വരുവാനുള്ള ആയിരം വർഷത്തിനുവേണ്ടി ഇപ്പോൾ സംവിധാനംചെയ്യുന്നു
“അവർ . . . ആയിരം വർഷം അവനോടു കൂടെ രാജാക്കൻമാരായി ഭരിക്കും.”—വെളിപ്പാട് 20:6
1. ഇന്നു മുതൽ ആയിരത്തിൽപരം വർഷങ്ങൾക്കുശേഷം ഭൂമിയിലെ കാര്യങ്ങളുടെ അവസ്ഥ എന്തായിരിക്കും?
എന്ത്! ഇന്നു മുതൽ ആയിരത്തിൽപരം വർഷം കഴിഞ്ഞും മനുഷ്യവർഗ്ഗം ഇവിടെ ഭൂമിയിലുണ്ടായിരിക്കുമെന്നാണോ ഞങ്ങൾ അർത്ഥമാക്കുന്നത്? അതുതന്നെയാണ് ഞങ്ങൾ അർത്ഥമാക്കുന്നത്! അതുമാത്രമല്ല, അന്ന് സകല മനുഷ്യവർഗ്ഗവും ഈ ഗോളത്തിൽ മനുഷ്യാസ്തിത്വത്തിന്റെ തുടക്കത്തിലെ ഒന്നാം മനുഷ്യനെയും സ്ത്രീയെയും പോലെ ശരീരത്തിലും ഹൃദയത്തിലും മനസ്സിലും പൂർണ്ണരായിരിക്കും. അതെ, ഇന്നു മുതൽ ഒരു ആയിരം വർഷം കഴിയുമ്പോൾ മനുഷ്യർ തങ്ങളുടെ ദൈവവും പുനഃസ്ഥാപകനുമായവന്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലുമായിരിക്കും. (ഉല്പത്തി 1:26-30) അവർ ഒരു “ഏദൻതോട്ടത്തിൽ,” ഒരു ഉല്ലാസത്തിന്റെ പറുദീസയിൽ, മനുഷ്യനിവാസികൾ തിങ്ങിപ്പാർക്കാത്ത ശുദ്ധീകരിക്കപ്പെട്ട ഒരു ഭൂമിയിൽ, ജീവിതം പൂർണ്ണമായി ആസ്വദിക്കുന്നതായിരിക്കും. (ഉല്പത്തി 2:15) ഇതെല്ലാം ഭൂമിയെയും അതിൽ വസിക്കാനുള്ളവരെയും സംബന്ധിച്ച സ്രഷ്ടാവിന്റെ ആദിമ ഉദ്ദേശ്യത്തിന്റെ നിവൃത്തിയായിട്ടായിരിക്കും. ഈ മനോഹരമായ നേട്ടം ഏതു എതിർപ്പും വകവെക്കാതെ സകല മനുഷ്യവർഗ്ഗത്തെയും അനുഗ്രഹിക്കുന്നതിനുള്ള തന്റെ സ്നേഹപൂർവകമായ വാഗ്ദാനത്തോടു അവൻ വിശ്വസ്തനായിരിക്കുന്നതായി അവനെ സംസ്ഥാപിക്കും.
2. ഏതാണ്ടു പത്തൊൻപതു നൂററാണ്ടു മുമ്പത്തെ ആളുകൾക്ക് പൂർണ്ണരാക്കപ്പെടുന്ന മനുഷ്യവർഗ്ഗം എങ്ങനെയായിരിക്കുമെന്നുള്ളതിന്റെ ഒരു വീക്ഷണം കിട്ടിയതെങ്ങനെ?
2 ആ അനുഗൃഹീതമായ നേട്ടം ദൈവത്തിന്റെ മഹത്വീകരിക്കപ്പെട്ട പുത്രൻ മുഖേനയുള്ള അവന്റെ ആയിരവർഷവാഴ്ചക്ക് മകുടംചാർത്തുന്നതായിരിക്കും. ആ പുത്രൻ 19ൽപരം നൂററാണ്ടുമുമ്പ് ഒരു പൂർണ്ണമനുഷ്യനെന്ന നിലയിൽ ഭൂമിയിൽ 33 1⁄2 വർഷം ചെലവഴിച്ചിരുന്നു. ആ കാലത്ത് അവന്റെ പ്രത്യക്ഷത ഏതു തരമായിരുന്നുവെന്ന് നാം വായിക്കുന്നു: “വചനം ജഡമായി നമ്മുടെ ഇടയിൽ വസിച്ചു, നമുക്ക് അവന്റെ മഹത്വത്തിന്റെ, ഒരു പിതാവിൽനിന്നുള്ള ഒരു ഏകജാതപുത്രന്റേതുപോലെയുള്ള മഹത്വത്തിന്റെ, ഒരു വീക്ഷണം ലഭിച്ചു; അവനിൽ അനർഹദയയും സത്യവും നിറഞ്ഞിരുന്നു.” (യോഹന്നാൻ 1:14) അതുകൊണ്ട് യേശുക്രിസ്തുവിൽ ഇസ്രായേൽജനം ഒരു പൂർണ്ണ മനുഷ്യജീവി എങ്ങനെയുള്ളവനാണെന്നു കണ്ടു. (ലൂക്കോസ് 3:23, 38) അതെ, 19 നൂററാണ്ടുമുമ്പ് ചിലയാളുകൾ വരാനിരിക്കുന്ന ഭൗമികപറുദീസയിൽ പൂർണ്ണരാക്കപ്പെടുന്ന മനുഷ്യവർഗ്ഗം എങ്ങനെയായിരിക്കുമെന്ന് കാണുകയുണ്ടായി.
3, 4. (എ) യേശുക്രിസ്തുവും 1,44,000വും മുഖേനയുള്ള യഹോവയുടെ വാഴ്ച യഥാർത്ഥത്തിൽ എത്ര ദീർഘമായിരിക്കും? (ബി) ആ കാലഘട്ടത്തിന് ഏത് പദപ്രയോഗം ഉപയോഗിക്കപ്പെട്ടിരിക്കുന്നു, അത് വാച്ച് ററവർ പ്രസിദ്ധീകരണങ്ങളുടെ ചില ശീർഷകങ്ങളിൽ പ്രതിഫലിപ്പിക്കപ്പെട്ടതെങ്ങനെ?
3 യേശുക്രിസ്തുവും മഹത്വീകരിക്കപ്പെടുന്ന അവന്റെ 1,44,000 ശിഷ്യൻമാരും ചേർന്നുള്ള യഹോവയുടെ രാജ്യഭരണത്തിന്റെ ദൈർഘ്യം ആയിരം വർഷമായിരിക്കുമെന്ന് മുൻകൂട്ടിപ്പറയപ്പെട്ടു. ആ ആയിരവർഷവാഴ്ചയെ സംബന്ധിച്ച് വൃദ്ധ അപ്പോസ്തലനായിരുന്ന യോഹന്നാൻ ഇങ്ങനെ എഴുതി: “ഞാൻ സിംഹാസനങ്ങൾ കണ്ടു, അവയിൽ ഇരുന്നവർ ഉണ്ടായിരുന്നു, അവർക്ക് ന്യായവിധിയുടെ അധികാരം കൊടുക്കപ്പെട്ടു. അതെ, തങ്ങൾ യേശുവിനു വഹിച്ച സാക്ഷ്യം നിമിത്തവും ദൈവത്തെക്കുറിച്ചു സംസാരിച്ചതു നിമിത്തവും കോടാലികൊണ്ടു വധിക്കപ്പെട്ടവരുടെയും കാട്ടുമൃഗത്തെയോ അതിന്റെ പ്രതിമയെയോ ആരാധിക്കാതിരിക്കുകയും തങ്ങളുടെ നെററിയിലും തങ്ങളുടെ കൈമേലും അടയാളം സ്വീകരിക്കാതിരിക്കുകയും ചെയ്തവരുടെയും ദേഹികളെ ഞാൻ കണ്ടു. അവർ ജീവനിലേക്കു വരുകയും ക്രിസ്തുവിനോടുകൂടെ ഒരു ആയിരം വർഷം രാജാക്കൻമാരായി ഭരിക്കുകയുംചെയ്തു. (മരിച്ചവരിൽ ശേഷിച്ചവർ ആയിരം വർഷം അവസാനിക്കുന്നതുവരെ ജീവനിലേക്കു വന്നില്ല.) ഇതാണ് ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാം പുനരുത്ഥാനത്തിൽ പങ്കുള്ള ഏവനും സന്തുഷ്ടനും വിശുദ്ധനുമാകുന്നു; ഇവരുടെമേൽ രണ്ടാം മരണത്തിന് അധികാരമില്ല, എന്നാൽ അവർ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതൻമാരായിരിക്കും, അവനോടുകൂടെ ആയിരം വർഷം രാജാക്കൻമാരായി ഭരിക്കുകയും ചെയ്യും.”—വെളിപ്പാട് 20:4-6.
4 ആയിരം വർഷം ഒരു സഹസ്രാബ്ദമായതുകൊണ്ട് ആ കാലഘട്ടം ക്രിസ്തുവിന്റെ സഹസ്രാബ്ദവാഴ്ച എന്നു വിളിക്കപ്പെടുന്നു. ഈ ബൈബിളുപദേശം സ്വീകരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ ചിലപ്പോൾ സഹസ്രാബ്ദഭരണവിശ്വാസികൾ അഥവാ സഹസ്രാബ്ദവാദികൾ എന്നു വിളിക്കപ്പെടുന്നു, ഇത് “ആയിരം” എന്നതിന്റെ ഗ്രീക്ക് പദപ്രകാരമാണ്. രസാവഹമായി, (ഒരു കാലത്ത് വാച്ച് ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധപ്പെടുത്തിയ) വേദാദ്ധ്യയന പത്രികകളുടെ വാല്യങ്ങൾ ആദ്യം സഹസ്രാബദോദയം എന്നു വിളിക്കപ്പെട്ടിരുന്നു. സാർവദേശീയ ബൈബിൾ വിദ്യാർത്ഥികൾ ഒരു കാലത്ത് ഉപയോഗിച്ചിരുന്ന പാട്ടുപുസ്തകം സഹസ്രാബദോദയ ഗീതങ്ങൾ എന്നു വിളിക്കപ്പെട്ടിരുന്നു.
5. ക്രിസ്തുവിന്റെ ആയിരവർഷവാഴ്ചക്കാലത്ത് സാത്താന്റെയും അവന്റെ ഭൂതങ്ങളുടെയും അവസ്ഥയെന്തായിരിക്കും?
5 വെളിപ്പാട് 20:4-ലെ “ഒരു ആയിരം വർഷം” എന്ന പദപ്രയോഗം പ്രതീകാത്മകമല്ല, പിന്നെയോ ഒരു ആയിരം സൗരവർഷത്തെ പരാമർശിക്കുന്നു. ആ സഹസ്രാബ്ദത്തിൽ പിശാചായ സാത്താനും അവന്റെ ഭൂത സൈന്യങ്ങളും അഗാധത്തിലായിരിക്കും, എന്തുകൊണ്ടെന്നാൽ ക്രിസ്തുവിന്റെ ആയിരവർഷവാഴ്ചയെക്കുറിച്ചു പറയുന്നതിനു തൊട്ടുമുമ്പ് അപ്പോസ്തലനായ യോഹന്നാൻ ഇങ്ങനെ പറഞ്ഞു: “അഗാധത്തിന്റെ താക്കോലും കൈയിൽ ഒരു വലിയ ചങ്ങലയുമായി ഒരു ദൂതൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു. അവൻ പിശാചും സാത്താനുമായ ആദ്യപാമ്പായ മഹാസർപ്പത്തെ പിടിക്കുകയും അവനെ ഒരു ആയിരം വർഷത്തേക്കു ബന്ധിക്കുകയുംചെയ്തു. അവൻ അവനെ അഗാധത്തിലേക്ക് എറിയുകയും അതടക്കുകയും അവൻമേൽ അതിനു മുദ്രവെക്കുകയും ചെയ്തു, അവൻ മേലാൽ ഒരു ആയിരം വർഷം അവസാനിക്കുന്നതുവരെ ജനതകളെ വഴിതെററിക്കാതിരിക്കേണ്ടതിനുതന്നെ. ഈ കാര്യങ്ങൾക്കുശേഷം അവൻ അല്പകാലത്തേക്ക് അഴിച്ചുവിടപ്പെടേണ്ടതാണ്.”—വെളിപ്പാട് 20:1-3.
6. (എ) ക്രിസ്തുവിന്റെ ആയിരവർഷവാഴ്ചയുടെ അവസാനത്തിന് ചില റോമൻകത്തോലിക്കർ ഏതു തീയതി നൽകിയിട്ടുണ്ട്? (ബി) കത്തോലിക്കാ അവകാശവാദങ്ങൾ ശരിയായിരുന്നെങ്കിൽ അടിത്തട്ടില്ലാത്ത കുഴിയിൽനിന്നുള്ള സാത്താന്റെ മോചനത്തിന്റെ അല്പകാലം ഇപ്പോൾത്തന്നെ എത്ര ദീർഘമായിരിക്കുന്നു?
6 യേശുക്രിസ്തുവിന്റെ ആയിരവർഷവാഴ്ച ഫ്രഞ്ച് സൈന്യങ്ങൾ റോം പിടിച്ചെടുക്കുകയും അതിന്റെ ഭരണാധികാരിയെന്ന നിലയിൽനിന്ന് പാപ്പായെ നീക്കുകയും ചെയ്ത 1799-ൽ അവസാനിച്ചുവെന്ന് ചില റോമൻ കത്തോലിക്കർ അവകാശപ്പെട്ടിട്ടുണ്ട്. പാപ്പായെ ഒരു തടവുകാരനായി ഫ്രാൻസിലേക്കു കൊണ്ടുപോകുകയും അവിടെവച്ച് അദ്ദേഹം മരിക്കുകയുംചെയ്തു. അന്ന് സാത്താനും അവന്റെ ഭൂതങ്ങളും “അല്പകാല”ത്തേക്ക് തങ്ങളുടെ വഞ്ചനാത്മകപ്രവർത്തനം വീണ്ടും തുടങ്ങാൻ “അടിത്തട്ടില്ലാത്ത കുഴിയിൽ”നിന്ന് അഥവാ “അഗാധ”ത്തിൽനിന്ന് വിമോചിപ്പിക്കപ്പെട്ടുവെന്ന് കത്തോലിക്കാ വൈദികർ പറഞ്ഞിട്ടുണ്ട്. (വെളിപ്പാട് 20:1-3, കാത്തലിക്ക് ഡുവേ വേർഷൻ) അതു സത്യമാണെങ്കിൽ “അല്പകാലം” ഇപ്പോൾത്തന്നെ അവസാനം ദൃശ്യമാകാതെ 190 വർഷം തുടർന്നിരിക്കുന്നുവെന്ന് അതർത്ഥമാക്കും.
7. യേശുക്രിസ്തുവിന്റെ സഹസ്രാബ്ദവാഴ്യുടെ കാലത്തെയും സ്വഭാവത്തെയും കുറിച്ച് ബൈബിൾ എന്തു സൂചിപ്പിക്കുന്നു?
7 എന്നിരുന്നാലും, തിരുവെഴുത്തുകളനുസരിച്ച്, യേശുക്രിസ്തുവിന്റെ യഥാർത്ഥ സഹസ്രാബ്ദവാഴ്ച ഇപ്പോഴും ഭാവിയിലാണ്. അത് വളരെ അടുത്തിരിക്കുന്നുവെന്ന് ബൈബിൾ പ്രവചനങ്ങളുടെ ഏതൽക്കാല നിവൃത്തി പ്രകടമാക്കുന്നു. യഥാർത്ഥ സഹസ്രാബ്ദ ഭരണകാലത്ത് സാത്താനും അവന്റെ ഭൂതങ്ങളും യഥാർത്ഥമായി അഗാധത്തിലടക്കപ്പെടും. യേശുക്രിസ്തുവും അവന്റെ 1,44,000 കൂട്ടവകാശികളും പിശാചിന്റെ സ്ഥാപനത്തിൽനിന്നുള്ള ഇടപെടൽ കൂടാതെ സകല മനുഷ്യവർഗ്ഗത്തിൻമേലും വാഴും. തന്റെ “സ്നേഹിത”നായ അബ്രാഹാമിനോടുള്ള യഹോവയുടെ ഉടമ്പടിയുടെ നിവൃത്തിയായി വീണ്ടെടുക്കപ്പെടുന്ന സകല മനുഷ്യവർഗ്ഗത്തിന്റെയും നിത്യാനുഗ്രഹം “മഹാപുരുഷാര”ത്തിൽ തുടങ്ങും, അവർ ഈ ദുഷ്ട വ്യവസ്ഥിതി അവസാനിക്കുന്ന സമാന്തരമില്ലാത്ത “ഉപദ്രവ”കാലത്തെ അതിജീവിക്കും. അത് യേശുക്രിസ്തു ആകുന്ന “കുഞ്ഞാടിന്റെ രക്ത”ത്താൽ വീണ്ടെടുക്കപ്പെടുന്ന ശതകോടിക്കണക്കിനുള്ള മാനുഷ മൃതരിലേക്കു വ്യാപിക്കും. (യാക്കോബ് 2:21-23; വെളിപ്പാട് 7:1-17; ഉല്പത്തി 12:3; 22:15-18; മത്തായി 24:21, 22) ഈ ലക്ഷ്യത്തിൽ ഇവർ തങ്ങളുടെ സ്മാരകക്കല്ലറകളിലെ മരണനിദ്രയിൽനിന്ന് ഭൂമിയിലെ ജീവനിലേക്ക് പുനരുത്ഥാനം പ്രാപിക്കും.—യോഹന്നാൻ 5:28, 29.
ഒരു ക്രിസ്തീയ സംഘടന
8. പുതിയ സൃഷ്ടി എന്ന പുസ്തകം ഏതു സ്ഥാപനത്തെക്കുറിച്ചു വർണ്ണിച്ചു, എന്നാൽ ഏതു സംഘടനാവേലയെ അതു വിഭാവനചെയ്തില്ല?
8 ദിവ്യ ഉദ്ദേശ്യത്തിന്റെ നിവൃത്തിയിൽ ഒരു പുതിയ സ്ഥാപനം ആ അനുഗ്രഹങ്ങൾക്കു നൂററാണ്ടുകൾക്കു മുമ്പുതന്നെ രംഗത്തു വന്നു. ആ സ്ഥാപനത്തെ സംബന്ധിച്ച് നാം ഇങ്ങനെ വായിക്കുന്നു: “ആരെങ്കിലും ക്രിസ്തുവിനോടുള്ള ഐക്യത്തിൽ ആണെങ്കിൽ അവൻ ഒരു പുതിയ സൃഷ്ടിയാകുന്നു.” “പരിച്ഛേദനയോ അഗ്രചർമ്മമോ ഏതുമില്ല, എന്നാൽ ഒരു പുതിയ സൃഷ്ടി [ഒരു പുതിയ ജീവി, ജയിംസ രാജാവിന്റെ ഭാഷാന്തരം] എന്തോ ആണ്.” (2 കൊരിന്ത്യർ 5:17; ഗലാത്യർ 6:15) 1904-ൽ പുതിയ സൃഷ്ടി എന്ന പുസ്തകം ക്രി.വ. ഒന്നാം നൂററാണ്ടിൽ അസ്തിത്വത്തിലേക്കു വന്ന ഈ പുതിയ സ്ഥാപനത്തിലേക്കു ശ്രദ്ധ ക്ഷണിച്ചു. (വേദാദ്ധ്യയന പത്രിക, പരമ്പര VI, പാഠം V, “പുതിയ സൃഷ്ടിയുടെ സംഘടന” എന്ന അഭിധാനത്തിൽ.) 1914-ലെ ജാതികളുടെ കാലങ്ങളുടെ അവസാനം എന്തർത്ഥമാക്കുമെന്നതു സംബന്ധിച്ച അതിന്റെ വീക്ഷണം നിമിത്തം മനുഷ്യചരിത്രത്തിലെ ഒന്നാം ലോകമഹായുദ്ധത്തിന്റെ വികലപ്പെടുത്തുന്ന ഫലങ്ങൾക്കുശേഷം നടക്കേണ്ടിയിരുന്ന ശ്രദ്ധേയമായ സംഘടനാവേലയെ ആ പുസ്തകം വിഭാവനചെയ്തില്ല.—ലൂക്കോസ് 21:24,KJ.
9. പുതിയ സൃഷ്ടിയുടെ ശേഷിപ്പ് ഏത് അവസരത്തിലേക്ക് ഉയർന്നു?
9 ആത്മീയമായ പുതിയ സൃഷ്ടിയുടെ ശേഷിപ്പിന്റെ, 1918-ലെ ഒന്നാം ലോകമഹായുദ്ധാവസാനംവരെയുള്ള സംരക്ഷണവും യുദ്ധാനന്തരവർഷമായ 1919-ലെ അവരുടെ ജഡത്തിലെ സൂക്ഷിപ്പും ഒരു അതിശയമായി അനുഭവപ്പെട്ടു. എന്നാൽ സഹസ്രാബ്ദാവസ്ഥകൾ കൈവന്നില്ല. തെളിവനുസരിച്ച്, അന്ന്, യേശുക്രിസ്തുവിനോടുകൂടെ സഹസ്രാബ്ദവേലയിൽ പങ്കെടുക്കാനുള്ള സ്വർഗ്ഗീയപ്രത്യാശ സാക്ഷാത്ക്കരിക്കുന്നതിനുമുമ്പ് പുതിയ സൃഷ്ടിയുടെ ശേഷിപ്പിന് ഭൂമിയിൽ കൂടുതൽ വേല ചെയ്യേണ്ടതുണ്ടായിരുന്നു. അതുകൊണ്ട്, ശേഷിപ്പിന്റെ പുനരുജ്ജീവനവും പുനഃസംഘടനയും നടക്കേണ്ടതിന്റെ വലിയ ആവശ്യമാണുണ്ടായിരുന്നത്. അതുകൊണ്ട്, അചഞ്ചലമായ വിശ്വാസത്തോടും ഭാവിയിലെ വേലയിലുള്ള ആകാംക്ഷയോടും കൂടെ അവർ അവസരത്തിനൊത്തുയർന്നു.
10. പുതിയ വ്യവസ്ഥിതിയിലേക്ക് അതിജീവിക്കാൻ പ്രതീക്ഷിച്ച ദശലക്ഷങ്ങളെക്കുറിച്ച് ഏതു ചോദ്യങ്ങൾ ഉയർന്നു?
10 മനുഷ്യവർഗ്ഗത്തിൽപെട്ട ചിലർ ഈ ദുഷ്ടവ്യവസ്ഥിതിയുടെ അനർത്ഥകരമായ അവസാനത്തെ അതിജീവിച്ച് യേശുക്രിസ്തുവിന്റെ സഹസ്രാബ്ദവാഴ്ചയിലേക്കു കടക്കുമെന്നുള്ള പ്രതീക്ഷ അഭിഷിക്ത ശേഷിപ്പ് വെച്ചുപുലർത്തി. 1918 എന്ന യുദ്ധവർഷത്തിൽ കാലിഫോർണിയായിലെ ലോസ് ആൻജലിസിൽ “ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കാതിരുന്നേക്കാ”മെന്നുള്ള പരസ്യപ്രസംഗം നടത്തപ്പെട്ടശേഷം ഇതു വിശേഷാൽ അങ്ങനെതന്നെയായിരുന്നു. ദശലക്ഷക്കണക്കിനുള്ള ഈ ഭാവി അർമ്മഗെദ്ദോൻ അതിജീവകർ സംഘടിതരാകണമായിരുന്നോ? (വെളിപ്പാട് 16:14-16) അവർ “പുതിയ ഭൂമി”യുടെ ഭാഗമായിത്തീരുന്നതിന് സഹസ്രാബ്ദത്തിലേക്ക് ആനയിക്കപ്പെടുന്നതിനുമുമ്പ് ശേഷിപ്പിനോടുകൂടെ രാജ്യപ്രസംഗവേലയിൽ ഏർപ്പെടുമോ? (2 പത്രോസ് 3:13) ഈ ചോദ്യങ്ങൾക്ക് യുദ്ധാനന്തരവികാസങ്ങളാൽ ഉത്തരം ലഭിക്കുമായിരുന്നു.
11. (എ) ശേഷിപ്പിനോടുകൂടെ ഏക ആട്ടിൻകൂട്ടമായിത്തീരേണ്ടിയിരുന്ന വേറെ ആടുകളുടെ കാര്യത്തിൽ എന്തു ചെയ്യണമായിരുന്നു? (ബി) പ്രത്യാശകളിലുള്ള വ്യത്യാസം ശേഷിപ്പും വേറെ ആടുകളും തമ്മിൽ ഭിന്നിപ്പിന് കാരണമല്ലാഞ്ഞതെന്തുകൊണ്ട്?
11 നല്ല ഇടയനായ യേശുക്രിസ്തുവിന്റെ പിൻവരുന്ന വാക്കുകൾ തക്കസമയത്ത് മുൻപന്തിയിലേക്കു വന്നു: “ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കുണ്ട്; അവയെയും ഞാൻ കൊണ്ടുവരണം, അവ എന്റെ ശബ്ദം ശ്രദ്ധിക്കും, അവ ഒരു ആട്ടിൻകൂട്ടം, ഒരു ഇടയൻ, ആകും.” (യോഹന്നാൻ 10:16) 1919 മുതലുള്ള യുദ്ധാനന്തരവേലക്കുവേണ്ടി അഭിഷിക്ത ശേഷിപ്പ് സംഘടിപ്പിക്കപ്പെടേണ്ട ആവശ്യമുണ്ടായിരുന്നെങ്കിൽ, പിന്നീട് വേറെ ആടുകൾ ഈ തൊഴുത്തിലെ ശേഷിപ്പിനോടുകൂടെ ഒരു ആട്ടിൻകൂട്ടമായിത്തീരുകയും ചെയ്യണമായിരുന്നെങ്കിൽ, അപ്പോഴെന്ത്? എന്തിന്, ആ വേറെ ആടുകളും ആ ശേഷിപ്പിനോടൊത്ത് സംഘടിപ്പിക്കപ്പെടണമായിരുന്നു! വേറെ ആടുകൾക്ക് ഉല്ലാസത്തിന്റെ ഒരു ഭൗമിക പറുദീസയിലെ ജീവനാകുന്ന ഒരു വ്യത്യസ്ത പ്രത്യാശയാണുണ്ടായിരുന്നതെന്ന വസ്തുത അവരും ശേഷിപ്പും തമ്മിലുള്ള ഭിന്നതക്ക് കാരണമായിരുന്നില്ല. എല്ലാവരും ഒരൊററ ഇടയനെ അനുഗമിക്കുകയായിരുന്നു, അഭിഷിക്ത ശേഷിപ്പിന്റെ രാജ്യത്തിലെ മഹത്വീകരണം വരെ ഇരു കൂട്ടങ്ങളും തമ്മിൽ വേർപാടുണ്ടായിരിക്കുകയില്ല.
12. (എ) മനുഷ്യവർഗ്ഗത്തിന്റെ രക്ഷയെക്കാൾ വളരെയേറെ പ്രാധാന്യമുള്ളതെന്തിനാണ്? (ബി) രാജ്യത്തെ പ്രസിദ്ധമാക്കുന്നത് പ്രഥമ പ്രാധാന്യമുള്ളതായിത്തീർന്നതെപ്പോൾ, എന്തുകൊണ്ട്?
12 പാപത്തിൽനിന്നും മരണത്തിൽനിന്നുമുള്ള മനുഷ്യരുടെ രക്ഷ, സാത്താന്റെ ലോകത്താലുള്ള ആധിപത്യത്തിന്റെ അവസാനം, ഭൂവ്യാപകമായി പുനഃസ്ഥാപിക്കപ്പെടുന്ന പറുദീസയിലേക്കുള്ള മനുഷ്യവർഗ്ഗത്തിന്റെ പുനഃസ്ഥിതീകരണം എന്നിവ യഹോവയുടെ സ്നേഹപൂർവകമായ ഉദ്ദേശ്യത്തിന്റെ മുന്തിയ സവിശേഷതകളാണ്. എന്നിരുന്നാലും, സർവ അഖിലാണ്ഡത്തിനും വളരെയേറെ പ്രധാനമായ ഒന്നുണ്ട്. അതെന്താണ്? അത് യഹോവയാം ദൈവത്തിന്റെ സാർവത്രികപരമാധികാരത്തിന്റെ സംസ്ഥാപനവും ഒപ്പം അവന്റെ വിശുദ്ധനാമത്തിന്റെ വിശുദ്ധീകരണവുമാണ്. വാഴുന്ന രാജാവായ യേശുക്രിസ്തുവിനാലുള്ള യഹോവയുടെ രാജ്യത്തിന്റെ പരസ്യംചെയ്യലിന്റെ സമയോചിതത്വം ഒഹായോ സീഡാർപോയിൻറിലെ സാർവദേശീയ ബൈബിൾ വിദ്യാർഥികളുടെ രണ്ടാമത്തെ കൺവെൻഷനിൽവെച്ച് 1922-ൽ ഊന്നിപ്പറയപ്പെട്ടു. 1914-ൽ ജാതികളുടെ കാലങ്ങൾ അവസാനിച്ചിരുന്നതുകൊണ്ട് യേശുവിന്റെ ഈ പ്രാവചനിക വാക്കുകളുടെ നിർവഹണത്തിനുള്ള തക്ക സമയം വന്നിരുന്നു: “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി നിവസിത ഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) യഹോവയുടെ സാർവത്രിക പരമാധികാരത്തെ സംസ്ഥാപിക്കുകയും അവന്റെ വിശുദ്ധനാമത്തെ വിശുദ്ധീകരിക്കുകയും ചെയ്യുന്ന രാജ്യം 1914-ൽ സ്വർഗ്ഗത്തിൽ സ്ഥാപിക്കപ്പെട്ടിരുന്നു. യേശുക്രിസ്തു തന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുകയായിരുന്നു. രാജ്യത്തെയും രാജാവിനെയും പരസ്യപ്പെടുത്തുന്നതിന് ലഭ്യമായ സകല മുഖാന്തരങ്ങളുമുപയോഗിച്ച് പ്രസംഗിക്കപ്പെടേണ്ട മഹത്തായ സുവാർത്ത ഇതായിരുന്നു!
13. രാജ്യപ്രഘോഷണവേലക്ക് ദൈവം എന്തു ഏർപ്പാടുചെയ്തു, എന്തുകൊണ്ട്?
13 യഹോവ സാർവത്രിക തോതിലുള്ള ഒരു സംഘാടകനാണ്, എന്തുകൊണ്ടെന്നാൽ അവൻ അത്യുന്നതനാണ്, പരമോന്നതനാണ്. അവൻ ഇപ്പോൾ ഈ വ്യവസ്ഥിതിയുടെ അവസാനം വരുന്നതിനുമുമ്പ് ഇവിടെ ഭൂമിയിൽ സാർവദേശീയമായി തന്റെ രാജ്യം ഘോഷിക്കുന്ന വേല സമ്പൂർണ്ണമായി സംഘടിപ്പിക്കുന്നതിൽ ശ്രദ്ധിച്ചു. അഭിഷിക്തരുടെ ശേഷിപ്പിൽ ഇപ്പോഴും ജീവിക്കുന്ന അംഗങ്ങൾ തന്നിമിത്തം തന്റെ ഇഷ്ടംചെയ്യാൻ ഒരു സാർവദേശീയസ്ഥാപനമായി ഉരുക്കിച്ചേർക്കപ്പെട്ടു. സാത്താൻ യഹോവയുടെ സാർവത്രികപരമാധികാരത്തെ വെല്ലുവിളിച്ചതുകൊണ്ട് ആ പരമാധികാരത്തിന്റെ യാഥാർത്ഥ്യത്തെയും ഔചിത്യത്തെയും സദാകാലത്തേക്കുമായി സംസ്ഥാപിക്കുകയും നീതീകരിക്കുകയും ചെയ്യേണ്ടതാണെന്ന് അവർ ലോകത്തോടു ഘോഷിക്കേണ്ടതാണ്.
സഹസ്രാബ്ദത്തിനുമുമ്പത്തെ സംഘാടനം
14. (എ) നമ്മുടെ പൊതുയുഗത്തിനു മുമ്പ് ഏതു സ്ഥാപനം യഹോവയുടെ സാർവത്രികസ്ഥാപനത്തിന്റെ ഭൗമികഭാഗമായിത്തീർന്നു? (ബി) ദാവീദ് ഒരു പ്രമുഖസംഘാടകനാണെന്നു തെളിഞ്ഞതെങ്ങനെ?
14 നമ്മുടെ പൊതുയുഗത്തിനു മുമ്പത്തെ 15 നൂററാണ്ടുകളിൽ യഹോവയാം ദൈവത്തിനു ഭൂമിയിൽ ഒരു ദൃശ്യസ്ഥാപനമുണ്ടായിരുന്നു. ബൈബിൾ ചരിത്രത്തിലെ ഒന്നാം ലോകസാമ്രാജ്യമായിരുന്ന ഈജിപ്ററിൽ നിന്നുള്ള ഇസ്രായേൽ ജനത്തിന്റെ വിടുതലിനുശേഷം അവരെ സംഘടിപ്പിക്കുന്നതിന് അവൻ പ്രവാചകനായ മോശയെ തന്റെ മദ്ധ്യസ്ഥനായി ഉപയോഗിച്ചു. മോശൈകന്യായപ്രമാണത്തിൻകീഴിൽ, ഇസ്രയേൽ യഹോവയുടെ സാർവത്രികസ്ഥാപനത്തിന്റെ ദൃശ്യഭാഗമായിത്തീർന്നു. ദൈവത്തിന്റെ ആ തെരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ ഇടയിലെ ഒരു മുന്തിയ സംഘാടകൻ ഇടയ രാജാവായ ദാവീദായിരുന്നു. അവനെ സംബന്ധിച്ച് നാം ഇങ്ങനെ വായിക്കുന്നു: “ദാവീദ് ലേവിപുത്രൻമാരായിരുന്ന ഗെർശോൻ, കഹാത്ത്, മെരാരി, എന്നിവരുടെ പേരിൽ അവരെ [യഹോവയുടെ വിശുദ്ധമന്ദിരത്തിൽ സേവിച്ച ലേവ്യരെ] വിഭാഗങ്ങളായി സംഘടിപ്പിച്ചു.” “അവൻ അവരെ [പുരോഹിതൻമാരെ] അവരുടെ ഇടയിൽ ചീട്ടിട്ടുകൊണ്ട് സംഘടിപ്പിച്ചു, എന്തുകൊണ്ടെന്നാൽ എലെയാസരിന്റെ വംശത്തിലും ഈഥാമാറിന്റെ വംശത്തിലും വിശുദ്ധ ഉദ്യോഗസ്ഥൻമാരും ദൈവത്തിന്റെ ഉദ്യോഗസ്ഥൻമാരും ഉണ്ടായിരുന്നു.”—1 ദിനവൃത്താന്തങ്ങൾ 23:3, 6; 24:1, 5, ദി ന്യൂ ഇംഗ്ലീഷ ബൈബിൾ.
15. (എ) ഇസ്രയേല്യർ ഏതു വിധത്തിലാണ് ഈജിപ്ററ് വിട്ടുപോയത്? (ബി) ആരുംകൂടെ ഈജിപ്ററ് വിട്ടുപോരാൻ തീരുമാനിച്ചു, അവർ ഇസ്രയേല്യരോടുകൂടെ നിന്നോ?
15 ദാവീദിന്റെ കാലത്തിനു നൂറുകണക്കിനു വർഷങ്ങൾക്കുമുമ്പ് ഇസ്രയേൽ ഈജിപ്ററ് വിട്ടുപോയപ്പോൾ അവർ ഭ്രാന്തമായ രീതിയിൽ ഓടിപ്പോകുകയല്ലായിരുന്നു, പിന്നെയോ ക്രമീകൃതമായ ഒരു രീതിയിൽ വിട്ടുപോകുകയായിരുന്നു. ഇത് അവരുടെ മദ്ധ്യസ്ഥനായിരുന്ന മോശയുടെ ഭാഗത്തെ നല്ല സംഘടനാപ്രവർത്തനത്തെ സൂചിപ്പിച്ചു. ഇസ്രയേല്യേതരരുടെ ഒരു വലിയ സമൂഹവും അവരോടുകൂടെ പുറപ്പെട്ടുപോയി, അവർ ഈജിപ്ററിലെ തങ്ങളുടെ ദൈവങ്ങളെക്കാളെല്ലാം ശക്തനായിരുന്ന അത്ഭുതംപ്രവർത്തിക്കുന്നവനായ ദൈവമായ യഹോവയുടെ ജനത്തോടു ചേർന്നു നിൽക്കാൻ തീരുമാനിച്ചു. പല പ്രയാസങ്ങളുണ്ടായിരുന്നിട്ടും യഹോവയുടെ തെരഞ്ഞെടുക്കപ്പെട്ട ജനത്തോട് സൻമനസ്സുണ്ടായിരുന്നതിനാൽ “ഈ വലിയ സമ്മിശ്രപുരുഷാരം” ഭയജനകമായ സീനായി മരുഭൂമിയിൽ കുറേക്കാലം കഴിഞ്ഞും അവരോടുകൂടെ ഉണ്ടായിരുന്നു. (പുറപ്പാട് 12:37-51; സംഖ്യപുസ്തകം 11:4) തെളിവനുസരിച്ച് ആ സമ്മിശ്രപുരുഷാരം മോശയുടെ പിൻഗാമിയായിരുന്ന യോശുവയുടെ നേതൃത്വത്തിൻകീഴിൽ വാഗ്ദത്തനാട്ടിൽ പ്രവേശിച്ചു, എന്തുകൊണ്ടെന്നാൽ അങ്ങനെയുള്ള അന്യദേശവാസികൾക്കുവേണ്ടി കരുതൽ ചെയ്യാൻ ദൈവം വിധിച്ചു.
16. (എ) വലിയ സമ്മിശ്രപുരുഷാരം ആരെ മുൻനിഴലാക്കി? (ബി) ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിക്കാൻ അവർ എന്തു ചെയ്യണം?
16 ഫറവോന്റെ ഈജിപ്ററിൽനിന്നുള്ള വലിയ സമ്മിശ്രസംഘം 20-ാം നൂററാണ്ടിലെ ഒരു മഹാപുരുഷാരത്തെ മുൻനിഴലാക്കി. അവർ ആത്മീയ ഇസ്രയേല്യരല്ല, എന്നാൽ നല്ല ഇടയനായ യേശുക്രിസ്തുവിന്റെ വേറെ ആടുകളാണ്. അവർ അഭിഷിക്തശേഷിപ്പിനോടുകൂടെ വലിപ്പമേറിയ ഫറവോനായ പിശാചായ സാത്താൻ ദൈവമായിരിക്കുന്ന ഈ വ്യവസ്ഥിതിയായ പ്രതിമാതൃകയിലെ ഈജിപ്ററിൽനിന്നുള്ള പൂർണ്ണവിടുതലിനുവേണ്ടി നോക്കിപ്പാർത്തിരിക്കുകയാണ്. (യോഹന്നാൻ 10:16; 2 കൊരിന്ത്യർ 4:4; വെളിപ്പാട് 7:9) എന്നാൽ സാത്താന്റെ പഴയലോകത്തിന്റെ ഉഗ്രമായ നാശത്തെ അതിജീവിക്കാനും വലിപ്പമേറിയ യോശുവായായ യേശുക്രിസ്തുവിൻ കീഴിലുള്ള വാഗ്ദത്തംചെയ്യപ്പെട്ട പുതിയ ലോകത്തിലേക്കു പ്രവേശിക്കാനും എന്തു ചെയ്യണം? (2 പത്രോസ് 3:13) അവർ അഭിഷിക്തശേഷിപ്പായ യഹോവയുടെ ദൃശ്യസ്ഥാപനത്തിന്റെ കേന്ദ്രബിന്ദുവിന്റെ സംഘടനാപരമായ ക്രമീകരണങ്ങളോട് ചേർച്ചയിൽ നിൽക്കേണ്ടതാണ്.
17. ഈ അസംഘടിത ലോകത്തിൽ മഹാപുരുഷാരത്തിൽപെട്ടവർ എങ്ങനെ പ്രവർത്തിക്കുന്നു, അവർ എന്തിനു നോക്കിപ്പാർത്തിരിക്കുന്നു?
17 വിശേഷിച്ച് 20-ാം നൂററാണ്ടിന്റെ നാലാം ദശാബ്ദത്തിന്റെ മദ്ധ്യം മുതൽ വേറെ ആടുകളുടെ മഹാപുരുഷാരം മഹത്വീകരിക്കപ്പെട്ട ഏക ഇടയനും വാഴുന്ന രാജാവുമായ യേശുക്രിസ്തുവിൻ കീഴിൽ സംഘടിതമായ ഏക ആട്ടിൻകൂട്ടത്തിലേക്കു വരുത്തപ്പെട്ടിരിക്കുന്നു. ഐക്യരാഷ്ട്രസംഘടന നിലവിലിരുന്നിട്ടും കൂടുതൽ കൂടുതൽ അസംഘടിതമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിൽ ഈ മഹാപുരുഷാരത്തിൽപെട്ടവർ മുഴുഹൃദയത്തോടെ അഭിഷിക്തശേഷിപ്പിനെ പിന്താങ്ങുകയും അങ്ങനെ യഹോവയുടെ പരിശുദ്ധാത്മാവിന്റെ ഏകീകരണശക്തിക്ക് തെളിവു നൽകുകയും ചെയ്യുന്നു. യേശുക്രിസ്തുവിന്റെ ആയിരവർഷവാഴ്ചക്കാലത്ത് ഭൂമിയിലെ പ്രത്യേക സേവനത്തിനുവേണ്ടി നോക്കിപ്പാർത്തിരിക്കെ അവർ ദൃഢനിശ്ചയത്തോടെ ശേഷിപ്പിനോടുകൂടെ സംഘടിതരായി നിലകൊള്ളുന്നു. (w89 9⁄1)
നിങ്ങളുടെ ആശയങ്ങൾ എന്താണ്?
◻ യേശുക്രിസ്തുവിന്റെ സഹസ്രാബ്ദവാഴ്ചയുടെ കാലത്തെയും സ്വഭാവത്തെയും കുറിച്ച് തിരുവെഴുത്തുകൾ എന്തു സൂചിപ്പിക്കുന്നു?
◻ മനുഷ്യവർഗത്തിന്റെ രക്ഷയെക്കാൾ വളരെയേറെ പ്രാധാന്യമുള്ളതെന്തിനാണ്?
◻ നമ്മുടെ പൊതുയുഗത്തിനുമുമ്പ്, ഏതു സ്ഥാപനം യഹോവയുടെ സാർവത്രിക സ്ഥാപനത്തിന്റെ ഭൗമിക ഭാഗമായിത്തീർന്നു?
◻ വലിയ സമ്മിശ്രപുരുഷാരത്താൽ മുൻനിഴലാക്കപ്പെട്ടവർ ആയിരവർഷവാഴ്ചയിലേക്ക് അതിജീവിക്കുന്നതെങ്ങനെ?