പഠന ലേഖനം 5
ഞങ്ങൾ നിങ്ങളുടെകൂടെ പോരും
“ദൈവം നിങ്ങളുടെകൂടെയുണ്ടെന്നു ഞങ്ങൾ കേട്ടു. അതുകൊണ്ട് ഞങ്ങൾ നിങ്ങളുടെകൂടെ പോരുകയാണ്.”—സെഖ. 8:23.
ഗീതം 26 നിങ്ങൾ എനിക്കായ് ചെയ്തു
പൂർവാവലോകനംa
1. നമ്മുടെ ഇക്കാലത്തെക്കുറിച്ച് യഹോവ എന്തു പറഞ്ഞിരുന്നു?
യഹോവ ഇക്കാലത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരുന്നു: “അന്നു ജനതകളിലെ എല്ലാ ഭാഷക്കാരിൽനിന്നുമുള്ള പത്തു പേർ ഒരു ജൂതന്റെ വസ്ത്രത്തിൽ പിടിച്ച്, അതിൽ മുറുകെ പിടിച്ച്, ഇങ്ങനെ പറയും: ‘ദൈവം നിങ്ങളുടെകൂടെയുണ്ടെന്നു ഞങ്ങൾ കേട്ടു. അതുകൊണ്ട് ഞങ്ങൾ നിങ്ങളുടെകൂടെ പോരുകയാണ്.’” (സെഖ. 8:23) ഇവിടെ പറയുന്ന “ജൂതൻ” പ്രതീകപ്പെടുത്തുന്നതു ദൈവം പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തവരെയാണ്. അവരെ ‘ദൈവത്തിന്റെ ഇസ്രായേൽ’ എന്നും വിളിച്ചിട്ടുണ്ട്. (ഗലാ. 6:16) “പത്തു പേർ” പ്രതീകപ്പെടുത്തുന്നതു ഭൂമിയിൽ എന്നും ജീവിക്കാൻ പ്രത്യാശയുള്ളവരെയാണ്. അഭിഷിക്തരുടെ കൂട്ടത്തിന് യഹോവയുടെ അംഗീകാരമുണ്ടെന്ന് അവർക്ക് അറിയാം. അഭിഷിക്തരുടെകൂടെ യഹോവയെ സേവിക്കുന്നത് ഒരു ബഹുമതിയായി അവർ കാണുന്നു.
2. “പത്തു പേർ” അഭിഷിക്തരുടെകൂടെ ‘പോകുന്നത്’ എങ്ങനെയാണ്?
2 ഇന്നു ഭൂമിയിലുള്ള ഓരോ അഭിഷിക്തന്റെയും പേര് അറിയാൻ കഴിയില്ലെങ്കിലുംb ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവർക്ക് അഭിഷിക്തരുടെ “കൂടെ” പോകാൻ കഴിയും. എങ്ങനെ? ‘പത്തു പേർ ഒരു ജൂതന്റെ വസ്ത്രത്തിൽ മുറുകെ പിടിച്ച്’ എന്താണു പറയുന്നതെന്നു ശ്രദ്ധിക്കുക: “ദൈവം നിങ്ങളുടെകൂടെയുണ്ടെന്നു ഞങ്ങൾ കേട്ടു. അതുകൊണ്ട് ഞങ്ങൾ നിങ്ങളുടെകൂടെ പോരുകയാണ്.” തിരുവെഴുത്ത് ഒരു ജൂതനെക്കുറിച്ചാണു പറയുന്നതെങ്കിലും “നിങ്ങളുടെ” എന്ന പദം ഒന്നിലധികം ആളുകളെയാണു കുറിക്കുന്നത്. അതിന് അർഥം, ‘ജൂതൻ’ ഏതെങ്കിലും ഒരു വ്യക്തിയെയല്ല, അഭിഷിക്തരുടെ മുഴുകൂട്ടത്തെയും ആണ് പ്രതിനിധാനം ചെയ്യുന്നത് എന്നാണ്. അഭിഷിക്തരല്ലാത്തവർ അഭിഷിക്തരുടെകൂടെ യഹോവയെ സേവിക്കുന്നു. എന്നാൽ അഭിഷിക്തരെ നേതാക്കന്മാരായി അവർ കാണുന്നില്ല. കാരണം യേശുവാണു തങ്ങളുടെ നേതാവെന്ന് അവർക്ക് അറിയാം.—മത്താ. 23:10.
3. ഈ ലേഖനത്തിൽ ഏതെല്ലാം ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടും?
3 ഇപ്പോഴും ചില അഭിഷിക്തക്രിസ്ത്യാനികൾ നമ്മുടെ ഇടയിലുള്ളതുകൊണ്ട് ചിലർ ഇങ്ങനെ ചിന്തിച്ചേക്കാം: (1) അഭിഷിക്തക്രിസ്ത്യാനികൾ സ്വയം എങ്ങനെ കാണണം? (2) സ്മാരകത്തിന് അപ്പവും വീഞ്ഞും കഴിക്കുന്നവരോടു മറ്റുള്ളവർ എങ്ങനെയാണ് ഇടപെടേണ്ടത്? (3) അവരുടെ എണ്ണം കൂടിക്കൂടിവരുന്നതിൽ നമ്മൾ ഉത്കണ്ഠപ്പെടണോ? ഈ ലേഖനം ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തരും.
അഭിഷിക്തക്രിസ്ത്യാനികൾ സ്വയം എങ്ങനെ കാണണം?
4. 1 കൊരിന്ത്യർ 11:27-29-ലെ ഏതു മുന്നറിയിപ്പ് അഭിഷിക്തക്രിസ്ത്യാനികൾ ഗൗരവമായി എടുക്കണം, എന്തുകൊണ്ട്?
4 അഭിഷിക്തക്രിസ്ത്യാനികൾ 1 കൊരിന്ത്യർ 11:27-29-ൽ (വായിക്കുക.) കാണുന്ന മുന്നറിയിപ്പു ഗൗരവമായി എടുക്കണം. സ്മാരകത്തിന് അപ്പവും വീഞ്ഞും കഴിക്കുന്നതിന്റെ പേരിൽ ഒരു അഭിഷിക്തൻ എങ്ങനെ ‘കുറ്റക്കാരനായേക്കാം?’ യഹോവയുടെ നീതിയുള്ള നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാതെയാണ് അദ്ദേഹം അപ്പവും വീഞ്ഞും കഴിക്കുന്നതെങ്കിൽ അദ്ദേഹം കുറ്റക്കാരനാകും. (എബ്രാ. 6:4-6; 10:26-29) ‘ക്രിസ്തുയേശുവിലൂടെ ദൈവം തരുന്ന സ്വർഗീയവിളിയെന്ന സമ്മാനം’ ലഭിക്കണമെങ്കിൽ അവസാനംവരെ വിശ്വസ്തരായിരിക്കണമെന്ന് അഭിഷിക്തർക്ക് അറിയാം.—ഫിലി. 3:13-16.
5. അഭിഷിക്തക്രിസ്ത്യാനികൾ തങ്ങളെക്കുറിച്ച് എങ്ങനെ ചിന്തിക്കുന്നില്ല?
5 അഹങ്കാരമല്ല, താഴ്മ എന്ന ഗുണമുണ്ടായിരിക്കാനാണു പരിശുദ്ധാത്മാവ് ദൈവദാസരെ സഹായിക്കുന്നത്. (എഫെ. 4:1-3; കൊലോ. 3:10, 12) അതുകൊണ്ട് തങ്ങൾ മറ്റുള്ളവരെക്കാൾ വലിയവരാണെന്ന് അഭിഷിക്തർ ചിന്തിക്കുന്നില്ല. യഹോവ തങ്ങൾക്കു മറ്റുള്ളവരെക്കാൾ കൂടുതലായി പരിശുദ്ധാത്മാവിനെ തരണമെന്നില്ലെന്ന് അവർക്ക് അറിയാം. മറ്റുള്ളവരെക്കാൾ നന്നായി ബൈബിൾസത്യങ്ങൾ അറിയാമെന്ന് അവർ കരുതുന്നില്ല. അവർ ഒരിക്കലും മറ്റൊരാളോട്, ആ വ്യക്തിയും അഭിഷിക്തനാണെന്നും അപ്പവീഞ്ഞുകൾ കഴിക്കണമെന്നും പറയില്ല. പകരം, സ്വർഗീയപ്രത്യാശയുള്ളവരെ തിരഞ്ഞെടുക്കുന്നത് യഹോവയാണെന്ന് അവർ താഴ്മയോടെ മനസ്സിലാക്കുന്നു.
6. 1 കൊരിന്ത്യർ 4:7, 8 അനുസരിച്ച്, അഭിഷിക്തക്രിസ്ത്യാനികൾ എങ്ങനെ പെരുമാറണം?
6 സ്വർഗീയവിളി കിട്ടിയത് ഒരു ബഹുമതിയായി കാണുന്നെങ്കിലും, മറ്റുള്ളവർ തങ്ങളോടു പ്രത്യേക പരിഗണന കാണിക്കണമെന്ന് അഭിഷിക്തർ കരുതുന്നില്ല. (ഫിലി. 2:2, 3) മറ്റുള്ളവരെ അറിയിച്ചുകൊണ്ടല്ല യഹോവ തങ്ങളെ അഭിഷേകം ചെയ്തതെന്ന് അവർക്ക് അറിയാം. അതുകൊണ്ട് താൻ അഭിഷിക്തനാണെന്നു പെട്ടെന്ന് ആരും വിശ്വസിച്ചില്ലെങ്കിലും ആ വ്യക്തിക്ക് അതിശയം തോന്നില്ല. ദൈവം തങ്ങൾക്ക് ഒരു പ്രത്യേക ഉത്തരവാദിത്വം തന്നിട്ടുണ്ടെന്നു പറയുന്നവരെ കണ്ണുമടച്ച് വിശ്വസിക്കരുതെന്ന ബൈബിളിന്റെ ഉപദേശം അവർക്ക് അറിയാം. (വെളി. 2:2) മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഒരു അഭിഷിക്തൻ ആഗ്രഹിക്കില്ല. അതുകൊണ്ടുതന്നെ പരിചയപ്പെടുന്നവരോടൊക്കെ താൻ അഭിഷിക്തനാണെന്ന് അദ്ദേഹം പറയില്ല. അതെക്കുറിച്ച് മറ്റുള്ളവരോട് ഒരിക്കലും വീമ്പിളക്കുകയുമില്ല.—1 കൊരിന്ത്യർ 4:7, 8 വായിക്കുക.
7. അഭിഷിക്തർ എന്തു ചെയ്യുന്നത് ഒഴിവാക്കും, എന്തുകൊണ്ട്?
7 ചില ക്ലബ്ബുകളിലെ അംഗങ്ങൾ ആ ക്ലബ്ബിലെ അംഗങ്ങളുമായി മാത്രമേ സമയം ചെലവിടാറുള്ളൂ. അതുപോലെയല്ല അഭിഷിക്തക്രിസ്ത്യാനികൾ. മറ്റ് അഭിഷിക്തരുമായി മാത്രമേ സമയം ചെലവഴിക്കാവൂ എന്ന് അവർ ചിന്തിക്കുന്നില്ല. അഭിഷേകം പ്രാപിച്ചതിനെക്കുറിച്ച് സംസാരിക്കാനോ ബൈബിൾപഠന ഗ്രൂപ്പുകൾ തുടങ്ങാനോ വേണ്ടി അവർ മറ്റ് അഭിഷിക്തരെ തേടിപ്പിടിക്കില്ല. (ഗലാ. 1:15-17) അവർ ഇങ്ങനെയൊക്കെ ചെയ്താൽ സഭയുടെ ഐക്യത്തെ അതു ബാധിക്കും. സമാധാനവും ഐക്യവും ഉള്ളവരായിരിക്കാൻ ദൈവജനത്തെ സഹായിക്കുന്ന പരിശുദ്ധാത്മാവിന് എതിരെ അവർ പ്രവർത്തിക്കുകയായിരിക്കും.—റോമ. 16:17, 18.
അഭിഷിക്തരോടു മറ്റുള്ളവർ എങ്ങനെ ഇടപെടണം?
8. അപ്പവീഞ്ഞുകളിൽ പങ്കുപറ്റുന്നവരോട് ഇടപെടുന്ന വിധം നമ്മൾ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്? (അടിക്കുറിപ്പും കാണുക.)
8 അഭിഷിക്തരായ സഹോദരന്മാരോടും സഹോദരിമാരോടും നമ്മൾ എങ്ങനെയാണ് ഇടപെടേണ്ടത്? ഒരാൾക്ക് അതിരു കവിഞ്ഞ ബഹുമാനം കൊടുക്കുന്നത് തെറ്റാണ്, ആ വ്യക്തി ക്രിസ്തുവിന്റെ ഒരു അഭിഷിക്ത സഹോദരനാണെങ്കിൽപ്പോലും. (മത്താ. 23:8-12) മൂപ്പന്മാരുടെ കാര്യത്തിൽ, ‘അവരുടെ വിശ്വാസം അനുകരിക്കാൻ’ ബൈബിൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്, പക്ഷേ ഒരു മനുഷ്യനെയും നമ്മുടെ നേതാവാക്കാൻ ബൈബിൾ പറയുന്നില്ല. (എബ്രാ. 13:7) ചിലർ ‘ഇരട്ടി ബഹുമാനത്തിനു യോഗ്യരാണെന്ന്’ ബൈബിൾ പറയുന്നുണ്ട്, അതു പക്ഷേ അവർ അഭിഷിക്തരായതുകൊണ്ടല്ല, ‘നന്നായി നേതൃത്വമെടുക്കുന്നതുകൊണ്ടും’ ‘പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിൽ അധ്വാനിക്കുന്നതുകൊണ്ടും’ ആണ്. (1 തിമൊ. 5:17) അഭിഷിക്തരെ കണക്കിലധികം പുകഴ്ത്തുകയോ അവരോടു പ്രത്യേക പരിഗണന കാണിക്കുകയോ ചെയ്യുന്നത് അവരെ അസ്വസ്ഥരാക്കിയേക്കാം.c ചിലപ്പോൾ അവരുടെ ഉള്ളിൽ അഹങ്കാരം വളർന്നുവരാൻപോലും അത് ഇടയാക്കിയേക്കാം. (റോമ. 12:3) നമ്മൾ എന്തെങ്കിലും ചെയ്തിട്ട് ക്രിസ്തുവിന്റെ ഒരു അഭിഷിക്തസഹോദരന് അങ്ങനെയൊരു തെറ്റുപറ്റാൻ നമ്മളാരും ആഗ്രഹിക്കില്ല!—ലൂക്കോ. 17:2.
9. അഭിഷിക്തസഹോദരങ്ങളെ ബഹുമാനിക്കുന്നെന്നു നമുക്ക് എങ്ങനെ കാണിക്കാം?
9 യഹോവ അഭിഷേകം ചെയ്തവരെ ബഹുമാനിക്കുന്നുണ്ടെന്നു നമുക്ക് എങ്ങനെ കാണിക്കാം? ‘അഭിഷിക്തനായി എന്ന് എങ്ങനെയാണു മനസ്സിലായത്’ എന്നതുപോലുള്ള ചോദ്യങ്ങൾ നമ്മൾ അവരോടു ചോദിക്കില്ല. അതു തികച്ചും വ്യക്തിപരമായ ഒരു കാര്യമാണ്. അത് അറിയാൻ നമുക്ക് അവകാശമില്ല. (1 തെസ്സ. 4:11; 2 തെസ്സ. 3:11) കൂടാതെ, ഒരു അഭിഷിക്തന്റെ ഇണയ്ക്കോ മാതാപിതാക്കൾക്കോ മറ്റു കുടുംബാംഗങ്ങൾക്കോ സ്വർഗീയവിളി ലഭിച്ചിട്ടുണ്ടെന്നു നമ്മൾ ചിന്തിക്കരുത്. സ്വർഗീയവിളി പാരമ്പര്യമായി കിട്ടുന്ന ഒന്നല്ല, അതു ദൈവത്തിൽനിന്ന് കിട്ടുന്നതാണ്. (1 തെസ്സ. 2:12) മറ്റുള്ളവരെ വേദനിപ്പിച്ചേക്കാവുന്ന ചോദ്യങ്ങളും നമ്മൾ ഒഴിവാക്കണം. ഉദാഹരണത്തിന്, അഭിഷിക്തനായ ഒരു സഹോദരന്റെ ഭാര്യയോട്, ഭർത്താവില്ലാതെ ഭൂമിയിൽ എന്നും ജീവിക്കുന്നതിനെക്കുറിച്ച് എന്താണു തോന്നുന്നതെന്നു നമ്മൾ ചോദിക്കില്ല. എന്തായാലും, പുതിയ ലോകത്തിൽ യഹോവ ‘ജീവനുള്ളതിന്റെയെല്ലാം ആഗ്രഹം തൃപ്തിപ്പെടുത്തുമെന്ന്’ നമുക്കു നൂറു ശതമാനം ഉറപ്പാണ്.—സങ്കീ. 145:16.
10. വ്യക്തികൾക്കു കൂടുതൽ പ്രാധാന്യം കൊടുക്കാതിരിക്കുന്നതു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?
10 അഭിഷിക്തരെ മറ്റുള്ളവരെക്കാൾ വലിയവരായി കാണാതിരിക്കുന്നതു നമുക്കും നല്ലതാണ്. എന്തുകൊണ്ട്? ചില അഭിഷിക്തർ വിശ്വാസത്തിൽനിന്ന് വീണുപോയേക്കാം എന്നു ബൈബിൾ പറയുന്നുണ്ട്. (മത്താ. 25:10-12; 2 പത്രോ. 2:20, 21) വ്യക്തികൾക്കു കൂടുതൽ പ്രാധാന്യം കൊടുത്താൽ, നമ്മൾ അവരെ അനുകരിച്ച് കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയേക്കാം. അപ്പോൾ അവർ അവിശ്വസ്തരാകുകയോ സഭ വിട്ടുപോകുകയോ ചെയ്താൽ നമ്മളും അവിശ്വസ്തരാകാനും യഹോവയെ സേവിക്കുന്നതു നിറുത്താനും സാധ്യതയുണ്ട്. അതുകൊണ്ട് അഭിഷിക്തരോ അറിയപ്പെടുന്ന സഹോദരങ്ങളോ വർഷങ്ങളായി യഹോവയെ സേവിക്കുന്നവരോ ആണെങ്കിലും നമ്മൾ വ്യക്തികൾക്കു കൂടുതൽ പ്രാധാന്യം കൊടുക്കില്ല.
അപ്പവീഞ്ഞുകൾ കഴിക്കുന്നവരുടെ എണ്ണത്തെക്കുറിച്ച് ഉത്കണ്ഠപ്പെടണോ?
11. അപ്പവീഞ്ഞുകൾ കഴിക്കുന്നവരുടെ എണ്ണത്തിന്റെ കാര്യത്തിൽ എന്തു മാറ്റമാണു വന്നിരിക്കുന്നത്?
11 വർഷങ്ങളായി അപ്പവീഞ്ഞുകൾ കഴിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുകയായിരുന്നു. എന്നാൽ ഈ അടുത്ത കാലത്ത്, ഓരോ വർഷം കഴിയുമ്പോഴും ആ എണ്ണം കൂടിക്കൂടിവരുന്നതായിട്ടാണു കാണുന്നത്. അതെക്കുറിച്ച് നമ്മൾ ഉത്കണ്ഠപ്പെടണോ? വേണ്ടാ. നമ്മൾ ഓർത്തിരിക്കേണ്ട ചില കാര്യങ്ങൾ നമുക്കു നോക്കാം.
12. സ്മാരകചിഹ്നങ്ങളിൽ പങ്കുപറ്റുന്നവരുടെ എണ്ണത്തെക്കുറിച്ച് നമ്മൾ ഉത്കണ്ഠപ്പെടേണ്ടതില്ലാത്തത് എന്തുകൊണ്ട്?
12 “യഹോവ തനിക്കുള്ളവരെ അറിയുന്നു.” (2 തിമൊ. 2:19) ശരിക്കും അഭിഷിക്തർ ആരാണെന്ന് യഹോവയ്ക്ക് അറിയാം. എന്നാൽ സ്മാരകചിഹ്നങ്ങളിൽ പങ്കുപറ്റുന്നവരുടെ എണ്ണമെടുക്കുന്ന സഹോദരങ്ങൾക്ക് അത് അറിയാൻ കഴിയില്ല. അതുകൊണ്ട് അഭിഷിക്തരല്ലാതിരിക്കെ തങ്ങൾ അഭിഷിക്തരാണെന്നു കരുതുന്ന ആളുകളുടെ എണ്ണവും ഇതിൽ വരും. അപ്പവീഞ്ഞുകൾ കഴിച്ചിരുന്ന പലരും പിന്നീട് അതു നിറുത്തിയത് അതിനു തെളിവാണ്. വേറെ ചിലർ മാനസികമോ വൈകാരികമോ ആയ പ്രശ്നങ്ങൾ കാരണം തങ്ങൾ ക്രിസ്തുവിന്റെകൂടെ സ്വർഗത്തിൽ ഭരിക്കുമെന്നു ചിന്തിക്കുന്നു. ഭൂമിയിൽ ഇപ്പോൾ എത്ര അഭിഷിക്തരുണ്ടെന്നു നമുക്കു കൃത്യമായി അറിയില്ല എന്നതാണു സത്യം.
13. മഹാകഷ്ടത തുടങ്ങുന്ന സമയത്ത് എത്ര അഭിഷിക്തർ ഭൂമിയിൽ കാണുമെന്നു ബൈബിൾ പറയുന്നുണ്ടോ?
13 അഭിഷിക്തരെ സ്വർഗത്തിലേക്കു കൂട്ടിച്ചേർക്കാൻ യേശു വരുമ്പോൾ ഭൂമിയുടെ പല ഭാഗങ്ങളിൽ അവർ ഉണ്ടായിരിക്കും. (മത്താ. 24:31) അഭിഷിക്തരായ കുറച്ച് പേർ അവസാനകാലത്ത് ഭൂമിയിലുണ്ടായിരിക്കുമെന്നു ബൈബിൾ സൂചിപ്പിക്കുന്നു. (വെളി. 12:17) എന്നാൽ മഹാകഷ്ടത തുടങ്ങുന്ന സമയത്ത് അവരിൽ എത്ര പേർ ഭൂമിയിൽ ഉണ്ടായിരിക്കുമെന്നോ അവർ എവിടെയൊക്കെ ആയിരിക്കുമെന്നോ ബൈബിൾ പറയുന്നില്ല.
14. റോമർ 9:11, 16 പറയുന്നതുപോലെ, അഭിഷിക്തരുടെ തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ നമ്മൾ ഏതു കാര്യം ഓർത്തിരിക്കണം?
14 അഭിഷിക്തരെ എപ്പോൾ തിരഞ്ഞെടുക്കണമെന്നു തീരുമാനിക്കുന്നത് യഹോവയാണ്. (റോമ. 8:28-30) യേശുവിന്റെ പുനരുത്ഥാനത്തിനു ശേഷമാണ് യഹോവ അഭിഷിക്തരെ തിരഞ്ഞെടുക്കാൻ തുടങ്ങിയത്. സാധ്യതയനുസരിച്ച് ഒന്നാം നൂറ്റാണ്ടിലെ എല്ലാ ക്രിസ്ത്യാനികളും അഭിഷിക്തരായിരുന്നു. തുടർന്ന് വന്ന നൂറ്റാണ്ടുകളിൽ ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ടിരുന്ന മിക്കവരും ശരിക്കും അങ്ങനെയല്ലായിരുന്നു. എന്നാൽ അക്കാലത്തും യഥാർഥ ക്രിസ്ത്യാനികളായ ചിലരുണ്ടായിരുന്നു. യഹോവ അവരെ അഭിഷിക്തരായി തിരഞ്ഞെടുത്തു. കളകളുടെ ഇടയിൽ വളരുമെന്നു യേശു പറഞ്ഞ ഗോതമ്പുപോലെയായിരുന്നു അവർ. (മത്താ. 13:24-30) ഈ അവസാനകാലത്തും യഹോവ 1,44,000-ത്തിൽപ്പെട്ടവരെ തിരഞ്ഞെടുത്തുകൊണ്ടിരിക്കുന്നു.d അതുകൊണ്ട് അവസാനം വരുന്നതിനു തൊട്ടുമുമ്പ് ദൈവം ചിലരെ തിരഞ്ഞെടുക്കാൻ തീരുമാനിക്കുന്നെങ്കിൽ, നമ്മൾ ദൈവത്തിന്റെ ജ്ഞാനത്തെ സംശയിക്കരുത്. (റോമർ 9:11, 16 വായിക്കുക.)e യേശുവിന്റെ ഒരു ദൃഷ്ടാന്തത്തിലെ പണിക്കാരുടെ കാര്യമെടുക്കുക. അവസാനമണിക്കൂറിൽ പണിയെടുക്കാൻ വന്നവരോടു യജമാനൻ ഇടപെട്ട വിധത്തെക്കുറിച്ച് അവർ പരാതി പറഞ്ഞു. അവരെപ്പോലെയാകാതിരിക്കാൻ നമുക്കു ശ്രദ്ധിക്കാം.—മത്താ. 20:8-15.
15. അഭിഷിക്തരായ എല്ലാവരും മത്തായി 24:45-47-ൽ പറഞ്ഞിരിക്കുന്ന ‘വിശ്വസ്തനും വിവേകിയും ആയ അടിമയുടെ’ ഭാഗമാണോ? വിശദീകരിക്കുക.
15 സ്വർഗീയപ്രത്യാശയുള്ള എല്ലാവരും ‘വിശ്വസ്തനും വിവേകിയും ആയ അടിമയുടെ’ ഭാഗമല്ല. (മത്തായി 24:45-47 വായിക്കുക.) ഒന്നാം നൂറ്റാണ്ടിലേതുപോലെതന്നെ, യഹോവയും യേശുവും ഏതാനും ചില സഹോദരന്മാരെ ഉപയോഗിച്ചാണ് അനേകർക്ക് ആഹാരം കൊടുക്കുന്നത്, അഥവാ അനേകരെ പഠിപ്പിക്കുന്നത്. ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ എഴുതാൻ അഭിഷിക്തരായ ചില ക്രിസ്ത്യാനികളെ മാത്രമേ ഉപയോഗിച്ചുള്ളൂ. ഇക്കാലത്തും ഏതാനും ചില അഭിഷിക്തക്രിസ്ത്യാനികൾക്കാണു ദൈവജനത്തിന് ‘തക്കസമയത്ത് ഭക്ഷണം കൊടുക്കാനുള്ള’ ഉത്തരവാദിത്വമുള്ളത്.
16. ഈ ലേഖനത്തിൽനിന്ന് നിങ്ങൾ എന്തു പഠിച്ചു?
16 ഈ ലേഖനത്തിൽനിന്ന് നമ്മൾ എന്തു പഠിച്ചു? യഹോവ തന്റെ ജനത്തിലെ ഭൂരിപക്ഷം പേർക്കും ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയും യേശുവിനോടൊപ്പം ഭരിക്കാനുള്ള കുറച്ച് പേർക്കു സ്വർഗീയപ്രത്യാശയും കൊടുക്കാൻ തീരുമാനിച്ചു. യഹോവ തന്റെ എല്ലാ ദാസർക്കും, ‘ജൂതനും’ ‘പത്തു പേർക്കും,’ പ്രതിഫലം കൊടുക്കുകതന്നെ ചെയ്യും. രണ്ടു കൂട്ടരും അവസാനംവരെ വിശ്വസ്തരായിരിക്കാനും തന്റെ എല്ലാ നിയമങ്ങളും അനുസരിക്കാനും ദൈവം പ്രതീക്ഷിക്കുന്നു. എല്ലാവരും താഴ്മയുള്ളവരായിരിക്കണം. എല്ലാവരും ഒരുമിച്ച് ഐക്യത്തോടെ യഹോവയെ സേവിക്കണം. എല്ലാവരും സഭയുടെ സമാധാനത്തിനുവേണ്ടി പ്രവർത്തിക്കണം. അവസാനം അടുത്തടുത്ത് വരുന്ന ഈ സമയത്ത് ‘ഒറ്റ ആട്ടിൻകൂട്ടമായി’ ക്രിസ്തുവിനെ അനുഗമിച്ചുകൊണ്ട് നമുക്ക് യഹോവയെ സേവിക്കാം.—യോഹ. 10:16.
a ഈ വർഷം ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം ആചരിക്കുന്നത് ഏപ്രിൽ 7 ചൊവ്വാഴ്ചയാണ്. സ്മാരകത്തിന് അപ്പവും വീഞ്ഞും കഴിക്കുന്നവരെ നമ്മൾ എങ്ങനെയാണു കാണേണ്ടത്? അവരുടെ എണ്ണം കൂടിക്കൂടിവരുന്നതിൽ നമ്മൾ ഉത്കണ്ഠപ്പെടണോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മൾ ചർച്ച ചെയ്യും. 2016 ജനുവരി ലക്കം വീക്ഷാഗോപുരത്തിൽ വന്ന ലേഖനത്തെ അടിസ്ഥാനമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്.
b സങ്കീർത്തനം 87:5, 6 അനുസരിച്ച്, യേശുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കുന്നവരുടെ പേരുകൾ ദൈവം ഭാവിയിൽ വെളിപ്പെടുത്തിയേക്കാം.—റോമ. 8:19.
c 2016 ജനുവരി ലക്കം വീക്ഷാഗോപുരത്തിന്റെ 27-ാം പേജിലെ “സ്നേഹം ‘അയോഗ്യമായി പെരുമാറുന്നില്ല’” എന്ന ചതുരം കാണുക.
d പരിശുദ്ധാത്മാവിനെ പകരുന്നതു യേശുവിലൂടെയാണെന്നു പ്രവൃത്തികൾ 2:33 പറയുന്നുണ്ടെങ്കിലും, ഓരോ വ്യക്തിയെയും ക്ഷണിക്കുന്നത് യഹോവയാണ്.
e കൂടുതൽ വിവരങ്ങൾക്ക്, 2007 മെയ് 1 ലക്കം വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.
ഗീതം 34 നിഷ്കളങ്കരായി നടക്കാം
f ചിത്രക്കുറിപ്പ്: ഒരു കൺവെൻഷനിൽവെച്ച് ലോകാസ്ഥാനപ്രതിനിധിയുടെയും ഭാര്യയുടെയും ഫോട്ടോ എടുക്കാൻ സഹോദരങ്ങൾ തിക്കിത്തിരക്കുന്നു. ഇത് ഉചിതമാണോ?