പഠനലേഖനം 47
നിങ്ങളുടെ വിശ്വാസം എത്ര ശക്തമാണ്?
“നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്. ദൈവത്തിൽ വിശ്വസിക്കുക.”—യോഹ. 14:1.
ഗീതം 119 നമുക്കു വിശ്വാസമുണ്ടായിരിക്കണം
പൂർവാവലോകനംa
1. ഏതു ചിന്ത നമ്മുടെ മനസ്സിൽ വന്നേക്കാം?
പെട്ടെന്നുതന്നെ വ്യാജമതങ്ങളുടെ നാശവും മാഗോഗിലെ ഗോഗിന്റെ ആക്രമണവും അർമഗെദോൻ യുദ്ധവും ഉണ്ടാകും. അതെക്കുറിച്ചൊക്കെ ഓർക്കുമ്പോൾ ചിലപ്പോഴെങ്കിലും നിങ്ങൾക്ക് ഉത്കണ്ഠ തോന്നാറുണ്ടോ? ‘ഭയപ്പെടുത്തുന്ന ഈ സംഭവങ്ങളൊക്കെ നടക്കുമ്പോൾ വിശ്വസ്തനായി നിൽക്കാൻ എന്നെക്കൊണ്ടാകുമോ’ എന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾ അങ്ങനെ ചിന്തിച്ചിട്ടുണ്ടെങ്കിൽ നമ്മുടെ ആധാരവാക്യത്തിൽ പറഞ്ഞിരിക്കുന്ന, യേശുവിന്റെ വാക്കുകൾ നിങ്ങളെ സഹായിക്കും. യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്. ദൈവത്തിൽ വിശ്വസിക്കുക.” (യോഹ. 14:1) ശക്തമായ വിശ്വാസമുണ്ടെങ്കിൽ ഭാവിയിൽ എന്തൊക്കെ സംഭവിച്ചാലും അവയെ ധൈര്യത്തോടെ നേരിടാൻ നമുക്കാകും.
2. നമുക്ക് എങ്ങനെ നമ്മുടെ വിശ്വാസം ശക്തമാക്കാം, ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
2 ഇപ്പോൾ ഉണ്ടാകുന്ന പരിശോധനകളെ നമ്മൾ എങ്ങനെയാണു നേരിടുന്നതെന്നു ചിന്തിക്കുന്നതു ഭാവിയിൽ ഉണ്ടായേക്കാവുന്ന പരിശോധനകളെ വിജയകരമായി നേരിടാൻ നമ്മളെ സഹായിക്കും. കാരണം, അങ്ങനെ ചിന്തിക്കുമ്പോൾ ഏതു കാര്യത്തിലാണു നമ്മുടെ വിശ്വാസം കൂടുതൽ ശക്തമാക്കേണ്ടതെന്നു നമുക്കു മനസ്സിലാകും. ഓരോ പരിശോധനയിലൂടെ കടന്നുപോകുമ്പോഴും നമ്മുടെ വിശ്വാസം കൂടുതൽക്കൂടുതൽ ശക്തമാകുകയാണ്. അതു ഭാവിയിൽ വലിയ പരിശോധനകൾ ഉണ്ടാകുമ്പോൾ അവയെ നേരിടാൻ നമ്മളെ പ്രാപ്തരാക്കും. യേശുവിന്റെ ശിഷ്യന്മാർക്കു നേരിട്ട നാലു സാഹചര്യങ്ങളെക്കുറിച്ച് ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. അവ ഓരോന്നും അവരുടെ വിശ്വാസം വർധിപ്പിക്കേണ്ടതിന്റെ ആവശ്യം വെളിപ്പെടുത്തുന്നവയായിരുന്നു. തുടർന്ന് അതുപോലുള്ള പരിശോധനകൾ നമ്മുടെ ജീവിതത്തിൽ എങ്ങനെ ഉണ്ടായേക്കാമെന്നും അവ ഭാവിയിൽ നേരിട്ടേക്കാവുന്ന പരിശോധനകൾക്കായി നമ്മളെ എങ്ങനെ ഒരുക്കുമെന്നും നമ്മൾ കാണും.
ജീവിക്കാൻ വേണ്ടതു ദൈവം തരുമെന്ന വിശ്വാസം
3. നമുക്ക് ഏതു കാര്യത്തിൽ വിശ്വാസം വേണമെന്നാണു മത്തായി 6:30, 33-ൽ യേശു പറയുന്നത്?
3 ഭാര്യക്കും മക്കൾക്കും ആവശ്യമായ ഭക്ഷണവും വസ്ത്രവും താമസസൗകര്യവും നൽകാൻ ഒരു കുടുംബനാഥൻ ആഗ്രഹിക്കും, അതു സ്വാഭാവികമാണ്. പക്ഷേ, കഷ്ടത നിറഞ്ഞ ഇക്കാലത്ത് എല്ലായ്പോഴും അത് അത്ര എളുപ്പമല്ല. ചില സഹോദരങ്ങൾക്കു തങ്ങളുടെ ജോലി നഷ്ടപ്പെട്ടു. എത്ര ശ്രമിച്ചിട്ടും മറ്റൊന്നു കണ്ടെത്താനുമാകുന്നില്ല. ഇനി മറ്റു ചിലർക്ക്, ഒരു ക്രിസ്ത്യാനിക്കു ചെയ്യാൻ പറ്റാത്ത തരം ജോലിയായതുകൊണ്ട് അതു വേണ്ടെന്നുവെക്കേണ്ടി വന്നിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ യഹോവ നമുക്കുവേണ്ടി കരുതുമെന്നു ചിന്തിക്കാൻ നമുക്കു ശക്തമായ വിശ്വാസം വേണം. മലയിലെ തന്റെ പ്രസംഗത്തിൽ യേശു ഇക്കാര്യം തന്റെ ശിഷ്യന്മാരോടു വ്യക്തമായി പറഞ്ഞു. (മത്തായി 6:30, 33 വായിക്കുക.) യഹോവ നമ്മളെ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് ഉറപ്പുണ്ടെങ്കിൽ ദൈവരാജ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പിന്നെ നമുക്കു ബുദ്ധിമുട്ടുണ്ടാകില്ല. നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ യഹോവ നമ്മളെ സഹായിക്കുന്നതു കാണുമ്പോൾ നമുക്കു യഹോവയോടു കൂടുതൽ അടുപ്പം തോന്നും, നമ്മുടെ വിശ്വാസം ശക്തമാകുകയും ചെയ്യും.
4-5. ജീവിക്കാൻ ആവശ്യമായത് എങ്ങനെ കണ്ടെത്തുമെന്ന ഉത്കണ്ഠയെ തരണം ചെയ്യാൻ ഒരു കുടുംബത്തിനു കഴിഞ്ഞത് എങ്ങനെ?
4 വെനസ്വേലയിലുള്ള ഒരു കുടുംബം തങ്ങൾക്കു ജീവിക്കാൻ വേണ്ട കാര്യങ്ങൾ കണ്ടെത്തുന്നതിൽ യഹോവയുടെ സഹായം അനുഭവിച്ചറിഞ്ഞത് എങ്ങനെയെന്നു നോക്കാം. ആ കുടുംബം അവർക്കുള്ള കൃഷിയിടത്തിൽ പണിയൊക്കെ എടുത്ത് ലളിതമായ ഒരു ജീവിതം നയിക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം കുറെ പേർ തോക്കുകളൊക്കെയായി വന്ന് അവരുടെ സ്ഥലം തട്ടിയെടുത്തു. എന്നിട്ട് അവരെ അവിടെനിന്ന് ഓടിച്ചു. അപ്പനായ മീഗൽ പറയുന്നു: “പാട്ടത്തിനെടുത്ത ചെറിയൊരു കൃഷിയിടത്തിൽ പണിയെടുത്താണു ഞങ്ങൾ ഇപ്പോൾ കഴിയുന്നത്. ഓരോ ദിവസവും രാവിലെ ഞാൻ യഹോവയോട് അന്നത്തെ ദിവസത്തേക്ക് ആവശ്യമായതു ഞങ്ങൾക്കു തരണേ എന്നു പ്രാർഥിക്കും.” മീഗൽ സഹോദരനും കുടുംബത്തിനും ജീവിതം ഒട്ടും എളുപ്പമല്ല. എങ്കിലും സ്വർഗീയ പിതാവ് തങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി കരുതുമെന്ന പൂർണവിശ്വാസത്തോടെ അവർ പതിവായി മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നു, പ്രസംഗപ്രവർത്തനം ചെയ്യുന്നു. അങ്ങനെ അവർ ദൈവരാജ്യ പ്രവർത്തനങ്ങൾക്കു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുന്നു; അതുകൊണ്ടുതന്നെ യഹോവ അവരുടെ ആവശ്യങ്ങൾക്കുവേണ്ടി കരുതുന്നു.
5 ആ പ്രയാസ സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോഴെല്ലാം മീഗലും ഭാര്യ യുറേയും പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനു പകരം യഹോവ തങ്ങളെ എങ്ങനെ പരിപാലിക്കുന്നു എന്നതിനാണു ശ്രദ്ധ കൊടുത്തത്. ചില സമയങ്ങളിൽ മറ്റു സഹോദരങ്ങളെ ഉപയോഗിച്ച് യഹോവ അവരെ സഹായിച്ചു. അവർ ആ കുടുംബത്തിന് ആവശ്യമായ സാധനങ്ങൾ നൽകുകയോ ഒരു ജോലി കണ്ടെത്താൻ മീഗലിനെ സഹായിക്കുകയോ ചെയ്തു. മറ്റു ചില സമയങ്ങളിൽ ബ്രാഞ്ചോഫീസിന്റെ ദുരിതാശ്വാസ പ്രവർത്തനത്തിലൂടെ യഹോവ അവർക്കു വേണ്ടതു നൽകി. യഹോവ ഒരിക്കലും അവരെ ഉപേക്ഷിച്ചില്ല. അത് അവരുടെ വിശ്വാസം ശക്തമാകാൻ സഹായിച്ചു. യഹോവ തങ്ങളെ സഹായിച്ച ഒരു സന്ദർഭത്തെക്കുറിച്ച് പറയുന്ന കൂട്ടത്തിൽ മൂത്ത മോളായ യോസ്ലിൻ പറയുന്നു: “യഹോവ ഞങ്ങളെ സഹായിക്കുന്നതു ഞങ്ങൾ ശരിക്കും തിരിച്ചറിഞ്ഞു. യഹോവ എന്റെ സുഹൃത്താണ്. എന്ത് ആവശ്യം ഉണ്ടായാലും യഹോവ എന്നെ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങളുടെ കുടുംബത്തിനു നേരിട്ട പ്രശ്നങ്ങൾ ഭാവിയിൽ ഇതിലും കഠിനമായ പരിശോധനകൾ ഉണ്ടായാലും അവയെ നേരിടാൻ ഞങ്ങളെ ഒരുക്കി.”
6. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ നിങ്ങൾക്ക് എങ്ങനെ വിശ്വാസം ശക്തമാക്കാം?
6 നിങ്ങൾക്കു സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? എങ്കിൽ ജീവിതം വളരെ പ്രയാസം നിറഞ്ഞതായിരിക്കും. എന്നാൽ കഷ്ടപ്പാടുകളൊക്കെയുണ്ടെങ്കിലും ഈ സമയം വിശ്വാസം ശക്തമാക്കാനായി നിങ്ങൾക്ക് ഉപയോഗിക്കാനാകും. അതിനായി യഹോവയോടു പ്രാർഥിക്കുക. എന്നിട്ട് മത്തായി 6:25-34-ൽ കാണുന്ന യേശുവിന്റെ വാക്കുകൾ വായിക്കുകയും അതെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുക. ദൈവസേവനത്തിൽ തിരക്കോടെ പ്രവർത്തിക്കുന്നവർക്കുവേണ്ടി യഹോവ കരുതുന്നുണ്ടെന്നു തെളിയിക്കുന്ന നമ്മുടെ നാളിലെ അനുഭവങ്ങളും നിങ്ങൾക്കു വായിക്കാം. (1 കൊരി. 15:58) ആ അനുഭവങ്ങൾ വായിക്കുന്നത് യഹോവ നിങ്ങൾക്കുവേണ്ടിയും കരുതുമെന്ന വിശ്വാസം ശക്തമാകാൻ സഹായിക്കും. നിങ്ങളുടെ ആവശ്യം എന്താണെന്നും അത് എങ്ങനെ നിറവേറ്റിത്തരണമെന്നും യഹോവയ്ക്ക് അറിയാം. ജീവിതത്തിൽ യഹോവയുടെ സഹായം അനുഭവിച്ചറിയുമ്പോൾ നിങ്ങളുടെ വിശ്വാസം ശക്തമാകും. അതു ഭാവിയിൽ വലിയ പരിശോധനകളെ നേരിടാൻ നിങ്ങളെ സഹായിക്കും.—ഹബ. 3:17, 18.
വലിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ വിശ്വാസം വേണം
7. മത്തായി 8:23-26 അനുസരിച്ച് ഒരു “കൊടുങ്കാറ്റ്” എങ്ങനെയാണു ശിഷ്യന്മാരുടെ വിശ്വാസം പരിശോധിച്ചത്?
7 ഒരിക്കൽ യേശുവും ശിഷ്യന്മാരും കടലിലൂടെ ഒരു വള്ളത്തിൽ യാത്ര ചെയ്യുമ്പോൾ പെട്ടെന്ന് ഒരു കൊടുങ്കാറ്റുണ്ടായി. ശിഷ്യന്മാർ തങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നു പഠിപ്പിക്കാൻ യേശു ആ സന്ദർഭം ഉപയോഗിച്ചു. (മത്തായി 8:23-26 വായിക്കുക.) കാറ്റു വളരെ ശക്തമായിരുന്നതുകൊണ്ട് വള്ളത്തിനുള്ളിലേക്കു വെള്ളം അടിച്ചുകയറി. യേശു ആ സമയത്ത് സുഖമായി ഉറങ്ങുകയായിരുന്നു. പേടിച്ചുപോയ ശിഷ്യന്മാർ പെട്ടെന്നു യേശുവിനെ വിളിച്ചുണർത്തി തങ്ങളെ രക്ഷിക്കണമെന്നു പറഞ്ഞു. അപ്പോൾ യേശു അവരോടു ചോദിച്ചു: “നിങ്ങൾക്ക് ഇത്ര വിശ്വാസമേ ഉള്ളോ? എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്?” യേശുവിനെയും കൂടെയുള്ളവരെയും രക്ഷിക്കാൻ യഹോവയ്ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലെന്ന കാര്യം ആ ശിഷ്യന്മാർ തിരിച്ചറിയേണ്ടതായിരുന്നു. ഈ സംഭവം നമ്മളെ എന്താണു പഠിപ്പിക്കുന്നത്? ശക്തമായ വിശ്വാസമുണ്ടെങ്കിൽ ഏതു വലിയ ‘കൊടുങ്കാറ്റിനെയും’ നേരിടാൻ നമുക്കാകും.
8-9. അനൽ സഹോദരിയുടെ വിശ്വാസം എങ്ങനെയാണു പരിശോധിക്കപ്പെട്ടത്, സഹോദരിക്ക് എന്തു സഹായം ലഭിച്ചു?
8 നമുക്ക് ഇപ്പോൾ പോർട്ടോ റീക്കോയിൽ താമസിക്കുന്ന, ഒറ്റയ്ക്കുള്ള അനൽ സഹോദരിയുടെ അനുഭവം നോക്കാം. ഒരു കഠിനപരിശോധനയെ വിജയകരമായി നേരിട്ടതുകൊണ്ട് സഹോദരിയുടെ വിശ്വാസം ശക്തമായി. സഹോദരിയുടെ കാര്യത്തിൽ ആ “കൊടുങ്കാറ്റ്” അക്ഷരാർഥത്തിലുള്ളതായിരുന്നു. 2017-ൽ ഉണ്ടായ മരിയ ചുഴലിക്കൊടുങ്കാറ്റിൽ സഹോദരിയുടെ വീടു തകർന്നു, ജോലിയും നഷ്ടപ്പെട്ടു. സഹോദരി പറയുന്നു: “ആ ദിവസങ്ങളിൽ എനിക്കു നല്ല ടെൻഷൻ തോന്നി എന്നതു ശരിയാണ്. പക്ഷേ, പ്രാർഥനയിൽ യഹോവയിൽ ആശ്രയിക്കാൻ ഞാൻ പഠിച്ചു. മാത്രമല്ല, ടെൻഷനും മറ്റും എന്നെ തളർത്തിക്കളയാതിരിക്കാനും ഞാൻ ശ്രദ്ധിച്ചു.”
9 ആ പരിശോധനയെ നേരിടാൻ തന്നെ സഹായിച്ച മറ്റൊരു കാര്യത്തെക്കുറിച്ചും അനൽ സഹോദരി പറയുന്നു, അനുസരണമായിരുന്നു അത്. “സംഘടന തന്ന നിർദേശങ്ങൾ അനുസരിച്ചതു മനസ്സമാധാനത്തോടെയിരിക്കാൻ എന്നെ സഹായിച്ചു. സഹോദരീസഹോദരന്മാരിലൂടെ യഹോവ എന്നെ സഹായിക്കുന്നതു ഞാൻ അനുഭവിച്ചറിഞ്ഞു. അവർ എന്നെ പ്രോത്സാഹിപ്പിച്ചു. എനിക്കു വേണ്ട മറ്റു സഹായങ്ങളും നൽകി. എനിക്കു ചിന്തിക്കാൻപോലും കഴിയാത്ത രീതിയിലാണ് യഹോവ എന്നെ സഹായിച്ചത്. എന്റെ വിശ്വാസം ശരിക്കും ബലപ്പെട്ടു” എന്നു സഹോദരി പറയുന്നു.
10. ഒരു ‘കൊടുങ്കാറ്റുപോലുള്ള’ പ്രശ്നം ജീവിതത്തിൽ ഉണ്ടായാൽ നിങ്ങൾക്ക് എന്തു ചെയ്യാം?
10 നിങ്ങളും ഇപ്പോൾ ‘കൊടുങ്കാറ്റുപോലുള്ള’ ഏതെങ്കിലും ഒരു പ്രശ്നത്തെ നേരിടുന്നുണ്ടോ? അതു ചിലപ്പോൾ ഒരു പ്രകൃതിദുരന്തത്തിന്റെ കെടുതികളായിരിക്കാം. അതല്ലെങ്കിൽ ഗുരുതരമായ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളായിരിക്കാം. ഇത്തരം പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ കുറച്ചൊക്കെ ടെൻഷൻ തോന്നിയേക്കാം. എന്നാൽ അതൊന്നും നിങ്ങളെ തളർത്തിക്കളയരുത്. പകരം യഹോവയിൽ ആശ്രയിക്കുക, ആത്മാർഥമായി പ്രാർഥിക്കുക. കൂടാതെ കഴിഞ്ഞ കാലങ്ങളിൽ യഹോവ നിങ്ങളെ എങ്ങനെയൊക്കെ സഹായിച്ചിട്ടുണ്ടെന്നു ചിന്തിക്കുക. അങ്ങനെയൊക്കെ ചെയ്യുന്നതു നിങ്ങളുടെ വിശ്വാസം ശക്തമാക്കും. (സങ്കീ. 77:11, 12) ഉറപ്പായും യഹോവ നിങ്ങളെ ഉപേക്ഷിക്കില്ല, ഇപ്പോഴും ഭാവിയിലും.
11. സംഘടനയും മൂപ്പന്മാരും തരുന്ന നിർദേശങ്ങൾ അനുസരിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
11 പരിശോധനകളെ നേരിടാൻ മറ്റെന്തു നിങ്ങളെ സഹായിക്കും? അനൽ സഹോദരി പറഞ്ഞതുപോലെ അനുസരണം. യഹോവയും യേശുവും വിശ്വാസം അർപ്പിച്ചിരിക്കുന്നവരെ വിശ്വസിക്കാൻ നമ്മളും പഠിക്കണം. ചിലപ്പോൾ നേതൃത്വമെടുക്കുന്നവർ തരുന്ന ചില നിർദേശങ്ങൾ അത്ര പ്രായോഗികമല്ലെന്നു നമുക്കു തോന്നിയേക്കാം. പക്ഷേ അനുസരിച്ചാൽ നമുക്ക് യഹോവയുടെ അനുഗ്രഹമുണ്ടാകും. അനുസരിക്കുന്നതിലൂടെ ജീവൻ രക്ഷിക്കാനാകുമെന്നു ബൈബിൾ വിവരണങ്ങളിലൂടെയും വിശ്വസ്തരായ സഹോദരങ്ങളുടെ അനുഭവങ്ങളിലൂടെയും നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്. (പുറ. 14:1-4; 2 ദിന. 20:17) അതെക്കുറിച്ചൊക്കെ വീണ്ടും ചിന്തിക്കുക. അത് ഇപ്പോഴും ഭാവിയിലും സംഘടനയിലൂടെ കിട്ടുന്ന ഓരോ നിർദേശവും അനുസരിക്കാൻ നമ്മളെ സഹായിക്കും. (എബ്രാ. 13:17) മാത്രമല്ല പെട്ടെന്നുതന്നെ വരാനിരിക്കുന്ന മഹാകഷ്ടതയെക്കുറിച്ച് ഓർത്ത് നമ്മൾ പേടിക്കുകയുമില്ല.—സുഭാ. 3:25.
അനീതി സഹിക്കാൻ വിശ്വാസം വേണം
12. അനീതി സഹിക്കാൻ വിശ്വാസം വേണമെന്നു പറയുന്നത് എന്തുകൊണ്ട്? (ലൂക്കോസ് 18:1-8)
12 അനീതി സഹിക്കേണ്ടിവരുമ്പോൾ അതു ശിഷ്യന്മാരുടെ വിശ്വാസത്തിന് ഒരു പരിശോധനയായേക്കാമെന്നു യേശുവിന് അറിയാമായിരുന്നു. അത്തരം സാഹചര്യങ്ങളിൽ സഹിച്ചുനിൽക്കുന്നതിന് അവരെ സഹായിക്കാൻ യേശു ഒരു ദൃഷ്ടാന്തം പറഞ്ഞു. ലൂക്കോസിന്റെ സുവിശേഷത്തിൽ നമുക്ക് അതു കാണാം. ന്യായം നടത്തിക്കിട്ടാൻവേണ്ടി നീതികെട്ട ഒരു ന്യായാധിപന്റെ അടുത്ത് കരഞ്ഞപേക്ഷിക്കുന്ന ഒരു വിധവയെക്കുറിച്ചുള്ളതായിരുന്നു ആ ദൃഷ്ടാന്തം. നിറുത്താതെ ചോദിച്ചുകൊണ്ടിരുന്നാൽ ഇന്ന് അല്ലെങ്കിൽ നാളെ ന്യായം നടത്തിക്കിട്ടുമെന്ന് ആ വിധവയ്ക്ക് ഉറപ്പുണ്ടായിരുന്നു. ഒടുവിൽ ആ ന്യായാധിപൻ വിധവയുടെ അപേക്ഷ കേൾക്കാൻ തയ്യാറായി. എന്താണു നമുക്കുള്ള പാഠം? യഹോവ ഒരിക്കലും ആ നീതികെട്ട ന്യായാധിപനെപ്പോലെയല്ല. അതുകൊണ്ട് യേശു പറഞ്ഞു: ‘അങ്ങനെയെങ്കിൽ ദൈവം രാവും പകലും തന്നോടു നിലവിളിക്കുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്കു ന്യായം നടത്തിക്കൊടുക്കാതിരിക്കുമോ?’ (ലൂക്കോസ് 18:1-8 വായിക്കുക.) എന്നിട്ട് യേശു ഇങ്ങനെയും പറഞ്ഞു: “എന്നാൽ മനുഷ്യപുത്രൻ എത്തുമ്പോൾ ഭൂമിയിൽ ഇത്തരം വിശ്വാസം കണ്ടെത്തുമോ?” അനീതി സഹിക്കേണ്ടിവരുമ്പോൾ നമ്മളും ആ വിധവയെപ്പോലെ ക്ഷമയോടെ കാത്തിരിക്കുകയും മടുത്തുപിന്മാറാതെ യഹോവയോട് അപേക്ഷിക്കുകയും വേണം. അങ്ങനെ ചെയ്യുന്നതിലൂടെ യഹോവയിൽ നമുക്കു വിശ്വാസമുണ്ടെന്നു തെളിയിക്കുകയാണ്, ഇന്ന് അല്ലെങ്കിൽ നാളെ യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കുമെന്നുള്ള വിശ്വാസം. ഇനി, പ്രാർഥനയ്ക്കു ശക്തിയുണ്ടെന്നും നമ്മൾ ഓർക്കണം. ചിലപ്പോൾ നമ്മൾ ഒട്ടും ചിന്തിക്കാത്ത രീതിയിലായിരിക്കാം യഹോവ നമ്മുടെ പ്രാർഥനയ്ക്ക് ഉത്തരം തരുന്നത്.
13. അനീതി സഹിക്കേണ്ടി വന്നപ്പോൾ പ്രാർഥന എങ്ങനെയാണ് ഒരു കുടുംബത്തെ സഹായിച്ചത്?
13 കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിൽ താമസിക്കുന്ന വെറോ സഹോദരിയുടെ അനുഭവം നമുക്കു നോക്കാം. പട്ടാളക്കാരുടെ ഒരു കൂട്ടം അവർ താമസിക്കുന്ന ഗ്രാമത്തിൽ ആക്രമണം നടത്തിയപ്പോൾ സഹോദരിക്കും സാക്ഷിയല്ലാത്ത ഭർത്താവിനും അവരുടെ 15 വയസ്സുള്ള മകൾക്കും ആ ഗ്രാമം വിട്ട് ഓടേണ്ടിവന്നു. പോകുന്ന വഴിക്ക് ഒരു സ്ഥലത്ത് എത്തിയപ്പോൾ പട്ടാളക്കാർ അവരെ തടഞ്ഞു. അവരെയെല്ലാം കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. അതു കേട്ട് വെറോ കരയാൻതുടങ്ങി. അപ്പോൾ അമ്മയെ ആശ്വസിപ്പിക്കാൻവേണ്ടി വെറോയുടെ മകൾ യഹോവയുടെ പേര് പല തവണ ഉപയോഗിച്ചുകൊണ്ട് ഉച്ചത്തിൽ പ്രാർഥിച്ചു. അവൾ പ്രാർഥിച്ച് കഴിഞ്ഞപ്പോൾ പട്ടാളക്കാരുടെ മേധാവി ചോദിച്ചു: “മോളേ, ആരാ നിന്നെ പ്രാർഥിക്കാൻ പഠിപ്പിച്ചത്?” അവൾ പറഞ്ഞു: ‘അമ്മയാ പഠിപ്പിച്ചത്, ബൈബിളിൽനിന്ന്.’ (മത്തായി 6:9-13) അപ്പോൾ ആ മേധാവി പറഞ്ഞു: “മോളേ, അപ്പന്റെയും അമ്മയുടെയും കൂടെ നീ സമാധാനത്തോടെ പൊയ്ക്കൊള്ളൂ. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ സംരക്ഷിക്കട്ടെ.”
14. ഏതു കാര്യം നമ്മുടെ വിശ്വാസത്തിന് ഒരു പരിശോധനയായേക്കാം, സഹിച്ചുനിൽക്കാൻ നമ്മളെ എന്തു സഹായിക്കും?
14 പ്രാർഥനയ്ക്കു വലിയ ശക്തിയുണ്ടെന്നല്ലേ ഇത്തരം അനുഭവങ്ങൾ നമ്മളെ പഠിപ്പിക്കുന്നത്? പക്ഷേ, യഹോവ നമ്മുടെ പ്രാർഥനയ്ക്കു പെട്ടെന്നോ അത്ഭുതകരമായോ ഉത്തരം തരുന്നില്ലെങ്കിൽ നമ്മൾ എന്തു ചെയ്യണം? യേശുവിന്റെ ദൃഷ്ടാന്തത്തിലെ വിധവയെപ്പോലെ നമുക്കും ചെയ്യാം. യഹോവ നമ്മളെ ഉപേക്ഷിക്കില്ലെന്നും ഉചിതമായ സമയത്ത് ഉചിതമായ വിധത്തിൽ പ്രാർഥനയ്ക്ക് ഉത്തരം തരുമെന്നും ഉള്ള ഉറപ്പോടെ നമുക്കു പ്രാർഥിച്ചുകൊണ്ടേയിരിക്കാം. പരിശുദ്ധാത്മാവിനുവേണ്ടി നമുക്ക് യഹോവയോട് അപേക്ഷിക്കാം. (ഫിലി. 4:13) യഹോവ പെട്ടെന്നുതന്നെ നമ്മളെ സമൃദ്ധമായി അനുഗ്രഹിക്കുമെന്നും ഓർക്കുക. അതുവരെ നിങ്ങൾ അനുഭവിച്ച വേദനകളൊന്നും ഓർമയിലേക്കു വരുകപോലുമില്ല. കാരണം അത്ര വലുതായിരിക്കും ആ അനുഗ്രഹങ്ങൾ. യഹോവയുടെ സഹായത്തോടെ നമ്മൾ ഇന്നു പരിശോധനകൾ സഹിച്ചുനിൽക്കുന്നെങ്കിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന പരിശോധനകളെ വിജയകരമായി നേരിടാനും നമുക്കാകും.—1 പത്രോ. 1:6, 7.
തടസ്സങ്ങളെ മറികടന്ന് മുന്നേറാൻ വിശ്വാസം വേണം
15. മത്തായി 17:19, 20 പറയുന്നതുപോലെ യേശുവിന്റെ ശിഷ്യന്മാർക്ക് ഏതു പ്രശ്നമാണു നേരിട്ടത്?
15 തടസ്സങ്ങളെ മറികടക്കാൻ വിശ്വാസം സഹായിക്കുമെന്നു യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. (മത്തായി 17:19, 20 വായിക്കുക.) മുമ്പ് പല തവണ ഭൂതങ്ങളെ പുറത്താക്കാൻ ശിഷ്യന്മാർക്കു കഴിഞ്ഞിട്ടുണ്ടെങ്കിലും ഒരു തവണ അവർക്ക് അതിനു കഴിയാതെപോയി. എന്തായിരുന്നു കാരണം? അവരുടെ വിശ്വാസക്കുറവുകൊണ്ടാണ് അതിനു കഴിയാഞ്ഞതെന്നു യേശു പറഞ്ഞു. വേണ്ടത്ര വിശ്വാസമുണ്ടെങ്കിൽ വലിയ പർവതങ്ങൾപോലുള്ള തടസ്സങ്ങളെപ്പോലും മറികടക്കാൻ അവർക്കാകുമെന്നു യേശു വിശദീകരിച്ചു. മറികടക്കാൻ പറ്റില്ലെന്നു തോന്നുന്ന തരത്തിലുള്ള വലിയ പ്രശ്നങ്ങൾ ഇന്നു നമുക്കും നേരിട്ടേക്കാം.
16. ഭർത്താവിന്റെ മരണം മൂലം ഉണ്ടായ ആ വലിയ വേദനയെ മറികടക്കാൻ വിശ്വാസം എങ്ങനെയാണു ഗെയ്ഡി സഹോദരിയെ സഹായിച്ചത്?
16 ഗ്വാട്ടിമാലയിൽനിന്നുള്ള ഗെയ്ഡി സഹോദരിയുടെ അനുഭവം നോക്കാം. ഒരു ദിവസം മീറ്റിങ്ങ് കഴിഞ്ഞ് വീട്ടിലേക്കു വരുന്ന വഴി സഹോദരിയുടെ ഭർത്താവായ എയ്ഡി സഹോദരൻ അക്രമികളുടെ കൈയാൽ കൊല്ലപ്പെട്ടു. ആ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ വിശ്വാസം എങ്ങനെയാണു ഗെയ്ഡി സഹോദരിയെ സഹായിച്ചത്? സഹോദരി പറയുന്നു: “പ്രാർഥനയിൽ എന്റെ ഭാരമെല്ലാം യഹോവയുടെ മേൽ ഇടുന്നതിലൂടെ എനിക്കു വലിയ മനസ്സമാധാനം കിട്ടുന്നു. കുടുംബാംഗങ്ങളിലൂടെയും സഭയിലെ കൂട്ടുകാരിലൂടെയും യഹോവ എനിക്കുവേണ്ടി കരുതുന്നതു ശരിക്കും കാണാനാകുന്നുണ്ട്. യഹോവയുടെ സേവനത്തിൽ തിരക്കുള്ളവളായിരിക്കുന്നതുകൊണ്ട് എന്റെ വേദനയൊക്കെ മറക്കാനും നാളെയെക്കുറിച്ച് അധികം ചിന്തിക്കാതെ അന്നന്നത്തെ കാര്യം മാത്രം നോക്കാനും എനിക്കാകുന്നു. ഈ ഒരു അനുഭവം ഉണ്ടായതിൽനിന്ന് ഒരു കാര്യം ഞാൻ പഠിച്ചു. നാളെ എത്ര വലിയ പരിശോധന ഉണ്ടായാലും യഹോവയുടെയും യേശുവിന്റെയും സംഘടനയുടെയും സഹായത്തോടെ എനിക്ക് അതിനെ നേരിടാനാകും.”
17. പർവതംപോലുള്ള തടസ്സങ്ങൾ നേരിടുമ്പോഴും നമുക്ക് എന്തു ചെയ്യാം?
17 പ്രിയപ്പെട്ട ആരുടെയെങ്കിലും മരണത്തിന്റെ വേദന അനുഭവിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ പുനരുത്ഥാനപ്രത്യാശയിലുള്ള നിങ്ങളുടെ വിശ്വാസം ശക്തമാക്കാൻ ശ്രമിക്കുക. പുനരുത്ഥാനത്തെക്കുറിച്ചുള്ള ബൈബിൾവിവരണങ്ങൾ വായിച്ചുകൊണ്ട് നിങ്ങൾക്ക് അതു ചെയ്യാനാകും. ഇനി, കുടുംബാംഗങ്ങളിൽ ആരെങ്കിലും പുറത്താക്കപ്പെട്ടതിന്റെ വേദന അനുഭവിക്കുന്ന ആളാണോ നിങ്ങൾ? യഹോവ ശിക്ഷണം നൽകുന്നത് ഏറ്റവും നല്ല രീതിയിലാണെന്ന ബോധ്യം ശക്തമാക്കാൻ അതെക്കുറിച്ച് പഠിക്കുക. നിങ്ങൾക്കു നേരിടുന്ന പ്രശ്നം എന്തുതന്നെയായാലും വിശ്വാസം ശക്തമാക്കാനുള്ള ഒരു അവസരമായി അതിനെ കാണുക. ഉള്ളിലുള്ളതെല്ലാം യഹോവയോടു പറയുക. നിങ്ങളെത്തന്നെ ഒറ്റപ്പെടുത്താതെ സഹോദരങ്ങളുമായി നല്ല അടുപ്പം നിലനിറുത്തുക. (സുഭാ. 18:1) മുമ്പ് ചെയ്തിരുന്നതുപോലെതന്നെ പതിവായി മീറ്റിങ്ങുകൾക്കും പ്രസംഗപ്രവർത്തനത്തിനും പോകുക. ദിവസവും ബൈബിൾ വായിക്കുക. ഇടയ്ക്കു സങ്കടമൊക്കെ തോന്നിയാലും പിടിച്ചുനിൽക്കാൻ സഹായിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കൊന്നും മുടക്കം വരുത്തരുത്. (സങ്കീ. 126:5, 6) ഭാവിയിൽ യഹോവ നമുക്കു തരുമെന്നു പറഞ്ഞിരിക്കുന്ന വലിയ അനുഗ്രഹങ്ങളെക്കുറിച്ചൊക്കെ എപ്പോഴും ചിന്തിക്കുക. യഹോവ നിങ്ങളെ ഇപ്പോൾ സഹായിക്കുന്നതു കാണുമ്പോൾ നിങ്ങളുടെ വിശ്വാസം കൂടുതൽ ശക്തമാകും.
“ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചുതരണേ”
18. നമ്മുടെ വിശ്വാസം അത്ര ശക്തമല്ലെന്നു തിരിച്ചറിഞ്ഞാൽ നമുക്ക് എന്തു ചെയ്യാം?
18 കഴിഞ്ഞകാലത്തോ ഇപ്പോഴോ ഒരു പ്രശ്നം നേരിട്ടപ്പോൾ നിങ്ങളുടെ വിശ്വാസം ശക്തമല്ലെന്നു തിരിച്ചറിഞ്ഞെങ്കിൽ നിരാശപ്പെടരുത്. പകരം വിശ്വാസം ശക്തമാക്കാൻ ശ്രമിക്കുക. “ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചുതരണേ” എന്നു പറഞ്ഞ അപ്പോസ്തലന്മാരെപ്പോലെ നമുക്കും അപേക്ഷിക്കാം. (ലൂക്കോ. 17:5) കൂടാതെ ഈ ലേഖനത്തിൽ പഠിച്ച അനുഭവങ്ങളെക്കുറിച്ചും ചിന്തിക്കുക. മീഗലിനെയും യുറേയെയും പോലെ യഹോവ നമ്മളെ സഹായിച്ച ഓരോ സന്ദർഭത്തെക്കുറിച്ചും ഓർക്കുക. വെറോ സഹോദരിയുടെ മോളെയും അനൽ സഹോദരിയെയും പോലെ ഉള്ളുരുകി യഹോവയോടു പ്രാർഥിക്കുക, പ്രത്യേകിച്ച് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ. ഇനി, ഗെയ്ഡി സഹോദരിയെപ്പോലെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഉപയോഗിച്ച് യഹോവ നമുക്ക് ആവശ്യമായ സഹായം തരുമെന്നു തിരിച്ചറിയുക. ഇപ്പോൾ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ യഹോവ നമ്മളെ സഹായിക്കും. അങ്ങനെ യഹോവ നമ്മളെ സഹായിക്കുന്നതു കാണുമ്പോൾ, ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ മറികടക്കാനും യഹോവ നമ്മുടെകൂടെ ഉണ്ടായിരിക്കുമെന്ന വിശ്വാസം ശക്തമാകും.
19. യേശുവിന് ഏതു കാര്യത്തിൽ ഉറപ്പുണ്ടായിരുന്നു, നമുക്ക് എന്ത് ഉറപ്പുണ്ടായിരിക്കാം?
19 തന്റെ ശിഷ്യന്മാർക്ക് പല കാര്യങ്ങളിലും കൂടുതൽ വിശ്വാസം വേണ്ടതുണ്ടെന്നു യേശു അവരോടു പറഞ്ഞെന്നുള്ളതു ശരിയാണ്. എങ്കിലും ഭാവിയിൽ എന്തൊക്കെ പരിശോധനകൾ ഉണ്ടായാലും യഹോവയുടെ സഹായത്താൽ അവർക്ക് അതിനെ വിജയകരമായി നേരിടാനാകുമെന്നു യേശുവിന് ഉറപ്പുണ്ടായിരുന്നു. (യോഹ. 14:1; 16:33) ഇനി, ശക്തമായ വിശ്വാസമുള്ളതുകൊണ്ട് മഹാകഷ്ടതയെ അതിജീവിക്കുന്ന ഒരു മഹാപുരുഷാരം ഉണ്ടായിരിക്കുമെന്നും യേശുവിന് അറിയാമായിരുന്നു. (വെളി. 7:9, 14) നിങ്ങൾ ആ മഹാപുരുഷാരത്തിൽ ഒരാളായിരിക്കുമോ? യഹോവയുടെ സഹായത്താൽ നിങ്ങൾക്ക് അതിനു കഴിയും. എന്നാൽ അതിനുവേണ്ടി, വിശ്വാസം വളർത്തിയെടുക്കാനും അതു ശക്തമാക്കാനും ലഭിക്കുന്ന ഓരോ അവസരവും നന്നായി പ്രയോജനപ്പെടുത്തുക.—എബ്രാ. 10:39.
ഗീതം 118 “ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചുതരണേ”
a ഈ ദുഷ്ടലോകത്തിന്റെ നാശത്തിനായി നമ്മളെല്ലാം കാത്തിരിക്കുകയാണ്. എന്നാൽ അവസാനത്തോളം സഹിച്ചുനിൽക്കാൻ ആവശ്യമായ വിശ്വാസം നമുക്കുണ്ടോ എന്നു ചിലപ്പോഴെങ്കിലും നമ്മൾ സംശയിച്ചേക്കാം. നമ്മുടെ വിശ്വാസം ശക്തമാക്കാൻ സഹായിക്കുന്ന ചില അനുഭവങ്ങളും പ്രായോഗിക പാഠങ്ങളുമാണ് ഈ ലേഖനത്തിലൂടെ പഠിക്കാൻ പോകുന്നത്.