അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ
19 അപ്പൊല്ലോസ്+ കൊരിന്തിലായിരിക്കുമ്പോൾ പൗലോസ് ഉൾപ്രദേശങ്ങളിലൂടെ യാത്ര ചെയ്ത് എഫെസൊസിൽ എത്തി.+ അവിടെ പൗലോസ് ചില ശിഷ്യന്മാരെ കണ്ടു. 2 പൗലോസ് അവരോട്, “വിശ്വാസികളായിത്തീർന്നപ്പോൾ നിങ്ങൾക്കു പരിശുദ്ധാത്മാവ് ലഭിച്ചോ”+ എന്നു ചോദിച്ചപ്പോൾ അവർ, “പരിശുദ്ധാത്മാവോ? അങ്ങനെയൊരു കാര്യത്തെക്കുറിച്ച് ഞങ്ങൾ കേട്ടിട്ടുപോലുമില്ല” എന്നു പറഞ്ഞു. 3 അപ്പോൾ പൗലോസ്, “പിന്നെ ഏതു സ്നാനമാണു നിങ്ങൾ സ്വീകരിച്ചത്” എന്നു ചോദിച്ചു. “യോഹന്നാന്റെ സ്നാനം”+ എന്ന് അവർ പറഞ്ഞു. 4 പൗലോസ് പറഞ്ഞു: “മാനസാന്തരത്തിന്റെ അടയാളമായ സ്നാനമാണു യോഹന്നാൻ ചെയ്യിച്ചത്.+ തനിക്കു പിന്നാലെ വരുന്നവനിൽ,+ അതായത് യേശുവിൽ, വിശ്വസിക്കാനാണല്ലോ യോഹന്നാൻ ആളുകളോടു പറഞ്ഞത്.” 5 ഇതു കേട്ടപ്പോൾ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനമേറ്റു. 6 പൗലോസ് അവരുടെ മേൽ കൈകൾ വെച്ചപ്പോൾ പരിശുദ്ധാത്മാവ് അവരുടെ മേൽ വന്നു.+ അവർ പ്രവചിക്കാനും മറ്റു ഭാഷകളിൽ സംസാരിക്കാനും തുടങ്ങി.+ 7 ഏകദേശം 12 പുരുഷന്മാർ അവിടെയുണ്ടായിരുന്നു.
8 പൗലോസ് സിനഗോഗിൽ ചെന്ന്+ ധൈര്യത്തോടെ മൂന്നു മാസം ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗങ്ങൾ നടത്തി, ബോധ്യം വരുത്തുന്ന രീതിയിൽ അവരോടു ന്യായവാദം ചെയ്തു.+ 9 എന്നാൽ മർക്കടമുഷ്ടിക്കാരായ ചിലർ അതു വിശ്വസിക്കാതെ ജനത്തിനു മുമ്പാകെ ഈ മാർഗത്തെക്കുറിച്ച്+ അപവാദം പറഞ്ഞു. അപ്പോൾ പൗലോസ് അവരെ വിട്ട്+ ശിഷ്യന്മാരെയും കൂട്ടി തുറന്നൊസിന്റെ സ്കൂളിലെ ഹാളിൽ ചെന്ന് ദിവസവും പ്രസംഗങ്ങൾ നടത്തി. 10 ഇതു രണ്ടു വർഷം തുടർന്നു. അങ്ങനെ ഏഷ്യ സംസ്ഥാനത്ത് താമസിച്ചിരുന്ന ജൂതന്മാരും ഗ്രീക്കുകാരും എല്ലാം കർത്താവിന്റെ വചനം കേട്ടു.
11 ദൈവം പൗലോസിലൂടെ അസാധാരണമായ അത്ഭുതങ്ങൾ ചെയ്തുകൊണ്ടിരുന്നു.+ 12 ആളുകൾക്കു പൗലോസിന്റെ ദേഹത്ത് മുട്ടിയ ഒരു തൂവാലയോ വസ്ത്രമോ കൊടുത്താൽപ്പോലും അവരുടെ രോഗങ്ങൾ മാറുകയും+ ദുഷ്ടാത്മാക്കൾ* പുറത്ത് പോകുകയും ചെയ്യുമായിരുന്നു.+ 13 ഭൂതങ്ങളെ പുറത്താക്കിക്കൊണ്ട് ചുറ്റിസഞ്ചരിച്ച ചില ജൂതന്മാരും ദുഷ്ടാത്മാക്കളുള്ളവരെ കർത്താവായ യേശുവിന്റെ നാമത്തിൽ സുഖപ്പെടുത്താൻ ശ്രമിച്ചു. അവർ ഇങ്ങനെ പറയുമായിരുന്നു: “പൗലോസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തിൽ ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു.”+ 14 ജൂതന്മാരുടെ ഒരു മുഖ്യപുരോഹിതനായ സ്കേവയുടെ ഏഴ് ആൺമക്കളും ഇങ്ങനെ ചെയ്യുമായിരുന്നു. 15 എന്നാൽ ദുഷ്ടാത്മാവ് അവരോട്, “യേശുവിനെ എനിക്ക് അറിയാം,+ പൗലോസിനെയും അറിയാം,+ എന്നാൽ നിങ്ങൾ ആരാണ്” എന്നു ചോദിച്ചു. 16 എന്നിട്ട് ദുഷ്ടാത്മാവുള്ള മനുഷ്യൻ അവരുടെ മേൽ ചാടിവീണ് ഓരോരുത്തരെയായി കീഴ്പെടുത്തി. അങ്ങനെ പരിക്കേറ്റ്, നഗ്നരായി അവർക്ക് ആ വീട്ടിൽനിന്ന് ഓടിപ്പോകേണ്ടിവന്നു. 17 ഇത് എഫെസൊസിൽ താമസിച്ചിരുന്ന എല്ലാ ഗ്രീക്കുകാരും ജൂതന്മാരും അറിഞ്ഞു, എല്ലാവർക്കും ഭയമായി. അങ്ങനെ കർത്താവായ യേശുവിന്റെ പേര് ഒന്നിനൊന്നു മഹത്ത്വമുള്ളതായിത്തീർന്നു. 18 വിശ്വാസികളായിത്തീർന്ന പലരും വന്ന് തങ്ങൾ ചെയ്തുകൊണ്ടിരുന്ന പാപങ്ങൾ പരസ്യമായി ഏറ്റുപറയുകയും തെറ്റുകൾ സമ്മതിക്കുകയും ചെയ്യുമായിരുന്നു. 19 മന്ത്രപ്രയോഗങ്ങൾ നടത്തിയിരുന്ന ധാരാളം പേർ അവരുടെ പുസ്തകങ്ങളെല്ലാം കൊണ്ടുവന്ന് എല്ലാവരുടെയും മുന്നിൽവെച്ച് കത്തിച്ചുകളഞ്ഞു.+ അവർ അവയുടെ വില കണക്കുകൂട്ടി. അത് 50,000 വെള്ളിക്കാശു വരുമായിരുന്നു. 20 ഇങ്ങനെ യഹോവയുടെ വചനം പ്രചരിക്കുകയും ശക്തിയാർജിക്കുകയും ചെയ്തു.+
21 ഈ സംഭവങ്ങളെല്ലാം കഴിഞ്ഞപ്പോൾ, മാസിഡോണിയയിലേക്കും+ അഖായയിലേക്കും അതിനു ശേഷം യരുശലേമിലേക്കും പോകാൻ പൗലോസ് തീരുമാനിച്ചു.+ “അവിടെ എത്തിയിട്ട് എനിക്കു റോമിലും പോകണം”+ എന്നു പൗലോസ് പറഞ്ഞു. 22 തനിക്കു ശുശ്രൂഷ ചെയ്തവരിൽ തിമൊഥെയൊസ്,+ എരസ്തൊസ്+ എന്നീ രണ്ടു പേരെ പൗലോസ് മാസിഡോണിയയിലേക്ക് അയച്ചു. എന്നാൽ പൗലോസ് കുറച്ച് കാലംകൂടെ ഏഷ്യ സംസ്ഥാനത്ത് താമസിച്ചു.
23 അക്കാലത്ത് ഈ മാർഗത്തെച്ചൊല്ലി+ വലിയ കലഹം ഉണ്ടായി.+ 24 വെള്ളികൊണ്ട് അർത്തെമിസ് ദേവിയുടെ ക്ഷേത്രത്തിന്റെ രൂപങ്ങൾ നിർമിച്ചിരുന്ന ദമേത്രിയൊസ് എന്നൊരു വെള്ളിപ്പണിക്കാരനുണ്ടായിരുന്നു. അയാൾ മറ്റു ശില്പികൾക്കു വലിയ ലാഭം ഉണ്ടാക്കിക്കൊടുത്തിരുന്നു.+ 25 അവരെയും ആ പണിയിൽ ഏർപ്പെട്ടിരുന്ന മറ്റുള്ളവരെയും വിളിച്ചുകൂട്ടി അയാൾ ഇങ്ങനെ പറഞ്ഞു: “പുരുഷന്മാരേ, നമ്മുടെ സമ്പാദ്യം മുഴുവൻ ഈ കച്ചവടത്തിൽനിന്നുള്ളതാണെന്നു നിങ്ങൾക്കു നന്നായി അറിയാമല്ലോ. 26 എന്നാൽ പൗലോസ് എന്ന ആ മനുഷ്യൻ എഫെസൊസിൽ+ മാത്രമല്ല, ഏഷ്യ സംസ്ഥാനത്ത് മുഴുവൻ നടന്ന്, കൈകൊണ്ട് ഉണ്ടാക്കിയ ദൈവങ്ങളൊന്നും ദൈവങ്ങളല്ല+ എന്നു പറഞ്ഞ് വിശ്വസിപ്പിച്ച് വലിയൊരു കൂട്ടം ആളുകളെ വഴിതെറ്റിച്ചിരിക്കുന്നതു നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നില്ലേ? 27 ഇങ്ങനെ പോയാൽ നമ്മുടെ ഈ കച്ചവടത്തിനു മാനക്കേട് ഉണ്ടാകുമെന്നു മാത്രമല്ല, അർത്തെമിസ് മഹാദേവിയുടെ ക്ഷേത്രം ഒന്നുമല്ലാതാകുകയും ഏഷ്യ സംസ്ഥാനം തുടങ്ങി ഭൂലോകം മുഴുവനും ആരാധിക്കുന്ന ആ ദേവിയുടെ പ്രതാപം അസ്തമിക്കുകയും ചെയ്യും എന്ന ഒരു വലിയ അപകടവുമുണ്ട്.” 28 ഇതു കേട്ട് ദേഷ്യം മൂത്ത അവർ, “എഫെസ്യരുടെ അർത്തെമിസ് മഹോന്നതയാണ്!” എന്ന് ആർത്തുവിളിക്കാൻതുടങ്ങി.
29 നഗരത്തിൽ ആകെ ബഹളമായി. അവർ എല്ലാവരും ചേർന്ന് പൗലോസിന്റെ സഹയാത്രികരായ ഗായൊസ്, അരിസ്തർഹോസ്+ എന്നീ മാസിഡോണിയക്കാരെ വലിച്ചിഴച്ചുകൊണ്ട് പ്രദർശനശാലയിലേക്കു പാഞ്ഞുകയറി.+ 30 പൗലോസ് ജനക്കൂട്ടത്തിന് ഇടയിലേക്കു പോകാൻ ഒരുങ്ങിയെങ്കിലും ശിഷ്യന്മാർ അതിന് അനുവദിച്ചില്ല. 31 ഉത്സവങ്ങളുടെയും മത്സരങ്ങളുടെയും സംഘാടകരിൽ പൗലോസുമായി സൗഹൃദത്തിലായിരുന്ന ചിലർ ആളയച്ച്, പ്രദർശനശാലയിലേക്കു പോകുന്നത് അപകടമാണെന്നു പൗലോസിനു മുന്നറിയിപ്പു കൊടുത്തു. 32 ജനക്കൂട്ടം ആകെ കലങ്ങിമറിയുകയായിരുന്നു. ആളുകൾ അതുമിതുമൊക്കെ വിളിച്ചുപറഞ്ഞു. തങ്ങൾ എന്തിനാണ് അവിടെ വന്നുകൂടിയതെന്നുപോലും അവരിൽ മിക്കവർക്കും അറിയില്ലായിരുന്നു. 33 ജൂതന്മാർ അലക്സാണ്ടറിനെ മുന്നിലേക്കു തള്ളിവിട്ടപ്പോൾ അയാൾ സംസാരിക്കണമെന്നു ജനക്കൂട്ടം ആവശ്യപ്പെട്ടു. അലക്സാണ്ടർ കൈകൊണ്ട് ആംഗ്യം കാണിച്ചിട്ട് ജനത്തോടു വാദിക്കാൻ ഒരുങ്ങി. 34 എന്നാൽ അയാൾ ഒരു ജൂതനാണെന്നു മനസ്സിലായപ്പോൾ അവരെല്ലാം ഒരേ സ്വരത്തിൽ, “എഫെസ്യരുടെ അർത്തെമിസ് മഹോന്നതയാണ്!” എന്ന് ആർത്തുവിളിച്ചു. രണ്ടു മണിക്കൂറോളം അവർ അതു തുടർന്നു.
35 ഒടുവിൽ നഗരാധികാരി ജനക്കൂട്ടത്തെ ശാന്തരാക്കിയിട്ട് അവരോടു പറഞ്ഞു: “എഫെസൊസിലെ പുരുഷന്മാരേ, അർത്തെമിസ് മഹാദേവിയുടെയും ആകാശത്തുനിന്ന് വീണ പ്രതിമയുടെയും ക്ഷേത്രം സംരക്ഷിക്കുന്ന നഗരമാണ് എഫെസൊസ് എന്ന് ആർക്കാണ് അറിയാത്തത്? 36 ഈ കാര്യങ്ങൾ ആർക്കും നിഷേധിക്കാൻ പറ്റില്ല. അതുകൊണ്ട് നിങ്ങൾ ശാന്തരാകൂ; വെപ്രാളപ്പെട്ട് ഒന്നും ചെയ്യരുത്. 37 നിങ്ങൾ പിടിച്ചുകൊണ്ടുവന്ന ഈ പുരുഷന്മാർ ക്ഷേത്രങ്ങൾ കവർച്ച ചെയ്യുന്നവരോ നമ്മുടെ ദേവിയെ നിന്ദിക്കുന്നവരോ അല്ല. 38 അതുകൊണ്ട് ദമേത്രിയൊസിനും+ അയാളുടെ കൂടെയുള്ള ശില്പികൾക്കും വല്ല പരാതിയുമുണ്ടെങ്കിൽ കോടതി കൂടുന്ന ദിവസങ്ങളുണ്ട്, നാടുവാഴികളുമുണ്ട്. പരാതികൾ അവർ അവിടെ കൊണ്ടുവരട്ടെ. 39 എന്നാൽ മറ്റ് എന്തെങ്കിലും കാര്യമാണെങ്കിൽ, അധികാരികൾ വിളിച്ചുകൂട്ടുന്ന പൗരസമിതിയിൽവെച്ചാണ് അതിനു തീരുമാനം ഉണ്ടാക്കേണ്ടത്.* 40 ഇങ്ങനെ കൂടിവന്ന് ലഹള ഉണ്ടാക്കിയതിനെ ന്യായീകരിക്കാൻ ഒരു കാരണവും നമുക്കു പറയാനില്ല. അതുകൊണ്ട് നമ്മുടെ മേൽ രാജ്യദ്രോഹക്കുറ്റം ചുമത്താൻ സകല സാധ്യതയുമുണ്ട്.” 41 ഇങ്ങനെ പറഞ്ഞിട്ട് നഗരാധികാരി ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.