പ്) ഉച്ചയായപ്പോൾ, യേശുവിന് വിശക്കുന്നുണ്ടാകും എന്നു കരുതി ശിഷ്യന്മാർ അവന് ഭക്ഷണം കൊണ്ടുവന്നു കൊടുത്തു. (യോഹന്നാൻ 4:31-33) അപ്പോൾ യേശു അവരോടു പറഞ്ഞ വാക്കുകളിൽ അവന്റെ ജീവിതത്തിന്റെ ലക്ഷ്യം വ്യക്തമായിരുന്നു. ദൈവം നൽകിയ നിയോഗം നിറവേറ്റുന്നതായിരുന്നു അവന് ആഹാരത്തെക്കാൾ പ്രധാനം. ദൈവേഷ്ടം ചെയ്യുന്നതിനാണ് തന്റെ ജീവിതത്തിൽ പ്രഥമസ്ഥാനമെന്ന് വാക്കിലൂടെയും പ്രവൃത്തിയിലൂടെയും അവൻ തെളിയിച്ചു. എങ്ങനെയെന്നു നോക്കാം.
ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തു
“(യേശു) ഗലീലയിലൊക്കെയും ചുറ്റിസഞ്ചരിച്ച് അവരുടെ സിനഗോഗുകളിൽ പഠിപ്പിക്കുകയും ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുകയും . . . ചെയ്തു” എന്ന് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു. (മത്തായി 4:23) ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുക മാത്രമല്ല യേശു ചെയ്തത്. ഈടുറ്റ വാദമുഖങ്ങൾ നിരത്തി ദൈവരാജ്യത്തെക്കുറിച്ചുള്ള സത്യങ്ങൾ കാര്യകാരണസഹിതം വിശദീകരിച്ചുകൊണ്ട് യേശു ആളുകളെ പഠിപ്പിക്കുകയും ചെയ്തു. യേശു നൽകിയ സന്ദേശത്തിന്റെ കേന്ദ്രവിഷയം ദൈവരാജ്യമായിരുന്നു.
തന്റെ പരസ്യശുശ്രൂഷക്കാലത്തൊക്കെയും, ദൈവരാജ്യം എന്താണ്, അത് മനുഷ്യർക്കുവേണ്ടി എന്തു ചെയ്യും എന്നീ കാര്യങ്ങൾ അവൻ ആളുകളെ പഠിപ്പിച്ചു. ദൈവരാജ്യത്തെക്കുറിച്ചുള്ള ചില വസ്തുതകളും അവയ്ക്ക് ആധാരമായ തിരുവെഴുത്തുകളും—യേശുവിന്റെതന്നെ വാക്കുകൾ—ആണ് താഴെ കൊടുത്തിരിക്കുന്നത്.
ദൈവരാജ്യം ഒരു സ്വർഗീയ ഗവണ്മെന്റാണ്. അതിന്റെ രാജാവായി യഹോവ അഭിഷേകം ചെയ്തിരിക്കുന്നത് യേശുവിനെയാണ്.—മത്തായി 4:17; യോഹന്നാൻ 18:36.
ദൈവരാജ്യം ദൈവത്തിന്റെ നാമം വിശുദ്ധീകരിക്കുകയും അവന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ചെയ്യപ്പെടാൻ ഇടയാക്കുകയും ചെയ്യും.—മത്തായി 6:9, 10.
ദൈവരാജ്യ ഭരണത്തിൻ കീഴിൽ ഭൂമി മുഴുവൻ ഒരു പറുദീസയായിത്തീരും.—ലൂക്കോസ് 23:42, 43.
പെട്ടെന്നുതന്നെ ദൈവരാജ്യം ഭൂമിയുടെമേൽ ഭരണം ആരംഭിക്കും; ഭൂമിയെ സംബന്ധിച്ച ദൈവേഷ്ടം നിറവേറ്റും.a—മത്തായി 24:3, 7-12.
അത്ഭുതങ്ങൾ പ്രവർത്തിച്ചു
യേശു പ്രധാനമായും “ഗുരു” എന്ന നിലയ്ക്കാണ് അറിയപ്പെട്ടത്. (യോഹന്നാൻ 13:13) എങ്കിലും തന്റെ മൂന്നര വർഷത്തെ ശുശ്രൂഷക്കാലത്ത് അവൻ പല അത്ഭുതങ്ങളും പ്രവർത്തിച്ചു. ഇതിന് കുറഞ്ഞത് രണ്ട് ഉദ്ദേശ്യങ്ങളുണ്ടായിരുന്നു. ഒന്ന്, യേശു ദൈവത്താൽ അയയ്ക്കപ്പെട്ടവനാണെന്ന് തെളിയിക്കാൻ അതു സഹായിച്ചു. (മത്തായി 11:2-6) രണ്ട്, അത് ദൈവരാജ്യത്തിന്റെ രാജാവെന്നനിലയിൽ അവൻ മാനവരാശിക്കായി ഭാവിയിൽ ചെയ്യാനിരിക്കുന്ന കാര്യങ്ങളുടെ ഒരു പൂർവവീക്ഷണം നൽകി. അവൻ ചെയ്ത ചില അത്ഭുതങ്ങൾ ഇവയാണ്:
കാറ്റിനെയും കടലിനെയും ശാന്തമാക്കി.—മർക്കോസ് 4:39-41.
അന്ധരെയും കുരുടരെയും മുടന്തരെയും ഉൾപ്പെടെ പലരെയും സുഖപ്പെടുത്തി.—ലൂക്കോസ് 7:21, 22.
വിശന്നുവലഞ്ഞ ആയിരങ്ങളെ അത്ഭുതകരമായി പോഷിപ്പിച്ചു.—മത്തായി 14:17-21; 15:34-38.
മരിച്ചവരെ ഉയിർപ്പിച്ചു.—ലൂക്കോസ് 7:11-15; 8:41-55; യോഹന്നാൻ 11:38-44.
ഇങ്ങനെയൊരു രാജാവ് വാഴ്ച നടത്തുമ്പോൾ ഭൂമിയിലെ ജീവിതം എത്ര ആഹ്ലാദകരമായിരിക്കുമെന്നു ചിന്തിച്ചുനോക്കുക!
യഹോവയുടെ വ്യക്തിത്വം വെളിപ്പെടുത്തിക്കൊടുത്തു
യേശു യഹോവയുടെ സ്വന്തം പുത്രനായതുകൊണ്ട് യഹോവയെക്കുറിച്ചു പഠിപ്പിക്കാൻ അവനെക്കാൾ യോഗ്യനായ മറ്റൊരാളില്ല. “സകല സൃഷ്ടികൾക്കും ആദ്യജാത”നായ യേശു മറ്റ് ആത്മരൂപികൾ സൃഷ്ടിക്കപ്പെടുന്നതിനെല്ലാം മുമ്പേ യഹോവയോടൊപ്പം ഉണ്ടായിരുന്നു. (കൊലോസ്യർ 1:15) യേശുവിനു ലഭിച്ച ആ അസുലഭ അവസരത്തെക്കുറിച്ച് ചിന്തിക്കുക. പിതാവിന്റെ ഹിതവും ചിന്തകളും വഴികളുമെല്ലാം നേരിട്ട് മനസ്സിലാക്കാൻ അവനു കഴിഞ്ഞു.
അതുകൊണ്ട് യേശുവിന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “പുത്രൻ ആരെന്ന് പിതാവല്ലാതെ ആരും അറിയുന്നില്ല. പിതാവ് ആരെന്ന് പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുക്കാൻ ആഗ്രഹിക്കുന്നവനുമല്ലാതെ ആരും അറിയുന്നില്ല.” (ലൂക്കോസ് 10:22) മനുഷ്യനായി ഭൂമിയിൽ വന്നപ്പോൾ തന്റെ പിതാവിന്റെ വ്യക്തിത്വം ആളുകൾക്കു വെളിപ്പെടുത്തിക്കൊടുക്കാൻ യേശു വലിയ തീക്ഷ്ണത കാണിച്ചു. സ്വർഗത്തിലെ അനുഭവങ്ങളും പിതാവിൽനിന്ന് നേരിട്ടു പഠിക്കാൻ കഴിഞ്ഞ കാര്യങ്ങളും യേശുവിന്റെ സ്മരണയിലുണ്ടായിരുന്നു. അതിനെ ആധാരമാക്കിയാണ് അവൻ സംസാരിച്ചതും പഠിപ്പിച്ചതുമെല്ലാം. യേശുവിന്റെ പഠിപ്പിക്കലിനെ ഉത്കൃഷ്ടമാക്കിയതും അതാണ്.—യോഹന്നാൻ 8:28.
യേശു പിതാവിന്റെ വ്യക്തിത്വം വെളിപ്പെടുത്തിയ വിധം ഒരു ട്രാൻസ്ഫോമറിന്റെ പ്രവർത്തനത്തിലൂടെ ഉദാഹരിക്കാം. ഉയർന്ന വോൾട്ടേജിലുള്ള വൈദ്യുതി, ആളുകൾക്ക് ഉപയോഗിക്കാൻ സാധിക്കുമാറ് കുറഞ്ഞ വോൾട്ടേജിലാക്കി മാറ്റുക എന്നതാണല്ലോ ട്രാൻസ്ഫോമറിന്റെ ധർമം. യേശു അനുഷ്ഠിച്ചതും ഇങ്ങനെയൊരു ധർമമാണ്. സ്വർഗത്തിലായിരിക്കെ പിതാവിനെക്കുറിച്ച് മനസ്സിലാക്കിയ കാര്യങ്ങൾ ഭൂമിയിലെ എളിയവരായ മനുഷ്യർക്ക് ഗ്രഹിക്കാനും സ്വാംശീകരിക്കാനും സാധിക്കുന്ന വിധത്തിൽ യേശു പകർന്നുകൊടുത്തു.
പിതാവിനെക്കുറിച്ചുള്ള വസ്തുതകൾ യേശു ആളുകൾക്കു വെളിപ്പെടുത്തിക്കൊടുത്ത രണ്ടു പ്രധാന വിധങ്ങൾ കാണുക.
യഹോവയെക്കുറിച്ചുള്ള സത്യങ്ങൾ—അവന്റെ പേര്, ഉദ്ദേശ്യം, വഴികൾ എന്നിവ—യേശു പഠിപ്പിച്ചു.—യോഹന്നാൻ 3:16; 17:6, 26.
യഹോവയുടെ പല മഹനീയ ഗുണങ്ങളും തന്റെ പ്രവൃത്തികളിലൂടെ യേശു പ്രതിഫലിപ്പിച്ചു. പിഴവറ്റ വിധത്തിൽ യേശു തന്റെ പിതാവിന്റെ വ്യക്തിത്വം പകർത്തിക്കാണിച്ചു. ‘എന്റെ പിതാവ് എങ്ങനെയാണ് എന്നറിയാൻ എന്നെ നോക്കിയാൽ മതി’ എന്ന് അവൻ പറയുന്നതുപോലെ ആയിരുന്നു അത്.—യോഹന്നാൻ 5:19; 14:9.
യേശുവിന്റെ ജീവിതം ആരെയും വിസ്മയിപ്പിക്കും. അവൻ മരിച്ചത് എന്തിനാണെന്നു മനസ്സിലാക്കുകയും ആ അറിവിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്താൽ വലിയ അനുഗ്രഹങ്ങൾ കൈവരിക്കാനാകും.
a ദൈവരാജ്യത്തെക്കുറിച്ചും അത് എപ്പോൾ വരും എന്നതിനെക്കുറിച്ചും കൂടുതൽ അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിലെ “ദൈവരാജ്യം എന്താണ്?” എന്ന 8-ാം അധ്യായവും “നാം ജീവിക്കുന്നത് ‘അന്ത്യകാലത്തോ?’” എന്ന 9-ാം അധ്യായവും കാണുക.