‘നല്ല ഉറപ്പും ധൈര്യവും ഉള്ളവരായിരിക്കുക’
“നിന്റെ ദൈവമായ യഹോവ . . . നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക.”—യോശു. 1:7-9.
ഉത്തരം പറയാമോ?
ഹാനോക്കും നോഹയും ധൈര്യം കാണിച്ചത് എങ്ങനെ?
പുരാതന കാലത്തെ ചില സ്ത്രീകൾ വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും കാര്യത്തിൽ മാതൃകയായിരുന്നത് എങ്ങനെ?
ധീരതയുടെ ഏതു യുവ മാതൃകയാണ് നിങ്ങളെ ആകർഷിച്ചത്?
1, 2. (എ) ജീവിതത്തിൽ ശരിയായതു ചെയ്യാൻ ചിലപ്പോൾ എന്ത് ആവശ്യമായി വന്നേക്കാം? (ബി) നാം എന്തു പരിചിന്തിക്കും?
ഭീരുത്വം, ആത്മവിശ്വാസമില്ലായ്മ, ഭയം എന്നിവയുടെ നേർവിപരീതമാണ് ധൈര്യം. ധൈര്യശാലി എന്നു കേൾക്കുമ്പോൾ ശക്തനും പരാക്രമശാലിയും ധീരനുമായ ഒരു വ്യക്തിയുടെ ചിത്രമായിരിക്കും നിങ്ങളുടെ മനസ്സിൽ തെളിയുക. എന്നാൽ അനുദിന ജീവിതത്തിൽ ശരിയായതു ചെയ്യാനും പലപ്പോഴും ധൈര്യം ആവശ്യമാണ്.
2 തീർത്തും ദുഷ്കരമായ സാഹചര്യങ്ങളിൽ നിർഭയം നിലകൊണ്ടവരെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. എന്നാൽ യഹോവയുടെ ദാസന്മാർ സാധാരണ നേരിടാറുള്ള സാഹചര്യങ്ങളിൽ ധൈര്യം കൈവിടാതിരുന്നവരാണ് മറ്റു ചിലർ. ധീരതയുടെ ബൈബിൾ ദൃഷ്ടാന്തങ്ങളിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും? നമുക്ക് എങ്ങനെ ധീരരായിരിക്കാം?
അഭക്ത ലോകത്ത് സുധീരരായ സാക്ഷികൾ
3. അഭക്ത മനുഷ്യരെക്കുറിച്ച് ഹാനോക്ക് എന്താണ് പ്രവചിച്ചത്?
3 നോഹയുടെ കാലത്തെ പ്രളയത്തിനുമുമ്പു ജീവിച്ചിരുന്ന ദുഷ്ട മനുഷ്യർക്കിടയിൽ യഹോവയെക്കുറിച്ച് സാക്ഷ്യം നൽകാൻ ധൈര്യം വേണമായിരുന്നു. ആ സാഹചര്യത്തിലാണ് “ആദാമിന്റെ ഏഴാം തലമുറക്കാരനായ ഹാനോക്ക്” ഈ പ്രാവചനിക സന്ദേശം നിർഭയം ഘോഷിച്ചത്: “ഇതാ, യഹോവ തന്റെ ആയിരമായിരം വിശുദ്ധന്മാരോടുകൂടെ വന്നിരിക്കുന്നു; സകലരെയും ന്യായംവിധിക്കുവാനും അഭക്തർ ഭക്തിവിരുദ്ധമായി ചെയ്ത സകല ദുഷ്പ്രവൃത്തികളെയും ഭക്തികെട്ട പാപികൾ തനിക്കെതിരെ പറഞ്ഞ സകല ഹീനകാര്യങ്ങളെയുംകുറിച്ച് അവർക്കു ബോധംവരുത്തുവാനുംതന്നെ.” (യൂദാ 14, 15) ആ പ്രവചനം നിവൃത്തിയേറുമെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ, അതു സംഭവിച്ചുകഴിഞ്ഞതുപോലെയാണ് ഹാനോക്ക് സംസാരിച്ചത്. ആ അഭക്ത മനുഷ്യർ പിന്നീട് ഒരു ആഗോളപ്രളയത്തിൽ നശിപ്പിക്കപ്പെടുകതന്നെ ചെയ്തു!
4. ഏതു സാഹചര്യത്തിന്മധ്യേയാണ് നോഹ ‘ദൈവത്തോടുകൂടെ നടന്നത്?’
4 ഹാനോക്കിന്റെ പ്രവാചക ശുശ്രൂഷയ്ക്കുശേഷം 650-ലധികം വർഷങ്ങൾ കഴിഞ്ഞ് ബി.സി. 2370-ൽ ആ പ്രളയം ഉണ്ടായി. അതിനകം നോഹ ജനിച്ചു, അവന് കുടുംബവും കുട്ടികളുമായി; പുത്രന്മാരോടൊപ്പം പെട്ടകം പണിയുകയും ചെയ്തു. മനുഷ്യശരീരം സ്വീകരിച്ചുവന്ന ദുഷ്ട ദൂതന്മാർ സുന്ദരികളായ സ്ത്രീകളെ വിവാഹം കഴിച്ച് നെഫിലിമുകൾക്ക് ജന്മംനൽകി. മാത്രമല്ല, മനുഷ്യന്റെ ദുഷ്ടത പെരുകുകയും, ഭൂമി അതിക്രമംകൊണ്ട് നിറയുകയും ചെയ്തു. (ഉല്പ. 6:1-5, 9, 11) ആ സാഹചര്യത്തിലും “നോഹ ദൈവത്തോടുകൂടെ നടന്നു.” “നീതിപ്രസംഗിയായ” അവൻ സുധീരമായി സാക്ഷ്യം നൽകി. (2 പത്രോസ് 2:4, 5 വായിക്കുക.) ഈ അന്ത്യനാളുകളിൽ നമുക്കും അതുപോലുള്ള ധൈര്യം ആവശ്യമാണ്.
വിശ്വാസവും ധൈര്യവും ഉള്ളവർ
5. മോശ വിശ്വാസവും ധൈര്യവും കാണിച്ചത് എങ്ങനെ?
5 അനുകരണീയമായ വിശ്വാസവും ധൈര്യവും കാണിച്ച വ്യക്തിയാണ് മോശ. (എബ്രാ. 11:24-27) ബി.സി. 1513-1473 കാലഘട്ടത്തിൽ, ഇസ്രായേല്യരെ ഈജിപ്റ്റിൽനിന്നു പുറപ്പെടുവിച്ച് മരുഭൂമിയിലൂടെ നയിക്കാൻ ദൈവം അവനെ ഉപയോഗിച്ചു. ഈ നിയമനം നിർവഹിക്കാനുള്ള പ്രാപ്തി തനിക്കില്ലെന്നു തോന്നിയെങ്കിലും മോശ അത് സ്വീകരിക്കുകയുണ്ടായി. (പുറ. 6:12) മോശയും സഹോദരനായ അഹരോനും ധൈര്യസമേതം ഈജിപ്റ്റിലെ സ്വേച്ഛാധിപതിയായ ഫറവോനെ പലയാവർത്തി മുഖംകാണിച്ചു. ഈജിപ്റ്റിലെ ദേവന്മാരെ നിഷ്പ്രഭരാക്കിക്കൊണ്ട് തന്റെ ജനത്തെ വിടുവിക്കാൻ യഹോവ അയയ്ക്കാനിരിക്കുന്ന പത്തുബാധകളെക്കുറിച്ച് അറിയിക്കാനായിരുന്നു അത്. (പുറ., അധ്യാ. 7-12) നമുക്കുള്ളതുപോലെ എപ്പോഴും യഹോവയുടെ പിന്തുണ ഉണ്ടായിരുന്നതിനാൽ വിശ്വാസത്തോടും ധൈര്യത്തോടുംകൂടെ പ്രവർത്തിക്കാൻ മോശയ്ക്കു കഴിഞ്ഞു.—ആവ. 33:27.
6. ലൗകിക അധികാരികൾ നമ്മെ ചോദ്യംചെയ്യുമ്പോൾ ധൈര്യപൂർവം സാക്ഷ്യം നൽകാൻ നമുക്ക് എങ്ങനെ കഴിയും?
6 മോശയുടേതുപോലുള്ള ധൈര്യം നമുക്കും ആവശ്യമാണ്. യേശു അതിന്റെ കാരണം പറഞ്ഞു: “എന്നെപ്രതി നിങ്ങളെ ദേശാധിപതികളുടെയും രാജാക്കന്മാരുടെയും മുമ്പാകെ കൊണ്ടുപോകും. അത് അവർക്കും വിജാതീയർക്കും ഒരു സാക്ഷ്യത്തിന് ഉതകും. എന്നാൽ അവർ നിങ്ങളെ ഏൽപ്പിച്ചുകൊടുക്കുമ്പോൾ എന്തു പറയണം, എങ്ങനെ പറയണം എന്നു ചിന്തിച്ച് ആകുലപ്പെടരുത്. നിങ്ങൾക്കു പറയാനുള്ളത് ആ സമയത്തു നിങ്ങൾക്കു നൽകപ്പെടും; എന്തെന്നാൽ സംസാരിക്കുന്നതു നിങ്ങളല്ല, നിങ്ങളുടെ പിതാവിന്റെ ആത്മാവത്രേ.” (മത്താ. 10:18-20) ലൗകിക അധികാരികൾ നമ്മെ ചോദ്യംചെയ്യുന്നെങ്കിൽ, വിശ്വാസത്തോടും ധൈര്യത്തോടുംകൂടെ ആദരപൂർവം സാക്ഷ്യം നൽകാൻ യഹോവയുടെ ആത്മാവ് നമ്മെ സജ്ജരാക്കും.—ലൂക്കോസ് 12:11, 12 വായിക്കുക.
7. യോശുവ ധൈര്യശാലിയും ജേതാവും ആയത് എങ്ങനെ?
7 ദൈവത്തിന്റെ ന്യായപ്രമാണം ക്രമമായി പഠിച്ചതിനാൽ മോശയുടെ പിൻഗാമിയായ യോശുവയുടെ വിശ്വാസവും ധൈര്യവും വർധിച്ചു. ബി.സി. 1473-ൽ ഇസ്രായേല്യർ വാഗ്ദത്തദേശത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കവെ, ‘നല്ല ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക’ എന്ന് ദൈവം അവനോടു കൽപ്പിച്ചു. ന്യായപ്രമാണ നിയമങ്ങൾ അനുസരിച്ചാൽ ജ്ഞാനത്തോടെ പ്രവർത്തിക്കാനും അങ്ങനെ വിജയംവരിക്കാനും യോശുവയ്ക്ക് കഴിയുമായിരുന്നു. “നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു . . . ഭയപ്പെടരുതു, ഭ്രമിക്കയും അരുത്” എന്ന് ദൈവം അവനോടു പറഞ്ഞു. (യോശു. 1:7-9) ആ വാക്കുകൾ യോശുവയ്ക്ക് എത്രമാത്രം ധൈര്യം പകർന്നിട്ടുണ്ടാകും! ദൈവം അവനോടുകൂടെ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ബി.സി. 1467-നകം വെറും ആറുവർഷംകൊണ്ട് വാഗ്ദത്തദേശത്തിന്റെ ഭൂരിഭാഗവും പിടിച്ചടക്കാൻ അവനായത്.
ദൈവത്തിനുവേണ്ടി പ്രവർത്തിച്ച ധീരവനിതകൾ
8. രാഹാബ് വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും മാതൃകയായിരുന്നത് എങ്ങനെ?
8 യഹോവയുടെ പക്ഷത്ത് നിലയുറപ്പിക്കാൻ ധീരത കാട്ടിയ അനേകം സ്ത്രീകൾ നൂറ്റാണ്ടുകളിലുടനീളം ഉണ്ടായിരുന്നിട്ടുണ്ട്. അതിലൊരാളാണ് യെരീഹോയിലെ വേശ്യയായിരുന്ന രാഹാബ്. ദൈവത്തിലുള്ള വിശ്വാസംനിമിത്തം അവൾ ധൈര്യം സംഭരിച്ച് യോശുവ പറഞ്ഞയച്ച രണ്ട് ഒറ്റുകാരെ ഒളിപ്പിക്കുകയും രാജാവിന്റെ സേവകന്മാരെ മറ്റൊരു വഴിക്ക് പറഞ്ഞുവിടുകയും ചെയ്തു. ഇസ്രായേല്യർ യെരീഹോ പിടിച്ചടക്കിയപ്പോൾ അവളും അവളുടെ കുടുംബത്തിലുള്ളവരും സംരക്ഷിക്കപ്പെട്ടു. തന്റെ പാപപ്രവൃത്തി ഉപേക്ഷിച്ച് യഹോവയുടെ വിശ്വസ്ത ആരാധികയായിത്തീർന്ന രാഹാബിന് മിശിഹായുടെ പൂർവികയാകാനുള്ള പദവിയും ലഭിച്ചു. (യോശു. 2:1-6; 6:22, 23; മത്താ. 1:1, 5) അതെ, അവളുടെ വിശ്വാസത്തിനും ധൈര്യത്തിനും പ്രതിഫലം ലഭിക്കാതെ പോയില്ല!
9. ദെബോരായും ബാരാക്കും യായേലും ധൈര്യപൂർവം പ്രവർത്തിച്ചത് എങ്ങനെ?
9 ബി.സി. 1450-നോടടുത്ത് യോശുവ മരിച്ചതോടെ ഇസ്രായേലിന്റെ ന്യായപാലനം ന്യായാധിപന്മാരുടെ ചുമലിലായി. കനാന്യ രാജാവായ യാബീന്റെ നുകത്തിൻകീഴിൽ ഇസ്രായേൽജനം 20 വർഷത്തോളം വീർപ്പുമുട്ടി. കനാന്യർക്കെതിരെ നടപടി കൈക്കൊള്ളാനായി ന്യായാധിപനായ ബാരാക്കിനെ പ്രചോദിപ്പിക്കാൻ യഹോവ ദെബോരാപ്രവാചകിയോട് ആവശ്യപ്പെടുകയുണ്ടായി. താബോർപർവതത്തിൽ 10,000 പുരുഷന്മാരെ കൂട്ടിവരുത്തിയ ബാരാക്ക്, കീശോൻ നീർത്താഴ്വരയിൽ 900 രഥങ്ങളടങ്ങിയ പടയുമായി പ്രവേശിച്ച കനാന്യ സേനാനായകനായ സീസെരയോട് യുദ്ധത്തിനൊരുങ്ങി. ഇസ്രായേല്യർ താഴ്വരയിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ ദൈവം ഒരു പ്രളയംവരുത്തി. ആ പെരുവെള്ളപ്പാച്ചിലിൽ യുദ്ധക്കളം ചെളിക്കളമായി; കനാന്യരുടെ രഥചക്രങ്ങൾ അതിൽ പൂണ്ടുപോയി. അവസരം മുതലെടുത്ത ബാരാക്കിന്റെ സൈന്യം സീസെരയുടെ ‘സകലസൈന്യത്തെയും വാളിന്റെ വായ്ത്തലയാൽ തോൽപ്പിച്ചു.’ അവിടെനിന്നു രക്ഷപ്പെട്ട സീസെര ചെന്നെത്തിയത് യായേലിന്റെ കൂടാരത്തിലാണ്. ഉറക്കത്തിലാണ്ടുപോയ അവനെ അവൾ വകവരുത്തി. ദെബോരാ ബാരാക്കിനോടു പ്രവചിച്ചതുപോലെ ആ വിജയത്തിന്റെ “ബഹുമാനം” യായേലിനാണ് ലഭിച്ചത്. ദെബോരായും ബാരാക്കും യായേലും ധീരതകാട്ടിയതിനാൽ ‘പിന്നെ ദേശത്തിന് നാൽപ്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.’ (ന്യായാ. 4:1-9, 14-22; 5:20, 21, 31) സമാനമായ വിശ്വാസവും ധൈര്യവും പ്രകടമാക്കിയ ദൈവഭക്തരായ സ്ത്രീപുരുഷന്മാർ നിരവധിയാണ്.
ധൈര്യം പകരാൻ നമ്മുടെ വാക്കുകൾക്കാകും
10. നമ്മുടെ വാക്കുകൾക്ക് ധൈര്യം പകരാനാകുമെന്നു പറയുന്നത് എന്തുകൊണ്ട്?
10 സഹാരാധകർക്കു ധൈര്യം പകരാൻ നമ്മുടെ വാക്കുകൾക്കു കഴിയും. ബി.സി. 11-ാം നൂറ്റാണ്ടിൽ ദാവീദുരാജാവ് തന്റെ മകനായ ശലോമോനോടു പറഞ്ഞത് ശ്രദ്ധിക്കുക: “ബലപ്പെട്ടു ധൈര്യം പൂണ്ടു പ്രവർത്തിച്ചുകൊൾക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യഹോവയായ ദൈവം എന്റെ ദൈവം തന്നേ, നിന്നോടുകൂടെ ഉണ്ടു. യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കുള്ള എല്ലാവേലയും നീ നിവർത്തിക്കുംവരെ അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.” (1 ദിന. 28:20) ധൈര്യത്തോടെ പ്രവർത്തിച്ച ശലോമോൻ യഹോവയ്ക്കായി യെരുശലേമിൽ പ്രൗഢോജ്ജ്വലമായ ഒരു ആലയം പണിതു.
11. ഒരു ഇസ്രായേല്യ പെൺകുട്ടി സംസാരിക്കാൻ ധൈര്യം കാണിച്ചത് ഒരാളുടെ ജീവിതം മാറ്റിമറിച്ചത് എങ്ങനെ?
11 ബി.സി. പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഇസ്രായേല്യ പെൺകുട്ടി സംസാരിക്കാൻ ധൈര്യം കാണിച്ചത് കുഷ്ഠരോഗിയായ ഒരാളുടെ ജീവിതം മാറ്റിമറിച്ച സംഭവം ഓർക്കുന്നില്ലേ? ഒരു കവർച്ചപ്പടയുടെ പിടിയിലായ അവൾ കുഷ്ഠരോഗിയായ അരാമ്യ സേനാപതിയുടെ ഭവനത്തിൽ ദാസിയായി. എലീശായിലൂടെ യഹോവ ചെയ്ത അത്ഭുതങ്ങൾ കേട്ടിട്ടുണ്ടായിരുന്നതിനാൽ, ആ പ്രവാചകന്റെ അടുക്കൽ ചെന്നാൽ കുഷ്ഠം ഭേദമാകുമെന്ന് അവൾ അദ്ദേഹത്തിന്റെ ഭാര്യയോടു പറഞ്ഞു. ഇസ്രായേലിൽ ചെന്ന നയമാന്റെ രോഗം അത്ഭുതകരമായി സുഖപ്പെട്ടു; അദ്ദേഹം യഹോവയുടെ ഒരു ആരാധകനുമായി. (2 രാജാ. 5:1-3, 10-17) ആ പെൺകുട്ടിയെപ്പോലെ ദൈവത്തെ സ്നേഹിക്കുന്ന ഒരു കുട്ടിയാണ് നിങ്ങളെങ്കിൽ അധ്യാപകരോടും സഹപാഠികളോടും മറ്റുള്ളവരോടും സാക്ഷീകരിക്കാനുള്ള ധൈര്യം നിങ്ങൾക്കു നൽകാൻ ദൈവത്തിനാകും.
12. ഹിസ്കീയാരാജാവിന്റെ വാക്കുകൾ പ്രജകളുടെമേൽ എന്തു പ്രഭാവംചെലുത്തി?
12 ചിന്തിച്ചു പറയുന്ന വാക്കുകൾ പ്രതിസന്ധിഘട്ടങ്ങളിൽ ആളുകൾക്ക് ധൈര്യം പകർന്നേക്കാം. ബി.സി. എട്ടാം നൂറ്റാണ്ടിൽ യെരുശലേമിന്റെ നേരെ അസീറിയക്കാർ വന്നപ്പോൾ ഹിസ്കീയാരാജാവ് തന്റെ പ്രജകളോടായി ഇങ്ങനെ പറഞ്ഞു: “ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിൻ; അശ്ശൂർരാജാവിനെയും അവനോടു കൂടെയുള്ള സകലപുരുഷാരത്തെയും ഭയപ്പെടരുതു; നിങ്ങൾ ഭ്രമിക്കരുതു; അവനോടുകൂടെയുള്ളതിലും വലിയൊരുവൻ നമ്മോടുകൂടെ ഉണ്ടു. അവനോടുകൂടെ മാംസഭുജമേയുള്ളു; നമ്മോടുകൂടെയോ നമ്മെ സഹായിപ്പാനും നമ്മുടെ യുദ്ധങ്ങളെ നടത്തുവാനും നമ്മുടെ ദൈവമായ യഹോവ ഉണ്ട്.” (2 ദിന. 32:7, 8) എങ്ങനെയാണ് ജനം പ്രതികരിച്ചത്? ഹിസ്കീയാവിന്റെ “വാക്കുകൾ ജനത്തിനു ധൈര്യം പകർന്നു!” (2 ദിന. 32:8ബി, പി.ഒ.സി. ബൈബിൾ) എതിരാളികളിൽനിന്ന് പ്രശ്നം നേരിടുമ്പോൾ നമുക്കുതന്നെയും സഹക്രിസ്ത്യാനികൾക്കും ധൈര്യം പകരാൻ ഇതുപോലുള്ള വാക്കുകൾക്കാകും.
13. ആഹാബുരാജാവിന്റെ ഗൃഹവിചാരകനായ ഓബദ്യാവ് ധീരതയുടെ കാര്യത്തിൽ എന്തു മാതൃകവെച്ചു?
13 ചിലപ്പോൾ, സംസാരിക്കാതിരിക്കാനും ധൈര്യം വേണം. ബി.സി. പത്താം നൂറ്റാണ്ടിൽ ആഹാബുരാജാവിന്റെ ഗൃഹവിചാരകനായ ഓബദ്യാവ് യഹോവയുടെ നൂറുപ്രവാചകന്മാരെ ധൈര്യപൂർവം “ഓരോ ഗുഹയിൽ അമ്പതീതുപേരായി” ഒളിപ്പിച്ചു. ദുഷ്ട രാജ്ഞിയായ ഇസബേലിന്റെ കൈയാൽ അവർ മരിക്കാതിരിക്കാനായിരുന്നു അത്. (1 രാജാ. 18:4) ദൈവഭയമുള്ള ഓബദ്യാവിനെപ്പോലെ, യഹോവയുടെ വിശ്വസ്തരായ പല ദൈവദാസന്മാരും തങ്ങളുടെ സഹവിശ്വാസികളെക്കുറിച്ചുള്ള വിവരങ്ങൾ എതിരാളികളോട് പറയാതിരുന്നുകൊണ്ട് അവരെ സംരക്ഷിക്കാൻ ധൈര്യം കാണിച്ചിട്ടുണ്ട്.
എസ്ഥേർ—ധീരയായ രാജ്ഞി
14, 15. എസ്ഥേർ രാജ്ഞി വിശ്വാസവും ധൈര്യവും പ്രകടമാക്കിയത് എങ്ങനെ, അതിന്റെ ഫലം എന്തായിരുന്നു?
14 അസാമാന്യ വിശ്വാസവും ധൈര്യവും പ്രകടമാക്കിയ, ബി.സി. അഞ്ചാം നൂറ്റാണ്ടിലെ ഒരു രാജ്ഞിയായിരുന്നു എസ്ഥേർ. പേർഷ്യൻ സാമ്രാജ്യത്തിലെങ്ങുമുള്ള യഹൂദന്മാരെ വകവരുത്താൻ ദുഷ്ടനായ ഹാമാൻ തുനിഞ്ഞിറങ്ങിയപ്പോൾ ജനം നിലവിളിക്കുകയും ഉപവസിക്കുകയും ചെയ്തു; അവർ ഉള്ളുരുകി ദൈവത്തോടു പ്രാർഥിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. (എസ്ഥേ. 4:1-3) എസ്ഥേർ രാജ്ഞിയും അതീവ ദുഃഖിതയായിരുന്നു. അവളുടെ പിതാവിന്റെ സഹോദരപുത്രനായ മൊർദ്ദെഖായി, ആ കൂട്ടക്കൊലയ്ക്കുള്ള അധികാരപത്രത്തിന്റെ പകർപ്പ് അവൾക്ക് കൊടുത്തയയ്ക്കുകയും രാജാവിനെ മുഖംകാണിച്ച് ജനത്തിനുവേണ്ടി യാചിക്കാൻ കൽപ്പിക്കുകയും ചെയ്തു. പക്ഷേ, അനുവാദമില്ലാതെ രാജാവിന്റെ മുന്നിൽ ചെല്ലുന്നവരെ കാത്തിരുന്നത് മരണമായിരുന്നു.—എസ്ഥേ. 4:4-11.
15 എന്നിട്ടും മൊർദ്ദെഖായി എസ്ഥേറിനോട് ഇങ്ങനെ പറഞ്ഞു: ‘നീ ഈ സമയത്തു മിണ്ടാതിരുന്നാൽ യഹൂദന്മാർക്കു മറ്റൊരു സ്ഥലത്തുനിന്നു രക്ഷ ഉണ്ടാകും; ആർക്കറിയാം, ഇങ്ങനെയുള്ള ഒരു കാലത്തിനായിട്ടായിരിക്കാം നീ രാജസ്ഥാനത്തു വന്നിരിക്കുന്നത്.’ തനിക്കുവേണ്ടി ഉപവസിക്കുന്നതിന് ശൂശനിലുള്ള യഹൂദന്മാരെ ഒന്നിച്ചുകൂട്ടാൻ അവൾ മൊർദ്ദെഖായിയോട് അപേക്ഷിച്ചു. “ഞാനും . . . അങ്ങനെ തന്നേ ഉപവസിക്കും; പിന്നെ ഞാൻ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കൽ ചെല്ലും; ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ,” അവൾ പറഞ്ഞു. (എസ്ഥേ. 4:12-17) എസ്ഥേർ ധൈര്യപൂർവം പ്രവർത്തിച്ചു; അവളുടെ പേരിലുള്ള ബൈബിൾ പുസ്തകം പറയുന്നതനുസരിച്ച് ദൈവം തന്റെ ജനത്തെ രക്ഷിക്കുകതന്നെ ചെയ്തു. ഇന്ന് പരിശോധനകളിന്മധ്യേ അഭിഷിക്ത ക്രിസ്ത്യാനികളും അവരുടെ സമർപ്പിത സഹകാരികളും സമാനമായ ധൈര്യം പ്രകടമാക്കുന്നു. “പ്രാർത്ഥന കേൾക്കുന്നവനായ” യഹോവ എപ്പോഴും അവരുടെ പക്ഷത്തുണ്ട്.—സങ്കീർത്തനം 65:2; 118:6 വായിക്കുക.
യേശുവിന്റെ ധൈര്യം
16. യുവപ്രായക്കാർക്ക് യേശുവിൽനിന്ന് എന്തു പഠിക്കാം?
16 എ.ഡി. ഒന്നാം നൂറ്റാണ്ടിൽ 12 വയസ്സു മാത്രം പ്രായമുള്ള യേശു ആലയത്തിൽ “ഉപദേഷ്ടാക്കളുടെ നടുവിലിരുന്ന് അവർ പറയുന്നതു കേൾക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും” ചെയ്തതായി നാം ബൈബിളിൽ വായിക്കുന്നു. “അവന്റെ വാക്കുകൾ കേട്ടവരെല്ലാം അവന്റെ ഗ്രാഹ്യത്തിലും ഉത്തരങ്ങളിലും വിസ്മയിച്ചു.” (ലൂക്കോ. 2:41-50) ബാലനായിരുന്നെങ്കിലും, തന്നെക്കാൾ പ്രായമുള്ള ആ ഉപദേഷ്ടാക്കളോട് ചോദ്യങ്ങൾ ചോദിക്കാൻവേണ്ടും വിശ്വാസവും ധൈര്യവും യേശുവിനുണ്ടായിരുന്നു. യേശുവിന്റെ ഈ മാതൃക മനസ്സിലുണ്ടെങ്കിൽ “പ്രത്യാശയ്ക്കുള്ള കാരണം ചോദിക്കുന്ന ഏവനോടും പ്രതിവാദം” പറയാനുള്ള അവസരങ്ങളൊന്നും പാഴാക്കാതിരിക്കാൻ ക്രിസ്തീയ സഭയിലെ യുവപ്രായക്കാർക്കാകും.—1 പത്രോ. 3:15.
17. “ധൈര്യപ്പെടുവിൻ” എന്ന് യേശു ശിഷ്യന്മാരെ ഉദ്ബോധിപ്പിച്ചത് എന്തുകൊണ്ട്, നാം ധൈര്യപൂർവം നിലകൊള്ളേണ്ടത് എന്തുകൊണ്ട്?
17 “ധൈര്യമായിരിക്കുക” എന്നു പറഞ്ഞ് യേശു ചിലരെ ആശ്വസിപ്പിച്ചിട്ടുണ്ട്. (മത്താ. 9:2, 22) അവൻ ശിഷ്യന്മാരോടു പറഞ്ഞു: “ഇതാ, നിങ്ങൾ ചിതറിക്കപ്പെടുകയും എന്നെ തനിച്ചുവിട്ടിട്ട് ഓരോരുത്തനും താന്താന്റെ ഭവനത്തിലേക്കു പോകുകയും ചെയ്യുന്ന സമയം വരുന്നു, വന്നുമിരിക്കുന്നു; എന്നാൽ പിതാവ് എന്നോടുകൂടെയുള്ളതുകൊണ്ട് ഞാൻ തനിച്ചല്ല. ഞാൻ മുഖാന്തരം നിങ്ങൾക്കു സമാധാനം ഉണ്ടാകേണ്ടതിനത്രേ ഈ കാര്യങ്ങൾ ഞാൻ നിങ്ങളോടു പറഞ്ഞത്. ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട്. എന്നാൽ ധൈര്യപ്പെടുവിൻ! ഞാൻ ലോകത്തെ ജയിച്ചടക്കിയിരിക്കുന്നു.” (യോഹ. 16:32, 33) യേശുവിന്റെ ആദിമകാല അനുഗാമികളെപ്പോലെ നമ്മളും ലോകത്തിന്റെ വെറുപ്പിനുപാത്രമാണ്; എന്നുവരികിലും, ലോകത്തിന്റെ ഭാഗമാകാൻ നാം ആഗ്രഹിക്കുന്നില്ല. ദൈവപുത്രന്റെ ധീരോദാത്തമായ ജീവിതത്തെക്കുറിച്ചു ധ്യാനിക്കുന്നത് ഈ ലോകത്താലുള്ള കളങ്കം പറ്റാതെ ധൈര്യപൂർവം നിലകൊള്ളാൻ നമ്മെ സഹായിക്കും. അവൻ ലോകത്തെ ജയിച്ചടക്കി, നമുക്കും അതിനു കഴിയും.—യോഹ. 17:16; യാക്കോ. 1:27.
“ധൈര്യമായിരിക്കുക!”
18, 19. പൗലോസ് അപ്പൊസ്തലൻ വിശ്വാസവും ധൈര്യവും പ്രകടമാക്കിയത് എങ്ങനെ?
18 പല പരിശോധനകളും നേരിട്ടിട്ടുള്ള ആളാണ് പൗലോസ് അപ്പൊസ്തലൻ. റോമൻ പടയാളികൾ രക്ഷയ്ക്ക് എത്തിയില്ലായിരുന്നെങ്കിൽ ഒരിക്കൽ, യെരുശലേമിലുള്ള യഹൂദന്മാർ അവനെ പിച്ചിച്ചീന്തേണ്ടതായിരുന്നു. അന്നു രാത്രി ‘കർത്താവ് പൗലോസിന്റെ അടുത്തു വന്ന് അവനോട്, “ധൈര്യമായിരിക്കുക! യെരുശലേമിൽ എന്നെക്കുറിച്ചു നീ സമ്പൂർണ സാക്ഷ്യം നൽകുന്നതുപോലെതന്നെ റോമിലും സാക്ഷ്യം നൽകേണ്ടതുണ്ട്” എന്നു പറഞ്ഞു.’ (പ്രവൃ. 23:11) പൗലോസ് ആ വാക്കുകൾ ചെവിക്കൊണ്ടു.
19 മറ്റൊരിക്കൽ, കൊരിന്ത്യ സഭയെ ദുഷിപ്പിക്കാൻ ശ്രമിച്ച “അതികേമന്മാരായ അപ്പൊസ്തലന്മാരെ” അവൻ നിർഭയം ശാസിക്കുകയുണ്ടായി. (2 കൊരി. 11:5; 12:11) അവരിൽനിന്നു വ്യത്യസ്തമായി പൗലോസിന് താൻ അപ്പൊസ്തലനാണെന്നു സ്ഥാപിക്കാൻ ധാരാളം തെളിവുകളുണ്ടായിരുന്നു: തടവ്, അടി, ദുരിതപൂർണമായ യാത്രകൾ, മറ്റ് ആപത്തുകൾ, വിശപ്പ്, ദാഹം, ഉറക്കിളപ്പ്, സഹവിശ്വാസികളെക്കുറിച്ചുള്ള ചിന്താഭാരം, അങ്ങനെ നീളുന്നു ആ പട്ടിക. (2 കൊരിന്ത്യർ 11:23-28 വായിക്കുക.) വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും എത്ര മികവുറ്റ മാതൃക! അവന്റെ ധൈര്യം ദൈവദത്തമായിരുന്നു എന്നതിന്റെ തെളിവാണ് അവയെല്ലാം.
20, 21. (എ) ജീവിതത്തിലെ പ്രതിസന്ധികൾ നേരിടാൻ ധൈര്യം ആവശ്യമാണെന്നു കാണിക്കുന്ന ഒരു ഉദാഹരണം നൽകുക. (ബി) ഏതു സാഹചര്യങ്ങളിൽ നാം ധൈര്യം കാണിക്കേണ്ടതുണ്ട്, നമുക്ക് ഏതു കാര്യത്തിൽ ഉറപ്പുണ്ടായിരിക്കാം?
20 എല്ലാ ക്രിസ്ത്യാനികൾക്കും കടുത്ത പീഡനം നേരിട്ടെന്നുവരില്ല. എന്നാൽ ജീവിതത്തിലെ പ്രതിസന്ധികൾ നേരിടാൻ എല്ലാവർക്കും ധൈര്യം ആവശ്യമാണ്. ഒരു ഉദാഹരണം നോക്കാം: ബ്രസീലിലെ ഒരു ചെറുപ്പക്കാരൻ ഒരു ഗുണ്ടാസംഘത്തിലെ അംഗമായിരുന്നു. ബൈബിൾ പഠിച്ചതോടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹത്തിനു മനസ്സിലായി. പക്ഷേ, സംഘം വിട്ടുപോകുന്നവരെ ജീവനോടെ വെച്ചേക്കില്ലായിരുന്നു. ദൈവത്തോടു പ്രാർഥിച്ചശേഷം അദ്ദേഹം, എന്തുകൊണ്ടാണ് തനിക്ക് ആ സംഘത്തിൽ തുടരാനാകാത്തതെന്ന് സംഘത്തലവനെ തിരുവെഴുത്തുകളിൽനിന്നു കാണിച്ചുകൊടുത്തു. ഫലമോ? ശിക്ഷയൊന്നും കൂടാതെ ആ യുവാവിന് സംഘം വിട്ടുപോരാനായി. അദ്ദേഹം ഒരു രാജ്യപ്രസാധകനായിത്തീർന്നു.
21 സുവാർത്ത പ്രസംഗിക്കാൻ ധൈര്യം വേണം. സ്കൂളിൽ നിർമലത കാക്കണമെങ്കിൽ ക്രിസ്ത്യാനികളായ കുട്ടികൾക്ക് ധൈര്യം ആവശ്യമാണ്. കൺവെൻഷന്റെ എല്ലാ സെഷനുകളിലും സംബന്ധിക്കാൻ ജോലിയിൽനിന്ന് അവധി ചോദിക്കാനും ചിലപ്പോൾ ധൈര്യം വേണ്ടിവന്നേക്കാം. ഈ പട്ടിക ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. നാം നേരിടുന്ന പ്രശ്നം എന്തുതന്നെയായാലും നമ്മുടെ “വിശ്വാസത്തോടെയുള്ള പ്രാർഥന” യഹോവ കേൾക്കും. (യാക്കോ. 5:15) ‘നല്ല ഉറപ്പും ധൈര്യവും ഉള്ളവരായിരിക്കാൻ’ കഴിയേണ്ടതിന് അവൻ തന്റെ പരിശുദ്ധാത്മാവിനെ നമുക്കു നൽകുമെന്നതിൽ സംശയമില്ല!
[11-ാം പേജിലെ ചിത്രം]
ഒരു അഭക്ത ലോകത്തിൽ ഹാനോക്ക് നിർഭയം പ്രസംഗിച്ചു
[12-ാം പേജിലെ ചിത്രം]
യായേൽ ഉറപ്പും ധൈര്യവും ഉള്ളവളായിരുന്നു