യോഹന്നാനു ലഭിച്ച വെളിപാട്
14 പിന്നെ ഞാൻ നോക്കിയപ്പോൾ അതാ, സീയോൻ പർവതത്തിൽ+ കുഞ്ഞാടു+ നിൽക്കുന്നു! നെറ്റിയിൽ കുഞ്ഞാടിന്റെ പേരും പിതാവിന്റെ പേരും+ എഴുതിയിരിക്കുന്ന 1,44,000+ പേർ കുഞ്ഞാടിനൊപ്പം നിൽക്കുന്നുണ്ടായിരുന്നു. 2 വലിയ വെള്ളച്ചാട്ടത്തിന്റെ ഇരമ്പൽപോലെയും വലിയ ഇടിമുഴക്കംപോലെയും ഉള്ള ഒരു ശബ്ദം ആകാശത്തുനിന്ന്* ഞാൻ കേട്ടു. ഗായകർ കിന്നരം മീട്ടി പാട്ടു പാടുന്നതുപോലുള്ള ഒരു ശബ്ദമായിരുന്നു അത്. 3 സിംഹാസനത്തിനും നാലു ജീവികൾക്കും+ മൂപ്പന്മാർക്കും+ മുമ്പാകെ അവർ പുതിയതെന്നു തോന്നിക്കുന്ന ഒരു പാട്ടു പാടി.+ ഭൂമിയിൽനിന്ന് വിലയ്ക്കു വാങ്ങിയ 1,44,000+ പേർക്കല്ലാതെ ആർക്കും ആ പാട്ടു പഠിക്കാൻ കഴിഞ്ഞില്ല. 4 സ്ത്രീകളോടു ചേർന്ന് അശുദ്ധരായിട്ടില്ലാത്ത അവർ കന്യകമാരെപ്പോലെ നിർമലർ.+ കുഞ്ഞാട് എവിടെ പോയാലും അവർ കുഞ്ഞാടിനെ അനുഗമിക്കുന്നു.+ ദൈവത്തിനും കുഞ്ഞാടിനും ആദ്യഫലമായി+ മനുഷ്യവർഗത്തിൽനിന്ന് വിലയ്ക്കു വാങ്ങിയതാണ്+ അവരെ. 5 അവരുടെ വായിൽ വഞ്ചനയുണ്ടായിരുന്നില്ല; അവർ കളങ്കമില്ലാത്തവർ.+
6 മറ്റൊരു ദൂതൻ ആകാശത്ത്* പറക്കുന്നതു ഞാൻ കണ്ടു. ഭൂമിയിൽ താമസിക്കുന്ന എല്ലാ ജനതകളെയും ഗോത്രങ്ങളെയും ഭാഷക്കാരെയും വംശങ്ങളെയും അറിയിക്കാൻ ആ ദൂതന്റെ പക്കൽ എന്നും നിലനിൽക്കുന്ന ഒരു സന്തോഷവാർത്തയുണ്ടായിരുന്നു.+ 7 ആ ദൂതൻ ഇങ്ങനെ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു: “ദൈവത്തെ ഭയപ്പെടുക; ദൈവത്തിനു മഹത്ത്വം കൊടുക്കുക. ആകാശവും ഭൂമിയും സമുദ്രവും+ ഉറവകളും ഉണ്ടാക്കിയ ദൈവത്തെ ആരാധിക്കുക. കാരണം ദൈവം ന്യായം വിധിക്കാനുള്ള സമയം വന്നിരിക്കുന്നു!”+
8 രണ്ടാമതൊരു ദൂതൻ ഇങ്ങനെ പറഞ്ഞുകൊണ്ട് ആ ദൂതന്റെ പിന്നാലെ വന്നു: “അവൾ വീണുപോയി! അധാർമികപ്രവൃത്തികൾ* ചെയ്യാനുള്ള അവളുടെ മോഹം* എന്ന വീഞ്ഞു ജനതകളെയെല്ലാം കുടിപ്പിച്ച+ ബാബിലോൺ എന്ന മഹതി+ വീണുപോയി!”+
9 ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ട് മൂന്നാമതൊരു ദൂതനും അവരുടെ പിന്നാലെ ചെന്നു: “ആരെങ്കിലും കാട്ടുമൃഗത്തെയോ+ അതിന്റെ പ്രതിമയെയോ ആരാധിച്ച് നെറ്റിയിലോ കൈയിലോ അതിന്റെ മുദ്ര സ്വീകരിക്കുന്നെങ്കിൽ+ 10 ദൈവക്രോധത്തിന്റെ പാനപാത്രത്തിൽ പകർന്നിരിക്കുന്ന, ദൈവകോപമെന്ന വീര്യം കുറയ്ക്കാത്ത വീഞ്ഞ് അയാൾ കുടിക്കേണ്ടിവരും.+ അയാളെ വിശുദ്ധദൂതന്മാരുടെയും കുഞ്ഞാടിന്റെയും മുന്നിൽവെച്ച് തീയും ഗന്ധകവും* കൊണ്ട് പീഡിപ്പിക്കും.+ 11 അവരെ പീഡിപ്പിക്കുന്നതിന്റെ* പുക എന്നുമെന്നേക്കും ഉയർന്നുകൊണ്ടിരിക്കും.+ കാട്ടുമൃഗത്തെയും അതിന്റെ പ്രതിമയെയും ആരാധിക്കുന്നവരെയും അതിന്റെ പേരിന്റെ മുദ്ര സ്വീകരിക്കുന്നവരെയും+ രാവും പകലും പീഡിപ്പിക്കും. 12 ദൈവത്തിന്റെ കല്പനകൾ അനുസരിക്കുകയും യേശുവിലുള്ള വിശ്വാസം മുറുകെ പിടിക്കുകയും ചെയ്യുന്ന+ വിശുദ്ധർ സഹനശക്തി കാണിക്കേണ്ടത് ഇവിടെയാണ്.”+
13 പിന്നെ സ്വർഗത്തിൽനിന്ന് ഇങ്ങനെയൊരു ശബ്ദം ഞാൻ കേട്ടു: “എഴുതുക: ഇപ്പോൾമുതൽ കർത്താവുമായുള്ള യോജിപ്പിൽ മരിക്കുന്നവർ അനുഗൃഹീതർ.*+ ദൈവാത്മാവ് പറയുന്നു: അതെ, അവർ അവരുടെ അധ്വാനം നിറുത്തി സ്വസ്ഥരാകട്ടെ; അവരുടെ പ്രവൃത്തികൾ അവരോടൊപ്പം പോകുന്നല്ലോ.”
14 പിന്നെ ഞാൻ നോക്കിയപ്പോൾ അതാ, ഒരു വെളുത്ത മേഘം! അതിന്മേൽ മനുഷ്യപുത്രനെപ്പോലെ ഒരാൾ+ ഇരിക്കുന്നു. തലയിൽ സ്വർണകിരീടം; കൈയിൽ മൂർച്ചയേറിയ അരിവാൾ.
15 മറ്റൊരു ദൂതൻ ദേവാലയത്തിന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് ഇറങ്ങിവന്ന് മേഘത്തിൽ ഇരിക്കുന്നവനോട് ഇങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞു: “കൊയ്ത്തിനു സമയമായി. അതുകൊണ്ട് അരിവാൾ വീശി കൊയ്യുക. ഭൂമിയിലെ വിളവ് നന്നായി വിളഞ്ഞിരിക്കുന്നു.”+ 16 അപ്പോൾ മേഘത്തിന്മേൽ ഇരിക്കുന്നവൻ തന്റെ അരിവാൾ ഭൂമിയിലേക്കു വീശി ഭൂമിയിലെ വിളവ് കൊയ്തു.
17 മറ്റൊരു ദൂതൻ സ്വർഗത്തിലെ ദേവാലയത്തിന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് ഇറങ്ങിവന്നു. ആ ദൂതന്റെ കൈയിലും മൂർച്ചയുള്ള ഒരു അരിവാളുണ്ടായിരുന്നു.
18 പിന്നെ തീയുടെ മേൽ അധികാരമുള്ള വേറൊരു ദൂതൻ യാഗപീഠത്തിങ്കൽനിന്ന് വന്നു. ആ ദൂതൻ മൂർച്ചയുള്ള അരിവാൾ പിടിച്ചിരുന്നവനോട്, “മൂർച്ചയുള്ള ആ അരിവാളുകൊണ്ട് ഭൂമിയിലെ മുന്തിരിവള്ളിയിൽനിന്ന് മുന്തിരിക്കുലകൾ ശേഖരിക്കുക. മുന്തിരി നന്നായി വിളഞ്ഞിരിക്കുന്നു”+ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. 19 ദൂതൻ തന്റെ അരിവാൾ ഭൂമിയിലേക്കു വീശി ഭൂമിയിലെ മുന്തിരിവള്ളി ശേഖരിച്ച് ദൈവകോപമെന്ന വലിയ മുന്തിരിച്ചക്കിൽ* ഇട്ടു;+ 20 നഗരത്തിനു വെളിയിലെ ആ മുന്തിരിച്ചക്കിൽ കുതിരകൾ അതു ചവിട്ടി. മുന്തിരിച്ചക്കിൽനിന്ന് രക്തം പൊങ്ങി കുതിരകളുടെ കടിഞ്ഞാണിന്റെ ഉയരത്തിൽ ഏകദേശം 296 കിലോമീറ്റർ* ഒഴുകി.