അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ
10 കൈസര്യയിൽ കൊർന്നേല്യൊസ് എന്നൊരാളുണ്ടായിരുന്നു. ‘ഇറ്റലിക്കാരുടെ വിഭാഗം’ എന്ന് അറിയപ്പെട്ടിരുന്ന സൈനികവിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു കൊർന്നേല്യൊസ്. 2 കൊർന്നേല്യൊസും വീട്ടിലുള്ളവരും, നല്ല ഭക്തിയും ദൈവഭയവും ഉള്ളവരായിരുന്നു. കൊർന്നേല്യൊസ് ഒരുപാടു ദാനധർമങ്ങൾ ചെയ്യുകയും പതിവായി ദൈവത്തോട് ഉള്ളുരുകി പ്രാർഥിക്കുകയും ചെയ്തുപോന്നു. 3 അങ്ങനെയിരിക്കെ ഒരു ദിവസം, ഏകദേശം ഒൻപതാം മണി+ നേരത്ത് കൊർന്നേല്യൊസ് ഒരു ദിവ്യദർശനം കണ്ടു. ഒരു ദൈവദൂതൻ അടുത്തേക്കു വരുന്നതും “കൊർന്നേല്യൊസേ” എന്നു വിളിക്കുന്നതും കൊർന്നേല്യൊസ് വ്യക്തമായി കണ്ടു. 4 കൊർന്നേല്യൊസ് ഭയത്തോടെ ദൂതനെ സൂക്ഷിച്ചുനോക്കിക്കൊണ്ട്, “എന്താണു കർത്താവേ” എന്നു ചോദിച്ചു. ദൂതൻ കൊർന്നേല്യൊസിനോടു പറഞ്ഞു: “നിന്റെ പ്രാർഥനകളും ദാനധർമങ്ങളും ദൈവമുമ്പാകെ എത്തി, ദൈവം നിന്നെ ഓർത്തിരിക്കുന്നു.+ 5 അതുകൊണ്ട് യോപ്പയിലേക്ക് ആളയച്ച് പത്രോസ് എന്ന് അറിയപ്പെടുന്ന ശിമോനെ വിളിച്ചുവരുത്തുക. 6 കടൽത്തീരത്ത് താമസിക്കുന്ന ശിമോൻ എന്ന തോൽപ്പണിക്കാരന്റെ വീട്ടിൽ പത്രോസ് അതിഥിയായി* കഴിയുകയാണ്.” 7 ദൂതൻ പോയ ഉടനെ കൊർന്നേല്യൊസ് രണ്ടു വേലക്കാരെയും പരിചാരകരിൽനിന്ന് ദൈവഭക്തിയുള്ള ഒരു പടയാളിയെയും വിളിച്ച് 8 എല്ലാം വിവരിച്ചശേഷം അവരെ യോപ്പയിലേക്ക് അയച്ചു.
9 അവർ യാത്ര ചെയ്ത് പിറ്റെ ദിവസം ഏകദേശം ആറാം മണിയായപ്പോൾ നഗരത്തിന് അടുത്ത് എത്തി. ആ സമയത്ത് പത്രോസ് വീടിനു മുകളിൽ പോയി പ്രാർഥിക്കുകയായിരുന്നു. 10 പത്രോസിനു വല്ലാത്ത വിശപ്പു തോന്നി, എന്തെങ്കിലും കഴിക്കാൻ പത്രോസ് ആഗ്രഹിച്ചു. അവർ ഭക്ഷണം തയ്യാറാക്കിക്കൊണ്ടിരുന്ന സമയത്ത് പത്രോസ് ഒരു സ്വപ്നാവസ്ഥയിലായി.+ 11 ആകാശം തുറന്നിരിക്കുന്നതും ഒരു വലിയ ലിനൻവിരിപോലുള്ള എന്തോ ഒന്ന്* ആരോ നാലു മൂലയിലും പിടിച്ച് ഭൂമിയിലേക്ക് ഇറക്കുന്നതും പത്രോസ് കണ്ടു. 12 അതിൽ ഭൂമിയിലെ എല്ലാ തരം നാൽക്കാലികളും ഇഴജന്തുക്കളും* പക്ഷികളും ഉണ്ടായിരുന്നു. 13 ഒരു ശബ്ദം പത്രോസിനോട്, “പത്രോസേ, എഴുന്നേറ്റ് ഇവയെ അറുത്ത്* തിന്നൂ” എന്നു പറഞ്ഞു. 14 അപ്പോൾ പത്രോസ്, “അയ്യോ, അങ്ങനെ പറയരുതു കർത്താവേ, മലിനമോ അശുദ്ധമോ ആയ ഒന്നും ഞാൻ ഇതുവരെ കഴിച്ചിട്ടില്ല”+ എന്നു പറഞ്ഞു. 15 ആ ശബ്ദം രണ്ടാമതും പത്രോസിനോട്, “ദൈവം ശുദ്ധീകരിച്ചവയെ നീ മലിനമെന്നു വിളിക്കരുത്” എന്നു പറഞ്ഞു. 16 മൂന്നാമതും ഇങ്ങനെ സംഭവിച്ചു. ഉടൻതന്നെ അതു* തിരികെ ആകാശത്തിലേക്ക് എടുക്കപ്പെട്ടു.
17 താൻ കണ്ട ദർശനത്തിന്റെ അർഥത്തെക്കുറിച്ച് പത്രോസിന് ഒരു എത്തും പിടിയും കിട്ടിയില്ല. പത്രോസ് അതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ, കൊർന്നേല്യൊസ് അയച്ച ആളുകൾ ശിമോന്റെ വീടു തേടിപ്പിടിച്ച് എത്തി.+ 18 പത്രോസ് എന്ന് അറിയപ്പെടുന്ന ശിമോൻ അവിടെ അതിഥിയായി താമസിക്കുന്നുണ്ടോ എന്ന് അവർ പടിവാതിൽക്കൽ നിന്ന് വിളിച്ചുചോദിച്ചു. 19 ദർശനത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്ന പത്രോസിനോടു പരിശുദ്ധാത്മാവ്+ പറഞ്ഞു: “അതാ, നിന്നെ അന്വേഷിച്ച് മൂന്നു പേർ വന്നിരിക്കുന്നു. 20 താഴേക്കു ചെന്ന് ഒട്ടും മടിക്കാതെ അവരുടെകൂടെ പോകുക. ഞാനാണ് അവരെ അയച്ചത്.” 21 അപ്പോൾ പത്രോസ് താഴെ അവരുടെ അടുത്ത് ചെന്ന്, “നിങ്ങൾ അന്വേഷിക്കുന്ന ആൾ ഞാനാണ്. നിങ്ങൾ വന്നത് എന്തിനാണ്” എന്നു ചോദിച്ചു. 22 അവർ പറഞ്ഞു: “കൊർന്നേല്യൊസ്+ എന്നു പേരുള്ള ഒരു സൈനികോദ്യോഗസ്ഥനുണ്ട്. നീതിമാനും ദൈവഭയമുള്ളവനും ആയ അദ്ദേഹത്തെക്കുറിച്ച് ജൂതന്മാർക്കു മുഴുവൻ വളരെ നല്ല അഭിപ്രായമാണ്. അങ്ങയെ വീട്ടിൽ വരുത്തി അങ്ങയ്ക്കു പറയാനുള്ള കാര്യങ്ങൾ കേൾക്കണമെന്ന് ഒരു വിശുദ്ധദൂതനിലൂടെ അദ്ദേഹത്തിനു ദൈവികനിർദേശം ലഭിച്ചു.” 23 പത്രോസ് അവരെ വീടിന് അകത്തേക്കു ക്ഷണിച്ചു. അവർ പത്രോസിന്റെ അതിഥികളായി അന്ന് അവിടെ താമസിച്ചു.
പിറ്റേന്ന് പത്രോസ് അവരോടൊപ്പം യാത്രയായി. യോപ്പയിൽനിന്നുള്ള ചില സഹോദരന്മാരും പത്രോസിന്റെകൂടെ പോയി. 24 അടുത്ത ദിവസം പത്രോസ് കൈസര്യയിൽ എത്തി. കൊർന്നേല്യൊസ് ബന്ധുക്കളെയും ഉറ്റ സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി അവരെ കാത്തിരിക്കുകയായിരുന്നു. 25 പത്രോസ് എത്തിയപ്പോൾ കൊർന്നേല്യൊസ് പത്രോസിന്റെ അടുത്ത് ചെന്ന് കാൽക്കൽ വീണ് വണങ്ങി. 26 എന്നാൽ പത്രോസ്, “എഴുന്നേൽക്ക്, ഞാനും വെറും ഒരു മനുഷ്യനാണ്”+ എന്നു പറഞ്ഞുകൊണ്ട് കൊർന്നേല്യൊസിനെ പിടിച്ച് എഴുന്നേൽപ്പിച്ചു. 27 പത്രോസ് കൊർന്നേല്യൊസിനോടു സംസാരിച്ചുകൊണ്ട് അകത്തേക്കു ചെന്നപ്പോൾ കുറെ ആളുകൾ അവിടെ കൂടിയിരിക്കുന്നതു കണ്ടു. 28 പത്രോസ് അവരോടു പറഞ്ഞു: “ഒരു ജൂതൻ മറ്റൊരു ജനതയിൽപ്പെട്ട ഒരാളുടെ അടുത്ത് ചെല്ലുന്നതും അയാളോട് അടുത്ത് ഇടപഴകുന്നതും ഞങ്ങളുടെ നിയമത്തിനു വിരുദ്ധമാണെന്നു നിങ്ങൾക്കു നന്നായി അറിയാമല്ലോ;+ എന്നാൽ ഞാൻ ഒരാളെയും മലിനനെന്നോ അശുദ്ധനെന്നോ വിളിക്കരുതെന്നു ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു.+ 29 അതുകൊണ്ടാണ് ആളയച്ച് വിളിച്ചപ്പോൾ ഒരു മടിയും കൂടാതെ ഞാൻ വന്നത്. ഇനി പറയൂ, എന്തിനാണ് എന്നെ വിളിച്ചത്?”
30 അപ്പോൾ കൊർന്നേല്യൊസ് പറഞ്ഞു: “ഇന്നേക്കു നാലു ദിവസം മുമ്പ് ഇതേ സമയത്ത്, അതായത് ഒൻപതാം മണി നേരത്ത്, ഞാൻ വീട്ടിൽ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ വെട്ടിത്തിളങ്ങുന്ന വസ്ത്രം ധരിച്ച ഒരു പുരുഷൻ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട് 31 എന്നോടു പറഞ്ഞു: ‘കൊർന്നേല്യൊസേ, ദൈവം പ്രീതിയോടെ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു, നിന്റെ ദാനധർമങ്ങൾ ഓർമിക്കുകയും ചെയ്തിരിക്കുന്നു.+ 32 അതുകൊണ്ട് യോപ്പയിലേക്ക് ആളയച്ച് പത്രോസ് എന്ന് അറിയപ്പെടുന്ന ശിമോനെ വിളിപ്പിക്കുക. കടൽത്തീരത്ത് ശിമോൻ എന്ന തോൽപ്പണിക്കാരന്റെ വീട്ടിൽ പത്രോസ് അതിഥിയായി താമസിക്കുകയാണ്.’+ 33 ഉടനെ ഞാൻ അങ്ങയുടെ അടുത്തേക്ക് ആളയച്ചു, വരാൻ അങ്ങ് മനസ്സുകാട്ടുകയും ചെയ്തു. അതുകൊണ്ട് ഞങ്ങളോടു പറയാൻ യഹോവ അങ്ങയോടു കല്പിച്ചിരിക്കുന്ന കാര്യങ്ങൾ കേൾക്കാനായി ഞങ്ങൾ ഇപ്പോൾ ദൈവമുമ്പാകെ കൂടിവന്നിരിക്കുകയാണ്.”
34 അപ്പോൾ പത്രോസ് പറഞ്ഞു: “ദൈവം പക്ഷപാതമുള്ളവനല്ലെന്ന്+ എനിക്ക് ഇപ്പോൾ ശരിക്കും മനസ്സിലായി. 35 ഏതു ജനതയിൽപ്പെട്ട ആളാണെങ്കിലും, ദൈവത്തെ ഭയപ്പെട്ട് ശരിയായതു പ്രവർത്തിക്കുന്ന മനുഷ്യനെ ദൈവം അംഗീകരിക്കുന്നു.+ 36 യേശുക്രിസ്തുവിലൂടെയുള്ള സമാധാനത്തിന്റെ സന്തോഷവാർത്ത+ ഇസ്രായേൽമക്കളെ അറിയിച്ചതിലൂടെ ദൈവം അവർക്കു നൽകിയ സന്ദേശം ഇതായിരുന്നു: യേശു എല്ലാവർക്കും കർത്താവാണ്.+ 37 സ്നാനത്തെക്കുറിച്ച് യോഹന്നാൻ പ്രസംഗിച്ചശേഷം,+ ഗലീലയിൽനിന്ന് ആരംഭിച്ച് യഹൂദ്യ മുഴുവൻ പരന്ന ആ വാർത്ത നിങ്ങൾക്ക് അറിയാമല്ലോ.+ 38 അതായത്, നസറെത്തിൽനിന്നുള്ള യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തെന്നും+ ദൈവം കൂടെയുണ്ടായിരുന്നതിനാൽ+ യേശു ദേശം മുഴുവൻ സഞ്ചരിച്ച് നല്ല കാര്യങ്ങൾ ചെയ്യുകയും പിശാച് കഷ്ടപ്പെടുത്തിയിരുന്ന എല്ലാവരെയും+ സുഖപ്പെടുത്തുകയും ചെയ്തെന്നും ഉള്ള വാർത്ത നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 39 യേശു ജൂതന്മാരുടെ ദേശത്തും യരുശലേമിലും ചെയ്ത സകല കാര്യങ്ങൾക്കും ഞങ്ങൾ ദൃക്സാക്ഷികളാണ്. എന്നാൽ അവർ യേശുവിനെ സ്തംഭത്തിൽ തൂക്കിക്കൊന്നു.+ 40 ദൈവം യേശുവിനെ മൂന്നാം ദിവസം ഉയിർപ്പിക്കുകയും+ പലരുടെയും മുന്നിൽ പ്രത്യക്ഷപ്പെടാൻ അനുവദിക്കുകയും ചെയ്തു. 41 എന്നാൽ എല്ലാവരുടെയും മുന്നിലല്ല, ദൈവം മുന്നമേ നിയമിച്ച സാക്ഷികളുടെ മുന്നിൽ, അതായത് ഞങ്ങളുടെ മുന്നിൽ, മാത്രമാണു യേശു പ്രത്യക്ഷപ്പെട്ടത്. യേശു മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം ഞങ്ങൾ യേശുവിനോടൊപ്പം തിന്നുകയും കുടിക്കുകയും ചെയ്തു.+ 42 ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ന്യായാധിപനായി ദൈവം നിയോഗിച്ചിരിക്കുന്നതു യേശുവിനെയാണ്+ എന്നു സമഗ്രമായി സാക്ഷീകരിക്കാനും ജനത്തോടു പ്രസംഗിക്കാനും കർത്താവ് ഞങ്ങളോടു കല്പിച്ചു.+ 43 യേശുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും ആ പേരിലൂടെ പാപമോചനം ലഭിക്കുമെന്ന്+ എല്ലാ പ്രവാചകന്മാരും യേശുവിനെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നു.”+
44 പത്രോസ് ഈ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾത്തന്നെ ദൈവവചനം കേട്ടുകൊണ്ടിരുന്ന എല്ലാവരുടെയും മേൽ പരിശുദ്ധാത്മാവ് വന്നു.+ 45 പരിശുദ്ധാത്മാവ് എന്ന സമ്മാനം ജനതകളിൽപ്പെട്ടവർക്കും ലഭിച്ചതു കണ്ട് പത്രോസിന്റെകൂടെ വന്ന, പരിച്ഛേദനയേറ്റ* വിശ്വാസികൾ അമ്പരന്നുപോയി. 46 ജനതകളിൽപ്പെട്ടവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതും അവർ കേട്ടു.+ അപ്പോൾ പത്രോസ് ചോദിച്ചു: 47 “നമ്മളെപ്പോലെതന്നെ പരിശുദ്ധാത്മാവ് ലഭിച്ച ഇവർ ജലസ്നാനമേൽക്കുന്നതു തടയാൻ ആർക്കു കഴിയും?”+ 48 അങ്ങനെ, യേശുക്രിസ്തുവിന്റെ നാമത്തിൽ അവരെ സ്നാനപ്പെടുത്താൻ പത്രോസ് കല്പിച്ചു.+ അവരോടൊപ്പം കുറച്ച് ദിവസം താമസിക്കാൻ അവർ പത്രോസിനോട് അപേക്ഷിച്ചു.