നിങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവർ—നിങ്ങൾ അവരെ വീണ്ടും കാണുമോ?
അമ്മ മരിക്കുമ്പോൾ ജോണിന് ഒൻപതു വയസ്സേ ഉണ്ടായിരുന്നുള്ളൂ. ചരമവീട്ടിൽവെച്ചു സംഭവിച്ചത് അവന്റെ ഓർമയിലിതാ തെളിയുന്നു: “ഞാൻ മമ്മിക്കുവേണ്ടി ഒരു ചിത്രം വരച്ചു. സ്വർഗത്തിലെത്തി ഞങ്ങളെയും കാത്തിരിക്കാൻ മമ്മിയോട് ആവശ്യപ്പെടുന്ന ഒരു ചെറിയ കുറിപ്പും ഞാൻ അതിൽ എഴുതിവെച്ചു. അതു മമ്മിയുടെ ശവപ്പെട്ടിയിൽ വെയ്ക്കാൻ ഞാൻ ഡാഡിക്കു കൊടുത്തു. മമ്മി മരിച്ചുവെങ്കിലും എന്റെ ആ അവസാന സന്ദേശം മമ്മിക്കു ലഭിച്ചു എന്നു ചിന്തിക്കാനാണ് എനിക്കിഷ്ടം.”—ഒരു മാതാവോ പിതാവോ മരിക്കുമ്പോൾ എന്തനുഭവപ്പെടുന്നു [ഇംഗ്ലീഷ്]—ജിൽ ക്രെമെൻറ്സിനാലുള്ളത്.
ജോൺ മമ്മിയെ ജീവനുതുല്യം സ്നേഹിച്ചിരുന്നു എന്നതിൽ ഒരു സംശയവുമില്ല. അവരുടെ നല്ല ഗുണങ്ങളെ വർണിച്ചിട്ട് അവൻ പറഞ്ഞു: “ഒരുപക്ഷേ മോശം സംഗതികൾ ഓർക്കാൻ ഇഷ്ടപ്പെടാത്തത് എന്റെ പ്രകൃതമാകാം. പക്ഷേ, മമ്മിയെക്കുറിച്ചു മോശമായതെന്തെങ്കിലും, അങ്ങനെയൊന്ന് ആലോചിക്കകൂടി വയ്യ. ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ളതിലേക്കും ഏററവും സുന്ദരിയായിരുന്നു മമ്മി.”
ജോണിനെപ്പോലെ, തങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവരെക്കുറിച്ച് മധുരസ്മരണകളുമായി നടക്കുന്നവർ അനേകരുണ്ട്. അവരെ വീണ്ടും കാണണമെന്നുള്ള വൈകാരിക ആഗ്രഹത്തെ അവരൊട്ടു മറച്ചുവെക്കാറുമില്ല. അർബുദം പിടിപെട്ടു മരിച്ച 26 വയസ്സുള്ള മകനെക്കുറിച്ച് അമ്മ ഈഡത്ത് ഇങ്ങനെയാണ് പറഞ്ഞത്: “എന്റെ മകൻ എവിടെയോ ജീവിച്ചിരിക്കുന്നു എന്നു വിശ്വസിക്കണം എനിക്ക്. അതെന്റെ ഒരു ആവശ്യമാണ്. പക്ഷേ എവിടെയാണെന്നു മാത്രം അറിയില്ല. ഞാൻ അവനെ വീണ്ടും കാണുമോ? അറിയില്ല. പക്ഷേ കാണുമെന്നാണ് എന്റെ പ്രതീക്ഷ.”
തീർച്ചയായും, മമനുഷ്യന്റെ സ്നേഹനിധിയായ സ്രഷ്ടാവ് സാധാരണ മമനുഷ്യന്റെ ആഗ്രഹങ്ങൾ എന്തെന്നു മനസ്സിലാക്കാത്തവനല്ല. അതുകൊണ്ടാണ് ലക്ഷക്കണക്കിനാളുകൾക്ക് മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവരെ തിരികെ ലഭിക്കുന്ന ഒരു സമയം വരുന്നു എന്ന് അവൻ വാഗ്ദത്തം ചെയ്തിരിക്കുന്നത്. മരിച്ചവർക്കു സംഭവിക്കാനിരിക്കുന്ന പുനരുത്ഥാനത്തെപ്പററിയുള്ള കണക്കററ പരാമർശങ്ങൾ ദൈവത്തിന്റെ വചനത്തിൽ അടങ്ങിയിട്ടുണ്ട്.—യെശയ്യാവു 26:19; ദാനീയേൽ 12:2, 13; ഹോശേയ 13:14; യോഹന്നാൻ 5:28, 29; വെളിപ്പാടു 20:12, 13.
സ്വർഗത്തിലേക്കു പുനരുത്ഥാനം ചെയ്യപ്പെടുന്നവർ ആരെല്ലാം?
നമുക്കു ജോണിന്റെ പ്രതീക്ഷയെക്കുറിച്ചൊന്നു ചിന്തിക്കാം. തന്റെ പ്രിയപ്പെട്ട മമ്മി സ്വർഗത്തിൽ തന്നെയും കാത്തിരിക്കുന്നു എന്നാണല്ലോ ജോണിന്റെ പ്രതീക്ഷ. പള്ളിയിൽപ്പോക്കുകാരിൽ അനേകരുടെ വിശ്വാസവും ഇതുതന്നെ. അത്തരം വീക്ഷണങ്ങളെ പിന്താങ്ങാൻ ശ്രമിക്കുന്ന ചില പുരോഹിതൻമാരും സാമൂഹികപ്രവർത്തകരുമുണ്ട്. ഇതിനായി അവർ ബൈബിൾവാക്യങ്ങളെ തെററായ രീതിയിൽ ഉദ്ധരിക്കുകയും ചെയ്യുന്നു.
ഉദാഹരണത്തിന്, സന്തപ്തരെ സഹായിക്കുന്ന ഒരു വിദഗ്ധയായ ഡോ. എലിസബത്ത് കൂബ്ളറോസ് കുട്ടികളെയും മരണത്തെയും സംബന്ധിച്ച് [ഇംഗ്ലീഷ്] എന്ന തന്റെ പുസ്തകത്തിൽ ഇങ്ങനെ പറയുകയുണ്ടായി: “മരിക്കുക എന്നാൽ നാം നമ്മുടെ ശരീരത്തെ വിട്ടൊഴിയുന്നു എന്നേ അർഥമുള്ളൂ. പഴകി ദ്രവിച്ച കോട്ട് നാം തള്ളിക്കളയുന്നതുപോലെ, അല്ലെങ്കിൽ ഒരു മുറിയിൽനിന്നു മറെറാന്നിലേക്കു പ്രവേശിക്കുന്നതുപോലെ. സഭാപ്രസംഗി 12:7-ൽ നാം വായിക്കുന്നു: ‘പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും.’ യേശു പറഞ്ഞു: ‘ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതി’നായിത്തന്നെ. പിന്നെ കുരിശിൽ കിടന്ന കള്ളനോടു പറഞ്ഞത്: ‘ഇന്നു നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും.’”
മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവർ ഇപ്പോൾ ജീവിച്ചിരിക്കുന്നു, സ്വർഗത്തിൽ നമ്മെയും കാത്തിരിക്കുന്നു എന്നൊക്കെയാണോ മേൽപ്പറഞ്ഞ വാക്യങ്ങൾ വാസ്തവത്തിൽ അർഥമാക്കുന്നത്? നമുക്ക് ആ വാക്യങ്ങളെ ഒന്നു ശ്രദ്ധാപൂർവം പരിശോധിക്കാം. ആദ്യം സഭാപ്രസംഗി 12:7. വ്യക്തമായും, ഈ വാക്കുകൾ എഴുതിയ ജ്ഞാനിയായ മമനുഷ്യന്റെ ഉദ്ദേശ്യം അതേ ബൈബിൾപുസ്തകത്തിൽ താൻ നേരത്തെ എഴുതിവെച്ചിരിക്കുന്നതിൽനിന്നു നേർവിപരീതം പ്രസ്താവിക്കുക എന്നതായിരുന്നില്ല: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല.” (സഭാപ്രസംഗി 9:5) അദ്ദേഹം മനുഷ്യവർഗത്തിന്റെ മരണത്തെക്കുറിച്ച് പൊതുവേ ചർച്ചചെയ്യുകയായിരുന്നു. കടുത്ത നിരീശ്വരവാദികളും കൊടിയ കുററവാളികളും മരണത്തെത്തുടർന്നു ദൈവത്തിലേക്കു മടങ്ങിപ്പോകുന്നു എന്നു വിശ്വസിക്കുന്നതു ന്യായയുക്തമാണോ? അല്ലേയല്ല. നാം നമ്മെത്തന്നെ നല്ലവരായോ മോശക്കാരായോ വിചാരിച്ചാലും അങ്ങനെയൊന്നു നമ്മെക്കുറിച്ചും പറയാനാവില്ല. നാം ആരുംതന്നെ ദൈവത്തോടൊപ്പം സ്വർഗത്തിലായിരുന്നില്ല. അതുകൊണ്ട്, നാം ദൈവത്തിലേക്കു മടങ്ങിപ്പോകും എന്ന് എങ്ങനെ പറയാനാവും?
അപ്പോൾപ്പിന്നെ, മരണത്തിൽ ‘ആത്മാവ് സത്യദൈവത്തിലേക്കു തിരിച്ചുപോകുന്നു’ എന്നു പറഞ്ഞതിനാൽ ബൈബിളെഴുത്തുകാരൻ എന്താണ് അർഥമാക്കിയത്? “ആത്മാവ്” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദം ഉപയോഗിച്ചപ്പോൾ അദ്ദേഹം ഒരു മനുഷ്യനെ മറെറാരുവനിൽനിന്നു വ്യതിരിക്തമാക്കുന്ന അനുപമമായ എന്തോ ഒന്നിനെ പരാമർശിക്കുകയായിരുന്നില്ല. മറിച്ച്, മനുഷ്യനെയും മൃഗങ്ങളെയും സംബന്ധിച്ച് അതേ നിശ്വസ്ത ബൈബിളെഴുത്തുകാരൻ സഭാപ്രസംഗി 3:19-ൽ [NW] വിശദമാക്കുന്നു, “അവയ്ക്കെല്ലാം ഒരു ആത്മാവ് മാത്രമാണുള്ളത്.” അപ്പോൾ മനുഷ്യന്റെയും മൃഗങ്ങളുടെയും ഭൗതിക ശരീരങ്ങളുടെ നിർമാണഘടകങ്ങളായ കോശങ്ങളിലുള്ള ജീവശക്തിയെയാണ് അദ്ദേഹം “ആത്മാവ്” എന്നതിനാൽ അർഥമാക്കിയത് എന്ന് വ്യക്തമാണ്. നാം ഈ ആത്മാവിനെ ദൈവത്തിൽനിന്നു നേരിട്ടു സ്വീകരിച്ചതല്ല. നാം ഗർഭത്തിൽ ഉരുവാക്കപ്പെടുകയും പിന്നീട് ജനിക്കുകയും ചെയ്തപ്പോൾ അതു മാതാപിതാക്കളാൽ നമ്മിലേക്കു കൈമാററം ചെയ്യപ്പെട്ടു. അതിലുപരി, ഈ ആത്മാവ് അക്ഷരീയമായി ബഹിരാകാശത്തിലൂടെ യാത്രചെയ്ത് ദൈവത്തിലേക്കു തിരിച്ചുപോകുന്നില്ല. ‘ആത്മാവ് സത്യദൈവത്തിലേക്കു തിരിച്ചുപോകുന്നു’ എന്ന പദപ്രയോഗം ഒരു അലങ്കാരമാണ്. ഒരു മരിച്ച വ്യക്തിയുടെ ഭാവിജീവനുവേണ്ടിയുള്ള പ്രത്യാശ ഇപ്പോൾ ദൈവത്തിൽ സ്ഥിതിചെയ്യുന്നു എന്നാണ് അതിന്റെ അർഥം. അവൻ ആരെ ഓർക്കുമെന്നും ആത്യന്തികമായി ആരെ ഉയിർപ്പിക്കുമെന്നുമുള്ള തീരുമാനം അവനുള്ളതാണ്. ഇത് എത്ര വ്യക്തമായി സങ്കീർത്തനം 104:29, 30-ൽ പ്രകടമാക്കിയിരിക്കുന്നുവെന്ന് നിങ്ങൾതന്നെ കാണുക.
ക്രിസ്തുവിന്റെ വിശ്വസ്ത അനുഗാമികളുടെ ഒരു പരിമിത സംഖ്യ, ആകെ 1,44,000 പേർമാത്രം, ദൈവത്തിന്റെ ആത്മപുത്രൻമാരെന്ന നിലയിൽ സ്വർഗീയ ജീവനിലേക്കു പുനരുത്ഥാനം ചെയ്യപ്പെടാനാണ് യഹോവയാം ദൈവം ഉദ്ദേശിച്ചിട്ടുള്ളത്. (വെളിപ്പാടു 14:1, 3) ഭൂമിയിലെ മനുഷ്യവർഗത്തെ അനുഗ്രഹിക്കുന്നതിനുവേണ്ടി ഇവർ ക്രിസ്തുവിനോടുകൂടെ ഒരു സ്വർഗീയ ഗവൺമെൻറ് രൂപീകരിക്കുന്നു.
ഇതേക്കുറിച്ച് ആദ്യം മനസ്സിലാക്കിയവർ യേശുവിന്റെ വിശ്വസ്ത അപ്പോസ്തലൻമാരാണ്. അവരോട് അവൻ പറഞ്ഞു: “എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ട്; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും.” (യോഹന്നാൻ 14:2, 3) ആ അപ്പോസ്തലൻമാരും ആദിമ ക്രിസ്ത്യാനികളും മരിച്ചു. അവർക്ക് ഒരു സ്വർഗീയ പുനരുത്ഥാനം പ്രതിഫലമായി കൊടുക്കാൻവേണ്ടിയുള്ള യേശുവിന്റെ വരവുവരെ അവർ മരണത്തിലുള്ള അബോധാവസ്ഥയിൽ കാത്തിരിക്കണമായിരുന്നു. അതുകൊണ്ടാണ്, ആദ്യത്തെ ക്രിസ്തീയ രക്തസാക്ഷിയായ സ്തേഫാനോസ് “നിദ്രപ്രാപിച്ചു” എന്നു നാം വായിക്കുന്നത്.—പ്രവൃത്തികൾ 7:60; 1 തെസ്സലൊനീക്യർ 4:13.
ഭൂമിയിലെ ജീവിതത്തിനുവേണ്ടിയുള്ള പുനരുത്ഥാനം
എന്നാൽ തന്നോടൊപ്പം മരിച്ച കുററവാളിയോടുള്ള യേശുവിന്റെ വാഗ്ദത്തമോ? ഒരു രാജ്യം സ്ഥാപിച്ച് യഹൂദ ജനതയ്ക്ക് ഭൂമിയിൽ സമാധാനവും സുരക്ഷിതത്വവും പുനഃസ്ഥാപിച്ചുകൊടുക്കുന്ന ഒരു മിശിഹായെ ദൈവം അയയ്ക്കുമെന്ന് അന്നാളിലെ അനേകം യഹൂദരെപ്പോലെ ഈ മനുഷ്യനും വിശ്വസിച്ചിരുന്നു. (1 രാജാക്കൻമാർ 4:20-25 ലൂക്കൊസ് 19:11; 24:21-ഉം പ്രവൃത്തികൾ 1:6-ഉം ആയി താരതമ്യം ചെയ്യുക.) കൂടാതെ, രാജാവാകാൻ ദൈവം തിരഞ്ഞെടുത്തിരിക്കുന്നത് യേശുവിനെത്തന്നെയാണ് എന്നതിൽ ഈ ദുഷ്പ്രവൃത്തിക്കാരൻ വിശ്വാസം പ്രകടമാക്കി. എന്നിരുന്നാലും, ഇതിനുള്ള സാധ്യതയിൻമേൽ നിഴൽവീഴ്ത്തുന്നതായിരുന്നു അപ്പോഴത്തെ ആ നിമിഷം. കാരണം കുററംചുമത്തപ്പെട്ട ഒരു മനുഷ്യനെന്ന നിലയിലുള്ള യേശുവിന്റെ മരണം ഉടൻ സംഭവിക്കുമായിരുന്നു. അതുകൊണ്ടാണ്, കുററവാളിക്കു യേശു വാഗ്ദാനം കൊടുത്തപ്പോൾ അത് ഉറപ്പുനൽകുന്ന ഈ വാക്കുകളിലാക്കിയത്: “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും.”—ലൂക്കോസ് 23:42, 43, NW.
“ഇന്ന്” എന്ന പദത്തിനുമുമ്പിൽ കോമയിടുന്ന ബൈബിൾ പരിഭാഷകൾ യേശുവിന്റെ വാക്കുകൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കു പ്രശ്നം സൃഷ്ടിക്കുകയാണ്. അതേദിവസംതന്നെ യേശു ഏതെങ്കിലും പറുദീസയിൽ പോയില്ല. മറിച്ച്, ദൈവം അവനെ ഉയിർപ്പിക്കുന്നതുവരെ മൂന്നു ദിവസത്തേക്ക് അവൻ മരണത്തിലുള്ള അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. യേശുവിന്റെ പുനരുത്ഥാനത്തിനും സ്വർഗാരോഹണത്തിനും ശേഷം പോലും മനുഷ്യവർഗത്തിൻമേൽ രാജാവായി ഭരിക്കാനുള്ള സമയം വന്നെത്തുംവരെ തന്റെ പിതാവിന്റെ വലതുഭാഗത്ത് അവൻ കാത്തിരിക്കണമായിരുന്നു. (എബ്രായർ 10:12, 13) ഉടനെ, യേശുവിന്റെ രാജ്യഭരണം മനുഷ്യവർഗത്തിന് ആശ്വാസം കൈവരുത്തുകയും മുഴുഭൂമിയെയും ഒരു പറുദീസയായി രൂപാന്തരപ്പെടുത്തുകയും ചെയ്യും. (ലൂക്കൊസ് 21:10, 11, 25-31) അപ്പോൾ, ഭൗമിക ജീവനിലേക്ക് അയാളെ ഉയിർപ്പിച്ചുകൊണ്ട് കുററവാളിക്കു താൻ കൊടുത്ത വാഗ്ദത്തം അവൻ നിവർത്തിക്കുന്നതായിരിക്കും. ജീവിതരീതിയെ ദൈവത്തിന്റെ നീതിനിഷ്ഠമായ നിയമങ്ങൾക്കു ചേർച്ചയിലാക്കാനുള്ള ആവശ്യമുൾപ്പെടെ മമനുഷ്യന്റെ സകല ആവശ്യങ്ങളെയും അവൻ തൃപ്തിപ്പെടുത്തും എന്ന അർഥത്തിൽ യേശു ആ മനുഷ്യനോടൊപ്പം ഉണ്ടായിരിക്കും.
അനേകരുടെ പുനരുത്ഥാനം
മനസ്താപം പ്രകടമാക്കിയ ആ കുററവാളിയുടെ കാര്യത്തിലെന്നപോലെ, മിക്ക മനുഷ്യരുടെയും പുനരുത്ഥാനം നടക്കുന്നത് ഭൂമിയിലായിരിക്കും. ഇതു മനുഷ്യനെ സൃഷ്ടിച്ചതിലെ ദൈവോദ്ദേശ്യവുമായി പൊരുത്തപ്പെടുന്നു. പറുദീസാതോട്ടത്തിലാക്കിവെക്കപ്പെട്ട ആദ്യ മനുഷ്യനോടും സ്ത്രീയോടും ഭൂമിയെ കീഴടക്കാൻ പറഞ്ഞിരുന്നു. അവർ ദൈവത്തോട് അനുസരണയുള്ളവരായി നിലകൊണ്ടിരുന്നെങ്കിൽ അവർ ഒരിക്കലും വൃദ്ധരാകുകയും മരിക്കുകയുമില്ലായിരുന്നു. ദൈവത്തിന്റെ തക്കസമയത്ത് ആദാമിനാലും അവന്റെ പൂർണരായ സന്താനങ്ങളാലും മുഴുഭൂമിയും കീഴ്പെടുത്തപ്പെടുമായിരുന്നു, ഭൂമി ഒരു ആഗോള പറുദീസയുമാകുമായിരുന്നു.—ഉല്പത്തി 1:28; 2:8, 9.
പക്ഷേ, ആദാമും ഹവ്വായും മനഃപൂർവം പാപംചെയ്തു. തൻമൂലം അവർ തങ്ങളുടെമേലും തങ്ങളുടെ ഭാവി സന്താനങ്ങളുടെമേലും മരണം വരുത്തിവെച്ചു. (ഉല്പത്തി 2:16, 17; 3:17-19) അതുകൊണ്ടാണ് ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നത്: “ഏകമനുഷ്യനാൽ [ആദാം] പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.”—റോമർ 5:12.
അവകാശപ്പെടുത്തിയ പാപമില്ലാതെ ജനിച്ച ഒരേ ഒരു മനുഷ്യനേ ഉണ്ടായിരുന്നിട്ടുള്ളൂ. അതു ദൈവത്തിന്റെ പൂർണതയുള്ള പുത്രനായ യേശുക്രിസ്തുവായിരുന്നു. അവന്റെ ജീവനെ സ്വർഗത്തിൽനിന്ന് ഒരു യഹൂദ കന്യകയായ മറിയയുടെ ഗർഭപാത്രത്തിലേക്കു മാററി. പാപരഹിതനായി നിലകൊണ്ട യേശു മരിക്കേണ്ടതില്ലായിരുന്നു. അതുകൊണ്ട്, “ലോകത്തിന്റെ പാപ”ത്തിനുള്ള വീണ്ടെടുപ്പുമൂല്യം അവന്റെ മരണത്തിനുണ്ട്. (യോഹന്നാൻ 1:29; മത്തായി 20:28) അതുകൊണ്ടാണ് യേശുവിന് ഇങ്ങനെ പറയാൻ കഴിഞ്ഞത്: “ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.”—യോഹന്നാൻ 11:25.
അതേ, അതുകൊണ്ട് നിങ്ങൾക്കു മരിച്ചുപോയ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒത്തുചേരാനുള്ള പ്രതീക്ഷ വെച്ചുപുലർത്താവുന്നതാണ്. എന്നാൽ ഇതിനാവശ്യമായ ചില സംഗതികളുണ്ട്. നിങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്ന നിലയിൽ യേശുവിൽ നിങ്ങൾ വിശ്വാസമർപ്പിക്കണം. ദൈവത്തിന്റെ നിയുക്ത രാജാവ് എന്ന നിലയിൽ അവനെ നിങ്ങൾ അനുസരിക്കുകയും വേണം. ഈ ഭൂമിയിൽ മോശമായി എന്തെല്ലാമുണ്ടോ അവയെ ദൈവരാജ്യം ഉടൻതന്നെ തുടച്ചുമാററും. അതിന്റെ ഭരണത്തിനു കീഴ്പെടാൻ വിസമ്മതിക്കുന്ന സകല മനുഷ്യരും നശിപ്പിക്കപ്പെടും. എന്നുവരികിലും, ദൈവരാജ്യത്തിന്റെ പ്രജകൾ അതിജീവിക്കും. അവർ ഈ ഭൂമിയെ ഒരു പറുദീസയായി രൂപാന്തരപ്പെടുത്തുന്ന വേലയിൽ തിരക്കോടെ ഏർപ്പെടും.—സങ്കീർത്തനം 37:10, 11; വെളിപ്പാടു 21:3-5.
അതോടെ പുനരുത്ഥാനം തുടങ്ങാനുള്ള പുളകപ്രദമായ സമയം എത്തുകയായി. മരിച്ചവരെ തിരികെ സ്വാഗതംചെയ്തു കൊണ്ടുവരാൻ അവിടെ നിങ്ങൾ ഉണ്ടായിരിക്കുമോ? അതെല്ലാം നിങ്ങൾ ഇപ്പോൾ എന്തു ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. തന്റെ പുത്രനായ യേശുക്രിസ്തുവിനാലുള്ള യഹോവയുടെ രാജ്യഭരണത്തിന് ഇപ്പോൾ കീഴ്പെടുന്ന സകലരെയും അത്ഭുതകരമായ അനുഗ്രഹങ്ങളാണ് കാത്തിരിക്കുന്നത്.