അധ്യായം 71
അന്ധനായിരുന്ന മനുഷ്യനെ പരീശന്മാർ ചോദ്യം ചെയ്യുന്നു
ഒരിക്കൽ അന്ധനായിരുന്ന മനുഷ്യനെ പരീശന്മാർ ചോദ്യം ചെയ്യുന്നു
മതനേതാക്കന്മാർ ‘അന്ധരാണ് ’
ജന്മനാ അന്ധനായ ഒരു വ്യക്തിക്ക് യേശു കാഴ്ചശക്തി കൊടുത്തെന്ന കാര്യം പരീശന്മാർക്ക് ഉൾക്കൊള്ളാനാകുന്നില്ല. അതുകൊണ്ട് അയാളുടെ മാതാപിതാക്കളെ വിളിപ്പിക്കുന്നു. തങ്ങളെ ‘സിനഗോഗിൽനിന്ന് പുറത്താക്കിയേക്കുമോ’ എന്ന പേടി അവർക്കുണ്ട്. (യോഹന്നാൻ 9:22) അങ്ങനെ മറ്റു ജൂതന്മാരിൽനിന്ന് ഒറ്റപ്പെടുത്തിയാൽ സാമ്പത്തികവും സാമൂഹികവും ആയ പല പ്രശ്നങ്ങളും അവർക്കു നേരിടേണ്ടിവരും.
പരീശന്മാർ രണ്ടു ചോദ്യം ചോദിക്കുന്നു: “ജന്മനാ അന്ധനായിരുന്നെന്നു നിങ്ങൾ പറയുന്ന നിങ്ങളുടെ മകൻ ഇവൻതന്നെയാണോ? എങ്കിൽപ്പിന്നെ ഇവന് ഇപ്പോൾ കാണാൻ പറ്റുന്നത് എങ്ങനെയാണ്?” അയാളുടെ മാതാപിതാക്കൾ പറയുന്നു: “ഇവൻ ഞങ്ങളുടെ മകനാണെന്നും ഇവൻ ജന്മനാ അന്ധനായിരുന്നെന്നും ഞങ്ങൾക്ക് അറിയാം. എന്നാൽ ഇവനു കാഴ്ച കിട്ടിയത് എങ്ങനെയാണെന്നോ ഇവന്റെ കണ്ണുകൾ തുറന്നത് ആരാണെന്നോ ഞങ്ങൾക്ക് അറിയില്ല.” എന്താണു സംഭവിച്ചതെന്ന് മകൻ ഒരുപക്ഷേ മാതാപിതാക്കളോടു പറഞ്ഞിട്ടുണ്ടെങ്കിൽപ്പോലും വളരെ സൂക്ഷിച്ചാണ് അവർ മറുപടി പറയുന്നത്. “അവനോടുതന്നെ ചോദിക്ക്. അവൻ പറയട്ടെ. അതിനുള്ള പ്രായം അവനുണ്ടല്ലോ,” അവർ പറയുന്നു.—യോഹന്നാൻ 9:19-21.
അതുകൊണ്ട് പരീശന്മാർ അയാളെ തിരിച്ചുവിളിക്കുന്നു. എന്നിട്ട് യേശുവിന് എതിരെ തെളിവു കിട്ടിയിട്ടുണ്ടെന്നു പറഞ്ഞ് അയാളെ പേടിപ്പിക്കുന്നു. “ദൈവത്തിനു മഹത്ത്വം കൊടുക്ക്. ആ മനുഷ്യൻ ഒരു പാപിയാണെന്നു ഞങ്ങൾക്ക് അറിയാം” എന്ന് അവർ പറയുന്നു. ആ കുറ്റാരോപണം വകവെക്കാതെ അയാൾ പറയുന്നു: “ആ മനുഷ്യൻ പാപിയാണോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷേ, ഒരു കാര്യം എനിക്ക് അറിയാം: ഞാൻ അന്ധനായിരുന്നു. പക്ഷേ ഇപ്പോൾ എനിക്കു കാണാം.”—യോഹന്നാൻ 9:24, 25.
അയാളുടെ മറുപടിയൊന്നും പരീശന്മാരെ തൃപ്തിപ്പെടുത്തുന്നില്ല. അതുകൊണ്ട് അവർ ഇങ്ങനെ ചോദിക്കുന്നു: “അയാൾ എന്താണു ചെയ്തത്? അയാൾ നിന്റെ കണ്ണു തുറന്നത് എങ്ങനെയാണ്?” കുറച്ചൊക്കെ ധൈര്യം സംഭരിച്ച് ആ മനുഷ്യൻ പറയുന്നു: “അതു ഞാൻ നിങ്ങളോടു നേരത്തേ പറഞ്ഞതല്ലേ? പക്ഷേ നിങ്ങൾ ശ്രദ്ധിച്ചില്ല. പിന്നെ ഇപ്പോൾ വീണ്ടും ചോദിക്കുന്നത് എന്തിനാ? എന്താ, നിങ്ങൾക്കും ആ മനുഷ്യന്റെ ശിഷ്യന്മാരാകണമെന്നുണ്ടോ?” അതു കേട്ട് പരീശന്മാർക്ക് നല്ല ദേഷ്യം വന്നു. അവർ അയാളോട് ഇങ്ങനെ പറയുന്നു: “നീ അവന്റെ ശിഷ്യനായിരിക്കാം. പക്ഷേ ഞങ്ങൾ മോശയുടെ ശിഷ്യന്മാരാണ്. മോശയോടു ദൈവം സംസാരിച്ചിട്ടുണ്ടെന്നു ഞങ്ങൾക്ക് അറിയാം. പക്ഷേ ഇയാൾ എവിടെനിന്ന് വന്നെന്ന് ആർക്ക് അറിയാം?”—യോഹന്നാൻ 9:26-29.
ഇവരുടെ മറുപടി യാചകനെ അത്ഭുതപ്പെടുത്തുന്നു. അയാൾ പറയുന്നു: “ആ മനുഷ്യൻ എന്റെ കണ്ണുകൾ തുറന്നിട്ടും അദ്ദേഹം എവിടെനിന്ന് വന്നെന്നു നിങ്ങൾക്കു മനസ്സിലാകാത്തത് അതിശയംതന്നെ.” ദൈവം ശ്രദ്ധിക്കുന്നതും അംഗീകരിക്കുന്നതും ആരെയാണെന്ന് അയാൾ യുക്തിയുക്തം വിശദീകരിക്കുന്നു: “ദൈവം പാപികളുടെ പ്രാർഥന കേൾക്കില്ലെന്നു നമുക്ക് അറിയാം. എന്നാൽ, ദൈവത്തെ ഭയപ്പെട്ട് ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാർഥന ദൈവം കേൾക്കും. ജന്മനാ അന്ധനായ ഒരാളുടെ കണ്ണുകൾ ആരെങ്കിലും തുറന്നതായി ഇന്നുവരെ കേട്ടിട്ടില്ല.” പറഞ്ഞുവരുന്നതിന്റെ സാരം ഇതാണ്: “ഈ മനുഷ്യൻ ദൈവത്തിൽനിന്നല്ലായിരുന്നെങ്കിൽ ഇദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു.”—യോഹന്നാൻ 9:30-33.
യാചകന്റെ ന്യായവാദത്തിന് മറുപടിയൊന്നും പറയാൻ പറ്റാതെ പരീശന്മാർ അയാളോട്, “അപ്പാടേ പാപത്തിൽ ജനിച്ച നീയാണോ ഞങ്ങളെ പഠിപ്പിക്കാൻവരുന്നത് ” എന്നു ചോദിച്ച് അയാളെ അധിക്ഷേപിക്കുന്നു. എന്നിട്ട് അയാളെ അവിടെനിന്ന് പുറത്താക്കുന്നു.—യോഹന്നാൻ 9:34.
കാര്യങ്ങളൊക്കെ അറിയുമ്പോൾ യേശു അയാളെ കണ്ടുപിടിച്ച് ഇങ്ങനെ ചോദിക്കുന്നു: “നിനക്കു മനുഷ്യപുത്രനിൽ വിശ്വാസമുണ്ടോ?” സുഖം പ്രാപിച്ച ആ മനുഷ്യൻ, “ഞാൻ മനുഷ്യപുത്രനിൽ വിശ്വസിക്കേണ്ടതിന് അത് ആരാണ് യജമാനനേ” എന്നു ചോദിച്ചു. അയാളുടെ എല്ലാ സംശയവും നീക്കിക്കൊണ്ട് യേശു പറയുന്നു: “നീ ആ മനുഷ്യനെ കണ്ടിട്ടുണ്ട്. നിന്നോടു സംസാരിക്കുന്ന ഈ ഞാൻതന്നെയാണ് അത്.”—യോഹന്നാൻ 9:35-37.
അയാൾ പറയുന്നു: “കർത്താവേ, ഞാൻ വിശ്വസിക്കുന്നു.” ആദരവും ബഹുമാനവും കാണിച്ചുകൊണ്ട് അയാൾ യേശുവിനെ വണങ്ങുന്നു. അപ്പോൾ യേശു സുപ്രധാനമായ ഒരു കാര്യം പറയുന്നു: “കാഴ്ചയില്ലാത്തവർ കാണട്ടെ, കാഴ്ചയുള്ളവർ അന്ധരായിത്തീരട്ടെ. ഇങ്ങനെയൊരു ന്യായവിധി നടക്കാൻവേണ്ടിയാണു ഞാൻ ലോകത്തേക്കു വന്നത്.”—യോഹന്നാൻ 9:38, 39.
അവിടെയുള്ള പരീശന്മാർക്ക് തങ്ങൾക്കു കാഴ്ചയുണ്ടെന്ന് അറിയാം. ആത്മീയവഴികാട്ടികളാണെന്നു ഭാവിക്കുന്ന അവർ ധിക്കാരത്തോടെ ഇങ്ങനെ ചോദിക്കുന്നു: “അതിനു ഞങ്ങളും അന്ധരാണോ, അല്ലല്ലോ?” യേശു അവരോടു പറയുന്നു: “നിങ്ങൾ അന്ധരായിരുന്നെങ്കിൽ നിങ്ങൾക്കു പാപമുണ്ടാകുമായിരുന്നില്ല. എന്നാൽ, ‘ഞങ്ങൾക്കു കാണാം’ എന്നു നിങ്ങൾ പറയുന്നതുകൊണ്ട് നിങ്ങളുടെ പാപം നിലനിൽക്കുന്നു.” (യോഹന്നാൻ 9:40, 41) മോശയ്ക്ക് കൊടുത്ത നിയമം അവർക്ക് അറിയാം. അവർ നിയമം പഠിപ്പിക്കുന്നവരുമാണ്. എന്നിട്ടും യേശുവിനെ മിശിഹയായി അംഗീകരിക്കുന്നില്ല. അതുകൊണ്ട് അവർ യേശുവിനെ തള്ളിക്കളയുന്നത് ഗുരുതരമായ ഒരു പാപമാണ്.