യഹോവാഭയത്തിൽ നടക്കുക
“[സഭ] യഹോവാഭയത്തിലും പരിശുദ്ധാത്മാവിന്റെ ആശ്വാസനത്തിലും നടന്നപ്പോൾ അതു പെരുകിക്കൊണ്ടിരുന്നു.”—പ്രവൃത്തികൾ 9:31.
1, 2. (എ) ക്രിസ്തീയസഭ ഒരു സമാധാനകാലഘട്ടത്തിലേക്കു പ്രവേശിച്ചപ്പോൾ എന്തു സംഭവിച്ചു? (ബി) യഹോവ പീഡനം അനുവദിക്കുന്നുവെങ്കിലും അവൻ എന്തു ചെയ്യുന്നു?
ഒരു ശിഷ്യൻ ഒരു പരമമായ പരീക്ഷയെ അഭിമുഖീകരിച്ചു. അവൻ ദൈവത്തോടു നിർമ്മലത പാലിക്കുമോ? ഉവ്വ്, തീർച്ചയായും! അവൻ തന്റെ നിർമ്മാതാവിനോടുള്ള ആദരവിൽ ദൈവഭയത്തോടെ നടന്നു. അവൻ യഹോവയുടെ ഒരു വിശ്വസ്തസാക്ഷിയെന്ന നിലയിൽ മരിക്കുമായിരുന്നു.
2 ദൈവഭയമുണ്ടായിരുന്ന ആ നിർമ്മലതാപാലകൻ സ്തേഫാനോസ് ആയിരുന്നു, “വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ ഒരു മനുഷ്യൻ”തന്നെ. (പ്രവൃത്തികൾ 6:5) അവന്റെ വധം പീഡനത്തിന്റെ ഒരു അലയടിക്കാൻ പ്രേരകമായിത്തീർന്നിരുന്നു. എന്നാൽ അതിനുശേഷം യഹൂദ്യയിലും ഗലീലയിലും ശമര്യയിലും ഉടനീളമുണ്ടായിരുന്ന സഭ ഒരു സമാധാനകാലഘട്ടത്തിലേക്കു പ്രവേശിക്കുകയും ആത്മീയമായി കെട്ടുപണിചെയ്യപ്പെടുകയും ചെയ്തു. മാത്രവുമല്ല, “അത് യഹോവാഭയത്തിലും പരിശുദ്ധാത്മാവിന്റെ ആശ്വാസനത്തിലും നടന്നപ്പോൾ അതു പെരുകിക്കൊണ്ടിരുന്നു.” (പ്രവൃത്തികൾ 9:31) ഇന്നത്തെ യഹോവയുടെ സാക്ഷികളായ നാം സമാധാനമോ പീഡനമോ അനുഭവിച്ചാലും ദൈവം നമ്മെ അനുഗ്രഹിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും, അതാണ് പ്രവൃത്തികൾ 6 മുതൽ 12 വരെയുള്ള അദ്ധ്യായങ്ങളിൽ പ്രകടമാക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് പീഡിപ്പിക്കപ്പെടുമ്പോൾ നമുക്ക് ദൈവത്തോടുള്ള ഭയാദരവിൽ നടക്കാം, അല്ലെങ്കിൽ പീഡനത്തിൽനിന്നുള്ള ഏതു വിടുതലും ആത്മീയ പരിപോഷണത്തിനും ദൈവത്തിനുവേണ്ടിയുള്ള കൂടുതൽ സജീവമായ സേവനത്തിനും ഉപയോഗിക്കാം.—ആവർത്തനം 32:11, 12; 33:27.
അവസാനത്തോളം വിശ്വസ്തർ
3. യരൂശലേമിൽ ഏതു പ്രശ്നം തരണംചെയ്യപ്പെട്ടു, എങ്ങനെ?
3 സമാധാനകാലങ്ങളിൽ പ്രശ്നങ്ങൾ പൊന്തിവന്നാലും നല്ല സംഘാടനം അവ പരിഹരിക്കാൻ സഹായിച്ചേക്കാം. (6:1-7) ദൈനംദിന ഭക്ഷ്യവിതരണത്തിൽ എബ്രായ സംസാരിക്കുന്ന യഹൂദവിശ്വാസികൾക്ക് ആനുകൂല്യം കൊടുക്കവേ ഗ്രീക്കു സംസാരിക്കുന്ന യരുശലേമിലെ യഹൂദൻമാരുടെ വിധവമാർ അവഗണിക്കപ്പെടുകയാണെന്ന് അവർ പരാതിപറഞ്ഞു. “ഈ അവശ്യ കാര്യത്തിൽ” ശ്രദ്ധിക്കാൻ ഏഴു പുരുഷൻമാരെ അപ്പോസ്തലൻമാർ നിയമിച്ചപ്പോൾ ഈ പ്രശ്നം പരിഹരിക്കപ്പെട്ടു. ഏഴുപേരിൽ ഒരാൾ സ്തേഫാനോസ് ആയിരുന്നു.
4. സ്തേഫാനോസ് വ്യാജാരോപണങ്ങളോടു എങ്ങനെ പ്രതികരിച്ചു?
4 എന്നുവരികിലും, ദൈവഭയമുണ്ടായിരുന്ന സ്തേഫാനോസ് പെട്ടെന്നുതന്നെ ഒരു പരീക്ഷയെ അഭിമുഖീകരിച്ചു. (6:8-15) ചില പുരുഷൻമാർ എഴുന്നേററ് സ്തേഫാനോസിനോടു തർക്കിച്ചു. ചിലർ “സ്വതന്ത്രരുടെ സമാജ”ത്തിൽപെട്ടവരായിരുന്നു. അവർ ഒരുപക്ഷേ റോമാക്കാർ ബന്ദികളാക്കിയശേഷം പിന്നീടു വിട്ടയച്ച യഹൂദൻമാരോ ഒരു കാലത്ത് അടിമകളായിരുന്ന യഹൂദമതാനുസാരികളോ ആയിരുന്നു. സ്തേഫാനോസ് സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും ചെറുത്തുനിൽക്കാൻ കഴിയാതെ അവന്റെ ശത്രുക്കൾ അവനെ സന്നദ്രീമിന്റെ അടുക്കലേക്കു കൊണ്ടുപോയി. അവിടെ ‘യേശു ആലയത്തെ നശിപ്പിക്കുമെന്നും മോശ കൈമാറിത്തന്ന ആചാരങ്ങൾക്കു മാററം വരുത്തുമെന്നും ഈ മനുഷ്യൻ പറയുന്നതു ഞങ്ങൾ കേട്ടു’വെന്നു കള്ളസാക്ഷികൾ പറഞ്ഞു. എന്നിരുന്നാലും സ്തേഫാനോസ് ഒരു ദുഷ്പ്രവൃത്തിക്കാരനല്ലെന്നും ഒരു ദൂതന്റെ, ദൈവികപിന്തുണയുടെ ഉറപ്പുള്ള ദൈവത്തിന്റെ ഒരു സന്ദേശവാഹകന്റെ, പ്രശാന്ത മുഖഭാവമാണവനുള്ളതെന്നും അവന്റെ ശത്രുക്കൾക്കുപോലും കാണാൻ കഴിഞ്ഞു. തങ്ങളേത്തന്നെ സാത്താനു ഏൽപ്പിച്ചുകൊടുക്കുക നിമിത്തം ദ്രോഹകരമായ പക നിറഞ്ഞ അവരുടെ മുഖങ്ങളിൽനിന്ന് എത്ര വ്യത്യസ്തം!
5. സാക്ഷീകരിക്കവേ സ്തേഫാനോസ് ഏതു പോയിൻറുകൾ വ്യക്തമാക്കി?
5 മഹാപുരോഹിതനായിരുന്ന കയ്യഫാസ് ചോദ്യംചെയ്തപ്പോൾ സ്തേഫാനോസ് ഭയരഹിതമായ ഒരു സാക്ഷ്യം കൊടുത്തു. (7:1-53) മശിഹാ വരുമ്പോൾ ന്യായപ്രമാണവും ആലയസേവനവും മാററാൻ ദൈവം ഉദ്ദേശിച്ചിരുന്നതായി അവൻ നടത്തിയ ഇസ്രായേല്യ ചരിത്രാവലോകനം പ്രകടമാക്കി. സകല യഹൂദൻമാരും ബഹുമാനിക്കുന്നതായി അവകാശപ്പെട്ട വിമോചകനായ മോശയെ ഇസ്രായേല്യർ തള്ളിക്കളഞ്ഞതായി സ്തേഫാനോസ് പ്രസ്താവിച്ചു, ഇപ്പോൾ വലിപ്പമേറിയ വിടുതൽ കൈവരുത്തുന്നവനെ അവർ സ്വീകരിക്കാത്തതുപോലെതന്നെ. മനുഷ്യനിർമ്മിത ആലയങ്ങളിൽ ദൈവം വസിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് ആലയവും അതിലെ ആരാധനാപദ്ധതിയും നീങ്ങിപ്പോകുമെന്ന് സ്തേഫാനോസ് പ്രകടമാക്കി. എന്നാൽ ഇപ്പോൾ തന്റെ ന്യായാധിപൻമാർ ദൈവത്തെ ഭയപ്പെടാത്തതുകൊണ്ട് അല്ലെങ്കിൽ അവന്റെ ഇഷ്ടം അറിയാനാഗ്രഹിക്കാത്തതുകൊണ്ട് സ്തേഫാനോസ് ഇങ്ങനെ പറഞ്ഞു: ‘ശാഠ്യക്കാരായ പുരുഷൻമാരേ, നിങ്ങൾ എല്ലായ്പ്പോഴും പരിശുദ്ധാത്മാവിനോട് എതിർത്തു നിൽക്കുകയാണ്. നിങ്ങളുടെ പൂർവപിതാക്കൾ ഏതു പ്രവാചകനെയാണ് പീഡിപ്പിക്കാഞ്ഞത്? നീതിമാനായവന്റെ വരവിനെ മുൻകൂട്ടിപ്പറഞ്ഞവരെ അവർ കൊന്നു, നിങ്ങൾ അവരുടെ ദ്രോഹികളും കൊലപാതകികളുമായിത്തീർന്നിരിക്കുന്നു.’
6. (എ) സ്തേഫാനോസിന്റെ മരണത്തിനു മുമ്പ് അവന് വിശ്വാസത്തെ ബലിഷ്ഠമാക്കുന്ന എന്തു അനുഭവമുണ്ടായി? (ബി) “കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ” എന്ന് സ്തേഫാനോസിന് ഉചിതമായി പറയാൻ കഴിയുമായിരുന്നതെന്തുകൊണ്ട്?
6 സ്തേഫാനോസിന്റെ നിർഭയമായ പ്രസ്താവന അവന്റെ കൊലയിലേക്കു നയിച്ചു. (7:54-60) യേശുവിന്റെ മരണം സംബന്ധിച്ച തങ്ങളുടെ കുററത്തിന്റെ ഈ തുറന്നുകാട്ടലിൽ ന്യായാധിപൻമാർ രോഷാകുലരായി. എന്നാൽ ഇപ്പോൾ സ്തേഫാനോസ് ‘സ്വർഗ്ഗത്തിലേക്കു ഉററുനോക്കുകയും ദൈവത്തിന്റെ മഹത്വവും അവന്റെ വലതുഭാഗത്ത് യേശു നിൽക്കുന്നതും ദൃഷ്ടിയിൽപെടുകയും’ ചെയ്തപ്പോൾ അവന്റെ വിശ്വാസം എത്ര ബലിഷ്ഠമായി! താൻ ദൈവേഷ്ടമാണു ചെയ്തതെന്നുള്ള ആത്മധൈര്യത്തോടെ സ്തേഫാനോസിന് ഇപ്പോൾ തന്റെ ശത്രുക്കളെ അഭിമുഖീകരിക്കാൻ കഴിഞ്ഞു. യഹോവയുടെ സാക്ഷികൾക്ക് ദർശനങ്ങൾ കിട്ടുന്നില്ലെങ്കിലും പീഡിപ്പിക്കപ്പെടുമ്പോൾ നമുക്ക് സമാനമായ ദൈവദത്ത പ്രശാന്തത നേടാൻ കഴിയും. സ്തേഫാനോസിനെ യരുശലേമിൽനിന്നു പുറത്താക്കിയശേഷം അവന്റെ ശത്രുക്കൾ അവനെ കല്ലെറിയാൻ തുടങ്ങി. അവൻ ഈ അഭ്യർത്ഥന നടത്തി: “കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ.” മററുള്ളവരെ ജീവനിലേക്ക് ഉയർപ്പിക്കാൻ ദൈവം യേശുവിനെ അധികാരപ്പെടുത്തിയിരുന്നതുകൊണ്ട് ഇത് ഉചിതമായിരുന്നു. (യോഹന്നാൻ 5:26; 6:40; 11:25, 26) സ്തേഫാനോസ് മുട്ടുകൾ മടക്കി “യഹോവേ, അവർക്കെതിരെ ഈ പാപം കണക്കിടരുതേ” എന്നു നിലവിളിച്ചുപറഞ്ഞു. അനന്തരം അവൻ ഒരു രക്തസാക്ഷിയായി മരണത്തിൽ നിദ്രകൊണ്ടു. അതിനുശേഷം, ആധുനികകാലങ്ങളിൽപോലും, യേശുവിന്റെ വളരെയധികം അനുഗാമികൾ അങ്ങനെ ചെയ്തിട്ടുണ്ട്.
പീഡനം സുവാർത്തയെ വ്യാപിപ്പിക്കുന്നു
7. പീഡനത്തിൽനിന്ന് എന്തു ഫലമുണ്ടായി?
7 സ്തേഫാനോസിന്റെ മരണം യഥാർത്ഥത്തിൽ സുവാർത്തയുടെ വ്യാപനത്തിൽ കലാശിച്ചു. (8:1-4) പീഡനം അപ്പോസ്തലൻമാരൊഴികെ സകലരെയും യഹൂദ്യയിലും ശമര്യയിലും അങ്ങോളമിങ്ങോളം ചിതറിച്ചു. സ്തേഫാനോസിന്റെ വധത്തിന് അംഗീകാരംകൊടുത്ത ശൗൽ ഒരു വന്യമൃഗത്തെപ്പോലെ സഭയെ മുടിച്ചുപോന്നു. യേശുവിന്റെ അനുഗാമികളെ വലിച്ചിഴച്ചുകൊണ്ടുപോയി തടവിലാക്കാൻ അവൻ ഒന്നിനുപിറകേ ഒന്നായി വീടുകൾ ആക്രമിച്ചു. ചിതറിപ്പോയ ശിഷ്യൻമാർ പ്രസംഗം തുടർന്നപ്പോൾ, ദൈവഭയമുള്ള രാജ്യപ്രഘോഷകരെ പീഡനത്തിലൂടെ അമർത്താനുള്ള സാത്താന്റെ പദ്ധതി പൊളിഞ്ഞു. ഇന്നും, മിക്കപ്പോഴും പീഡനം സുവാർത്തയെ വ്യാപിപ്പിക്കുകയോ രാജ്യപ്രസംഗവേലയിലേക്ക് ശ്രദ്ധക്ഷണിക്കുകയോ ചെയ്തിട്ടുണ്ട്.
8. (എ) ശമര്യയിലെ പ്രസംഗത്തിൽനിന്ന് എന്തു ഫലമുണ്ടായി? (ബി) യേശു ഭരമേല്പിച്ചിരുന്ന രണ്ടാമത്തെ താക്കോൽ പത്രോസ് എങ്ങനെ ഉപയോഗിച്ചു?
8 സുവിശേഷകനായ ഫിലിപ്പോസ് “ക്രിസ്തുവിനെ പ്രസംഗിക്കാൻ” ശമര്യയിലേക്കു പോയി. (8:5-25) സുവാർത്ത ഘോഷിക്കപ്പെടുകയും അശുദ്ധാത്മാക്കൾ പുറത്താക്കപ്പെടുകയും ആളുകൾ സൗഖ്യമാക്കപ്പെടുകയും ചെയ്തപ്പോൾ ആ നഗരത്തിൽ വലിയ സന്തോഷം വ്യാപിച്ചു. യരൂശലേമിലെ അപ്പോസ്തലൻമാർ പത്രോസിനെയും യോഹന്നാനെയും ശമര്യയിലേക്ക് അയച്ചു. അവർ പ്രാർത്ഥിക്കുകയും സ്നാപനമേററവരുടെമേൽ കൈവെക്കുകയും ചെയ്തപ്പോൾ പുതിയ ശിഷ്യൻമാർക്ക് പരിശുദ്ധാത്മാവു ലഭിച്ചു. പുതുതായി സ്നാപനമേററിരുന്ന മുൻമന്ത്രവാദിയായ ശിമോൻ ഈ അധികാരം വിലക്കുവാങ്ങാൻ ശ്രമിച്ചു, എന്നാൽ പത്രോസ് ഇങ്ങനെ പറഞ്ഞു: ‘നിന്റെ വെള്ളി നിന്നോടുകൂടെ നശിക്കട്ടെ. നിന്റെ ഹൃദയം ദൈവദൃഷ്ടിയിൽ നേരുള്ളതല്ല.’ അനുതപിച്ചിട്ട് യഹോവയോട് ക്ഷമക്കുവേണ്ടി അപേക്ഷിക്കാൻ പറയപ്പെട്ടപ്പോൾ, തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ അവൻ അപ്പോസ്തലൻമാരോടു അപേക്ഷിച്ചു. ഇത് ഹൃദയത്തെ കാത്തുസൂക്ഷിക്കുന്നതിന് ദിവ്യസഹായത്തിനുവേണ്ടി പ്രാർത്ഥിക്കാൻ യഹോവയെ ഭയപ്പെടുന്ന സകലരെയും പ്രേരിപ്പിക്കേണ്ടതാണ്. (സദൃശവാക്യങ്ങൾ 4:23) (ഈ സംഭവത്തിൽനിന്നാണ് “ഒരു സഭാസ്ഥാനമോ സഭാപരമായ ഒരു സ്ഥാനക്കയററമോ വിലക്കുവാങ്ങുകയോ വിൽക്കയോ ചെയ്യൽ” ആയ “ശിമോന്യപാപം” എന്ന പദം ഉണ്ടായത്). പത്രോസും യോഹന്നാനും അനേകം ശമര്യഗ്രാമങ്ങളിൽ സുവാർത്ത ഘോഷിച്ചു. അങ്ങനെ, സ്വർഗ്ഗീയരാജ്യത്തിൽ പ്രവേശിക്കുന്നതിനുള്ള പരിജ്ഞാനത്തിന്റെയും അവസരത്തിന്റെയും വാതിൽ തുറക്കുന്നതിന് യേശു കൊടുത്ത രണ്ടാമത്തെ താക്കോൽ പത്രോസ് ഉപയോഗിച്ചു.—മത്തായി 16:19.
9. ഫിലിപ്പോസ് സാക്ഷീകരിച്ച എത്തിയോപ്യൻ ആരായിരുന്നു, ആ മനുഷ്യന് സ്നാപനമേൽക്കാൻ കഴിയുമായിരുന്നതെന്തുകൊണ്ട്?
9 ദൈവത്തിന്റെ ദൂതൻ അപ്പോൾ ഫിലിപ്പോസിന് ഒരു പുതിയ നിയമനം കൊടുത്തു. (8:26-40) യരൂശലേമിൽനിന്നു ഗസ്സയിലേക്കുള്ള വഴിയിൽ എത്തിയോപ്യൻരാജ്ഞിയായ കന്ദക്കയുടെ ധനകാര്യവിചാരകനായിരുന്ന ഒരു “ഷണ്ഡൻ” ഒരു രഥത്തിൽ സഞ്ചരിക്കുകയായിരുന്നു. അയാൾ യഹൂദസഭയിൽനിന്ന് അകററിനിർത്തപ്പെട്ടിരുന്ന ഒരു ശാരീരികഷണ്ഡൻ ആയിരുന്നില്ല. എന്നാൽ അയാൾ പരിച്ഛേദനയേററ ഒരു മതാനുസാരിയെന്ന നിലയിൽ ആരാധനക്കുവേണ്ടി യരൂശലേമിലേക്കു പോയതായിരുന്നു. (ആവർത്തനം 23:1) ഷണ്ഡൻ യെശയ്യായുടെ പുസ്തകത്തിൽനിന്ന് വായിച്ചുകൊണ്ടിരിക്കുന്നത് ഫിലിപ്പോസ് കണ്ടു. ക്ഷണം സ്വീകരിച്ചു രഥത്തിൽ കയറി ഫിലിപ്പോസ് യെശയ്യായുടെ പ്രവചനം ചർച്ചചെയ്യുകയും “അവനോട് യേശുവിനെക്കുറിച്ചുള്ള സുവാർത്ത ഘോഷിക്കുകയും ചെയ്തു.” (യെശയ്യാവ് 53:7, 8) പെട്ടെന്നുതന്നെ എത്തിയോപ്യൻ ഇങ്ങനെ ഉദ്ഘോഷിച്ചു: “നോക്കൂ! ഒരു ജലാശയം; സ്നാപനമേൽക്കുന്നതിൽനിന്ന് എന്നെ എന്താണു തടയുന്നത്?” അയാൾ ദൈവത്തെക്കുറിച്ച് അറിഞ്ഞിരുന്നതുകൊണ്ടും ഇപ്പോൾ ക്രിസ്തുവിൽ വിശ്വസിച്ചതുകൊണ്ടും യാതൊന്നും തടഞ്ഞിരുന്നില്ല. അങ്ങനെ ഫിലിപ്പോസ് എത്തിയോപ്യനെ സ്നാപനപ്പെടുത്തി. അയാൾ സന്തോഷിച്ചുകൊണ്ട് തന്റെ വഴിക്കുപോയി. സ്നാപനപ്പെടുന്നതിൽനിന്ന് നിങ്ങളെ എന്തെങ്കിലും തടയുന്നുണ്ടോ?
ഒരു പീഡകൻ പരിവർത്തനംചെയ്യുന്നു
10, 11. ഡമാസ്ക്കസിലേക്കു പോയ വഴിക്കും അതിനുശേഷം താമസിയാതെയും തർസൂസിലെ ശൗലിന് എന്തു സംഭവിച്ചു?
10 ഇതിനിടയിൽ, യേശുവിന്റെ അനുഗാമികളെ തടവിലാക്കുമെന്നോ കൊല്ലുമെന്നോ ഉള്ള ഭീഷണിമുഴക്കിക്കൊണ്ട് ശൗൽ അവരെക്കൊണ്ട് തങ്ങളുടെ വിശ്വാസം തള്ളിപ്പറയിക്കാൻ ശ്രമിച്ചു. (9:1-18എ) “മാർഗ്ഗത്തിൽപെട്ട” അഥവാ ക്രിസ്തുവിന്റെ മാതൃകയിലധിഷ്ഠിതമായ ജീവിതരീതി പിന്തുടർന്ന “സ്ത്രീപുരുഷൻമാരെ പിടിച്ചുകെട്ടി യരൂശലേമിലേക്കു കൊണ്ടുവരാൻ അവനെ അധികാരപ്പെടുത്തുന്ന ദമസ്ക്കോസിലെ പള്ളികളിലേക്കുള്ള എഴുത്തുകൾ” മഹാപുരോഹിതൻ (കയ്യഫാവ് ആയിരിക്കാം) കൊടുത്തു. ദമസ്ക്കോസിനു സമീപം ഏതാണ്ടു മദ്ധ്യാഹ്നസമയത്ത് ആകാശത്തുനിന്ന് ഒരു വെളിച്ചം മിന്നിപ്രകാശിക്കുകയും ഒരു ശബ്ദം “ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്ത്?” എന്ന് ചോദിക്കുകയും ചെയ്തു. ശൗലിനോടുകൂടെയുണ്ടായിരുന്നവർ “ഒരു ശബ്ദത്തിന്റെ ധ്വനി കേട്ടു,” എന്നാൽ എന്താണു പറഞ്ഞതെന്ന് അവർക്കു മനസ്സിലായില്ല. (പ്രവൃത്തികൾ 22:6, 9 താരതമ്യപ്പെടുത്തുക.) മഹത്വീകരിക്കപ്പെട്ട യേശുവിന്റെ ആ ഭാഗികമായ വെളിപ്പാട് ശൗലിനെ അന്ധനാക്കാൻ പോന്നതായിരുന്നു. ദൈവം അവന്റെ കാഴ്ച പുനഃസ്ഥിതീകരിക്കാൻ അനന്യാസ് എന്ന ശിഷ്യനെ ഉപയോഗിച്ചു.
11 മുൻ പീഡകൻ അവന്റെ സ്നാപനത്തിനുശേഷം പീഡനത്തിന്റെ ലക്ഷ്യമായിത്തീർന്നു. (9:18ബി-25) ഡമാസ്ക്കസിലെ യഹൂദൻമാർ ശൗലിനെ വകവരുത്താനാഗ്രഹിച്ചു. എന്നിരുന്നാലും, ശിഷ്യൻമാർ മതിലിലെ ഒരു ദ്വാരത്തിലൂടെ രാത്രിയിൽ അവനെ താഴെയിറക്കി, കയറോ ചുള്ളികളോ കൊണ്ടു മെടഞ്ഞ ഒരു വലിയ കൊട്ടയിലായിരിക്കാനാണ് സാദ്ധ്യത. (2 കൊരിന്ത്യർ 11:32, 33) ദ്വാരം ചുവരിനോടു ചേർത്തുപണിതിരുന്ന ഒരു ശിഷ്യന്റെ വീടിന്റെ ജനാലയായിരുന്നിരിക്കാം. അത് ശത്രുക്കളെ ഒഴിവാക്കി പ്രസംഗിച്ചുകൊണ്ടിരിക്കാനുള്ള ഒരു ഭീരുത്വനടപടിയായിരുന്നില്ല.
12. (എ) ശൗലിന് യരൂശലേമിൽവച്ച് എന്തു സംഭവിച്ചു? (ബി) സഭ എങ്ങനെ വർത്തിച്ചു?
12 യരൂശലേമിൽ, ബർന്നബാസ് ഒരു സഹവിശ്വാസിയെന്ന നിലയിൽ ശൗലിനെ സ്വീകരിക്കാൻ ശിഷ്യൻമാരെ സഹായിച്ചു. (9:26-31) അവിടെ ശൗൽ നിർഭയം യവനഭാഷക്കാരായ യഹൂദൻമാരുമായി വാദിച്ചു, അവരും അവനെ വകവരുത്താൻ ശ്രമിച്ചു. ഇതു മനസ്സിലാക്കിക്കൊണ്ട് സഹോദരൻമാർ അവനെ കൈസര്യയിലേക്കു കൊണ്ടുപോകുകയും കിലിക്യയിലെ അവന്റെ സ്വന്തപട്ടണമായ തർസൂസിലേക്ക് അയക്കുകയും ചെയ്തു. പിന്നീട് യഹൂദ്യയിലും ഗലീലയിലും ശമര്യയിലുമുടനീളമുണ്ടായിരുന്ന സഭ “ഒരു സമാധാനകാലഘട്ടത്തിലേക്കു പ്രവേശിക്കുകയും” ആത്മീയമായി “കെട്ടുപണിചെയ്യപ്പെടുകയും” ചെയ്തു. അത് ‘യഹോവാഭയത്തിലും പരിശുദ്ധാത്മാവിന്റെ ആശ്വാസനത്തിലും നടക്കവേ പെരുകിക്കൊണ്ടിരുന്നു.’ ഇന്നത്തെ സകല സഭകൾക്കും യഹോവയുടെ അനുഗ്രഹം ലഭിക്കണമെങ്കിൽ ഇത് എന്തോരു നല്ല മാതൃകയാണ്!
വിജാതീയർ വിശ്വാസികളായിത്തീരുന്നു!
13. ലിദ്ദയിലും യോപ്പയിലും എന്ത് അത്ഭുതംചെയ്യാൻ ദൈവം പത്രോസിനെ എങ്ങനെ പ്രാപ്തനാക്കി?
13 പത്രോസും തിരക്കിട്ടു പ്രവർത്തിക്കുകയായിരുന്നു. (9:32-43) ശീനാർ സമഭൂമിയിലെ ലിദ്ദായിൽ (ഇപ്പോൾ ലോദ്) അവൻ തളർവാതക്കാരനായിരുന്ന ഐനയാസിനെ സൗഖ്യമാക്കി. ഈ സൗഖ്യമാക്കൽ അനേകർ കർത്താവിലേക്കു തിരിയാൻ ഇടയാക്കി. യോപ്പയിൽ പ്രിയപ്പെട്ട ശിഷ്യയായിരുന്ന തബീഥാ (ഡോർക്കാസ്) രോഗം ബാധിച്ചു മരിച്ചു. പത്രോസ് വന്നെത്തിയപ്പോൾ, കരഞ്ഞുകൊണ്ടിരുന്ന വിധവമാർ ഡോർക്കാസ് നിർമ്മിച്ചിരുന്നതും അവർ ധരിച്ചിരുന്നേക്കാവുന്നതുമായ ഉടുപ്പുകൾ അവനെ കാണിച്ചു. അവൻ ഡോർക്കാസിനെ ജീവനിലേക്കു തിരികെവരുത്തി. ഇതിന്റെ വാർത്ത പരന്നപ്പോൾ, അനേകർ വിശ്വാസികളായിത്തീർന്നു. പത്രോസ് തോൽ ഊറക്കിടുന്ന ശിമോന്റെകൂടെ യോപ്പയിൽ താമസിച്ചു, അവന്റെ വീട് കടലിനടുത്തായിരുന്നു. ഊറക്കിടുന്നവർ മൃഗചർമ്മങ്ങൾ കടലിൽ മുക്കുകയും കുമ്മായം ഇട്ടശേഷം രോമം ചുരണ്ടിക്കളയുകയും ചെയ്യുന്നു. തോൽ ചില ചെടികളിൽനിന്നുള്ള ദ്രാവകങ്ങളിൽ ഊറക്കിട്ടു സംസ്കരിക്കുന്നു.
14. (എ) കോർന്നേലിയോസ്ആരായിരുന്നു? (ബി) കോർന്നേലിയോസിന്റെ പ്രാർത്ഥനയെസംബന്ധിച്ച് സത്യമായിരുന്നതെന്ത്?
14 ആ കാലത്ത് (ക്രി.വ. 36) മറെറാരിടത്ത് ശ്രദ്ധാർഹമായ ഒരു വികാസമുണ്ടായി. (10:1-8) കൈസര്യയിൽ ഭക്തനായിരുന്ന വിജാതീയ കോർന്നേലിയോസ് വസിച്ചിരുന്നു, അയാൾ ഏതാണ്ടു നൂറു പേരുടെമേൽ അധികാരമുണ്ടായിരുന്ന ഒരു റോമൻ ശതാധിപനായിരുന്നു. അയാൾ “ഇററാലിയൻ സംഘ”ത്തിന്റെ അധിപനായിരുന്നു, അത് പ്രത്യക്ഷത്തിൽ, റോമൻ പൗരൻമാരുടെയും ഇററലിയിലെ സ്വതന്ത്രരുടെയും ഇടയിൽനിന്നുള്ളവർ ഉൾപ്പെട്ടിരുന്ന സംഘമായിരുന്നു. കോർന്നേലിയോസ് ദൈവത്തെ ഭയപ്പെട്ടിരുന്നുവെങ്കിലും അവൻ ഒരു യഹൂദമതാനുസാരിയായിരുന്നില്ല. ഒരു ദർശനത്തിൽ, അവന്റെ പ്രാർത്ഥനകൾ ഒരു “അനുസമരണമായി ആരോഹണംചെയ്തിരുന്ന”തായി ഒരു ദൂതൻ അവനോടു പറഞ്ഞു. കോർന്നേലിയോസ് അന്ന് യഹോവക്കു സമർപ്പിതനല്ലായിരുന്നെങ്കിലും അവന് തന്റെ പ്രാർത്ഥനക്ക് ഉത്തരംകിട്ടി. എന്നാൽ ദൂതൻ നിർദ്ദേശിച്ചപ്രകാരം അവൻ പത്രോസിനുവേണ്ടി ആളയച്ചു.
15. പത്രോസ് ശിമോന്റെ വീടിന്റെ മേല്പുരമുകളിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ എന്തു സംഭവിച്ചു?
15 ഇതിനിടയിൽ, ശിമോന്റെ വീടിന്റെ മേല്പ്പുരയിലിരുന്ന് പ്രാർത്ഥിക്കവേ പത്രോസിന് ഒരു ദർശനമുണ്ടായി. (10:9-23) അവൻ ഒരു മയക്കത്തിലായിരുന്നപ്പോൾ അശുദ്ധനാൽക്കാലികളും ഇഴജന്തുക്കളും പക്ഷികളും നിറഞ്ഞ വിരിപ്പുപോലെയുള്ള ഒരു പാത്രം ഇറങ്ങിവരുന്നതു അവൻ കണ്ടു. അറുത്തു ഭക്ഷിക്കാൻ നിർദ്ദേശിക്കപ്പെട്ടപ്പോൾ മലിനമായ യാതൊന്നും താൻ ഒരിക്കലും ഭക്ഷിച്ചിട്ടില്ലെന്ന് പത്രോസ് പറഞ്ഞു. “ദൈവം ശുദ്ധീകരിച്ചിരിക്കുന്നവയെ മലിനമെന്നു വിളിക്കുന്നതു നിർത്തുക” എന്ന് അവനോടു പറയപ്പെട്ടു. ദർശനം പത്രോസിനെ അന്ധാളിപ്പിച്ചു, എന്നാൽ അവൻ ആത്മാവിന്റെ നിർദ്ദേശം അനുസരിച്ചു. അങ്ങനെ, അവനും ആറു യഹൂദ സഹോദരൻമാരും കോർന്നേലിയോസിന്റെ ദൂതൻമാരോടുകൂടെ പോയി.—പ്രവൃത്തികൾ 11:12.
16, 17. (എ) കോർന്നേലിയോസിനോടും അവന്റെ വീട്ടിൽ കൂടിയിരുന്നവരോടും പത്രോസ് എന്തു പറഞ്ഞു? (ബി) പത്രോസ് സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ എന്തു സംഭവിച്ചു?
16 ഇപ്പോൾ ആദ്യവിജാതീയർ സുവാർത്ത കേൾക്കാൻ പോകുകയായിരുന്നു. (10:24-43) പത്രോസും അവന്റെ കൂട്ടാളികളും കൈസര്യയിൽ വന്നെത്തിയപ്പോൾ കോർന്നേലിയോസും അവന്റെ ബന്ധുക്കളും അവന്റെ അടുത്ത സുഹൃത്തുക്കളും കാത്തിരിക്കുകയായിരുന്നു. കോർന്നേലിയോസ് പത്രോസിന്റെ കാൽക്കൽ വീണു, എന്നാൽ അപ്പോസ്തലൻ വിനീതമായി അത്തരം ആദരവു നിരസിച്ചു. യഹോവ യേശുവിനെ പരിശുദ്ധാത്മാവുകൊണ്ടും ശക്തികൊണ്ടും എങ്ങനെ മശിഹായായി അഭിഷേകംചെയ്തുവെന്ന് അവൻ പറയുകയും അവനിൽ വിശ്വസിക്കുന്ന ഏവനും പാപങ്ങളുടെ മോചനം ലഭിക്കുന്നുവെന്ന് വിശദീകരിക്കുകയുംചെയ്തു.
17 യഹോവ ഇപ്പോൾ പ്രവർത്തിച്ചു. (10:44-48) പത്രോസ് സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ, വിശ്വസിച്ച ആ വിജാതീയരുടെമേൽ ദൈവം പരിശുദ്ധാത്മാവിനെ പകർന്നു. അവിടെവെച്ച് അപ്പോൾത്തന്നെ അവർ ദൈവാത്മാവിനാൽ ജനിപ്പിക്കപ്പെടുകയും വിദേശഭാഷകൾ സംസാരിക്കാനും അവനെ മഹിമപ്പെടുത്താനും നിശ്വസ്തരാക്കപ്പെടുകയുംചെയ്തു. അതുകൊണ്ട്, അവർ ഉചിതമായി യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാപനം കഴിപ്പിക്കപ്പെട്ടു. അങ്ങനെയായിരുന്നു പത്രോസ് സ്വർഗ്ഗീയരാജ്യത്തിൽ പ്രവേശിക്കാൻ ദൈവഭയമുണ്ടായിരുന്ന വിജാതീയർക്ക് പരിജ്ഞാനത്തിന്റെയും അവസരത്തിന്റെയും വാതിൽ തുറന്നുകൊടുക്കാൻ മൂന്നാമത്തെ താക്കോൽ ഉപയോഗിച്ചത്.—മത്തായി 16:19.
18. വിജാതീയർ “പരിശുദ്ധാത്മാവിൽ സ്നാപനമേററു”വെന്ന് പത്രോസ് വിശദീകരിച്ചപ്പോൾ യഹൂദസഹോദരൻമാർ എങ്ങനെ പ്രതികരിച്ചു?
18 പിന്നീട്, യരൂശലേമിൽ, പരിച്ഛേദനയെ അനുകൂലിക്കുന്നവർ പത്രോസിനോടു വാദിച്ചു. (11:1-18) വിജാതീയർ എങ്ങനെ “പരിശുദ്ധാത്മാവിൽ സ്നാപനംകഴിപ്പിക്കപ്പെട്ടു”വെന്ന് അവൻ വിശദീകരിച്ചപ്പോൾ, അവന്റെ യഹൂദസഹോദരൻമാർ എതിർപറയാതെ ദൈവത്തെ മഹത്വപ്പെടുത്തുകയും “ശരി, അപ്പോൾ, ദൈവം ജനതകളിലെ ആളുകൾക്കും ജീവന്റെ ഉദ്ദേശ്യത്തിൽ അനുതാപം അനുവദിച്ചിരിക്കുന്നുവല്ലോ” എന്നു പറയുകയുംചെയ്തു. ദിവ്യോദ്ദേശ്യം നമുക്ക് വ്യക്തമാക്കപ്പെടുമ്പോൾ നാമും സ്വീകാര്യക്ഷമതയുള്ളവരായിരിക്കണം.
വിജാതീയസഭ സ്ഥാപിക്കപ്പെടുന്നു
19. ശിഷ്യൻമാർ ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെടാനിടയായതെങ്ങനെ?
19 ഇപ്പോൾ ആദ്യത്തെ വിജാതീയ സഭ രൂപവൽക്കരിക്കപ്പെട്ടു. (11:19-26) സ്തേഫാനോസിനെപ്രതിയുള്ള ഉപദ്രവത്താൽ ശിഷ്യൻമാർ ചിതറിപ്പോയപ്പോൾ, ചിലർ സിറിയയിലെ അന്ത്യോക്യയിലേക്കു പോയി, അത് അശുദ്ധാരാധനക്കും ധാർമ്മികച്യുതിക്കും കേൾവികേട്ട സ്ഥലമായിരുന്നു. അവിടത്തെ ഗ്രീക്ക് സംസാരിക്കുന്ന ആളുകളോടു അവർ സുവാർത്ത പ്രസ്താവിച്ചപ്പോൾ, “യഹോവയുടെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു,” അനേകർ വിശ്വാസികളായിത്തീർന്നു. ബർന്നബാസും ശൗലും അവിടെ ഒരു വർഷക്കാലം പഠിപ്പിച്ചു. “ആദ്യമായി അന്ത്യോക്യയിൽവെച്ചായിരുന്നു ശിഷ്യൻമാർ ദൈവനിശ്ചയത്താൽ ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെട്ടത്.” അവർ അങ്ങനെ വിളിക്കപ്പെടണമെന്ന് യഹോവ നിർദ്ദേശിച്ചുവെന്നതിനു സംശയമില്ല, എന്തുകൊണ്ടെന്നാൽ ക്രിമാററിസോ എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം “ദിവ്യനിശ്ചയത്താൽ വിളിക്കപ്പെടുക”യെന്നാണ്. ദൈവത്തിൽനിന്നുള്ളതിനോടുള്ള ബന്ധത്തിൽ എല്ലായ്പ്പോഴും ആ പ്രയോഗം തിരുവചനാനുസൃതം ഉപയോഗിക്കപ്പെടുന്നുണ്ട്.
20. അഗബസ് എന്തു മുൻകൂട്ടിപ്പറഞ്ഞു, അന്ത്യോക്യാസഭ എങ്ങനെ പ്രതിവർത്തിച്ചു?
20 ദൈവഭയമുള്ള പ്രവാചകൻമാരും യരൂശലേമിൽനിന്ന് അന്ത്യോക്യയിലേക്കു വന്നു. (11:27-30) ഒരാൾ അഗബസ് ആയിരുന്നു, അയാൾ “മുഴു നിവസിതഭൂമിമേലും ഒരു വലിയ ക്ഷാമം വരാൻ പോകുകയാണെന്ന് ആത്മാവിനാൽ” സൂചിപ്പിച്ചു. റോമാചക്രവർത്തിയായിരുന്ന ക്ലൗദ്യസിന്റെ കാലത്ത് (ക്രി.വ. 41-54) ആ പ്രവചനം നിവൃത്തിയായി. ചരിത്രകാരനായ ജോസീഫസ് ഈ വലിയ ക്ഷാമത്തെ പരാമർശിക്കുന്നുണ്ട്. (യഹൂദ പുരാതനത്വങ്ങൾ, XX, 51 [ii, 5]; XX, 101 [V, 2]) സ്നേഹത്താൽ പ്രേരിതമായി അന്ത്യോക്യാസഭ യഹൂദ്യയിലെ ദരിദ്രസഹോദരൻമാർക്കായി ഒരു സംഭാവന അയച്ചുകൊടുത്തു.—യോഹന്നാൻ 13:35.
പീഡനം നിഷപ്രയോജനകരം
21. ഹെരോദ് അഗ്രിപ്പാവ് I-ാമൻ പത്രോസിനെതിരെ എന്തു നടപടി സ്വീകരിച്ചു, ഫലമെന്തായിരുന്നു?
21 ഹെരോദ് അഗ്രിപ്പാവ് യരൂശലേമിൽ യഹോവയെ ഭയപ്പെടുന്നവരെ പീഡിപ്പിക്കാൻ തുടങ്ങിയപ്പോൾ സമാധാനകാലഘട്ടം അവസാനിച്ചു. (12:1-11) ഹെരോദാവ് വാളിനാൽ യാക്കോബിനെ കൊന്നു, ഒരുപക്ഷേ ആദ്യത്തെ രക്തസാക്ഷിയായ അപ്പോസ്തലനെന്ന നിലയിൽ അവന്റെ തല വെട്ടുകയായിരുന്നു. ഇതു യഹൂദൻമാർക്കു പ്രസാദമായി എന്നു കണ്ടപ്പോൾ ഹെരോദാവ് പത്രോസിനെ തടവിലാക്കി. അപ്പോസ്തലൻ പ്രത്യക്ഷത്തിൽ ഓരോ വശത്തും ഓരോ പടയാളിയോടു ചങ്ങലയാൽ ബന്ധിക്കപ്പെട്ടിരുന്നു, അതേസമയം വേറെ രണ്ടു പേർ അവന്റെ തടവറ സൂക്ഷിച്ചു. പെസഹായിക്കും പുളിപ്പില്ലാത്ത അപ്പത്തിന്റെ നാളുകൾക്കും ശേഷം (നീസാൻ 14-21) അവനെ വധിക്കാൻ ഹെരോദാവു പ്ലാൻ ചെയ്തിരുന്നു. എന്നാൽ മിക്കപ്പോഴും നമ്മുടെ പ്രാർത്ഥനകൾ കേൾക്കപ്പെടുന്നതുപോലെ, അവനുവേണ്ടിയുള്ള സഭയുടെ പ്രാർത്ഥനകൾക്ക് തക്കസമയത്ത് ഉത്തരം ലഭിച്ചു. ദൈവത്തിന്റെ ദൂതൻ അത്ഭുതകരമായി അപ്പോസ്തലനെ മോചിപ്പിച്ചപ്പോൾ ഇതു സംഭവിച്ചു.
22. പത്രോസ് മർക്കോസിന്റെ അമ്മയായ മറിയയുടെ വീട്ടിൽ ചെന്നപ്പോൾ എന്തു സംഭവിച്ചു?
22 പത്രോസ് പെട്ടെന്നുതന്നെ (യോഹന്നാൻ മർക്കോസിന്റെ അമ്മയായ) മറിയയുടെ വീട്ടിലെത്തി. (12:12-19) ഇരുട്ടിൽ ദാസിയായ രോദാ പത്രോസിന്റെ ശബ്ദം തിരിച്ചറിഞ്ഞു, എന്നാൽ പൂട്ടിയ പടിവാതിൽക്കൽ അവനെ വിട്ടു. പത്രോസിന്റേതുപോലെയുള്ള ഒരു ശബ്ദത്തിൽ സംസാരിക്കുന്നവനായി അവനെ പ്രതിനിധാനംചെയ്യുന്ന ഒരു ദൂതസന്ദേശവാഹകനെ ദൈവം അയച്ചതാണെന്ന് ശിഷ്യൻമാർ ആദ്യം ചിന്തിച്ചിരിക്കാം. എന്നിരുന്നാലും, അവർ പത്രോസിനെ അകത്തു പ്രവേശിപ്പിച്ചപ്പോൾ തന്റെ വിടുതലിനെക്കുറിച്ച് യാക്കോബിനെയും സഹോദരൻമാരെയും (ഒരുപക്ഷേ മൂപ്പൻമാരെ) അറിയിക്കാൻ അവൻ അവരോടു പറഞ്ഞു. അനന്തരം അവൻ ഒളിവിൽ പോകുകയും ചോദ്യംചെയ്യൽ ഉണ്ടായാൽ അവരെയോ അവനെത്തന്നെയോ അപകടപ്പെടുത്തുന്നതൊഴിവാക്കാൻ തന്റെ ലക്ഷ്യം വെളിപ്പെടുത്താതിരിക്കുകയുംചെയ്തു. പത്രോസിനുവേണ്ടിയുള്ള ഹെരോദാവിന്റെ അന്വേഷണം നിഷ്ഫലമായി, കാവൽക്കാർ ശിക്ഷിക്കപ്പെട്ടു, വധിക്കപ്പെട്ടിരിക്കാൻ പോലുമിടയുണ്ട്.
23. ഹെരോദ് അഗ്രിപ്പാ I-ാമന്റെ ഭരണം എങ്ങനെ അവസാനിച്ചു, നമുക്ക് ഇതിൽനിന്ന് എന്ത് പഠിക്കാൻ കഴിയും?
23 ക്രി.വ. 44-ൽ ഹെരോദ് അഗ്രിപ്പാവ് I-ാമന്റെ ഭരണം അവന്റെ 54-ാമത്തെ വയസ്സിൽ കൈസരിയായിൽവെച്ച് പെട്ടെന്ന് അവസാനിച്ചു. (12:20-25) അയാൾ സോരിലെയും സീദോനിലെയും ഫിനീഷ്യക്കാരോട് ഒരു സമരമനോഭാവത്തിലായിരുന്നു, അവർക്കു സമാധാനത്തിനുവേണ്ടി വാദിക്കാൻ കഴിയുന്ന ഒരു വിചാരണ ക്രമീകരിക്കാൻ അവർ അയാളുടെ സേവകനായിരുന്ന ബ്ലാസ്ററസിനു കൈക്കൂലി കൊടുത്തു. “നിശ്ചിതദിവസം” (ക്ലൗദ്യസ് കൈസറിന്റെ ബഹുമാനാർത്ഥമുള്ള ഒരു പെരുനാളിൽത്തന്നെ) ഹെരോദാവ് രാജവസ്ത്രംധരിച്ച് ന്യായാസനത്തിലിരിക്കുകയും ഒരു പബ്ലിക്ക് പ്രസംഗം നടത്തിത്തുടങ്ങുകയും ചെയ്തു. പ്രതികരണമായി സദസ്യർ “ഒരു മനുഷ്യന്റേതല്ല, ഒരു ദൈവത്തിന്റെ ശബ്ദം” എന്ന് ഉദ്ഘോഷിച്ചു. ക്ഷണത്തിൽ യഹോവയുടെ ദൂതൻ അവനെ പ്രഹരിച്ചു, എന്തുകൊണ്ടെന്നാൽ അവൻ “ദൈവത്തിനു മഹത്വം കൊടുത്തില്ല.” ഹെരോദാവു “പുഴു തിന്ന് മരണമടഞ്ഞു.” ഈ മുന്നറിയിപ്പിൻ ദൃഷ്ടാന്തം യഹോവാഭയത്തിൽ തുടർന്നു നടക്കുന്നതിനും അഹങ്കാരം ഒഴിവാക്കുന്നതിനും അവന്റെ ജനമെന്ന നിലയിൽ നാം ചെയ്യുന്നതിനുവേണ്ടി അവനു മഹത്വം കൊടുക്കുന്നതിനും നമ്മെ പ്രേരിപ്പിക്കട്ടെ.
24. വികസനംസംബന്ധിച്ച് 20-ാം പേജിലെ ലേഖനം എന്തു പ്രകടമാക്കും?
24 ഹെരോദാവിനാലുള്ള പീഡനമുണ്ടായിരുന്നിട്ടും “യഹോവയുടെ വചനം വളരുന്നതിലും വ്യാപിക്കുന്നതിലും തുടർന്നു”. യഥാർത്ഥത്തിൽ, 20-ാം പേജിലെ ലേഖനം പ്രകടമാക്കുന്നതുപോലെ, ശിഷ്യൻമാർക്ക് കൂടുതലായ വികസനം പ്രതീക്ഷിക്കാൻ കഴിയുമായിരുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർ “യഹോവാഭയത്തിൽ നടന്നു.” (w90 6⁄1)
നിങ്ങൾ എങ്ങനെ പ്രതിവചിക്കും?
◻ പിന്നീടും ദൈവദാസൻമാർ ചെയ്തിരിക്കുന്നതുപോലെ, സ്തേഫാനോസ് യഹോവയെ ഭയപ്പെട്ടുവെന്ന് അവൻ പ്രകടമാക്കിയതെങ്ങനെ?
◻ സ്തേഫാനോസിന്റെ മരണത്തിന് രാജ്യപ്രസംഗപ്രവർത്തനത്തിൻമേൽ എന്തു ഫലമുണ്ടായി, ഇതിന് ഒരു ആധുനികകാല സമാന്തരമുണ്ടോ?
◻ പീഡകനായിരുന്ന തർസൂസിലെ ശൗൽ യഹോവയെ ഭയപ്പെടുന്ന ഒരാളായിത്തീർന്നതെങ്ങനെ?
◻ ആദ്യത്തെ വിജാതീയവിശ്വാസികൾ ആരായിരുന്നു?
◻ പീഡനം യഹോവയെ ഭയപ്പെടുന്നവരെ തടയുന്നില്ലെന്ന് പ്രവൃത്തികൾ 12-ാം അദ്ധ്യായം പ്രകടമാക്കുന്നതെങ്ങനെ?
[12, 13 പേജുകളിലെ ചിത്രം]
ഒരു വെളിച്ചം ആകാശത്തുനിന്നു മിന്നിപ്രകാശിക്കുകയും ഒരു ശബ്ദം: “ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്ത്?” എന്നു ചോദിക്കുകയുംചെയ്തു