പഠന ലേഖനം 4
‘ആത്മാവുതന്നെ ഉറപ്പു തരുന്നു’
“നമ്മൾ ദൈവത്തിന്റെ മക്കളാണെന്ന് ആ ആത്മാവുതന്നെ നമ്മുടെ ആത്മാവിന് ഉറപ്പു തരുന്നു.”—റോമ. 8:16.
ഗീതം 25 ഒരു പ്രത്യേകസ്വത്ത്
പൂർവാവലോകനംa
1-2. ശ്രദ്ധേയമായ ഏതു സംഭവമാണ് എ.ഡി. 33-ലെ പെന്തിക്കോസ്ത് ദിവസം നടന്നത്?
എ.ഡി. 33-ലെ പെന്തിക്കോസ്ത് ദിവസം. അതൊരു ഞായറാഴ്ചയായിരുന്നു. അന്നു രാവിലെ 120-ഓളം ശിഷ്യന്മാർ യരുശലേമിലെ ഒരു വീടിന്റെ മേൽമുറിയിൽ കൂടിവന്നിരിക്കുകയാണ്. (പ്രവൃ. 1:13-15; 2:1) അവർക്കു വിശിഷ്ടമായ ഒരു സമ്മാനം കിട്ടുമെന്നും അതുകൊണ്ട് യരുശലേം വിട്ട് പോകരുതെന്നും യേശു കുറച്ച് ദിവസം മുമ്പ് അവരോടു പറഞ്ഞിരുന്നു. (പ്രവൃ. 1:4, 5) പിന്നെ എന്തു സംഭവിച്ചു?
2 “പെട്ടെന്ന് ആകാശത്തുനിന്ന് കൊടുങ്കാറ്റിന്റെ ഇരമ്പൽപോലെ ഒരു ശബ്ദം ഉണ്ടായി.” അത് അവർ കൂടിയിരുന്ന വീടു മുഴുവൻ കേട്ടു. പിന്നെ, “നാക്കിന്റെ രൂപത്തിൽ തീനാളങ്ങൾപോലുള്ള എന്തോ” ഒന്ന് ശിഷ്യന്മാരുടെ തലയ്ക്കു മീതെ വന്നു. അവർ എല്ലാവരും “പരിശുദ്ധാത്മാവ് നിറഞ്ഞവരായി.” (പ്രവൃ. 2:2-4) ശ്രദ്ധേയമായ ഈ വിധത്തിൽ, യഹോവ അവരുടെ മേൽ പരിശുദ്ധാത്മാവിനെ പകർന്നു. (പ്രവൃ. 1:8) പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ച്b സ്വർഗത്തിൽ യേശുവിനോടൊപ്പം ഭരിക്കാനുള്ള പ്രത്യാശ ആദ്യം ലഭിച്ചത് ഇവർക്കാണ്.
ഒരാൾക്കു സ്വർഗീയവിളി ലഭിക്കുമ്പോൾ എന്താണു സംഭവിക്കുന്നത്?
3. പെന്തിക്കോസ്ത് ദിവസം കൂടിവന്നിരുന്ന ശിഷ്യന്മാർക്കു തങ്ങൾ പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ചു എന്നതിനു സംശയമില്ലാതിരുന്നത് എന്തുകൊണ്ട്?
3 അന്ന് ആ മേൽമുറിയിൽ കൂടിവന്ന ശിഷ്യന്മാരുടെ കൂട്ടത്തിൽ നിങ്ങളുണ്ടായിരുന്നെങ്കിൽ നിങ്ങൾ ആ ദിവസം ഒരിക്കലും മറക്കാനിടയില്ല. നാക്കിന്റെ രൂപത്തിൽ തീനാളങ്ങൾപോലുള്ള എന്തോ ഒന്ന് നിങ്ങളുടെ തലയ്ക്കു മീതെ വന്ന് നിൽക്കുന്നു. നിങ്ങൾ പല ഭാഷകൾ സംസാരിക്കാൻ തുടങ്ങുന്നു. (പ്രവൃ. 2:5-12) നിങ്ങൾ പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ചു എന്നതിന് നിങ്ങൾക്ക് ഒരു സംശയവുമില്ല. എന്നാൽ എല്ലാവരും ഇതുപോലെ ശ്രദ്ധേയമായ ഒരു വിധത്തിലാണോ പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിക്കുന്നത്? ഇനി, ജീവിതത്തിലെ ഒരു പ്രത്യേക സമയത്തോ സന്ദർഭത്തിലോ ആണോ എല്ലാവരും പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുന്നത്? അല്ല. അതു നമുക്ക് എങ്ങനെ അറിയാം?
4. ജീവിതത്തിലെ ഒരു പ്രത്യേക സമയത്തോ സന്ദർഭത്തിലോ ആണോ ഒന്നാം നൂറ്റാണ്ടിലെ എല്ലാ അഭിഷിക്ത ക്രിസ്ത്യാനികളും പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടത്? വിശദീകരിക്കുക.
4 ജീവിതത്തിലെ ഒരു പ്രത്യേക സമയത്തോ സന്ദർഭത്തിലോ അല്ല എല്ലാവരും പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുന്നത്. അതു മനസ്സിലാക്കാൻ ഒന്നാം നൂറ്റാണ്ടിലെ സംഭവങ്ങൾ നോക്കുക. എ.ഡി. 33-ലെ പെന്തിക്കോസ്ത് ദിവസം പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടത് ആ 120 ശിഷ്യന്മാർ മാത്രമായിരുന്നില്ല. അന്നുതന്നെ 3,000 പേർക്കുകൂടെ പരിശുദ്ധാത്മാവ് ലഭിച്ചു. അവർ അഭിഷിക്തരായതു സ്നാനപ്പെട്ടപ്പോഴാണ്. (പ്രവൃ. 2:37, 38, 41) എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ, എല്ലാ അഭിഷിക്തക്രിസ്ത്യാനികളും അഭിഷേകം ചെയ്യപ്പെട്ടതു സ്നാനത്തിന്റെ സമയത്തായിരുന്നില്ല. ഉദാഹരണത്തിന്, സ്നാനപ്പെട്ട് കുറച്ച് കാലം കഴിഞ്ഞാണു ശമര്യക്കാർ അഭിഷിക്തരായത്. (പ്രവൃ. 8:14-17) പക്ഷേ കൊർന്നേല്യൊസിന്റെയും വീട്ടുകാരുടെയും കാര്യത്തിൽ തികച്ചും അസാധാരണമായ ഒന്നാണു സംഭവിച്ചത്. സ്നാനമേൽക്കുന്നതിനു മുമ്പുതന്നെ അവർ പരിശുദ്ധാത്മാവിനാൽ അഭിഷിക്തരായി.—പ്രവൃ. 10:44-48.
5. 2 കൊരിന്ത്യർ 1:21, 22 അനുസരിച്ച്, ഒരാൾ അഭിഷിക്തനാകുമ്പോൾ എന്താണു സംഭവിക്കുന്നത്?
5 ഒരു വ്യക്തി പരിശുദ്ധാത്മാവിനാൽ അഭിഷിക്തനാകുമ്പോൾ എന്താണു സംഭവിക്കുന്നതെന്നു നമുക്കു നോക്കാം. അഭിഷിക്തരായ ചിലർക്ക് യഹോവ തങ്ങളെ തിരഞ്ഞെടുത്തെന്ന് അംഗീകരിക്കാൻ തുടക്കത്തിൽ ബുദ്ധിമുട്ടു തോന്നിയേക്കാം. ‘ദൈവം എന്തുകൊണ്ടാണ് എന്നെ തിരഞ്ഞെടുത്തത്’ എന്ന് അവർ ചിലപ്പോൾ ചിന്തിച്ചേക്കാം. എന്നാൽ ചിലർക്ക് അങ്ങനെ തോന്നണമെന്നില്ല. അത് എന്തായാലും, അഭിഷിക്തരായ എല്ലാവരുടെയും കാര്യത്തിൽ എന്താണു സംഭവിക്കുന്നതെന്നു പൗലോസ് അപ്പോസ്തലൻ വിവരിക്കുന്നു: “നിങ്ങൾ വിശ്വസിച്ചപ്പോൾ, വാഗ്ദാനം ചെയ്തിരുന്ന പരിശുദ്ധാത്മാവിനാൽ ക്രിസ്തുവിലൂടെ നിങ്ങളെയും മുദ്രയിട്ടു.c . . . നമ്മുടെ അവകാശത്തിന്റെ ഒരു ഉറപ്പെന്ന നിലയിൽ മുൻകൂറായി തന്നതാണു പരിശുദ്ധാത്മാവിനെ.” (എഫെ. 1:13, 14, അടിക്കുറിപ്പ്) അതെ, ഈ ക്രിസ്ത്യാനികളെ താൻ തിരഞ്ഞെടുത്തെന്ന് വ്യക്തമാക്കിക്കൊടുക്കാൻ യഹോവ പരിശുദ്ധാത്മാവിനെ ഉപയോഗിക്കുന്നു. ഈ വിധത്തിൽ, പരിശുദ്ധാത്മാവിനെ “ഒരു ഉറപ്പായി” അഥവാ “ഈടായി” ദൈവം അവർക്കു കൊടുക്കുന്നു. അവർ ഭൂമിയിലല്ല, സ്വർഗത്തിലാണ് എന്നേക്കും ജീവിക്കാൻപോകുന്നത് എന്നതിനുള്ള ഉറപ്പ്.—2 കൊരിന്ത്യർ 1:21, 22 വായിക്കുക.
6. ഒരു അഭിഷിക്തക്രിസ്ത്യാനിക്കു സ്വർഗീയപ്രതിഫലം കിട്ടണമെങ്കിൽ ആ വ്യക്തി എന്തു ചെയ്യണം?
6 ഒരാൾ അഭിഷിക്തനായാൽ അദ്ദേഹത്തിനു സ്വർഗീയപ്രതിഫലം കിട്ടുമെന്ന് ഉറപ്പാണോ? അല്ല. തനിക്കു സ്വർഗീയവിളി ലഭിച്ചെന്ന കാര്യത്തിൽ ആ വ്യക്തിക്കു സംശയമൊന്നുമില്ല. എന്നാൽ പ്രതിഫലം കിട്ടണമെങ്കിൽ ആ വ്യക്തി എന്നും ഓർത്തിരിക്കേണ്ട ഒരു ഉപദേശമുണ്ട്: “സഹോദരങ്ങളേ, നിങ്ങളുടെ ദൈവവിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കുക. അങ്ങനെ ചെയ്താൽ നിങ്ങൾ ഒരിക്കലും വീണുപോകില്ല.” (2 പത്രോ. 1:10) അതുകൊണ്ട് ഒരു ക്രിസ്ത്യാനിക്കു സ്വർഗീയവിളി കിട്ടിയാലും, അവസാനംവരെ വിശ്വസ്തനാണെങ്കിൽ മാത്രമേ അദ്ദേഹത്തിന് ആ പ്രതിഫലം ലഭിക്കുകയുള്ളൂ.—ഫിലി. 3:12-14; എബ്രാ. 3:1; വെളി. 2:10.
അഭിഷിക്തനാണോ എന്ന് ഒരാൾക്ക് എങ്ങനെ അറിയാം?
7. സ്വർഗീയവിളി ലഭിച്ചിട്ടുണ്ടെന്ന് അഭിഷിക്തക്രിസ്ത്യാനികൾ എങ്ങനെയാണു മനസ്സിലാക്കുന്നത്?
7 തനിക്കു സ്വർഗീയവിളി ലഭിച്ചിട്ടുണ്ടെന്ന് ഒരു വ്യക്തി എങ്ങനെയാണു മനസ്സിലാക്കുന്നത്? ഇതിനുള്ള ഉത്തരം “വിശുദ്ധരായി വിളിക്കപ്പെട്ട” റോമിലെ ക്രിസ്ത്യാനികൾക്കുള്ള കത്തിൽ പൗലോസ് വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹം എഴുതി: “നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല നിങ്ങൾക്കു കിട്ടിയത്. തന്റെ പുത്രന്മാരായി നമ്മളെ ദത്തെടുക്കുന്ന ആത്മാവിനെയാണു ദൈവം നിങ്ങൾക്കു നൽകിയിരിക്കുന്നത്. അതേ ആത്മാവ്, ‘അബ്ബാ, പിതാവേ’ എന്നു വിളിച്ചപേക്ഷിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു. നമ്മൾ ദൈവത്തിന്റെ മക്കളാണെന്ന് ആ ആത്മാവുതന്നെ നമ്മുടെ ആത്മാവിന് ഉറപ്പു തരുന്നു.” (റോമ. 1:7; 8:15, 16) അതെ, സ്വർഗീയവിളി ലഭിച്ചിട്ടുണ്ടെന്ന് ദൈവം തന്റെ പരിശുദ്ധാത്മാവിലൂടെ അഭിഷിക്തക്രിസ്ത്യാനികൾക്കു വ്യക്തമാക്കിക്കൊടുക്കുന്നു.—1 തെസ്സ. 2:12.
8. തങ്ങൾ അഭിഷിക്തരാണോ എന്ന് മറ്റുള്ളവരിൽനിന്ന് ഉറപ്പു ലഭിക്കേണ്ടതില്ലെന്ന് 1 യോഹന്നാൻ 2:20, 27 കാണിച്ചുതരുന്നത് എങ്ങനെ?
8 സ്വർഗത്തിലേക്കു താൻ തിരഞ്ഞെടുത്തവരുടെ മനസ്സിൽ യഹോവ ഒരു സംശയവും അവശേഷിപ്പിക്കുന്നില്ല. (1 യോഹന്നാൻ 2:20, 27 വായിക്കുക.) എല്ലാ ദൈവദാസരെയും യഹോവ ക്രിസ്തീയസഭയിലൂടെ പഠിപ്പിക്കുന്നു, ഇക്കാര്യത്തിൽ അഭിഷിക്തക്രിസ്ത്യാനികളും ഒഴിവുള്ളവരല്ല. എന്നാൽ അവർ അഭിഷിക്തരാണെന്ന കാര്യത്തിനു മറ്റാരും അവർക്ക് ഉറപ്പു കൊടുക്കേണ്ടതില്ല. യഹോവ പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തിയായ പരിശുദ്ധാത്മാവിനെ ഉപയോഗിച്ച് അക്കാര്യം അവർക്കു വ്യക്തമാക്കിക്കൊടുക്കുന്നു. അവർക്ക് അക്കാര്യത്തിൽ ഒരു സംശയവും ഉണ്ടായിരിക്കില്ല.
അവർ ‘വീണ്ടും ജനിക്കുന്നു’
9. എഫെസ്യർ 1:18 അനുസരിച്ച്, ഒരാൾ അഭിഷിക്തനാകുമ്പോൾ ആ വ്യക്തിക്ക് എന്തു മാറ്റമാണു സംഭവിക്കുന്നത്?
9 ഇന്നുള്ള ദൈവദാസരിൽ മിക്കവരും അഭിഷിക്തരല്ല. അതുകൊണ്ടുതന്നെ ദൈവം ഒരാളെ അഭിഷേകം ചെയ്യുമ്പോൾ ആ വ്യക്തിക്ക് എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാക്കുക അവർക്കു ബുദ്ധിമുട്ടാണ്. ദൈവം മനുഷ്യരെ സൃഷ്ടിച്ചത് ഭൂമിയിൽ എന്നേക്കും ജീവിക്കാനാണ്, സ്വർഗത്തിൽ ജീവിക്കാനല്ല. (ഉൽപ. 1:28; സങ്കീ. 37:29) എന്നാൽ യഹോവ ചിലരെ സ്വർഗത്തിൽ ജീവിക്കാനായി തിരഞ്ഞെടുത്തിരിക്കുന്നു. അതുകൊണ്ട് ദൈവം അവരെ അഭിഷേകം ചെയ്യുമ്പോൾ, ദൈവം അവരുടെ പ്രത്യാശയ്ക്കും ചിന്തിക്കുന്ന രീതിക്കും വലിയ മാറ്റം വരുത്തുന്നു. ഇനി മുതൽ, സ്വർഗത്തിൽ ജീവിക്കാനായിട്ടാണ് അവർ നോക്കിയിരിക്കുന്നത്.—എഫെസ്യർ 1:18 വായിക്കുക.
10. ഒരാൾ ‘വീണ്ടും ജനിക്കുന്നത്’ എപ്പോഴാണ്? (അടിക്കുറിപ്പും കാണുക.)
10 ക്രിസ്ത്യാനികളെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യുമ്പോൾ അവർ ‘വീണ്ടും ജനിക്കുന്നു’ അഥവാ ‘ഉന്നതങ്ങളിൽനിന്ന് ജനിക്കുന്നു.’d ‘വീണ്ടും ജനിക്കുന്ന’ അഥവാ ‘ദൈവാത്മാവിൽനിന്ന് ജനിക്കുന്ന’ ഒരാൾക്ക് എന്താണ് അനുഭവപ്പെടുന്നതെന്ന് അഭിഷിക്തനല്ലാത്ത ഒരാളോടു വിശദീകരിക്കുക അസാധ്യമാണെന്നു യേശു സൂചിപ്പിച്ചു.—യോഹ. 3:3-8, അടിക്കുറിപ്പ്.
11. അഭിഷിക്തനാകുമ്പോൾ ഒരാളുടെ ചിന്തയ്ക്കു വരുന്ന മാറ്റം വിശദീകരിക്കുക.
11 അഭിഷിക്തരാകുന്ന ക്രിസ്ത്യാനികളുടെ ചിന്തയിൽ എന്തു മാറ്റമാണു വരുന്നത്? യഹോവ ഈ ക്രിസ്ത്യാനികളെ അഭിഷേകം ചെയ്യുന്നതിനു മുമ്പ്, ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയാണ് അവർക്കുണ്ടായിരുന്നത്. യഹോവ ഭൂമിയിൽനിന്ന് എല്ലാ ദുഷ്ടതയും നീക്കി ഭൂമിയെ ഒരു പറുദീസയാക്കുന്ന കാലത്തിനായി അവർ കാത്തിരുന്നു. മരിച്ചുപോയ ഒരു കുടുംബാംഗത്തെയോ സുഹൃത്തിനെയോ സ്വാഗതം ചെയ്യുന്നത് അവർ ഭാവനയിൽ കണ്ടുകാണും. എന്നാൽ അഭിഷിക്തരായി കഴിഞ്ഞപ്പോൾ അവർ വേറൊരു രീതിയിൽ ചിന്തിക്കാൻ തുടങ്ങി. എന്തുകൊണ്ട്? ഭൂമിയിൽ എന്നും ജീവിച്ചാൽ സന്തോഷം ലഭിക്കില്ലെന്ന് അവർക്കു തോന്നിത്തുടങ്ങിയോ? വിഷാദമോ അവർ അനുഭവിച്ച കഷ്ടപ്പാടുകളോ കാരണം ഭൂമിയിലെ ജീവിതത്തിലുള്ള താത്പര്യം നഷ്ടപ്പെട്ടതുകൊണ്ടാണോ? ഭൂമിയിലെ ജീവിതം വിരസമായിരിക്കുമെന്ന് ഓർത്തിട്ടാണോ? ഇതൊന്നുമല്ല കാരണം. പകരം യഹോവ പരിശുദ്ധാത്മാവിനെ ഉപയോഗിച്ച് അവർ ചിന്തിക്കുന്ന രീതിക്കും അവർ മുമ്പ് നിധിപോലെ കണ്ടിരുന്ന പ്രത്യാശയ്ക്കും മാറ്റം വരുത്തി എന്നതാണു കാരണം.
12. 1 പത്രോസ് 1:3, 4 അനുസരിച്ച്, അഭിഷിക്തക്രിസ്ത്യാനികൾക്ക് അവരുടെ പ്രത്യാശയെക്കുറിച്ച് എന്താണു തോന്നുന്നത്?
12 ഈ വിലയേറിയ പദവി ലഭിക്കാനുള്ള യോഗ്യത തനിക്കില്ലെന്ന് അഭിഷിക്തനായ ഒരാൾക്കു ചിലപ്പോൾ തോന്നിയേക്കാം. എന്നാൽ യഹോവ തന്നെ തിരഞ്ഞെടുത്തിട്ടുണ്ട് എന്ന കാര്യത്തിൽ അദ്ദേഹത്തിന് ഒരു തരിമ്പുപോലും സംശയമുണ്ടായിരിക്കില്ല. തനിക്കു ലഭിക്കാനിരിക്കുന്ന മഹത്തായ പ്രത്യാശയെക്കുറിച്ച് ഓർക്കുമ്പോൾ സന്തോഷത്താലും നന്ദിയാലും അദ്ദേഹത്തിന്റെ ഹൃദയം നിറഞ്ഞുതുളുമ്പും.—1 പത്രോസ് 1:3, 4 വായിക്കുക.
13. ഈ ഭൂമിയിലെ ജീവിതത്തെക്കുറിച്ച് അഭിഷിക്തർക്ക് എന്താണു തോന്നുന്നത്?
13 അഭിഷിക്തർ മരിക്കാൻ ആഗ്രഹിക്കുന്നു എന്ന് ഇതിന് അർഥമുണ്ടോ? അപ്പോസ്തലനായ പൗലോസ് ഇതിന് ഉത്തരം തരുന്നു. അഭിഷിക്തരുടെ ശരീരത്തെ ഒരു കൂടാരത്തിനോടു താരതമ്യപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഈ കൂടാരത്തിൽ കഴിയുന്ന ഞങ്ങൾ ഭാരപ്പെട്ട് ഞരങ്ങുന്നതു നശ്വരമായ ഇത് ഉരിഞ്ഞുകളയാനുള്ള ആഗ്രഹംകൊണ്ടല്ല, സ്വർഗീയമായതു ധരിക്കാനുള്ള ആഗ്രഹംകൊണ്ടാണ്. അപ്പോൾ, നശ്വരമായ ഇതിനെ ജീവൻ വിഴുങ്ങിക്കളയുമല്ലോ.” (2 കൊരി. 5:4) ഭൂമിയിലെ ജീവിതം അഭിഷിക്തർക്കു മടുത്തുപോയിട്ടില്ല, എത്രയും പെട്ടെന്ന് അത് അവസാനിച്ചുകാണാൻ അവർ ആഗ്രഹിക്കുന്നുമില്ല. പകരം അവർ ഇവിടുത്തെ ജീവിതം ആസ്വദിക്കുന്നു, ഓരോ ദിവസവും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കൂടെ യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്നു. എങ്കിലും ഭാവിയിൽ അവർക്കായി കരുതിയിരിക്കുന്ന മഹത്തായ പ്രത്യാശ എപ്പോഴും അവരുടെ മനസ്സിലുണ്ട്.—1 കൊരി. 15:53; 2 പത്രോ. 1:4; 1 യോഹ. 3:2, 3; വെളി. 20:6.
യഹോവ നിങ്ങളെ അഭിഷേകം ചെയ്തിട്ടുണ്ടോ?
14. ഒരു വ്യക്തി പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ചു എന്ന് ഏതു കാര്യങ്ങൾ തെളിയിക്കുന്നില്ല?
14 നിങ്ങൾ അഭിഷിക്തനാണോ എന്നു ചിലപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. ഉണ്ടെങ്കിൽ, പിൻവരുന്ന ചോദ്യങ്ങളെക്കുറിച്ച് ചിന്തിക്കുക: യഹോവയുടെ ഇഷ്ടം ചെയ്യാനുള്ള ശക്തമായ ആഗ്രഹം നിങ്ങൾക്കുണ്ടോ? നല്ല തീക്ഷ്ണതയുള്ള ഒരു സുവിശേഷകനാണു നിങ്ങളെന്നു സ്വയം തോന്നുന്നുണ്ടോ? ദൈവവചനത്തെ സ്നേഹിക്കുന്ന, അതിലെ “ഗഹനമായ ദൈവകാര്യങ്ങൾ” ഉത്സാഹത്തോടെ പഠിക്കുന്ന ഒരാളാണോ നിങ്ങൾ? (1 കൊരി. 2:10) പ്രസംഗപ്രവർത്തനത്തിൽ യഹോവ നിങ്ങൾക്കു നല്ല ഫലങ്ങൾ തന്നതായി നിങ്ങൾക്കു തോന്നുന്നുണ്ടോ? മറ്റുള്ളവരെ ആത്മീയമായി സഹായിക്കാനുള്ള ഒരു കടപ്പാടു നിങ്ങൾക്കുണ്ടെന്നു തോന്നാറുണ്ടോ? പ്രത്യേകവിധങ്ങളിൽ യഹോവ നിങ്ങളെ സഹായിക്കുന്നതിന്റെ തെളിവ് നിങ്ങളുടെ ജീവിതത്തിൽ കണ്ടിട്ടുണ്ടോ? ഈ ചോദ്യങ്ങൾക്ക് എല്ലാമുള്ള നിങ്ങളുടെ ഉത്തരം ‘ഉണ്ട്’ എന്നാണെങ്കിൽ, നിങ്ങൾക്കു സ്വർഗീയവിളി ലഭിച്ചിട്ടുണ്ട് എന്നാണോ അതു തെളിയിക്കുന്നത്? അല്ല, ഒരിക്കലുമല്ല. എന്തുകൊണ്ട്? അഭിഷിക്തരാണെങ്കിലും അല്ലെങ്കിലും ദൈവത്തിന്റെ എല്ലാ ദാസന്മാർക്കും ഇങ്ങനെയെല്ലാം തോന്നാം. അവരുടെ പ്രത്യാശ എന്തായാലും, ഇക്കാര്യങ്ങൾ ചെയ്യാനുള്ള ശക്തി പരിശുദ്ധാത്മാവിലൂടെ തന്റെ എല്ലാ ദാസന്മാർക്കും കൊടുക്കാൻ യഹോവയ്ക്കു കഴിയും. വാസ്തവത്തിൽ, സ്വർഗീയപ്രത്യാശ ലഭിച്ചിട്ടുണ്ടോ എന്ന് നിങ്ങൾക്ക് ഒരു സംശയമുണ്ടെങ്കിൽ അതിന് അർഥം നിങ്ങൾക്ക് അത് ലഭിച്ചിട്ടില്ല എന്നാണ്. യഹോവ തിരഞ്ഞെടുത്തവർക്കു തങ്ങൾ അഭിഷിക്തരാണോ എന്ന് ഒരു സംശയവും കാണില്ല. അവർക്ക് അത് ഉറപ്പായിരിക്കും!
15. പരിശുദ്ധാത്മാവ് ലഭിച്ചവർക്കെല്ലാം സ്വർഗീയപ്രത്യാശയില്ലെന്നു നമുക്ക് എങ്ങനെ മനസ്സിലാക്കാം?
15 പരിശുദ്ധാത്മാവ് ലഭിച്ച വിശ്വസ്തരായ നിരവധി വ്യക്തികളെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. എന്നാൽ അവർക്ക് എല്ലാവർക്കും സ്വർഗീയപ്രത്യാശയില്ലായിരുന്നു. ഉദാഹരണത്തിന്, പരിശുദ്ധാത്മാവ് വഴിനയിച്ച ഒരാളാണു ദാവീദ്. (1 ശമു. 16:13) യഹോവയെക്കുറിച്ചുള്ള ഗഹനമായ കാര്യങ്ങൾ മനസ്സിലാക്കാനും ബൈബിളിന്റെ ഭാഗങ്ങൾ എഴുതാനും പരിശുദ്ധാത്മാവ് അദ്ദേഹത്തെ സഹായിച്ചു. (മർക്കോ. 12:36) എന്നാൽ ദാവീദിനെക്കുറിച്ച് പത്രോസ് അപ്പോസ്തലൻ പറഞ്ഞത്, അദ്ദേഹം “സ്വർഗാരോഹണം ചെയ്തില്ല” എന്നാണ്. (പ്രവൃ. 2:34) സ്നാപകയോഹന്നാൻ ‘പരിശുദ്ധാത്മാവ് നിറഞ്ഞവനായിരുന്നു.’ (ലൂക്കോ. 1:13-16) യോഹന്നാനെക്കാൾ വലിയവനായി ആരുമില്ലെന്നു യേശു പറഞ്ഞു. എന്നാൽ അതിനു ശേഷം യേശു പറഞ്ഞത്, യോഹന്നാൻ സ്വർഗരാജ്യത്തിലെ ഒരു അംഗമായിരിക്കില്ലെന്നാണ്. (മത്താ. 11:10, 11) ഈ പുരുഷന്മാർക്കെല്ലാം അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാനുള്ള ശക്തി യഹോവ പരിശുദ്ധാത്മാവിനെ ഉപയോഗിച്ച് കൊടുത്തു. എന്നാൽ സ്വർഗീയജീവനായി അവരെ തിരഞ്ഞെടുക്കാൻ യഹോവ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചില്ല. അതിന് അർഥം സ്വർഗത്തിൽ ഭരിക്കാനുള്ളവരുടെ അത്രയും വിശ്വസ്തരല്ല ഇവർ എന്നാണോ? അല്ല. ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ യഹോവ അവരെ ഉയിർപ്പിക്കും എന്നു മാത്രമാണ് ഇതിന് അർഥം.—യോഹ. 5:28, 29; പ്രവൃ. 24:15.
16. ഇന്നുള്ള ദൈവദാസരിൽ മിക്കവരും ഏതു പ്രതിഫലത്തിനായിട്ടാണു നോക്കിയിരിക്കുന്നത്?
16 ഇന്നുള്ള ദൈവദാസരിൽ ബഹുഭൂരിപക്ഷം പേർക്കും സ്വർഗത്തിൽ ജീവിക്കാനുള്ള പ്രത്യാശയില്ല. അബ്രാഹാമിനെയും സാറയെയും ദാവീദിനെയും സ്നാപകയോഹന്നാനെയും ബൈബിൾക്കാലങ്ങളിലെ മറ്റ് അനേകം സ്ത്രീപുരുഷന്മാരെയും പോലെ അവരും കാത്തിരിക്കുന്നത് ദൈവരാജ്യം ഭൂമിയെ ഭരിക്കുന്ന കാലത്തിനായിട്ടാണ്.—എബ്രാ. 11:10.
17. അടുത്ത ലേഖനത്തിൽ നമ്മൾ ഏതെല്ലാം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തും?
17 അഭിഷിക്തരായ ചിലർ ഇക്കാലത്തും ദൈവജനത്തിന് ഇടയിൽ ഉള്ളതുകൊണ്ട് ചില ചോദ്യങ്ങൾ വരും. (വെളി. 12:17) ഉദാഹരണത്തിന്, അഭിഷിക്തക്രിസ്ത്യാനികൾ എങ്ങനെയാണ് തങ്ങളെത്തന്നെ വീക്ഷിക്കേണ്ടത്? സ്മാരകത്തിന്, നിങ്ങളുടെ സഭയിലെ ആരെങ്കിലും അപ്പവീഞ്ഞുകൾ കഴിക്കാൻ തുടങ്ങിയാൽ നിങ്ങൾ ആ വ്യക്തിയോട് എങ്ങനെ ഇടപെടണം? അഭിഷിക്തരാണെന്നു പറയുന്നവരുടെ എണ്ണം കൂടുന്നതായി കാണുന്നെങ്കിൽ, നിങ്ങൾ അതെക്കുറിച്ച് ഉത്കണ്ഠപ്പെടണോ? അടുത്ത ലേഖനത്തിൽ, ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മൾ പഠിക്കും.
a എ.ഡി. 33 മുതൽ യഹോവ ചില ക്രിസ്ത്യാനികൾക്ക് അത്ഭുതകരമായ ഒരു പ്രത്യാശ കൊടുക്കുന്നുണ്ട്, തന്റെ മകനോടൊപ്പം സ്വർഗത്തിലിരുന്ന് ഭരിക്കാനുള്ള പ്രത്യാശ. എന്നാൽ തനിക്കു സ്വർഗീയവിളിയുണ്ടെന്ന് ഒരു ക്രിസ്ത്യാനി എങ്ങനെയാണ് അറിയുന്നത്? ഒരാൾക്ക് ഈ ക്ഷണം ലഭിക്കുമ്പോൾ എന്താണു സംഭവിക്കുന്നത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മൾ ചർച്ച ചെയ്യും. 2016 ജനുവരി ലക്കം വീക്ഷാഗോപുരത്തിൽ വന്ന ലേഖനത്തെ അടിസ്ഥാനമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്.
b പദപ്രയോഗത്തിന്റെ വിശദീകരണം: പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിക്കുക: സ്വർഗത്തിൽ യേശുവിനോടൊപ്പം ഭരിക്കാൻ ഒരു വ്യക്തിയെ തിരഞ്ഞെടുക്കുന്നതിന് യഹോവ തന്റെ പരിശുദ്ധാത്മാവിനെ ഉപയോഗിക്കുന്നു. തന്റെ പരിശുദ്ധാത്മാവിലൂടെ യഹോവ ആ വ്യക്തിക്കു ‘മുൻകൂറായി’ ‘ഒരു ഉറപ്പ്’ കൊടുക്കുന്നു, അഥവാ ഭാവിയിലേക്ക് ഒരു വാഗ്ദാനം കൊടുക്കുന്നു. (എഫെ. 1:13, 14) അതുകൊണ്ട് തങ്ങളുടെ പ്രതിഫലം സ്വർഗത്തിലാണെന്നു പരിശുദ്ധാത്മാവ് തങ്ങൾക്ക് ഉറപ്പു തന്നിരിക്കുന്നെന്ന് ഈ ക്രിസ്ത്യാനികൾക്കു പറയാൻ കഴിയും.—റോമ. 8:16.
c പദപ്രയോഗത്തിന്റെ വിശദീകരണം: മുദ്ര. ഒരാൾക്ക് ഈ മുദ്ര കിട്ടി എന്നതുകൊണ്ട് അത് എന്നും നിലനിൽക്കും എന്ന് അർഥമില്ല. ആ വ്യക്തി വിശ്വസ്തനായി മരിക്കുന്നതിനു കുറച്ച് മുമ്പോ അല്ലെങ്കിൽ മഹാകഷ്ടത ആരംഭിക്കുന്നതിനു കുറച്ച് മുമ്പോ ആണ് ഈ മുദ്ര സ്ഥിരമാക്കുന്നത്.—എഫെ. 4:30; വെളി. 7:2-4; 2016 ഏപ്രിൽ ലക്കം വീക്ഷാഗോപുരത്തിന്റെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.
d ‘വീണ്ടും ജനിക്കുക’ എന്നതിന്റെ അർഥം കൂടുതൽ മനസ്സിലാക്കാൻ 2009 ഏപ്രിൽ 1 ലക്കം (ഇംഗ്ലീഷ്) വീക്ഷാഗോപുരത്തിന്റെ 3-12 പേജുകൾ കാണുക.
ഗീതം 27 ദൈവപുത്രന്മാരുടെ വെളിപ്പെടൽ
e ചിത്രക്കുറിപ്പ്: നമ്മൾ വിശ്വാസത്തിന്റെ പേരിൽ തടവിൽ കഴിയുന്നവരാണെങ്കിലും, സ്വതന്ത്രമായി പ്രസംഗിക്കാനും പഠിപ്പിക്കാനും കഴിയുന്നവരാണെങ്കിലും, ദൈവരാജ്യം ഭരിക്കുമ്പോൾ ഈ ഭൂമിയിൽ ജീവിക്കാൻ നമുക്കു കാത്തിരിക്കാം.