സധൈര്യം യഹോവയുടെ രാജ്യം ഘോഷിക്കുക!
“അവൻ തന്റെ അടുക്കൽ വരുന്നവരെയെല്ലാം ദയാപൂർവം സ്വീകരിക്കുകയും അവരോടു ദൈവരാജ്യം പ്രസംഗിക്കുകയും ചെയ്യുമായിരുന്നു.”—പ്രവൃത്തികൾ 28:30, 31.
1, 2. അപ്പോസ്തലനായ പൗലോസിന് ദിവ്യ പിന്തുണയുടെ എന്തു തെളിവുണ്ടായിരുന്നു, അവൻ എന്തു ദൃഷ്ടാന്തം വെച്ചു?
യഹോവ എല്ലായ്പ്പോഴും രാജ്യഘോഷകരെ പിന്താങ്ങുന്നു. അപ്പോസ്തലനായ പൗലോസിനെ സംബന്ധിച്ച് അത് എത്ര സത്യമായിരുന്നു! അവൻ ദിവ്യപിന്തുണയോടെ ഭരണാധിപൻമാരുടെ മുമ്പാകെ ഹാജരാകുകയും കൂട്ടപ്രക്ഷോഭണം സഹിക്കുകയും സധൈര്യം യഹോവയുടെ രാജ്യം ഘോഷിക്കുകയും ചെയ്തു.
2 റോമിൽ ഒരു തടവുപുള്ളിയായിരുന്നപ്പോൾപോലും പൗലോസ് “തന്റെ അടുക്കൽ വരുന്നവരെയെല്ലാം ദയാപൂർവം സ്വീകരിക്കുകയും അവരോടു ദൈവരാജ്യം പ്രസംഗിക്കുകയും ചെയ്യുമായിരുന്നു.” (പ്രവൃത്തികൾ 28:30, 31) ഇന്നത്തെ യഹോവയുടെ സാക്ഷികൾക്ക് എത്ര നല്ല ദൃഷ്ടാന്തം! പ്രവൃത്തികളെന്ന ബൈബിൾപുസ്തകത്തിന്റെ അവസാന അദ്ധ്യായങ്ങളിൽ ലൂക്കോസ് റിപ്പോർട്ടുചെയ്തിരിക്കുന്ന പ്രകാരമുള്ള പൗലോസിന്റെ ശുശ്രൂഷയിൽനിന്ന് നമുക്ക് വളരെയധികം പഠിക്കാൻ കഴിയും.—20:1–28:31.
സഹവിശ്വാസികൾ കെട്ടുപണിചെയ്യപ്പെടുന്നു
3. ത്രോവസിൽ എന്തു സംഭവിച്ചു, നമ്മുടെ നാളിനോട് എന്തു സമാന്തരം കാണാം?
3 എഫേസൂസിലെ ലഹള ശമിച്ചശേഷം, പൗലോസ് തന്റെ മൂന്നാമത്തെ മിഷനറിപര്യടനം തുടർന്നു. (20:1-12) എന്നിരുന്നാലും, സിറിയയിലേക്കു കപ്പൽയാത്ര തുടങ്ങാറായപ്പോൾ യഹൂദൻമാർ തനിക്കെതിരെ ഗൂഢാലോചന നടത്തിയതായി അവൻ മനസ്സിലാക്കി. അവർ ആ കപ്പലിൽത്തന്നെ കയറി അവനെ കൊല്ലാൻ ആസൂത്രണംചെയ്തിരിക്കാമെന്നുള്ളതുകൊണ്ട് അവൻ മാസിഡോണിയായിൽകൂടെയാണ് പോയത്. ത്രോവാസിൽ ചെന്നപ്പോൾ, യഹോവയുടെ സാക്ഷികളുടെ ഇടയിലെ സഞ്ചാരമേൽവിചാരകൻമാർ ഇപ്പോൾ ചെയ്യുന്നതുപോലെ, അവൻ സഹവിശ്വാസികളെ കെട്ടുപണിചെയ്തുകൊണ്ട് ഒരു വാരം ചെലവഴിച്ചു. അവൻ അവിടെനിന്നു പോകുന്നതിന്റെ തലേരാത്രിയിൽ അവൻ അർദ്ധരാത്രിവരെ തന്റെ പ്രസംഗം നീട്ടി. ഒരു ജനാലക്കടുത്തിരുന്ന യൂത്തിക്കോസ് പ്രത്യക്ഷത്തിൽ പകലത്തെ അദ്ധ്വാനത്താൽ ക്ഷീണിതനായിരുന്നു. അവൻ ഉറക്കംതൂങ്ങി മൂന്നാം നിലയിൽനിന്നു വീണു മരിച്ചു. എന്നാൽ പൗലോസ് അവനെ ജീവനിൽ പുനഃസ്ഥിതീകരിച്ചു. ഇത് എന്തു സന്തോഷത്തിനിടയാക്കിയിരിക്കണം! അപ്പോൾ, അനേക ദശലക്ഷങ്ങൾ വരാനിരിക്കുന്ന പുതിയ ലോകത്തിൽ പുനരുത്ഥാനം പ്രാപിക്കുമ്പോൾ എന്തു സന്തോഷമായിരിക്കും ഉണ്ടാകുക.—യോഹന്നാൻ 5:28, 29.
4. ശുശ്രൂഷസംബന്ധിച്ച്, പൗലോസ് എഫേസ്യമൂപ്പൻമാരെ എന്തു പഠിപ്പിച്ചു?
4 പൗലോസ് യരൂശലേമിലേക്കുള്ള മാർഗ്ഗമദ്ധ്യേ മിലേത്തൂസിൽ എഫേസൂസിലെ മൂപ്പൻമാരുമായി യോഗം നടത്തി. (20:13-21) അവൻ അവരെ “വീടുതോറും” പഠിപ്പിച്ചുവെന്നും “ദൈവത്തോടുള്ള അനുതാപത്തെയും നമ്മുടെ കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും കുറിച്ച് യഹൂദൻമാരോടും ഗ്രീക്കുകാരോടും പൂർണ്ണസാക്ഷ്യം വഹിച്ചു”വെന്നും അവൻ അവരെ ഓർമ്മിപ്പിച്ചു. ഒടുവിൽ മൂപ്പൻമാരായിത്തീർന്നവർ അനുതപിച്ചിരുന്നു, അവർക്കു വിശ്വാസവുമുണ്ടായിരുന്നു. അപ്പോസ്തലൻ ഇന്ന് യഹോവയുടെ സാക്ഷികൾ ചെയ്യുന്നതുപോലെയുള്ള വീടുതോറുമുള്ള ശുശ്രൂഷയിൽ അവിശ്വാസികളോടു സധൈര്യം രാജ്യം ഘോഷിക്കാനും അവരെ പരിശീലിപ്പിച്ചുകൊണ്ടാണിരുന്നത്.
5. (എ) പരിശുദ്ധാത്മാവിനാലുള്ള മാർഗ്ഗനിർദ്ദേശം സംബന്ധിച്ച് പൗലോസ് മാതൃകായോഗ്യനായിരുന്നതെങ്ങനെ? (ബി) ‘ആട്ടിൻകൂട്ടം മുഴുവനും ശ്രദ്ധകൊടുക്കാൻ’ മൂപ്പൻമാർക്ക് ബുദ്ധിയുപദേശം ആവശ്യമായിരുന്നതെന്തുകൊണ്ട്?
5 ദൈവത്തിന്റെ പരിശുദ്ധാത്മാവു മുഖേനയുള്ള മാർഗ്ഗനിർദ്ദേശം സ്വീകരിക്കുന്നതിൽ പൗലോസ് മാതൃകായോഗ്യനായിരുന്നു. (20:22-30) ബന്ധനങ്ങളും ഉപദ്രവങ്ങളും കാത്തിരുന്നിട്ടും “ആത്വിനാൽ ബന്ധിതനായി” അഥവാ അതിന്റെ നടത്തിപ്പനുസരിക്കാനുള്ള കടപ്പാടോടെ അപ്പോസ്തലൻ യരൂശലേമിലേക്കു പോകുമായിരുന്നു. അവൻ ജീവനു മൂല്യംകല്പിച്ചു, എന്നാൽ ദൈവത്തോടുള്ള നിർമ്മലത പാലിക്കുന്നതായിരുന്നു അവന് അതിപ്രധാന സംഗതി. നമ്മുടെ കാര്യത്തിലും അങ്ങനെയായിരിക്കണം. ‘പരിശുദ്ധാത്മാവു തങ്ങളെ ആരുടെ ഇടയിൽ മേൽവിചാരകൻമാരായി നിയമിച്ചോ ആ ആട്ടിൻകൂട്ടം മുഴുവനും ശ്രദ്ധകൊടുക്കാൻ’ പൗലോസ് മൂപ്പൻമാരെ പ്രോൽസാഹിപ്പിച്ചു. അവൻ “പോയശേഷം” (പ്രത്യക്ഷത്തിൽ മരണത്തിൽ) “മർദ്ദകരായ ചെന്നായ്ക്കൾ” “ആട്ടിൻ കൂട്ടത്തോട് ആർദ്രതയോടെ പെരുമാറുകയില്ല.” അങ്ങനെയുള്ള പുരുഷൻമാർ മൂപ്പൻമാരുടെ ഇടയിൽനിന്നുതന്നെ എഴുന്നേൽക്കുകയും വിവേചന കുറവുള്ള ശിഷ്യൻമാർ അവരുടെ വളച്ചൊടിച്ച ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്യും.—2 തെസ്സലോനീക്യർ 2:6.
6. (എ) പൗലോസിന് ആത്മധൈര്യത്തോടെ മൂപ്പൻമാരെ ദൈവത്തെ ഭരമേൽപ്പിക്കാൻകഴിഞ്ഞതെന്തുകൊണ്ട്? (ബി) പൗലോസ് പ്രവൃത്തികൾ 20:35-ലെ തത്വം അനുസരിച്ചതെങ്ങനെ?
6 മൂപ്പൻമാർ വിശ്വാസത്യാഗത്തിനെതിരെ സൂക്ഷിക്കാൻ ആത്മീയമായി ജാഗരൂകരായി കഴിയേണ്ടതുണ്ടായിരുന്നു. (20:31-38) അപ്പോസ്തലൻ അവരെ എബ്രായ തിരുവെഴുത്തുകളും യേശുവിന്റെ ഉപദേശങ്ങളും പഠിപ്പിച്ചിരുന്നു, അതിന്, “വിശുദ്ധീകരിക്കപ്പെട്ട എല്ലാവരുടെയും ഇടയിലെ അവകാശമായ” സ്വർഗ്ഗീയരാജ്യം പ്രാപിക്കുന്നതിന് അവരെ സഹായിക്കാൻ കഴിയുന്ന വിശുദ്ധീകരണശക്തിയുണ്ട്. തനിക്കുവേണ്ടിയും തന്റെ സഹായികൾക്കുവേണ്ടിയും കരുതാൻ വേല ചെയ്തുകൊണ്ട് കഠിനാദ്ധ്വാനികളായിരിക്കാനും പൗലോസ് മൂപ്പൻമാരെ പ്രോൽസാഹിപ്പിച്ചു. (പ്രവൃത്തികൾ 18:1-3; 1 തെസ്സലോനീക്യർ 2:9) നാം സമാനമായ ഒരു ഗതി പിന്തുടർന്നുകൊണ്ട് നിത്യജീവൻ നേടാൻ മററുള്ളവരെ സഹായിക്കുന്നുവെങ്കിൽ “സ്വീകരിക്കുന്നതിനെക്കാൾ കൂടുതൽ സന്തോഷം കൊടുക്കുന്നതിലുണ്ട്” എന്ന യേശുവിന്റെ വാക്കുകളെ നാം വിലമതിക്കും. ഈ പ്രസ്താവനയുടെ അർത്ഥം സുവിശേഷങ്ങളിൽ കാണപ്പെടുന്നുണ്ട്, എന്നാൽ വാഗ്രൂപേണയോ നിശ്വസ്തതയാലോ അതു കിട്ടിയിരിക്കാവുന്ന പൗലോസ് മാത്രമേ അത് ഉദ്ധരിക്കുന്നുള്ളു. പൗലോസിനെപ്പോലെതന്നെ ആത്മത്യാഗികളായിരിക്കുന്നതിനാൽ നമുക്ക് വളരെയധികം സന്തോഷമനുഭവിക്കാൻ കഴിയും. എന്തിന്, അവന്റെ വേർപാട് എഫേസ്യമൂപ്പൻമാരെ വളരെയധികം ദുഃഖിപ്പിക്കത്തക്കവണ്ണം അത്രയധികം അവൻ തന്നേത്തന്നെ കൊടുത്തിരുന്നു!
യഹോവയുടെ ഇഷ്ടം നടക്കട്ടെ
7. പൗലോസ് ദൈവേഷ്ടത്തിനു കീഴ്പ്പെടുന്നതിൽ നല്ല മാതൃക വെച്ചതെങ്ങനെ?
7 പൗലോസിന്റെ മൂന്നാമത്തെ മിഷനറിയാത്ര അവസാനത്തോടടുത്തപ്പോൾ, (ഏകദേശം ക്രി.വ. 56) അവൻ ദൈവേഷ്ടത്തിനു വഴിപ്പെടുന്നതിന്റെ ഒരു നല്ല ദൃഷ്ടാന്തം വെച്ചു. (21:1-14) കൈസരിയായിൽ അവനും അവന്റെ സഹപ്രവർത്തകരും ഫിലിപ്പോസിനോടുകൂടെ താമസിച്ചു, കന്യകമാരായിരുന്ന അവന്റെ നാലു പുത്രിമാർ പരിശുദ്ധാത്മാവിനാൽ ഭാവികാര്യങ്ങൾ മുൻകൂട്ടിപ്പറഞ്ഞുകൊണ്ട് “പ്രവചിച്ചിരുന്നു.” അവിടെവച്ച് ക്രിസ്തീയ പ്രവാചകനായിരുന്ന അഗബസ് പൗലോസിന്റെ അരക്കച്ചകൊണ്ട് സ്വന്തം കൈകാലുകൾ ബന്ധിക്കുകയും അതിന്റെ ഉടമസ്ഥനെ യഹൂദൻമാർ യരൂശലേമിൽ ബന്ധിക്കുകയും വിജാതീയകൈകളിൽ ഏൽപ്പിക്കുകയും ചെയ്യുമെന്ന് പറയാൻ പരിശുദ്ധാത്മാവിനാൽ പ്രേരിതനാകുകയും ചെയ്തു. “കർത്താവായ യേശുവിന്റെ നാമത്തിനുവേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല, യരൂശലേമിൽ മരിക്കാനും ഞാൻ ഒരുക്കമാണ്” എന്ന് പൗലോസ് പറഞ്ഞു. “യഹോവയുടെ ഇഷ്ടം നടക്കട്ടെ” എന്നു പറഞ്ഞുകൊണ്ട് ശിഷ്യൻമാർ സമ്മതിച്ചു.
8. ചിലപ്പോൾ നല്ല ബുദ്ധിയുപദേശം സ്വീകരിക്കുന്നത് പ്രയാസമാണെന്ന് നാം കണ്ടെത്തുന്നുവെങ്കിൽ, നമുക്ക് എന്ത് ഓർക്കാവുന്നതാണ്?
8 ദൈവം പൗലോസിന്റെ ശുശ്രൂഷയിലൂടെ വിജാതീയരുടെ ഇടയിൽ ചെയ്തതിനെക്കുറിച്ച് അവൻ യരൂശലേമിലെ മൂപ്പൻമാരോടു പറഞ്ഞു. (21:15-26) നല്ല ഉപദേശം കൈക്കൊള്ളുന്നതു പ്രയാസമാണെന്ന് നാം എന്നെങ്കിലും കണ്ടെത്തുന്നുവെങ്കിൽ പൗലോസ് അത് എങ്ങനെ സ്വീകരിച്ചുവെന്ന് നമുക്ക് ഓർക്കാൻ കഴിയും. താൻ വിജാതീയദേശങ്ങളിലെ യഹൂദൻമാരെ “മോശയിൽനിന്നുള്ള ഒരു വിശ്വാസത്യാഗം” പഠിപ്പിക്കുകയല്ലെന്ന് തെളിയിക്കാൻ അവൻ ആചാരപരമായ ശുദ്ധീകരണത്തിനു വിധേയനാകാനും തന്റെയും വേറെ നാലു പേരുടെയും ചെലവുകൾ വഹിക്കാനുമുള്ള മൂപ്പൻമാരുടെ ബുദ്ധിയുപദേശം അവൻ അനുസരിച്ചു. യേശുവിന്റെ മരണം ന്യായപ്രമാണത്തെ വഴിയിൽനിന്നു നീക്കംചെയ്തെങ്കിലും നേർച്ചകൾ സംബന്ധിച്ച അതിന്റെ സവിശേഷതകൾ നിറവേററിയതിനാൽ പൗലോസ് തെററുചെയ്തില്ല.—റോമർ 7:12-14.
ജനക്കൂട്ടം ആക്രമിച്ചെങ്കിലും നിർഭയൻ
9. ജനക്കൂട്ടത്തിന്റെ അക്രമം സംബന്ധിച്ച് പൗലോസിന്റെയും ഇന്നത്തെ യഹോവയുടെ സാക്ഷികളുടെയും അനുഭവങ്ങൾ തമ്മിൽ എന്തു സമാന്തരമുണ്ട്?
9 യഹോവയുടെ സാക്ഷികൾ മിക്കപ്പോഴും ജനക്കൂട്ടത്തിന്റെ അക്രമം ഗണ്യമാക്കാതെ ദൈവത്തോടുള്ള നിർമ്മലത പാലിച്ചിട്ടുണ്ട്. (ദൃഷ്ടാന്തത്തിന്, യഹോവയുടെ സാക്ഷികളുടെ 1975-ലെ വാർഷികപ്പുസ്തകം, 180-90 വരെ പേജുകൾ കാണുക.) സമാനമായി ഏഷ്യാമൈനറിൽനിന്നുള്ള യഹൂദൻമാർ പൗലോസിനെതിരെ ജനക്കൂട്ടത്തെ ഇളക്കിവിട്ടു. (21:27-40) എഫേസ്യക്കാരനായ ത്രൊഫിമോസിനെ അവനോടുകൂടെ കണ്ടതുകൊണ്ട് യവനരെ ആലയത്തിലേക്കു കടത്തിവിട്ടുകൊണ്ട് അതിനെ അശുദ്ധമാക്കുന്നതായി അവർ അപ്പോസ്തലന്റെമേൽ വ്യാജാരോപണം കൊണ്ടുവന്നു. റോമൻ ന്യായാധിപനായിരുന്ന ക്ലൗദ്യോസ് ലിസിയാസും അയാളുടെ ആൾക്കാരും ലഹള ശമിപ്പിച്ചപ്പോഴേക്ക് അവനെ കൊന്നുപോയേനെ! മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ, (എന്നാൽ യഹൂദൻമാർ നിമിത്തം) ലിസിയാസ് പൗലോസിനെ ചങ്ങലയാൽ ബന്ധിച്ചിരുന്നു. (പ്രവൃത്തികൾ 21:11) അപ്പോസ്തലനെ ആലയപ്രാകാരത്തോടു ചേർന്നുള്ള പടയാളികളുടെ ആസ്ഥാനത്തിലേക്കു കൊണ്ടുപോകാനിരിക്കുകയായിരുന്നു, അപ്പോൾ പൗലോസ് ഒരു രാജ്യദ്രോഹിയല്ലെന്നും പിന്നെയോ ആലയപ്രദേശത്തു പ്രവേശിക്കാൻ അനുവദിക്കപ്പെട്ട ഒരു യഹൂദനാണെന്നും ലിസിയാസ് മനസ്സിലാക്കി. സംസാരിക്കാൻ അനുവാദം ലഭിച്ചപ്പോൾ പൗലോസ് എബ്രായയിൽ ജനത്തോടു പ്രസംഗിച്ചു.
10. യരൂശലേമിലെ യഹൂദൻമാർ പൗലോസിന്റെ പ്രസംഗം എങ്ങനെ സ്വീകരിച്ചു, അവൻ എന്തുകൊണ്ട് ചമ്മട്ടികൊണ്ട് അടിക്കപ്പെട്ടില്ല?
10 പൗലോസ് ധീരമായ ഒരു സാക്ഷ്യം നൽകി. (22:1-30) അത്യന്തം ആദരിക്കപ്പെടുന്ന ഗമാലിയേലിനാൽ പഠിപ്പിക്കപ്പെട്ട ഒരു യഹൂദനായി അവൻ തന്നേത്തന്നെ തിരിച്ചറിയിച്ചു. താൻ മാർഗ്ഗം അനുസരിക്കുന്നവരെ പീഡിപ്പിക്കാൻ ഡമാസ്ക്കസിലേക്കു പോകുന്ന വഴി മഹത്വീകരിക്കപ്പെട്ട യേശുക്രിസ്തുവിനെ കണ്ടതിനാൽ താൻ അന്ധനാക്കപ്പെട്ടുവെന്നും എന്നാൽ അനന്യാസ് തനിക്കു കാഴ്ച തിരികെത്തന്നുവെന്നും അപ്പോസ്തലൻ വിശദീകരിച്ചു. പിന്നീട് കർത്താവ് പൗലോസിനോട് ഇങ്ങനെ പറഞ്ഞിരുന്നു: “നീ യാത്ര തുടരുക, എന്തുകൊണ്ടെന്നാൽ ഞാൻ നിന്നെ ദൂരെയുള്ള ജനതകളുടെ അടുക്കലേക്ക് അയക്കും.” ആ വാക്കുകൾ ഒരു വനത്തിൽ തീപ്പൊരിവീഴുന്നതുപോലെയാണ് വീണത്. പൗലോസ് ജീവിക്കാൻ പാടില്ല എന്ന് ആർത്തുകൊണ്ട് ജനക്കൂട്ടം കുപിതരായി തങ്ങളുടെ പുറംവസ്ത്രങ്ങൾ ഊരിയെറിയുകയും വായുവിലേക്ക് പൊടി വാരിയെറിയുകയും ചെയ്തു. അതുകൊണ്ട് പൗലോസിനെ അടിച്ചിട്ട് യഹൂദൻമാർ എന്തുകൊണ്ടാണ് പൗലോസിനെതിരായിരിക്കുന്നതെന്നു പരിശോധിക്കാൻ ലിസിയാസ് അവനെ പടയാളികളുടെ ആസ്ഥാനത്തേക്കു കൊണ്ടുപോയി. ‘കുററംവിധിക്കാത്ത ഒരു റോമാക്കാരനെ ചമ്മട്ടികൊണ്ടടിക്കുന്നത് നിയമാനുസൃതമാണോ?” എന്ന് പൗലോസ് ചോദിച്ചപ്പോൾ ചമ്മട്ടിപ്രഹരം (കെട്ടുകളുള്ളതോ ലോഹക്കഷണമോ അസ്ഥിക്കഷണമൊ വെച്ചുപിടിപ്പിച്ചിട്ടുള്ളതോ ആയ തുകൽവാറുകളോടുകൂടിയ ഒരുപകരണം) തടയപ്പെട്ടു. പൗലോസ് ഒരു റോമാപൗരനാണെന്നു മനസ്സിലാക്കിയപ്പോൾ ലിസിയാസ് ഭയപ്പെടുകയും യഹൂദൻമാർ അവനെ കുററപ്പെടുത്തുന്നതെന്തുകൊണ്ടെന്നു മനസ്സിലാക്കാൻ സന്നദ്രീമിന്റെ മുമ്പാകെ കൊണ്ടുപോകുകയും ചെയ്തു.
11. പൗലോസ് ഏതു വിധത്തിലാണ് ഒരു പരീശനായിരുന്നത്?
11 താൻ “ദൈവമുമ്പാകെ തികച്ചും തെളിഞ്ഞ ഒരു മനഃസാക്ഷിയോടെ പെരുമാറി”യിരിക്കുന്നുവെന്നു പറഞ്ഞുകൊണ്ട് പൗലോസ് സന്നദ്രീം മുമ്പാകെയുള്ള തന്റെ പ്രതിവാദം തുടങ്ങിയപ്പോൾ അവനെ അടിക്കാൻ മഹാപുരോഹിതനായ അനന്യാസ് ആജ്ഞാപിച്ചു. (23:1-10) “വെള്ള തേച്ച ശവക്കല്ലറയായ നിന്നെ ദൈവം അടിക്കാൻ പോകുകയാണ്” എന്ന് പൗലോസ് പറഞ്ഞു. “നീ മഹാപുരോഹിതനെ അധിക്ഷേപിക്കുകയാണോ?” എന്ന് ചിലർ ചോദിച്ചു. തന്റെ കാഴ്ചക്കുറവുനിമിത്തം പൗലോസ് അനന്യാസിനെ തിരിച്ചറിഞ്ഞിരിക്കയില്ല. എന്നാൽ കൗൺസിലിൽ പരീശൻമാരും സദൂക്യരുമുണ്ടെന്നു മനസ്സിലാക്കിക്കൊണ്ട് ‘ഞാൻ പുനരുത്ഥാനപ്രത്യാശയെ പ്രതി ന്യായംവിധിക്കപ്പെടുന്ന ഒരു പരീശനാകുന്നു’ എന്ന് പൗലോസ് പറഞ്ഞു. ഇത് സന്നദ്രീമിൽ പിളർപ്പുണ്ടാക്കി, എന്തുകൊണ്ടെന്നാൽ പരീശൻമാർ പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നു, എന്നാൽ സദൂക്യർ വിശ്വസിച്ചിരുന്നില്ല. വളരെയധികം ഭിന്നതയുണ്ടായതോടെ ലിസിയാസ് അപ്പോസ്തലനെ രക്ഷിക്കേണ്ടിവന്നു.
12. പൗലോസ് യരുശലേമിൽ തന്റെ ജീവനുവേണ്ടിയുള്ള ഒരു ഗൂഢാലോചനയിൽനിന്ന് രക്ഷപ്പെട്ടതെങ്ങനെ?
12 അടുത്തതായി പൗലോസ് അവന്റെ ജീവനുവേണ്ടിയുള്ള ഒരു ഗൂഢാലോചനയിൽനിന്നു രക്ഷപെട്ടു. (23:11-35) അവനെ കൊന്നല്ലാതെ തിന്നുകയോ കുടിക്കുകയൊ ഇല്ലെന്ന് നാല്പതു യഹൂദൻമാർ ശപഥംചെയ്തിരുന്നു. പൗലോസിന്റെ മരുമകൻ ഇതു പൗലോസിനെയും ലിസിയാസിനെയും അറിയിച്ചു. അപ്പോസ്തലൻ പട്ടാളകാവലിൽ നാടുവാഴിയായ കൈസരിയയിലെ അന്റോണിയസ് ഫേലിക്സിന്റെ അടുക്കലേക്കു കൊണ്ടുപോകപ്പെട്ടു. കൈസരിയാ യഹൂദ്യയുടെ റോമാഭരണ തലസ്ഥാനമായിരുന്നു. പൗലോസിന് ഒരു വിചാരണ വാഗ്ദാനംചെയ്ത ശേഷം ഫേലിക്സ് പൗലോസിനെ മഹാനായ ഹെരോദാവിന്റെ അകമ്പടികൊട്ടാരമായ ഗവർണറുടെ ആസ്ഥാനത്ത് കാവലിൽ പാർപ്പിച്ചു.
ഭരണാധിപൻമാരുടെ മുമ്പാകെ ധൈര്യം
13. പൗലോസ് ഫേലിക്സിന് എന്തിനെക്കുറിച്ചു സാക്ഷ്യംകൊടുത്തു, ഫലമെന്തായിരുന്നു?
13 അപ്പോസ്തലൻ പെട്ടെന്നുതന്നെ വ്യാജാരോപണങ്ങൾക്കെതിരെ പ്രതിവാദം നടത്തുകയും ഫേലിക്സിനോടു സധൈര്യം സാക്ഷീകരിക്കുകയും ചെയ്തു. (24:1-27) താൻ ജനക്കൂട്ടത്തെ ഇളക്കിവിട്ടില്ലെന്ന് പൗലോസ് യഹൂദ കുററാരോപകരുടെ മുമ്പാകെ തെളിയിച്ചു. താൻ ന്യായപ്രമാണത്തിലും പ്രവാചകൻമാരിലും വിവരിച്ചിരിക്കുന്ന കാര്യങ്ങൾ വിശ്വസിക്കുന്നുവെന്നും “നീതിമാൻമാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനത്തിൽ” പ്രത്യാശവെക്കുന്നുവെന്നും അവൻ പറഞ്ഞു. പൗലോസ് ദാനധർമ്മങ്ങളുമായിട്ടായിരുന്നു (പീഡനത്താൽ ദാരിദ്ര്യമനുഭവിച്ചിരിക്കാമായിരുന്ന യേശുവിന്റെ അനുഗാമികൾക്കായുള്ള (സംഭാവനകൾ) യരൂശലേമിലേക്കു പോയത്, ആചാരപരമായി ശുദ്ധീകരണവും നടത്തിയിരുന്നു. ഫേലിക്സ് ന്യായവിധി നീട്ടിവെച്ചുവെങ്കിലും പൗലോസ് പിന്നീട് അവനോടും അവന്റെ ഭാര്യയായ ദ്രുസില്ലയോടും (ഹെരോദ് അഗ്രിപ്പാ I-ാമന്റെ പുത്രി) ക്രിസ്തുവിനെയും നീതിയെയും ആത്മനിയന്ത്രണത്തെയും വരാനിരിക്കുന്ന ന്യായവിധിയെയും കുറിച്ചു പ്രസംഗിച്ചു. അങ്ങനെയുള്ള പ്രസംഗത്തിൽ ഭയന്ന് ഫേലിക്സ് പൗലോസിനെ പറഞ്ഞയച്ചു. എന്നിരുന്നാലും, കൈക്കൂലി കിട്ടുമെന്ന് വ്യർത്ഥമായി ആശിച്ചുകൊണ്ട് പിന്നീട് അവൻ മിക്കപ്പോഴും പൗലോസിനെ ആളയച്ചുവരുത്തുമായിരുന്നു. പൗലോസ് നിർദ്ദോഷിയാണെന്ന് ഫേലിക്സിനറിയാമായിരുന്നു. എന്നാൽ യഹൂദൻമാരുടെ പ്രീതികിട്ടാനാശിച്ചുകൊണ്ട് അവനെ ബന്ധനത്തിൽ സൂക്ഷിച്ചു. രണ്ടുവർഷം കഴിഞ്ഞ് പോർഷ്യസ് ഫെസ്തോസ് ഫേലിക്സിന്റെ പിൻഗാമിയായി.
14. ഫെസ്തോസിന്റെ മുമ്പാകെ ഹാജരായപ്പോൾ പൗലോസ് ഏതു നിയമവ്യവസ്ഥയെ പ്രയോജനപ്പെടുത്തി, ഇതിൽ നിങ്ങൾ എന്തു സമാന്തരം കാണുന്നു?
14 പൗലോസ് ഫെസ്തോസിന്റെ മുമ്പാകെയും ധീരമായ ഒരു പ്രതിവാദം നടത്തി. (25:1-12) അപ്പോസ്തലൻ മരണം അർഹിച്ചിരുന്നെങ്കിൽ അവൻ ഒഴിഞ്ഞുമാറുകയില്ലായിരുന്നു, എന്നാൽ യാതൊരു മനുഷ്യനും പ്രീതിക്കുവേണ്ടി അവനെ യഹൂദൻമാർക്കു വിട്ടുകൊടുക്കാൻ കഴിയുമായിരുന്നില്ല. “ഞാൻ കൈസറിന് അപ്പീൽ കൊടുക്കുന്നു”വെന്ന് പൗലോസ് പറഞ്ഞു. അവൻ റോമിൽ (ആ കാലത്ത് നീറോയുടെ മുമ്പാകെ) വിസ്തരിക്കപ്പെടുന്നതിനുള്ള ഒരു റോമാപൗരന്റെ അവകാശത്തെ പ്രയോജനപ്പെടുത്തുകയായിരുന്നു. അപ്പീൽ അനുവദിക്കപ്പെട്ടതിനാൽ, പൗലോസ് മുൻകൂട്ടിപ്പറയപ്പെട്ടിരുന്നതുപോലെ “റോമായിൽ സാക്ഷീകരിക്കു”മായിരുന്നു. (പ്രവൃത്തികൾ 23:11) യഹോവയുടെ സാക്ഷികളും ‘പ്രതിവാദം നടത്തി സുവാർത്തയെ നിയമപരമായി സ്ഥാപിക്കാനുള്ള’ കരുതലുകൾ പ്രയോജനപ്പെടുത്തുന്നു.—ഫിലിപ്പിയർ 1:7.
15. (എ) പൗലോസ് അഗ്രിപ്പാരാജാവിന്റെയും കൈസറിന്റെയും മുമ്പാകെ ഹാജരായപ്പോൾ ഏതു പ്രവചനം നിവർത്തിക്കപ്പെട്ടു? (ബി) പൗലോസ് എങ്ങനെ ‘മുടിങ്കോലുകൾക്കെതിരെ തൊഴിച്ചു’?
15 വടക്കൻയഹൂദ്യയിലെ ഹെരോദ് അഗ്രിപ്പാII-ാമൻ രാജാവും അവന്റെ സഹോദരിയായ ബർന്നീക്കയും (അവരുമായി അവന് ഒരു നിഷിദ്ധബന്ധമാണുണ്ടായിരുന്നത്) കൈസരിയായിൽ ഫെസ്തോസിനെ സന്ദർശിച്ചപ്പോൾ പൗലോസിനെ കേൾക്കുകയുണ്ടായി. (25:13–26:23) അഗ്രിപ്പാവിനോടും കൈസറോടും സാക്ഷീകരിച്ചതിനാൽ പൗലോസ് താൻ രാജാക്കൻമാരുടെ മുമ്പാകെ കർത്താവിന്റെ നാമം വഹിക്കുമെന്നുള്ള പ്രവചനം നിവർത്തിച്ചു. (പ്രവൃത്തികൾ 9:15) ഡമാസ്ക്കസിലേക്കുള്ള വഴിമദ്ധ്യേ എന്തു സംഭവിച്ചുവെന്ന് അഗ്രിപ്പായോടു പറഞ്ഞുകൊണ്ട് “മുടിങ്കോലുകൾക്കെതിരെ തൊഴിച്ചുകൊണ്ടിരിക്കുന്നത് നിനക്ക് പ്രയാസമാണെ”ന്ന് യേശു പറഞ്ഞതായി പൗലോസ് പ്രസ്താവിച്ചു. ശാഠ്യമുള്ള ഒരു കാള ഒരു മുടിങ്കോലിന്റെ കുത്തുകളെ ചെറുത്തുനിൽക്കുന്നതിനാൽ അതിനെത്തന്നെ ഉപദ്രവിക്കുന്നതുപോലെ, ദൈവത്തിന്റെ പിന്തുണയുണ്ടായിരുന്ന യേശുവിന്റെ അനുഗാമികൾക്കെതിരെ പൊരുതിയതിനാൽ പൗലോസ് തന്നേത്തന്നെ ഉപദ്രവിച്ചിരുന്നു.
16. ഫെസ്തോസും അഗ്രിപ്പാവും പൗലോസിന്റെ സാക്ഷ്യത്തോട് എങ്ങനെ പ്രതികരിച്ചു?
16 ഫെസ്തോസും അഗ്രിപ്പാവും എങ്ങനെ പ്രതികരിച്ചു? (26:24-32) പുനരുത്ഥാനത്തെക്കുറിച്ചു മനസ്സിലാക്കാൻ കഴിയാതെയും പൗലോസിന്റെ ബോദ്ധ്യത്തിൽ അത്ഭുതപ്പെട്ടുകൊണ്ടും “വലിയ പഠിപ്പു നിന്നെ ഭ്രാന്തനാക്കുകയാണ്!” എന്ന് ഫെസ്തോസ് പറഞ്ഞു. സമാനമായി, “സത്യത്തിന്റെയും സുബോധത്തിന്റെയും മൊഴികൾ ഉച്ചരിക്കു”ന്നതിൽ പൗലോസിനെപ്പോലെയാണെങ്കിലും യഹോവയുടെ സാക്ഷികൾ ഭ്രാന്തരാണെന്ന് ചിലർ ഇപ്പോൾ കുററപ്പെടുത്തുന്നുണ്ട്. “ചുരുങ്ങിയ സമയം കൊണ്ട് ഒരു ക്രിസ്ത്യാനിയാകാൻ നീ എന്നെ പ്രേരിപ്പിക്കും” എന്ന് അഗ്രിപ്പാ പറഞ്ഞു. അവൻ വിചാരണ അവസാനിപ്പിച്ചു, എന്നാൽ കൈസറിനോടു അപ്പീൽ ബോധിപ്പിച്ചില്ലായിരുന്നെങ്കിൽ പൗലോസിനെ വിട്ടയക്കാമായിരുന്നുവെന്ന് സമ്മതിക്കുകയുണ്ടായി.
സമുദ്രങ്ങളിലെ അപകടങ്ങൾ
17. റോമിലേക്കുള്ള പൗലോസിന്റെ യാത്രാസമയത്ത് സമുദ്രത്തിൽ നേരിട്ട അപകടങ്ങളെ നിങ്ങൾ എങ്ങനെ വർണ്ണിക്കും?
17 റോമിലേക്കുള്ള യാത്ര പൗലോസിനെ “സമുദ്രത്തിലെ അപകടങ്ങൾ”ക്കു വിധേയനാക്കി. (2 കൊരിന്ത്യർ 11:24-27) യൂലിയൊസ് എന്നു പേരായ ഒരു സൈനികോദ്യോഗസ്ഥനായിരുന്നു കൈസരിയായിൽനിന്നു റോമിലേക്കു സമുദ്രയാത്ര നടത്തുന്ന തടവുപുള്ളികളുടെ ചുമതലയുള്ളവൻ. (27:1-26) അവരുടെ കപ്പൽ സീദോനിലെത്തിയപ്പോൾ, വിശ്വാസികളെ സന്ദർശിക്കാൻ പൗലോസ് അനുവദിക്കപ്പെട്ടു. അവർ അവന് ആത്മീയമായി നവോൻമേഷം പകർന്നു. (3 യോഹന്നാൻ 14 താരതമ്യപ്പെടുത്തുക.) ഏഷ്യാമൈനറിലെ മുറായിൽ യൂലിയൊസ് ഇററലിക്കു പോകുന്ന ഒരു ധാന്യക്കപ്പലിൽ തടവുകാരെ കയററി. ശക്തമായ കാററുണ്ടായിരുന്നിട്ടും അവർ ക്രേത്ത നഗരമായ ലസയ്യക്കടുത്തുള്ള ശുഭസങ്കേത തുറമുഖത്തെത്തി. അവിടെനിന്ന് ഫൊയ്നീക്യക്കുള്ള വഴിയിൽ പോകവേ ഒരു വടക്കുകിഴക്കൻ കാററ് കപ്പലിനെ ഉലച്ചു. വടക്കെ ആഫ്രിക്കയിലെ സിർത്തിസിൽ (പൂഴിമണലിൽ) ഉറച്ചുപോയേക്കുമെന്നു ഭയന്ന് നാവികർ “കപ്പൽസാമഗ്രി”, ഒരുപക്ഷേ കപ്പൽപായ്കളും പായ്മരങ്ങളും, “ഇറക്കി.” കപ്പലിന്റെ ചേർപ്പുകൾ അകന്നുപോകാതിരിക്കാൻ ചട്ടക്കൂടിനുചുററും കയർ കെട്ടി. അടുത്ത ദിവസം പിന്നെയും കൊടുങ്കാററിലുലഞ്ഞതിനാൽ ചരക്കു കടലിലിട്ടുകൊണ്ട് കപ്പലിന്റെ ഭാരം കുറച്ചു. മൂന്നാം ദിവസം അവർ കപ്പൽകോപ്പും (കപ്പൽപായ്കളും മററു സാമഗ്രികളും) കടലിലിട്ടു. ആശയററുപോകുന്നതായി തോന്നിയപ്പോൾ ഒരു ദൂതൻ പൗലോസിനു പ്രത്യക്ഷപ്പെടുകയും അവൻ കൈസറുടെ മുമ്പാകെ നിൽക്കേണ്ടതാകയാൽ ഭയപ്പെടരുതെന്നു പറയുകയും ചെയ്തു. യാത്രക്കാരെല്ലാം ഒരു ദ്വീപിൽ അടുക്കുമെന്ന് അപ്പോസ്തലൻ പറഞ്ഞപ്പോൾ എന്തോരാശ്വാസമായിരുന്നു!
18. ഒടുവിൽ പൗലോസിനും സഹയാത്രികർക്കും എന്തു സംഭവിച്ചു?
18 കപ്പൽയാത്രക്കാർ അതിജീവിച്ചു. (27:27-44) 14-ാം ദിവസം അർദ്ധരാത്രിക്ക് കരയോടു സമീപിച്ചുവെന്ന് നാവികർ മനസ്സിലാക്കി. ആഴംനോട്ടം ഇതു സ്ഥിരീകരിച്ചു. പാറകളിൽതട്ടി അപകടം ഭവിക്കാതിരിക്കാൻ നങ്കൂരങ്ങൾ ഇറക്കപ്പെട്ടു. പൗലോസിന്റെ പ്രോൽസാഹനത്താൽ 276 പേരും ഭക്ഷണം കഴിച്ചു. പിന്നീട് ഗോതമ്പ് കടലിലിട്ടുകൊണ്ട് കപ്പലിന്റെ ഭാരം കുറച്ചു. പ്രഭാതമായപ്പോൾ നാവികർ നങ്കൂരങ്ങൾ അറക്കുകയും തുഴകൾ അഴിക്കുകയും പെരുമ്പായ് കാററിനഭിമുഖമായി ഉയർത്തുകയും ചെയ്തു. കപ്പൽ ആഴംകുറഞ്ഞ ഒരു സ്ഥലത്തുറക്കുകയും അണിയം തകർന്നു ശിഥിലമാകാൻ തുടങ്ങുകയുംചെയ്തു. എന്നാൽ എല്ലാവരും കരപററി.
19. പൗലോസിന് മാൾട്ടായിൽ എന്തു സംഭവിച്ചു, അവൻ അവിടത്തെ മററുള്ളവർക്കുവേണ്ടി എന്തു ചെയ്തു?
19 കപ്പൽചേതത്തിനിരയായവർ നനഞ്ഞു ക്ഷീണിച്ച് മാൾട്ടായിലെത്തി. ആ ദ്വീപുവാസികൾ അവരോട് “അസാധാരണ മാനുഷ ദയ” പ്രകടമാക്കി. (28:1-16) എന്നാൽ പൗലോസ് തീയിൽ വിറകു വെച്ചപ്പോൾ അനങ്ങാതെ കിടന്നിരുന്ന ഒരു അണലിയെ ചൂട് ഉജ്ജീവിപ്പിക്കുകയും അത് അവന്റെ കൈയിൽ ചുററുകയും ചെയ്തു. (മാൾട്ടായിൽ ഇപ്പോൾ വിഷപ്പാമ്പുകളില്ല, എന്നാൽ ഇത് ഒരു “വിഷമുള്ള ജീവി”യായിരുന്നു.) “പ്രതികാരനീതി” ജീവിക്കാൻ അനുവദിക്കാത്ത ഒരു കൊലപാതകിയാണ് പൗലോസെന്ന് മാൾട്ടാക്കാർ വിചാരിച്ചു. എന്നാൽ അവൻ മരിച്ചുവീഴുകയോ നീരുവെച്ചുവീർക്കുകയോ ചെയ്യാഞ്ഞപ്പോൾ അവൻ ഒരു ദൈവമാണെന്ന് അവർ പറഞ്ഞു. പിന്നീട് മാൾട്ടായിലെ മുഖ്യ ഉദ്യോഗസ്ഥനായിരുന്ന പുബ്ലിയോസിന്റെ പിതാവുൾപ്പെടെ അനേകരെ പൗലോസ് സൗഖ്യപ്പെടുത്തി. അനന്തരം മൂന്നു മാസം കഴിഞ്ഞ് പൗലോസും ലൂക്കോസും അരിസ്തർക്കസും “സ്യൂസ്പുത്രൻമാർ” (നാവികരെ അനുഗ്രഹിക്കുന്നതായി സങ്കൽപ്പിക്കപ്പെടുന്ന ഇരട്ടദൈവങ്ങളായ കാസ്റററും പോളക്സും) എന്ന ചിഹ്നത്തോടുകൂടിയ ഒരു കപ്പലിൽ യാത്രതിരിച്ചു. പുത്യൊലിയിൽ ഇറങ്ങിയപ്പോൾ യൂലിയോസ് തന്റെ കീഴിലുള്ള ആൾക്കാരുമായി നീങ്ങി. റോമൻ തലസ്ഥാനത്തുനിന്നുള്ള ക്രിസ്ത്യാനികൾ അപ്യസിലെ ചന്തസ്ഥലത്തും അപ്യപാതയിലെ ത്രിമണ്ഡപത്തിലും അവരെ വന്നുകണ്ടതിൽ പൗലോസ് ദൈവത്തിനു നന്ദികൊടുക്കുകയും ധൈര്യം പ്രാപിക്കുകയും ചെയ്തു. ഒടുവിൽ, ഒരു പടയാളിയുടെ കാവലിലാണെങ്കിലും റോമിൽ തനിച്ചു പാർക്കാൻ പൗലോസ് അനുവദിക്കപ്പെട്ടു.
യഹോവയുടെ രാജ്യം പ്രഘോഷിച്ചുകൊണ്ടേയിരിക്കുക!
20. പൗലോസ് റോമിലെ തന്റെ വസതിയിൽ ഏതു പ്രവർത്തനത്തിൽ തിരക്കുള്ളവനായിരുന്നു?
20 പൗലോസ് റോമയിലെ തന്റെ വസതിയിൽ സധൈര്യം യഹോവയുടെ രാജ്യം പ്രഘോഷിച്ചു. (28:17-31) പ്രമുഖരായ യഹൂദൻമാരോട് അവൻ പറഞ്ഞു: “ഇസ്രായേലിന്റെ പ്രത്യാശനിമിത്തമാണ് എനിക്കു ചുററും ഈ ചങ്ങലയുള്ളത്.” ആ പ്രത്യാശയിൽ മശിഹായെ സ്വീകരിക്കുന്നത് ഉൾപ്പെട്ടിരുന്നു, അത് നാമും കഷ്ടതസഹിക്കാൻ സന്നദ്ധരായിരിക്കേണ്ട ഒരു സംഗതിയാണ്. (ഫിലിപ്പിയർ 1:29) ആ മിക്ക യഹൂദൻമാരും വിശ്വസിച്ചില്ലെങ്കിലും അനേകം വിജാതീയർക്കും ഒരു യഹൂദശേഷിപ്പിനും ശരിയായ ഹൃദയനില ഉണ്ടായിരുന്നു. (യെശയ്യാവ് 6:9, 10) തന്റെ അടുക്കൽ വന്നവരെയെല്ലാം പൗലോസ് രണ്ടു വർഷക്കാലം (ഏകദേശം ക്രി.വ. 59-61) സ്വീകരിക്കുകയും “അവരോടു ദൈവരാജ്യം പ്രസംഗിക്കുകയും തടസ്സം കൂടാതെ ഏററവും വലിയ സംസാരസ്വാതന്ത്ര്യത്തോടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്തു.”
21. പൗലോസ് തന്റെ ഭൗമികജീവിതത്തിന്റെ അവസാനത്തോളം എന്തു മാതൃക വെച്ചു?
21 പ്രത്യക്ഷത്തിൽ പൗലോസ് നിർദ്ദോഷിയാണെന്ന് നീറോ വിധിക്കുകയും അവനെ വിട്ടയക്കുകയും ചെയ്തു. അനന്തരം അപ്പോസ്തലൻ തിമൊഥെയോസിനോടും തീത്തോസിനോടുംകൂടെ വീണ്ടും തന്റെ വേല തുടർന്നു. എന്നിരുന്നാലും, അവൻ വീണ്ടും റോമിൽ (ഏകദേശം ക്രി.വ. 65) തടവിലാക്കപ്പെടുകയും സാദ്ധ്യതയനുസരിച്ച് നീറോയുടെ കൈയാൽ രക്തസാക്ഷിമരണം അനുഭവിക്കുകയും ചെയ്തു. (2 തിമൊഥെയോസ് 4:6-8) എന്നാൽ പൗലോസ് ധീരനായ ഒരു രാജ്യഘോഷകനെന്ന നിലയിൽ അവസാനത്തോളം നല്ല മാതൃക വെച്ചു. ദൈവത്തിനു സമർപ്പിക്കപ്പെട്ടിരിക്കുന്ന സകലരും ഈ അന്ത്യനാളുകളിൽ അതേ ആത്മാവോടെ യഹോവയുടെ രാജ്യത്തെ സധൈര്യം പ്രഘോഷിക്കട്ടെ! (w90 6⁄15)
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ പൗലോസ് എഫേസ്യമൂപ്പൻമാർക്ക് ഏതു ശുശ്രൂഷാപരമായ പരിശീലനം കൊടുത്തു?
◻ പൗലോസ് എങ്ങനെ ദൈവേഷ്ടത്തോടുള്ള കീഴ്പ്പെടലിന്റെ ദൃഷ്ടാന്തം വെച്ചു?
◻ ജനക്കൂട്ടത്തിന്റെ അക്രമം സംബന്ധിച്ച് പൗലോസിന്റെയും ഇന്നത്തെ യഹോവയുടെ സാക്ഷികളുടെയും അനുഭവങ്ങളിൽ എന്തു സമാന്തരമുണ്ട്?
◻ ഗവർണർ ഫെസ്തോസിന്റെ മുമ്പാകെയായിരുന്നപ്പോൾ പൗലോസ് ഏതു നിയമവ്യവസ്ഥയെ പ്രയോജനപ്പെടുത്തി, ഇതിന് ഏതു ആധുനികകാല സമാന്തരത്വമുണ്ട്?
◻ പൗലോസ് റോമിലെ തന്റെ വസതിയിൽ ഏതു പ്രവർത്തനത്തിൽ തിരക്കുള്ളവനായിരുന്നു, ഏതു ദൃഷ്ടാന്തം വെച്ചുകൊണ്ട്?