“യഹോവയുടെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു”
“അങ്ങനെ യഹോവയുടെ വചനം ഒരു ശക്തമായ വിധത്തിൽ വളരുകയും പ്രബലപ്പെടുകയുംചെയ്തു.”—പ്രവൃത്തികൾ 19:20.
1.(എ) ക്രി. വ. ഒന്നാം നൂററാണ്ടിൽ ക്രിസ്ത്യാനിത്വത്തിന്റെ ശത്രുക്കൾ എന്തു പരാതി പറഞ്ഞു? (ബി) മിഷനറിയായ പൗലോസ് ദൈവരാജ്യസുവാർത്ത പ്രസംഗിച്ചടത്തെല്ലാം എന്തുണ്ടായി, ആദിമക്രിസ്ത്യാനികളോടുകൂടെ എപ്പോഴും എന്തുണ്ടായിരുന്നു?
ആയിരത്തിത്തൊള്ളായിരത്തിൽപരം വർഷം മുമ്പ് ക്രിസ്തീയ സന്ദേശത്തിന്റെ ശത്രുക്കളും മിഷനറിയപ്പോസ്തലനായ പൗലോസിന്റെ എതിരാളികളും ഇങ്ങനെ പരാതിപ്പെട്ടു: “നിവസിതഭൂമിയെ കീഴ്മേൽ മറിച്ചിരിക്കുന്നവർ ഇവിടെയും വന്നിരിക്കുന്നു, . . . [അവർ] യേശു എന്ന മറെറാരു രാജാവുണ്ടെന്നു പറഞ്ഞുകൊണ്ട് കൈസരുടെ ആജ്ഞകൾക്കെതിരായി പ്രവർത്തിക്കുന്നു.” (പ്രവൃത്തികൾ 17:6, 7) ക്രിസ്തീയ മിഷനറിയായിരുന്ന പൗലോസ് യഹോവയുടെ രാജ്യത്തിന്റെ സുവാർത്ത അറിയിച്ചടത്തെല്ലാം പ്രവർത്തനവും പ്രതിപ്രവർത്തനവുമുണ്ടായിരുന്നു, മിക്കപ്പോഴും പീഡനവും. മററ് ആദിമ ക്രിസ്ത്യാനികളും പീഡനമനുഭവിച്ചു. എന്നാൽ എല്ലായ്പ്പോഴും “യഹോവയുടെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു.”—പ്രവൃത്തികൾ 11:21.
2.ക്രിസ്തീയ മിഷനറി പ്രവർത്തനത്തിന് തുടക്കമിട്ടതാർ, എങ്ങനെ?
2 ഈ മർമ്മപ്രധാനമായ ക്രിസ്തീയ മിഷനറിപ്രവർത്തനത്തിന് തുടക്കമിട്ടതാരായിരുന്നു? അത് യേശു ആയിരുന്നു, അവൻ ഉത്തേജകമായ ഒരു സന്ദേശവും അത് പ്രചരിപ്പിക്കുന്നതിനുള്ള ഒരു അസാധാരണരീതിയുമുണ്ടായിരുന്ന ഒരു മനുഷ്യനായിരുന്നു. ദൈവപുത്രനായ യേശു ദൈവരാജ്യത്തെക്കുറിച്ചുള്ള ഒരു ഞെട്ടിക്കുന്ന പ്രഖ്യാപനവുമായിട്ടാണ് യഹൂദജനത്തിന്റെ അടുക്കലേക്കു വന്നതെന്ന് ഓർക്കുക. എന്നാൽ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളിലൂടെയുള്ള സ്വന്തം രക്ഷയിൽമാത്രമേ അവർക്ക് താൽപര്യമുണ്ടായിരുന്നുള്ളു.—മത്തായി 4:17; ലൂക്കോസ് 8:1; 11:45, 46.
“സകല ജനതകൾക്കും”
3.യേശുവിന്റെ ഏതു പ്രവചനം അവന്റെ യഹൂദശിഷ്യൻമാരെ അതിശയിപ്പിച്ചിരിക്കണം, എന്തുകൊണ്ട്?
3 അങ്ങനെ തന്റെ മരണത്തിന് മൂന്നു ദിവസം മുമ്പ് യേശു തന്റെ യഹൂദ ശിഷ്യൻമാരോട് ഇങ്ങനെ പറഞ്ഞപ്പോഴത്തെ അവരുടെ അതിശയം നമുക്ക് ഊഹിക്കാൻ കഴിയും: “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി നിവസിത ഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനംവരും.” അവന്റെ ശിഷ്യൻമാർക്ക് “സകലജനതകളോടും” എന്നെങ്കിലും സുവാർത്ത പ്രസംഗിക്കാൻ എങ്ങനെ കഴിയുമെന്ന് അവർ അതിശയിച്ചിരിക്കണം. വിശ്വാസികളുടെ അത്തരമൊരു ചെറിയ കൂട്ടത്തിന് എന്നെങ്കിലും ഇത്ര ബ്രഹത്തായ ഒരു നിയമനം നിറവേററാൻ എങ്ങനെ കഴിയും?—മത്തായി 24:14; മർക്കോസ് 13:10.
4.പുനരുത്ഥാനം പ്രാപിച്ച യേശു തന്റെ ശിഷ്യൻമാർക്ക് എന്തു കൽപ്പന കൊടുത്തു?
4 പിന്നീട് പുനരുത്ഥാനം പ്രാപിച്ച യേശു ഇങ്ങനെ ഒരു കൽപ്പന കൂട്ടിച്ചേർത്തു: “സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു. ആകയാൽ പോയി ഞാൻ നിങ്ങളോടു കൽപ്പിച്ചിരിക്കുന്ന സകല കാര്യങ്ങളും അനുഷ്ഠിക്കാൻ സകല ജനതകളിലെയും ആളുകളെ പഠിപ്പിച്ചുകൊണ്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്നാപനംകഴിപ്പിച്ച് അവരെ ശിഷ്യരാക്കിക്കൊൾക.” അങ്ങനെ തങ്ങളുടെ യജമാനന്റെ സന്ദേശം “സകല ജനതകളിലെയും ആളുകളുടെ” അടുക്കലേക്ക് എത്തിക്കാൻ അവർ നിയോഗിക്കപ്പെട്ടു.—മത്തായി 28:18-20.
5, 6.(എ) ദൈവരാജ്യസുവാർത്തയുടെ പ്രസംഗം വിജാതീയരിലേക്ക് എത്തിയതെങ്ങനെ, എന്തു ഫലമുണ്ടായി? (ബി) വിജാതീയനായിരുന്ന കോർന്നേലിയോസിനെ സംബന്ധിച്ച തന്റെ അനുഭവം പത്രോസ് യരൂശലേമിലെ മൂപ്പൻമാരോട് പറഞ്ഞപ്പോൾ അവർ എങ്ങനെ പ്രതികരിച്ചു?
5 ഇതിൽ വിജാതീയരോടുള്ള പ്രസംഗവും ഉൾപ്പെട്ടിരുന്നു. അതൊരു വെല്ലുവിളിയാണെന്നു തെളിഞ്ഞു. മൂന്നിൽപരം വർഷത്തിനു ശേഷമുള്ള പത്രോസിന്റെ മനോഭാവം അതിനു തെളിവാണ്. അശുദ്ധജീവികളെ ഭക്ഷ്യമെന്ന നിലയിൽ തിന്നാൻ ഒരു ദർശനത്തിലൂടെ പത്രോസിനോടു പറയപ്പെട്ടു. മുമ്പ് അശുദ്ധമെന്ന് കരുതപ്പെട്ടിരുന്ന ജീവികളെ ഇപ്പോൾ ശുദ്ധമെന്ന് വീക്ഷിക്കണമെന്ന് ദൈവം പത്രോസിനോടു സൂചിപ്പിച്ചപ്പോൾ അവൻ അന്ധാളിച്ചുപോയി. അനന്തരം വിജാതീയനും ഒരു റോമൻ ശതാധിപനുമായിരുന്ന കോർന്നേലിയോസിന്റെ വീട് സന്ദർശിക്കാൻ പത്രോസ് ദൈവാത്മാവിനാൽ നയിക്കപ്പെട്ടു. അവിടെവച്ച് കോർന്നേലിയോസിനോടു പ്രസംഗിക്കണമെന്നുള്ളത് ദൈവേഷ്ടമാണെന്ന് അവൻ ഗ്രഹിച്ചു, എന്നാൽ മററു വർഗ്ഗങ്ങളിലെ ആളുകളോടുള്ള സമ്പർക്കം നിയമവിരുദ്ധമാണെന്നാണ് അവൻ മുമ്പ് വിചാരിച്ചിരുന്നത്. പത്രോസ് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പരിശുദ്ധാത്മാവ് ആ വിജാതീയ കുടുംബത്തിൻമേൽ ആവസിച്ചു, അത് ഫലത്തിൽ, ക്രിസ്തീയ മിഷനറിപ്രവർത്തനത്തിനുള്ള വയൽ ഇപ്പോൾ യഹൂദേതര ലോകത്തെയും ഉൾപ്പെടുത്താൻ വികസിക്കേണ്ടതാണെന്ന് സൂചിപ്പിച്ചു.—പ്രവൃത്തികൾ 10:9-16, 28, 34, 35, 44.
6 പത്രോസ് യരൂശലേമിലെ മൂപ്പൻമാരോട് ഈ വികാസത്തെക്കുറിച്ച് വിശദീകരിച്ചപ്പോൾ “അവർ മിണ്ടാതിരിക്കുകയും ‘ശരി, അപ്പോൾ, ജീവന്റെ ഉദ്ദേശ്യത്തിൽ ദൈവം ജനതകളിലെ ആളുകൾക്കും അനുതാപം അനുവദിച്ചിരിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്തു.” (പ്രവൃത്തികൾ 11:18) ഇപ്പോൾ വിജാതീയ ജനതകൾക്കും ക്രിസ്തുവിനെയും അവന്റെ രാജ്യത്തെയും കുറിച്ചുള്ള സുവാർത്ത സൗജന്യമായി സ്വീകരിക്കാൻ കഴിയുമായിരുന്നു!
ജനതകൾക്കായുള്ള മിഷനറിമാർ
7.ക്രിസ്തീയ മിഷനറിപ്രവർത്തനം മെഡിറററേനിയനു ചുററുമുള്ള പ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ തുടങ്ങിയതെങ്ങനെ, യഹോവ ഇതിനെ എങ്ങനെ വീക്ഷിച്ചു?
7 സ്തേഫാനസിന്റെ രക്തസാക്ഷിമരണത്തിനുശേഷം ആക്കം കൂടിയിരുന്ന പ്രസംഗവേലക്ക് ഇപ്പോൾ ഒരു പുതിയ മാനം കൈവന്നു. അപ്പോസ്തലൻമാരൊഴികെയുള്ള യരൂശലേമിലെ സഭ ചിതറിക്കപ്പെട്ടിരുന്നു. ആദ്യം, പീഡിപ്പിക്കപ്പെട്ട ആ യഹൂദ വിശ്വാസികൾ ഫൊയ്നീക്യ, സൈപ്രസ്, അന്തോക്യ എന്നിവിടങ്ങളിലെ യഹൂദൻമാരോടു മാത്രമേ പ്രസംഗിച്ചുള്ളു. “എന്നിരുന്നാലും, സൈപ്രസിലെയും കുറേനയിലെയും ചില മനുഷ്യർ . . ഗ്രീക്ക് സംസാരിക്കുന്ന ആളുകളോട് സംസാരിച്ചുതുടങ്ങുകയും കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവാർത്ത ഘോഷിക്കുകയുംചെയ്തു.” ജനതകളിലെ ഈ മിഷനറി പ്രവർത്തനത്തെ യഹോവ എങ്ങനെയാണ് വീക്ഷിച്ചത്? “യഹോവയുടെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു, വിശ്വാസികളായിത്തീർന്ന ഒരു വലിയ സംഖ്യ കർത്താവിലേക്ക് തിരിഞ്ഞു.” ആ ആദിമക്രിസ്ത്യാനികളുടെ ധൈര്യത്തിനു നന്ദി, ഫലപ്രദമായ മിഷനറിപ്രവർത്തനം മെഡിറററേനിയനു ചുററുമുള്ള പ്രദേശങ്ങളിലേക്ക് വ്യാപിച്ചുതുടങ്ങുകയായിരുന്നു. എന്നാൽ കൂടുതൽ സംഭവിക്കാനിരിക്കുകയായിരുന്നു.—പ്രവൃത്തികൾ 4:31; 8:1; 11:19-21.
8.മിഷനറി വേലയുടെ വികസനത്തിനുവേണ്ടി ഒരു നിർണ്ണായകമായ നീക്കം നടത്താൻ ദൈവം എങ്ങനെ സൂചന നൽകി?
8 ക്രി.വ. 47-48നോടടുത്ത് ദൈവം പരിശുദ്ധാത്മാവു മുഖേന മിഷനറിവേലയുടെ വികസനത്തിനുവേണ്ടി ഒരു നിർണ്ണായകനീക്കം നടത്താൻ സൂചന നൽകി. പ്രവൃത്തികൾ 13: 2-4ലെ രേഖ നമ്മോടു പറയുന്നു: “‘എല്ലാവരിലും വെച്ച് ബർന്നബാസിനെയും ശൗലിനെയും ഞാൻ അവരെ വിളിച്ചിരിക്കുന്ന വേലക്കുവേണ്ടി എനിക്കായി വേർതിരിക്കുക’ എന്ന് പരിശുദ്ധാത്മാവ് പറഞ്ഞു. . . . അതനുസരിച്ച് പരിശുദ്ധാത്മാവിനാൽ അയയ്ക്കപ്പെട്ട ഈ മനുഷ്യർ സെലൂക്യയിലേക്കു [സിറിയൻ അന്തോക്യയിലെ തുറമുഖം] പോകുകയും അവിടെനിന്ന് അവർ സൈപ്രസിലേക്ക് കപ്പൽയാത്ര ചെയ്യുകയും ചെയ്തു.” പൗലോസിനും ബർന്നബാസിനും അത് എത്ര പുളകപ്രദമായിരുന്നിരിക്കണം—അവരുടെ ആദ്യ വിദേശനിയമനത്തിലേക്ക് കപ്പൽയാത്ര നടത്തൽ! അപ്പോസ്തലനായ പൗലോസ് ക്രിസ്തീയ മിഷനറി പ്രവർത്തനത്തിന് നേതൃത്വംവഹിക്കുകയായിരുന്നു. അവൻ നമ്മുടെ 20-ാം നൂററാണ്ടിൽ പൂർത്തീകരിക്കപ്പെടുന്ന ഒരു വേലക്ക് അടിസ്ഥാനമിടുകയുമായിരുന്നു.
9.അപ്പോസ്തലനായ പൗലോസ് തന്റെ മിഷനറി പര്യടനങ്ങൾ മുഖാന്തരം എന്തു സാധിച്ചു?
9 പൗലോസ് രേഖയിലുള്ള മൂന്നു മിഷനറി പര്യടനങ്ങൾ നടത്താൻ പുറപ്പെട്ടു, കൂടാതെ, ഒരു തടവുകാരനായി റോമിലേക്കുള്ള അവന്റെ യാത്രയും. ഇതിനിടയിൽ അവൻ യൂറോപ്പിലെ പല നഗരങ്ങളിൽ വേല ആരംഭിക്കുകയും ഇന്ന് സിറിയാ, സൈപ്രസ് ക്രീററ്, ററർക്കി, ഗ്രീസ്, മാൾട്ടാ, സിസിലി, എന്നിങ്ങനെ അറിയപ്പെടുന്ന രാജ്യങ്ങളിലും ദ്വീപുകളിലും രാജ്യസന്ദേശം പ്രസംഗിക്കുകയുംചെയ്തു. അവൻ സ്പെയിനിൽപോലും എത്തിയിരുന്നിരിക്കണം. അവൻ അനേകം നഗരങ്ങളിൽ സഭകൾ സ്ഥാപിക്കാൻ സഹായിച്ചു. അവന്റെ ഫലപ്രദമായ മിഷനറി പ്രവർത്തനത്തിന്റെ രഹസ്യമെന്തായിരുന്നു?
ഫലപ്രദമായ പഠിപ്പിക്കൽ
10.പൗലോസ് തന്റെ മിഷനറി പ്രവർത്തനത്തിൽ വളരെ ഫലപ്രദനായിരുന്നതെന്തുകൊണ്ട്?
10 പൗലോസ് ക്രിസ്തുവിന്റെ പഠിപ്പിക്കൽരീതി അനുകരിച്ചു. അതുകൊണ്ട് അവന് ആളുകളോടു ബന്ധപ്പെടാൻ അറിയാമായിരുന്നു. അവന് പഠിപ്പിക്കാനും ഉപദേഷ്ടാക്കളെന്ന നിലയിൽ മററുള്ളവരെ പരിശീലിപ്പിക്കാനും അറിയാമായിരുന്നു. അവൻ തന്റെ പഠിപ്പിക്കലിനെ തിരുവെഴുത്തുകളിൽ അടിസ്ഥാനപ്പെടുത്തി. അവൻ സ്വന്ത ജ്ഞാനത്താൽ മററുള്ളവരിൽ മതിപ്പുളവാക്കാൻ ശ്രമിക്കാതെ തിരുവെഴുത്തുകളിൽനിന്നു ന്യായവാദംചെയ്തു. (പ്രവൃത്തികൾ 17:2, 3) തന്റെ സദസ്സിനോടു പൊരുത്തപ്പെടാനും സ്ഥലപരമായ രംഗവിധാനത്തെ തന്റെ സന്ദേശത്തിന്റെ ആധാരമായി ഉപയോഗിക്കാനും അവന് അറിയാമായിരുന്നു. അവൻ പറഞ്ഞപ്രകാരം “ഞാൻ ഏററവുമധികം ആളുകളെ നേടേണ്ടതിന് ഞാൻ എന്നേത്തന്നെ എല്ലാവരുടെയും അടിമയാക്കിയിരിക്കുന്നു. അങ്ങനെ യഹൂദൻമാർക്ക് ഞാൻ ഒരു യഹൂദനെപ്പോലെയായി . . . ന്യായപ്രമാണമില്ലാത്തവർക്ക് ഞാൻ ന്യായപ്രമാണമില്ലാത്തവനെപ്പോലെയായി . . . ദുർബലരെ നേടേണ്ടതിന് ഞാൻ ദുർബലർക്ക് ദുർബലനായിത്തീർന്നു. ഞാൻ തീർച്ചയായും ചിലരെ രക്ഷിക്കേണ്ടതിന് എല്ലാത്തരമാളുകൾക്കും എല്ലാമായിത്തീർന്നു.”—1 കൊരിന്ത്യർ 9:19-23; പ്രവൃത്തികൾ 17:22, 23.
11.പൗലോസും അവന്റെ സഹപ്രവർത്തകരും ഫലപ്രദരായ മിഷനറിമാരായിരുന്നുവെന്ന് എന്തു സൂചിപ്പിക്കുന്നു, ക്രിസ്തീയ ശുശ്രൂഷ എത്ര വിപുലവ്യാപകമായിരുന്നു?
11 പൗലോസും അവന്റെ സഹപ്രവർത്തകരും ഫലപ്രദരായ മിഷനറിമാരായിരുന്നു. സ്ഥിരനിഷ്ഠയാലും സഹിഷ്ണുതയാലും അവർ പോയടത്തെല്ലാം അവർ ക്രിസ്തീയസഭകളെ സ്ഥാപിക്കുകയും ബലപ്പെടുത്തുകയുംചെയ്തു. (പ്രവൃത്തികൾ 13:14, 43, 48, 49; 14:19-28) ആദിമ ക്രിസ്തീയശുശ്രൂഷ വളരെ വിപുലവ്യാപകമായിരുന്നതുകൊണ്ട് ഒടുവിൽ “ആകാശത്തിൻകീഴുള്ള സകല സൃഷ്ടിയിലും പ്രസംഗിക്കപ്പെട്ടതും . . . , സർവലോകത്തിലും ഫലംകായിച്ചുവർദ്ധിക്കുന്നതുപോലെതന്നെ നിങ്ങൾക്ക് സമർപ്പിക്കപ്പെട്ടതുമായ സുവാർത്തയുടെ സത്യത്തെ” സംബന്ധിച്ച് പൗലോസിന് എഴുതാൻ കഴിഞ്ഞു. സത്യമായി, ആദിമക്രിസ്തീയ പ്രവർത്തനം ആളുകളെ ബാധിച്ചു.—കൊലോസ്യർ 1:5, 6, 23.
12.വിശ്വാസ്യമായ ക്രിസ്തീയ മിഷനറിവേല ഒരു കാലത്തേക്ക് നിന്നുപോകാനിടയാക്കിയതെന്ത്?
12 എന്നിരുന്നാലും, ക്രി.വ. രണ്ടാം നൂററാണ്ടിന്റെ ആരംഭമായതോടെ, യേശുവും അപ്പോസ്തലൻമാരും മുന്നറിയിപ്പുകൊടുത്തിരുന്നതുപോലെ ക്രിസ്തീയസഭയിലേക്ക് വിശ്വാസത്യാഗം നുഴഞ്ഞുകയറുകയായിരുന്നു. (മത്തായി 7:15, 21-23; പ്രവൃത്തികൾ 20:29, 30; 1 യോഹന്നാൻ 2:18, 19) തുടർന്നുവന്ന നൂററാണ്ടുകളിൽ ദൈവശാസ്ത്രവും വിജാതീയ ഉപദേശവും രാജ്യദൂതിനെ മുക്കിക്കളഞ്ഞു. യഥാർത്ഥ ദൈവരാജ്യം പ്രസംഗിക്കാനല്ല, പിന്നെയോ തങ്ങളുടെ രാഷ്ട്രീയ യജമാനൻമാരുടെയും രക്ഷാധികാരികളുടെയും രാജ്യം—മിക്കപ്പോഴും വാളാൽ— അരക്ഷിതരായ നാട്ടുകാരുടെമേൽ അടിച്ചേൽപ്പിക്കാൻ ക്രൈസ്തവലോകം മിഷനറിമാരെ അയച്ചു. വിശ്വാസ്യമായ ക്രിസ്തീയമിഷനറിവേല നിലച്ചു, എന്നാൽ എന്നേക്കുമല്ലായിരുന്നു.
13.ആധുനികകാലങ്ങളിൽ ഒരു മിഷനറിപ്രസ്ഥാനത്തിനു തുടക്കമിട്ടതെങ്ങനെ, 1916-ന്റെ അവസാനമായപ്പോഴേക്ക് എന്തു നിർവഹിക്കപ്പെട്ടു?
13 പത്തൊൻപതാം നൂററാണ്ടിന്റെ അവസാനമായതോടെ വാച്ച് ററവർ സൊസൈററിയുടെ ഒന്നാമത്തെ പ്രസിഡണ്ടായിരുന്ന ചാൾസ് ററി. റസ്സൽ മിഷനറി പ്രവർത്തനത്തിന്റെ ആവശ്യം കണ്ടു. അദ്ദേഹം അങ്ങനെ ഒരു വിപുലമായ സാക്ഷീകരണപ്രസ്ഥാനം സംഘടിപ്പിച്ചു. അദ്ദേഹംതന്നെ ഐക്യനാടുകളിലെ അനേകം നഗരങ്ങളിൽ സന്ദർശിക്കുകയും സാദ്ധ്യമാകുന്നടത്തോളം രാജ്യങ്ങളിൽ സന്ദർശിക്കുന്നതിന് കപ്പലിൽ ലോകസഞ്ചാരം നടത്തുകയുംചെയ്തു. അദ്ദേഹത്തിന്റെ ബൈബിളധിഷ്ഠിത എഴുത്തുകൾ 35 ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അദ്ദേഹം ഒരു പരസ്യപ്രസംഗകനെന്ന നിലയിൽ പത്തുലക്ഷത്തിലധികം മൈൽ സഞ്ചരിച്ചുവെന്നും 1916ലെ തന്റെ മരണത്തിനുമുമ്പ് 30000-ൽ പരം പ്രഭാഷണങ്ങൾ നടത്തിയെന്നും പറയപ്പെടുന്നു.
14.ജോസഫ് എഫ്. റതർഫോർഡ് മിഷനറി പ്രവർത്തനത്തെ പുരോഗമിപ്പിക്കാൻ എന്തു ചെയ്തു?
14 അദ്ദേഹത്തിന്റെ പിൻഗാമിയായിരുന്ന ജോസഫ് എഫ് റതർഫോർഡും മിഷനറി പ്രവർത്തനത്തിന്റെ മർമ്മ പ്രധാനമായ ആവശ്യം തിരിച്ചറിഞ്ഞു. 1920കളുടെ ആരംഭത്തിൽ അദ്ദേഹം പ്രസംഗവേല സ്ഥാപിച്ചുകിട്ടുന്നതിന് സഹായിക്കാൻ പ്രാപ്തിയുള്ള പുരുഷൻമാരെ വ്യത്യസ്തരാജ്യങ്ങളിലേക്കയച്ചു. മിഷനറിമാർ സ്പെയിനിലും സൗത്തമേരിക്കയിലും വെസ്ററാഫ്രിക്കായിലും ഈ രാജ്യവേലക്ക് മുന്നോടികളായി പ്രവർത്തിച്ചു. 1931ൽ സ്പെയിനിലെ വേല ബലപ്പെടുത്തുന്നതിന് സന്നദ്ധവേലക്കാർക്കുവേണ്ടി ഒരു അഭ്യർത്ഥന പുറപ്പെടുവിക്കപ്പെട്ടു. ഇംഗ്ലണ്ടിൽനിന്നുള്ള മൂന്നു ചെറുപ്പക്കാർ ചെവികൊടുക്കുകയും 1936ൽ സ്പാനീഷ് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നതുവരെ നാലു വർഷം ഏററവും പ്രയാസകരമായ സാഹചര്യങ്ങളിൽ അവിടെ സേവിക്കുകയുംചെയ്തു. പിന്നീട് അവർക്ക് തങ്ങളുടെ ജീവനുവേണ്ടി പലായനം ചെയ്യേണ്ടിവന്നു.
15.മിഷനറി പ്രവർത്തനത്തെ ഗണ്യമായി വികസിപ്പിക്കാൻ 1940-കളിൽ എന്തു നടന്നു?
15 ആയിരത്തിത്തൊള്ളായിരത്തിനാൽപ്പതുകളുടെ ദശാബ്ദത്തിൽ മിഷനറിപ്രവർത്തനത്തിൽ മെച്ചപ്പെട്ട കാര്യങ്ങൾ സംഭവിക്കാനിരിക്കുകയായിരുന്നു. വാച്ച് ടവർ സൊസൈററിയുടെ മൂന്നാമത്തെ പ്രസിഡണ്ടായിരുന്ന നാഥാൻ എച്ച്. നോറിനോടുകൂടെ തീക്ഷ്ണതയുള്ള പുരുഷൻമാരുടെ ഒരു ടീം പ്രവർത്തിക്കുന്നുണ്ടായിരുന്നു. പ്രസ്പഷ്ടമായി പരിശുദ്ധാത്മാവിന്റെ നടത്തിപ്പിൻകീഴിൽ 1942ൽ രണ്ടാംലോകമഹായുദ്ധാനന്തരവെല്ലുവിളിക്കുവേണ്ടിയുള്ള ഒരുക്കമെന്ന നിലയിൽ ഒരു മിഷനറി സ്ക്കൂൾ തുറക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം കണ്ടു. ആ ലോകയുദ്ധത്തിൻമദ്ധ്യേ അദ്ദേഹം മുൻകൈ എടുക്കുകയും 1943 ഫെബ്രുവരിയിൽ വടക്കൻ ന്യൂയോർക്ക് സ്റേറററിൽ വാച്ച്ടവർ ഗിലയദ്സ്ക്കൂൾ ഉൽഘാടനംചെയ്യപ്പെടുകയും ചെയ്തു. നാല് അദ്ധ്യാപകൻമാർ സഹിതം അത് പുരുഷൻമാരും സ്ത്രീകളുമായി നൂറിലധികം തീക്ഷ്ണതയുള്ള പയനിയർശുശ്രൂഷകർക്ക് ഓരോ ആറു മാസത്തിലും മിഷനറിസേവനത്തിനുള്ള ബൈബിളധിഷ്ഠിത പരിശീലനം കൊടുത്തു. തൽഫലമായുള്ള അവരുടെ പ്രവർത്തനം ഫലപ്രദമായിരുന്നോ?
16.(എ) എത്ര സാക്ഷികൾ 1943-ൽ പ്രസംഗിക്കുന്നുണ്ടായിരുന്നു, അത് ഇന്നത്തേതിനോട് താരതമ്യപ്പെടുന്നതെങ്ങനെ? (ബി) ഈ വർദ്ധനവിൽ മിഷനറിമാർക്ക് എന്തു പങ്കുണ്ടായിരുന്നു? വിശദീകരിക്കുക.
16 ആയിരത്തിത്തൊള്ളായിരത്തിനാൽപ്പത്തിമൂന്നിൽ 54 രാജ്യങ്ങളിലായി പ്രസംഗിക്കുന്ന 126329 സാക്ഷികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്നത്തെ അവസ്ഥ എന്താണ്? ഇന്ന് 45 വർഷത്തിനുശേഷം 212രാജ്യങ്ങളിലും സമുദ്ര ദ്വീപുകളിലുമായി മുപ്പത്തിയഞ്ചുലക്ഷത്തിലധികം സജീവസാക്ഷികളുണ്ട്—28 ഇരട്ടി. ഈ വർദ്ധനവിന്റെ ഒരു ഗണ്യമായ ഭാഗം ഗിലയദ് സ്കൂളിൽനിന്ന് ബിരുദം നേടിയ 6000ത്തിലധികം മിഷനറിമാർ ഇട്ട നല്ല അടിസ്ഥാനംനിമിത്തമായിരുന്നു. ഇവർ 59 രാജ്യങ്ങളിൽനിന്നു വന്നവരായിരുന്നു. കഴിഞ്ഞ അഞ്ച് ദശാബ്ദക്കാലത്ത് അവർ 148 വ്യത്യസ്തരാജ്യങ്ങളിലേക്ക് അയയ്ക്കപ്പെട്ടു. അവരുടെ സഹായത്തോടെ, 45 വർഷംമുമ്പ് മുഴുലോകത്തിലുമുണ്ടായിരുന്ന ഒരു ലക്ഷത്തിലൽപ്പംകൂടുതൽ സാക്ഷികൾക്കു പകരം ഇപ്പോൾ പത്തു രാജ്യങ്ങളിൽ സുവാർത്ത പ്രസംഗിക്കുകയും പഠിപ്പിക്കുകയുംചെയ്യുന്ന ഒരു ലക്ഷത്തിലധികം സാക്ഷികൾ വീതമുണ്ട്. ഈ രാജ്യങ്ങളിൽ മിക്കതിലും ഗിലയദ് മിഷനറിമാരാണ് സുവിശേഷിക്കൽവേലയുടെ പിന്നിലുണ്ടായിരുന്നത്.
17.ആദിമകാലത്തെയും ആധുനിക കാലത്തെയും ക്രിസ്തീയമിഷനറിപ്രവർത്തനത്തെ ഫലപ്രദമാക്കിയിരിക്കുന്ന മൂന്ന് അടിസ്ഥാനഘടകങ്ങളേവ?
17 നാം പരാമർശിക്കുന്ന ക്രിസ്തീയമിഷനറിപ്രവർത്തനം ആദിമകാലത്തേതായിരുന്നാലും ആധുനികകാലത്തേതായിരുന്നാലും അതിനെ ഫലപ്രദമാക്കിയ അടിസ്ഥാനവസ്തുതകളുണ്ട്. ഒന്ന് വീടുതോറുമുള്ള ശുശ്രൂഷയിൽനിന്നും അനൗപചാരിക സാക്ഷീകരണത്തിൽനിന്നും സംജാതമാകുന്ന ആളുകളുമായുള്ള നേരിട്ടുള്ള സമ്പർക്കവും ഭവനബൈബിളദ്ധ്യയനക്രമീകരണവുമാണ്. (യോഹന്നാൻ 4:7-26; പ്രവൃത്തികൾ20:20) മറെറാന്ന് മനുഷ്യവർഗ്ഗത്തിന്റെ പ്രശ്നങ്ങൾക്കുള്ള സ്ഥിരമായ ഏക പരിഹാരമെന്ന നിലയിൽ ദൈവരാജ്യത്തെ പ്രദീപ്തമാക്കുന്ന ഋജുവും സരളവുമായ ബൈബിളധിഷ്ഠിതസന്ദേശമാണ്. (പ്രവൃത്തികൾ 19:18; 28:16, 23, 30, 31) നമ്മുടെ മിഷനറിമാരിൽ അനേകരും ദൈവത്തിന്റെ നീതിയുള്ള ഭരണത്തിന്റെ ആവശ്യം വളരെ പ്രകടമായിരിക്കുന്ന അൽപ്പവികസിതരാജ്യങ്ങളിലാണ്. മൂന്നാമത്തെ ഒരു ഘടകം ക്രിസ്തു പഠിപ്പച്ചതും നമ്മുടെ ആധുനികമിഷനറിമാർ തങ്ങളുടെ ദൈനംദിനഇടപെടലുകളിൽ എല്ലാതരത്തിലും വംശത്തിലുമുള്ള ആളുകളോട് പ്രകടമാക്കുന്ന സ്നേഹമാണ്. കഴിഞ്ഞ 45ൽ അധികം വർഷങ്ങളിൽ വാച്ച്ടവർമിഷനറിമാർ യഹോവയുടെ സ്ഥാപനത്തിന്റെ ആഗോളവികസനത്തിന് ഒരു പ്രമുഖസംഭാവന ചെയ്തിരിക്കുന്നുവെന്നതിന് സംശയമില്ല.—റോമർ 1:14-17; 1 കൊരിന്ത്യർ 3:5, 6.
പയനിയർആത്മാവ് പ്രബലപ്പെടുന്നു
18.വേറെ ആർ ഗിലയദ് ബിരുദധാരികളെപ്പോലെ അതേ മിഷനറിആത്മാവ് ഉൾക്കൊണ്ടിരിക്കുന്നു?
18 ഗിലയദ് ബിരുദധാരികളുടെ തീക്ഷ്ണമായ ദൃഷ്ടാന്തം മററുള്ളവരിൽ മുഴുസമയശുശ്രൂഷകരായിരിക്കാനുള്ള ഒരു ആഗ്രഹം ഉണർത്തിയിട്ടുണ്ടെന്നുള്ളതിനു സംശയമില്ല. മിഷനറിതീക്ഷ്ണതയുടെ അതേ ആത്മാവ് ഉൾക്കൊണ്ടിട്ടുള്ള ശതസഹസ്രക്കണക്കിന് യഹോവയുടെ മററു സാക്ഷികൾ ഇന്നുണ്ട്. യഥാർത്ഥഅർത്ഥത്തിൽ ഇവരും പയനിയർമാരാണ്, “തങ്ങളുടെ രക്ഷയുടെ മുന്നോടി”യായ യേശുവിന്റെ കാൽചുവടുകളെ പിന്തുടരുന്നവർതന്നെ.—എബ്രായർ 2:10; 12:2, മോഫററ
19.പയനിയർ ആത്മാവുള്ള അനേകം സാക്ഷികൾ എന്തു ചെയ്യാൻ സ്വമേധയാ മുന്നോട്ടു വന്നിരിക്കുന്നു, അവർക്ക് എങ്ങനെ പ്രതിഫലം കിട്ടിയതായി അവർ വിചാരിക്കുന്നു?
19 ആയിരത്തിത്തൊള്ളായിരത്തിഅറുപതുകൾ മുതൽ പല രാജ്യങ്ങളിലേക്കും മിഷനറിമാരെ അയക്കുന്നത് വളരെ പ്രയാസമായിരിക്കുകയാണ്. വാച്ച്ടവർഗിലയദ് ബൈബിൾസ്കൂൾ വിദേശരാജ്യങ്ങളിലെ ആവശ്യമനുസരിച്ച് സാദ്ധ്യമാകുന്നടത്തോളം മിഷനറിമാരെ കൊടുക്കുന്നതിൽ തുടരുന്നു. എന്നിരുന്നാലും, യഥാർത്ഥ പയനിയർആത്മാവുള്ള ആ സാക്ഷികൾക്ക് ലോകവ്യാപകമായി ഒരു ഭയങ്കര വയലുണ്ട്. ആവശ്യം ഏറെയുള്ള രാജ്യങ്ങളിൽ സേവിക്കുന്നതിന് സ്വന്തം ക്രമീകരണങ്ങൾ ചെയ്യാൻ അനേകർ മുമ്പോട്ടുവന്നിട്ടുണ്ട്. നിങ്ങൾ അവരോടു ചേരാൻ കഴിയുന്ന ഒരാളാണോ? അങ്ങനെയുള്ളവർ വികസ്വരരാജ്യങ്ങളിലെ ചെമ്മരിയാടുതുല്യരെ രാജ്യസത്യങ്ങൾകൊണ്ടു പോഷിപ്പിക്കുന്നതിന്റെ വലിയ സന്തോഷം പ്രയാസങ്ങൾക്കും ത്യാഗങ്ങൾക്കും പരിഹാരം വരുത്തുന്നുണ്ടെന്ന് മിക്കപ്പോഴും പറയുന്നു. പുതിയ “സഹോദരൻമാരെയും സഹോദരിമാരെയും അമ്മമാരെയും മക്കളെയും” കണ്ടെത്തുന്നതിലും അവർക്ക് “വരുവാനുള്ള വ്യവസ്ഥിതിയിലെ” നിത്യജീവന്റെ അത്ഭുതകാരമായ പ്രത്യാശ പങ്കുവെക്കുന്നതിലും അവർക്ക് നൂറുമടങ്ങു പ്രതിഫലംകിട്ടുന്നു.—മർക്കോസ് 10:28-30.
20.(എ) അനേകം രാജ്യങ്ങളിൽ പ്രസംഗവേലയുടെ അധികപങ്കും നിർവഹിക്കുന്നതാർ? (ബി) ജപ്പാൻ മിക്കവാറും മറേറതൊരു രാജ്യത്തെയും അപേക്ഷിച്ച് കൂടുതൽ വയൽസേവന മണിക്കൂർ വാർഷികമായി റിപ്പോർട്ടുചെയ്യുന്നതെങ്ങനെ? (സ) ഏതു ചോദ്യം നാം പരിചിന്തിക്കുന്നത് നല്ലതാണ്?
20 തന്നെയുമല്ല, സാധാരണപയനിയർമാരായും സഹായപയനിയർമാരായും ഓരോ മാസവും വിശുദ്ധ സേവനം റിപ്പോർട്ടുചെയ്യുന്ന ശതസഹസ്രക്കണക്കിന് യഹോവയുടെ ദാസൻമാരുണ്ട്. ഇവരിൽ മിക്കവരും തങ്ങളുടെ സ്വന്തം പ്രദേശങ്ങളിൽ ഉത്സാഹപൂർവം പ്രവർത്തിക്കുന്നു. അനേകം രാജ്യങ്ങളിൽ, പ്രസംഗത്തിന്റെ ഏറിയ പങ്കും നിർവഹിക്കുന്നത് ഇവരാണ്, അവർ മിക്കപ്പോഴും വാരംതോറും ഒരേ വീടുകളിൽ സന്ദർശിക്കുന്നു. അവർ തങ്ങളുടെ പ്രദേശത്ത് പുതിയ സുഹൃത്തുക്കളെ ഉളവാക്കുകയും വളരെയധികം താൽപര്യം നട്ടുവളർത്തുകയും ചെയ്യുമ്പോൾ അവരുടെ ശോഭനമായ പ്രകൃതത്തിലും സന്തോഷകരമായ മനോഭാവത്തിലും അവരുടെ രാജ്യപ്രത്യാശ പ്രതിഫലിക്കുന്നു. കൂടുതൽ പയനിയർമാരുടെ അർത്ഥം ദൈവസ്തുതിക്കായി അനേകം മണിക്കൂറുകൾകൂടെ ചെലവഴിക്കപ്പെടുന്നുവെന്നാണ്. യഹോവയുടെ സാക്ഷികളുടെ ബഹുഭൂരിപക്ഷവും മുൻബുദ്ധമതക്കാരായിരിക്കുന്ന ജപ്പാനിൽ ഒരു ദശാബ്ദത്തിലധികം കാലം ഐക്യനാടുകൾക്കു പുറത്തുള്ള ഏതൊരു രാജ്യത്തെയും അപേക്ഷിച്ച് കൂടുതൽ മണിക്കൂർ വാർഷികമായി റിപ്പോർട്ടുചെയ്തിരിക്കുന്നു. അതിനു കാരണം അവിടത്തെ രാജ്യപ്രസാധകരുടെ പകുതിയോളം പേർ പയനിയറിംഗ് നടത്തുന്നുവെന്നതാണ്. നിങ്ങൾക്കും ഈ ഏററവും മഹത്തായ പദവിയിൽ, പയനിയറിംഗിൽ പങ്കെടുക്കാൻ നിങ്ങളുടെ കാര്യങ്ങൾ ക്രമീകരിക്കാൻ കഴിയുമോ?
21.(എ) സാധാരണപയനിയറായി പേർചേർക്കാൻ സാഹചര്യം അനുവദിക്കാത്ത മററു സാക്ഷികൾക്ക് അപ്പോഴും പയനിയർ ആത്മാവ് പ്രകടമാക്കാൻ എങ്ങനെ കഴിയും? (ബി) ചെറുപ്പക്കാർക്ക് എങ്ങനെ പയനിയർ ആത്മാവ് പ്രകടമാക്കാൻ കഴിയും?
21 “സൽപ്രവൃത്തികൾക്കു തീക്ഷ്ണതയുള്ള” മററു സാക്ഷികളുണ്ട്. (തീത്തോസ് 2:14) അവരിൽ പ്രായമുള്ളവരും മോശമായ ആരോഗ്യമുള്ളവരും കുടുംബപരമായ ഉത്തരവാദിത്തമുള്ള അനേകരുമുണ്ട്. സാധാരണപയനിയർമാരായി പേർചേർക്കാൻ സാഹചര്യങ്ങളനുവദിക്കാത്ത സ്കൂൾകുട്ടികളുമുണ്ട്. ഇവർക്കും പയനിയർമാരോടൊത്ത് സാദ്ധ്യമാകുന്നടത്തോളം സേവനത്തിലേർപ്പെടുന്നതിനാലും തങ്ങളുടെ സ്വന്തം സാക്ഷീകരണ അവസരങ്ങളെക്കുറിച്ച് ക്രിയാത്മകമായ മനോഭാവം പുലർത്തുന്നതിനാലും പയനിയർമാർക്ക് പ്രോൽസാഹകമായ പിന്തുണ കൊടുത്തുകൊണ്ട് പയനിയർആത്മാവു പ്രകടമാക്കാൻ കഴിയും. ചെറുപ്പക്കാർക്ക് മുഴുസമയരാജ്യസേവനത്തെ തങ്ങളുടെ ലക്ഷ്യമാക്കാൻ കഴിയും. സ്നാപനമേററുകഴിഞ്ഞാൽ അവർക്ക് ചിലപ്പോഴൊക്കെ സഹായ പയനിയറിംഗിൽ പങ്കെടുക്കാൻ കഴിയും. യുവാവായിരുന്ന തിമൊഥെയോസിനെപ്പോലെ, അവർക്ക് ദൈവജനങ്ങളോടെല്ലാമൊപ്പം ആത്മീയ പുരോഗതി നേടുന്നതിന് ഈ കാര്യങ്ങളെക്കുറിച്ചു വിചിന്തനംചെയ്യാവുന്നതാണ്.—1 തിമൊഥെയോസ് 4:15, 16.
22.നമ്മുടെ ജീവിതസാഹചര്യം എന്തുതന്നെയായിരുന്നാലും നാം എന്തു ദൃഢനിശ്ചയം ചെയ്യണം, എന്തു നല്ല ഫലം ലഭിക്കും?
22 നമ്മുടെ ജീവിതസാഹചര്യം എന്തുതന്നെയായിരുന്നാലും നമ്മളെല്ലാം യഹോവയുടെ ആത്മാവിനാൽ അവന്റെ സേവനത്തിൽ പൂർണ്ണമായി പങ്കെടുക്കാൻ പ്രേരിപ്പിക്കപ്പെടട്ടെ. നമ്മുടെ വിനീതമായ ശ്രമങ്ങൾ സംബന്ധിച്ച് “യഹോവയുടെ വചനം ഒരു ശക്തമായ വിധത്തിൽ വളരുകയും പ്രബലപ്പെടുകയുംചെയ്തുകൊണ്ടിരുന്നു”വെന്ന് പറയാൻ കഴിയത്തക്കവണ്ണം “യഹോവയുടെ കൈ” നമ്മിലോരോരുത്തരോടുംകൂടെ തുടർന്നുണ്ടായിരിക്കട്ടെ.—പ്രവൃത്തികൾ 11:21; 19:20. (w89 1/1)
പുനരവലോകനചോദ്യങ്ങൾ
□ ക്രിസ്തീയ മിഷനറിവേലക്കു തുടക്കമിട്ടതെങ്ങനെ, അത് എത്ര വിപുലമായിത്തീരേണ്ടതായിരുന്നു?
□ മ്രിഷനറി വേല വികസിപ്പിക്കുന്നതിൽ അപ്പോസ്തലനായ പൗലോസ് എന്തു പങ്കു വഹിച്ചു?
□ ആധുനികകാലങ്ങളിൽ മിഷനറി വേല പുനരുജ്ജീവിപ്പിക്കപ്പെട്ടതെങ്ങനെ?
□ മിഷനറി സേവനത്തെയും പയനിയർ സേവനത്തെയും ഏതു ഘടകങ്ങൾ ഫലപ്രദമാക്കിയിരിക്കുന്നു?
□ നമുക്കിന്ന് പയനിയർആത്മാവ് ഉൾക്കൊള്ളാൻ എങ്ങനെ കഴിയും?
[13-ാം പേജിലെ ചാർട്ട്]
പത്തു രാജ്യങ്ങളിലെ രാജ്യപ്രവർത്തനം—1988
(ഇവയെല്ലാം 1,00,000-ത്തിലധികം പ്രസാധകരെ റിപ്പോർട്ടുചെയ്തു)
രാജ്യം പ്രസാധകരുടെ ശരാശരി പ്രസംഗ സ്മാരക
അത്യുച്ചം പയനിയർമാർ മണിക്കൂർ ഹാജർ
യു.എസ്.എ. 7,97,104 96,947 16,14,78,732 18,22,607
മെക്സിക്കോ 2,48,822 32,117 5,80,61,457 10,04,062
ബ്രസീൽ 2,45,610 22,725 4,42,18,022 7,18,414
ഇററലി 1,60,584 25,477 4,33,54,687 3,30,461
നൈജീരിയ 1,34,543 14,022 2,78,00,623 3,98,555
ജപ്പാൻ 1,28,817 52,183 6,06,26,840 2,97,171
ജർമ്മനി 1,25,068 8,416 2,20,29,942 2,15,385
ബ്രിട്ടൻ 1,13,412 11,927 2,21,03,713 2,11,060
ഫിലിപ്പൈൻസ് 1,07,679 21,320 2,63,37,621 3,05,087
ഫ്രാൻസ് 1,03,734 9,189 2,15,98,308 2,05,256
[10-ാം പേജിലെ ചിത്രം]
പൗലോസും ബർന്നബാസും പയനിയർമിഷനറിവേലക്ക് പുറപ്പെടുന്നു