‘അവനിൽ ഗുപ്തമായിരിക്കുന്ന നിക്ഷേപങ്ങൾ’ കണ്ടെത്തുക
“ക്രിസ്തുവിലല്ലോ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങളൊക്കെയും ഗുപ്തമായിരിക്കുന്നത്.”—കൊലോ. 2:3.
1, 2. (എ) ശ്രദ്ധേയമായ ഏതു കണ്ടെത്തലാണ് 1922-ൽ നടന്നത്, ആ ഉരുപ്പടികൾ ഇപ്പോൾ എവിടെയാണ്? (ബി) എന്തിനുള്ള ക്ഷണമാണ് ദൈവവചനം നമുക്കേവർക്കും നൽകുന്നത്?
നിധികൾ കണ്ടുകിട്ടുന്നത് പലപ്പോഴും വലിയ വാർത്തയാകാറുണ്ട്. ലോകത്തെ വിസ്മയിപ്പിച്ച അത്തരമൊരു കണ്ടെത്തലായിരുന്നു 1922-ൽ നടന്നത്. ദുഷ്കരമായ ചുറ്റുപാടുകളിൽ, ദശാബ്ദങ്ങൾനീണ്ട അശ്രാന്തപരിശ്രമങ്ങൾക്കൊടുവിൽ, ഈജിപ്തിലെ ഫറവോ ആയിരുന്ന തൂതൻഖാമന്റെ ശവകുടീരം ബ്രിട്ടീഷ് പുരാവസ്തുഗവേഷകനായ ഹൊവാർഡ് കാർട്ടർ കണ്ടെത്തി. വലിയ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലായിരുന്ന ആ കല്ലറയിൽ സ്വർണത്തിലും മറ്റുമുള്ള 5,000-ത്തോളം ഉരുപ്പടികൾ ഉണ്ടായിരുന്നു.
2 എന്നാൽ ഇവയിൽ മിക്കതും ഒടുവിൽ എത്തിച്ചേർന്നത് കാഴ്ചബംഗ്ലാവുകളിലും വ്യക്തികളുടെ സ്വകാര്യശേഖരങ്ങളിലുമാണ്. അൽപ്പം കലാമൂല്യവും ചരിത്രപ്രാധാന്യവും ഇവയ്ക്കുണ്ടായിരുന്നേക്കാമെന്നത് സത്യമാണ്, പക്ഷേ നമ്മുടെ അനുദിനജീവിതത്തിൽ ഇവയ്ക്കു യാതൊരു പ്രസക്തിയുമില്ലെന്നുതന്നെ പറയാം. എന്നാൽ നമ്മുടെ നിത്യജീവിതത്തെ സ്വാധീനിക്കാൻ കഴിയുന്ന, മറ്റ് ഏതൊരു നിധിയെക്കാളും മൂല്യമേറിയ നിധികൾ തേടാൻ ദൈവവചനം നമ്മെ ഏവരെയും ക്ഷണിക്കുന്നു.—സദൃശവാക്യങ്ങൾ 2:1-6 വായിക്കുക.
3. അന്വേഷിച്ചു കണ്ടുപിടിക്കാൻ യഹോവ ആവശ്യപ്പെടുന്ന നിക്ഷേപങ്ങൾ നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെ?
3 അന്വേഷിച്ചു കണ്ടുപിടിക്കാൻ യഹോവ നമ്മോട് ആവശ്യപ്പെടുന്നത് എത്ര വിലയേറിയ നിധികളാണെന്നു നമുക്കു നോക്കാം. “യഹോവാഭക്തി” ആണ് അതിലൊന്ന്. അതിദുഷ്കരമായ ഈ നാളുകളിൽ നമുക്കൊരു സംരക്ഷണമായി വർത്തിക്കാൻ അതിനു കഴിയും. (സങ്കീ. 19:9) “ദൈവപരിജ്ഞാനം” കണ്ടെത്തുന്നത് ഒരുവനെ അത്യുന്നതനുമായി ഒരു ഉറ്റബന്ധത്തിലേക്കു കൊണ്ടുവരും; ഒരു മനുഷ്യനു ലഭിക്കാവുന്നതിലേക്കും ഏറ്റവും വലിയ ബഹുമതി! ദൈവദത്തമായ ജ്ഞാനത്തിന്റെയും അറിവിന്റെയും വിവേകത്തിന്റെയും നിക്ഷേപങ്ങൾ നമ്മുടെ പക്കലുണ്ടെങ്കിൽ നിത്യജീവിതത്തിലെ പ്രശ്നങ്ങളും ആകുലതകളും വിജയകരമായി കൈകാര്യം ചെയ്യാൻ നമുക്കാകും. (സദൃ. 9:10, 11) എന്നാൽ, നമുക്കെങ്ങനെ ആ അമൂല്യനിക്ഷേപങ്ങൾ കണ്ടെത്താനാകും?
ആത്മീയ നിക്ഷേപങ്ങൾ കണ്ടെത്താനാകുന്ന വിധം
4. ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന നിക്ഷേപങ്ങൾ കണ്ടെത്താനുള്ള മാർഗം എന്താണ്?
4 പുരാവസ്തുഗവേഷകർക്കും മറ്റു പര്യവേക്ഷകർക്കും നിധികണ്ടെത്തുന്നതിനായി വളരെ വ്യാപകമായ തിരച്ചിൽ നടത്തേണ്ടതുണ്ട്. എന്നാൽ ആത്മീയ നിധികൾ എവിടെ കണ്ടെത്താമെന്ന് നമുക്കു കൃത്യമായി അറിയാം. നിധിതേടാൻ ഉപകരിക്കുന്ന ഒരു ഭൂപടത്തോട് നമുക്കു ദൈവവചനത്തെ ഉപമിക്കാനാകും. ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന അമൂല്യനിധികളുടെ കൃത്യമായ സ്ഥാനത്തേക്ക്, ക്രിസ്തുവിലേക്ക് അതു വിരൽ ചൂണ്ടുന്നു. അവനെ പരാമർശിച്ചുകൊണ്ട് പൗലോസ് അപ്പൊസ്തലൻ എഴുതി: “ക്രിസ്തുവിലല്ലോ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങളൊക്കെയും ഗുപ്തമായിരിക്കുന്നത്.” (കൊലോ. 2:3) ഇപ്പോൾ നമ്മുടെ മനസ്സിൽ ചില ചോദ്യങ്ങൾ ഉദിച്ചേക്കാം: നാം ആ നിക്ഷേപങ്ങൾ തിരയേണ്ടത് എന്തുകൊണ്ട്? അവ ക്രിസ്തുവിൽ ‘ഗുപ്തമായിരിക്കുന്നത്’ എങ്ങനെ? നമുക്കത് എങ്ങനെ കണ്ടെത്താം? ഉത്തരങ്ങൾക്കായി, അപ്പൊസ്തലൻ ആ പറഞ്ഞതിന്റെ അർഥമെന്താണെന്ന് നമുക്കു നോക്കാം.
5. ആത്മീയ നിക്ഷേപങ്ങളെക്കുറിച്ച് പൗലോസ് എഴുതാനിടയായ സാഹചര്യം എന്താണ്?
5 കൊലോസ്യയിലുള്ള ക്രിസ്ത്യാനികൾക്കാണ് പൗലോസ് അത് എഴുതിയത്. “അവരുടെ ഹൃദയങ്ങൾക്ക് ആശ്വാസം ലഭിക്കണമെന്നും അവർ സ്നേഹത്തിൽ ഒന്നായിത്തീരണമെന്നുമത്രേ എന്റെ താത്പര്യം” എന്ന് അവൻ എഴുതി. ഈ ലക്ഷ്യത്തിൽ പൗലോസ് അവർക്കുവേണ്ടി ഒരു ‘പോരാട്ടംതന്നെ’ നടത്തി. (കൊലോസ്യർ 2:1, 2 വായിക്കുക.) പൗലോസ് അവരെപ്രതി ഇത്ര ആകുലപ്പെട്ടത് എന്തുകൊണ്ടായിരിക്കും? അവിടെയുള്ള ചില സഹോദരങ്ങൾ ഗ്രീക്ക് തത്ത്വചിന്തകൾ പ്രോത്സാഹിപ്പിച്ചിരുന്നവരോ അല്ലെങ്കിൽ മോശൈക ന്യായപ്രമാണം അനുഷ്ഠിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നവരോ ആയിരുന്നു. അവരുടെ സ്വാധീനം മറ്റു സഹോദരങ്ങളുടെമേൽ ഉണ്ടായിരുന്നിരിക്കണം. ഇക്കാര്യം മനസ്സിൽപ്പിടിച്ചുകൊണ്ടാണ് പൗലോസ് പിൻവരുന്ന ശക്തമായ മുന്നറിയിപ്പ് അവർക്കു നൽകിയത്: “സൂക്ഷിക്കുവിൻ! തത്ത്വജ്ഞാനത്താലും വഞ്ചകവും കഴമ്പില്ലാത്തതുമായ ആശയഗതികളാലും ആരും നിങ്ങളെ വശീകരിച്ച് കുടുക്കിലാക്കരുത്. അവയ്ക്ക് ആധാരം മാനുഷികപാരമ്പര്യങ്ങളും ലോകത്തിന്റെ ആദിപാഠങ്ങളുമാണ്; ക്രിസ്തുവിന്റെ ഉപദേശങ്ങളല്ല.”—കൊലോ. 2:8.
6. പൗലോസിന്റെ ഉപദേശങ്ങൾക്ക് നാം ശ്രദ്ധകൊടുക്കേണ്ടത് എന്തുകൊണ്ട്?
6 ഇത്തരം ചിന്തകൾ നമ്മിൽ കുത്തിനിറയ്ക്കാനാണ് സാത്താനും അവന്റെ ദുഷ്ടവ്യവസ്ഥിതിയും ഇന്ന് ശ്രമിക്കുന്നത്. മതനിരാസത്തിലൂന്നിയ മനുഷ്യകേന്ദ്രീകൃതമായ തത്ത്വസംഹിത, പരിണാമ സിദ്ധാന്തം എന്നിങ്ങനെയുള്ള ലൗകിക ചിന്തകൾ മനുഷ്യജീവിതത്തിന്റെ സമസ്ത തലങ്ങളെയും സ്വാധീനിക്കുന്നു. മനുഷ്യന്റെ ചിന്ത, ധാർമികമൂല്യങ്ങൾ, ലക്ഷ്യങ്ങൾ, ജീവിതരീതി ഇവിടെയെല്ലാം ആ സ്വാധീനം പ്രകടമാണ്. ജനപ്രീതിയാർജിച്ച പല ആഘോഷങ്ങളിലും വ്യാജമതങ്ങളുടെ പങ്ക് വളരെ വ്യക്തമാണ്. വീഴ്ചഭവിച്ച ജഡത്തിന്റെ അധമവാസനകളെ തൃപ്തിപ്പെടുത്താനാണ് വിനോദവ്യവസായം ശ്രമിക്കുന്നത്. ഇന്റർനെറ്റിലുള്ള മിക്ക വിവരങ്ങളും ചെറുപ്പക്കാരെയും പ്രായമായവരെയും ഒരുപോലെ കെണിയിൽപ്പെടുത്താൻ മതിയായതാണ്. ഇത്തരം ലൗകിക സ്വാധീനങ്ങൾക്കു വശംവദരാകുന്നെങ്കിൽ അതിന് നമ്മുടെ വികാരവിചാരങ്ങളെയും ദിവ്യമാർഗനിർദേശങ്ങളോടുള്ള നമ്മുടെ മനോഭാവത്തെയും എളുപ്പത്തിൽ വികലമാക്കാനാകും. യഥാർഥ ജീവന്റെമേലുള്ള നമ്മുടെ പിടി അയഞ്ഞുപോകാൻ അത് കാരണമാകുകയും ചെയ്യും. (1 തിമൊഥെയൊസ് 6:17-19 വായിക്കുക.) സാത്താന്റെ കുതന്ത്രങ്ങളിൽ അകപ്പെടാതിരിക്കാൻ നാം പൗലോസിന്റെ വാക്കുകളുടെ അന്തഃസത്ത മനസ്സിലാക്കി ആ ഉപദേശം ഉൾക്കൊള്ളേണ്ടതുണ്ട്.
7. ഏതു രണ്ടുകാര്യങ്ങളെക്കുറിച്ചാണ് പൗലോസ് കൊലോസ്യരോടു പറഞ്ഞത്?
7 കൊലോസ്യർക്കുള്ള പൗലോസിന്റെ വാക്കുകൾ നമുക്കൊന്നുകൂടി നോക്കാം. അവരുടെ ആത്മീയക്ഷേമത്തിലുള്ള തന്റെ താത്പര്യം പ്രകടിപ്പിച്ചശേഷം, ആശ്വാസം കണ്ടെത്താനും സ്നേഹത്തിൽ ഏകീഭവിക്കാനും സഹായിക്കുന്ന രണ്ടുകാര്യങ്ങൾ പൗലോസ് അവർക്കു പറഞ്ഞുകൊടുത്തു. “സുവ്യക്തവും സുനിശ്ചിതവുമായ ഗ്രാഹ്യം” നേടുന്നതിനെക്കുറിച്ചാണ് അവൻ ആദ്യം പറഞ്ഞത്. അവരുടെ വിശ്വാസത്തിന് ഈടുറ്റ അടിസ്ഥാനം ഉണ്ടായിരിക്കേണ്ടതിന് തിരുവെഴുത്തുകളിൽനിന്നു പഠിച്ച കാര്യങ്ങൾ ശരിയാണെന്ന ഉത്തമബോധ്യം അവർക്കു വേണമായിരുന്നു എന്നാണ് അവൻ അതുകൊണ്ട് അർഥമാക്കിയത്. (എബ്രാ. 11:1) ‘ദൈവത്തിന്റെ പാവനരഹസ്യത്തെക്കുറിച്ചുള്ള പരിജ്ഞാനം’ നേടുന്നതിനെക്കുറിച്ചാണ് അടുത്തതായി അവൻ പറഞ്ഞത്. സത്യത്തെക്കുറിച്ചുള്ള അടിസ്ഥാനഗ്രാഹ്യം നേടുന്നതുകൊണ്ടുമാത്രം തൃപ്തരാകാതെ ദൈവത്തിന്റെ ആഴമേറിയ കാര്യങ്ങളെക്കുറിച്ച് അവർ വ്യക്തമായി മനസ്സിലാക്കേണ്ടിയിരുന്നു. (എബ്രാ. 5:13, 14) എത്ര സാരവത്തായ ഉദ്ബോധനമാണ് അവൻ കൊലോസ്യർക്കു നൽകിയത്. നമുക്കും ഇത് ബാധകമാണ്. അങ്ങനെയെങ്കിൽ പൗലോസ് പറഞ്ഞതുപോലുള്ള ഉത്തമബോധ്യവും പരിജ്ഞാനവും നമുക്കെങ്ങനെ സമ്പാദിക്കാം? ഇതിനുള്ള ഉത്തരം പൗലോസിന്റെ, “ക്രിസ്തുവിലല്ലോ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങളൊക്കെയും ഗുപ്തമായിരിക്കുന്നത്” എന്ന പ്രസ്താവനയിൽ കണ്ടെത്താനാകും.
ക്രിസ്തുവിൽ “ഗുപ്തമായിരിക്കുന്ന” നിധികൾ
8. നിക്ഷേപങ്ങൾ ക്രിസ്തുവിൽ ‘ഗുപ്തമായിരിക്കുന്നു’ എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥമെന്ത്?
8 ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ക്രിസ്തുവിൽ ‘ഗുപ്തമായിരിക്കുന്നു’ എന്നു പറയുന്നതിന്റെ അർഥം എന്താണ്? ആർക്കും കണ്ടെത്താനാവാത്തവിധം അത് അടച്ചുപൂട്ടി വെച്ചിരിക്കുകയാണ് എന്നല്ല, മറിച്ച് ആ നിധികൾ കണ്ടെത്തുന്നതിനുവേണ്ടി ക്രിസ്തുവിലേക്ക് ഉറ്റുനോക്കിക്കൊണ്ട് നാം സോത്സാഹം ശ്രമിക്കണം എന്നാണ് അതിനർഥം. “ഞാൻതന്നെ വഴിയും സത്യവും ജീവനും ആകുന്നു. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല” എന്ന് യേശു ഒരിക്കൽ തന്നെക്കുറിച്ച് പറഞ്ഞതുമായി യോജിപ്പിലാണ് ഇത്. (യോഹ. 14:6) അതെ, ദൈവപരിജ്ഞാനം കണ്ടെത്തുന്നതിന് നാം യേശു നൽകുന്ന സഹായവും മാർഗനിർദേശവും സ്വീകരിക്കേണ്ടതുണ്ട്.
9. യേശു ഏതു സുപ്രധാന പങ്കുകൾ വഹിക്കുന്നു?
9 “വഴി” അതായത് പിതാവിനെ സമീപിക്കാനുള്ള മാർഗം എന്നതിനെക്കാൾ ഉപരിയായ ഒരു പങ്ക് യേശു വഹിക്കുന്നുണ്ട്. താൻ “സത്യവും ജീവനും” ആണെന്ന അവന്റെ പ്രസ്താവന അതാണു സൂചിപ്പിക്കുന്നത്. ദൈവവചനത്തിലെ സത്യം ഗ്രഹിക്കുന്നതിനും നിത്യജീവൻ നേടുന്നതിനും യേശു വഹിക്കുന്ന മറ്റു സുപ്രധാന പങ്കുകളെക്കുറിച്ചും നാം മനസ്സിലാക്കേണ്ടതുണ്ട്. വിലതീരാത്ത ആത്മീയ രത്നങ്ങളാണ് അവനിൽ മറഞ്ഞിരിക്കുന്നത്. അന്വേഷണകുതുകികളായ ബൈബിൾ വിദ്യാർഥികൾക്ക് അവ കണ്ടെത്താനാകും. നമ്മുടെ ഭാവിപ്രത്യാശ ആശ്രയിച്ചിരിക്കുന്നതും ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ സ്വാധീനിക്കുന്നതുമായ അത്തരം രത്നങ്ങളിൽ ചിലത് നമുക്കിപ്പോൾ പരിശോധിച്ചു നോക്കാം.
10. കൊലോസ്യർ 1:19; 2:9-ൽ നിന്ന് നമുക്ക് യേശുവിനെക്കുറിച്ച് എന്തു പഠിക്കാം?
10 “ക്രിസ്തുവിലല്ലോ ദിവ്യത്വത്തിന്റെ സർവസമ്പൂർണതയും മൂർത്തീഭവിച്ചിരിക്കുന്നത്.” (കൊലോ. 1:19; 2:9) യുഗയുഗാന്തരങ്ങൾ തന്റെ സ്വർഗീയ പിതാവിനോടൊപ്പം വസിച്ച യേശുവിന് മറ്റാരെക്കാളും നന്നായി പിതാവിന്റെ വ്യക്തിത്വവും ഉദ്ദേശ്യവും അറിയാം. പിതാവ് പഠിപ്പിച്ച കാര്യങ്ങൾ ഭൗമികശുശ്രൂഷക്കാലത്തുടനീളം അവൻ മറ്റുള്ളവരെ പഠിപ്പിച്ചു. പിതാവ് അവനിൽ ഉൾനട്ട ഗുണങ്ങൾ അവന്റെ പ്രവൃത്തികളിൽ ദൃശ്യവുമായിരുന്നു. അതുകൊണ്ട് യേശുവിന് പിൻവരുന്നവിധം പറയാനായി: “എന്നെ കണ്ടിരിക്കുന്നവൻ പിതാവിനെയും കണ്ടിരിക്കുന്നു.” (യോഹ. 14:9) ദൈവത്തെക്കുറിച്ചുള്ള സകല ജ്ഞാനവും പരിജ്ഞാനവും അന്തർലീനമായിരിക്കുന്നത് ക്രിസ്തുവിലാണ്. അതുകൊണ്ട് യഹോവയെക്കുറിച്ച് പഠിക്കാനുള്ള ഏറ്റവും മികച്ച മാർഗം യേശുവിനെക്കുറിച്ച് സശ്രദ്ധം പഠിക്കുക എന്നതാണ്.
11. യേശുവും ബൈബിൾ പ്രവചനങ്ങളും ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
11 “യേശുവിനെക്കുറിച്ചു സാക്ഷ്യം നൽകുക എന്നതല്ലോ പ്രവചനത്തിന്റെ ഉദ്ദേശ്യം.” (വെളി. 19:10) ബൈബിളിലെ മിക്ക പ്രവചനങ്ങളും ചുരുളഴിയുന്നത് യേശുവിനെ കേന്ദ്രീകരിച്ചാണെന്ന് ഈ വാക്യം കാണിക്കുന്നു. മിശിഹൈക രാജ്യത്തോടു ബന്ധപ്പെട്ട് യേശു നിർവഹിക്കുന്ന പങ്ക് കണക്കിലെടുത്താൽമാത്രമേ, ഉൽപ്പത്തി 3:15-ലെ ആദ്യപ്രവചനംമുതൽ വെളിപ്പാടിലെ മഹനീയ ദർശനങ്ങൾവരെയുള്ള ബൈബിൾ പ്രവചനങ്ങൾ നമുക്ക് കൃത്യമായി ഗ്രഹിക്കാനാകൂ. യേശുവിനെ വാഗ്ദത്ത മിശിഹായായി അംഗീകരിക്കാത്തവർക്ക് എബ്രായ തിരുവെഴുത്തുകളിലെ അനേകം പ്രവചനങ്ങളുടെ അർഥം ഗ്രഹിക്കാനാകാത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ വ്യക്തമല്ലേ? അനേകം മിശിഹൈക പ്രവചനങ്ങൾ അടങ്ങിയിരിക്കുന്ന എബ്രായ തിരുവെഴുത്തുകൾക്ക് വില കൽപ്പിക്കാത്തവരുടെ കണ്ണിൽ യേശു കേവലമൊരു മഹദ്വ്യക്തി മാത്രമായിരിക്കുന്നത് എന്തുകൊണ്ടാണെന്നും നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. യേശുവിനെക്കുറിച്ചുള്ള ഈ ജ്ഞാനമാണ് നിവൃത്തിയേറാനിരിക്കുന്ന ബൈബിൾ പ്രവചനങ്ങളുടെ പൊരുളറിയാൻ ദൈവജനത്തെ സഹായിക്കുന്നത്.—2 കൊരി. 1:20.
12, 13. (എ) യേശു ‘ലോകത്തിന്റെ വെളിച്ചമായിരിക്കുന്നത്’ എങ്ങനെ? (ബി) ആത്മീയ അന്ധകാരത്തിൽനിന്നു പുറത്തുവന്ന ക്രിസ്ത്യാനികൾക്ക് എന്ത് ഉത്തരവാദിത്വമുണ്ട്?
12 “ഞാൻ ലോകത്തിന്റെ വെളിച്ചമാകുന്നു.” (യോഹന്നാൻ 8:12; 9:5 വായിക്കുക.) യേശു ഭൂജാതനാകുന്നതിന് വളരെമുമ്പുതന്നെ പ്രവാചകനായ യെശയ്യാവ് പിൻവരുന്ന പ്രകാരം പറഞ്ഞു: “ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തുപാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു.” (യെശ. 9:2) “സ്വർഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ” എന്നു പറഞ്ഞുകൊണ്ട് യേശു തന്റെ പ്രസംഗപ്രവർത്തനം ആരംഭിച്ചപ്പോൾ ആ പ്രവചനം നിറവേറിയെന്ന് അപ്പൊസ്തലനായ മത്തായി വിശദീകരിച്ചു. (മത്താ. 4:16, 17) യേശുവിന്റെ ശുശ്രൂഷ ആളുകളുടെമേൽ ആത്മീയ പ്രകാശം ചൊരിയുകയും അവരെ വ്യാജമതോപദേശങ്ങളുടെ അടിമത്തത്തിൽനിന്നു മോചിപ്പിക്കുകയും ചെയ്തു. “എന്നിൽ വിശ്വസിക്കുന്ന ആരും ഇരുട്ടിൽ വസിക്കാതിരിക്കേണ്ടതിന് ഞാൻ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു” എന്ന് അവൻ പറഞ്ഞു.—യോഹ. 1:3-5; 12:46.
13 പിന്നീട് കുറെ വർഷങ്ങൾക്കുശേഷം അപ്പൊസ്തലനായ പൗലോസ് സഹക്രിസ്ത്യാനികളോട് പറഞ്ഞു: “മുമ്പു നിങ്ങൾ ഇരുളായിരുന്നു; ഇപ്പോഴോ നിങ്ങൾ കർത്താവിൽ വെളിച്ചമാകുന്നു. വെളിച്ചത്തിന്റെ മക്കളായി നടക്കുവിൻ.” (എഫെ. 5:8) ആത്മീയ അന്ധകാരത്തിൽനിന്നു പുറത്തുവന്ന ക്രിസ്ത്യാനികൾക്ക് വെളിച്ചത്തിന്റെ മക്കളായി നടക്കുന്നതിനുള്ള ഉത്തരവാദിത്വമുണ്ട്. ഗിരിപ്രഭാഷണത്തിൽ യേശു തന്റെ അനുഗാമികളോടു പറഞ്ഞതും ഇതിനു സമാനമായ ആശയമാണ്: “മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികൾ കണ്ട് സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (മത്താ. 5:16) യേശുവിൽ കണ്ടെത്തിയ ആത്മീയ നിക്ഷേപങ്ങളെ നിങ്ങൾ എത്രത്തോളം വിലമതിക്കുന്നു? നിങ്ങളുടെ വാക്കുകളിലൂടെയും ക്രിസ്ത്യാനികൾക്കു ചേർന്ന പ്രവൃത്തികളിലൂടെയും നിങ്ങൾ അവ മറ്റുള്ളവർക്കു ശുപാർശ ചെയ്യുന്നുണ്ടോ?
14, 15. (എ) ചെമ്മരിയാടുകളും മറ്റു മൃഗങ്ങളും ബൈബിൾ കാലങ്ങളിൽ സത്യാരാധനയുടെ ഭാഗമായിരുന്നത് എങ്ങനെ? (ബി) “ദൈവത്തിന്റെ കുഞ്ഞാട്” എന്ന യേശുവിന്റെ പദവി അവനെ നിസ്തുലനാക്കുന്നത് എന്തുകൊണ്ട്?
14 യേശുവാണ് “ദൈവത്തിന്റെ കുഞ്ഞാട്.” (യോഹ. 1:29, 36) പാപം ഇളച്ചുകിട്ടാനും അതുവഴി ദൈവത്തോട് അടുക്കാനും ചെമ്മരിയാടുകൾ ഒരു പങ്കുവഹിച്ചിരുന്നതായി ബൈബിളിൽ നമുക്കു കാണാം. ഉദാഹരണത്തിന്, പുത്രനായ യിസ്ഹാക്കിനെ ബലിയർപ്പിക്കാൻ സന്നദ്ധനാണെന്ന് അബ്രാഹാം തെളിയിച്ചപ്പോൾ, അവനെ ഉപദ്രവിക്കരുതെന്ന് ഒരു ദൂതൻ അവനോടു പറഞ്ഞു. പിന്നീട് ഒരു ആട്ടുകൊറ്റനെയാണ് മകനു പകരമായി അബ്രാഹാം ബലിയർപ്പിച്ചത്. (ഉല്പ. 22:12, 13) ഇസ്രായേല്യരെ ഈജിപ്തിൽനിന്നു വിടുവിച്ച സന്ദർഭത്തിലും “യഹോവയുടെ പെസഹ”യുടെ ഭാഗമായി ചെമ്മരിയാടുകളെ ഉപയോഗിക്കുകയുണ്ടായി. (പുറ. 12:1-13) മാത്രമല്ല, ചെമ്മരിയാടും കോലാടും ഉൾപ്പെടെയുള്ള വ്യത്യസ്ത മൃഗങ്ങളെ യാഗം അർപ്പിക്കുന്നതിനുള്ള ക്രമീകരണം മോശൈക ന്യായപ്രമാണത്തിലും ഉണ്ടായിരുന്നു.—പുറ. 29:38-42; ലേവ്യ. 5:6, 7.
15 ഈ യാഗങ്ങൾക്കൊന്നുംതന്നെ, വാസ്തവത്തിൽ മനുഷ്യൻ അർപ്പിച്ചിരുന്ന ഒരു യാഗത്തിനും, പാപത്തിൽനിന്നും മരണത്തിൽനിന്നും ശാശ്വത വിടുതൽ കൈവരുത്തുക സാധ്യമല്ലായിരുന്നു. (എബ്രാ. 10:1-4) എന്നാൽ ‘ലോകത്തിന്റെ പാപം നീക്കിക്കളയുന്ന ദൈവത്തിന്റെ കുഞ്ഞാടാണ്’ യേശു. ഇതുവരെ കണ്ടെത്തിയിരിക്കുന്ന ഏതൊരു നിധിയെക്കാളും മൂല്യമേറിയ നിധിയായി യേശുവിനെ കരുതാൻ ഈയൊരു കാരണംമാത്രം മതി. അതുകൊണ്ട് മറുവില എന്ന വിഷയത്തെക്കുറിച്ച് പഠിക്കാൻ സമയം കണ്ടെത്തുന്നതും അതിൽ വിശ്വസിക്കുന്നതും മഹത്തായ അനുഗ്രഹങ്ങൾ കൈവരുത്തും—‘ചെറിയ ആട്ടിൻകൂട്ടത്തിന്’ ക്രിസ്തുവിനോടൊപ്പം സ്വർഗത്തിൽ മഹത്ത്വവും ബഹുമാനവും; ‘വേറെ ആടുകൾക്കു’ ഭൂമിയിലെ പറുദീസയിൽ നിത്യജീവനും.—ലൂക്കോ. 12:32; യോഹ. 6:40, 47; 10:16.
16, 17. ‘വിശ്വാസത്തിന്റെ ശ്രേഷ്ഠനായകനും അതിനു പൂർണത വരുത്തുന്നവനും’ എന്ന നിലയിൽ യേശു വഹിക്കുന്ന പങ്ക് നാം മനസ്സിലാക്കേണ്ടത് എന്തുകൊണ്ട്?
16 യേശുവാണ് “നമ്മുടെ വിശ്വാസത്തിന്റെ ശ്രേഷ്ഠനായകനും അതിനു പൂർണത വരുത്തുന്നവനും.” (എബ്രായർ 12:1, 2 വായിക്കുക.) വിശ്വാസത്തെക്കുറിച്ചുള്ള പൗലോസിന്റെ ഒരു ചർച്ച എബ്രായർ 11-ാം അധ്യായത്തിൽ നമുക്കു വായിക്കാനാകും. അവിടെ വിശ്വാസത്തിന്റെ ഒരു സംക്ഷിപ്ത നിർവചനവും അതുപോലെ നോഹ, അബ്രാഹാം, സാറാ, രാഹാബ് എന്നിങ്ങനെ വിശ്വാസത്തിന്റെ കിടയറ്റ മാതൃകകളായ സ്ത്രീപുരുഷന്മാരുടെ ഒരു പട്ടികയും അവൻ നൽകുന്നു. എന്നിട്ടും പൗലോസ് സഹക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചു: ‘നമ്മുടെ വിശ്വാസത്തിന്റെ ശ്രേഷ്ഠനായകനും അതിനു പൂർണത വരുത്തുന്നവനുമായ യേശുവിൽ ദൃഷ്ടി ഉറപ്പിക്കുക.’ എന്തുകൊണ്ടാണ് പൗലോസ് യേശുവിലേക്കു ശ്രദ്ധ ക്ഷണിക്കുന്നത്?
17 എബ്രായർ 11-ാം അധ്യായത്തിൽ പരാമർശിച്ചിരിക്കുന്ന വിശ്വസ്ത സ്ത്രീപുരുഷന്മാർക്ക് ദൈവത്തിന്റെ വാഗ്ദാനത്തിൽ അചഞ്ചലമായ വിശ്വാസം ഉണ്ടായിരുന്നു. എന്നിരുന്നാലും, ദൈവം മിശിഹായിലൂടെയും അവന്റെ രാജ്യത്തിലൂടെയും ഈ വാഗ്ദാനം നിറവേറ്റുന്നത് എങ്ങനെയെന്നതിന്റെ എല്ലാ വിശദാംശങ്ങളും അവർക്ക് അറിയില്ലായിരുന്നു. ഈ അർഥത്തിൽ അവരുടെ വിശ്വാസം സമ്പൂർണമായിരുന്നില്ല. മിശിഹൈക പ്രവചനങ്ങൾ എഴുതാൻ നിശ്വസ്തരാക്കപ്പെട്ടവർക്കുപോലും, അവർ എഴുതിയതിന്റെ പ്രാധാന്യം പൂർണമായും ഗ്രഹിക്കാൻ കഴിഞ്ഞിരുന്നില്ല. (1 പത്രോ. 1:10-12) എന്നാൽ യേശുവിന്റെ പങ്ക്, വിശേഷിച്ചും പ്രവചനനിവൃത്തിയിലെ അവന്റെ പങ്ക്, പൂർണമായി മനസ്സിലായെങ്കിൽമാത്രമേ വിശ്വാസം പൂർണമാകുകയുള്ളൂ. അതുകൊണ്ട്, ‘വിശ്വാസത്തിന്റെ ശ്രേഷ്ഠനായകനും അതിനു പൂർണത വരുത്തുന്നവനും’ എന്ന നിലയിൽ യേശു വഹിക്കുന്ന പങ്ക് മനസ്സിലാക്കേണ്ടതും അംഗീകരിക്കേണ്ടതും അനിവാര്യമാണ്.
തേടിക്കൊണ്ടിരിക്കുക
18, 19. (എ) ക്രിസ്തുവിൽ ഗുപ്തമായിരിക്കുന്ന മറ്റ് ആത്മീയ രത്നങ്ങൾ ഏവ? (ബി) ക്രിസ്തുവിൽ ഗുപ്തമായിരിക്കുന്ന നിക്ഷേപങ്ങൾ തേടിക്കൊണ്ടിരിക്കേണ്ടത് എന്തുകൊണ്ട്?
18 മനുഷ്യവർഗത്തിന്റെ രക്ഷയ്ക്കായുള്ള ദൈവോദ്ദേശ്യത്തിൽ യേശു വഹിക്കുന്ന അതുല്യമായ പങ്കുകളിൽ ചിലതിനെക്കുറിച്ചുമാത്രമാണ് നാം ഇപ്പോൾ പരിചിന്തിച്ചത്. ഒട്ടേറെ ആത്മീയ രത്നങ്ങൾ ഇനിയും ക്രിസ്തുവിൽ മറഞ്ഞിരിപ്പുണ്ട്. അവ കണ്ടെത്തുന്നത് നമുക്ക് പ്രയോജനം ചെയ്യും, അതോടൊപ്പം സന്തോഷവും പകരും. ഉദാഹരണത്തിന്, പത്രോസ് അപ്പൊസ്തലൻ യേശുവിനെ ‘ജീവനായകൻ’ എന്നും ഉദിച്ചുയരുന്ന “പ്രഭാതനക്ഷത്രം” എന്നും വിളിച്ചിരിക്കുന്നു. (പ്രവൃ. 3:15; 5:31; 2 പത്രോ. 1:19) ബൈബിൾ അവനെ “ആമേൻ” എന്നും വിളിക്കുന്നുണ്ട്. (വെളി. 3:14) ഇവയുടെ അർഥവും പ്രാധാന്യവും നിങ്ങൾക്കറിയാമോ? യേശു പറഞ്ഞു, “അന്വേഷിച്ചുകൊണ്ടിരിക്കുവിൻ, നിങ്ങൾ കണ്ടെത്തും.”—മത്താ. 7:7.
19 യേശുവിനെപ്പോലെ മനുഷ്യജീവിതത്തെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു മനുഷ്യനും ഇന്നോളം ഉണ്ടായിട്ടില്ല. നാനാർഥങ്ങൾ ഉള്ളതും നമ്മുടെ നിത്യക്ഷേമവുമായി അഭേദ്യമായി ബന്ധപ്പെട്ടതുമാണ് അവന്റെ ജീവിതം. യേശുവിൽ മറഞ്ഞിരിക്കുന്ന ആത്മീയ നിക്ഷേപങ്ങൾ, ആത്മാർഥതയോടെ അന്വേഷിക്കുന്ന ഏതൊരു വ്യക്തിയുടെയും എത്തുപാടിലാണ്. ക്രിസ്തുവിൽ “ഗുപ്തമായിരിക്കുന്ന” നിധികൾ കണ്ടെത്തുന്നതിന്റെ സന്തോഷവും അനുഗ്രഹങ്ങളും നിങ്ങൾക്കു ലഭിക്കട്ടെ!
നിങ്ങൾ ഓർമിക്കുന്നുവോ?
• ഏതു നിക്ഷേപങ്ങളാണ് ക്രിസ്ത്യാനികൾ കണ്ടെത്തേണ്ടത്?
• കൊലോസ്യർക്കുള്ള പൗലോസിന്റെ ബുദ്ധിയുപദേശം ഇന്ന് നമുക്കും അനുയോജ്യമായിരിക്കുന്നത് എന്തുകൊണ്ട്?
• ക്രിസ്തുവിൽ “ഗുപ്തമായിരിക്കുന്ന” ചില ആത്മീയ നിക്ഷേപങ്ങൾ ഏവ? വിശദീകരിക്കുക.
[5-ാം പേജിലെ ചിത്രങ്ങൾ]
ക്രിസ്തുവിൽ “ഗുപ്തമായിരിക്കുന്ന” നിധി കണ്ടെത്താൻ സഹായിക്കുന്ന ഒരു ‘ഭൂപടമാണു’ ദൈവവചനം