ഏററവും വലിയ രണ്ടു സ്നേഹപ്രകടനങ്ങളോടു വിലമതിപ്പു പ്രകടമാക്കൽ
“നമ്മെ സംബന്ധിച്ചാണെങ്കിൽ, നാം സ്നേഹിക്കുന്നത് അവൻ നമ്മെ ആദ്യം സ്നേഹിച്ചതുകൊണ്ടാണ്.”—1 യോഹന്നാൻ 4:19.
1. യേശു നമുക്കുവേണ്ടി എന്തു ദൃഷ്ടാന്തം വെച്ചു?
യഹോവയാം ദൈവവും യേശുക്രിസ്തുവും നമ്മോടു പ്രകടമാക്കിയിരിക്കുന്ന വലിയ സ്നേഹത്തോട് നമുക്ക് എങ്ങനെ ഏററവും നന്നായി വിലമതിപ്പു പ്രകടമാക്കാൻ കഴിയും? തന്റെ പിതാവിന്റെ നാമത്തിനും രാജ്യത്തിനും അക്ഷീണം സാക്ഷ്യം വഹിച്ച യേശുവിനെ അനുകരിക്കുകയാണ് ഒരു മുഖ്യമാർഗ്ഗം. (1 പത്രോസ് 2:21) അവൻ വീടുകളിലും സിന്നഗോഗുകളിലും ദൈവാലയത്തിലും പർവ്വതചെരുവുകളിലും കടൽത്തീരത്തും അങ്ങനെ ചെയ്തു. നമുക്ക് തുറന്നുകിട്ടിയേക്കാവുന്ന ഒൻപതു സവിശേഷമാർഗ്ഗങ്ങൾ പരിചിന്തിക്കാം.
വീടുതോറുമുള്ള പ്രവർത്തനം
2. നിങ്ങൾക്ക് വീടുതോറുമുള്ള വേലയിൽ എങ്ങനെ പിടിച്ചുനിൽക്കാം?
2 നമ്മുടെ സ്നേഹവും വിലമതിപ്പും പ്രകടമാക്കാൻ കഴിയുന്ന ഒന്നാമത്തെ മാർഗ്ഗം ദൈവരാജ്യ സുവാർത്തയുമായി വീടുതോറും പോകുകയാണ്. ഒരുപക്ഷേ ഏററവും വ്യക്തമായ മാർഗ്ഗവും അതുതന്നെയാണ്. അങ്ങനെ ചെയ്യുന്നതിന് യഥാർത്ഥ സംസാരസ്വാതന്ത്ര്യം ആവശ്യമാണ്, എന്തുകൊണ്ടെന്നാൽ അതിൽ തുടർച്ചയായി മററുള്ളവരുമായി നേരിട്ടുള്ള ഏററുമുട്ടൽ ഉൾപ്പെട്ടിരിക്കുന്നു, അവരിൽ അനേകരും നമ്മെ ഒരു ശല്യമായി വീക്ഷിച്ചേക്കാം. നാം ഉദാസീനതയേയും മുഷിച്ചിലിനെയും നിന്ദയേയും നേരിട്ടുള്ള എതിർപ്പിനെയും അഭിമുഖീകരിച്ചാൽപോലും വീടുതോറും തുടർന്നുപോകുന്നതിന് ദൈവത്തോടും അയൽക്കാരനോടുമുള്ള യഥാർത്ഥസ്നേഹം ആവശ്യമാണ്.—യെഹെസ്ക്കേൽ 3:7-9 താരതമ്യപ്പെടുത്തുക.
3. വീടുതോറുമുള്ള പ്രവർത്തനത്തിന് നിങ്ങൾക്ക് ഏത് തിരുവെഴുത്തടിസ്ഥാനമുണ്ട്?
3 തന്റെ 12 അപ്പോസ്തലൻമാരോടും പിന്നീട് 70 സുവിശേഷകൻമാരോടുമുള്ള യേശുവിന്റെ നിർദ്ദേശങ്ങളെക്കുറിച്ചുള്ള സുവിശേഷരേഖ അവർ ദൈവരാജ്യസുവാർത്ത പ്രസംഗിച്ചുകൊണ്ട് വീടുതോറും പോകണമായിരുന്നുവെന്ന് വ്യക്തമായി സൂചിപ്പിക്കുന്നു. (മത്തായി 10:5-14; ലൂക്കോസ് 10:1-7) പ്രവൃത്തികൾ 20:20-ൽ പൗലോസ് വീടുതോറും പോകുന്നതിനെക്കുറിച്ച് അവൻ നമ്മോടു പറയുന്നു. അവൻ ഇടയ സന്ദർശനം നടത്തുന്നതിന് ആ വാക്കുകൾ ബാധകമാക്കപ്പെട്ടിട്ടുണ്ട്, എന്നാൽ ഉദ്ദേശിച്ചിരിക്കുന്ന പ്രവർത്തനം സംബന്ധിച്ച് 21-ാം വാക്യം സംശയം അവശേഷിപ്പിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ “ദൈവമുമ്പാകെയുള്ള അനുതാപത്തെയും യേശുവിലുള്ള വിശ്വാസത്തെയും കുറിച്ച്,” ക്രിസ്തീയ സഹോദരീസഹോദരൻമാർക്കല്ല, “യഹൂദൻമാർക്കും യവനൻമാർക്കും ഞാൻ പൂർണ്ണമായി സാക്ഷ്യം വഹിച്ചു” എന്നു പൗലോസ് കൂട്ടിച്ചേർക്കുന്നു. ഇടയസന്ദർശനം നടത്തുമ്പോൾ ഒരു മൂപ്പൻ സാധാരണയായി ‘ദൈവമുമ്പാകെയുള്ള അനുതാപത്തിനും യേശുവിലുള്ള വിശ്വാസത്തിനും’ പ്രോത്സാഹിപ്പിക്കുന്നില്ല. യോഗങ്ങളെയോ ശുശ്രൂഷയെയോ സംബന്ധിച്ച് വർദ്ധിച്ച വിലമതിപ്പു പ്രകടമാക്കാൻ അയാൾ സഹക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു, അല്ലെങ്കിൽ അയാൾ വ്യക്തിപരമായ പ്രശ്നങ്ങൾ സംബന്ധിച്ച് അവരെ സഹായിക്കുന്നു.
4. വീടുതോറുമുള്ള പ്രസംഗത്തിൽ പങ്കെടുക്കുന്നതിന് നമ്മെ പ്രോത്സാഹിപ്പിക്കുന്നതെന്ത്?
4 വീടുതോറും പോകുന്നതിനു തിരുവെഴുത്തുപരമായ ഈടുററ അടിസ്ഥാനം ഉണ്ടെന്നു മാത്രമല്ല, ആ പ്രവർത്തനത്തിന്റെ ഫലങ്ങൾ അതിൻമേൽ യഹോവയുടെ അനുഗ്രഹമുണ്ടെന്നു തെളിയിക്കുകയും ചെയ്യുന്നു. അതെ, “ജ്ഞാനം അതിന്റെ പ്രവൃത്തികളാൽ നീതിനിഷ്ഠമെന്നു തെളിയിക്കപ്പെടുന്നു.” (മത്തായി 11:19) വീടുതോറും പോകുന്നവർ, കൂടെക്കൂടെ, തങ്ങളെ നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരുടെ അടുക്കലേക്ക് നയിക്കുന്ന ദൂതമാർഗ്ഗനിർദ്ദേശത്തിന്റെ തെളിവു കണ്ടിട്ടുണ്ട്. താൻ സഹായത്തിനായി പ്രാർത്ഥിച്ചിരുന്നുവെന്നും സാക്ഷിയുടെ സന്ദർശനം ആ പ്രാർത്ഥനയ്ക്ക് ഉത്തരമായിരുന്നുവെന്നും വീട്ടുടമ പറഞ്ഞിട്ടുണ്ട്.
5. നമ്മുടെ വീടുതോറുമുള്ള ശുശ്രൂഷക്ക് നമുക്ക് ഏതു നല്ല സഹായമുണ്ട്? അതിന് ഏതു വിവിധ വിധങ്ങളിൽ നമ്മെ സഹായിക്കാൻ കഴിയും?
5 തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ! എന്ന പുസ്തകം നമുക്ക് വയൽ സേവനത്തിന് എത്ര വലിയ സഹായമാണ്. അതിൽ ബൈബിൾ ചർച്ചകൾക്കുള്ള ആകർഷകങ്ങളായ അനേകം മുഖവുരകളും തിരുവെഴുത്തുപരമോ മതപരമോ ആയ അനവധി പ്രയോജനകരങ്ങളായ വിവരങ്ങളും അടങ്ങിയിരിക്കുന്നു. തന്നിമിത്തം അതു കൊണ്ടുനടക്കുക മാത്രമല്ല, അതിനെ പരാമർശിച്ചുകൊണ്ടിരിക്കുകയും ചെയ്യുക. വിശേഷാൽ പയനിയർമാർ ഈ വിലപ്പെട്ട വയൽസേവന സഹായിയോടുള്ള വലിയ വിലമതിപ്പ് പ്രകടമാക്കിയിട്ടുണ്ട്. കൂടുതൽ പൂർണ്ണമായും ഫലപ്രദമായും ഈ പുസ്തകം ഉപയോഗിച്ചുകൊണ്ട് ദൈവസ്നേഹത്തോടുള്ള നിങ്ങളുടെ വിലമതിപ്പ് പ്രകടമാക്കാൻ കഴിയുമോ?
6. രാജ്യസന്ദേശവുമായി വീടുതോറും പോകുന്നതിൽനിന്ന് നമുക്ക് എന്തു വ്യക്തിപരമായ പ്രയോജനം ലഭിക്കും?
6 വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കെടുക്കുന്നതിനാൽ നമുക്ക് വ്യക്തിപരമായി വലിയ പ്രയോജനം കിട്ടുമെന്നുള്ള വസ്തുത നാം അവഗണിക്കരുത്. ക്രിസ്ത്യാനികളായ നാം നമ്മുടെ വിശ്വാസമനുസരിച്ച് പ്രവർത്തിക്കുമ്പോൾ അതു കൂടുതൽ ഉറപ്പുള്ളതായിത്തീരുന്നു; നാം ബോദ്ധ്യത്തോടെ സംസാരിക്കുമ്പോൾ അത് ബലിഷ്ഠമാക്കപ്പെടുന്നു. നമ്മുടെ സ്വന്തം പ്രത്യാശ കൂടുതൽ ശോഭനമായിത്തീരാതെ നമുക്ക് മററുള്ളവരോടു നമ്മുടെ പ്രത്യാശയെക്കുറിച്ചു പറയാൻ കഴിയുന്നതല്ല. ഗലാത്യർ 5:22, 23-ൽ പറഞ്ഞിരിക്കുന്ന ആത്മാവിന്റെ ഫലങ്ങൾ നട്ടുവളർത്തുന്നതിന് വീടുതോറുമുള്ള ശുശ്രൂഷയിലെ ക്രമമായ പങ്കുപററൽ പോലെ മറെറാന്ന് പ്രയോജനപ്പെടുന്നില്ല. അതു കേവലം അങ്ങനെയായിരിക്കണം, എന്തുകൊണ്ടെന്നാൽ ബൈബിൾ നമുക്ക് ഇങ്ങനെ ഉറപ്പുനൽകുന്നു: “ഒരു ഉദാരനായ മനുഷ്യൻ അഭിവൃദ്ധിപ്പെടും; മററുള്ളവർക്ക് നവോൻമേഷം പകരുന്നവൻതന്നെ നവോൻമേഷം പ്രാപിക്കും.”—സദൃശവാക്യങ്ങൾ 11:25, ന്യൂ ഇൻറർനാഷനൽ വേർഷൻ.
മടക്കസന്ദർശനങ്ങൾ നടത്തൽ
7, 8. ന്യായാനുസൃതവും പ്രായോഗികവുമായ ഏതു കാരണങ്ങളാൽ നാം മടക്കസന്ദർശനങ്ങൾ നടത്തേണ്ടതാണ്?
7 ദൈവവും ക്രിസ്തുവും നമ്മോടു കാണിച്ച സ്നേഹത്തോടു പ്രതിവർത്തിക്കുന്നതിനുള്ള രണ്ടാമത്തെ മാർഗ്ഗം മുൻപ് രാജ്യദൂതിൽ താൽപ്പര്യം പ്രകടമാക്കിയ ആളുകൾക്ക് മടക്കസന്ദർശനം നടത്തുകയാണ്. പൗലോസും ബർന്നബാസും തങ്ങൾ പ്രസംഗിച്ചിരുന്നവരിൽ തത്പരരായിരുന്നു. (പ്രവൃത്തികൾ 15:36) യഥാർത്ഥത്തിൽ, നാം മടക്കസന്ദർശനം നടത്തണമെന്ന് പരസ്പരയോജിപ്പ് ആവശ്യപ്പെടുന്നു. വീടുതോറുമോ, അനൗപചാരികമായോ തെരുവുകളിലോ സാക്ഷീകരിക്കുമ്പോൾ നാം “തങ്ങളുടെ ആത്മീയാവശ്യത്തെക്കറിച്ചു ബോധമുള്ളവരെ” അന്വേഷിക്കുകയാണ്. (മത്തായി 5:3) ഒരു ഗ്ലാസ് ആത്മീയ ജലമോ ഒരു കഷണം ആത്മീയ അപ്പമോ അവർക്കു കൊടുക്കുന്നത് യാതൊരു പ്രകാരത്തിലും മതിയാകയില്ലെന്നു സ്പഷ്ടമാണ്. അവർ ജീവന്റെ വഴിയിൽ പ്രവേശിക്കുന്നതിന് അവർക്ക് കൂടുതൽ സഹായം ആവശ്യമാണ്.
8 നമ്മുടെ ആദ്യശ്രമങ്ങളെ സത്യത്തിന്റെ വിത്തുനടുന്നതിനോടു സാദൃശ്യപ്പെടുത്താൻ കഴിയും. എന്നാൽ അപ്പോസ്തലനായ പൗലോസ് 1 കൊരിന്ത്യർ 3:6, 7-ൽ സൂചിപ്പിച്ചതുപോലെ, കൂടുതൽ ആവശ്യമാണ്. അവൻ നട്ടതുകൊണ്ടുമാത്രം മതിയായിരുന്നില്ല. വിത്തിന് വെള്ളവും ആവശ്യമായിരുന്നു. അപ്പല്ലോസ് കൊടുത്തതുപോലെ. അപ്പോൾ ദൈവം അതിനെ വളർത്തുമെന്ന് പ്രതീക്ഷിക്കാൻ കഴിയുമായിരുന്നു. വേലയുടെ ഈ വശത്തെ ചിലർ അവഗണിക്കുകയാണ്. എന്നാൽ യഥാർത്ഥത്തിൽ വേലയുടെ ഏററവും പ്രയാസം കുറഞ്ഞ വശമാണിതെന്ന് വേറെ അനേകർ കരുതുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ നാം സന്ദർശിക്കുന്ന ആളുകൾ അപ്പോൾത്തന്നെ കുറെ താൽപ്പര്യം പ്രകടമാക്കിയിട്ടുണ്ട്.
ഭവന ബൈബിളദ്ധ്യയനങ്ങൾ നടത്തൽ
9. ഒരു ഭവന ബൈബിളദ്ധ്യയനം നടത്തുകയെന്നത് നിങ്ങളുടെ ലാക്കായിരിക്കേണ്ടതെന്തുകൊണ്ട്?
9 രാജ്യ സന്ദേശത്തിൽ താത്പര്യം പ്രകടമാക്കിയിട്ടുള്ള ആളുകൾക്ക് ക്രമമായി മടക്കസന്ദർശനം നടത്തുമ്പോൾ ഫലം മിക്കപ്പോഴും ഒരു ഭവന ബൈബിളദ്ധ്യയനമാണ്. നമുക്ക് വിലമതിപ്പു പ്രകടമാക്കാൻ കഴിയുന്ന മൂന്നാമത്തെ മാർഗ്ഗമാണത്. അതിന് ശുശ്രൂഷയുടെ ഏററവും ആസ്വാദ്യവും പ്രതിഫലദായകവുമായ വശമായിരിക്കാൻ കഴിയും. എന്തുകൊണ്ട്? ശരി, ആളുകൾ അറിവിലും ബൈബിൾ സത്യങ്ങളെക്കുറിച്ചുള്ള വിലമതിപ്പിലും വളരുന്നതും, അവർ ജീവിതത്തിൽ മാററംവരുത്തുന്നതും കാണുന്നതും, അവർ ദൈവേഷ്ടം ചെയ്യാൻ തങ്ങളേത്തന്നെ സമർപ്പിച്ചു സ്നാനമേൽക്കുന്നതുവരെ അവരെ സഹായിക്കുന്നതും എന്തോരു സന്തോഷമാണ്! അങ്ങനെയുള്ളവരെ നമ്മുടെ ആത്മീയ മക്കളായും നമ്മെ അവരുടെ ആത്മീയ മാതാപിതാക്കളായും യഥാർത്ഥമായി വീക്ഷിക്കാൻ കഴിയും.—1 കൊരിന്ത്യർ 4:14, 15; 1 പത്രോസ് 5:13, താരതമ്യപ്പെടുത്തുക.
10. ഏത് മാതൃകാപരമായ ദൃഷ്ടാന്തം ഭവന ബൈബിളദ്ധ്യയനങ്ങൾ നടത്തുന്നതിന്റെ മൂല്യം പ്രകടമാക്കുന്നു?
10 ഒരു മാതൃകാപരമായ ദൃഷ്ടാന്തം പരിചിന്തിക്കുക. കരീബിയൻ ദ്വീപിൽ വീടുതോറും പോയ ഒരു മിഷനറി ഒരു ഹിപ്പി ദമ്പതികളെ കണ്ടുമുട്ടി. അവരുടെ വീട് അശേഷം വൃത്തിയും ക്രമവും ഉള്ളതായിരുന്നില്ല. എന്നിരുന്നാലും അവർ താൽപ്പര്യം പ്രകടമാക്കി. ആ ദമ്പതികൾക്ക് ഒരു ബൈബിളദ്ധ്യയന സഹായി സമർപ്പിക്കുകയും അവരുമായി ഒരു ബൈബിളദ്ധ്യയനം തുടങ്ങുകയും ചെയ്തു. അവർക്ക് പല മക്കളുണ്ടായിരുന്നെങ്കിലും അവർ വിവാഹിതരായിരുന്നില്ല. അദ്ധ്യയനം പുരോഗമിച്ചപ്പോൾ വീട് കൂടുതൽ വൃത്തിയുള്ളതായി കാണപ്പെടാൻ തുടങ്ങി, ഇണകളും മക്കളും അങ്ങനെതന്നെ. അധികം താമസിയാതെ, ആ ഇണകൾ തങ്ങളുടെ വിവാഹം നടത്താൻ മിഷനറിയോട് അപേക്ഷിച്ചു. അങ്ങനെ അവർ സ്നാനമേൽക്കുന്നതിനുള്ള വഴിതുറന്നു. പിന്നീട് ഒരു ദിവസം പുതിയ സഹോദരൻ സന്തോഷപൂർവ്വം തന്റെ ഡ്രൈവിംഗ് ലൈസൻസ് കാണിച്ചു, അത് അയാൾ ആദ്യമായി എടുത്തതായിരുന്നു. അതെ, അയാൾ യഹോവയുടെ സാക്ഷികളിലൊരാൾ ആകുന്നതിനു മുൻപ് അയാൾ ഒരു വിവാഹലൈസൻസോ ഡ്രൈവിംഗ് ലൈസൻസോ എടുക്കേണ്ടതിന്റെ ആവശ്യം കണ്ടിരുന്നില്ല. എന്നാൽ ഇപ്പോൾ അയാൾ ദൈവത്തിന്റെ നിയമങ്ങളും കൈസറുടെ നിയമങ്ങളും അനുസരിക്കുന്നുണ്ടായിരുന്നു.
തെരുവു സാക്ഷീകരണം
11, 12. (എ) തെരുവുസാക്ഷീകരണത്തിൽ ഏർപ്പെടുന്നതിന് നമുക്ക് ഏതു തിരുവെഴുത്തു പ്രോത്സാഹനമുണ്ട്? (ബി) നാം അങ്ങനെ ചെയ്യുന്നതിന് എന്തു കാരണങ്ങളുണ്ട്?
11 ദൈവവും ക്രിസ്തുവും നമുക്കുവേണ്ടി ചെയ്തിട്ടുള്ളതിനോട് വിലമതിപ്പു പ്രകടമാക്കാനുള്ള നാലാമത്തെ ഒരു മാർഗ്ഗം തെരുവു സാക്ഷീകരണമാണ്. നാം അതിൽ പങ്കെടുക്കുമ്പോൾ ഏറെക്കുറെ അക്ഷരീയ വിധത്തിൽ നാം സദൃശവാക്യങ്ങൾ 1:20, 21 നിവൃത്തിക്കുന്നതിനു സഹായിക്കുകയാണ്: “യഥാർത്ഥജ്ഞാനംതന്നെ തെരുവിൽ ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. പൊതു വീഥികളിൽ അത് അതിന്റെ ശബ്ദം കേൾപ്പിച്ചുകൊണ്ടിരിക്കുന്നു. ശബ്ദായമാനമായ തെരുവുകളുടെ മേലത്തെ അററങ്ങളിൽ അതു വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.”
12 രാജ്യപ്രസംഗത്തിന്റെ ഈ വശത്ത് ക്രമമായി പങ്കെടുക്കാൻ നമുക്ക് ഒട്ടേറെ നല്ല കാരണങ്ങളുണ്ട്. പല പ്രദേശങ്ങളിലും ആളുകളെ വീട്ടിൽ കണ്ടെത്തുക കൂടുതൽ കൂടുതൽ പ്രയാസമാണ്. അവർ ഒന്നുകിൽ ഏതെങ്കിലും രൂപത്തിലുള്ള വിനോദത്തിൽ പങ്കെടുക്കുകയോ ഷോപ്പിംഗ് നടത്തുകയോ ജോലി ചെയ്യുകയോ ആണ്. അനേകർ പൂർണ്ണമായും ബഹുശാലാഭവനങ്ങളിലോ സംയുക്ത ഭരണാധികാര പ്രദേശങ്ങളിലോ ജീവിക്കുന്നു, ഹോട്ടലുകളിൽ താമസിക്കുന്നവരെക്കുറിച്ചു പറയുകയും വേണ്ട. എന്നാൽ സാധാരണയായി തെരുവുകളിൽ ആളുകളെ കാണാം.
13. തെരുവുസാക്ഷീകരണത്തിന് എന്തു ഫലങ്ങൾ ഉണ്ടായിരിക്കാൻ കഴിയും? ചിത്രീകരിക്കുക.
13 ഐക്യനാടുകളിൽ ഒരു മൂപ്പൻ ആദ്യമായി തെരുവുസാക്ഷീകരണ പ്രവർത്തനത്തിൽ കണ്ടുമുട്ടിയ വ്യക്തികളുമായി ഇപ്പോൾ നാലു ഭവന ബൈബിളദ്ധ്യയനങ്ങൾ നടത്തുന്നുണ്ട്. തീർച്ചയായും അയാൾ കേവലം മിണ്ടാതെ നിൽക്കുകയല്ല (എന്നാൽ ചില രാജ്യങ്ങളിൽ അതു മാത്രമാണ് നിയമം അനുവദിക്കുന്നത്). മറിച്ച്, അയാൾ സൗഹാർദ്ദപരമായ ഒരു പുഞ്ചിരിയോടും ഉല്ലാസപ്രദമായ ശബ്ദത്തോടും കൂടെ, നിൽക്കുകയോ ബസ്സു കാത്തുനിൽക്കുകയോ ആയാസരഹിതമായി നടക്കുകയോ ചെയ്യുന്ന ആളുകളെ സമീപിക്കുന്നു. അയാളുടെ ‘മൊഴികൾ കൃപയോടുകൂടിയതും ഉപ്പിനാൽ രുചി വരുത്തിയതുമാണ്,’ ഓരോരുത്തരെയും എങ്ങനെ സമീപിക്കണമെന്ന് അയാൾ വിവേചന ഉപയോഗിക്കുന്നു. (കൊലോസ്യർ 4:5, 6; 1 പത്രോസ് 3:15) അയാൾക്ക് ഇങ്ങനെയുള്ള തെരുവു സാക്ഷീകരണത്തിൽ നിന്ന് ഭവന ബൈബിളദ്ധ്യയനങ്ങൾ കിട്ടിയിട്ടുണ്ടെന്നു മാത്രമല്ല, അനേകർക്ക് സാഹിത്യം സമർപ്പിക്കുന്നതിലും അയാൾക്കു വളരെ വിജയം ലഭിക്കുന്നു. അതെ, ഭംഗിയായ ചമയത്തോടും സൗഹാർദ്ദപരമായ പുഞ്ചിരിയോടും സംസാരസ്വാതന്ത്ര്യത്തോടും കൂടെ സമീപിക്കുന്നതിനാൽ നിങ്ങൾക്കു തെരുവുസാക്ഷീകരണത്തിൽ വളരെ ഫലപ്രദരായിരിക്കാൻ കഴിയും. യഥാർത്ഥത്തിൽ, അടുത്ത കാലത്ത് അഞ്ചു സാക്ഷികൾ പൊതു ഷോപ്പിംഗ് സ്ഥലങ്ങളിൽ ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്തകത്തിന്റെ 30-ൽ പരം പ്രതികൾ സമർപ്പിച്ചു. തങ്ങളുടെ കാറുകളിൽ ഇരുന്ന ആളുകളാണ് പുസ്തകങ്ങളിൽ പലതും വാങ്ങിയത്.
അനൗപചാരിക സാക്ഷീകരണം
14. അനൗപചാരിക സാക്ഷീകരണത്തിന്റെ മൂല്യം എങ്ങനെ തെളിഞ്ഞിരിക്കുന്നു?
14 യഹോവയും ക്രിസ്തുവും നമ്മോടു പ്രകടമാക്കിയ വലിയ സ്നേഹത്തോടു വിലമതിപ്പു പ്രകടമാക്കാനുള്ള അഞ്ചാമത്തെ മാർഗ്ഗം അനൗപചാരിക സാക്ഷീകരണമാണ്. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്ന ആളുകളെ കണ്ടെത്തുന്നതിലും സാഹിത്യം സമർപ്പിക്കുന്നതിലും ഇത് എത്ര ഫലപ്രദമായിരുന്നിട്ടുണ്ട്! തീർച്ചയായും ഇത് ‘നമുക്കുവേണ്ടി അവസരോചിതമായ സമയം വിലക്കു വാങ്ങാനുള്ള’ എഫേസ്യർ 5:15, 16-ലെ ബുദ്ധിയുപദേശം അനുസരിക്കാൻ കഴിയുന്ന ഒരു മാർഗ്ഗമാണ്. ഒരു മിഷനറി ഒരു ടാക്സി കാറിൽ സഹയാത്രക്കാരനുമായി ഒരു സംഭാഷണമാരംഭിച്ചു. ആ മനുഷ്യൻ താത്പര്യം പ്രകടമാക്കി. മടക്കസന്ദർശനങ്ങൾ നടത്തി ഒരു ബൈബിളദ്ധ്യയനം തുടങ്ങി. ഇന്ന് ആ മനുഷ്യൻ ഒരു മൂപ്പനാണ്. മറെറാരിടത്ത് ഒരു മൂപ്പൻ ഒരു സ്ത്രീയുമായി സംഭാഷണം നടത്തി, അവൾ ഒരു യഹൂദനെ വിവാഹം ചെയ്യാൻ തന്റെ മതം മാറുകയായിരുന്നു. ആരാണ് ആദ്യം ജീവിച്ചിരുന്നത്, മോശെയോ നോഹയോ അബ്രാഹാമോ എന്നൊക്കെ അറിയാൻ അവൾ ആഗ്രഹിച്ചു. ബൈബിൾ സംഭവങ്ങളെ കാലാനുക്രമത്തിൽ അവതരിപ്പിക്കുന്ന ബൈബിൾ കഥാപുസ്തകമാണ് അവൾക്ക് ആവശ്യമായിരിക്കുന്നതെന്ന് അയാൾ അവളോടു പറഞ്ഞു. അയാൾ അവൾക്ക് തികച്ചും അപരിചിതനായിരുന്നെങ്കിലും അവൾക്കു പുസ്തകം അയച്ചുകൊടുക്കാൻ കഴിയത്തക്കവണ്ണം തന്റെ പേരും മേൽവിലാസവും ആവശ്യമായ സംഭാവനയും അവൾ അയാളെ മനസ്സോടെ ഏൽപ്പിച്ചു.
15. അനൗപചാരിക സാക്ഷീകരണത്തിനുള്ള അവസരങ്ങൾ സംബന്ധിച്ച് ജാഗരൂകരായിരിക്കാൻ നമ്മെ എന്തു സഹായിക്കും?
15 ചിലപ്പോൾ നമുക്കു തിരിച്ചടി കിട്ടിയേക്കാമെന്നുള്ള ഭയത്താൽ നമ്മുടെ അടുത്തിരുന്നു യാത്രചെയ്യുന്ന ആരോടെങ്കിലും സംഭാഷണം തുടങ്ങാൻ നാം വിമുഖരായിരിക്കാം. എന്നാൽ അതു ചെയ്യുന്നതിനുള്ള ധൈര്യം അവലംബിക്കുന്നുവെങ്കിൽ എത്രകൂടെക്കൂടെ നമുക്ക് സമൃദ്ധമായ പ്രതിഫലം കിട്ടുന്നു! ദൈവത്തിന്റെ നൻമയെയും ആളുകളുടെ ആവശ്യത്തെയും കുറിച്ചുള്ള വിലമതിപ്പ് ആവശ്യമായ ധൈര്യം ആർജ്ജിക്കാൻ നമ്മെ സഹായിക്കും. അതെ, “ദൈവം നമുക്ക് ഭീരുത്വത്തിന്റെ ആത്മാവിനെ തന്നില്ല, പിന്നെയോ ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മശിക്ഷണത്തിന്റെയും ആത്മാവിനെയത്രെ” എന്ന് ഓർക്കുക.—2 തിമൊഥെയോസ് 1:7, NIV.
അപരിചിതരെ സ്വാഗതം ചെയ്യൽ
16. നമ്മുടെ രാജ്യഹാൾ സന്ദർശിക്കുന്ന അപരിചിതരെ ശ്രദ്ധിക്കാൻ നാം ജാഗരൂകരായിരിക്കേണ്ടതെന്തുകൊണ്ട്?
16 ദൈവത്തോടും ക്രിസ്തുവിനോടും നമുക്ക് നന്ദി പ്രകടമാക്കാനുള്ള ആറാമത്തെ മാർഗ്ഗം നമ്മുടെ രാജ്യഹാളിൽ വരുന്ന അപരിചിതരെ സ്വാഗതം ചെയ്യുകയാണ്. അയൽക്കാരനോടുള്ള സ്നേഹം നമ്മുടെ ആരാധനാസ്ഥലം സന്ദർശിക്കുന്ന ഏത് അപരിചിതനെയും ഗൗനിക്കാൻ നമ്മെ ജാഗരൂകരാക്കേണ്ടതാണ്. അയാൾക്ക് സുഖാനുഭൂതി തോന്നിക്കാനും, അയാൾ തന്റെ ആത്മീയ ക്ഷേമത്തിൽ ആത്മാർത്ഥമായി തൽപ്പരരായ സുഹൃത്തുക്കളുടെ ഇടയിലാണെന്നു തോന്നിക്കാനും നമുക്കു ശ്രമിക്കാം. അയാളെ വെറും ജിജ്ഞാസയെക്കാൾ കവിഞ്ഞ താൽപ്പര്യം അവിടെ എത്തിച്ചിരിക്കാനാണ് ഏറെ സാദ്ധ്യത. അയാൾ യഥാർത്ഥമായി നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയുമായിരിക്കാം. ആളുകളോടുള്ള നമ്മുടെ യഥാർത്ഥ താൽപ്പര്യം നാം ഒരു ഭവന ബൈബിളദ്ധ്യയനം നടത്തുന്നതിലും അയാളെ ജീവന്റെ മാർഗ്ഗത്തിൽ സഹായിക്കുന്നതിലും കലാശിച്ചേക്കാം. (മത്തായി 5:3, 6; 7:13, 14) യഥാർത്ഥത്തിൽ ഇതുതന്നെ മിക്കപ്പോഴും സംഭവിച്ചിട്ടുണ്ട്. ഗിലയാദ് വാച്ച്ടവർ ബൈബിൾ സ്കൂളിന്റെ ഒന്നാമത്തെ ക്ലാസ്സിൽനിന്നുള്ള ഒരു മിഷനറി തന്റെ ഏററവും പ്രതീക്ഷയുണ്ടായിരുന്ന രണ്ടു ബൈബിളദ്ധ്യേതാക്കൾ താൻ ആദ്യം രാജ്യഹാളിൽ കണ്ടുമുട്ടിയവരായിരുന്നുവെന്ന് കണ്ടെത്തി.
എഴുത്തുകൾ എഴുതുന്നതിനാൽ സാക്ഷീകരിക്കൽ
17. എഴുത്തുകൾ എഴുതി സാക്ഷീകരിക്കുന്നതിന് എന്തു ഫലങ്ങൾ സിദ്ധിക്കാവുന്നതാണ്?
17 ദൈവവും ക്രിസ്തുവും നമ്മോടു കാണിച്ചിരിക്കുന്ന സ്നേഹത്തോടുള്ള പ്രതികരണമായി സാക്ഷീകരിക്കുന്നതിനുള്ള ഏഴാമത്തെ മാർഗ്ഗം എഴുത്തുകൾ എഴുതുകയാണ്. മിക്കപ്പോഴും, ഈ രൂപത്തിലുള്ള സാക്ഷീകരണം ഉപയോഗിക്കുന്നവർക്ക് വളരെ വിലമതിപ്പോടുകൂടിയ മറുപടികൾ കിട്ടാറുണ്ട്. ഈ രീതി ശാരീരിക ദൗർബ്ബല്യം നിമിത്തം താൽക്കാലികമായി വീടുതോറും പോകാൻ കഴിയാത്ത മുഴു സമയ ശുശ്രൂഷകർ ഉപയോഗിക്കുന്ന ഒരു രീതിയാണിത്. ദൃഷ്ടാന്തമായി: 12 മക്കളുള്ള ഒരു കുടുംബമുണ്ടായിരുന്നു. ഒരു ദിവസം പിതാവു വീട്ടിൽവന്നപ്പോൾ തന്റെ പുത്രിയുടെ കേസിലെ എതിർകക്ഷികൾ നിഷ്ക്കരുണം തന്റെ അഞ്ചു കുട്ടികളെ വെടിവെച്ചു കൊന്നിട്ടിരിക്കുന്നതു കണ്ടു. അയാൾ ക്രൈസ്തവലോകത്തിലെ വൈദികരിലേക്ക് ആശ്വാസത്തിനായി നോക്കിയതു വ്യർത്ഥമായി. അങ്ങനെയിരിക്കെ, ഒരു ദിവസം അയാൾക്ക് ഒരു അപരിചിതനായ സാക്ഷിയിൽനിന്ന് ഒരു കത്തുകിട്ടി. അയാൾ ഈ ദുരന്തത്തെക്കുറിച്ച് പത്രത്തിൽ നിന്നാണ് അറിഞ്ഞത്. വീട്ടുനായകനെ ആശ്വസിപ്പിക്കണമെന്ന് അയാൾ ആഗ്രഹിച്ചു, ഒരു സത്യം പുസ്തകം അയച്ചുകൊടുത്തു. ആ മനുഷ്യൻ ഇതിനായി അന്വേഷിക്കുകയായിരുന്നു. ഇന്ന് അയാളും തീഷ്ണതയുള്ള ഒരു സാക്ഷിയാണ്.a
ഫോൺ വിളിക്കൽ
18, 19. സുവാർത്ത പ്രസംഗിക്കുന്നതിന് വേറെ ഏതു മാർഗ്ഗം ഫലകരമെന്ന് ചിലർ കണ്ടിരിക്കുന്നു, എന്തുകൊണ്ട്?
18 സാക്ഷീകരണത്തിന്റെ എട്ടാമത്തെ മാർഗ്ഗത്തെക്കുറിച്ചു പറഞ്ഞാൽ, രാജ്യസുവാർത്ത പ്രസംഗിക്കുന്നതിന് ടെലഫോൺ ഉപയോഗിക്കുന്നതിനുള്ള അവസരമുണ്ട്. ഇത് വർദ്ധമാനമായി ഉല്ലാസപ്രദവും ഫലപ്രദവുമായ ഒരു സാക്ഷീകരണ സമ്പ്രദായമാണെന്ന് തെളിയുകയാണ്. ശുശ്രൂഷയുടെ ഈ വശത്ത് അധികമധികം സാക്ഷികൾ വിദഗ്ദ്ധരായിക്കൊണ്ടിരിക്കുകയാണ്, അത് വളരെയധികം കാര്യങ്ങളാൽ സ്വീകാര്യമായ ഒരു രീതിയാണ്. അതു മുഖേന വീടുതോറുമുള്ള പ്രവർത്തനത്തിൽ നമുക്ക് കണ്ടുമുട്ടാൻ കഴിയാത്ത ചിലരെ നാം സമീപിക്കുന്നു. ഫോൺ സാക്ഷീകരണം ദയയോടും നയത്തോടും സാമർത്ഥ്യത്തോടും കൂടെ ചെയ്യുമ്പോൾ അവരെ വീടുകളിൽ സന്ദർശിക്കുമ്പോഴത്തേതിലും മെച്ചമായ പ്രതികരണം കിട്ടുന്നതായി ചിലർ കണ്ടെത്തിയിട്ടുണ്ട്.
19 ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു രാജ്യത്തെ ഒരു ജാപ്പനീസ് സഭ അതിന്റെ പ്രദേശത്തിന്റെ ഒരു ഭാഗമെന്നനിലയിൽ ടെലഫോൺ ഡയറക്ടറി ഉപയോഗിക്കുന്നു. പ്രസാധകർ ജാപ്പനീസ് പേരുള്ള വരെ ഫോണിൽ വിളിക്കുകയും താൽപ്പര്യം കണ്ടെത്തുന്നടത്ത് വ്യക്തിപരമായി സന്ദർശിക്കാൻ ഏർപ്പാടു ചെയ്യുകയും ചെയ്യുന്നു. ഈ വിധത്തിൽ അവർ അക്ഷരീയമായി ഡസൻ കണക്കിന് അദ്ധ്യയനങ്ങൾ തുടങ്ങിയിട്ടുണ്ട്.
നല്ല നടത്തയാൽ സാക്ഷീകരിക്കുന്നു
20, 21. നമ്മുടെ നടത്തക്ക് ഏതു നല്ല ഫലങ്ങൾ ഉണ്ടായിരിക്കാൻ കഴിയും? ചിത്രീകരിക്കുക.
20 നമുക്ക് ദൈവത്തിനു സ്തുതി കൈവരുത്താൻ കഴിയുന്ന ഒൻപതാമത്തെ മാർഗ്ഗം നമ്മുടെ നല്ല നടത്തയാണ്. നമ്മുടെ നല്ല നടത്തയാണ് നമ്മുടെ ഏററവും നല്ല പ്രഭാഷണം എന്ന് ഒരു റഷ്യൻ പത്രപ്രവർത്തകൻ ഒരിക്കൽ പ്രസ്താവിക്കുകയുണ്ടായി. യഥാർത്ഥത്തിൽ, യഹോവയുടെ സാക്ഷികളുടെ ഉയർന്ന ധാർമ്മികതയെക്കുറിച്ച് പ്രസ്സ് ആവർത്തിച്ച് പ്രസ്താവന ചെയ്തിട്ടുണ്ട്. ഒരാൾ ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനിയിൽ തിരിച്ചറിയാൻ കഴിയുന്ന പ്രകാരം ഏററവും സത്യസന്ധരായ ആളുകൾ യഹോവയുടെ സാക്ഷികളാണ്. ഒരു സാക്ഷി ബാലിക തന്റെ സ്കൂൾ റേറമിന്റെ തുടക്കത്തിൽ തന്റെ അദ്ധ്യാപകന് സ്കൂൾ ലഘുപത്രിക കൊണ്ടുകൊടുത്തു. തനിക്ക് സാക്ഷികളോടു യാതൊരു ബന്ധവും വേണ്ടെന്നു പറഞ്ഞുകൊണ്ട് അയാൾ പരുഷമായി അതു നിരസിച്ചു. എന്നിരുന്നാലും, കാലക്രമത്തിൽ അവളുടെ നല്ല നടത്ത അയാളുടെ നല്ല പ്രശംസ നേടുകയും സാക്ഷികളോടുള്ള അയാളുടെ ഭാഗത്തെ മനോഭാവത്തിന് മാററംവരുത്തുകയും ചെയ്തു. സാക്ഷികളായ മാതാപിതാക്കൾക്ക് അവരുടെ കുട്ടികളുടെ അദ്ധ്യാപകനിൽനിന്ന് കിട്ടിയ കത്തും സമാനമായി പ്രധാനമാണ്: “നിങ്ങളുടെ വിശ്വാസങ്ങളുടെ വിജയത്തിന്റെ അനിഷേധ്യമായ വ്യാപ്തിയാണ് നിങ്ങളുടെ കുട്ടികൾ.”
21 ദൈവത്തിനും ക്രിസ്തുവിനും ബഹുമതി കൈവരുത്താതെ ലോകക്കാർക്ക് യഹോവയുടെ സാക്ഷികളെക്കുറിച്ച് നൻമ പറയാൻ കഴികയില്ല. അതു കേവലം അങ്ങനെതന്നെയായിരിക്കണം. മനുഷ്യർ നമ്മുടെ സൽപ്രവൃത്തികൾ കണ്ടിട്ട് നമ്മുടെ സ്വർഗ്ഗീയ പിതാവിന് മഹത്വം കൊടുക്കത്തക്കവണ്ണം നാം നമ്മുടെ വെളിച്ചം പ്രകാശിപ്പിക്കേണ്ടതാണെന്ന് യേശു പറഞ്ഞില്ലയോ? (മത്തായി 5:16) സത്യമായി നമ്മുടെ നല്ല നടത്തയാൽ നമുക്ക് സത്യത്തെ അലങ്കരിക്കാൻ കഴിയും. (തീത്തോസ് 2:10) തീർച്ചയായും, നമ്മുടെ നല്ല നടത്ത ദൈവത്തിനും ക്രിസ്തുവിനും സ്തുതി കൈവരുത്തുന്നുവെന്നും ജീവന്റെ മാർഗ്ഗത്തിൽ പ്രവേശിക്കുന്നതിന് മററുള്ളവരെ സഹായിക്കുന്നുവെന്നുമുള്ള വസ്തുത എല്ലാ സമയത്തും നമ്മുടെ നടത്ത നിന്ദക്കതീതമായിരിക്കുന്നതിൽ നാം അഗാധതാൽപ്പര്യമുള്ളവരായിരിക്കുന്നതിന് ശക്തമായ കാരണമാണ്.
22. വിലമതിപ്പു പ്രകടമാക്കുന്നതിനുള്ള മാർഗ്ഗങ്ങളിൽ ഏതിൽ നിങ്ങൾ കഠിനശ്രമം ചെയ്യും, എന്തുകൊണ്ട്?
22 നാം കണ്ടുകഴിഞ്ഞതുപോലെ, യഹോവയും യേശുക്രിസ്തുവും നമുക്കുവേണ്ടി ചെയ്തിരിക്കുന്നതിനോട്, വിശേഷാൽ അവരുടെ ഏററവും വലിയ സ്നേഹപ്രകടനങ്ങളോട്, വിലമതിപ്പു പ്രകടമാക്കാൻ കഴിയുന്ന അനേകം മാർഗ്ഗങ്ങളുണ്ട്. ആ പ്രക്രിയയിൽ, നമുക്ക് നമ്മുടെ അയൽസ്നേഹം തെളിയിക്കാനും കഴിയും.—മർക്കോസ് 12:30, 31.
23. ഏത് അന്തിമ വിധത്തിൽ നിങ്ങൾക്ക് ദൈവത്തോടും യേശുവിനോടും വിലമതിപ്പു പ്രകടമാക്കാൻ കഴിയും?
23 ഒടുവിൽ, കർത്താവിന്റെ സന്ധ്യാഭക്ഷണം ആഘോഷിച്ചുകൊണ്ടും നമുക്ക് ഏററവും വലിയ രണ്ടു സ്നേഹപ്രകടനങ്ങളോടു വിലമതിപ്പു പ്രകടമാക്കാൻ കഴിയുമെന്നു നമുക്കു കുറിക്കൊള്ളാം. ഒരു മനുഷ്യനെന്നനിലയിലുള്ള തന്റെ ഭൂമിയിലെ അവസാനരാത്രിയിൽ യേശു തന്റെ മാംസത്തെയും രക്തത്തെയും പ്രതിനിധാനം ചെയ്യുന്ന അപ്പവും വീഞ്ഞും ഉൾപ്പെടുന്ന ഒരു വാർഷിക സ്മാരകഭക്ഷണം ഏർപ്പെടുത്തുകയുണ്ടായി. തന്റെ സ്മരണക്കായി ഈ ആഘോഷം നടത്തണമെന്ന് അവൻ കല്പിച്ചു. (1 കൊരിന്ത്യർ 11:23-26) 1987-ൽ കർത്താവിന്റെ സന്ധ്യാഭക്ഷണം ഏപ്രിൽ 12 ഞായർ സൂര്യാസ്തമനശേഷം ആയിരുന്നു. ഭൂമിയിലെങ്ങുമുള്ള യഹോവയുടെ സാക്ഷികൾ യേശുവിന്റെ കല്പനയനുസരിച്ച് ഒന്നിച്ചുകൂടി. നിങ്ങൾ ആ ആഘോഷത്തിന് ഭാവിയിൽ വരാതിരിക്കരുത്! (w87 2/15)
[അടിക്കുറിപ്പുകൾ]
a വിശദാംശങ്ങൾക്ക് 1986 ഒക്ടോബർ 22-ലെ എവേക്കിന്റെ 12-16 വരെ പേജുകൾ കാണുക.
പുനരവലോകന ചോദ്യങ്ങൾ
◻ യേശു എങ്ങനെ, എവിടെ, സാക്ഷീകരിച്ചു?
◻ ദൈവത്തിന്റെ വലിയ സ്നേഹത്തോടു വിലമതിപ്പു പ്രകടമാക്കുന്നതിൽ ഏതു വിധങ്ങളിൽ നമുക്ക് യേശുവിനെ അനുകരിക്കാം?