രക്തം
നിർവ്വചനം: പോഷണവും പ്രാണവായുവും നൽകിക്കൊണ്ടും പാഴ്വസ്തുക്കൾ നീക്കം ചെയ്തുകൊണ്ടും രോഗബാധക്കെതിരെ ശരീരത്തെ സംരക്ഷിക്കുന്നതിൽ ഒരു വലിയ പങ്കു വഹിച്ചുകൊണ്ടും മനുഷ്യന്റെയും മിക്ക ബഹുകോശ ജീവികളുടെയും സിരാവ്യൂഹത്തിലൂടെ ചംക്രമണം ചെയ്യുന്ന തികച്ചും അത്ഭുതകരമായ ഒരു ദ്രാവകം. ജീവിത പ്രക്രിയയോട് രക്തം അത്ര അടുത്തു ബന്ധപ്പെട്ടിരിക്കുന്നതിനാൽ “മാംസത്തിന്റെ ദേഹി രക്തത്തിലല്ലോ” (ലേവ്യ. 17:11) എന്ന് ബൈബിൾ പറയുന്നു. രക്തം എങ്ങനെ ഉപയോഗിക്കാം എന്നതു സംബന്ധിച്ച് ജീവന്റെ ഉറവെന്ന നിലയിൽ യഹോവ കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
‘രക്തം വർജ്ജിക്കാൻ’ ക്രിസ്ത്യാനികളോട് കൽപ്പിക്കപ്പെട്ടിരിക്കുന്നു
പ്രവൃ. 15:28, 29: “വിഗ്രഹങ്ങൾക്ക് ബലികഴിക്കപ്പെട്ട വസ്തുക്കൾ, രക്തം, ശ്വാസം മുട്ടിച്ചുകൊന്നത് [അല്ലെങ്കിൽ രക്തം ചോർത്തിക്കളയാതെ കൊന്നത്], ദുർവൃത്തി എന്നിവയിൽ നിന്ന് ഒഴിഞ്ഞിരിക്കണം എന്ന ഈ അവശ്യ സംഗതികളല്ലാതെ മററു ഭാരമൊന്നും നിങ്ങളുടെമേൽ വയ്ക്കേണ്ടതില്ല എന്നതിനോട് പരിശുദ്ധാത്മാവും ഞങ്ങളും [ക്രിസ്തീയ സഭയുടെ ഭരണസംഘം] അനുകൂലിച്ചിരിക്കുന്നു. നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധാപൂർവ്വം വർജ്ജിച്ചു കൊണ്ടാൽ നിങ്ങൾ അഭിവൃദ്ധിപ്പെടും. നിങ്ങൾക്കു നല്ല ആരോഗ്യം നേരുന്നു!” (രക്തം ഭക്ഷിക്കുന്നത് നാം ചെയ്യാൻ ആഗ്രഹിക്കുകയില്ലാത്ത വിഗ്രഹാരാധനയോടും ദുർവൃത്തിയോടും സമമായി കണക്കാക്കിയിരിക്കുന്നു.)
മൃഗമാംസം ഭക്ഷിക്കാം, എന്നാൽ രക്തം പാടില്ല
ഉൽപ. 9:3, 4: “ജീവനുളള ചരിക്കുന്ന ജന്തുക്കളൊക്കെയും നിങ്ങൾക്ക് ആഹാരമായിരിക്കട്ടെ. പച്ച സസ്യമെന്നപോലെ തന്നെ അവയെല്ലാം ഞാൻ നിങ്ങൾക്ക് നൽകുന്നു. മാംസം അതിന്റെ ദേഹിയോടുകൂടെ മാത്രം—രക്തത്തോടുകൂടെ—നിങ്ങൾ ഭക്ഷിക്കരുത്.”
ഭക്ഷണമായി ഉപയോഗിക്കപ്പെടുന്ന ഏതു മൃഗത്തിന്റെയും രക്തം മുഴുവനായും ചോർത്തിക്കളയപ്പെടണം. ശ്വാസംമുട്ടി ചത്തതോ, കുരുക്കിൽപ്പെട്ടു ചത്തതോ, ചത്തശേഷം കണ്ടെത്തപ്പെട്ടതോ ഭക്ഷിക്കാൻ കൊളളുകയില്ല. (പ്രവൃ. 15:19, 20; ലേവ്യാപുസ്തകം 17:13-16 താരതമ്യം ചെയ്യുക.) അതുപോലെ രക്തമോ രക്തത്തിൽ നിന്നുളള ഏതെങ്കിലും ഘടകമോ ചേർന്ന ആഹാര സാധനവും ഭക്ഷിക്കാൻ പാടില്ല.
ബലിവസ്തു എന്ന നിലയിലുളള രക്തത്തിന്റെ ഉപയോഗം മാത്രമേ ദൈവത്താൽ അംഗീകരിക്കപ്പെട്ടിട്ടുളളു
ലേവ്യ. 17:11, 12: “മാംസത്തിന്റെ ദേഹി അതിന്റെ രക്തത്തിലല്ലോ; നിങ്ങളുടെ ദേഹികൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ നിങ്ങൾക്കുവേണ്ടി അതു ബലിപീഠത്തിൽ വച്ചു തന്നിരിക്കുന്നു, എന്തുകൊണ്ടെന്നാൽ അതിലുളള ദേഹി നിമിത്തം രക്തമാണ് പ്രായശ്ചിത്തമാകുന്നത്. അതുകൊണ്ടാണ് ഞാൻ ഇസ്രായേൽ പുത്രൻമാരോട് ഇങ്ങനെ പറഞ്ഞിരിക്കുന്നത്: ‘നിങ്ങളിൽ യാതൊരു ദേഹിയും പരദേശിയായി നിങ്ങളുടെ ഇടയിൽ വന്നു പാർക്കുന്ന യാതൊരുവനും രക്തം ഭക്ഷിക്കരുത്.’” (മോശൈക ന്യായപ്രമാണത്തിൻ കീഴിലെ എല്ലാ മൃഗബലികളും യേശുക്രിസ്തുവിന്റെ ഏക ബലിയെ മുൻനിഴലാക്കി.)
എബ്രാ. 9:11-14, 22: “ക്രിസ്തു ഒരു മഹാപുരോഹിതനെന്ന നിലയിൽ വന്നപ്പോൾ . . . കോലാടുകളുടെയും കാളക്കിടാങ്ങളുടെയും രക്തവുംകൊണ്ടല്ല, സ്വന്ത രക്തവുംകൊണ്ട് സദാകാലത്തേക്കുമായി ഒരിക്കൽ വിശുദ്ധസ്ഥലത്ത് പ്രവേശിച്ച് എന്നേക്കുമുളള ഒരു വിടുതൽ നമുക്കായി നേടിത്തന്നിരിക്കുന്നു. ആട്ടുകൊററൻമാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെമേൽ തളിക്കുന്ന പശുഭസ്മവും ജഡികശുദ്ധി വരുത്തുന്നുവെങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിനു തന്നേത്തന്നെ നിഷ്ക്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുളള ദൈവത്തിന് വിശുദ്ധസേവനമർപ്പിക്കാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ നീക്കി എത്രയധികം വിശുദ്ധീകരിക്കും? . . . രക്തം ചൊരിയപ്പെടുന്നില്ലെങ്കിൽ പാപത്തിന്റെ മോചനം നടക്കുന്നില്ല.”
എഫേ. 1:7: “അവൻ [യേശുക്രിസ്തു] മുഖാന്തരം അവന്റെ രക്തത്താൽ നമുക്ക് മറുവിലയാലുളള മോചനം, അതെ, അവന്റെ ധാരാളമായ അനർഹദയയാൽ നമ്മുടെ പാപങ്ങളുടെ മോചനം ഉണ്ട്.”
പൊ. യു. ആദ്യ നൂററാണ്ടുകളിൽ ക്രിസ്ത്യാനികളാണെന്ന് അവകാശപ്പെട്ടവർ രക്തം സംബന്ധിച്ചുളള ബൈബിളിന്റെ കൽപ്പനയെ എങ്ങനെയാണ് മനസ്സിലാക്കിയത്?
തെർത്തുല്യൻ (ഏതാണ്ട് പൊ. യു. 160-230): “നിങ്ങളുടെ പ്രകൃതിവിരുദ്ധമായ രീതികൾ ക്രിസ്ത്യാനികളുടെ മുമ്പാകെ ലജ്ജിക്കട്ടെ. ഞങ്ങൾ ഞങ്ങളുടെ ഭക്ഷണവേളകളിൽ മൃഗങ്ങളുടെ രക്തം പോലും ഉപയോഗിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ ഞങ്ങളുടേത് വെറും സാധാരണ ഭക്ഷണമാണ് . . . ക്രിസ്ത്യാനികളെ വിചാരണചെയ്യുമ്പോൾ നിങ്ങൾ [പുറജാതി റോമാക്കാർ] അവർക്ക് രക്തം നിറഞ്ഞ സോസേജുകൾ നൽകുന്നു. നിങ്ങൾ എന്തുകൊണ്ട് അവരെ അവരുടെ ശരിയായ പാതയിൽനിന്ന് വ്യതിചലിപ്പിക്കാൻ ശ്രമിക്കുന്നുവോ അത് അവർക്ക് നിഷിദ്ധമാണെന്ന് നിങ്ങൾക്ക് ബോദ്ധ്യമുണ്ട്. മൃഗത്തിന്റെ രക്തം കാണുമ്പോൾ അവർ ഞെട്ടുമെന്ന് നിങ്ങൾക്ക് ബോദ്ധ്യമുളളപ്പോൾ അവർ മനുഷ്യരക്തത്തിനായി കുതിച്ചുപായുമെന്ന് നിങ്ങൾ വിശ്വസിക്കുന്നതെന്തുകൊണ്ടാണ്?”—തെർത്തുല്യൻ, അപ്പൊളോജെററിക്കൽ വർക്ക്സ്, ആൻഡ് മിനുഷ്യസ് ഫെലിക്സ്, ഒക്ടേവിയസ് (ന്യൂയോർക്ക്, 1950) എമിലി ഡാലി വിവർത്തനം ചെയ്തത്, പേ. 33.
മിനുഷ്യസ് ഫെലിക്സ് (പൊ. യു. മൂന്നാം നൂററാണ്ട്): “ഞങ്ങൾ മനുഷ്യരക്തത്തിൽ നിന്ന് അത്രയധികം അറച്ചു പിൻമാറുന്നതിനാൽ ഭക്ഷിക്കാൻ കൊളളാവുന്ന മൃഗങ്ങളുടെ രക്തംപോലും ഞങ്ങൾ ഭക്ഷണമായി ഉപയോഗിക്കുന്നില്ല.”—ദി ആൻറി നൈസീൻ ഫാദേർസ് (ഗ്രാൻഡ് റാപ്പിഡ്സ്, മിച്ചി.; 1956), എ. റോബർട്ട്സും ജെ. ഡൊണാൾഡ്സണും എഡിററ് ചെയ്തത്, വാല്യം IV, പേ. 192.
രക്തപ്പകർച്ചകൾ
ബൈബിളിന്റെ വിലക്കിൽ മനുഷ്യരക്തവും ഉൾപ്പെടുന്നുവോ?
ഉവ്വ്, ആദിമ ക്രിസ്ത്യാനികൾ ആ വിധത്തിലാണ് അത് മനസ്സിലാക്കിയത്. പ്രവൃത്തികൾ 15:29 . . . “രക്തം വർജ്ജിക്കാൻ” പറയുന്നു. മൃഗ രക്തത്തിൽ നിന്ന് മാത്രം ഒഴിഞ്ഞിരിക്കാനല്ല അത് പറയുന്നത്. (“ഏതു രക്തവും” ഭക്ഷിക്കുന്നത് വിലക്കിയിരുന്ന ലേവ്യപുസ്തകം 17:10 താരതമ്യം ചെയ്യുക.) (ആദിമ ക്രിസ്ത്യാനികളുടെ വിശ്വാസങ്ങളെ പിന്താങ്ങിക്കൊണ്ട് എഴുതിയ) തെർത്തുല്യൻ ഇപ്രകാരം പ്രസ്താവിച്ചു: “‘രക്തം’ സംബന്ധിച്ച വിലക്ക് മനുഷ്യ രക്തം സംബന്ധിച്ച് അതിലും കൂടുതൽ (ഒരു വിലക്ക്) ആണെന്ന് നമുക്ക് മനസ്സിലാക്കാം.”—ദി ആൻറി നൈസീൻ ഫാദേർസ്, വാല്യം IV, പേ. 86.
രക്തപ്പകർച്ച വാസ്തവത്തിൽ രക്തം ഭക്ഷിക്കുന്നതുപോലെ തന്നെയാണോ?
ഒരാശുപത്രിയിൽ ഒരു രോഗിക്ക് വായിലൂടെ ആഹാരം കഴിക്കാൻ സാധിക്കാതെ വരുമ്പോൾ സിരകളിലൂടെ ഭക്ഷണം കൊടുക്കുന്നു. രക്തം വായിലേക്ക് സ്വീകരിക്കാതെ രക്തപ്പകർച്ചയിലൂടെ രക്തം സ്വീകരിക്കുന്ന ഒരാൾ വാസ്തവത്തിൽ “രക്തം . . . വർജ്ജിക്കാ”നുളള കൽപ്പന അനുസരിക്കുകയാണോ? (പ്രവൃ. 15:29) ഒരു താരതമ്യം ഉപയോഗിച്ചാൽ, മദ്യം വർജ്ജിക്കണം എന്ന് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്ന ഒരു രോഗിയുടെ കാര്യം പരിഗണിക്കുക. അയാൾ മദ്യം കഴിക്കുന്നത് നിറുത്തിയിട്ട് മദ്യം നേരിട്ട് സിരകളിലേക്ക് സ്വീകരിക്കുകയാണെങ്കിൽ അയാൾ ആ നിർദ്ദേശം അനുസരിക്കുകയാണോ?
രക്തം സ്വീകരിക്കാൻ വിസമ്മതിക്കുന്ന ഒരു രോഗിയുടെ കാര്യത്തിൽ പകരം ചികിൽസാ രീതികൾ ഏതെങ്കിലും ഉണ്ടോ?
മിക്കപ്പോഴും ലളിതമായ സലൈൻ സൊലൂഷനോ, റിങ്ങേഴ്സ് സൊലൂഷനോ, ഡെക്സ്ട്രാനോ പ്ലാസ്മാ വോളിയം എക്സ്പാൻഡേഴ്സായി ഉപയോഗിക്കാൻ കഴിയും, ഇവ മിക്കവാറും എല്ലാ ആധുനിക ആശുപത്രികളിലും ലഭ്യവുമാണ്. വാസ്തവത്തിൽ ഇവ ഉപയോഗിക്കുന്നതിനാൽ രക്തപ്പകർച്ച നടത്തുന്നതിൽ നിന്നുളള അപകടങ്ങൾ ഒഴിവാക്കാനും കഴിയും. ദി കനേഡിയൻ അനസതേററിസ്ററ്സ് സൊസൈററി ജേർണൽ (ജനുവരി 1975, പേ. 12) പറയുന്നു: “രക്തപ്പകർച്ച കൊണ്ടുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ കഴിയുന്നു എന്നുളളതാണ് പ്ലാസ്മ സബ്സ്ററിററ്യൂട്ട്സ് ഉപയോഗിക്കുന്നതിന്റെ നേട്ടം: ബാക്ടീരിയൽ അല്ലെങ്കിൽ വൈറൽ ഇൻഫെക്ഷൻ, പകർച്ചയിൽ നിന്നുണ്ടാകുന്ന റീയാക്ഷൻ, ആർ എച്ച് സെൻസിറൈറസേഷൻ എന്നിവ ഒഴിവാക്കപ്പെടുന്നു.” രക്തം ചേരാത്ത പ്ലാസ്മ എക്സ്പാൻഡേഴ്സ് ഉപയോഗിക്കുന്നതിനോട് യഹോവയുടെ സാക്ഷികൾക്ക് മതപരമായ എതിർപ്പൊന്നുമില്ല.
രക്തം സ്വീകരിക്കാത്തതിനാൽ യഹോവയുടെ സാക്ഷികൾ വാസ്തവത്തിൽ മെച്ചപ്പെട്ട ചികിൽസയുടെ പ്രയോജനം അനുഭവിക്കുന്നു. ദി അമേരിക്കൻ ജേർണൽ ഓഫ് ഒബ്സ്റെററ്രറിക്സ് ആൻഡ് ഗൈനക്കോളജിയിൽ (ജൂൺ 1, 1968, പേ. 395) ഒരു ഡോക്ടർ ഇപ്രകാരം സമ്മതിച്ചു പറഞ്ഞു: “രക്തപ്പകർച്ച കൊടുക്കാൻ സാദ്ധ്യതയില്ലാത്ത സാഹചര്യത്തിൽ നിങ്ങൾ [സർജൻമാർ] ശസ്ത്രക്രിയ നടത്തുമ്പോൾ ശസ്ത്രക്രിയ കൂടുതൽ മെച്ചപ്പെടാൻ സാദ്ധ്യതയുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. രക്തചോർച്ചയുളള എല്ലാ രക്തക്കുഴലുകളും അടക്കുന്ന കാര്യത്തിൽ നിങ്ങൾ കൂടുതൽ നിർബന്ധം പിടിക്കുന്നു.”
രക്തപ്പകർച്ച കൂടാതെ എല്ലാത്തരം ശസ്ത്രക്രിയകളും വിജയകരമായി നടത്താൻ കഴിയുന്നു. അതിൽ ഹൃദയം തുറന്നുളള ശസ്ത്രക്രിയയും മസ്തിഷ്ക്ക ശസ്ത്രക്രിയയും അവയവങ്ങൾ മുറിച്ചുനീക്കുന്നതും ക്യാൻസർ ബാധിച്ച ശരീരഭാഗങ്ങൾ മുഴുവനായി നീക്കം ചെയ്യുന്നതും ഉൾപ്പെടുന്നു. ന്യൂയോർക്ക് സ്റേറററ് ജേർണൽ ഓഫ് മെഡിസിനിൽ (ഒക്ടോബർ 15, 1972, പേ. 2527) എഴുതുകയിൽ ഡോക്ടർ ഫിലിപ്പ് റോയെൻ പറഞ്ഞു: “രക്തം മാററാൻ കഴിയാത്തതിന്റെ പേരിൽ ആവശ്യമായ ശസ്ത്രക്രിയാനടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് ഞങ്ങൾ മടിച്ച് മാറി നിന്നിട്ടില്ല.” റെറക്സാസ് ഹാർട്ട് ഇൻസ്ററിററ്യൂട്ടിലെ ഡോക്ടർ ഡെൻറൺ കൂളി ഇപ്രകാരം പറഞ്ഞു: “യഹോവയുടെ സാക്ഷികളിൽ [നോൺ ബ്ലഡ് പ്ലാസ്മ എക്സ്പാൻഡേർസ് ഉപയോഗിച്ചതിന്റെ] ഫലങ്ങൾ ഞങ്ങളിൽ നല്ല ധാരണ ഉളവാക്കിയതിനാൽ ഞങ്ങളുടെ എല്ലാ ഹൃദ്രോഗികളിലും ഞങ്ങൾ ആ ചികിൽസാരീതി പ്രയോഗിച്ചു തുടങ്ങിയിരിക്കുന്നു.” (ദി സാൻ ഡീയേഗോ യൂണിയൻ, ഡിസംബർ 27, 1970, പേ. A-10) “യഹോവയുടെ സാക്ഷികളുടെ മതം രക്തപ്പകർച്ചകൾ വിലക്കുന്നതുകൊണ്ട് അവരുടെ പ്രായപൂർത്തിയായവർക്കുവേണ്ടി ആദ്യമായി വികസിപ്പിച്ചെടുത്ത രക്തരഹിതമായ ഹൃദയം തുറന്നുളള ശസ്ത്രക്രിയ ഇപ്പോൾ ശിശുക്കളിലും കുട്ടികളിലും ഹൃദയശസ്ത്രക്രിയ നടത്തുന്നതിന് സുരക്ഷിതമായ രീതിയിൽ ക്രമപ്പെടുത്തിയെടുത്തിരിക്കുന്നു.”—കാർഡിയോവാസ്കുലർ ന്യൂസ്, ഫെബ്രുവരി 1984, പേ. 5.
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—
‘രക്തപ്പകർച്ച നിരസിക്കുന്നതിനാൽ നിങ്ങൾ നിങ്ങളുടെ കുട്ടികൾ മരിക്കാൻ അനുവദിക്കുന്നു. അതു ഭയങ്കരമാണെന്ന് ഞാൻ വിചാരിക്കുന്നു’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘കുറച്ചുകൂടെ സുരക്ഷിതമായ പകർച്ച നടത്താൻ ഞങ്ങൾ അനുവദിക്കാറുണ്ട്. എയ്ഡ്സ്, ഹെപ്പറൈറററിസ്, മലമ്പനി എന്നിവ പോലുളള അപകടങ്ങൾ ഇല്ലാത്ത പകർച്ച ഞങ്ങൾ സ്വീകരിക്കാറുണ്ട്. സ്നേഹമുളള ഏതു മാതാപിതാക്കളും ആഗ്രഹിക്കുന്നതുപോലെ ഞങ്ങളുടെ കുട്ടികൾക്ക് ഏററം മെച്ചപ്പെട്ട ചികിൽസാരീതിയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘വളരെയേറെ രക്തം നഷ്ടപ്പെടുമ്പോൾ ശരീരത്തിലെ ദ്രാവകവ്യാപ്തം പുന:സ്ഥാപിക്കുക എന്നതാണ് ഏററം വലിയ ആവശ്യം. നമ്മുടെ രക്തത്തിന്റെ 50 ശതമാനത്തിലധികം ജലമാണെന്ന് നിങ്ങൾ തിരിച്ചറിയുന്നു എന്നതിന് സംശയമില്ല, കൂടാതെ ചുവന്നതും വെളുത്തതുമായ കോശങ്ങളും മററു പലതും ഉണ്ട്. വളരെയധികം രക്തം നഷ്ടമാകുമ്പോൾ ശരീരം തന്നെ കരുതി വച്ചിരിക്കുന്ന കോശങ്ങൾ ശരീരത്തിന്റെ ധമനികളിലേക്ക് ധാരാളമായി ഒഴുക്കുകയും പുതിയ കോശങ്ങളുടെ നിർമ്മാണം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ ദ്രാവകവ്യാപ്തം വേണ്ടത്ര ഉണ്ടായിരിക്കണം. ആ ആവശ്യം നിറവേററുന്നതിന് രക്തം ചേരാത്ത പ്ലാസ്മാ വോളിയം എക്സ്പാൻഡേഴ്സ് ഉപയോഗിക്കാൻ കഴിയും, ഞങ്ങൾ അവ സ്വീകരിക്കാറുമുണ്ട്.’ (2) ‘വളരെ നല്ല ഫലങ്ങളോടെ പ്ലാസ്മ വോളിയം എക്സ്പാൻഡേഴ്സ് ആയിരക്കണക്കിനാളുകളിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.’ (3) ‘എന്നാൽ ഞങ്ങൾക്ക് അതിലും പ്രധാനമായിരിക്കുന്നത് പ്രവൃത്തികൾ 15:28, 29-ൽ ബൈബിൾ തന്നെ പറയുന്നതാണ്.’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘നിങ്ങളുടെ വീക്ഷണം എനിക്ക് മനസ്സിലാക്കാൻ കഴിയും. നിങ്ങളുടെ സ്വന്തം കുട്ടി അങ്ങനെയൊരു സാഹചര്യത്തിലായിരിക്കുന്നതിനെപ്പററിയാണ് നിങ്ങൾ ചിന്തിക്കുന്നത് എന്ന് ഞാൻ ഊഹിക്കുന്നു. മാതാപിതാക്കളെന്നനിലയിൽ നമ്മുടെ കുട്ടികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് സാദ്ധ്യമായത് എല്ലാം നാം ചെയ്യും, അല്ലേ? അപ്പോൾ നിങ്ങളെയും എന്നെയുംപോലെയുളള ആളുകൾ തങ്ങളുടെ കുട്ടികൾക്കു ഏതെങ്കിലും ഒരു ചികിൽസാരീതി വേണ്ട എന്നു വയ്ക്കുന്നുവെങ്കിൽ തീർച്ചയായും അവരെ അതിന് നിർബ്ബന്ധിക്കുന്ന എന്തെങ്കിലും കാരണം ഉണ്ടായിരിക്കണം.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘ദൈവത്തിന്റെ വചനം ഇവിടെ പ്രവൃത്തികൾ 15:28, 29-ൽ പറഞ്ഞിരിക്കുന്നതിനാൽ ചില മാതാപിതാക്കൾ സ്വാധീനിക്കപ്പെട്ടിരിക്കാം എന്ന് നിങ്ങൾ വിചാരിക്കുന്നുവോ?’ (2) ‘അതുകൊണ്ട് ചോദ്യമിതാണ്, ദൈവം കൽപ്പിച്ചിരിക്കുന്നത് ചെയ്യാൻ വേണ്ടത്ര വിശ്വാസം നമുക്കുണ്ടോ?’
‘നിങ്ങൾ രക്തപ്പകർച്ചയിൽ വിശ്വസിക്കുന്നില്ല’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘രക്തം സ്വീകരിച്ചില്ലെങ്കിൽ സാക്ഷികൾ മരിച്ചു പോകും എന്ന് വിശ്വസിച്ച ചില സാഹചര്യങ്ങളെപ്പററിയുളള കഥകൾ പത്രങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതാണോ നിങ്ങളുടെ മനസ്സിലുളളത്? . . . ഞങ്ങൾ അത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘ഭാര്യയുടെ (ഭർത്താവിന്റെ) ജീവനുവേണ്ടി നിങ്ങളുടെ സ്വന്തം ജീവനെ അപകടത്തിലാക്കാൻ തക്കവണ്ണം നിങ്ങൾ നിങ്ങളുടെ ഭാര്യയെ (ഭർത്താവിനെ) സ്നേഹിക്കുന്നുണ്ടോ? . . . തങ്ങളുടെ രാജ്യത്തിന് വേണ്ടി ജീവനെ അപകടപ്പെടുത്തുന്നവരുമുണ്ട്, അവർ വീരപുരുഷൻമാരായി വീക്ഷിക്കപ്പെടുന്നു, അല്ലേ? എന്നാൽ ഈ ഭൂമിയിലുളള ആരെക്കാളും അല്ലെങ്കിൽ എന്തിനെക്കാളും വലുതായി ഒരാളുണ്ട്, അതു ദൈവമാണ്. അവനോടുളള സ്നേഹത്താലും അവന്റെ ഭരണത്തോടുളള വിശ്വസ്തതയാലും നിങ്ങളുടെ ജീവൻ നിങ്ങൾ അപകടപ്പെടുത്തുമോ?’ (2) ‘ദൈവത്തോടുളള വിശ്വസ്തതയാണ് ഇവിടെ പ്രശ്നമായിരിക്കുന്നത്. ദൈവത്തിന്റെ വചനമാണ് രക്തം വർജ്ജിക്കാൻ നമ്മോട് ആവശ്യപ്പെടുന്നത്. (പ്രവൃ. 15:28, 29)’
അല്ലെങ്കിൽ നിങ്ങൾക്കിങ്ങനെ പറയാൻ കഴിയും: ‘ഇന്ന് സർവ്വസാധാരണമായിരിക്കുന്നതും യഹോവയുടെ സാക്ഷികൾ ഒഴിവാക്കുന്നതുമായ ധാരാളം കാര്യങ്ങളുണ്ട്—ഉദാഹരണത്തിന് ഭോഷ്ക്പറച്ചിൽ, വ്യഭിചാരം, മോഷണം, പുകവലി, നിങ്ങൾതന്നെ പറഞ്ഞതുപോലെ രക്തത്തിന്റെ ഉപയോഗം. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ വചനത്താൽ ഞങ്ങൾ ഞങ്ങളുടെ ജീവിതത്തെ ഭരിക്കുന്നു.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘നാം “രക്തം വർജ്ജിക്കണം” എന്ന് ബൈബിൾ ആവശ്യപ്പെടുന്നു എന്ന് നിങ്ങൾ അറിഞ്ഞിരുന്നോ? അതു നിങ്ങളെ കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. (പ്രവൃ. 15:28, 29)’ (2) ‘നമ്മുടെ ആദ്യമാതാപിതാക്കളായ ആദാമിനോടും ഹവ്വായോടും ഏദനിലെ ഒരു വൃക്ഷം ഒഴികെ എല്ലാ വൃക്ഷങ്ങളിൽ നിന്നും അവർക്ക് ഭക്ഷിക്കാം എന്ന് ദൈവം പറഞ്ഞിരുന്നു എന്ന് നിങ്ങൾ ഓർമ്മിക്കുന്നുണ്ടായിരിക്കുമല്ലോ. എന്നാൽ അവർ അനുസരണക്കേട് കാണിച്ച് വിലക്കപ്പെട്ട ആ പഴം തിന്നുകയും സർവ്വവും നഷ്ടമാക്കുകയും ചെയ്തു. അത് എത്ര ബുദ്ധിശൂന്യമായിപ്പോയി! ഇന്ന് ഏതായാലും വിലക്കപ്പെട്ട കനിയോടുകൂടിയ ഒരു വൃക്ഷമില്ല. എന്നാൽ നോഹയുടെ നാളിലെ പ്രളയത്തിനുശേഷം മനുഷ്യവർഗ്ഗത്തിന് ദൈവം വീണ്ടും ഒരു വിലക്ക് കൽപ്പിച്ചു. ഇപ്രാവശ്യം അതിൽ ഉൾപ്പെട്ടിരുന്നത് രക്തമാണ്. (ഉൽപ. 9:3, 4)’ (3) ‘അതുകൊണ്ട് യഥാർത്ഥ ചോദ്യം ഇതാണ്, നമുക്ക് ദൈവത്തിൽ വിശ്വാസമുണ്ടോ? നാം അവനെ അനുസരിക്കുന്നുവെങ്കിൽ അവന്റെ രാജ്യത്തിൻകീഴിൽ പൂർണ്ണരായി നിത്യകാലം ജീവിക്കാനുളള ഭാവി പ്രത്യാശ നമ്മുടെ മുമ്പിലുണ്ട്. നാം മരിച്ചു പോകുന്നുവെങ്കിൽ ഒരു പുനരുത്ഥാനം സംബന്ധിച്ച് അവൻ നമുക്ക് ഉറപ്പ് നൽകുന്നു.’
‘“രക്തപ്പകർച്ച സ്വീകരിക്കാഞ്ഞാൽ നിങ്ങൾ മരിക്കും” എന്ന് ഒരു ഡോക്ടർ പറയുന്നുവെങ്കിലെന്ത്?’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘സാഹചര്യം അത്ര ഗുരുതരമാണെങ്കിൽ രോഗിക്ക് രക്തം കൊടുത്താൽ അയാൾ മരിക്കുകയില്ലെന്ന് ഡോക്ടർക്ക് ഉറപ്പു തരാൻ കഴിയുമോ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: ‘എന്നാൽ ഒരു വ്യക്തിക്ക് വീണ്ടും ജീവൻ നൽകാൻ കഴിയുന്ന ഒരുവനുണ്ട്, അതു ദൈവമാണ്. മരണത്തെ അഭിമുഖീകരിക്കുമ്പോൾ ദൈവത്തിന്റെ കൽപ്പന ലംഘിച്ചുകൊണ്ട് അവന് നേരെ പുറംതിരിച്ചു കളയുന്നത് ഒരു മോശമായ തീരുമാനമായിരിക്കും എന്നുളളതിനോട് നിങ്ങൾ യോജിക്കുന്നില്ലേ? യഥാർത്ഥത്തിൽ എനിക്ക് ദൈവത്തിൽ വിശ്വാസമുണ്ട്. നിങ്ങൾക്കോ? അവന്റെ പുത്രനിൽ വിശ്വാസമർപ്പിക്കുന്നവർക്ക് അവന്റെ വചനം പുനരുത്ഥാനം വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ അത് വിശ്വസിക്കുന്നുവോ? (യോഹ. 11:25)’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘രക്തം കൂടാതെ ഈ കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വ്യക്തിപരമായി അദ്ദേഹത്തിന് അറിയില്ലായിരിക്കാം. സാദ്ധ്യമെങ്കിൽ അതിന് ആവശ്യമായ അനുഭവപരിചയമുളള ഒരു ഡോക്ടറുമായി അദ്ദേഹത്തെ ബന്ധപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കുന്നു, അല്ലെങ്കിൽ മറെറാരു ഡോക്ടറുടെ സേവനം ഞങ്ങൾ പ്രയോജനപ്പെടുത്തുന്നു.’