ബർന്നബാസ്—“ആശ്വാസപുത്രൻ”
ഒരു സുഹൃത്തിൽനിന്ന് നിങ്ങൾക്ക് ഏറ്റവും ഒടുവിൽ ആശ്വാസം ലഭിച്ചത് എന്നായിരുന്നു? നിങ്ങൾ ഏറ്റവും ഒടുവിൽ മറ്റൊരാളെ ആശ്വസിപ്പിച്ചത് എന്നായിരുന്നെന്ന് ഓർക്കുന്നുണ്ടോ? കാലാകാലങ്ങളിൽ, നമുക്കെല്ലാം പ്രോത്സാഹനം ആവശ്യമാണ്. സ്നേഹപൂർവം പ്രോത്സാഹനമേകുന്നവരെ നാം എത്ര വിലമതിക്കുന്നു! ശ്രദ്ധിക്കുന്നതിനും മനസ്സിലാക്കുന്നതിനും സഹായിക്കുന്നതിനുമായി സമയം ചെലവിടുന്നത് ആശ്വസിപ്പിക്കലിൽ ഉൾപ്പെടുന്നു. അതു ചെയ്യാൻ നിങ്ങൾ തയ്യാറാണോ?
മാതൃകായോഗ്യമായ വിധത്തിൽ അത്തരം മനസ്സൊരുക്കം കാട്ടിയ ഒരു വ്യക്തിയായിരുന്നു ബർന്നബാസ്. “അവൻ നല്ലമനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു.” (പ്രവൃത്തികൾ 11:24) ബർന്നബാസിനെക്കുറിച്ച് അപ്രകാരം പറയാൻ കഴിയുമായിരുന്നതെന്തുകൊണ്ട്? ആ വിശേഷണം അർഹിക്കാൻ തക്കവണ്ണം അവൻ എന്താണ് ചെയ്തത്?
ഉദാരമതിയായ ഒരു സഹായി
അവന്റെ യഥാർഥ പേര് യോസേഫ് എന്നായിരുന്നു. എന്നാൽ അവന്റെ സ്വഭാവത്തിനു തികച്ചും യോജിച്ച വിവരണാത്മകമായ ഒരു മറുപേര് അപ്പോസ്തലന്മാർ അവനു നൽകി—“ആശ്വാസപുത്രൻ” എന്നർഥമുള്ള ബർന്നബാസ്.a (പ്രവൃത്തികൾ 4:36, പി.ഒ.സി. ബൈബിൾ) ക്രിസ്തീയ സഭ രൂപീകൃതമായിട്ട് അധികനാളായിരുന്നില്ല. ബർന്നബാസ് മുമ്പേതന്നെ യേശുവിന്റെ ശിഷ്യന്മാരിൽ ഒരുവനായിരുന്നുവെന്ന് ചിലർ കരുതുന്നു. (ലൂക്കൊസ് 10:1, 2) അതു ശരിയാണെങ്കിലും അല്ലെങ്കിലും, അവൻ ഉത്തമമായൊരു വിധത്തിൽ പ്രവർത്തിച്ചു.
കുപ്രൊസിൽനിന്നുള്ള ഒരു ലേവ്യനായിരുന്ന ബർന്നബാസ് പൊ.യു. 33 പെന്തക്കോസ്തിനുശേഷം അധികം താമസിയാതെ കുറെ സ്ഥലം സ്വമേധയാ വിറ്റ് പണം അപ്പോസ്തലന്മാർക്കു കൊടുത്തു. അവൻ അതു ചെയ്തത് എന്തുകൊണ്ടാണ്? ആ സമയത്ത് യെരൂശലേമിലുണ്ടായിരുന്ന ക്രിസ്ത്യാനികളുടെ ഇടയിൽ, “ഓരോരുത്തന്നു അവനവന്റെ ആവശ്യംപോലെ വിഭാഗിച്ചുകൊടു”ക്കുന്ന രീതിയുണ്ടായിരുന്നെന്ന് പ്രവൃത്തികളിലെ വിവരണം നമ്മോടു പറയുന്നു. അവിടെ പണത്തിന് ആവശ്യമുള്ളതായി ബർന്നബാസ് വ്യക്തമായി മനസ്സിലാക്കുകയും അതിനോട് ഹൃദയോഷ്മളതയോടെ പ്രതികരിക്കുകയും ചെയ്തു. (പ്രവൃത്തികൾ 4:34-37) അവൻ സമ്പന്നനായിരുന്നിരിക്കാം. എന്നാൽ രാജ്യതാത്പര്യങ്ങളുടെ ഉന്നമനത്തിനായി തന്റെ ഭൗതിക സ്വത്തുക്കൾ മാത്രമല്ല തന്നെത്തന്നെയും വിനിയോഗിക്കാൻ അവൻ മടികാട്ടിയില്ല.b “പ്രോത്സാഹനം ആവശ്യമുള്ള ആളുകളെയോ സാഹചര്യങ്ങളെയോ കണ്ടെത്തിയപ്പോഴെല്ലാം തന്നാലാവും വിധം ബർന്നബാസ് സകല പ്രോത്സാഹനവും നൽകി”യെന്ന് പണ്ഡിതനായ എഫ്. എഫ്. ബ്രൂസ് അഭിപ്രായപ്പെടുന്നു. അവൻ രംഗപ്രവേശം ചെയ്യുന്ന രണ്ടാം സംഭവപരമ്പരയിൽനിന്ന് അതു പ്രകടമാണ്.
പൊ.യു. ഏകദേശം 36-ഓടെ, ഒരു ക്രിസ്ത്യാനിയായിത്തീർന്ന തർസൊസുകാരനായ ശൌൽ (പിൽക്കാലത്തെ പൗലൊസ് അപ്പോസ്തലൻ) യരൂശലേം സഭയുമായി ബന്ധപ്പെടാൻ ശ്രമിക്കുകയായിരുന്നു. “എന്നാൽ അവൻ ഒരു ശിഷ്യൻ എന്നു വിശ്വസിക്കാതെ എല്ലാവരും അവനെ പേടിച്ചു.” തന്റെ പരിവർത്തനം യഥാർഥമാണെന്നും സഭയെ കൂടുതലായി നശിപ്പിക്കാനുള്ള വെറുമൊരു തന്ത്രമല്ലെന്നും അവന് എങ്ങനെ സഭയെ ബോധ്യപ്പെടുത്താൻ കഴിയുമായിരുന്നു? “ബർന്നബാസോ അവനെ കൂട്ടി അപ്പൊസ്തലന്മാരുടെ അടുക്കൽ കൊണ്ടുചെന്നു.”—പ്രവൃത്തികൾ 9:26, 27; ഗലാത്യർ 1:13, 18, 19.
ശൗലിനെ ബർന്നബാസ് വിശ്വസിച്ചതിന്റെ കാരണം പ്രസ്താവിക്കപ്പെട്ടിട്ടില്ല. കാരണമെന്തായിരുന്നാലും, ശൗൽ പറഞ്ഞതു ശ്രദ്ധിക്കുകയും പ്രഥമദൃഷ്ട്യാ പ്രതീക്ഷയ്ക്കു വകയില്ലാഞ്ഞ ഒരു സാഹചര്യത്തിൽ അവനെ സഹായിക്കുകയും ചെയ്തുകൊണ്ട് “ആശ്വാസപുത്രൻ” തന്റെ മറുപേരിന് ചേർച്ചയിൽ പ്രവർത്തിച്ചു. പിന്നീട് ശൗൽ തന്റെ സ്വദേശമായ തർസൊസിലേക്കു പോയെങ്കിലും അവർക്കിടയിൽ ഒരു സൗഹൃദം വളർന്നുവന്നിരുന്നു. വരാനിരുന്ന വർഷങ്ങളിൽ അതിനു സുപ്രധാനമായ ഫലങ്ങളുണ്ടായിരിക്കുമായിരുന്നു.—പ്രവൃത്തികൾ 9:30.
അന്ത്യൊക്ക്യയിൽ
പൊ.യു. ഏകദേശം 45-ൽ, സിറിയൻ അന്ത്യൊക്ക്യയിലെ അസാധാരണ സംഭവവികാസങ്ങളെക്കുറിച്ചുള്ള വാർത്ത യെരൂശലേമിലെത്തി—ആ നഗരത്തിലെ ഗ്രീക്കു സംസാരിക്കുന്ന അസംഖ്യം നിവാസികൾ വിശ്വാസികളായിത്തീരുകയായിരുന്നു. അവിടുത്തെ വേലയെക്കുറിച്ച് അന്വേഷണം നടത്തി അതു സംഘടിതമാക്കാൻ സഭ ബർന്നബാസിനെ ചുമതലപ്പെടുത്തി. അതിലും അനുയോജ്യനായ ഒരാളെ തിരഞ്ഞെടുക്കാൻ അവർക്കു കഴിയുമായിരുന്നില്ല. ലൂക്കൊസ് പ്രസ്താവിക്കുന്നു: “അവൻ ചെന്നു ദൈവകൃപകണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിർണ്ണയത്തോടെ കർത്താവിനോടു ചേർന്നുനില്പാന്തക്കവണ്ണം പ്രബോധിപ്പിച്ചു. അവൻ നല്ലമനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു; വളരെ പുരുഷാരം കർത്താവിനോടു ചേർന്നു.”—പ്രവൃത്തികൾ 11:22-24.
അതു മാത്രമായിരുന്നില്ല അവൻ ചെയ്തത്. പണ്ഡിതനായ ജൂസെപ്പ റിക്കോട്ടി പറയുന്നപ്രകാരം, “ബർന്നബാസ് പ്രായോഗിക ബോധമുള്ളവനായിരുന്നു. പ്രതീക്ഷാവഹമായ ആ വളർച്ച സമൃദ്ധമായ കൊയ്ത്തിൽ കലാശിക്കുന്നുവെന്ന് ഉറപ്പുവരുത്താനായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യം അവൻ ഉടനടി മനസ്സിലാക്കി. അതുകൊണ്ട്, കൊയ്ത്തുകാരെയായിരുന്നു പ്രാഥമികമായി ആവശ്യമായിരുന്നത്.” ബർന്നബാസ് കുപ്രൊസിൽനിന്നുള്ളവനാകയാൽ വിജാതീയരുമായി ഇടപെട്ടു ശീലിച്ചിട്ടുണ്ടാകണം. പുറജാതികളോടു പ്രസംഗിക്കാൻ താൻ വിശേഷാൽ യോഗ്യനാണെന്ന് അവനു തോന്നിയിരിക്കാം. എന്നിരുന്നാലും, പുളകപ്രദവും പ്രോത്സാഹജനകവുമായ ആ വേലയിൽ മറ്റുള്ളവരെയും ഉൾപ്പെടുത്താൻ അവൻ തയ്യാറായിരുന്നു.
ബർന്നബാസ് ശൗലിനെക്കുറിച്ചു ചിന്തിച്ചു. ആ മുൻപീഡകൻ യേശുവിന്റെ ‘നാമം ജാതികൾക്കു മുമ്പിൽ വഹിപ്പാൻ തിരഞ്ഞെടുത്തിരിക്കുന്നോരു പാത്ര’മാണെന്നുള്ളതു സംബന്ധിച്ച് അവന്റെ മതപരിവർത്തന സമയത്ത് അനന്ന്യാസിനു ലഭിച്ച പ്രാവചനിക വെളിപ്പാട് ബർന്നബാസ് അറിഞ്ഞിരിക്കാൻ സർവസാധ്യതയുമുണ്ട്. (പ്രവൃത്തികൾ 9:15) അതുകൊണ്ട് ബർന്നബാസ് ശൗലിനെ തേടി തർസൊസിലേക്കു തിരിച്ചു. ഏകദേശം 200 കിലോമീറ്റർ വരുന്ന ഒരു യാത്രയായിരുന്നു അത്. ഒരു വർഷം മുഴുവനും അവരിരുവരും പങ്കാളികളായി ഒരുമിച്ചു പ്രവർത്തിച്ചു. ഈ കാലത്ത്, “ആദ്യം അന്ത്യൊക്ക്യയിൽവെച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി.”—പ്രവൃത്തികൾ 11:25, 26.
ക്ലൌദ്യൊസിന്റെ ഭരണകാലത്ത് റോമാ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത ക്ഷാമമുണ്ടായി. യഹൂദ ചരിത്രകാരനായ ജോസീഫസ് പറയുന്നതനുസരിച്ച്, യെരൂശലേമിൽ “അനേകമാളുകൾ ഭക്ഷ്യസാധനങ്ങൾ വാങ്ങാനുള്ള വകയില്ലാതെ മരണമടഞ്ഞു.” അപ്പോൾ അന്ത്യൊക്ക്യയിലെ ശിഷ്യന്മാർ, “യെഹൂദ്യയിൽ പാർക്കുന്ന സഹോദരന്മാരുടെ ഉതവിക്കായി ശിഷ്യന്മാരിൽ ഓരോരുത്തൻ പ്രാപ്തിപോലെ കൊടുത്തയപ്പാൻ നിശ്ചയിച്ചു. അവർ അതു നടത്തി, ബർന്നബാസിന്റെയും ശൌലിന്റെയും കയ്യിൽ മൂപ്പന്മാർക്കു കൊടുത്തയച്ചു.” ആ ദൗത്യം പൂർണമായി നിർവഹിച്ചശേഷം അവരിരുവരും യോഹന്നാൻ മർക്കൊസിനെയും കൂട്ടി അന്ത്യൊക്ക്യയിലേക്കു തിരിച്ചുപോയി. അവിടെ അവർ സഭയിലെ പ്രവാചകന്മാരിലും ഉപദേഷ്ടാക്കന്മാരിലും പെട്ടവരായി പരിഗണിക്കപ്പെട്ടു.—പ്രവൃത്തികൾ 11:29, 30; 12:25; 13:1.
ഒരു പ്രത്യേക മിഷനറി നിയമനം
തുടർന്ന് അസാധാരണമായൊരു സംഭവമുണ്ടായി. “അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ: ഞാൻ ബർന്നബാസിനെയും ശൌലിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേർതിരിപ്പിൻ എന്നു പരിശുദ്ധാത്മാവു പറഞ്ഞു.” ഒന്നു ചിന്തിച്ചുനോക്കൂ! അവരിരുവർക്കും ഒരു പ്രത്യേക നിയമനം നൽകപ്പെടുമെന്ന് യഹോവയുടെ പരിശുദ്ധാത്മാവു കൽപ്പിച്ചിരിക്കുന്നു. “പരിശുദ്ധാത്മാവു അവരെ പറഞ്ഞയച്ചിട്ടു അവർ സെലൂക്യയിലേക്കു ചെന്നു; അവിടെനിന്നു കപ്പൽ കയറി കുപ്രൊസ്ദ്വീപിലേക്കു പോയി.” ബർന്നബാസിനെയും ഉചിതമായും അപ്പോസ്തലൻ അഥവാ അയക്കപ്പെട്ടവൻ എന്നു വിളിക്കാവുന്നതാണ്.—പ്രവൃത്തികൾ 13:2, 4, 5; 14:14.
കുപ്രൊസിലൂടെ സഞ്ചരിച്ച് റോമൻ പ്രവിശ്യാ ഗവർണറായിരുന്ന സെർഗ്ഗ്യൊസ് പൗലൊസിനെ മതപരിവർത്തനം ചെയ്യിച്ച് അവർ ഏഷ്യാമൈനറിന്റെ ദക്ഷിണ തീരമായ പെർഗ്ഗെയിലേക്കുനീങ്ങി. അവിടെവെച്ച് യോഹന്നാൻ മർക്കൊസ് പിൻവാങ്ങി യെരൂശലേമിലേക്കു തിരിച്ചുപോയി. (പ്രവൃത്തികൾ 13:13) ഒരുപക്ഷേ കൂടുതൽ അനുഭവപരിചയമുള്ളവൻ എന്നനിലയിൽ ബർന്നബാസ് അപ്പോൾവരെ നേതൃത്വം വഹിച്ചിരുന്നതായി തോന്നുന്നു. ഇനിയങ്ങോട്ട് ശൗലാണ് (ഇപ്പോൾ പൗലൊസ് എന്നു വിളിക്കപ്പെടുന്നു) നേതൃത്വം വഹിക്കുന്നത്. (പ്രവൃത്തികൾ 13:7, 13, 16; 15:2 എന്നിവ താരതമ്യം ചെയ്യുക.) ഈ സംഭവവികാസത്തിൽ ബർന്നബാസ് വ്രണിതനായോ? ഇല്ല. തന്റെ സഹകാരിയെയും യഹോവ ശക്തമായ വിധത്തിൽ ഉപയോഗിക്കുന്നുവെന്നു സവിനയം തിരിച്ചറിഞ്ഞ പക്വതയുള്ള ക്രിസ്ത്യാനിയായിരുന്നു അവൻ. അവരിലൂടെ ഇനിയും മറ്റുപ്രദേശങ്ങൾ സുവാർത്ത കേൾക്കണമെന്ന് യഹോവ ആഗ്രഹിച്ചു.
പൗലൊസും ബർന്നബാസും പിസിദ്യയിലെ അന്ത്യൊക്ക്യയിൽനിന്ന് പുറത്താക്കപ്പെടുന്നതിനു മുമ്പ്, ആ പ്രദേശം മുഴുവനും അവരിൽനിന്ന് ദൈവവചനം കേൾക്കുകയും അനേകർ ആ സന്ദേശം സ്വീകരിക്കുകയും ചെയ്തു. (പ്രവൃത്തികൾ 13:43, 48-52) ഇക്കോന്യയിൽ “യെഹൂദന്മാരിലും യവനന്മാരിലും വലിയോരു പുരുഷാരം വിശ്വാസി”കളായി. അത് അവിടെ ഗണ്യമായൊരു സമയം ചെലവഴിക്കാൻ പൗലൊസിനെയും ബർന്നബാസിനെയും പ്രേരിപ്പിച്ചു. അവർ ‘കർത്താവിൽ ആശ്രയിച്ചു പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു; അവരുടെ കയ്യാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നൽകി.’ അവരെ കല്ലെറിയാനായി ഒരു ഗൂഢപദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നു കേട്ടപ്പോൾ അവരിരുവരും ബുദ്ധിപൂർവം അവിടെനിന്ന് ഓടിപ്പോയി ലുക്കവോന്യ, ലുസ്ത്ര, ദെർബ എന്നിവിടങ്ങളിൽ തങ്ങളുടെ വേല തുടർന്നു. ലുസ്ത്രയിൽ ജീവാപായകരമായ അനുഭവങ്ങൾ ഉണ്ടായിരുന്നിട്ടും ബർന്നബാസും പൗലൊസും, “വിശ്വാസത്തിൽ നിലനില്ക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചുപോന്നു.”—പ്രവൃത്തികൾ 14:1-7, 19-22.
പ്രവർത്തനോജ്ജ്വലരായ ഈ പ്രസംഗകർ ഇരുവരും ഭയചിത്തരാകാൻ തങ്ങളെത്തന്നെ അനുവദിച്ചില്ല. നേരേമറിച്ച്, പുതിയ ക്രിസ്ത്യാനികളെ കെട്ടുപണിചെയ്യാൻവേണ്ടി തങ്ങൾ ശക്തമായ എതിർപ്പു നേരിട്ട പ്രദേശങ്ങളിലേക്ക് അവർ മടങ്ങിപ്പോയി. സാധ്യതയനുസരിച്ച്, അവരവിടെ യോഗ്യരായ പുരുഷന്മാരെ പുതിയ സഭകളിൽ നേതൃത്വമെടുക്കാൻ സഹായിച്ചിരിക്കണം.
പരിച്ഛേദനാ വിവാദം
പൊ.യു. 33 പെന്തക്കോസ്തിനുശേഷം 16 വർഷം കഴിഞ്ഞ്, പരിച്ഛേദനയെക്കുറിച്ചുള്ള ചരിത്രപ്രധാനമായ സംഭവപരമ്പരയിൽ ബർന്നബാസ് ഉൾപ്പെട്ടു. “യെഹൂദ്യയിൽനിന്നു ചിലർ [സിറിയയിലെ അന്ത്യൊക്ക്യയിൽ] വന്നു: നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏല്ക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴികയില്ല എന്നു സഹോദരന്മാരെ ഉപദേശിച്ചു.” അതു ശരിയല്ലെന്ന് ബർന്നബാസിനും പൗലൊസിനും അനുഭവത്തിൽനിന്ന് അറിയാമായിരുന്നു. അവർ ആ ആശയത്തിന് എതിരായി വാദിച്ചു. തങ്ങളുടെ അധികാരം അടിച്ചേൽപ്പിക്കുന്നതിനു പകരം, സഹോദരന്മാരുടെ മുഴു സമൂഹത്തിന്റെയും പ്രയോജനത്തെ മുൻനിർത്തി തീർപ്പുകൽപ്പിക്കേണ്ട ഒരു പ്രശ്നമാണിതെന്ന് അവർ തിരിച്ചറിഞ്ഞു. അതുകൊണ്ട് അവർ പ്രശ്നം യെരൂശലേമിലെ ഭരണസംഘത്തിന് വിട്ടുകൊടുത്തു. അവരുടെ റിപ്പോർട്ടുകൾ പ്രശ്നത്തിനു തീർപ്പുകൽപ്പിക്കാൻ ഭരണസംഘത്തെ സഹായിച്ചു. അതേത്തുടർന്ന്, തീരുമാനം അന്ത്യൊക്ക്യയിലെ സഹോദരന്മാരെ അറിയിക്കാൻ നിയമിക്കപ്പെട്ടവരിൽ പൗലൊസും ബർന്നബാസും ഉണ്ടായിരുന്നു. “കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിന്നു വേണ്ടി പ്രാണത്യാഗം ചെയ്തവരായ നമ്മുടെ പ്രിയ” സഹോദരന്മാർ എന്ന് അവർ വർണിക്കപ്പെട്ടു. ഭരണസംഘത്തിൽനിന്നുള്ള കത്തു വായിക്കുകയും പ്രസംഗങ്ങൾ നടത്തുകയും ചെയ്തപ്പോൾ സഭ ആ “ആശ്വാസവചന”ത്താൽ “സന്തോഷി”ക്കുകയും “ഉറപ്പി”ക്കപ്പെടുകയും ചെയ്തു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—പ്രവൃത്തികൾ 15:1, 2, 4, 25-32.
ഒരു ‘ഉഗ്രവാദം’
ബർന്നബാസിനെക്കുറിച്ചുള്ള അനേകം ക്രിയാത്മക വിവരണങ്ങൾ കേട്ടുകഴിയുമ്പോൾ, അവന്റെ ദൃഷ്ടാന്തത്തിനൊത്തു ജീവിക്കാൻ നമുക്കൊരിക്കലും കഴിയുകയില്ലെന്നു തോന്നിയേക്കാം. എന്നാൽ, “ആശ്വാസപുത്ര”നും നമ്മേപ്പോലെതന്നെ അപൂർണനായിരുന്നു. സഭകൾ സന്ദർശിക്കുന്നതിനായുള്ള രണ്ടാം മിഷനറി യാത്രയ്ക്ക് അവനും പൗലൊസും പദ്ധതിയിടവേ ഒരു വിയോജിപ്പ് ഉളവായി. തന്റെ മച്ചുനനായ യോഹന്നാൻ മർക്കൊസിനെ ഒപ്പം കൊണ്ടുപോകാൻ ബർന്നബാസ് നിശ്ചയിച്ചിരുന്നു. എന്നാൽ യോഹന്നാൻ മർക്കൊസ് ആദ്യ മിഷനറിയാത്രയിൽ തങ്ങളെ വിട്ടുപിരിഞ്ഞതുകൊണ്ട് അത് ഉചിതമല്ലെന്നു പൗലൊസിനു തോന്നി. “അങ്ങനെ അവർ തമ്മിൽ ഉഗ്രവാദമുണ്ടായിട്ടു വേർപിരിഞ്ഞു, ബർന്നബാസ് മർക്കൊസിനെ കൂട്ടി കപ്പൽകയറി കുപ്രൊസ്ദ്വീപിലേക്കു പോയി. പൌലൊസോ ശീലാസിനെ തിരഞ്ഞെടുത്തു” മറ്റൊരു ദിശയിലേക്കു പോയി.—പ്രവൃത്തികൾ 15:36-40.
എത്ര ഖേദകരം! എന്നിരുന്നാലും, ആ സംഭവം ബർന്നബാസിന്റെ വ്യക്തിത്വത്തെക്കുറിച്ച് മറ്റുചിലതുകൂടി നമ്മോടു പറയുന്നു. “ഒരു അനിശ്ചിത സാഹചര്യത്തിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് രണ്ടാമതൊരിക്കൽക്കൂടി മർക്കൊസിൽ വിശ്വാസമർപ്പിക്കാൻ ബർന്നബാസ് ഒരുക്കമായിരുന്നുവെന്നത് അവന് എന്നും ഒരു ബഹുമതിതന്നെയാണ്,” എന്ന് ഒരു പണ്ഡിതൻ പറയുന്നു. ആ എഴുത്തുകാരന്റെ അഭിപ്രായമനുസരിച്ച്, “ബർന്നബാസ് അവനിൽ അർപ്പിച്ച വിശ്വാസം, ആത്മവിശ്വാസം പുനരാർജിക്കാൻ അവനെ സഹായിക്കുകയും വീണ്ടും പ്രതിബദ്ധതയോടെ വർത്തിക്കാൻ അവന് ഒരു പ്രേരണയായി ഉതകുകയും” ചെയ്തിരിക്കാം. ആ വിശ്വാസം പൂർണമായും നീതീകരിക്കപ്പെടുന്നതിൽ കാര്യങ്ങൾ കലാശിച്ചു. എന്തെന്നാൽ, ക്രിസ്തീയ സേവനത്തിലെ മർക്കൊസിന്റെ ഉപയുക്തത പൗലൊസ്പോലും അംഗീകരിച്ച ഒരു സമയം വന്നെത്തി.—2 തിമൊഥെയൊസ് 4:11; കൊലൊസ്സ്യർ 4:10 താരതമ്യം ചെയ്യുക.
ആവശ്യമുള്ളപ്പോഴെല്ലാം, നിരാശിതരെ ശ്രദ്ധിക്കാനും മനസ്സിലാക്കാനും പ്രോത്സാഹിപ്പിക്കാനും അവർക്കു പ്രായോഗിക സഹായം നൽകാനും നമ്മെ പ്രചോദിപ്പിക്കാൻ ബർന്നബാസിന്റെ ദൃഷ്ടാന്തത്തിനു കഴിയും. സൗമ്യതയോടെയും ധൈര്യത്തോടെയും തന്റെ സഹോദരന്മാരെ സേവിക്കാനുള്ള അവന്റെ മനസ്സൊരുക്കവും അതുളവാക്കിയ അത്യുത്തമ ഫലങ്ങളും അതിൽത്തന്നെ ഒരു പ്രോത്സാഹനമാണ്. ഇന്നു നമ്മുടെ സഭകളിൽ ബർന്നബാസിനെപ്പോലെയുള്ളവർ ഉള്ളത് എന്തൊരു അനുഗ്രഹമാണ്!
[അടിക്കുറിപ്പുകൾ]
a ഒരുവനെ ഒരു പ്രത്യേക ഗുണത്തിന്റെ “പുത്രൻ” എന്നു വിളിച്ചിരുന്നത് അയാളുടെ ഒരു ശ്രദ്ധേയ സ്വഭാവത്തെ ഊന്നിപ്പറയാനായിരുന്നു. (ആവർത്തനപുസ്തകം 3:18, NW അടിക്കുറിപ്പു കാണുക.) ഒരു വ്യക്തിയുടെ സ്വഭാവഗുണങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കാനായി മറുപേര് ഉപയോഗിക്കുന്നത് ഒന്നാം നൂറ്റാണ്ടിൽ സാധാരണമായിരുന്നു. (മർക്കൊസ് 3:17 താരതമ്യം ചെയ്യുക.) അത് ഒരുതരം പൊതുജന അംഗീകാരമായിരുന്നു.
b മോശൈക ന്യായപ്രമാണപ്രകാരം പ്രാബല്യത്തിൽവന്ന നിയമത്തിന്റെ വീക്ഷണത്തിൽ ലേവ്യനായ ബർന്നബാസിന് സ്വന്തമായി സ്ഥലമുണ്ടായിരിക്കാൻ കഴിയുന്നതെങ്ങനെയെന്ന് ചിലർ ചോദിച്ചിട്ടുണ്ട്. (സംഖ്യാപുസ്തകം 18:20) എന്നാൽ, പ്രസ്തുത സ്ഥലം പാലസ്തീനിലായിരുന്നോ അതോ കുപ്രൊസിലായിരുന്നോ എന്നു വ്യക്തമല്ലെന്നത് ശ്രദ്ധാർഹമാണ്. തന്നെയുമല്ല, അത് യെരൂശലേം പ്രദേശത്ത് ബർന്നബാസ് വാങ്ങിയ വെറുമൊരു ശവസംസ്കാരസ്ഥലമായിരിക്കാനും സാധ്യതയുണ്ട്. സംഗതി എന്തുതന്നെയായിരുന്നാലും, മറ്റുള്ളവരെ സഹായിക്കാനായി ബർന്നബാസ് തന്റെ വസ്തു വിറ്റു.
[23-ാം പേജിലെ ചിത്രം]
ബർന്നബാസ് “നല്ലമനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു”