പാഠം 30
മരിച്ചുപോയ പ്രിയപ്പെട്ടവർ വീണ്ടും ജീവനിലേക്കു വരും!
പറഞ്ഞറിയിക്കാൻ പറ്റാത്ത വിഷമവും പ്രയാസവും ആണ് മരണംകൊണ്ട് ഉണ്ടാകുന്നത്. ബൈബിൾ മരണത്തെ ശത്രു എന്നു വിളിക്കുന്നു. (1 കൊരിന്ത്യർ 15:26) ഈ ശത്രുവിനെ യഹോവ ഇല്ലാതാക്കുമെന്ന് 27-ാം പാഠത്തിൽ നമ്മൾ മനസ്സിലാക്കി. എന്നാൽ ഇതുവരെ മരിച്ചുപോയ ആളുകളുടെ കാര്യമോ? യഹോവയുടെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു വാഗ്ദാനത്തെക്കുറിച്ചാണ് ഈ പാഠത്തിൽ നമ്മൾ മനസ്സിലാക്കാൻ പോകുന്നത്—പുനരുത്ഥാനം! അതായത് മരിച്ചുപോയ കോടിക്കണക്കിന് ആളുകളെ യഹോവ തിരികെ ജീവനിലേക്ക് കൊണ്ടുവരും! അവർ എന്നേക്കും ജീവിതം ആസ്വദിക്കും! ഇതു ശരിക്കും നടക്കുന്ന കാര്യമാണോ? അവർ ജീവനിലേക്കു വരുന്നത് എങ്ങോട്ടായിരിക്കും? സ്വർഗത്തിലേക്കോ അതോ ഭൂമിയിലേക്കോ?
1. മരിച്ചുപോയ പ്രിയപ്പെട്ടവർക്കുവേണ്ടി എന്തു ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നത്?
മരിച്ചുപോയവരെ വീണ്ടും ജീവനിലേക്കു കൊണ്ടുവരാൻ യഹോവ വളരെയധികം ആഗ്രഹിക്കുന്നു. ദൈവദാസനായ ഇയ്യോബ് ഒരിക്കൽ ദൈവത്തോട് ഇങ്ങനെ പറഞ്ഞു: “അങ്ങ് വിളിക്കും, (ശവക്കുഴിയിൽനിന്ന്) ഞാൻ വിളി കേൾക്കും.” (ഇയ്യോബ് 14:13-15 വായിക്കുക.) താൻ മരിച്ചുപോയാലും ദൈവം തന്നെ മറക്കില്ല എന്ന ഉറപ്പ് ഇയ്യോബിനുണ്ടായിരുന്നു.
2. മരിച്ചവർ വീണ്ടും ജീവനിലേക്കു വരുമെന്ന് ഉറപ്പുള്ളത് എന്തുകൊണ്ട്?
ഭൂമിയിലായിരുന്നപ്പോൾ, മരിച്ചുപോയവരെ വീണ്ടും ജീവനിലേക്കു കൊണ്ടുവരാനുള്ള ശക്തി ദൈവം യേശുവിനു കൊടുത്തു. അതിന് ഉദാഹരണമാണ് 12 വയസ്സുള്ള ഒരു പെൺകുട്ടിയെയും ഒരു വിധവയുടെ മകനെയും യേശു ഉയിർപ്പിച്ചത്. (മർക്കോസ് 5:41, 42; ലൂക്കോസ് 7:12-15) മറ്റൊരിക്കൽ, യേശുവിന്റെ സുഹൃത്തായ ലാസറിനെയും യേശു ഉയിർപ്പിച്ചു. ലാസർ മരിച്ചിട്ട് നാലു ദിവസം കഴിഞ്ഞിരുന്നു! ദൈവത്തോടു പ്രാർഥിച്ചതിനു ശേഷം യേശു കല്ലറയുടെ അടുത്തുനിന്ന് ഇങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞു: “ലാസറേ, പുറത്ത് വരൂ.” അപ്പോൾ “മരിച്ചയാൾ പുറത്ത് വന്നു.” (യോഹന്നാൻ 11:43, 44) ലാസർ ജീവനോടെ തിരികെ വന്നപ്പോൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും എത്ര സന്തോഷം തോന്നിക്കാണും!
3. മരിച്ചുപോയ പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശയാണ് ഉള്ളത്?
“പുനരുത്ഥാനം ഉണ്ടാകും” എന്ന് ബൈബിൾ ഉറപ്പുതരുന്നു. (പ്രവൃത്തികൾ 24:15) മരിച്ചുപോയ ആളുകളെ യേശു പുനരുത്ഥാനപ്പെടുത്തിയത് അഥവാ ഉയിർപ്പിച്ചത് ഭൂമിയിലേക്കാണ്, അല്ലാതെ സ്വർഗത്തിലേക്കല്ല. (യോഹന്നാൻ 3:13) വീണ്ടും ഈ ഭൂമിയിൽ ജീവിക്കാൻ കഴിഞ്ഞതിൽ അവർക്ക് എത്ര സന്തോഷം തോന്നിക്കാണും! മരിച്ചുപോയ കോടിക്കണക്കിന് ആളുകളെ ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാനായി യേശു ഉയിർപ്പിക്കും. “സ്മാരകക്കല്ലറകളിലുള്ള എല്ലാവരും” ഉയിർത്തെഴുന്നേൽക്കും എന്നാണ് യേശു പറഞ്ഞത്. അതായത്, ദൈവത്തിന്റെ ഓർമയിലുള്ള എല്ലാവരും ഉയിർത്തെഴുന്നേൽക്കും. അതിൽ മനുഷ്യരുടെ ഓർമയിൽ ഇല്ലാത്ത അനേകർ ഉണ്ടാകും.—യോഹന്നാൻ 5:28, 29.
ആഴത്തിൽ പഠിക്കാൻ
മരിച്ചുപോയവരെ ദൈവം വീണ്ടും ജീവനിലേക്കു കൊണ്ടുവരും എന്നതിനു ബൈബിളിൽ എന്തൊക്കെ തെളിവുകളുണ്ട്? പുനരുത്ഥാനം എങ്ങനെയാണ് നമുക്ക് ആശ്വാസവും പ്രത്യാശയും തരുന്നത്? നമുക്കു നോക്കാം.
4. മരിച്ചവരെ ഉയിർപ്പിക്കാൻ കഴിയുമെന്ന് യേശു തെളിയിച്ചു
തന്റെ സുഹൃത്തായ ലാസർ മരിച്ചപ്പോൾ യേശു ചെയ്ത കാര്യങ്ങളെക്കുറിച്ച് വിശദമായി മനസ്സിലാക്കാൻ യോഹന്നാൻ 11:14, 38-44 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
ലാസർ ശരിക്കും മരിച്ചെന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാം?—39-ാം വാക്യം കാണുക.
ലാസർ സ്വർഗത്തിൽ പോയിട്ടുണ്ടായിരുന്നെങ്കിൽ അവിടത്തെ നല്ല അവസ്ഥയിൽനിന്ന് ലാസറിനെ യേശു തിരികെ ഭൂമിയിലേക്ക് കൊണ്ടുവരുമായിരുന്നു എന്നു തോന്നുന്നുണ്ടോ?
5. അനേകർ ഉയിർപ്പിക്കപ്പെടും!
സങ്കീർത്തനം 37:29 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
കോടിക്കണക്കിന് ആളുകൾ എവിടേക്കായിരിക്കും പുനരുത്ഥാനപ്പെട്ടു വരുന്നത്?
യഹോവയെ ആരാധിക്കുന്നവരെ കൂടാതെ മറ്റ് അനേകരെയും യേശു തിരികെ ജീവനിലേക്കു കൊണ്ടുവരും. പ്രവൃത്തികൾ 24:15 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ആരൊക്കെ തിരികെ ജീവനിലേക്കു വന്നുകാണാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?
ചിന്തിച്ചുനോക്കൂ: ഉറങ്ങിക്കിടക്കുന്ന ഒരു കുട്ടിയെ പിതാവ് വിളിച്ച് എഴുന്നേൽപ്പിക്കുന്നതുപോലെ മരിച്ചുപോയവരെ വീണ്ടും ജീവനിലേക്കു കൊണ്ടുവരാൻ യേശുവിനു കഴിയും
6. പുനരുത്ഥാനം നമുക്ക് ആശ്വാസവും പ്രത്യാശയും തരുന്നു
പ്രിയപ്പെട്ടവരുടെ മരണത്തിൽ വിഷമിച്ചിരിക്കുന്ന ധാരാളം പേർക്ക് യായീറൊസിന്റെ മകളെ ഉയിർപ്പിച്ച ബൈബിൾ ഭാഗം ആശ്വാസവും പ്രോത്സാഹനവും കൊടുത്തിട്ടുണ്ട്. ആ ബൈബിൾ വിവരണത്തെക്കുറിച്ച് അറിയാൻ ലൂക്കോസ് 8:40-42, 49-56 വായിക്കുക.
യായീറൊസിന്റെ മകളെ ഉയിർപ്പിക്കുന്നതിനുമുമ്പ് യേശു അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു. “പേടിക്കേണ്ടാ, വിശ്വസിച്ചാൽ മാത്രം മതി.” (50-ാം വാക്യം കാണുക.) താഴെപ്പറയുന്ന സാഹചര്യങ്ങളിൽ പുനരുത്ഥാന പ്രത്യാശ നിങ്ങളെ എങ്ങനെയാണ് സഹായിക്കുന്നത് . . .
പ്രിയപ്പെട്ട ആരെങ്കിലും മരിക്കുമ്പോൾ
ജീവൻ അപകടത്തിലാകുമ്പോൾ
വീഡിയോ കാണുക. അതിനു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:
പുനരുത്ഥാന പ്രത്യാശ ഫെലിസിറ്റിയുടെ മാതാപിതാക്കളെ എങ്ങനെയാണ് ആശ്വസിപ്പിച്ചത്?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “മരിച്ചുപോയവർ വീണ്ടും ഭൂമിയിൽ ജീവിക്കുമെന്നു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കാനാ?”
നിങ്ങൾ എന്തു മറുപടി പറയും?
നിങ്ങൾ ഏതു ബൈബിൾവാക്യം ഉപയോഗിക്കും?
ചുരുക്കത്തിൽ
മരിച്ചുപോയ കോടിക്കണക്കിന് ആളുകൾ ഉയിർപ്പിക്കപ്പെടുമെന്ന് ബൈബിൾ ഉറപ്പുതരുന്നു. അവരെല്ലാവരും വീണ്ടും ജീവിച്ചുകാണാൻ യഹോവ ആഗ്രഹിക്കുന്നു. അവരെ ഉയിർപ്പിക്കാനുള്ള അധികാരം യേശുവിനു കൊടുത്തിരിക്കുന്നു.
ഓർക്കുന്നുണ്ടോ?
മരിച്ചവരെ ഉയിർപ്പിക്കാൻ യഹോവയും യേശുവും ആഗ്രഹിക്കുന്നെന്ന് എങ്ങനെ അറിയാം?
കോടിക്കണക്കിന് ആളുകൾ പുനരുത്ഥാനപ്പെട്ട് വരുന്നത് സ്വർഗത്തിലേക്കാണോ ഭൂമിയിലേക്കാണോ? എന്തുകൊണ്ട്?
മരിച്ചുപോയ പ്രിയപ്പെട്ടവർ വീണ്ടും ജീവനിലേക്കു വരുമെന്ന് നിങ്ങൾക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്?
കൂടുതൽ മനസ്സിലാക്കാൻ
ദുഃഖഭാരം കുറയ്ക്കാൻ നിങ്ങൾക്കു ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ചു മനസ്സിലാക്കുക.
പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്ന ഒരാളെ ബൈബിൾ വാക്യങ്ങൾ എങ്ങനെ സഹായിക്കും?
പ്രിയപ്പെട്ടവരുടെ മരണത്തിൽ വിഷമിച്ചിരിക്കുന്ന കുട്ടികളെ എങ്ങനെ സഹായിക്കാം?
സ്വർഗത്തിലേക്ക് ആരെങ്കിലും ഉയിർപ്പിക്കപ്പെടുമോ? പുനരുത്ഥാനത്തിൽ വരാത്തത് ആരാണ്?