ഒററക്കെട്ടായി ജീവന്റെ ലാക്കിലേക്ക് ഓടുന്നു
“ഏകസത്യദൈവമായ നിന്നെയും നീ അയച്ചവനായ യേശുക്രിസ്തുവിനെയും കുറിച്ചുള്ള അറിവ് ഉൾക്കൊള്ളുന്നതിന്റെ അർത്ഥം നിത്യജീവൻ എന്നാകുന്നു.”—യോഹന്നാൻ 17:3.
1. (എ) ഏതു സന്ദർഭത്തിലാണ് യേശു ആദ്യമായി “നിത്യജീവനെ”ക്കുറിച്ച് സംസാരിക്കുന്നത്? (ബി) ആർക്ക് ഈ ലാക്ക് നേടാൻ കഴിയും?
രാത്രിയുടെ നിഴലിലൂടെ അയാൾ ആരും കാണാതെ ഒളിച്ചുവരുകയാണ്. നിക്കോദേമോസാണത്. ക്രിസ്തുവർഷം 30-ലെ പെസഹാകാലത്ത് യേശു യരൂശലേമിൽ ചെയ്ത അടയാളങ്ങൾ അയാളിൽ മതിപ്പുളവാക്കി. ഈ പരീശനോടാണ് ദൈവപുത്രൻ “നിത്യജീവനെ”ക്കുറിച്ച് രേഖയിലുള്ള തന്റെ ആദ്യപ്രസ്താവന ചെയ്യുന്നത്. അവൻ ഹൃദയോദീപകമായ ഈ പ്രസ്താവന കൂട്ടിച്ചേർക്കുന്നു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിപ്പിക്കപ്പെടാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് അവനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്ര സ്നേഹിച്ചു.” (യോഹന്നാൻ 3:15, 16) വീണ്ടെടുക്കപ്പെടാവുന്ന മനുഷ്യവർഗ്ഗത്തിന് എത്ര മഹത്തായ അവസരമാണ് ഇപ്പോൾ തുറന്നുകിട്ടുന്നത്! എന്തിന്, ആ ലാക്കിലെത്തുന്നതിന് ഒരു അഹങ്കാരിയായ പരീശനുപോലും തന്നേത്തന്നെ താഴ്ത്താവുന്നതാണ്.
2. (എ) ഏതു സാഹചര്യത്തിൽ യേശു വീണ്ടും “നിത്യജീവനെ”ക്കുറിച്ച് സംസാരിച്ചു? (ബി) ജീവദായകമായ വെള്ളം ആർക്കു ലഭ്യമാക്കപ്പെടുന്നു?
2 അതിനുശേഷം താമസിയാതെ യേശു യരൂശലേമിൽനിന്ന് ഗലീലയിലേക്കു യാത്രചെയ്യുന്നു. അവൻ ശമര്യയിലുള്ള ഒരു കിണററുങ്കൽ നിൽക്കുന്നു. ആ സമയത്ത് അവന്റെ ശിഷ്യൻമാർ ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ പോകുന്നു. ഒരു സ്ത്രീ വെള്ളം കോരാൻ വരുന്നു. യേശു അവളോട് ഇങ്ങനെ പറയുന്നു. “ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്ന യാതൊരുവനും ഒരിക്കലും അശേഷം ദാഹിക്കുകയില്ല, എന്നാൽ ഞാൻ കൊടുക്കുന്ന വെള്ളം നിത്യജീവൻ പ്രദാനം ചെയ്യാൻ കുമിഞ്ഞുപൊങ്ങുന്ന ഒരു നീരുറവയായിത്തീരും.” (യോഹന്നാൻ 4:14) ശമര്യക്കാർ യഹൂദൻമാരാൽ പുച്ഛിക്കപ്പെട്ടിരുന്നിട്ടും യേശു ഈ സ്ത്രീക്ക് ഇത്ര വിലപ്പെട്ട ഒരു പ്രത്യാശ വെച്ചുനീട്ടുന്നതെന്തുകൊണ്ട്? മാത്രവുമല്ല, യേശുവിനറിയാവുന്നതുപോലെ, ഈ സ്ത്രീക്ക് അഞ്ചു ഭർത്താക്കൻമാരുണ്ടായിരുന്നു. ഇപ്പോൾ തന്റെ ഭർത്താവല്ലാത്ത ഒരു പുരുഷനോടൊത്ത് ദുർമ്മാർഗ്ഗജീവിതം നയിക്കുകയുമാണവൾ. എന്നിട്ടും, യേശു ഇവിടെ പ്രസ്താവിക്കുന്നതുപോലെ, ജീവദായകമായ സത്യജലം മനുഷ്യവർഗ്ഗലോകത്തിലെ നിന്ദിതർക്കുപോലും ലഭ്യമാക്കപ്പെടേണ്ടതാണ്, അവർ അനുതപിച്ചു തങ്ങളുടെ ജീവിതത്തെ ശുദ്ധീകരിക്കണമെന്നു മാത്രം.—കൊലോസ്യർ 3:5-7 താരതമ്യപ്പെടുത്തുക.
3. (എ) യേശു വേറെ ഏതുതരം “ആഹാരം” ശുപാർശ ചെയ്യുന്നു? (ബി) യോഹന്നാൻ 4:34-36-ന് എങ്ങനെ നിവൃത്തി ഉണ്ടായിരിക്കുന്നു?
3 “നിത്യജീവൻ”! തന്റെ ശിഷ്യൻമാർ മടങ്ങിവന്ന് ഭക്ഷിക്കാൻ തന്നെ നിർബന്ധിക്കുമ്പോൾ യേശു ഈ വിഷയത്തെ കൂടുതലായി വികസിപ്പിക്കുന്നു. അവൻ അവരോടു പറയുന്നു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ വേല പൂർത്തീകരിക്കുതാണ് എന്റെ ആഹാരം.” ആ വേല എന്താണ്? യേശു പറയുന്നു: “നിങ്ങളുടെ കണ്ണുകളുയർത്തി വയലുകളെ വീക്ഷിക്കുക, അവ കൊയ്ത്തിനു വെളുത്തിരിക്കുന്നുവല്ലോ. ഇപ്പോൾത്തന്നെ കൊയ്ത്തുകാരൻ കൂലി വാങ്ങുകയും നിത്യജിവനുവേണ്ടി ഫലം ശേഖരിക്കുകയും ചെയ്യുന്നു.” അത്തരമൊരു കൊയ്ത്ത് താണവരായ ശമര്യരുടെ ഇടയിൽപോലും പ്രതീക്ഷിക്കാമായിരുന്നു; രേഖ പ്രകടമാക്കുന്നപ്രകാരം, അതു സന്തോഷകരമായ ഒരു യാഥാർത്ഥ്യമായിത്തീർന്നു. (യോഹന്നാൻ 4:34-36; പ്രവൃത്തികൾ 8:1, 14-17) നിത്യജീവനുവേണ്ടിയുള്ള കൊയ്ത്തു. ഇന്നോളം തുടരുകയാണ്, എന്നാൽ ഇപ്പോൾ വയൽ ലോകമാണു. യേശു ക്രിസ്തുവിന്റെ ശിഷ്യൻമാർക്ക് ഇപ്പോഴും കർത്താവിന്റെ ഈ വേലയിൽ ധാരാളം ചെയ്യാനുണ്ട്.—മത്തായി 13:37, 38; 1 കൊരിന്ത്യർ 15:58.
“ജീവന്റെ വരം”
4. യേശു ശബ്ബത്താചരണം സംബന്ധിച്ച് യഹൂദൻമാർക്ക് എങ്ങനെ ഉത്തരം കൊടുക്കുന്നു?
4 ഒരു വർഷം കടന്നുപോകുന്നു. പൊതുയുഗം 31-ലെ പെസഹാസമയമായി. യേശുവിന്റെ പതിവുപോലെ, അവൻ ആ ഉത്സവത്തിന് യെരൂശലേമിൽ ഹാജരായിരിക്കുന്നു. അവൻ ശബ്ബത്തിൽ സ്നേഹനിർഭരമായ രോഗശാന്തി പ്രവർത്തനങ്ങൾ നടത്തുന്നതു നിമിത്തം യഹൂദൻമാർ അവനെ പീഡിപ്പിക്കുന്നു. യേശു അവരോട് എങ്ങനെ ഉത്തരം പറയുന്നു? അവൻ ഇങ്ങനെ പറയുന്നു: “എന്റെ പിതാവ് ഇപ്പോൾ വരെയും പ്രവർത്തിച്ചുകൊണ്ടിരുന്നിട്ടുണ്ട്, ഞാനും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.” അതുകൊണ്ട്, അവർ അവനെ കൊല്ലാൻ ശ്രമിക്കുന്നു.—യോഹന്നാൻ 5:17, 18.
5, 6. (എ) യേശു ഇപ്പോൾ ഏതു വിലയേറിയ ബന്ധത്തെ വർണ്ണിക്കുന്നു? (ബി) ഏതു വിധത്തിൽ യേശുവിന് “തന്നിൽതന്നെ ജീവൻ” ഉണ്ട്?
5 എന്നിരുന്നാലും, താനും പിതാവും തമ്മിൽ സ്ഥിതിചെയ്യുന്ന അത്യന്തം വിലപ്പെട്ട ഒരു ബന്ധത്തെ—ഒരു ഐക്യത്തെ അഥവാ ഒരുമയെ—യേശു തുടർന്നു വർണ്ണിക്കുന്നു. അവൻ ആ യഹൂദൻമാരോട് പറയുന്നു: “എന്തെന്നാൽ പിതാവിനു പുത്രനോട് പ്രിയമുണ്ട്, താൻതന്നെ ചെയ്യുന്ന സകല കാര്യങ്ങളും അവനെ കാണിക്കുകയും ചെയ്യുന്നു; നിങ്ങൾ അതിശയിക്കേണ്ടതിന് ഇവയെക്കാൾ വലിയ പ്രവൃത്തികളും അവൻ അവനെ കാണിക്കും.” പിതാവ് തനിക്ക് അസാധാരണശക്തി തന്നിട്ടുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ട് അവൻ പറയുന്നു: “എന്റെ വചനങ്ങൾ കേൾക്കുകയും എന്നെ അയച്ചവനിൽ വിശ്വസിക്കുകയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ട്, അവൻ ന്യായവിധിയിലേക്കു വരാതെ, മരണത്തിൽനിന്ന് ജീവനിലേക്കു കടന്നിരിക്കുന്നു.”—യോഹന്നാൻ 5:20, 24.
6 അതെ, തങ്ങളുടെ അവകാശപ്പെടുത്തിയ പാപ പൂർണ്ണതനിമിത്തം ദൈവദൃഷ്ടിയിൽ “മരിച്ചവർ”ക്കുപോലും “ദൈവപുത്രന്റെ ശബ്ദം കേൾക്കുകയും” ജീവനിലേക്കു വരികയും ചെയ്യാവുന്നതാണ്. എന്നാൽ എങ്ങനെ? യേശു വിശദീകരിക്കുന്നു: “എന്തെന്നാൽ പിതാവിനു തന്നിൽത്തന്നെ ജീവനുള്ളതുപോലെ, അവൻ പുത്രനും തന്നിൽതന്നെ ജീവനുണ്ടായിരിക്കാൻ അനുവാദംകൊടുത്തിരിക്കുന്നു.” “തന്നിൽത്തന്നെ ജീവൻ” എന്ന ആ വാക്കുകളെ “തന്നിൽത്തന്നെ ജീവന്റെ വരം” എന്നും വിവർത്തനം ചെയ്യാൻ കഴിയും. (യോഹന്നാൻ 5:25, 26, റഫ. ബൈ. അടിക്കുറിപ്പ്) അതുകൊണ്ട് ദൈവ മുമ്പാകെ മനുഷ്യർക്ക് ഒരു നല്ല നിലപാടുകൊടുക്കാൻ യേശു പ്രാപ്തനാണ്. മാത്രവുമല്ല, മരണത്തിൽ നിദ്രകൊണ്ടവരെ ഉയിർപ്പിക്കാനും ജീവൻ കൊടക്കാനും അവൻ പ്രാപ്തനാണ്.—യോഹന്നാൻ 11:25; വെളിപ്പാട് 1:18.
7. (എ) ദൈവത്തെ സംബന്ധിച്ചു സങ്കീർത്തനം 36:5, 9 നമ്മോട് എന്തു പറയുന്നു? (ബി) യഹോവ തന്റെ നിർമ്മലതാപാലകനായ പുത്രന് എങ്ങനെ പ്രതിഫലം കൊടുത്തിരിക്കുന്നു?
7 യഹോവയ്ക്കു എല്ലായ്പ്പോഴും തന്നിൽതന്നെ ജീവൻ ഉണ്ടായിരുന്നിട്ടുണ്ട്. “നിന്നിൽ ജീവന്റെ ഉറവുണ്ട്” എന്ന് അവനെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നു. (സങ്കീർത്തനം 36:5, 9) എന്നാൽ ഇപ്പോഴും പിതാവ് നിർമ്മലതാപാലകനായി തന്റെ പുത്രനെ “മരണത്തിൽ നിദ്രകൊണ്ടിരിക്കുന്നവരുടെ ആദ്യഫലങ്ങൾ” എന്ന നിലയിൽ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചിരിക്കുന്നു. “തന്നിൽതന്നെ ജീവന്റെ വരം” ഉള്ളതിനാൽ നിത്യജീവനെ മുന്നിൽ കണ്ടുകൊണ്ട് പാപങ്ങൾ ക്ഷമിക്കുന്നതിനും ന്യായവിധി നടത്തുന്നതിനും മരിച്ചവരെ ഉയിർപ്പിക്കുന്നതിനും യേശു അധികാരപ്പെടുത്തപ്പെട്ടിരിക്കുന്നു.—1 കൊരിന്ത്യർ 15:20-22; യോഹന്നാൻ 5:27-29; പ്രവൃത്തികൾ 17:31.
ഒരു സന്തോഷകരമായ ഐക്യം
8, 9. (എ) നമുക്ക് നിത്യജീവന്റെ ലാക്കിനെ എങ്ങനെ മുന്നിൽ നിർത്താം? (ബി) നിത്യജീവൻ സംബന്ധിച്ച് ദൈവം എന്തു ക്രമീകരിക്കുന്നു? (സി) ഈ അനുഗ്രഹങ്ങളിൽ ആർ പങ്കുപററുന്നു? എങ്ങനെ?
8 ആകയാൽ, യേശുവിന്റെ ശിഷ്യനായ യൂദാ നമ്മെ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “നിങ്ങൾ നിത്യജിവനെ മുന്നിൽ കണ്ടുകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണയ്ക്കായി കാത്തിരിക്കവേ, നിങ്ങളേത്തന്നെ ദൈവസ്നേഹത്തിൽ നിലനിർത്തുക.” (യൂദാ 21) നിത്യജീവൻ—എത്ര വിലപ്പെട്ട ലാക്ക്! നമ്മുടെ പൂർണ്ണതയുള്ള സ്രഷ്ടാവിന്റെ ഇഷ്ടപ്രകാരവും അവൻ തന്റെ പുത്രൻമുഖേന ചെയ്യുന്ന ക്രമീകരണമനുസരിച്ചും അത് പൂർണ്ണതയിലുള്ള നിത്യജീവൻ ആയിരിക്കേണ്ടതാണ്. അത് മിക്കപ്പോഴും ഇപ്പോഴത്തെ വ്യവസ്ഥിതിയിലെ നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ ലക്ഷണമായിരിക്കുന്ന കഠിനാദ്ധ്വാനത്തിൽ നിന്ന് വിമുക്തമായിരിക്കും. വരാനുള്ള വ്യവസ്ഥിതിയിൽ സങ്കടവും രോഗവും അധർമ്മവും അഴിമതിയും ഉണ്ടായിരിക്കയില്ല. മരണംപോലും ഉണ്ടായിരിക്കയില്ല!—മീഖാ 4: 3, 4; 1 കൊരിന്ത്യർ 15:26.
9 ഈ വാഗ്ദത്തങ്ങളുടെ സാക്ഷാത്ക്കരണത്തിൽ ആർ പങ്കുപററും? എവിടെ? അത് യേശുവിന്റെ ബലിയിൽ വിശ്വാസം പ്രകടമാക്കുന്നവരും ആ വിശ്വാസത്തോട് ദൈവഭക്തി പ്രവൃത്തികൾ കൂട്ടുന്നവരുമാണ്. അവർ വിശ്വാസപരമായ ഐക്യത്തോടെ ലോകവ്യാപകമായുള്ള സഹക്രിസ്ത്യാനികളുമായി യോജിപ്പിൽ ഒത്തു ചേർന്നിരിക്കുന്നു.—യാക്കോബ് 2:24; എഫേസ്യർ 4:16.
10. (എ) ദൈവത്തിന്റെ “ഭരണസംവിധാന”ത്തിൽ ഒന്നാമതു വരുന്നതെന്ത്? (ബി) “ഭരണസംവിധാനം” അടുത്തതായി എന്തിലേക്കു നീങ്ങുന്നു?
10 ദൈവം തന്റെ സുപ്രസാദപ്രകാരം, “സകല അസ്തിത്വങ്ങളും, സ്വർഗ്ഗത്തിലെ അസ്തിത്വങ്ങളും ഭൂമിയിലെ അസ്തിത്വങ്ങളും, ക്രിസ്തുവിൽ വീണ്ടും കൂട്ടിച്ചേർക്കുന്നതിന് ഒരു ഭരണ സംവിധാനം” ഉദ്ദേശിച്ചിട്ടുണ്ട്. (എഫേസ്യർ 1:8-10) ഇതു ക്രിസ്തുവിന്റെ 144000 കൂട്ടവകാശികളോടുകൂടെ തുടങ്ങുന്ന ദൈവത്തിന്റെ ഗാർഹിക ക്രമീകരണമാണ്. ഇവർ “ദൈവത്തിനും കുഞ്ഞാടിനും [യേശുക്രിസ്തു] ആദ്യഫലങ്ങളെന്ന നിലയിൽ മനുഷ്യവർഗ്ഗത്തിന്റെ ഇടയിൽനിന്ന് വിലയ്ക്കു വാങ്ങപ്പെട്ടവർ” ആണ്. അവർക്ക് “[സ്വർഗ്ഗീയമായ] ഒന്നാം പുനരുത്ഥാനത്തിൽ” പങ്കു ലഭിക്കുന്നു, തന്നിമിത്തം അവർക്കു ക്രിസ്തുവിനോടുകൂടെ രാജാക്കൻമാരും പുരോഹിതൻമാരുമായി ആയിരം വർഷം വാഴാവുന്നതാണ്. അടുത്തതായി, ദൈവത്തിന്റെ ഭരണസംവിധാനം “സകല ജനതകളിൽനിന്നും ഗോത്രങ്ങളിൽനിന്നും ജനങ്ങളിൽനിന്നും ഭാഷകളിൽനിന്നുമുള്ള” അസംഖ്യമായ “മഹാപുരുഷാര”ത്തിൽ തുടങ്ങി “ഭൂമിയിലെ അസ്തിത്വങ്ങളെ” കൂട്ടിച്ചേർക്കാൻ ആരംഭിക്കുന്നു. ഈ ദൈവദാസൻമാർ ഒരു “പുതിയ ഭൂമി”യിലെ നിത്യജീവൻ നേടുന്നതിനുള്ള പ്രതീക്ഷയോടെ “മഹോപദ്രവ”ത്തിൽനിന്ന് പുറത്തുവരും.—വെളിപ്പാട് 14:1, 4; 20:4, 6; 7:4, 9-17; 21:1, 4.
11 .(എ) എഫേസ്യർ 1:11 ഏതു വിലയേറിയ “ഐക്യ”ത്തെ പരാമർശിക്കുന്നു? (ബി) ഈ “ഐക്യ”ത്തിലുള്ളവർക്ക് യോഹന്നാൻ 15:4, 5 എങ്ങനെ ബാധകമാക്കുന്നു?
11 “സ്വർഗ്ഗത്തിലെ അസ്തിത്വങ്ങ”ളായി ദൈവത്തിന്റെ ആത്മാഭിഷിക്തരായ പുത്രൻമാർ യേശുവിനോടും പിതാവിനോടും ഒരു വളരെ അടുത്ത ബന്ധം ആസ്വദിക്കുന്നു. അവർ യേശുവിനോടുള്ള ഐക്യത്തിൽ രാജ്യത്തിന്റെ “അവകാശികളായി നിയോഗിക്കപ്പെട്ടിരിക്കുന്നു.” (എഫേസ്യർ 1:11) യേശു തന്നോടുള്ള ഐക്യത്തിൽ സ്ഥിതി ചെയ്യാൻ അവരെ പ്രോത്സാഹിപ്പിച്ചു. വളരെയധികം ഫലം കായിക്കാൻ കൊമ്പുകൾ മുന്തിരിവള്ളിയോട് പററിനിൽക്കുന്നതുപോലെതന്നെ. യേശുക്രിസ്തുവിനോടുള്ള ഈ വിലപ്പെട്ട ഐക്യം നിലനിർത്താത്തപക്ഷം, കൊമ്പുകൾക്ക് “യാതൊന്നും ചെയ്യാൻ കഴികയില്ല.”—യോഹന്നാൻ 14:10, 11, 20; 15:4, 5; 1 യോഹന്നാൻ 2:27.
“വേറെ ആടുകൾ” ഇപ്പോൾ പങ്കുചേരുന്നു
12. (എ) “വേറെ ആടുകൾ”ക്ക് “ചെറിയ ആട്ടിൻകൂട്ട”ത്തോടുള്ള ബന്ധമെന്ത്? (ബി) 1 യോഹന്നാൻ 2:1-6-ന് ഈ കൂട്ടങ്ങളിലോരോന്നിനുമുള്ള പ്രയുക്തതയെന്ത്?
12 എന്നുവരികിലും, കഴിഞ്ഞ 50 വർഷക്കാലത്ത് ലൗകികരായ കോലാടുകളിൽനിന്ന് വേർതിരിക്കപ്പെട്ടിരിക്കുന്ന ചെമ്മരിയാടുതല്യരായ ദശലക്ഷക്കണക്കിനാളുകളെക്കുറിച്ചെന്ത്? (മത്തായി 25:31-40) ഇവർ രാജ്യം കൊടുക്കപ്പെടുന്ന യേശുവിന്റെ “ചെറിയ ആട്ടിൻകൂട്ട”മല്ല. പുത്രനോടുമുള്ള ഐക്യത്തിൽ സേവിക്കുന്ന വലിപ്പമേറിയ ഒരു ആട്ടിൻകൂട്ടത്തിന്റെ ഭാഗമെന്ന നിലയിൽ അവരോടു ചേരുന്നു. (ലൂക്കോസ് 12:32; യോഹന്നാൻ 10:16) യേശുക്രിസ്തു “നമ്മുടെ (അതായത് “ചെറിയ ആട്ടിൻ കൂട്ട”ത്തിന്റെ) പാപങ്ങൾക്കു മാത്രമല്ല, മുഴുലോകത്തിന്റെയും പാപങ്ങൾക്ക് ഒരു പ്രായശ്ചിത്തയാഗമാകുന്നു” എന്ന് അപ്പോസ്തലനായ യോഹന്നാൻ ഉറപ്പുനൽകുന്നു. അങ്ങനെ മനുഷ്യവർഗ്ഗലോകത്തിൽനിന്നു കൂട്ടിച്ചേർക്കപ്പെട്ട ഈ “വേറെ ആടുകൾ”ക്കു ദൈവത്തോടും ക്രിസ്തുവിനോടുമുള്ള വിലയേറിയ ഒരു ബന്ധം ആസ്വദിക്കാവുന്നതാണ്. അതു യോഹന്നാൻ തുടർന്നു പറയുന്നതിനോട് സമാനമാണ്: “അവന്റെ വചനം അനുഷ്ഠിക്കുന്നത് ആരായാലും, സത്യമായി ആ വ്യക്തിയിൽ ദൈവസ്നേഹം പൂർണ്ണമാക്കപ്പെട്ടിരിക്കുന്നു. ഇതിനാൽ നാം അവനോടുള്ള ഐക്യത്തിലാണെന്നുള്ള അറിവ് നമുക്കുണ്ട്.” ഒന്നാമതായി, “ചെറിയ ആട്ടിൻകൂട്ട”വും പിന്നീട് “വേറെ ആടുകളും” യേശു നടന്നതുപോലെതന്നെ നടക്കാനുള്ള കടപ്പാടിൻ കീഴിൽ വരുന്നു.—1 യോഹന്നാൻ 2:1-6.
13. (എ) യോഹന്നാൻ 17:20, 21-ൽ യേശു എന്തിനുവേണ്ടി പ്രാർത്ഥിക്കുന്നു? (ബി) ഈ അപേക്ഷ ക്രിസ്തുവിന്റെ കൂട്ടവകാശികൾക്കുവേണ്ടി മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്ന് എന്തു പ്രകടമാക്കുന്നു?
13 അതുകൊണ്ട്, ഇന്ന് ഇരുകൂട്ടരും, സ്വർഗ്ഗീയരും ഭൗമികരും, ‘പിതാവിനോടും പുത്രനോടുമുള്ള ഐക്യത്തിലാണ്.’—ദൈവവേല ചെയ്യുന്നതിൽ അവരോടു പൂർണ്ണയോജിപ്പിലാണ്. “പിതാവേ, നീ എന്നോടുള്ള ഐക്യത്തിലും ഞാൻ നിന്നോടുള്ള ഐക്യത്തിലും ആയിരിക്കുന്നതുപോലെ, അവരും [ഐക്യത്തിൽ] ആയിരിക്കേണ്ടതിന്, അവരും നമ്മോടുള്ള ഐക്യത്തിൽ ആയിരിക്കേണ്ടതിന്” എന്ന് യേശു പ്രാർത്ഥിച്ചു. ഈ ഏകത അർത്ഥം സംബന്ധിച്ച് കൂട്ടവകാശത്തിന് പരിമിതപ്പെട്ടിരിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ, സ്പഷ്ടമായി യേശുവിന്റെ ശിഷ്യൻമാർ ‘യഹോവയുടെ ശരീര’ത്തിന്റെ ഭാഗമായിത്തീരുന്നില്ല അഥവാ ‘യഹോവയുടെ കൂട്ടവകാശികളാ’യിത്തീരുന്നില്ല. അവർ സഹകരണത്തിലുള്ള ഒരുമ പ്രകടമാക്കുന്നതുകൊണ്ടാണ് “ഐക്യത്തിൽ” ആയിരിക്കുന്നത്. അവർ മനുഷ്യവർഗ്ഗലോകത്തോട് സാക്ഷീകരിക്കുമ്പോൾ യഹോവയോടും ക്രിസ്തുവിനോടും ഏകഹൃദയവും മനസ്സുമുള്ളവരായിരിക്കുന്നു.—യോഹന്നാൻ 17:20, 21.
14. സ്വർഗ്ഗീയവർഗ്ഗം ഏതു പ്രത്യേകവിധത്തിൽ ക്രിസ്തുവിനോടുള്ള ഐക്യത്തിലായിരിക്കുന്നു, അവരെ ഇതു സംബന്ധിച്ച് അറിവുള്ളവരാക്കുന്നതെന്ത്?
14 എന്നിരുന്നാലും, അഭിഷിക്ത സ്വർഗ്ഗീയ വർഗ്ഗത്തിൽപെട്ടവർ, ക്രിസ്തുവിൻ ബലിയുടെ പുണ്യത്തിന്റെ പ്രയോഗത്താൽ ജീവിതം സംബന്ധിച്ചു നീതിമാൻമാരെന്നു പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് അവർ ഇപ്പോൾ ഒരു പ്രത്യേകവിധത്തിൽ ആ ഐക്യം ആസ്വദിക്കുന്നു. അതുകൊണ്ട്, അവർക്ക് ക്രിസ്തുയേശുവിന്റെ കൂട്ടവകാശികളായിത്തീരാനുള്ള പ്രത്യാശയോടെ ആത്മജനനം പ്രാപിച്ചവരായിരിക്കാൻ കഴിയും. പുത്രൻമാരായുള്ള തങ്ങളുടെ ദത്തെടുപ്പിനെ സമ്മതിച്ചുകൊണ്ട് അവർ പറയുന്നു: “ആത്മാവുതന്നെ [ദൈവത്തിന്റെ പ്രവർത്തനനിരതമായ ജനിപ്പിക്കൽ ശക്തി] നാം ദൈവമക്കളാകുന്നുവെന്ന് നമ്മുടെ ആത്മാവോടുകൂടെ [പ്രമുഖ മാനസിക ചായ്വ്] സാക്ഷ്യം വഹിക്കുന്നു.”—റോമർ 3:23, 24; 5:1; 8:15-18.
15. ഭൗമികജീവന്റെ പ്രത്യാശയുള്ളവർക്ക് ഈ കാലവും ഭാവിയും എന്തു കൈവരുത്തുന്നു?
15 ഭൗമിക ജീവന്റെ പ്രത്യാശയുള്ളവരെ സംബന്ധിച്ചിടത്തോളം ഇപ്പോൾ അവർ പുരാതനകാലത്തെ അബ്രാഹാമിനെയും രാഹാബിനെയും മററുചിലരെയും പോലെ, ദൈവത്തോടുള്ള സൗഹൃദം സംബന്ധിച്ച് നീതിമാൻമാരായി പ്രഖ്യാപിക്കപ്പെടുന്നു. ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചക്കാലത്ത് അവർ ക്രമേണ മാനുഷ പൂർണ്ണതയിലേക്കുയർത്തപ്പെടുന്നതുകൊണ്ട്, ഒരു അന്തിമപരിശോധനക്കുശേഷം “സൃഷ്ടിതന്നെ ദ്രവത്വത്തിന്റെ അടിമത്തത്തിൽ നിന്ന് സ്വതന്ത്രരാക്കപ്പെടുകയും ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യും.” (റോമർ 8:19-21; യാക്കോബ് 2:21-26) അങ്ങനെ അനുസരണമുള്ള മനുഷ്യർ ഭൂമിയിലെ നിത്യജീവനുവേണ്ടി നീതിമാൻമാരായി പ്രഖ്യാപിക്കപ്പെടും.—യോഹന്നാൻ 10:10; യെശയ്യാ 9:7; 11: 1-9; 35:1-6; 65:17-25 താരതമ്യപ്പെടുത്തുക.
16. (എ) ഏതു വിധങ്ങളിൽ “ചെറിയ ആട്ടിൻകൂട്ട”വും “വേറെ ആടുകളും” അന്യോന്യമുള്ള “ഐക്യം” പ്രകടമാക്കുന്നു? (ബി) എന്നാൽ യോഹന്നാൻ 3:3-5 “ചെറിയ ആട്ടിൻകൂട്ട”ത്തിന്മാത്രം ബാധകമാകുന്നതെന്തുകൊണ്ട്?
16 വ്യക്തികളെന്ന നിലയിൽ “ചെറിയ ആട്ടിൻകൂട്ട”ത്തിൽ പെട്ടവരും “വേറെ ആടുകളു”ടെ മഹാപുരുഷാരത്തിൽ പെട്ടവരും ദൈവസേവനത്തിൽ തുല്യമായ സന്തുഷ്ടതീക്ഷ്ണത പ്രകടമാക്കുന്നു. (ലൂക്കോസ് 12:32; യോഹന്നാൻ 10:16; തീത്തോസ് 2:13, 14) ശേഷിച്ചിരിക്കുന്ന അഭിഷിക്തരിലെ അധികപങ്കും പ്രായത്തിലും ക്രിസ്തീയ അനുഭവത്തിലും വളരെ പുരോഗമിച്ചവരായിരിക്കാം, എന്നാൽ ഇരുകൂട്ടരും ക്രിസ്തീയ വ്യക്തിത്വവും ആത്മാവിന്റെ ഫലങ്ങളും പ്രകടമാക്കുന്നു. (എഫേസ്യർ 4:24; ഗലാത്യർ 5:22, 23) എന്നാൽ യേശു നിത്യജീവനെക്കുറിച്ച് സംസാരിക്കുന്നതിനു മുമ്പുപോലും നിക്കോദേമോസിനോടു സൂചിപ്പിച്ചപ്രകാരം ഒരു വ്യത്യാസമുണ്ട്. അവൻ ഇങ്ങനെ പറഞ്ഞു: “ആരെങ്കിലും വീണ്ടും ജനിക്കുന്നില്ലെങ്കിൽ അവന് ദൈവരാജ്യം കാണാൻ കഴികയില്ല.” (യോഹന്നാൻ 3:3-5) അതുകൊണ്ട് യേശുവിനോടുകൂടെ അവന്റെ രാജ്യത്തിൽ കൂട്ടവകാശികളായിത്തീരാൻ ദൈവം വിളിക്കുന്ന സ്നാനമേററ ക്രിസ്ത്യാനികൾക്ക് ഒരു ആത്മീയ പുനർജ്ജനനം അനുഭവപ്പെടുന്നുണ്ട്. (1 കൊരിന്ത്യർ 1:9, 26-30) “വേറെ ആടുകൾ”ക്ക് അങ്ങനെയുള്ള ഏതെങ്കിലും പുനർജ്ജനനം ആവശ്യമില്ല;, എന്തുകൊണ്ടെന്നാൽ അവരുടെ ലാക്ക് പുനഃസ്ഥിതീകരിക്കപ്പെട്ട ഭൗമികപരദീസയിൽ രാജ്യപ്രജകളെന്ന നിലയിൽ നിത്യജീവൻ പ്രാപിക്കുകയെന്നതാണ്.—മത്തായി 25:34, 46ബി; ലൂക്കോസ് 23:42, 43.
സ്മാരകവും പുതിയ ഉടമ്പടിയും
17. (എ) ജീവന്റെ ലാക്കുള്ളവരെല്ലാം സ്മാരകദിവസം ദൈവജനത്തോടു കൂടെ കൂടിവരേണ്ടതെന്തുകൊണ്ട്? (ബി) നാം 1985-ലെ സ്മാരകാഘോഷം സംബന്ധിച്ച് എന്തു ഗൗനിക്കുന്നു?
17 ലോകവ്യാപകമായുള്ള യഹോവയുടെ സാക്ഷികൾ 1986 മാർച്ച് 24-ാം തീയതി സൂര്യാസ്തമയശേഷം യേശുവിന്റെ മരണത്തിന്റെ സ്മാരകം ആഘോഷിക്കുകയുണ്ടായി. യേശു തന്റെ പിതാവിന്റെ നാമത്തിന്റെയും ഉദ്ദേശ്യത്തിന്റെയും സംസ്ഥാപനാർത്ഥവും പാപപൂർണ്ണരായ മനുഷ്യവർഗ്ഗത്തിനുവേണ്ടിയും തന്റെ പൂർണ്ണ മാനുഷ ശരീരവും ജീവരക്തവും ബലിയർപ്പിച്ചതിൻമേൽ ശ്രദ്ധകേന്ദ്രീകരിക്കപ്പെട്ടു. (1 കൊരിന്ത്യർ 11:23-26) അതുകൊണ്ട്, സ്വർഗ്ഗത്തിലേതായാലും ഭൂമിയിലേതായാലും, ജീവന്റെ ലാക്കുള്ള എല്ലാവരും ഈ സന്തോഷകരമായ അവസരത്തിൽ ലോകവ്യാപകമായുള്ള ദൈവജനത്തോട് സഹവസിച്ചു. 1985-ൽ മൊത്തം 77,92,109 പേർ യേശുവിന്റെ മരണത്തിന്റെ സ്മാരകം ആഘോഷിക്കുകയുണ്ടായി. എന്നിരുന്നാലും, യേശുവിന്റെ മാനുഷശരീരത്തെയും രക്തത്തെയും പ്രതീകപ്പെടുത്തുന്ന സ്മാരക അപ്പവും വീഞ്ഞും അനുഭവിച്ചവരുടെ എണ്ണം 9,051 മാത്രമായിരുന്നു. അത്ര കുറച്ച് എന്തുകൊണ്ട്?
18, 19. (എ) യേശു ലൂക്കോസ് 22-ാം അദ്ധ്യായത്തിൽ ഏതു ഉടമ്പടികളെ പരാമർശിക്കുന്നു? (ബി) ഓരോ ഉടമ്പടിയും എന്ത് ഉദ്ദേശ്യം സാധിക്കുന്നു? (സി) മോശെയാൽ മുൻനിഴലാക്കപ്പെട്ട പ്രകാരം യേശു “ഏകമദ്ധ്യസ്ഥ”നായി സേവിക്കുന്നതെങ്ങനെ?
18 ശരി, തന്റെ മരണത്തിന്റെ സ്മാരകം ഏർപ്പെടുത്തിയ സന്ധ്യാസമയത്ത് യേശു എന്തു പറഞ്ഞു? തന്റെ ശിഷ്യൻമാർക്ക് അപ്പം വിതരണം ചെയ്തശേഷം അവൻ അടുത്തതായി അതേ പ്രകാരംതന്നെ വീഞ്ഞും കൊടുത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയപ്പെടാനിരിക്കുന്ന എന്റെ രക്തം ഹേതുവായുള്ള പുതിയ ഉടമ്പടിയെ അർത്ഥമാക്കുന്നു.” പിന്നീട്, പുതിയ ഉടമ്പടിയിലേക്ക് അവരെ എടുക്കുന്നതിനുള്ള കാരണം തുടർന്നു വിശദമാക്കിക്കൊണ്ട് അവൻ പറഞ്ഞു: “നിങ്ങളാകുന്നു എന്റെ പീഡാനുഭവങ്ങളിൽ എന്നോട് പററിനിന്നവർ. എന്റെ പിതാവ് ഒരു രാജ്യത്തിനുവേണ്ടി എന്നോട് ഒരു ഉടമ്പടി ചെയ്തതുപോലെ, ഞാൻ നിങ്ങളോട് ഒരു ഉടമ്പടി ചെയ്യുന്നു, നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിങ്കൽ തിന്നുകയും കുടിക്കുകയും യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെയും ന്യായംവിധിക്കുന്നതിന് സിംഹാസനങ്ങളിലിരിക്കുകയും ചെയ്യേണ്ടതിനുതന്നെ.”—ലൂക്കോസ് 22:19, 20, 28-30.
19 യിരെമ്യാപ്രവാചകൻ പുതിയ ഉടമ്പടിയെ മുൻകൂട്ടിപ്പറയുകയും അതു മുഖേന യഹോവ തന്റെ ജനത്തിന്റെ അകൃത്യവും പാപവും ക്ഷമിക്കുമെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു. തന്നിമിത്തം അവർ ഏററം അടുത്ത ഒരു ബന്ധത്തിൽ യഹോവയെ “അറിയു”മായിരുന്നു. (യിരെമ്യാവ് 31:31, 34) മോശെ ജഡിക യിസ്രായേലുമായുള്ള ന്യായപ്രമാണ ഉടമ്പടിയുടെ “മദ്ധ്യസ്ഥൻ” ആയിരുന്നതുപോലെ, യേശു “സമാനമായി മെച്ചപ്പെട്ട [ഈ] ഉടമ്പടിയുടെ മദ്ധ്യസ്ഥ”നായിത്തീരുന്നു. അത് ‘ദൈവത്തിന്റെ ആത്മീയയിസ്രായേലു’മായി ദൈവം ചെയ്യുന്ന ഉടമ്പടിയാണ്. ഇതു ക്രിസ്തുയേശുവിനോടുകൂടെ രാജ്യാവകാശികളായിത്തീരാൻ വിളിക്കപ്പെട്ടവരെ വീണ്ടെടുക്കാൻ വേണ്ടിയായിരുന്നു. അങ്ങനെ അവർക്ക് “നിത്യാവകാശത്തിന്റെ വാഗ്ദത്തം ലഭിക്കുന്നു.” (ഗലാത്യർ 3:19, 20; 6:16. എബ്രായർ 8:6; 9:15; 12:24) വിശേഷിച്ച് ഈ ബൈബിൾപരമായ അർത്ഥത്തിലാണ് ക്രിസ്തുയേശു “ദൈവത്തിനും മനുഷ്യർക്കുമിടയിലെ ഏക മദ്ധ്യസ്ഥനായി” സേവിക്കുന്നത്.—1 തിമൊഥെയോസ് 2:5, 6.
20. (എ) ഉചിതമായി ആർ സ്മാരക ചിഹ്നങ്ങളിൽ പങ്കുപററുന്നു? (ബി) ഇത് എന്തുകൊണ്ട്?
20 അപ്പോൾ, അപ്പവും വീഞ്ഞുമാകുന്ന സ്മാരകചിഹ്നങ്ങളിൽ ആർക്ക് ഉചിതമായി പങ്കുപററാവുന്നതാണ്? യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ ദൈവം പുതിയനിയമത്തിലേക്കെടുക്കുന്ന കൂട്ടത്തിനു മാത്രം. (സങ്കീർത്തം50:5) ഈ ഉടമ്പടിയുടെ ഉദ്ദേശ്യം യേശുവിന്റെ 144000 കൂട്ടവകാശികളെ ആദ്യം മാനുഷജീവനിലേക്ക് നീതീകരിക്കുകയെന്നതാണ്, തന്നിമിത്തം അവർക്ക് ഈ ജീവാവകാശം ബലിചെയ്യാനും സ്വർഗ്ഗീയ രാജ്യത്തിലേക്ക് എടുക്കപ്പെടാനും കഴിയും. (റോമർ 4:25; 2 തിമൊഥെയോസ് 2:10, 12) എന്നാൽ “വേറെ ആടുകളെ” സംബന്ധിച്ചെന്ത്?
21. (എ)സ്മാരകത്തിലെ നിരീക്ഷകരെന്ന നിലയിൽ “വേറെ ആടുകൾക്ക്” എങ്ങനെ പ്രയോജനം കിട്ടുന്നു? (ബി) സ്മാരകം എന്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു, ഏതു ചോദ്യം ഉദിക്കുന്നു?
21 “വേറെ ആടുകളിൽ” പെട്ടവർ പുതിയ ഉടമ്പടിയിൽ ഉൾപ്പെടുന്നവരല്ല. അതുകൊണ്ട് അവർ പങ്കുപററുന്നില്ല. എന്നിരുന്നാലും, ആദരവുള്ള നിരീക്ഷകരെന്ന നിലയിൽ സ്മാരകാഘോഷത്തിന് ഹാജരാകുന്നതിനാൽ അവർക്കെല്ലാം സമൃദ്ധമായ അനുഗ്രഹം ലഭിക്കുന്നു. ആത്മീയകാര്യങ്ങളെക്കുറിച്ചുള്ള അവരുടെ വിലമതിപ്പ് തന്റെ പിതാവിനോടുള്ള യേശുവിന്റെ പ്രാർത്ഥനാ വാചകങ്ങൾക്കനുസൃതമായി മൂർച്ചയേറിയതായിത്തീരുന്നു: “ഏക സത്യദൈവമായ നിന്നെയും നീ അയച്ചവനായ യേശുക്രിസ്തുവിനെയും കുറിച്ചുള്ള അറിവ് ഉൾക്കൊള്ളുന്നതിന്റെ അർത്ഥം നിത്യജീവൻ എന്നാകുന്നു.” (യോഹന്നാൻ 17:3) ഇത് ഓർക്കുക, സ്മാരകാഘോഷം യേശുവിന്റെ മാംസത്തിൻമേലും രക്തത്തിൻമേലും ശ്രദ്ധകേന്ദ്രീകരിക്കുന്നു. നിത്യജീവന്റെ ലാക്കിലേക്കോടുന്ന എല്ലാവർക്കും ബലിചെയ്യപ്പെട്ട ക്രിസ്തുവിന്റെ മാംസരക്തങ്ങൾ മർമ്മപ്രധാനമാണ്. പുതിയ ഉടമ്പടിയിലേക്കെടുക്കപ്പെട്ടിട്ടില്ലത്താവരും തന്നിമിത്തം സ്മാരക ചിഹ്നങ്ങളിൽ പങ്കുപററുന്നില്ലാത്തവരുമായ “വേറെ ആടുകളെ” സംബന്ധിച്ച് ഇത് സത്യമായിരിക്കുന്നതെങ്ങനെ? നമുക്ക് അടുത്ത ലേഖനത്തിൽ ഇത് പരിചിന്തിക്കാം. (w86 2/15)
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ യേശു പടിപടിയായി എങ്ങനെ നിത്യജീവന്റെ പ്രത്യാശയെക്കുറിച്ചുള്ള ഗ്രാഹ്യം കൊടുത്തു?
◻ ദൈവം തന്റെ “ഭരണസംവിധാന”വുമായി മുമ്പോട്ടു പോയിരിക്കുന്നതെങ്ങനെ?
◻ “വേറെ ആടുകൾക്ക്” പിതാവും പുത്രനും ക്രിസ്തുവിന്റെ സഹോദരൻമാരായി ഐക്യ”ത്തിലാണെന്ന് പറയാവുന്നതെന്തുകൊണ്ട്?
◻ അഭിഷിക്ത ക്രിസ്ത്യാനികൾ മാത്രം സ്മാരക ചിഹ്നങ്ങളിൽ പങ്കെടുക്കുന്നതെന്തുകൊണ്ട?
[19-ാം പേജിലെ ചിത്രം]
യേശു ചെയ്തതുപോലെ ദൈവത്തിന്റെ വേല ചെയ്യുന്നതിനാൽ “ചെറിയ ആട്ടിൻകൂട്ട”വും “വേറെ ആടുകളും” “ഐക്യത്തി”ലാണ്