അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ
13 അന്ത്യോക്യസഭയിലെ പ്രവാചകന്മാരും അധ്യാപകരും ഇവരായിരുന്നു:+ ബർന്നബാസ്,+ നീഗർ എന്ന് അറിയപ്പെടുന്ന ശിമ്യോൻ, കുറേനക്കാരനായ ലൂക്യൊസ്, ജില്ലാഭരണാധികാരിയായ ഹെരോദിന്റെ+ സഹപാഠി മനായേൻ, ശൗൽ. 2 അവർ ഉപവസിച്ച് യഹോവയ്ക്കു ശുശ്രൂഷ ചെയ്യുന്ന സമയത്ത് പരിശുദ്ധാത്മാവ് അവരോട്, “ബർന്നബാസിനെയും ശൗലിനെയും+ എനിക്കുവേണ്ടി മാറ്റിനിറുത്തുക. ഞാൻ അവരെ ഒരു പ്രത്യേകപ്രവർത്തനത്തിനുവേണ്ടി വിളിച്ചിരിക്കുന്നു”+ എന്നു പറഞ്ഞു. 3 അങ്ങനെ, ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്തശേഷം അവരുടെ മേൽ കൈകൾ വെച്ച് അവർ അവരെ പറഞ്ഞയച്ചു.
4 പരിശുദ്ധാത്മാവ് അയച്ച ആ പുരുഷന്മാർ സെലൂക്യയിൽ ചെന്നു. അവിടെനിന്ന് കപ്പൽ കയറി അവർ സൈപ്രസിലേക്കു പോയി. 5 അവിടെ സലമീസിൽ എത്തിയ അവർ ജൂതന്മാരുടെ സിനഗോഗുകളിൽ ചെന്ന് ദൈവവചനം പ്രസംഗിച്ചു. ഒരു സഹായിയായി* യോഹന്നാൻ അവരുടെകൂടെയുണ്ടായിരുന്നു.+
6 അവർ ദ്വീപു മുഴുവനും സഞ്ചരിച്ച് പാഫൊസ് വരെ എത്തി. അവിടെ അവർ ബർ-യേശു എന്നൊരു ജൂതനെ കണ്ടുമുട്ടി. ഒരു കള്ളപ്രവാചകനും ആഭിചാരകനും* ആയിരുന്ന അയാൾ 7 സെർഗ്യൊസ് പൗലോസ് എന്ന ബുദ്ധിമാനായ നാടുവാഴിയോടൊപ്പമായിരുന്നു. ദൈവവചനം കേൾക്കാൻ അതിയായി ആഗ്രഹിച്ച സെർഗ്യൊസ് പൗലോസ് ബർന്നബാസിനെയും ശൗലിനെയും വിളിച്ചുവരുത്തി. 8 എന്നാൽ എലീമാസ് എന്ന ആ ആഭിചാരകൻ (എലീമാസ് എന്ന പേരിന്റെ പരിഭാഷയാണ് ആഭിചാരകൻ.) അവരെ എതിർക്കാൻതുടങ്ങി. കർത്താവിൽ വിശ്വസിക്കുന്നതിൽനിന്ന് നാടുവാഴിയെ പിന്തിരിപ്പിക്കാനായിരുന്നു അയാളുടെ ശ്രമം. 9 എന്നാൽ പൗലോസ് എന്നു പേരുള്ള ശൗൽ പരിശുദ്ധാത്മാവ് നിറഞ്ഞ് അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ട് പറഞ്ഞു: 10 “എല്ലാ തരം വഞ്ചനയും ദുഷ്ടതയും നിറഞ്ഞവനേ, പിശാചിന്റെ സന്തതിയേ,+ നീതിയുടെ ശത്രുവേ, യഹോവയുടെ നേർവഴികൾ വളച്ചൊടിക്കുന്നതു മതിയാക്ക്! 11 ഇതാ, യഹോവയുടെ കൈ നിനക്ക് എതിരെ വന്നിരിക്കുന്നു! കുറച്ച് സമയത്തേക്കു നീ അന്ധനായിരിക്കും, നീ സൂര്യപ്രകാശം കാണില്ല.” ഉടനെ അയാൾക്കു കണ്ണിൽ കനത്ത മൂടലും ഇരുട്ടും അനുഭവപ്പെട്ടു. തന്നെ കൈപിടിച്ച് നടത്താൻ ആളുകളെ തിരഞ്ഞ് അയാൾ നടന്നു. 12 ഇതു കണ്ട് യഹോവയുടെ ഉപദേശത്തിൽ വിസ്മയിച്ച നാടുവാഴി ഒരു വിശ്വാസിയായിത്തീർന്നു.
13 പിന്നെ പൗലോസും കൂട്ടരും പാഫൊസിൽനിന്ന് കപ്പൽ കയറി പംഫുല്യയിലെ പെർഗയിൽ+ എത്തി. എന്നാൽ യോഹന്നാൻ+ അവരെ വിട്ട് യരുശലേമിലേക്കു തിരിച്ചുപോയി.+ 14 അവർ പെർഗയിൽനിന്ന് പിസിദ്യയിലെ അന്ത്യോക്യയിൽ+ എത്തി. ശബത്തുദിവസം അവർ സിനഗോഗിൽ+ ചെന്ന് അവിടെ ഇരുന്നു. 15 നിയമത്തിൽനിന്നും പ്രവാചകപുസ്തകങ്ങളിൽനിന്നും ഉള്ള വായനയ്ക്കു ശേഷം+ സിനഗോഗിന്റെ അധ്യക്ഷന്മാർ അവരോട്, “സഹോദരന്മാരേ, ജനത്തോട് എന്തെങ്കിലും പ്രോത്സാഹനവാക്കുകൾ പറയാനുണ്ടെങ്കിൽ ഇപ്പോൾ പറയാം” എന്ന് അറിയിച്ചു. 16 അപ്പോൾ പൗലോസ് എഴുന്നേറ്റ്, നിശ്ശബ്ദരാകാൻ ആംഗ്യം കാണിച്ചിട്ട് ഇങ്ങനെ പറഞ്ഞു:
“ഇസ്രായേൽപുരുഷന്മാരേ, ദൈവത്തെ ഭയപ്പെടുന്ന മറ്റുള്ളവരേ, കേൾക്കുക. 17 ഇസ്രായേൽ എന്ന ഈ ജനത്തിന്റെ ദൈവം നമ്മുടെ പൂർവികരെ തിരഞ്ഞെടുത്തു. ജനം ഈജിപ്ത് ദേശത്ത് പരദേശികളായി താമസിച്ചിരുന്ന കാലത്ത് ദൈവം അവരെ ഉയർത്തി, ബലമുള്ള* കൈയാൽ അവരെ അവിടെനിന്ന് കൊണ്ടുവന്നു.+ 18 വിജനഭൂമിയിൽ 40 വർഷത്തോളം ദൈവം അവരെ സഹിച്ചു.+ 19 കനാൻ ദേശത്തെ ഏഴു ജനതകളെ നശിപ്പിച്ചശേഷം ദൈവം ആ ദേശം അവർക്ക് ഒരു അവകാശമായി നിയമിച്ചുകൊടുത്തു.+ 20 ഏകദേശം 450 വർഷംകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്.
“അതിനു ശേഷം ശമുവേൽ പ്രവാചകന്റെ കാലംവരെ ദൈവം അവർക്കു ന്യായാധിപന്മാരെ നൽകി.+ 21 എന്നാൽ അവർ ഒരു രാജാവിനെ ആവശ്യപ്പെട്ടു.+ അങ്ങനെ, കീശിന്റെ മകനും ബന്യാമീൻ ഗോത്രക്കാരനും ആയ ശൗലിനെ ദൈവം അവർക്കു രാജാവായി നൽകി.+ ശൗൽ 40 വർഷം ഭരിച്ചു. 22 ശൗലിനെ നീക്കിയശേഷം ദൈവം ദാവീദിനെ അവരുടെ രാജാവാക്കി.+ ദൈവം ദാവീദിനെക്കുറിച്ച് ഇങ്ങനെ സാക്ഷ്യപ്പെടുത്തി: ‘ഞാൻ കണ്ടെത്തിയ, യിശ്ശായിയുടെ മകനായ+ ദാവീദ് എന്റെ മനസ്സിന്* ഇണങ്ങിയ ഒരാളാണ്.+ ഞാൻ ആഗ്രഹിക്കുന്നതൊക്കെ അവൻ ചെയ്യും.’ 23 വാഗ്ദാനം ചെയ്തതുപോലെതന്നെ ദൈവം ദാവീദിന്റെ സന്തതിയിൽനിന്ന് യേശു എന്ന രക്ഷകനെ ഇസ്രായേലിനു നൽകി.+ 24 ആ രക്ഷകന്റെ വരവിനു മുമ്പുതന്നെ, യോഹന്നാൻ ഇസ്രായേലിൽ എല്ലാവരോടും മാനസാന്തരത്തിന്റെ പ്രതീകമായ സ്നാനത്തെക്കുറിച്ച്+ പ്രസംഗിച്ചിരുന്നു. 25 നിയമനം പൂർത്തിയാകാറായ സമയത്ത് യോഹന്നാൻ പറയുമായിരുന്നു: ‘ഞാൻ ആരാണെന്നാണു നിങ്ങൾ കരുതുന്നത്? നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല ഞാൻ.+ എന്റെ പിന്നാലെ ഒരാൾ വരുന്നുണ്ട്. അദ്ദേഹത്തിന്റെ കാലിലെ ചെരിപ്പ് അഴിക്കാൻപോലും എനിക്കു യോഗ്യതയില്ല.’+
26 “സഹോദരന്മാരേ, അബ്രാഹാമിന്റെ വംശജരേ, ദൈവത്തെ ഭയപ്പെടുന്ന മറ്റുള്ളവരേ, ദൈവം രക്ഷയുടെ ഈ സന്ദേശം നമ്മുടെ അടുത്തേക്ക് അയച്ചിരിക്കുന്നു.+ 27 യരുശലേംനിവാസികളും അവരുടെ പ്രമാണിമാരും* ആ രക്ഷകനെ തിരിച്ചറിഞ്ഞില്ല. വാസ്തവത്തിൽ അദ്ദേഹത്തെ ന്യായം വിധിച്ചപ്പോൾ, ശബത്തുതോറും ഉച്ചത്തിൽ വായിച്ചുപോരുന്ന പ്രവാചകവചനങ്ങൾ അവർ നിവർത്തിക്കുകയായിരുന്നു.+ 28 മരണശിക്ഷ അർഹിക്കുന്നതൊന്നും യേശുവിൽ കാണാതിരുന്നിട്ടും+ യേശുവിനെ വധിക്കണമെന്ന് അവർ പീലാത്തൊസിനോട് ആവശ്യപ്പെട്ടു.+ 29 യേശുവിനെക്കുറിച്ച് എഴുതിയിട്ടുള്ളതെല്ലാം നിവർത്തിച്ചശേഷം അവർ യേശുവിനെ സ്തംഭത്തിൽനിന്ന് ഇറക്കി കല്ലറയിൽ വെച്ചു.+ 30 എന്നാൽ ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു.+ 31 യേശുവിന്റെകൂടെ ഗലീലയിൽനിന്ന് യരുശലേമിലേക്കു വന്നവർക്കു പല ദിവസം യേശു പ്രത്യക്ഷനായി. അവർ ഇപ്പോൾ ജനത്തിനു മുമ്പാകെ യേശുവിനുവേണ്ടി സാക്ഷി പറയുന്നു.+
32 “അതുകൊണ്ടാണ് പൂർവികർക്കു ലഭിച്ച വാഗ്ദാനത്തെക്കുറിച്ചുള്ള സന്തോഷവാർത്ത ഞങ്ങൾ നിങ്ങളെ അറിയിക്കുന്നത്. 33 യേശുവിനെ ഉയിർപ്പിച്ചുകൊണ്ട്,+ അവരുടെ മക്കളായ നമുക്കു ദൈവം ആ വാഗ്ദാനം പൂർണമായി നിറവേറ്റിത്തന്നിരിക്കുന്നു. ‘നീ എന്റെ മകൻ; ഞാൻ ഇന്നു നിന്റെ പിതാവായിരിക്കുന്നു’+ എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിട്ടുണ്ടല്ലോ. 34 ഇനി ഒരിക്കലും ജീർണിക്കാത്ത വിധം ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. ആ വസ്തുതയെക്കുറിച്ച് ദൈവം ഇങ്ങനെ പറഞ്ഞിരിക്കുന്നു: ‘ദാവീദിനോടു കാണിക്കുമെന്നു വാഗ്ദാനം ചെയ്ത വിശ്വസ്തമായ* അചഞ്ചലസ്നേഹം ഞാൻ നിങ്ങളോടു കാണിക്കും.’+ 35 മറ്റൊരു സങ്കീർത്തനത്തിൽ ഇങ്ങനെയും പറയുന്നു: ‘അങ്ങയുടെ വിശ്വസ്തൻ ജീർണിച്ചുപോകാൻ അങ്ങ് അനുവദിക്കില്ല.’+ 36 ദാവീദ് ജീവിതകാലം മുഴുവൻ ദൈവത്തെ സേവിച്ച് ഒടുവിൽ മരിച്ചു.* പൂർവികരോടൊപ്പം അടക്കം ചെയ്ത ദാവീദിന്റെ ശരീരം ജീർണിച്ചുപോയി.+ 37 എന്നാൽ ദൈവം ഉയിർപ്പിച്ചവന്റെ ശരീരം ജീർണിച്ചില്ല.+
38 “അതുകൊണ്ട് സഹോദരന്മാരേ, ഇത് അറിഞ്ഞുകൊള്ളൂ. യേശുവിലൂടെ ലഭിക്കുന്ന പാപമോചനത്തെക്കുറിച്ചാണു ഞങ്ങൾ നിങ്ങളോടു പ്രഖ്യാപിക്കുന്നത്.+ 39 മോശയുടെ നിയമത്തിനു നിങ്ങളെ എല്ലാ കാര്യങ്ങളിലും കുറ്റവിമുക്തരാക്കാൻ സാധിക്കില്ല.+ എന്നാൽ വിശ്വസിക്കുന്ന എല്ലാവരെയും ദൈവം യേശുവിലൂടെ കുറ്റവിമുക്തരാക്കും.+ 40 അതുകൊണ്ട് പ്രവാചകപുസ്തകങ്ങളിൽ പറഞ്ഞിരിക്കുന്ന ഇക്കാര്യം നിങ്ങൾക്കു സംഭവിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക: 41 ‘നിന്ദിക്കുന്നവരേ, ഇതു കണ്ട് ആശ്ചര്യപ്പെടുക, നശിച്ചുപോകുക. നിങ്ങളുടെ കാലത്ത് ഞാൻ ഒരു കാര്യം ചെയ്യും. നിങ്ങൾക്കു വിവരിച്ചുതന്നാലും നിങ്ങൾ ഒരിക്കലും വിശ്വസിക്കില്ലാത്ത ഒരു കാര്യംതന്നെ.’”+
42 അവർ പുറത്തേക്ക് ഇറങ്ങാൻതുടങ്ങിയപ്പോൾ, ഈ കാര്യങ്ങളെക്കുറിച്ച് അടുത്ത ശബത്തിലും സംസാരിക്കണം എന്ന് ആളുകൾ അവരോട് അപേക്ഷിച്ചു. 43 സിനഗോഗിലെ കൂട്ടം പിരിഞ്ഞപ്പോൾ, ധാരാളം ജൂതന്മാരും ജൂതമതം സ്വീകരിച്ച് സത്യദൈവത്തെ ആരാധിച്ചിരുന്നവരും പൗലോസിനെയും ബർന്നബാസിനെയും അനുഗമിച്ചു. ദൈവത്തിന്റെ അനർഹദയയിൽ തുടരാൻ അവർ അവരെ പ്രോത്സാഹിപ്പിച്ചു.+
44 അടുത്ത ശബത്തിൽ നഗരത്തിലെ എല്ലാവരുംതന്നെ യഹോവയുടെ വചനം കേൾക്കാൻ വന്നുകൂടി. 45 ജനക്കൂട്ടത്തെ കണ്ട് അസൂയ മൂത്ത ജൂതന്മാർ പൗലോസ് പറയുന്ന കാര്യങ്ങളെ എതിർത്തുകൊണ്ട് ദൈവത്തെ നിന്ദിക്കാൻതുടങ്ങി.+ 46 അപ്പോൾ പൗലോസും ബർന്നബാസും ധൈര്യത്തോടെ അവരോട് ഇങ്ങനെ പറഞ്ഞു: “ദൈവവചനം ആദ്യം നിങ്ങളോടു പ്രസംഗിക്കേണ്ടത് ആവശ്യമായിരുന്നു.+ എന്നാൽ നിങ്ങൾ ഇതാ, അതു തള്ളിക്കളഞ്ഞ് നിത്യജീവനു യോഗ്യരല്ലെന്നു തെളിയിച്ചിരിക്കുന്നു. അതുകൊണ്ട് ഞങ്ങൾ ജനതകളിലേക്കു തിരിയുകയാണ്.+ 47 യഹോവ ഇങ്ങനെയൊരു കല്പന ഞങ്ങൾക്കു തന്നിരിക്കുന്നു: ‘ഭൂമിയുടെ അറ്റംവരെ നീ ഒരു രക്ഷയായിരിക്കേണ്ടതിനു ഞാൻ നിന്നെ ജനതകൾക്ക് ഒരു വെളിച്ചമായി നിയോഗിച്ചിരിക്കുന്നു.’”+
48 ഇതു കേട്ടപ്പോൾ ജനതകളിൽപ്പെട്ടവർ വളരെയധികം സന്തോഷിച്ച് യഹോവയുടെ വചനത്തെ മഹത്ത്വപ്പെടുത്തി. നിത്യജീവനു യോഗ്യരാക്കുന്ന തരം മനോഭാവമുണ്ടായിരുന്നവരെല്ലാം വിശ്വാസികളായിത്തീർന്നു. 49 യഹോവയുടെ വചനം രാജ്യത്ത് എല്ലായിടത്തും വ്യാപിച്ചുകൊണ്ടിരുന്നു. 50 എന്നാൽ ജൂതന്മാർ ദൈവഭക്തരായ ചില പ്രമുഖസ്ത്രീകളെയും നഗരത്തിലെ പ്രമാണിമാരെയും പൗലോസിനും ബർന്നബാസിനും നേരെ ഇളക്കിവിട്ടു. അങ്ങനെ അവർ അവരെ ഉപദ്രവിച്ച്+ അവരുടെ നാട്ടിൽനിന്ന് പുറത്താക്കിക്കളഞ്ഞു. 51 അതുകൊണ്ട് അവർ കാലിലെ പൊടി അവർക്കു നേരെ തട്ടിക്കളഞ്ഞിട്ട് ഇക്കോന്യയിലേക്കു പോയി.+ 52 എന്നാൽ ശിഷ്യന്മാർ സന്തോഷത്തോടെ+ പരിശുദ്ധാത്മാവ് നിറഞ്ഞവരായി അവിടെ തുടർന്നു.