നീതി അലിഖിത പാരമ്പര്യങ്ങളാലല്ല
“നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശൻമാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ യാതൊരു പ്രകാരത്തിലും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല.”—മത്തായി 5:20.
1, 2. യേശു തന്റെ ഗിരിപ്രഭാഷണം നടത്തിയതിനു തൊട്ടുമുമ്പ് എന്തു സംഭവിച്ചു?
യേശു ഒരു പർവതത്തിൽ രാത്രി ചെലവഴിച്ചിരുന്നു. തലക്കുമീതെ നക്ഷത്രനിബിഡമായ ആകാശം പരന്നുകിടന്നു. കുററിക്കാടുകളിൽ രാത്രിയിൽ ഇരപിടിക്കുന്ന ജന്തുക്കൾ ശബ്ദമുണ്ടാക്കി. കിഴക്ക് ഗലീലാക്കടലിലെ വെള്ളം തീരത്തു കവിഞ്ഞുകിടന്നു. എന്നാൽ യേശു തനിക്കു ചുററുമുണ്ടായിരുന്ന പ്രശാന്തവും സമാധാനപരവുമായ മനോഹാരിതസംബന്ധിച്ച് അല്പംമാത്രമേ അറിഞ്ഞിരിക്കാനിടയുള്ളു. അവൻ തന്റെ സ്വർഗ്ഗീയ പിതാവായ യഹോവയോട് പ്രാർത്ഥനയിൽ രാത്രി ചെലവഴിച്ചിരുന്നു. അവന് അവന്റെ പിതാവിന്റെ മാർഗ്ഗനിർദ്ദേശം ആവശ്യമായിരുന്നു. തൊട്ടുമുമ്പിലുള്ള ദിനം നിർണ്ണായകമായിരുന്നു.
2 കിഴക്ക് ആകാശത്ത് വെളിച്ചം പരന്നു. പക്ഷികൾ സാവധാനം ചിലച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നീങ്ങാൻ തുടങ്ങി. കാട്ടുപൂക്കൾ ഇളംകാററിൽ മെല്ലെ ആടിയുലഞ്ഞു. സൂര്യന്റെ ആദ്യകിരണങ്ങൾ ചക്രവാളത്തിൽ പ്രവേശിച്ചപ്പോൾ യേശു തന്റെ ശിഷ്യൻമാരെ അടുക്കൽ വിളിച്ചു, തന്റെ അപ്പോസ്തലൻമാരായിരിക്കാൻ അവരുടെയിടയിൽനിന്ന് 12 പേരെ തെരഞ്ഞെടുക്കുകയുംചെയ്തു. പിന്നീട് അവരെല്ലാവരോടുംകൂടെ അവൻ അടിവാരത്തിലേക്കിറങ്ങാൻ തുടങ്ങി. ഗലീലയിൽനിന്നും സോരിൽനിന്നും സീദോനിൽനിന്നും യഹൂദ്യയിൽനിന്നും യെരൂശലേമിൽനിന്നും ജനക്കൂട്ടം ഒഴുകിവരുന്നത് അപ്പോൾത്തന്നെ കാണാൻ കഴിയുമായിരുന്നു. അവരുടെ രോഗം സൗഖ്യമാക്കപ്പെടുന്നതിന് അവർ വന്നു. അനേകർ യേശുവിനെ സ്പർശിക്കവേ യഹോവയുടെ ശക്തി അവനിൽനിന്നു പുറപ്പെടുകയും അവർ സൗഖ്യം പ്രാപിക്കുകയും ചെയ്തു. അവർ വന്നത് തങ്ങളുടെ അസ്വസ്ഥദേഹികൾക്ക് ഒരു ശമനൗഷധമായ അവന്റെ വചനങ്ങൾ കേൾക്കുന്നതിനുംകൂടെയായിരുന്നു.—മത്തായി 4:25; ലൂക്കോസ് 6:12-19.
3. യേശു സംസാരിക്കാൻ തുടങ്ങിയപ്പോൾ ശിഷ്യൻമാരും ജനക്കൂട്ടവും ആകാംക്ഷയോടെ നിന്നതെന്തുകൊണ്ട്?
3 തങ്ങളുടെ ഔപചാരിക പഠിപ്പിക്കൽസമയങ്ങളിൽ റബ്ബിമാർ ഇരിക്കുക പതിവായിരുന്നു, ക്രി.വ. 31ലെ ഈ പ്രത്യേക വസന്തപ്രഭാതത്തിൽ യേശു ചെയ്തതും ഇതാണ്, സാദ്ധ്യതയനുസരിച്ച് മലഞ്ചെരുവിലെ ഉയർന്ന ഒരു സമതലത്തിൽതന്നെ. അവന്റെ ശിഷ്യൻമാരും ജനക്കൂട്ടവും ഇതു കണ്ടപ്പോൾ വിശേഷമായ എന്തോ ആരംഭിച്ചിരിക്കുന്നതായി തിരിച്ചറിഞ്ഞ് പ്രതീക്ഷയോടെ അവർ അവനു ചുററും കൂടിവന്നു. അവൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ അവർ അവന്റെ വചനങ്ങൾക്കായി ആകാംക്ഷയോടെ നിന്നു; കുറച്ചുകഴിഞ്ഞ് അവൻ അവസാനിപ്പിച്ചപ്പോൾ തങ്ങൾ കേട്ട കാര്യങ്ങളിൽ അവർ വിസ്മയിച്ചുപോയി. എന്തുകൊണ്ടെന്നു നമുക്കു നോക്കാം.—മത്തായി 7:28.
രണ്ടു തരം നീതി
4. (എ) ഏതു രണ്ടുതരം നീതികളായിരുന്നു വിവാദത്തിൽ? (ബി) അലിഖിത പാരമ്പര്യങ്ങളുടെ ഉദ്ദേശ്യമെന്തായിരുന്നു, അതു സാധിച്ചോ?
4 മത്തായി 5:1–7:29–ലും ലൂക്കോസ് 6:17-49–ലും റിപ്പോർട്ടുചെയ്തിരിക്കുന്ന, തന്റെ ഗിരിപ്രഭാഷണത്തിൽ യേശു രണ്ടു വർഗ്ഗങ്ങളെ നിശിതമായി വിപരീതതാരതമ്യംചെയ്തു: ശാസ്ത്രിമാരും പരീശൻമാരും അവർ മർദ്ദിച്ച് ഒതുക്കിയിരുന്ന സാധാരണജനങ്ങളും തമ്മിൽ. അവൻ രണ്ടുതരം നീതിയെക്കുറിച്ച് സംസാരിച്ചു, പരീശൻമാരുടെ കപടഭക്തിപരമായ നീതിയും ദൈവത്തിന്റെ യഥാർത്ഥ നീതിയും. (മത്തായി 5:6, 20) പരീശൻമാരുടെ സ്വയനീതി അലിഖിതപാരമ്പര്യങ്ങളിൽ വേരുപിടിച്ചതായിരുന്നു. അവ ഗ്രീക്ക് സംസ്കാരത്തിന്റെ ആക്രമണങ്ങളിൽനിന്ന് രക്ഷിക്കാൻ “ന്യായപ്രമാണത്തിനു ചുററും ഒരു വേലി”യായി ക്രി.മു. രണ്ടാം നൂററാണ്ടിൽ തുടങ്ങിയതായിരുന്നു. അവ ന്യായപ്രമാണത്തിന്റെ ഒരു ഭാഗമായി വീക്ഷിക്കപ്പെടാൻ ഇടവന്നു. വാസ്തവത്തിൽ, ശാസ്ത്രിമാർ അലിഖിതപാരമ്പര്യത്തെ ലിഖിതന്യായപ്രമാണത്തിന് ഉപരിയായിപോലും കരുതി. മിഷ്നാ ഇപ്രകാരം പറയുന്നു: “ശാസ്ത്രിമാരുടെ വചനങ്ങൾ [അവരുടെ അലിഖിത പാരമ്പര്യങ്ങൾ] അനുഷ്ഠിക്കുന്നതിന് ലിഖിത ന്യായപ്രമാണത്തിന്റെ വചനങ്ങൾ അനുഷ്ഠിക്കുന്നതിനെക്കാൾ കൂടിയ കർശനത്വം ബാധകമാകുന്നു.” അതുകൊണ്ട് ന്യായപ്രമാണത്തെ സംരക്ഷിക്കുന്നതിന് “ന്യായപ്രമാണത്തിനു ചുററും ഒരു വേലി” ആയിരിക്കുന്നതിനു പകരം അവരുടെ പാരമ്പര്യങ്ങൾ അതിനെ ദുർബലമാക്കുകയും നിരർത്ഥകമാക്കുകയും ചെയ്തു, യേശു പറഞ്ഞതുപോലെതന്നെ: “നിങ്ങളുടെ പാരമ്പര്യം നിലനിർത്താൻവേണ്ടി നിങ്ങൾ കൗശലപൂർവം ദൈവത്തിന്റെ കല്പന അവഗണിക്കുന്നു.”—മർക്കോസ് 7:5-9; മത്തായി 15:1-9.
5. (എ) യേശുവിനെ കേൾക്കാൻ വന്ന സാമാന്യജനത്തിന്റെ അവസ്ഥ എന്തായിരുന്നു, ശാസ്ത്രിമാരും പരീശൻമാരും അവരെ എങ്ങനെ വീക്ഷിച്ചിരുന്നു? (ബി) അലിഖിത പാരമ്പര്യങ്ങളെ അദ്ധ്വാനിക്കുന്നവരുടെ തോളിൽ ഒരു ഭാരമാക്കിയതെന്ത്?
5 യേശുവിനെ ശ്രദ്ധിക്കാൻ കൂടിവന്ന സാധാരണ ജനം “ഇടയനില്ലാത്ത ആടുകളെപ്പോലെ ചിന്നിയവരും ചിതറിയവരും” ആയിരുന്നുകൊണ്ട് ആത്മീയമായി ദരിദ്രരായിരുന്നു. (മത്തായി 9:36) അങ്ങേയററം അഹംഭാവത്തോടെ ശാസ്ത്രിമാരും പരീശൻമാരും അവരെ പരിഹസിച്ചു, അംഹാരററ്സ് (സാധുജനം) എന്ന് അവരെ വിളിച്ചു, അവർ അലിഖിത പാരമ്പര്യങ്ങളനുസരിക്കാഞ്ഞതുകൊണ്ട് പുനരുത്ഥാനത്തിന് അർഹതയില്ലാത്ത അജ്ഞരും ശാപഗ്രസ്തരുമായ പാപികളായി അവരെ നിന്ദിക്കുകയുംചെയ്തു. യേശുവിന്റെ കാലമായപ്പോഴേക്കും ആ പാരമ്പര്യങ്ങൾ വളരെ വ്യാപകമായിക്കഴിഞ്ഞിരുന്നു, അദ്ധ്വാനിക്കുന്ന ഒരു മനുഷ്യനും അവ അനുസരിക്കാൻ കഴിയാതവണ്ണം സമയംകൊല്ലുന്ന ആചാരപരമായ ചട്ടങ്ങളാൽ അവ വളരെ ഭാരിച്ചതായിരുന്നു. ‘മനുഷ്യരുടെ ചുമലിലെ ഭാരിച്ച ചുമടുകൾ’ എന്ന നിലയിൽ യേശു പാരമ്പര്യങ്ങളെ തള്ളിപ്പറഞ്ഞതിൽ ഒട്ടും അതിശയിക്കാനില്ല.—മത്തായി 23:4; യോഹന്നാൻ 7:45-49.
6. യേശുവിന്റെ പ്രാരംഭപ്രസ്താവനകൾ സംബന്ധിച്ച എന്ത് വളരെ ഞെട്ടിക്കുന്നവയായിരുന്നു, തന്റെ ശിഷ്യൻമാർക്കും ശാസ്ത്രിമാർക്കും പരീശൻമാർക്കും ഏതു മാററത്തെ അവ സൂചിപ്പിച്ചു?
6 അതുകൊണ്ട് യേശു മലഞ്ചെരുവിൽ ഇരുന്നപ്പോൾ ശ്രദ്ധിക്കാൻ അടുത്തുവന്നവർ അവന്റെ ശിഷ്യൻമാരും ആത്മീയമായി പട്ടിണികിടന്നിരുന്ന ജനങ്ങളും ആയിരുന്നു. അവന്റെ പ്രാരംഭപ്രസ്താവനകൾ ഞെട്ടിക്കുന്നവയായി അവർ കണ്ടെത്തിയിട്ടുണ്ടാവണം. ‘ദരിദ്രർ സന്തുഷ്ടരാകുന്നു, വിശക്കുന്നവർ സന്തുഷ്ടരാകുന്നു, വിലപിക്കുന്നവർ സന്തുഷ്ടരാകുന്നു, ദ്വേഷിക്കപ്പെടുന്നവർ സന്തുഷ്ടരാകുന്നു.’ എന്നാൽ ദരിദ്രരും വിശക്കുന്നവരും വിലപിക്കുന്നവരും ദ്വേഷിതരും ആയിരിക്കുമ്പോൾ ആർക്കു സന്തുഷ്ടരായിരിക്കാൻ കഴിയും? ധനികരും നന്നായി പോഷിതരും ചിരിക്കുന്നവരും പുകഴ്ത്തപ്പെടുന്നവരും ആയവർക്ക് കഷ്ടങ്ങളും പ്രഖ്യാപിക്കപ്പെട്ടു! (ലൂക്കോസ് 6:20-26) ഏതാനും ചില വാക്കുകളിൽ യേശു നിലവിലിരുന്ന മൂല്യങ്ങളെയും അംഗീകൃത മാനുഷ പ്രമാണങ്ങളെയും തകിടംമറിച്ചു. യേശുവിന്റെ പിന്നീടുള്ള വാക്കുകൾക്കു ചേർച്ചയിൽ അത് സ്ഥാനങ്ങളുടെ ഒരു നാടകീയ കീഴ്മേൽ മറിക്കലായിരുന്നു: “തന്നേത്തന്നെ ഉയർത്തുന്ന ഏവനും താഴ്ത്തപ്പെടും, എന്നാൽ തന്നേത്തന്നെ താഴ്ത്തുന്ന ഏവനും ഉയർത്തപ്പെടും.—ലൂക്കോസ് 18:9-14.
7. യേശുവിന്റെ പ്രാരംഭവാക്കുകൾക്ക് അവനെ ശ്രവിച്ചുകൊണ്ടിരുന്ന ആത്മീയ പട്ടിണിയിലായിരുന്ന ജനക്കൂട്ടത്തിൻമേൽ എന്തു ഫലം ഉണ്ടായിരുന്നിരിക്കണം?
7 സ്വയം തൃപ്തരായി കഴിഞ്ഞിരുന്ന ശാസ്ത്രിമാർക്കും പരീശൻമാർക്കും വിപരീതമായി ഈ പ്രത്യേകപ്രഭാതത്തിൽ യേശുവിന്റെ അടുക്കൽ വന്നുകൊണ്ടിരുന്നവർ അവരുടെ സങ്കടകരമായ ആത്മീയാവസ്ഥ തിരിച്ചറിയുന്നവരായിരുന്നു. അവന്റെ പ്രാരംഭ വാക്കുകൾ അവരിൽ പ്രതീക്ഷ നിറച്ചിട്ടുണ്ടാകണം: “തങ്ങളുടെ ആത്മീയാവശ്യം സംബന്ധിച്ച് ബോധമുള്ളവർ സന്തുഷ്ടരാകുന്നു, എന്തുകൊണ്ടെന്നാൽ സ്വർഗ്ഗരാജ്യം അവർക്കുള്ളത്.” “നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ സന്തുഷ്ടരാകുന്നു, എന്തുകൊണ്ടെന്നാൽ അവർ തൃപ്തരാക്കപ്പെടും” എന്ന് അവൻ കൂട്ടിച്ചേർത്തപ്പോൾ അവരുടെ ആവേശം എത്ര കുതിച്ചുയർന്നിരിക്കണം! (മത്തായി 5:3, 6; യോഹന്നാൻ 6:35; വെളിപ്പാട് 7:16, 17) നീതികൊണ്ടാണ് നിറക്കപ്പെടുന്നത്, എന്നാൽ പരീശൻമാരുടെ തരം നീതികൊണ്ടല്ല.
“മനുഷ്യരുടെ മുമ്പാകെ നീതിമാൻമാർ ആയിരിക്കുന്നത് മതിയാകുന്നില്ല”
8. തങ്ങളുടെ നീതി ശാസ്ത്രിമാരുടേതിലും പരീശൻമാരുടേതിലും കവിയാൻ എങ്ങനെ കഴിയുമെന്ന് ചിലർ അതിശയിച്ചേക്കാവുന്നതെന്തുകൊണ്ട്, എങ്കിലും അത് അങ്ങനെയായിരിക്കേണ്ടതെന്തുകൊണ്ട്?
8 “നിങ്ങളുടെ നീതി ശാസ്തിമാരുടെയും പരീശൻമാരുടെയും നീതിയെക്കാൾ കവിയുന്നില്ലെങ്കിൽ നിങ്ങൾ യാതൊരു പ്രകാരത്തിലും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല” എന്ന് യേശു പറഞ്ഞു. (മത്തായി 5:17-20; മർക്കോസ് 2:23-28–ഉം മർക്കോസ് 3:1-6–ഉം മർക്കോസ് 7:1-13–ഉം കാണുക.) ചിലർ ഇങ്ങനെ വിചാരിച്ചിരിക്കാം: ‘പരീശൻമാരെക്കാൾ നീതിയുള്ളവരോ? അവർ ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ദശാംശം കൊടുക്കുകയും ദാനധർമ്മംചെയ്യുകയും ന്യായപ്രമാണം പഠിച്ചുകൊണ്ട് അവരുടെ ജീവിതം ചെലവഴിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ നീതിയ്ക്ക് എന്നെങ്കിലും അവരുടേതിനെക്കാൾ കവിയാൻ എങ്ങനെ കഴിയും?’ എന്നാൽ അത് കൂടുതൽ കവിയേണ്ടിയിരുന്നു. പരീശൻമാർ മനുഷ്യരാൽ വളരെ ആദരിക്കപ്പെട്ടിരിക്കാം, എന്നാൽ ദൈവത്താൽ അല്ലതാനും. മറെറാരു സന്ദർഭത്തിൽ യേശു ഈ പരീശൻമാരോട് പറഞ്ഞു: “നിങ്ങൾ മനുഷ്യരുടെ മുമ്പാകെ നിങ്ങളെത്തന്നെ നീതിമാൻമാരായി പ്രഖ്യാപിക്കുന്നവരാണ്, എന്നാൽ ദൈവം നിങ്ങളുടെ ഹൃദയം അറിയുന്നു; എന്തെന്നാൽ മനുഷ്യരുടെ ഇടയിൽ ഉൽകൃഷ്ടമായത് ദൈവദൃഷ്ടിയിൽ നികൃഷ്ടമാണ്.”—ലൂക്കോസ് 16:15.
9-11. (എ) തങ്ങൾക്ക് ദൈവമുമ്പാകെ നീതിയുള്ള ഒരു നില സമ്പാദിക്കാമെന്ന് ശാസ്ത്രിമാരും പരീശൻമാരും വിചാരിച്ച ഒരു വിധം എന്തായിരുന്നു? (ബി) രണ്ടാമത് ഏതു വിധത്തിൽ തങ്ങൾക്ക് നീതി സമ്പാദിക്കാമെന്ന് അവർ പ്രതീക്ഷിച്ചു? (സി) അവർ കണക്കുകൂട്ടിയ മൂന്നാമത്തെ വിധം എന്തായിരുന്നു, ഇതിനെ പരാജയത്തിനു വിധിച്ച എന്ത് അപ്പോസ്തലനായ പൗലോസ് പറഞ്ഞു?
9 റബ്ബിമാർ നീതീകരണം നേടാൻ അവരുടെ സ്വന്തം ചട്ടങ്ങൾ കണ്ടുപിടിച്ചിരുന്നു. അബ്രാഹാമിന്റെ വംശജർ എന്ന നിലയിലുള്ള ശ്രേഷ്ഠതയായിരുന്നു ഒന്ന്: “നമ്മുടെ പിതാവായ അബ്രാഹാമിന്റെ ശിഷ്യൻമാർ ഈ ലോകം ആസ്വദിക്കുകയും വരുവാനുള്ള ലോകം അവകാശമാക്കുകയും ചെയ്യുന്നു.” (മിഷ്നാ) സാദ്ധ്യതയനുസരിച്ച്, ഈ പാരമ്പര്യത്തെ നിർവീര്യമാക്കാനായിരുന്നു സ്നാപകയോഹന്നാൻ തന്റെ അടുക്കൽ വന്ന പരീശൻമാർക്ക് ഈ മുന്നറിയിപ്പു നൽകിയത്: “മാനസാന്തരത്തിന് യോജിച്ച ഫലം ഉല്പാദിപ്പിക്കുക: ‘ഒരു പിതാവായി ഞങ്ങൾക്ക് അബ്രാഹാം ഉണ്ട് [അതുമതി എന്നപോലെ]’ എന്ന് സ്വയം ഭാവിക്കരുത്.”—മത്തായി 3:7-9; യോഹന്നാൻ 8:33, 39 കൂടെ കാണുക.
10 നീതീകരണം നേടാനുള്ള രണ്ടാമത്തെ മാർഗ്ഗം ദാനധർമ്മം കൊടുക്കലാണെന്ന് അവർ പറഞ്ഞു. ക്രി.മു. രണ്ടാം നൂററാണ്ടിൽ ഭക്തരായ യഹൂദൻമാരാൽ എഴുതപ്പെട്ട രണ്ട് അപ്പോക്രിഫാ പുസ്തകങ്ങൾ ഈ പാരമ്പര്യവീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നു. ഒരു പ്രസ്താവന തോബിത്തിൽ കാണുന്നു: “ദാനധർമ്മം ഒരുവനെ മരണത്തിൽനിന്ന് രക്ഷിക്കുകയും സകല പാപത്തിനും പരിഹാരം വരുത്തുകയുംചെയ്യുന്നു.” (12:9, ദ ന്യൂ അമേരിക്കൻ ബൈബിൾ) സീറാക്കിന്റെ പുസ്തകം (പ്രഭാഷകൻ) അതിനോടു യോജിക്കുന്നു: “ജലം ജ്വലിക്കുന്ന അഗ്നിയെ കെടുത്തുന്നു, ദാനധർമ്മം പാപങ്ങൾക്കു പരിഹാരം വരുത്തുന്നു.”—3:29, NAB.
11 അവർ നീതീകരണം തേടിയ മൂന്നാമത്തെ മാർഗ്ഗം ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ആയിരുന്നു. ഒരു മമനുഷ്യന്റെ പ്രവൃത്തികൾ അധികവും നല്ലതാണെങ്കിൽ അയാൾ രക്ഷിക്കപ്പെടുമെന്ന് അവരുടെ അലിഖിത പാരമ്പര്യം പഠിപ്പിച്ചു. “നല്ലതോ തീയതോ ആയ പ്രവൃത്തികളുടെ ആധിക്യമനുസരിച്ചാണ്” ന്യായവിധി. (മിഷ്നാ) ന്യായവിധിയിൽ അനുകൂല നില ഉണ്ടായിരിക്കുന്നതിന് “പാപങ്ങളെക്കാൾ കൂടുതൽ തൂക്കമുള്ള പുണ്യം ചെയ്യുക” എന്നതായിരുന്നു അവരുടെ താത്പര്യം. ഒരു മമനുഷ്യന്റെ സൽപ്രവൃത്തികൾ അയാളുടെ ദുഷ്പ്രവൃത്തികളെക്കാൾ ഒന്നു കൂടിനിൽക്കുന്നെങ്കിൽ അയാൾ രക്ഷിക്കപ്പെടും—അവരുടെ നിസ്സാര ചെയ്തികൾ കണക്കെഴുതി സൂക്ഷിച്ച് ദൈവം ന്യായംവിധിച്ചാലെന്നപോലെ! (മത്തായി 23:23, 24) ഒരു ശരിയായ വീക്ഷണം അവതരിപ്പിച്ചുകൊണ്ട് പൗലോസ് എഴുതി: “ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും [ദൈവ]മുമ്പാകെ നീതീകരിക്കപ്പെടുയില്ല.” (റോമർ 3:20) തീർച്ചയായും ക്രിസ്തീയ നീതി ശാസ്ത്രിമാരുടേതിനെയും പരീശൻമാരുടേതിനെയും കവിയണം!
“പറയപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ”
12. (എ) യേശു തന്റെ ഗിരിപ്രഭാഷണത്തിൽ എബ്രായതിരുവെഴുത്തുകളുടെ പരാമർശനങ്ങൾ പരിചയപ്പെടുത്തുന്ന തന്റെ സാധാരണരീതിയിൽനിന്ന് എന്തു മാററം വരുത്തി, എന്തുകൊണ്ട്? (ബി) “പറയപ്പെട്ടു”വെന്ന ആറാമത്തെ പ്രയോഗത്തിൽനിന്ന് നാം എന്തുപഠിക്കുന്നു?
12 യേശു മുമ്പ് എബ്രായ തിരുവെഴുത്തുകളിൽനിന്ന് ഉദ്ധരിച്ചപ്പോൾ, “എഴുതപ്പെട്ടിരിക്കുന്നു” എന്ന് അവൻ പറഞ്ഞു. (മത്തായി 4:4, 7, 10) എന്നാൽ ഗിരിപ്രഭാഷണത്തിൽ ആറു പ്രാവശ്യം എബ്രായതിരുവെഴുത്തുകളിൽനിന്നുള്ളതായി തോന്നിക്കുന്ന പ്രസ്താവനകൾ “പറയപ്പെട്ടു” എന്ന വാക്കുകളോടെ അവൻ പരിചയപ്പെടുത്തി. (മത്തായി 5:21, 27, 31, 33, 38, 43) എന്തുകൊണ്ട്? എന്തെന്നാൽ ദൈവകല്പനക്കു വിരുദ്ധമായി പരീശപാരമ്പര്യങ്ങളുടെ വെളിച്ചത്തിൽ വ്യാഖ്യാനിച്ചിരുന്ന പ്രകാരം അവൻ തിരുവെഴുത്തുകളെ പരാമർശിക്കുകയായിരുന്നു. (ആവർത്തനം 4:2; മത്തായി 15:3) ഇത് ഈ പരമ്പരയിലെ യേശുവിന്റെ ആറാമത്തേതും അന്തിമവുമായ പരാമർശനത്തിൽ വ്യക്തമാക്കപ്പെട്ടു: “‘നീ നിന്റെ അയൽക്കാരനെ സ്നേഹിക്കുകയും നിന്റെ ശത്രുവിനെ ദ്വേഷിക്കുകയും വേണം’ എന്ന് പറയപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.” എന്നാൽ “നിന്റെ ശത്രുവിനെ ദ്വേഷിക്കുക” എന്ന് ഒരു മോശൈകനിയമവും പറഞ്ഞിരുന്നില്ല. ശാസ്ത്രിമാരും പരീശൻമാരും അതു പറഞ്ഞു. അത് നിന്റെ അയൽക്കാരനെ സ്നേഹിക്കുകയെന്ന നിയമത്തിനുള്ള അവരുടെ വ്യാഖ്യാനമായിരുന്നു—നിന്റെ യഹൂദ അയൽക്കാരനെ, മററ് ആരെയുമല്ല.
13. യഥാർത്ഥ കൊലപാതകത്തിലേക്കു നയിച്ചേക്കാവുന്ന നടത്തയുടെ തുടക്കത്തിനെതിരായി പോലും യേശു മുന്നറിയിപ്പു നൽകുന്നതെങ്ങനെ?
13 ആറു പ്രസ്താവനകളുടെ ഈ പരമ്പരയിൽ ആദ്യത്തേത് ഇപ്പോൾ പരിചിന്തിക്കുക. യേശു പ്രസ്താവിച്ചു: “‘നീ കൊലപാതകം ചെയ്യരുത്; എന്നാൽ ഒരു കൊലപാതകംനടത്തുന്ന ഏതൊരുവനും ന്യായാധിപസഭയോട് കണക്കുബോധിപ്പിക്കേണ്ടിവരും’ എന്ന് പൂർവികരോട് പറയപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നുവരികിലും തന്റെ സഹോദരനോട് കോപിച്ചിരിക്കുന്ന ഏവനും ന്യായാധിപസഭയോട് കണക്കുബോധിപ്പിക്കേണ്ടിവരും എന്ന് ഞാൻ നിങ്ങളോടു പറയുന്നു.” (മത്തായി 5:21, 22) ഹൃദയത്തിലെ കോപം അസഭ്യസംസാരത്തിലേക്കും അവിടെനിന്ന് കുററവിധിയിലേക്കും നയിച്ചേക്കാനിടയുണ്ട്, ഒടുവിൽ അത് കൊലപാതകപ്രവൃത്തിയിലേക്കുതന്നെ നയിച്ചേക്കാം. ഹൃദയത്തിൽ പോഷിപ്പിക്കപ്പെടുന്ന നീണ്ടുനിൽക്കുന്ന കോപം മാരകമായിരിക്കാം: “തന്റെ സഹോദരനെ ദ്വേഷിക്കുന്ന ഏതൊരുവനും ഒരു മനുഷ്യഘാതകനാണ്.”—1 യോഹന്നാൻ 3:15.
14. വ്യഭിചാരത്തിലേക്കു നയിക്കുന്ന വഴിയിൽ യാത്ര തുടങ്ങാതിരിക്കുന്നതിനുപോലും യേശു നമ്മെ ബുദ്ധിയുപദേശിക്കുന്നതെങ്ങനെ?
14 യേശു അടുത്തതായി പറഞ്ഞു: “‘നീ വ്യഭിചാരം ചെയ്യരുത്’ എന്നു പറയപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഒരു സ്ത്രീയെ അവളോട് ആസക്തിയുണ്ടാകത്തക്കവണ്ണം നോക്കിക്കൊണ്ടിരിക്കുന്ന ഏതൊരുവനും തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞിരിക്കുന്നുവെന്ന് ഞാൻ നിങ്ങളോടു പറയുന്നു.” (മത്തായി 5:27, 28) നിങ്ങൾ വ്യഭിചാരം ചെയ്യാൻ പോകുകയല്ല? അപ്പോൾ അതുസംബന്ധിച്ചുള്ള ചിന്തകളെ താലോലിച്ചുകൊണ്ട് ആ വഴിക്ക് യാത്ര തുടങ്ങരുത്. അത്തരം സംഗതികളുടെ ഉറവിടമായ നിങ്ങളുടെ ഹൃദയത്തെ കാത്തുസൂക്ഷിക്കുക. (സദൃശവാക്യങ്ങൾ 4:23; മത്തായി 15:18, 19) യാക്കോബ് 1:14, 15 മുന്നറിയിപ്പു നൽകുന്നു: “സ്വന്തമോഹത്താൽ ആകർഷിക്കപ്പെടുകയും വശീകരിക്കപ്പെടുകയും ചെയ്യുന്നതിനാൽ ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നു. അനന്തരം മോഹം പുഷ്ടിപ്പെട്ടുകഴിയുമ്പോൾ പാപത്തെ പ്രസവിക്കുന്നു; ക്രമത്തിൽ പാപം സമ്പൂർത്തിയായിക്കഴിയുമ്പോൾ, അത് മരണത്തെ പ്രസവിക്കുന്നു.” ‘നിങ്ങൾക്ക് പൂർത്തീകരിക്കാൻ കഴിയാത്തത് തുടങ്ങരുത്’ എന്ന് ആളുകൾ ചിലപ്പോൾ പറയുന്നു. എന്നാൽ ഈ സംഗതിയിൽ ‘നിങ്ങൾക്ക് നിർത്താൻ കഴിയാത്തത് തുടങ്ങരുത്’ എന്ന് നാം പറയേണ്ടിയിരിക്കുന്നു. ഒരു ഫയറിംഗ് സ്ക്വാഡിന്റെ മുമ്പാകെ മരണത്താൽ ഭീഷണിപ്പെടുത്തപ്പെട്ടപ്പോൾ പോലും വിശ്വസ്തരായിരുന്ന ചിലർ പിന്നീട് ലൈംഗികദുർമ്മാർഗ്ഗത്തിന്റെ വഞ്ചനാത്മകമായ പ്രലോഭനത്തിൽ വീണുപോയിട്ടുണ്ട്.
15. ഉപേക്ഷണം സംബന്ധിച്ച യേശുവിന്റെ നിലപാട് യഹൂദൻമാരുടെ അലിഖിത പാരമ്പര്യങ്ങളോട് ബന്ധപ്പെട്ടിരുന്നതിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നതെങ്ങനെ?
15 നാമിപ്പോൾ യേശുവിന്റെ മൂന്നാമത്തെ പ്രസ്താവനയിലേക്ക് വരുന്നു. അവൻ പറഞ്ഞു: “അതിനു പുറമേ, ‘തന്റെ ഭാര്യയെ ഉപേക്ഷിക്കുന്ന ഏതൊരുവനും അവൾക്ക് ഒരു ഉപേക്ഷണപത്രം നൽകട്ടെ’ എന്ന് പറയപ്പെട്ടിരിക്കുന്നു. എന്നുവരികിലും, പരസംഗം നിമിത്തമല്ലാതെ തന്റെ ഭാര്യയെ ഉപേക്ഷിക്കുന്ന ഏതൊരുവനും അവളെ ഒരു വ്യഭിചാരിണിയാക്കുന്നു, ഉപേക്ഷിക്കപ്പെട്ട ഒരു സ്ത്രീയെ [അതായത് ലൈംഗികദുർമ്മാർഗ്ഗം അല്ലാത്ത കാരണങ്ങളാൽ ഉപേക്ഷിക്കപ്പെട്ടവൾ] വിവാഹംകഴിക്കുന്ന ഏതൊരുവനും വ്യഭിചാരം ചെയ്യുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്തായി 5:31, 32) ചില യഹൂദൻമാർ തങ്ങളുടെ ഭാര്യമാരോട് വഞ്ചനാപരമായി പെരുമാറുകയും നിസ്സാരകാരണങ്ങൾക്ക് അവരെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. (മലാഖി 2:13-16; മത്തായി 19:3-9) “അവൾ അയാൾക്ക് മോശമായ ആഹാരം നൽകിയാൽപോലും” അഥവാ “അവളെക്കാൾ സുന്ദരിയായ മറെറാരാളെ അയാൾ കണ്ടെത്തുന്നുവെങ്കിൽ” തന്റെ ഭാര്യയെ ഉപേക്ഷിക്കാൻ അലിഖിത പാരമ്പര്യങ്ങൾ ഒരു പുരുഷനെ അനുവദിച്ചു.
16. ഏത് യഹൂദ ആചാരം ആണയിട്ട് പ്രതിജ്ഞയെടുക്കുന്നത് അർത്ഥശൂന്യമാക്കി, യേശു ഏതു നിലപാട് സ്വീകരിച്ചു?
16 സമാനമായി, യേശു തുടർന്നു: “വീണ്ടും, ‘നിറവേററാതെ നീ ആണയിടരുത്’ . . . എന്ന് പൂർവികരോട് പറയപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നുവരികിലും ഞാൻ നിങ്ങളോടു പറയുന്നു: ആണയിടുകയേ അരുത്.” ഈ സമയമായപ്പോഴേക്കും യഹൂദൻമാർ ആണയിടലിനെ ദുരുപയോഗിച്ചിരുന്നു, നിറവേററാതെതന്നെ നിസ്സാരകാര്യങ്ങൾ സംബന്ധിച്ച് ആണയിട്ട് ശപഥംചെയ്തിരുന്നു. എന്നാൽ യേശു പറഞ്ഞു: “ആണയിടുകയേ അരുത് . . . നിങ്ങളുടെ വാക്ക് ഉവ്വ് ഉവ്വ് എന്നും ഇല്ല ഇല്ല എന്നും അർത്ഥമാക്കട്ടെ.” അവന്റെ ചട്ടം ലളിതമായിരുന്നു: ഒരു ആണയോടെ നിങ്ങളുടെ വാക്കിന് ഉറപ്പുനൽകേണ്ട ആവശ്യമില്ലാതെ എല്ലായ്പ്പോഴും സത്യമുള്ളവരായിരിക്കുക. ആണകൾ ജീവൽപ്രധാനമായ കാര്യങ്ങൾക്കായി മാത്രം ഉപയോഗിക്കുക.—മത്തായി 5:33-37; 23:16-22 താരതമ്യപ്പെടുത്തുക.
17. “കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്” എന്നതിനെക്കാൾ മെച്ചമായ ഏതു മാർഗ്ഗം യേശു പഠിപ്പിച്ചു?
17 യേശു അടുത്തതായി പറഞ്ഞു: “‘കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്’ എന്ന് പറയപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നിരുന്നാലും ഞാൻ നിങ്ങളോടു പറയുന്നു: ദുഷ്ടനായവനെ എതിർക്കരുത്; നിങ്ങളുടെ വലതു കരണത്തു തട്ടുന്നവനെ മറേറതുംകൂടെ കാണിച്ചുകൊടുക്കുക.” (മത്തായി 5:38-42) യേശു ഇവിടെ ദ്രോഹിക്കാൻ ഉദ്ദേശിച്ചുള്ള പ്രഹരത്തെ പരാമർശിക്കുകയല്ല, പിന്നെയോ കൈയുടെ പിൻഭാഗംകൊണ്ട് അപമാനിക്കുന്ന ഒരു തട്ടലിനെ പരാമർശിക്കുകയായിരുന്നു. അധിക്ഷേപങ്ങൾ തിരിച്ചുനൽകിക്കൊണ്ട് നിങ്ങളേത്തന്നെ തരം താഴ്ത്തരുത്. തിൻമക്കു പകരം തിൻമ ചെയ്യാതിരിക്കുക. പകരം, തിരിച്ച് നൻമ ചെയ്യുക, അങ്ങനെ “തിൻമയെ നൻമയാൽ ജയിച്ചടക്കിക്കൊണ്ടിരിക്കുക.”—റോമർ 12:17-21.
18. (എ) നിന്റെ അയൽക്കാരനെ സ്നേഹിക്കുന്നതു സംബന്ധിച്ച നിയമം യഹൂദൻമാർ തിരുത്തിയതെങ്ങനെ, എന്നാൽ യേശു അതിനെ നിർവീര്യമാക്കിയതെങ്ങനെ? (ബി) “അയൽക്കാരൻ” എന്നതിന്റെ ബാധകമാക്കൽ പരിമിതപ്പെടുത്താൻ ഇച്ഛിച്ച ഒരു നിയമജ്ഞനോടുള്ള യേശുവിന്റെ ഉത്തരം എന്തായിരുന്നു?
18 ആറാമത്തേതും അവസാനത്തേതുമായ ദൃഷ്ടാന്തത്തിൽ, റബ്ബിമാരുടെ പാരമ്പര്യം ന്യായപ്രമാണത്തെ എങ്ങനെ ദുർബലമാക്കിയെന്ന് യേശു വ്യക്തമായി പ്രകടമാക്കി: “‘നീ നിന്റെ അയൽക്കാരനെ സ്നേഹിക്കുകയും നിന്റെ ശത്രുവിനെ ദ്വേഷിക്കുകയും വേണം’ എന്ന് പറയപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നിരുന്നാലും ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുന്നതിലും നിങ്ങളെ പീഡിപ്പിക്കുവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിലും തുടരുക.” (മത്തായി 5:43, 44) ലിഖിത മോശൈകനിയമം സ്നേഹത്തിന് യാതൊരു പരിധിയും വെക്കുന്നില്ല: “നീ നിന്റെ സഹമനുഷ്യനെ നിന്നേപ്പോലെതന്നെ സ്നേഹിക്കണം.” (ലേവ്യപുസ്തകം 19:18) ഈ കല്പനക്ക് അതിർവെച്ചത് പരീശൻമാരായിരുന്നു, അതിൽനിന്ന് രക്ഷപെടുന്നതിന് അവർ “അയൽക്കാരൻ” എന്ന പദം പാരമ്പര്യങ്ങൾ അനുഷ്ഠിക്കുന്നവർക്ക് പരിമിതപ്പെടുത്തി. ‘നിന്റെ അയൽക്കാരനെ നിന്നേപ്പോലെതന്നെ സ്നേഹിക്കണം’ എന്ന കല്പന യേശു പിന്നീട് ഒരു നിയമജ്ഞനെ ഓർമ്മപ്പെടുത്തിയപ്പോൾ അയാൾ “യഥാർഥത്തിൽ എന്റെ അയൽക്കാരൻ ആരാണ്?” എന്നു ചോദിച്ചത് അതുകൊണ്ടായിരുന്നു. നല്ല ശമര്യക്കാരന്റെ ദൃഷ്ടാന്തത്തിലൂടെ യേശു ഉത്തരം നൽകി—നിങ്ങളെക്കൊണ്ട് ആവശ്യമുള്ളവന് നിങ്ങളെത്തന്നെ ഒരു അയൽക്കാരനാക്കിത്തീർക്കുക.—ലൂക്കോസ് 10:25-37.
19. ദുഷ്ടൻമാരുടെ നേർക്കുള്ള യഹോവയുടെ ഏതു പ്രവർത്തനം നാം പിൻപററാൻ യേശു ശുപാർശചെയ്തു?
19 തന്റെ പ്രഭാഷണം തുടർന്നുകൊണ്ട് യേശു ‘ദൈവം ദുഷ്ടൻമാരോട് സ്നേഹം കാണിച്ചു’വെന്ന് വിളംബരംചെയ്തു. ‘അവരുടെമേൽ സൂര്യൻ പ്രകാശിക്കാനും മഴ പെയ്യാനും അവൻ ഇടയാക്കി. നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നതിൽ അസാധാരണമായി യാതൊന്നുമില്ല. ദുഷ്ടൻമാർ അതു ചെയ്യുന്നു. അതിൽ പ്രതിഫലത്തിന് ഒരു ന്യായവുമില്ല. നിങ്ങളെത്തന്നെ ദൈവപുത്രൻമാരെന്നു തെളിയിക്കുക. അവനെ പകർത്തുക. എല്ലാവർക്കും നിങ്ങളെത്തന്നെ ഒരു അയൽക്കാരനാക്കിത്തീർക്കുകയും നിങ്ങളുടെ അയൽക്കാരനെ സ്നേഹിക്കുകയുംചെയ്യുക. അങ്ങനെ “നിങ്ങളുടെ സ്വർഗ്ഗീയപിതാവ് പൂർണ്ണനായിരിക്കുന്നതുപോലെ പൂർണ്ണരായിരിക്കുക.”’ (മത്തായി 5:45-48) പ്രയോഗത്തിൽ വരുത്തുന്നതിന് എന്തോരു വെല്ലുവിളിപരമായ പ്രമാണം! ശാസ്ത്രിമാരുടെയും പരീശൻമാരുടെയും നീതി എത്ര കീഴ്ത്തരമാണെന്ന് അതു പ്രകടമാക്കുന്നു!
20. മോശൈകന്യായപ്രമാണത്തെ മാററുന്നതിനു പകരം യേശു അതിന്റെ സ്വാധീനം വ്യാപകമാക്കുകയും ആഴമുള്ളതാക്കുകയും ഒരു ഉയർന്ന സ്ഥാനത്ത് അതിനെ പ്രതിഷ്ഠിക്കുകയും ചെയ്തതെങ്ങനെ?
20 അതുകൊണ്ട് യേശു ന്യായപ്രമാണത്തിന്റെ ഭാഗങ്ങളെ പരാമർശിക്കുകയും, “എന്നിരുന്നാലും ഞാൻ നിങ്ങളോടു പറയുന്നു” എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തപ്പോൾ അവൻ മോശൈകന്യായപ്രമാണം നീക്കി ആ സ്ഥാനത്ത് മറെറാന്ന് സ്ഥാപിക്കുകയല്ലായിരുന്നു. അല്ല, പിന്നെയോ അതിനു പിമ്പിലുള്ള ആത്മാവ് കാണിച്ചുകൊടുത്തുകൊണ്ട് അവൻ അതിന്റെ സ്വാധീനശക്തി ആഴമേറിയതും വിശാലവുമാക്കുകയായിരുന്നു. സാഹോദര്യത്തിന്റെ ഒരു ഉയർന്ന നിയമം നീണ്ടുനിൽക്കുന്ന ദ്വേഷത്തെ കൊലപാതകമായി വിധിക്കുന്നു. ശുദ്ധിയുടെ ഉയർന്ന നിയമം നീണ്ടുനിൽക്കുന്ന കാമചിന്തയെ വ്യഭിചാരമായി കുററം വിധിക്കുന്നു. വിവാഹത്തിന്റെ ഉയർന്ന നിയമം വ്യഭിചാരപരമായ വിവാഹങ്ങളിലേക്ക് നയിക്കാവുന്ന ഒരു ഗതിയെന്ന നിലയിൽ ലാഘവത്തോടെയുള്ള ഉപേക്ഷണത്തെ ത്യജിക്കുന്നു. സത്യത്തിന്റെ ഉയർന്ന നിയമം ആവർത്തിച്ചുള്ള ആണയിടൽ അനാവശ്യമാണെന്ന് പ്രകടമാക്കുന്നു. സൗമ്യതയുടെ ഉയർന്ന നിയമം പ്രതികാരത്തെ ദുർബലപ്പെടുത്തുന്നു. സ്നേഹത്തിന്റെ ഒരു ഉയർന്ന നിയമം അതിരുകളില്ലാത്ത ഒരു ദൈവികസ്നേഹം ആവശ്യപ്പെടുന്നു.
21. റബ്ബിമാരുടെ സ്വയനീതി സംബന്ധിച്ച് യേശുവിന്റെ പ്രബോധനങ്ങൾ എന്തു വെളിപ്പെടുത്തി, ജനക്കൂട്ടം മറെറന്തുകൂടെ പഠിക്കണമായിരുന്നു?
21 അതുവരെ കേട്ടിട്ടില്ലാത്ത അത്തരം പ്രബോധനങ്ങൾ ആദ്യമായി അവ കേട്ടവരുടെ കാതുകളിൽ പതിച്ചപ്പോൾ അവയ്ക്ക് എത്ര അഗാധമായ സ്വാധീനം ഉണ്ടായിരുന്നിരിക്കണം! റബ്ബിമാരുടെ പാരമ്പര്യങ്ങൾക്ക് അടിമയാകുന്നതിൽനിന്ന് ലഭിക്കുന്ന കപടഭക്തിപരമായ സ്വയനീതി എത്ര വിലകെട്ടതാണെന്ന് അവ വ്യക്തമാക്കി! എന്നാൽ യേശു തന്റെ ഗിരിപ്രഭാഷണം തുടരുമ്പോൾ ദൈവത്തിന്റെ നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്ന ജനക്കൂട്ടം അതെങ്ങനെ നേടാമെന്ന് കൃത്യമായി പഠിക്കേണ്ടിയിരുന്നു, അടുത്ത ലേഖനം പ്രകടമാക്കുന്നതുപോലെതന്നെ. (w90 10⁄1)
പുനരവലോകന ചോദ്യങ്ങൾ
◻ യഹൂദൻമാർ തങ്ങളുടെ അലിഖിത പാരമ്പര്യങ്ങൾ സ്ഥാപിച്ചതെന്തുകൊണ്ട്?
◻ ശാസ്ത്രിമാരോടും പരീശൻമാരോടും സാധാരണ ജനങ്ങളോടുമുള്ള ബന്ധത്തിൽ യേശു ഏതു നാടകീയ തിരിക്കൽ കാണിച്ചു?
◻ ദൈവത്തോട് ഒരു നീതിയുള്ള നില സമ്പാദിക്കാൻ ശാസ്ത്രിമാരും പരീശൻമാരും എങ്ങനെ പ്രതീക്ഷിച്ചു?
◻ വ്യഭിചാരവും ദുർവൃത്തിയും ഒഴിവാക്കാനുള്ള മാർഗ്ഗം എന്താണെന്ന് യേശു പ്രകടമാക്കി?
◻ മോശൈകന്യായപ്രമാണത്തിനു പിന്നിലെ ആത്മാവ് കാണിച്ചുകൊണ്ട് യേശു ഏതു ഉയർന്ന നിലവാരങ്ങൾ സ്ഥാപിച്ചു?