മത്തായി എഴുതിയത്
15 പിന്നീട് യരുശലേമിൽനിന്ന് പരീശന്മാരും ശാസ്ത്രിമാരും+ യേശുവിന്റെ അടുത്ത് വന്ന് ചോദിച്ചു: 2 “നിന്റെ ശിഷ്യന്മാർ പൂർവികരുടെ പാരമ്പര്യം മറികടക്കുന്നത് എന്താണ്? ഉദാഹരണത്തിന്, ഭക്ഷണം കഴിക്കുന്നതിനു മുമ്പ് അവർ കൈ കഴുകുന്നില്ല.”+
3 അപ്പോൾ യേശു അവരോടു പറഞ്ഞു: “നിങ്ങൾ എന്തിനാണു പാരമ്പര്യത്തിന്റെ പേര് പറഞ്ഞ് ദൈവകല്പന മറികടക്കുന്നത്?+ 4 ഉദാഹരണത്തിന്, ‘നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കണം’+ എന്നും ‘അപ്പനെയോ അമ്മയെയോ നിന്ദിച്ച്* സംസാരിക്കുന്നവനെ കൊന്നുകളയണം’*+ എന്നും ദൈവം പറഞ്ഞല്ലോ. 5 എന്നാൽ നിങ്ങൾ പറയുന്നു: ‘ആരെങ്കിലും അപ്പനോടോ അമ്മയോടോ, “നിങ്ങൾക്ക് ഉപകാരപ്പെടുന്നതായി എന്റെ കൈയിലുള്ളതെല്ലാം ഞാൻ ദൈവത്തിനു നേർന്നിരിക്കുന്നു”+ എന്നു പറഞ്ഞാൽ, 6 പിന്നെ അയാൾ അപ്പനെ ബഹുമാനിക്കേണ്ടതേ ഇല്ല.’ അങ്ങനെ പാരമ്പര്യത്തിന്റെ പേര് പറഞ്ഞ് നിങ്ങൾ ദൈവവചനത്തിനു വില കല്പിക്കാതിരിക്കുന്നു.+ 7 കപടഭക്തരേ, നിങ്ങളെക്കുറിച്ച് യശയ്യ ഇങ്ങനെ പ്രവചിച്ചത് എത്ര ശരിയാണ്:+ 8 ‘ഈ ജനം വായ്കൊണ്ട് എന്നെ ബഹുമാനിക്കുന്നു; എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന് വളരെ അകലെയാണ്. 9 അവർ എന്നെ ആരാധിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. കാരണം മനുഷ്യരുടെ കല്പനകളാണ് അവർ ഉപദേശങ്ങളായി പഠിപ്പിക്കുന്നത്.’”+ 10 പിന്നെ യേശു ജനത്തെ അടുത്തേക്കു വിളിച്ച് അവരോടു പറഞ്ഞു: “നിങ്ങൾ കേട്ട് ഇതിന്റെ സാരം മനസ്സിലാക്കൂ:+ 11 ഒരു വ്യക്തിയുടെ വായിലേക്കു പോകുന്നതല്ല, വായിൽനിന്ന് വരുന്നതാണ് അയാളെ അശുദ്ധനാക്കുന്നത്.”+
12 അപ്പോൾ ശിഷ്യന്മാർ വന്ന് യേശുവിനോട്, “അങ്ങ് പറഞ്ഞതു കേട്ട് പരീശന്മാർക്കു ദേഷ്യം വന്നെന്നു* തോന്നുന്നു”+ എന്നു പറഞ്ഞു. 13 അപ്പോൾ യേശു അവരോടു പറഞ്ഞു: “സ്വർഗസ്ഥനായ എന്റെ പിതാവ് നടാത്ത എല്ലാ ചെടിയും വേരോടെ പറിച്ചുകളയുന്ന സമയം വരും. 14 അവരെ നോക്കേണ്ടാ. അവർ അന്ധരായ വഴികാട്ടികളാണ്. അന്ധൻ അന്ധനെ വഴി കാട്ടിയാൽ രണ്ടു പേരും കുഴിയിൽ* വീഴും.”+ 15 പത്രോസ് യേശുവിനോട്, “ആ ദൃഷ്ടാന്തം ഞങ്ങൾക്കു വിശദീകരിച്ചുതരാമോ” എന്നു ചോദിച്ചു.+ 16 അപ്പോൾ യേശു പറഞ്ഞു: “ഇത്രയൊക്കെയായിട്ടും നിങ്ങൾക്കും മനസ്സിലാകുന്നില്ലെന്നോ!+ 17 വായിലേക്കു പോകുന്നതെന്തും വയറ്റിൽ ചെന്നിട്ട് പുറത്തേക്കു* പോകുമെന്നു നിങ്ങൾക്ക് അറിയില്ലേ? 18 എന്നാൽ വായിൽനിന്ന് വരുന്നതെല്ലാം ഹൃദയത്തിൽനിന്നാണു വരുന്നത്. അതാണ് ഒരു മനുഷ്യനെ അശുദ്ധനാക്കുന്നത്.+ 19 ഉദാഹരണത്തിന്, ദുഷ്ടചിന്തകൾ, അതായത് കൊലപാതകം, വ്യഭിചാരം, ലൈംഗിക അധാർമികത, മോഷണം, കള്ളസാക്ഷ്യം, ദൈവനിന്ദ എന്നിവയെല്ലാം ഹൃദയത്തിൽനിന്നാണു വരുന്നത്.+ 20 ഇവയാണ് ഒരു മനുഷ്യനെ അശുദ്ധനാക്കുന്നത്. അല്ലാതെ കഴുകാത്ത കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതല്ല.”
21 പിന്നെ യേശു അവിടെനിന്ന് സോർ-സീദോൻ പ്രദേശങ്ങളിലേക്കു പോയി.+ 22 അപ്പോൾ ആ പ്രദേശത്തുനിന്നുള്ള ഒരു ഫൊയ്നിക്യക്കാരി വന്ന് യേശുവിനോട് ഉറക്കെ വിളിച്ചുപറഞ്ഞു: “കർത്താവേ, ദാവീദുപുത്രാ, എന്നോടു കരുണ കാണിക്കണേ. എന്റെ മകൾക്കു കടുത്ത ഭൂതോപദ്രവം ഉണ്ടാകുന്നു.”+ 23 യേശു പക്ഷേ ആ സ്ത്രീയോട് ഒന്നും പറഞ്ഞില്ല. അതുകൊണ്ട് ശിഷ്യന്മാർ അടുത്ത് വന്ന് യേശുവിനോട്, “ആ സ്ത്രീ അതുതന്നെ പറഞ്ഞുകൊണ്ട് നമ്മുടെ പിന്നാലെ വരുന്നു; അവരെ പറഞ്ഞയയ്ക്കണേ” എന്ന് അപേക്ഷിച്ചു. 24 അപ്പോൾ യേശു, “ഇസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുത്തേക്കു മാത്രമാണ് എന്നെ അയച്ചിരിക്കുന്നത് ”+ എന്നു പറഞ്ഞു. 25 എന്നാൽ ആ സ്ത്രീ താണുവണങ്ങിക്കൊണ്ട് യേശുവിനോട്, “കർത്താവേ, എന്നെ സഹായിക്കണേ” എന്നു യാചിച്ചു. 26 യേശുവോ, “മക്കളുടെ അപ്പം എടുത്ത് നായ്ക്കുട്ടികൾക്ക് ഇട്ടുകൊടുക്കുന്നതു ശരിയല്ലല്ലോ” എന്നു പറഞ്ഞു. 27 അപ്പോൾ ആ സ്ത്രീ, “അങ്ങ് പറഞ്ഞതു ശരിയാണു കർത്താവേ. പക്ഷേ നായ്ക്കുട്ടികളും യജമാനന്റെ മേശയിൽനിന്ന് വീഴുന്ന അപ്പക്കഷണങ്ങൾ തിന്നാറുണ്ടല്ലോ”+ എന്നു പറഞ്ഞു. 28 അപ്പോൾ യേശു, “നിന്റെ വിശ്വാസം അപാരം! നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു സംഭവിക്കട്ടെ” എന്നു പറഞ്ഞു. അപ്പോൾത്തന്നെ ആ സ്ത്രീയുടെ മകൾ സുഖം പ്രാപിച്ചു.
29 അവിടെനിന്ന് ഗലീലക്കടലിന് അടുത്തേക്കു+ പോയ യേശു അവിടെയുള്ള ഒരു മലമുകളിൽ ചെന്ന് ഇരുന്നു. 30 വലിയൊരു ജനക്കൂട്ടം യേശുവിന്റെ അടുത്ത് വന്നുകൂടി. മുടന്തർ, അംഗവൈകല്യമുള്ളവർ, അന്ധർ, ഊമർ തുടങ്ങി പലരെയും കൊണ്ടുവന്ന് അവർ യേശുവിന്റെ കാൽക്കൽ കിടത്തി. യേശു അവരെ സുഖപ്പെടുത്തി.+ 31 ഊമർ സംസാരിക്കുന്നതും അംഗവൈകല്യമുള്ളവർ സുഖപ്പെടുന്നതും മുടന്തർ നടക്കുന്നതും അന്ധർ കാണുന്നതും കണ്ട് ജനം അതിശയിച്ച് ഇസ്രായേലിന്റെ ദൈവത്തെ മഹത്ത്വപ്പെടുത്തി.+
32 യേശു ശിഷ്യന്മാരെ അടുത്ത് വിളിച്ച് അവരോടു പറഞ്ഞു: “ഈ ജനക്കൂട്ടത്തോട് എനിക്ക് അലിവ് തോന്നുന്നു.+ മൂന്നു ദിവസമായി ഇവർ എന്റെകൂടെയാണല്ലോ. ഇവർക്കു കഴിക്കാൻ ഒന്നുമില്ല. വിശന്നിരിക്കുന്ന ഇവരെ ഒന്നും കൊടുക്കാതെ* പറഞ്ഞയയ്ക്കാൻ എനിക്കു മനസ്സുവരുന്നില്ല. ഇവർ വഴിയിൽ കുഴഞ്ഞുവീണാലോ?”+ 33 പക്ഷേ ശിഷ്യന്മാർ യേശുവിനോട്, “ഇത്ര വലിയ ഒരു ജനക്കൂട്ടത്തിനു കൊടുക്കാൻമാത്രം അപ്പം ഈ ഒറ്റപ്പെട്ട സ്ഥലത്ത് എവിടെനിന്ന് കിട്ടാനാണ് ”+ എന്നു ചോദിച്ചു. 34 യേശു അവരോട്, “നിങ്ങളുടെ കൈയിൽ എത്ര അപ്പമുണ്ട് ” എന്നു ചോദിച്ചപ്പോൾ അവർ, “ഏഴെണ്ണമുണ്ട്, കുറച്ച് ചെറുമീനും” എന്നു പറഞ്ഞു. 35 ജനക്കൂട്ടത്തോടു നിലത്ത് ഇരിക്കാൻ നിർദേശിച്ചശേഷം 36 യേശു ആ ഏഴ് അപ്പവും മീനും എടുത്ത് ദൈവത്തോടു നന്ദി പറഞ്ഞിട്ട്, നുറുക്കി ശിഷ്യന്മാർക്കു കൊടുത്തുതുടങ്ങി. അവർ അതു ജനത്തിനു വിതരണം ചെയ്തു.+ 37 അവരെല്ലാം തിന്ന് തൃപ്തരായി. ബാക്കിവന്ന അപ്പക്കഷണങ്ങൾ ഏഴു വലിയ കൊട്ടകളിൽ നിറച്ചെടുത്തു.+ 38 കഴിച്ചവരിൽ 4,000 പുരുഷന്മാരുണ്ടായിരുന്നു, സ്ത്രീകളും കുട്ടികളും വേറെയും. 39 ജനക്കൂട്ടത്തെ പറഞ്ഞയച്ചശേഷം യേശു വള്ളത്തിൽ കയറി മഗദപ്രദേശത്ത് എത്തി.+