ക്രിസ്തുവിന്റെ വരവ് എന്തു ലക്ഷ്യം സാധിക്കും?
“സാവൊ പൗലോ ഭീകരതയുടെ നിഴലിൽ.” 2006 മേയിൽ അരങ്ങേറിയ, നാലു ദിവസം നീണ്ടുനിന്ന ആസൂത്രിതമായ അക്രമ പ്രവർത്തനത്തെ വേഴാ മാസിക അങ്ങനെയാണു വർണിച്ചത്. സമ്പത്തിൽ കുളിച്ചുനിൽക്കുന്ന ബ്രസീലിലെ ആ വൻനഗരത്തെ അക്രമം പിച്ചിച്ചീന്തുകയായിരുന്നു. “100-ലധികം മണിക്കൂർ നീണ്ടുനിന്ന അക്രമം” നിയമപാലകരും കുറ്റവാളികളും സാധാരണ പൗരന്മാരും ഉൾപ്പെടെ ഏതാണ്ട് 150 പേരുടെ ജീവനാണു തട്ടിയെടുത്തത്.
ലോകത്തിന്റെ മുക്കിലും മൂലയിലും അക്രമ പ്രവർത്തനങ്ങൾ വാർത്താ പ്രാധാന്യം നേടുകയാണിന്ന്. നേതാക്കന്മാർ അതിന്റെ മുമ്പിൽ നിസ്സഹായരായിപ്പോകുന്നതുപോലെ. അപകടം നിറഞ്ഞ ഒരിടമായിത്തീർന്നുകൊണ്ടിരിക്കുകയാണ് നമ്മുടെ ലോകം; ജീവിതം അനുദിനം ദുർഘടമായിത്തീരുന്നു. എവിടെത്തിരിഞ്ഞാലും ദുർവാർത്തകളേ കേൾക്കാനുള്ളു എന്നത് നിങ്ങളെ നിരാശപ്പെടുത്തുണ്ടാകാം. എന്നാൽ മാറ്റത്തിന്റെ കാറ്റു വീശാൻ അധികം കാത്തിരിക്കേണ്ടതില്ല.
ദൈവത്തിന്റെ രാജ്യം വരാനും അവന്റെ ഇഷ്ടം “സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും” ആകാനും വേണ്ടി പ്രാർഥിക്കാൻ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചു. (മത്തായി 6:9, 10) ദൈവം നിയമിച്ചിരിക്കുന്ന യേശുക്രിസ്തു രാജാവായുള്ള ഒരു ഭരണകൂടമാണ് ഈ രാജ്യം. മാനവരാശിയുടെ സകല പ്രശ്നങ്ങളും അതു പരിഹരിക്കും. എന്നാൽ ദൈവരാജ്യം ഭൂമിയിൽ ഇത്തരം മാറ്റങ്ങൾ കൊണ്ടുവരണമെങ്കിൽ മാനുഷ ഭരണത്തിൽനിന്ന് ക്രിസ്തുഭരണത്തിലേക്കുള്ള ഒരു മാറ്റം അനിവാര്യമാണ്. ക്രിസ്തുവിന്റെ വരവ് ആ ലക്ഷ്യം സാധിക്കും.
ഭരണമാറ്റം സമാധാനപരമായിരിക്കുമോ?
ലോകരാഷ്ട്രങ്ങൾ ക്രിസ്തുവിന്റെ ഭരണത്തിന് സമാധാനപരമായി കീഴ്പെടുമോ? അപ്പൊസ്തലനായ യോഹന്നാനു ലഭിച്ച ഒരു ദർശനം ഈ ചോദ്യത്തിന് ഉത്തരം നൽകുന്നുണ്ട്. “കുതിരപ്പുറത്തിരിക്കുന്നവനോടും [യേശു] അവന്റെ സൈന്യത്തോടും യുദ്ധം ചെയ്വാൻ മൃഗവും [ലോക രാഷ്ട്രീയ വ്യവസ്ഥിതി] ഭൂരാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു വന്നുകൂടിയതു ഞാൻ കണ്ടു.” (വെളിപ്പാടു 19:19) ഈ യുദ്ധത്തിൽ ഭൂമിയിലെ രാജാക്കന്മാർക്ക് എന്തു സംഭവിക്കും? യഹോവയുടെ അഭിഷിക്ത രാജാവ് “ഇരിമ്പുകോൽകൊണ്ടു . . . അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും” എന്ന് ബൈബിൾ പറയുന്നു. (സങ്കീർത്തനം 2:9) അതേ, രാഷ്ട്രീയ വ്യവസ്ഥിതി തകർന്നു തരിപ്പണമാകും. ദൈവരാജ്യം “[മനുഷ്യ] രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.”—ദാനീയേൽ 2:44.
ദൈവരാജ്യത്തെ എതിർക്കുന്ന വ്യക്തികളുടെ കാര്യമോ? “കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽനിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷ”നാകുമ്പോൾ “ദൈവത്തെ അറിയാത്തവർക്കും . . . സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കു”മെന്ന് ബൈബിൾ പ്രസ്താവിക്കുന്നു. (2 തെസ്സലൊനീക്യർ 1:6-8) “ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും” എന്ന് സദൃശവാക്യങ്ങൾ 2:22 പറയുന്നു.
ക്രിസ്തുവിന്റെ വരവിനെക്കുറിച്ചു ബൈബിൾ പറയുന്നു: “ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ . . . കാണും.” (വെളിപ്പാടു 1:7) ആളുകൾ അക്ഷരാർഥത്തിൽ അവനെ കാണുകയില്ല. സ്വർഗാരോഹണം മുതൽ യേശു “അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനു”മായ ഒരു ആത്മവ്യക്തിയാണ്.—1 തിമൊഥെയൊസ് 6:16.
മോശെയുടെ കാലത്ത് ഈജിപ്തുകാരുടെമേൽ പത്തു ബാധകൾ വരുത്തിയത് യഹോവ നേരിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടല്ല; സമാനമായി ഭൂമിയിലെ നിവാസികൾക്കു “കാണു”ന്നതിനുവേണ്ടി യേശുവിനും മനുഷ്യരൂപത്തിലാകേണ്ട ആവശ്യമില്ല. ബാധകളുടെ പിന്നിൽ യഹോവയുടെ കൈയാണ് എന്ന കാര്യത്തിൽ അന്നത്തെ ആളുകൾക്ക് യാതൊരു സംശയവുമില്ലായിരുന്നു; അവന്റെ ശക്തി അംഗീകരിക്കുകയല്ലാതെ അവർക്ക് മറ്റു മാർഗമില്ലായിരുന്നു. (പുറപ്പാടു 12:31) സമാനമായി, ദൈവനിയമിത വധനിർവാഹകൻ എന്നനിലയിൽ ക്രിസ്തു നടപടിയെടുക്കുമ്പോൾ തങ്ങളെ ന്യായംവിധിക്കാൻ ദൈവം യേശുവിനെ ഉപയോഗിക്കുകയാണെന്ന വസ്തുത ‘കാണാൻ’ അതായത് തിരിച്ചറിയാൻ ദുഷ്ടന്മാർ നിർബന്ധിതരാകും. അവർക്കതു മനസ്സിലാകും, കാരണം അപ്പോഴേക്കും മാനവരാശിക്ക് അതു സംബന്ധിച്ച് മുന്നറിയിപ്പു ലഭിച്ചിട്ടുണ്ടായിരിക്കും. അതേ, “ഏതു കണ്ണും, . . . [യേശുവിനെ] കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും.”—വെളിപ്പാടു 1:7.
യഥാർഥ സമാധാനവും ഐശ്വര്യവും കളിയാടുന്ന ഒരവസ്ഥയിലേക്കു ഭൂമി പുനഃസ്ഥാപിക്കപ്പെടുന്നതിന് ദുഷ്ടന്മാർ നശിപ്പിക്കപ്പെടുകയും ദുഷ്ടഭരണം നീക്കം ചെയ്യപ്പെടുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ക്രിസ്തു അതു ചെയ്യും. അതിനുശേഷം യേശു ഭൂമിയിലെ സകല കാര്യാദികളുടെയും നിയന്ത്രണം ഏറ്റെടുക്കും. നിർണായകമായ മാറ്റങ്ങൾ അതിനെ പിന്തുടർന്നെത്തും.
പ്രയോജനങ്ങളുടെ ഒരു പുനഃസ്ഥാപനം
“ദൈവം ലോകാരംഭംമുതൽ തന്റെ വിശുദ്ധപ്രവാചകന്മാർമുഖാന്തരം അരുളിച്ചെയ്തതു ഒക്കെയും യഥാസ്ഥാനത്താകുന്ന കാല”ത്തെക്കുറിച്ച് അപ്പൊസ്തലനായ പത്രൊസ് സംസാരിക്കുകയുണ്ടായി. (പ്രവൃത്തികൾ 3:21) ഈ യഥാസ്ഥാനപ്പെടുത്തലിന്റെ ഭാഗമാണ് ക്രിസ്തുവിന്റെ ഭരണസമയത്ത് ഭൂമിയിൽ ഉണ്ടാകാനിരിക്കുന്ന മാറ്റങ്ങൾ. ഭൂമിയിലെ ഈ പുനഃസ്ഥാപനത്തെക്കുറിച്ചു പറയാൻ ദൈവം ഉപയോഗിച്ച പ്രവാചകന്മാരിൽ ഒരാളാണ് പൊതുയുഗത്തിനു മുമ്പ് എട്ടാം നൂറ്റാണ്ടിലെ യെശയ്യാ പ്രവാചകൻ. “സമാധാനപ്രഭു”വായ യേശുക്രിസ്തു ഭൂമിയിൽ സമാധാനം പുനഃസ്ഥാപിക്കുമെന്ന് പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞു. ക്രിസ്തുവിന്റെ ഭരണത്തെക്കുറിച്ച് യെശയ്യാ പ്രവചനം പ്രസ്താവിക്കുന്നു: “അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല.” (യെശയ്യാവു 9:6, 7) യേശു ഭൂമിയിലെ ജനങ്ങളെ സമാധാനത്തിന്റെ മാർഗം പഠിപ്പിക്കും. ഭൂവാസികൾ “സമാധാനസമൃദ്ധിയിൽ . . . ആനന്ദിക്കും.”—സങ്കീർത്തനം 37:11.
ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കാര്യമോ? യെശയ്യാവ് പറയുന്നു: “സൈന്യങ്ങളുടെ യഹോവ ഈ പർവ്വതത്തിൽ സകലജാതികൾക്കും മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; മേദസ്സുനിറഞ്ഞ മൃഷ്ടഭോജനങ്ങൾ കൊണ്ടും മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞു കൊണ്ടും ഉള്ള വിരുന്നു തന്നേ.” (യെശയ്യാവു 25:6) സങ്കീർത്തനക്കാരൻ ഇപ്രകാരം പറഞ്ഞു: “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.” (സങ്കീർത്തനം 72:16) കൂടാതെ ഭൂവാസികളെക്കുറിച്ച് നാം ഇങ്ങനെ വായിക്കുന്നു: “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിക, മറ്റൊരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും.”—യെശയ്യാവു 65:21, 22.
രോഗവും മരണവും നീങ്ങിപ്പോകുന്നതിനെക്കുറിച്ചും യെശയ്യാവ് പ്രവചിച്ചു. ദൈവം പ്രവാചകനിലൂടെ ഇങ്ങനെ പറഞ്ഞു: “അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും.” (യെശയ്യാവു 35:5, 6) അന്ന് “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.” (യെശയ്യാവു 33:24) ദൈവം “മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും . . . ചെയ്യും.”—യെശയ്യാവു 25:8.
സ്മാരക “കല്ലറകളിൽ” ഉള്ളവരുടെ കാര്യമോ? (യോഹന്നാൻ 5:28, 29) യെശയ്യാ പ്രവാചകൻ ഇങ്ങനെ പറഞ്ഞു: “നിന്റെ മൃതന്മാർ ജീവിക്കും; . . . [അവർ] എഴുന്നേല്ക്കും.” (യെശയ്യാവു 26:19) അതേ, മരണത്തിൽ നിദ്രകൊള്ളുന്നവർ ജീവനിലേക്കു വരും!
“ദൈവം . . . സിംഹാസനം അവന്നു കൊടുക്കും”
ക്രിസ്തുവിന്റെ വരവ് ഭൂഗ്രഹത്തെ പൂർണമായി പുനഃസ്ഥാപിക്കും. ഭൂമി മനോഹരമായ ഒരു പറുദീസയായി മാറും; മാനവകുടുംബം ഐക്യത്തോടെ സത്യദൈവത്തെ ആരാധിക്കും. ഭൂമിയിൽനിന്ന് ദുഷ്ടത നീക്കി നീതിനിഷ്ഠമായ അവസ്ഥകൾ കൊണ്ടുവരാൻ യേശുവിനു കഴിയുമെന്ന് ഉറച്ചു വിശ്വസിക്കാൻ നമുക്കാകുമോ?
യേശുവിന് ശക്തിയും അധികാരവും ലഭിച്ചിരിക്കുന്നത് ആരിൽനിന്നാണെന്നു ശ്രദ്ധിക്കുക. മിശിഹൈക രാജാവിനെക്കുറിച്ച് ബൈബിൾ ഇപ്രകാരം പ്രസ്താവിക്കുന്നു: “കർത്താവായ ദൈവം . . . സിംഹാസനം അവന്നു കൊടുക്കും.” (ലൂക്കൊസ് 1:32) യേശുവിന്റെ സിംഹാസനം, അതായത് അവന്റെ അധികാരം യഹോവയിൽനിന്നുള്ളതാണ്. ദൈവമാണ് ഈ സിംഹാസനത്തിന്റെ ശിൽപ്പിയും ദാതാവും. അതുകൊണ്ടുതന്നെ യേശുവിനു പരിഹരിക്കാൻ കഴിയാത്തതായി യാതൊരു പ്രശ്നങ്ങളുമുണ്ടായിരിക്കില്ല.
പുനരുത്ഥാനത്തിനുശേഷം യേശു ശിഷ്യന്മാരോടു പറഞ്ഞു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.” (മത്തായി 28:18) “ദൂതന്മാരും അധികാരങ്ങളും ശക്തികളും അവന്നു കീഴ്പെട്ടുമിരിക്കുന്നു” എന്ന് 1 പത്രൊസ് 3:22 പറയുന്നു. ഒരു ശക്തിക്കും അധികാരത്തിനും യേശുവിനെ തോൽപ്പിക്കാനാകില്ല. മനുഷ്യരാശിക്ക് ശാശ്വത അനുഗ്രഹങ്ങൾ കൈവരുത്തുന്നതിൽനിന്ന് അവനെ തടയാൻ യാതൊന്നിനും കഴിയില്ല.
ക്രിസ്തുവിന്റെ വരവ് ആളുകളെ എങ്ങനെ ബാധിക്കും?
തെസ്സലൊനീക്യർക്കുള്ള ലേഖനത്തിൽ അപ്പൊസ്തലനായ പൗലൊസ് പിൻവരുന്ന പ്രകാരം എഴുതി: “നിങ്ങളുടെ വിശ്വാസത്തിന്റെ വേലയും സ്നേഹപ്രയത്നവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും ഇടവിടാതെ നമ്മുടെ ദൈവവും പിതാവുമായവന്റെ സന്നിധിയിൽ [ഞങ്ങൾ] ഓർ”ക്കുന്നു. (1 തെസ്സലൊനീക്യർ 1:2, 3) മൂലകൃതിയിൽ ഈ വാക്യം പരിശോധിച്ചാൽ, ഫലകരമായ വേലയും സ്ഥിരതയും യേശുക്രിസ്തുവിലുള്ള പ്രത്യാശയുടെ ഫലമാണെന്നു പൗലൊസ് പറയുന്നതായി കാണാം. ആ പ്രത്യാശയിൽ ക്രിസ്തുവിന്റെ വരവിലും അതു സാധ്യമാക്കുന്ന പുനഃസ്ഥാപനത്തിലുമുള്ള വിശ്വാസം ഉൾപ്പെടുന്നു. അത്തരം പ്രത്യാശ അങ്ങേയറ്റം പ്രയാസകരമായ സാഹചര്യങ്ങളിൽ തളർന്നുപോകാതെ പിടിച്ചുനിൽക്കാൻ സത്യക്രിസ്ത്യാനികൾക്കു കരുത്തേകും.
ബ്രസീലിലെ സാവൊ പൗലോയിൽ താമസിക്കുന്ന കാർലോസിന്റെ കാര്യംതന്നെ എടുക്കുക. 2003 ആഗസ്റ്റിലാണ് താൻ ഒരു കാൻസർ രോഗിയാണെന്ന സത്യം കാർലോസ് മനസ്സിലാക്കിയത്. അന്നുമുതൽ വേദനാകരമായ എട്ടു ശസ്ത്രക്രിയകൾക്കു വിധേയനാകേണ്ടിവന്നു അദ്ദേഹത്തിന്; പാർശ്വഫലങ്ങളാണെങ്കിൽ ശരീരത്തെയും മനസ്സിനെയും തളർത്തിക്കളയുന്നതായിരുന്നു. അപ്പോഴും മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമായിരുന്നു അദ്ദേഹം. ഒരിക്കൽ ഒരു വലിയ ആശുപത്രിക്കു മുമ്പിൽ തെരുവു സാക്ഷീകരണം നടത്തവേ അദ്ദേഹം യഹോവയുടെ സാക്ഷികളിൽപ്പെട്ട മറ്റൊരു വ്യക്തിയെ കണ്ടുമുട്ടി. ആ സ്ത്രീയുടെ ഭർത്താവിന് കിമോതെറാപ്പി നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. കാൻസറിന്റെ ദുരിതങ്ങൾ അനുഭവിച്ചറിഞ്ഞ വ്യക്തിയെന്നനിലയിൽ, ആ ദമ്പതികൾക്ക് പ്രോത്സാഹനവും സാന്ത്വനവും പകരാൻ കാർലോസിനു കഴിഞ്ഞു. ആ സംഭാഷണം അവർക്ക് എന്തെന്നില്ലാത്ത ആത്മവിശ്വാസവും കരുത്തും പകർന്നുകൊടുത്തെന്ന് പിന്നീട് അവർ പറയുകയുണ്ടായി. കാർലോസാകട്ടെ, പൗലൊസിന്റെ പിൻവരുന്ന വാക്കുകളുടെ സത്യത അനുഭവിച്ചറിഞ്ഞു: “ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങൾ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാൻ ശക്തരാകേണ്ടതിന്നു ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പിക്കുന്നു.”—2 കൊരിന്ത്യർ 1:4.
രോഗാവസ്ഥയിലും മറ്റുള്ളവർക്കു പ്രോത്സാഹനമേകാൻ കാർലോസിന് എങ്ങനെ കഴിയുന്നു? ക്രിസ്തുവിന്റെ വരവിനെയും അതു സാധ്യമാക്കുന്ന കാര്യങ്ങളെയും കുറിച്ചുള്ള പ്രത്യാശയാണ് ‘നന്മ ചെയ്യുന്നതിൽ’ തുടരാൻ കാർലോസിനു പ്രചോദനമാകുന്നത്.—ഗലാത്യർ 6:9.
ഇനി, സാമുവെലിന്റെ കാര്യം ചിന്തിക്കുക. വീട്ടിൽനിന്ന് വെറും 50 മീറ്റർ ദൂരെവെച്ച് അദ്ദേഹത്തിന്റെ അനുജൻ വധിക്കപ്പെട്ടു. പത്തു വെടിയുണ്ടകൾ ശരീരത്തിൽ തുളഞ്ഞുകയറിയിരുന്നു. പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കെ, എട്ടു മണിക്കൂർ മൃതദേഹം റോഡരികിൽ കിടന്നു. ആ ദിവസം സാമുവെലിനു മറക്കാനാകുന്നില്ല. എന്നാൽ ക്രിസ്തു സകല ദുഷ്ടതയും നിർമാർജനം ചെയ്യുമെന്നും അതിനെ തുടർന്നുള്ള നീതിനിഷ്ഠമായ ഭരണം മാനവരാശിയുടെമേൽ അനുഗ്രഹങ്ങൾ വർഷിക്കുമെന്നുമുള്ള പ്രത്യാശയാണ് പിടിച്ചുനിൽക്കാൻ സാമുവെലിനെ സഹായിക്കുന്നത്. ഭൂമിയിലെ പറുദീസയിൽ ജീവനിലേക്കു വരുന്ന അനുജനെ കെട്ടിപ്പുണരുന്നത് സാമുവെൽ പലപ്പോഴും ഭാവനയിൽ കാണാറുണ്ട്.—പ്രവൃത്തികൾ 24:15.
നിങ്ങൾ എന്തു ചെയ്യണം?
ക്രിസ്തുവിന്റെ വരവിനെയും അതു സാധ്യമാക്കുന്ന കാര്യങ്ങളെയും സംബന്ധിച്ച പ്രത്യാശ നിങ്ങൾക്ക് ഏറെ സാന്ത്വനമേകും. മനുഷ്യന്റെ പ്രശ്നങ്ങളുടെ മൂലകാരണങ്ങളും നമ്മെ വരിഞ്ഞുമുറുക്കുന്ന സകല തിന്മകളും യേശുക്രിസ്തു ഇല്ലായ്മ ചെയ്യുമെന്ന് ഉറപ്പാണ്.
ക്രിസ്തുവിന്റെ ഭരണം മാനവരാശിയുടെമേൽ ചൊരിയുന്ന അനുഗ്രഹങ്ങൾ ആസ്വദിക്കാൻ നിങ്ങൾ എന്താണു ചെയ്യേണ്ടത്? ദൈവവചനമായ ബൈബിൾ പഠിക്കാനുള്ള തീരുമാനമെടുക്കുക. പിതാവിനോടുള്ള പ്രാർഥനയിൽ യേശു പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) ബൈബിൾ പറയുന്നത് എന്തെന്നു പഠിക്കാൻ ലക്ഷ്യം വെക്കുക. ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കാൻ നിങ്ങളുടെ പ്രദേശത്തെ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേയുള്ളൂ. അവരുമായി ബന്ധപ്പെടാനോ ഈ മാസികയുടെ പ്രസാധകർക്ക് എഴുതാനോ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്.
[7-ാം പേജിലെ ചിത്രങ്ങൾ]
ക്രിസ്തുവിന്റെ വരവ് ഭൂമിയെ പൂർണമായി പുനഃസ്ഥാപിക്കും
[കടപ്പാട്]
ഇൻസെറ്റിലെ പശ്ചാത്തലം: Rhino and Lion Park, Gauteng, South Africa