യഹോവയുടെ വചനം പ്രബലപ്പെടുന്നു!
“ഒരു ശക്തമായ വിധത്തിൽ യഹോവയുടെ വചനം വളരുകയും പ്രബലപ്പെടുകയും ചെയ്തുകൊണ്ടിരുന്നു.”—പ്രവൃത്തികൾ 19:20.
1. അപ്പോസ്തലപ്രവൃത്തികൾ എന്ന ഈ ബൈബിൾ പുസ്തകത്തിന്റെ പഠനത്തിൽ എന്തു പരിചിന്തിക്കപ്പെടും?
യഹോവ പ്രവർത്തനത്തിലേക്കുള്ള ഒരു വാതിൽ തുറക്കുകയായിരുന്നു. വിശേഷിച്ച്, “ജനതകൾക്കായുള്ള ഒരു അപ്പോസ്തല”നായിരുന്ന പൗലോസ് ആ വേലയെ നയിക്കുമായിരുന്നു. (റോമർ 11:13) തീർച്ചയായും, അപ്പോസ്തലപ്രവൃത്തികളെക്കുറിച്ചു നാം തുടർന്നു പഠിക്കുമ്പോൾ പൗലോസ് പുളകപ്രദമായ മിഷനറിയാത്രകളിലേർപ്പെട്ടിരിക്കുന്നതായി നാം കണ്ടെത്തുന്നു.—പ്രവൃത്തികൾ 16:6–19:41.
2. (എ) അപ്പോസ്തലനായ പൗലോസ് ക്രി.വ. ഏതാണ്ട് 50 മുതൽ 56 വരെ ഒരു ദിവ്യനിശ്വസ്ത എഴുത്തുകാരനായി എങ്ങനെ സേവിച്ചു? (ബി) ദൈവം പൗലോസിന്റെയും മററുള്ളവരുടെയും ശുശ്രൂഷയെ അനുഗ്രഹിച്ചപ്പോൾ എന്തു സംഭവിച്ചു?
2 പൗലോസ് ദിവ്യനിശ്വസ്തനായ ഒരു എഴുത്തുകാരനുംകൂടെയായിരുന്നു. ക്രി.വ. ഏതാണ്ട് 50 മുതൽ ക്രി.വ. 56 വരെ അവൻ കൊരിന്തിൽനിന്ന് 1ഉം 2ഉം തെസ്സലോനീക്യരും ആ നഗരത്തിൽനിന്നോ സിറിയൻഅന്ത്യോക്യയിൽനിന്നോ ഗലാത്യരും 1 കൊരിന്ത്യർ എഫേസൂസിൽനിന്നും 2 കൊരിന്ത്യർ മാസിഡോണിയായിൽനിന്നും റോമർ കൊരിന്തിൽനിന്നും എഴുതി. ദൈവം പൗലോസിന്റെയും മററുള്ളവരുടെയും ശുശ്രൂഷയെ അനുഗ്രഹിച്ചപ്പോൾ “ഒരു ശക്തമായ വിധത്തിൽ യഹോവയുടെ വചനം വളരുകയും പ്രബലപ്പെടുകയും ചെയ്തുകൊണ്ടിരുന്നു.”—പ്രവൃത്തികൾ 19:20.
ആസ്യയിൽനിന്നു യൂറോപ്പിലേക്ക്
3. പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശത്തോടുള്ള ബന്ധത്തിൽ പൗലോസും സഹപ്രവർത്തകരും നല്ല ദൃഷ്ടാന്തം വെച്ചതെങ്ങനെ?
3 പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശം സ്വീകരിക്കുന്നതിൽ പൗലോസും അവന്റെ കൂട്ടാളികളും ഒരു നല്ല മാതൃകവെച്ചു. (16:6-10) ഒരുപക്ഷേ കേൾക്കാവുന്നതുപോലെയുള്ള വെളിപ്പാടുകളാലോ സ്വപ്നങ്ങളാലോ ദർശനങ്ങളാലോ ആത്മാവ് ആസ്യപ്രവിശ്യയിലും പിന്നീട് സുവാർത്തയുമായി എത്തിയ ബിഥുന്യപ്രവിശ്യയിലും പ്രസംഗിക്കുന്നതിൽനിന്ന് അവരെ തടഞ്ഞു. (പ്രവൃത്തികൾ 18:18-21; 1 പത്രോസ് 1:1, 2) നേരത്തെ പ്രവേശിക്കുന്നതിൽനിന്ന് ആത്മാവു തടഞ്ഞതെന്തുകൊണ്ടായിരുന്നു? വേലക്കാർ ചുരുക്കമായിരുന്നു, യൂറോപ്പിലെ കൂടുതൽ ഫലപ്രദമായ വയലിലേക്ക് ആത്മാവ് അവരെ നയിക്കുകയായിരുന്നു. അതുപോലെ ഇന്നും, ഒരു പ്രദേശത്തേക്കുള്ള വഴി തടയപ്പെട്ടിരിക്കുന്നുവെങ്കിൽ യഹോവയുടെ സാക്ഷികൾ മറെറവിടെയെങ്കിലും പ്രസംഗിക്കുന്നു, ദൈവാത്മാവ് അവരെ ചെമ്മരിയാടുതുല്യരിലേക്കു നയിക്കുമെന്നുള്ള ഉറപ്പോടെതന്നെ.
4. സഹായത്തിനായി അഭ്യർത്ഥിക്കുന്ന ഒരു മാസിഡോണിയൻമനുഷ്യനെക്കുറിച്ചു പൗലോസിനുണ്ടായ ദർശനത്തോടുള്ള പ്രതികരണമെന്തായിരുന്നു?
4 പിന്നീട് പൗലോസും അവന്റെ കൂട്ടാളികളും ഒരു മിഷനറിവയലെന്ന നിലയിൽ ഏഷ്യാമൈനറിലെ ഒരു പ്രദേശമായ മുസ്യ ‘കടന്നുപോയി.’ എന്നിരുന്നാലും, ഒരു ദർശനത്തിൽ, മാസിഡോണിയക്കാരനായ ഒരു മനുഷ്യൻ സഹായത്തിനായി അഭ്യർത്ഥിക്കുന്നതു പൗലോസ് കണ്ടു. അങ്ങനെ മിഷനറിമാർ സത്വരം ബാൾക്കൻ ഉപദ്വീപിലെ ഒരു പ്രദേശമായ മാസിഡോണിയായിലേക്കു പോയി. അതുപോലെതന്നെ, അനേകം സാക്ഷികൾ രാജ്യപ്രഘോഷകരുടെ ആവശ്യം അധികമുള്ളിടത്തു സേവിക്കാൻ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നു.
5. (എ) യഹോവയുടെ വചനം ഫിലിപ്പിയിൽ പ്രബലപ്പെട്ടുവെന്ന് പറയാൻകഴിയുന്നതെന്തുകൊണ്ട്? (ബി) ഏതൽക്കാലത്തെ അനേകം യഹോവയുടെ സാക്ഷികൾ ലുദിയായെപ്പോലെയായിരിക്കുന്നത് ഏതു വിധത്തിൽ?
5 യഹോവയുടെ വചനം മാസിഡോണിയായിൽ പ്രബലപ്പെട്ടു. (16:11-15) ഏറെയും റോമാപൗരൻമാർ നിവസിക്കുന്ന ഒരു കോളനിയായിരുന്ന ഫിലിപ്പിയിൽ പ്രത്യക്ഷത്തിൽ യഹൂദൻമാർ അധികമൊന്നുമില്ലായിരുന്നു, സിനഗോഗുമില്ലായിരുന്നു. അതുകൊണ്ട്, സഹോദരൻമാർ നഗരത്തിനു പുറത്തെ ഒരു നദിക്കരികെയുള്ള “ഒരു പ്രാർത്ഥനാസ്ഥല”ത്തേക്കു പോയി. അവിടെ കണ്ടെത്തപ്പെട്ടവരിൽ ലുദിയ ഉണ്ടായിരുന്നു. സാദ്ധ്യതയനുസരിച്ച് ചായമടിക്കൽ വ്യവസായത്തിനു കീർത്തിപ്പെട്ട ഏഷ്യാമൈനറിലെ ഒരു നഗരമായിരുന്ന തുയഥൈരയിൽനിന്നുള്ള ഒരു യഹൂദമതാനുസാരിയായിരുന്നു അവൾ. അവൾ ചുവപ്പുചായമോ ചായത്തിൽ മുക്കിയ തുണികളും വസ്ത്രങ്ങളുമോ വിററിരുന്നു. ലുദിയയും അവളുടെ വീട്ടുകാരും സ്നാപനമേററശേഷം അവൾ വളരെ ആത്മാർത്ഥമായി ആതിഥ്യമരുളിയതിനാൽ “അവൾ ഞങ്ങളെ വരുത്തുകതന്നെ ചെയ്തു”വെന്നു ലൂക്കോസ് എഴുതി. ഇന്ന് അങ്ങനെയുള്ള സഹോദരിമാരോടു നമുക്ക് നന്ദിയുണ്ട്.
ഒരു ജയിലർ ഒരു വിശ്വാസിയായിത്തീരുന്നു
6. ഭൂതപ്രവർത്തനം ഫിലിപ്പിയിൽ പൗലോസിന്റെയും ശീലാസിന്റെയും തടവിലാക്കലിലേക്കു നയിച്ചതെങ്ങനെ?
6 ഫിലിപ്പിയിലെ ആത്മീയ വികാസങ്ങളിൽ സാത്താൻ കുപിതനായിരുന്നിരിക്കണം, എന്തെന്നാൽ അവിടത്തെ ഭൂതപ്രവർത്തനം പൗലോസിന്റെയും ശീലാസിന്റെയും തടവിലാക്കലിലേക്കു നയിച്ചു. (16:16-24) “ഒരു ആഭിചാര ഭൂതമുണ്ടായിരുന്ന” (അക്ഷരീയമായി “ഒരു പൈത്തോൺ ആത്മാവ്”) ഒരു പെൺകുട്ടി അവരെ ദിവസങ്ങളോളം പിന്തുടർന്നു. ഭൂതം പൈത്തോണിയ അപ്പോളോയെ മൂർത്തീകരിച്ചിരിക്കാം, അയാൾ സങ്കല്പമനുസരിച്ച് പൈത്തോൺ എന്നു പേരുള്ള ഒരു സർപ്പത്തെ കൊന്ന ഒരു ദേവനായിരുന്നു. ഈ പെൺകുട്ടി ഭാവികഥനകല ആചരിച്ചുകൊണ്ട് അവളുടെ യജമാനൻമാർക്ക് വളരെ ലാഭമുണ്ടാക്കിക്കൊടുത്തിരുന്നു. എന്തിന്, അവൾ എപ്പോൾ കൃഷിയിറക്കണമെന്നു കർഷകരോടും എപ്പോൾ വിവാഹം കഴിക്കണമെന്നു കന്യകമാരോടും സ്വർണ്ണത്തിനുവേണ്ടി എവിടെ കുഴിക്കണമെന്നു ഖനകരോടും പറഞ്ഞിരിക്കാം! അവൾ സഹോദരൻമാരെ പിന്തുടർന്നുകൊണ്ട് ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു: “ഈ മനുഷ്യർ നിങ്ങളോടു രക്ഷാമാർഗ്ഗം അറിയിക്കുന്ന, അത്യുന്നതദൈവത്തിന്റെ അടിമകളാകുന്നു.” അവളുടെ പ്രവചനങ്ങൾ ദിവ്യനിശ്വസ്തമാണെന്നു തോന്നിക്കാനായിരിക്കാം ഭൂതം അവളെക്കൊണ്ട് ഇതു പറയിച്ചത്. എന്നാൽ യഹോവയേയും രക്ഷക്കുവേണ്ടിയുള്ള അവന്റെ കരുതലിനെയും കുറിച്ച് പ്രഖ്യാപനങ്ങൾ നടത്താൻ ഭൂതങ്ങൾക്ക് അവകാശമില്ല. പൗലോസ് ശല്യത്താൽ മടുത്തപ്പോൾ യേശുവിന്റെ നാമത്തിൽ ഭൂതത്തെ പുറത്താക്കി. തങ്ങളുടെ തൊഴിൽ നശിച്ചപ്പോൾ ആ പെൺകുട്ടിയുടെ യജമാനൻമാർ പൗലോസിനെയും ശീലാസിനെയും ചന്തസ്ഥലത്തേക്ക് ഇഴച്ചുകൊണ്ടുപോയി. അവിടെ അവർ കോൽകൊണ്ട് അടിക്കപ്പെട്ടു. (2 കൊരിന്ത്യർ 11:25) അനന്തരം അവർ തുറുങ്കിലിടപ്പെടുകയും പാദങ്ങൾ ആമത്തിലിടുകയുംചെയ്തു. ഒരുവന്റെ കാലുകൾ വലിയ വേദനക്കിടയാക്കുമാറ് ബലമായി അകററത്തക്കവണ്ണം അങ്ങനെയുള്ള ഉപകരണങ്ങളെ ക്രമീകരിക്കാൻ കഴിയുമായിരുന്നു.
7. പൗലോസിന്റെയും ശീലാസിന്റെയും ഫിലിപ്പിയിലെ തടവിലാക്കൽ ആർക്ക്, എങ്ങനെ അനുഗ്രഹങ്ങളിലേക്കു നയിച്ചു?
7 ഈ തടവിലാക്കൽ ജയിലർക്കും അയാളുടെ കുടുംബത്തിനും അനുഗ്രഹങ്ങളിലേക്കു നയിച്ചു. (16:25-40) അർദ്ധരാത്രിക്ക് പൗലോസും ശീലാസും പ്രാർത്ഥിക്കുകയും പാട്ടുപാടി ദൈവത്തെ സ്തുതിക്കുകയുംചെയ്തുകൊണ്ടിരുന്നു, അവൻ അവരോടുകൂടെ ഉണ്ടെന്നുള്ള ഉറപ്പോടെതന്നെ. (സങ്കീർത്തനം 42:8) പെട്ടെന്ന് ഒരു ഭൂകമ്പം വാതിലുകൾ തുറക്കുകയും ചങ്ങലകൾ തുലാങ്ങളിൽനിന്നോ ചുവരുകളിൽനിന്നോ വിട്ടുപോയപ്പോൾ സകല ബന്ധനങ്ങളും അഴിയുകയുംചെയ്തു. തന്റെ തടവുകാർ രക്ഷപ്പെട്ടതുകൊണ്ട് ജയിലർ മരണശിക്ഷക്കു വിധേയമാകുമെന്നു ഭയന്നു. അയാൾ ആത്മഹത്യചെയ്യാൻ തുനിഞ്ഞപ്പോൾ “നിന്നെത്തന്നെ ഉപദ്രവിക്കരുത്, ഞങ്ങളെല്ലാം ഇവിടെയുണ്ടല്ലോ!” എന്ന് പൗലോസ് വിളിച്ചുപറഞ്ഞു. പൗലോസിനെയും ശീലാസിനെയും പുറത്തുകൊണ്ടുവന്നിട്ട് തനിക്ക് എങ്ങനെ രക്ഷിക്കപ്പെടാൻ കഴിയുമെന്ന് ജയിലർ ചോദിച്ചു. “കർത്താവായ യേശുവിൽ വിശ്വസിക്കുക” എന്നതായിരുന്നു മറുപടി. യഹോവയുടെ വചനം കേട്ടപ്പോൾ “അവനും അവനുള്ളവരും താമസംവിനാ സ്നാപനമേററു.” അത് എന്തു സന്തോഷമാണു കൈവരുത്തിയത്!
8. ഫിലിപ്പിയിലെ സിവിൽ മജിസ്ത്രേട്ടുമാർ എന്തു നടപടി സ്വീകരിച്ചു, അവർ അവരുടെ കുററം പരസ്യമായി സമ്മതിച്ചിരുന്നെങ്കിൽ എന്തു നേട്ടമുണ്ടാകുമായിരുന്നു?
8 അടുത്ത ദിവസം, സിവിൽ മജിസ്ട്രേട്ടുമാർ പൗലോസിനെയും ശീലാസിനെയും വിട്ടയക്കാൻ അറിയിപ്പുകൊടുത്തു. എന്നാൽ പൗലോസ് പറഞ്ഞു: “അവർ കുററം വിധിക്കാതെ ഞങ്ങളെ, റോമാക്കാരായ പുരുഷൻമാരെ, അടിക്കുകയും തടവിലിടുകയുംചെയ്തു. അവർ രഹസ്യമായി ഞങ്ങളെ പുറത്തുവിടുകയാണോ? അവർ വന്ന് ഞങ്ങളെ പുറത്തു കൊണ്ടുപോകട്ടെ.’ മജിസ്ത്രേട്ടുമാർ അവരുടെ കുററം പരസ്യമായി സമ്മതിക്കുകയാണെങ്കിൽ അവർ മററു ക്രിസ്ത്യാനികളെ അടിക്കാനും തടവിലാക്കാനും മടിച്ചേക്കാം. റോമാപൗരൻമാരെ പുറത്താക്കാൻ കഴിയാഞ്ഞതുകൊണ്ട് മജിസ്ത്രേട്ടുമാർ വന്ന് വിട്ടുപോകണമെന്ന് സഹോദരൻമാരോടു അപേക്ഷിച്ചു, എന്നാൽ സഹവിശ്വാസികളെ പ്രോൽസാഹിപ്പിച്ച ശേഷംമാത്രമാണ് അവർ അങ്ങനെ ചെയ്തത്. അങ്ങനെയുള്ള താത്പര്യം ഇപ്പോൾ ഭൂവ്യാപകമായുള്ള ദൈവജനത്തെ സന്ദർശിക്കാനും പ്രോൽസാഹിപ്പിക്കാനും ഭരണസംഘത്തിലെ അംഗങ്ങളെയും മററു സഞ്ചാരപ്രതിനിധികളെയും പ്രേരിപ്പിക്കുന്നു.
യഹോവയുടെ വചനം തെസ്സലോനിക്യയിലും ബരോവയിലും പ്രബലപ്പെടുന്നു
9. യഹോവയുടെ സാക്ഷികൾ ഇപ്പോഴും ഉപയോഗിക്കുന്ന ഏതു രീതിയാൽ പൗലോസ് മശിഹാ കഷ്ടമനുഭവിക്കുകയും മരിച്ചവരിൽനിന്ന് ഉയർക്കുകയും ചെയ്യേണ്ടതാണെന്ന് ‘വിശദീകരിക്കുകയും തെളിയിക്കുകയുംചെയ്തു’?
9 അടുത്തതായി തെസ്സലോനീക്യയിൽ ദൈവവചനം പ്രബലപ്പെട്ടു, അത് മാസിഡോണിയായുടെ തലസ്ഥാനവും മുഖ്യതുറമുഖവുമായിരുന്നു. (17:1-9) അവിടെ പൗലോസ് മശിഹാ കഷ്ടമനുഭവിക്കുകയും മരിച്ചവരിൽനിന്ന് ഉയർത്തെഴുന്നേൽക്കുകയും ചെയ്യേണ്ടതായിരുന്നുവെന്ന് “വിശദീകരിച്ചും തെളിയിച്ചും”കൊണ്ട് യഹൂദൻമാരുമായി ന്യായവാദംചെയ്തു. (യഹോവയുടെ സാക്ഷികൾ ചെയ്യുന്നതുപോലെ, പ്രവചനങ്ങളെ നിവൃത്തിയായി സംഭവിക്കുന്ന കാര്യങ്ങളോട് താരതമ്യപ്പെടുത്തിക്കൊണ്ടാണ് പൗലോസ് അങ്ങനെ ചെയ്തത്.) അങ്ങനെ, ചില യഹൂദൻമാരും അനേകം യഹൂദമതാനുസാരികളും മററുള്ളവരും വിശ്വാസികളായിത്തീർന്നു. ചില യഹൂദൻമാർ ഒരു സംഘം രൂപീകരിച്ചെങ്കിലും പൗലോസിനെയും ശീലാസിനെയും കണ്ടുപിടിക്കാൻ കഴിയാഞ്ഞപ്പോൾ അവർ യാസോനെയും മററു സഹോദരൻമാരെയും നഗരഭരണാധിപൻമാരുടെ അടുക്കലേക്ക് കൊണ്ടുപോകുകയും അവരുടെമേൽ രാജ്യദ്രോഹം ചുമത്തുകയുംചെയ്തു, യഹോവയുടെ സാക്ഷികൾക്കെതിരെ ഇപ്പോഴും ചുമത്തുന്ന ഒരു വ്യാജാരോപണമാണിത്. എന്നിരുന്നാലും, “മതിയായ സുരക്ഷിതത്വം” അനുവദിച്ചശേഷം സഹോദരൻമാർ വിട്ടയക്കപ്പെട്ടു.
10. ബരോവയിലെ യഹൂദൻമാർ ഏതർത്ഥത്തിൽ തിരുവെഴുത്തുകളെ ‘ശ്രദ്ധാപൂർവം പരിശോധിച്ചു’?
10 അടുത്തതായി പൗലോസും ശീലാസും ബരോവാനഗരത്തിലേക്കു പോയി. (17:10-15) ഇന്ന് യഹോവയുടെ സാക്ഷികൾ ചെയ്യാൻ ആളുകളെ പ്രോൽസാഹിപ്പിക്കുന്നതുപോലെ, അവിടെ യഹൂദൻമാർ തിരുവെഴുത്തുകൾ ‘ശ്രദ്ധാപൂർവം പരിശോധിച്ചു.’ ആ ബരോവക്കാർ പൗലോസിനെ സംശയിച്ചില്ല, എന്നാൽ യേശു മശിഹായാണെന്ന് ഉറപ്പുവരുത്തുന്നതിന് ഗവേഷണംചെയ്തു. ഫലമെന്തായിരുന്നു? അനേകം യഹൂദൻമാരും ചില ഗ്രീക്കുകാരും (ഒരുപക്ഷേ യഹൂദമതാനുസാരികൾ) വിശ്വാസികളായിത്തീർന്നു. തെസ്സലോനീക്യയിൽനിന്നുള്ള യഹൂദൻമാർ ജനക്കൂട്ടങ്ങളെ ഇളക്കിവിട്ടപ്പോൾ സഹോദരൻമാർ സമുദ്രതീരംവരെ പൗലോസിനെ അനുയാത്രചെയ്തു. അവന്റെ സംഘത്തിൽപെട്ട ചിലർ ഏതൻസിലെ തുറമുഖനഗരമായിരുന്ന പിരിയസിലേക്ക് (ആധുനികകാലത്തെ പിരേവ്സ്) കപ്പൽകയറിയിരിക്കാം.
യഹോവയുടെ വചനം ഏതെൻസിൽ പ്രബലപ്പെടുന്നു
11. (എ) പൗലോസ് ഏതെൻസിൽ എങ്ങനെ സധീരം സാക്ഷീകരിച്ചു, എന്നാൽ അവനോട് ആർ എതിർത്തു സംസാരിച്ചു? (ബി) അവർ പൗലോസിനെസംബന്ധിച്ച് ഒരു “ചിലപ്പൻ” എന്നു പറഞ്ഞപ്പോൾ എന്താണവർ സൂചിപ്പിച്ചത്?
11 ഏതൻസിൽ ധീരമായ ഒരു സാക്ഷ്യം കൊടുക്കപ്പെട്ടു. (17:16-21) യേശുവിനെയും പുനരുത്ഥാനത്തെയും സംബന്ധിച്ച പൗലോസിന്റെ വചനങ്ങൾ നിമിത്തം തത്വചിന്തകൻമാർ അവനോടു എതിർത്തുസംസാരിച്ചു. ചിലർ എപ്പിക്കൂര്യരായിരുന്നു, അവർ ഉല്ലാസത്തിനു ഊന്നൽ കൊടുത്തിരുന്നു. മററു ചിലർ ശിക്ഷണത്തിന് ഊന്നൽ കൊടുക്കുന്ന സ്തോയിക്കരായിരുന്നു. ‘ഈ ജല്പകൻ എന്തു പറയാനാഗ്രഹിക്കുന്നു?’ എന്ന് ചിലർ ചോദിച്ചു. “ജല്പകൻ” (അക്ഷരീയമായി “വിത്തുകൊത്തി”) വിത്തുകൾ കൊത്തിയെടുക്കുന്ന ഒരു പക്ഷിയെപ്പോലെ അറിവിന്റെ ശകലങ്ങൾ പകുത്തുകൊടുക്കുന്നവനെങ്കിലും ജ്ഞാനമില്ലാത്തവനാണെന്നു സൂചിപ്പിച്ചു. “അവൻ അന്യദൈവങ്ങളുടെ ഒരു ഘോഷകനാണെന്നു തോന്നുന്നു”വെന്ന് മററു ചിലർ പറഞ്ഞു. ഇതു ഗൗരവമുള്ളതായിരുന്നു. എന്തുകൊണ്ടെന്നാൽ ഈ കുററംനിമിത്തമായിരുന്നു സോക്രട്ടീസിനു ജീവൻ നഷ്ടപ്പെട്ടത്. പെട്ടെന്നുതന്നെ പൗലോസ് അരയോപഗസിലേക്ക് (മാഴ്സ് കുന്ന്) കൊണ്ടുപോകപ്പെട്ടു, ഒരുപക്ഷേ അക്രോപ്പോളിസിനു സമീപം തുറസ്സായ സുപ്രീം കോടതി കൂടിയത് അവിടെയായിരിക്കാം.
12. (എ) അരയോപഗസിലെ പൗലോസിന്റെ പ്രസംഗത്തിൽ നല്ല പബ്ലിക്ക് പ്രസംഗത്തിന്റെ ഏതു വശങ്ങൾ പ്രകടമാണ്? (ബി) ദൈവത്തെസംബന്ധിച്ച് പൗലോസ് ഏത് ആശയങ്ങൾ സ്ഥാപിച്ചു, എന്തു ഫലങ്ങളോടെ?
12 അരയോപഗസിനെ സംബന്ധിച്ച പൗലോസിന്റെ പ്രസംഗം ഫലപ്രദമായ ഒരു മുഖവുരയും സയുക്തികമായ വികസിപ്പിക്കലും ബോധ്യംവരുത്തുന്ന വാദഗതിയുമുള്ള പ്രസംഗത്തിന്റെ വിശിഷ്ടമായ ഒരു ദൃഷ്ടാന്തമായിരുന്നു—യഹോവയുടെ സാക്ഷികളുടെ ദിവ്യാധിപത്യശുശ്രൂഷാസ്കൂളിൽ പഠിപ്പിക്കുന്നപ്രകാരം തന്നെ. (17:22-34) ഏതെൻസുകാർ മററുള്ളവരെക്കാൾ മതഭക്തരാണെന്ന് അവൻ പറഞ്ഞു. എന്തിന്, അവർക്ക് “ഒരു അജ്ഞാതദൈവത്തിനു”വേണ്ടിയുള്ള ഒരു യാഗപീഠം പോലുമുണ്ടായിരുന്നു, ഒരുപക്ഷേ ഏതൊരു ദൈവത്തെയും നിസ്സാരമാക്കുന്നതൊഴിവാക്കാനായിരുന്നു അത്! “ഒരു മനുഷ്യനിൽനിന്ന് സകല മനുഷ്യജനതയെയും നിർമ്മിച്ച”വനും “നിയമിതകാലങ്ങൾ വിധിക്കുകയും” കനാന്യരെ എപ്പോൾ പിഴുതുമാററണമെന്നതുപോലെ “മനുഷ്യനിവാസത്തിന് പരിധികൾവെക്കുകയും” ചെയ്തവനുമായ സ്രഷ്ടാവിനെസംബന്ധിച്ച് പൗലോസ് സംസാരിച്ചു. (ഉല്പത്തി 15:13-21; ദാനിയേൽ 2:21; 7:12) ഈ ദൈവത്തെ കണ്ടെത്താൻകഴിയും, “എന്തുകൊണ്ടെന്നാൽ നാം അവന്റെ സന്താനങ്ങളുമാകുന്നു”വെന്ന് പൗലോസ് പറഞ്ഞു. യഹോവയാലുള്ള മമനുഷ്യന്റെ സൃഷ്ടിപ്പിനെ പരാമർശിക്കുകയും അവരുടെ കവികളായിരുന്ന അരാററസിനെയും ക്ലിയാന്തസിനെയും ഉദ്ധരിക്കുകയുമായിരുന്നു പൗലോസ്. ദൈവത്തിന്റെ സന്താനങ്ങളെന്ന നിലയിൽ നാം പൂർണ്ണനായ സ്രഷ്ടാവ് അപൂർണ്ണമനുഷ്യരാൽ നിർമ്മിതമായ ഒരു വിഗ്രഹത്തെപ്പോലെയാണെന്ന് വിചാരിക്കരുത്. അങ്ങനെയുള്ള അജ്ഞതയെ ദൈവം ഒരു കാലത്ത് അവഗണിച്ചു, എന്നാൽ തന്റെ നിയമിതപുരുഷൻമുഖാന്തരം ആളുകളെ ന്യായംവിധിക്കാൻ താൻ ഒരു ദിവസം നിശ്ചയിച്ചിരുന്നതിനാൽ അനുതപിക്കാൻ മനുഷ്യവർഗ്ഗത്തോട് ഇപ്പോൾ പറയുകയായിരുന്നു. പൗലോസ് “യേശുവിനെക്കുറിച്ചുള്ള സുവാർത്ത ഘോഷിക്കുകയായിരുന്ന”തിനാൽ ആ ന്യായാധിപതി ക്രിസ്തു ആയിരിക്കുമെന്ന് അവൻ ഉദ്ദേശിക്കുന്നതായി അവന്റെ സദസ്യർ മനസ്സിലാക്കി. (പ്രവൃത്തികൾ 17:18; യോഹന്നാൻ 5:22, 30) അനുതാപത്തെക്കുറിച്ചുള്ള സംസാരം എപ്പിക്കൂര്യരെ അലോസരപ്പെടുത്തി, ഗ്രീക്ക്തത്വജ്ഞാനികൾക്ക് അമർത്ത്യതയെ സംബന്ധിച്ച സംസാരം അംഗീകരിക്കാൻ കഴിയുമായിരുന്നു, എന്നാൽ മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ചുള്ളതു അംഗീകരിക്കാൻകഴികയില്ലായിരുന്നു. പ്രത്യക്ഷത്തിൽ, ഇപ്പോൾ സുവാർത്തയെ നിസ്സാരമാക്കുന്ന അനേകരെപ്പോലെ, ചിലർ ‘ഞങ്ങൾ നിന്നെ മറെറാരു സമയത്തു കേൾക്കാം’ എന്നു പറഞ്ഞു. എന്നാൽ ന്യായാധിപതിയായ ദിയനുസ്യോസും മററു ചിലരും വിശ്വാസികളായിത്തീർന്നു.
ദൈവവചനം കൊരിന്തിൽ പ്രബലപ്പെടുന്നു
13. പൗലോസ് ശുശ്രൂഷയിൽ തന്നേത്തന്നെ പോററിയതെങ്ങനെ, നാം ആധുനികകാലത്തെ ഏതു സമാന്തരം കാണുന്നു?
13 പൗലോസ് അഖായപ്രവിശ്യയുടെ തലസ്ഥാനമായിരുന്ന കൊരിന്തിലേക്കുപോയി. (18:1-11) അവിടെ അവൻ അക്വിലായെയും പ്രിസ്ക്കില്ലയെയും കണ്ടെത്തി, അവർ റോമാപൗരൻമാരല്ലാത്ത യഹൂദൻമാർ റോം വിട്ടുപോകണമെന്ന് ക്ലൗദ്യസ് കൈസർ ആജ്ഞാപിച്ചപ്പോൾ അവിടെ എത്തിയവരായിരുന്നു. ശുശ്രൂഷയിൽ തന്നേത്തന്നെ പോററുന്നതിന് പൗലോസ് ഈ ക്രിസ്തീയ ദമ്പതികളോടുകൂടെ കൂടാരങ്ങൾ ഉണ്ടാക്കി. (1 കൊരിന്ത്യർ 16:19; 2 കൊരിന്ത്യർ 11:9) കട്ടിയുള്ള കോലാട്ടിൻരോമംകൊണ്ടുള്ള തുണി വെട്ടി തയ്ക്കുന്നത് കഠിനജോലിയായിരുന്നു. അതുപോലെതന്നെ, യഹോവയുടെ സാക്ഷികൾ ലൗകികജോലിചെയ്ത് തങ്ങളുടെ ഭൗതികാവശ്യങ്ങൾക്കുവേണ്ടി കരുതുന്നു, എന്നാൽ അവരുടെ തൊഴിൽ ശുശ്രൂഷയാണ്.
14. (എ) കൊരിന്തിലെ യഹൂദൻമാരിൽനിന്ന് തുടർച്ചയായ എതിർപ്പിനെ അഭിമുഖീകരിച്ചപ്പോൾ പൗലോസ് എന്തു ചെയ്തു? (ബി) പൗലോസ് കൊരിന്തിൽ കഴിയണമെന്ന് അവനു ഉറപ്പുകൊടുക്കപ്പെട്ടതെങ്ങനെ, ഇന്ന് യഹോവയുടെ ജനം നയിക്കപ്പെടുന്നതെങ്ങനെ?
14 പൗലോസ് യേശുവിന്റെ മശിഹൈകപദവിയെ ഘോഷിച്ചപ്പോൾ കൊരിന്തിലെ യഹൂദൻമാർ അവനെ ദുഷിച്ചു സംസാരിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് അവൻ ഉത്തരവാദിത്തമൊഴിയുന്നതിന് അങ്കികളൂരുകയും ഒരു റോമാക്കാരനായിരിക്കാനിടയുള്ള തീത്തോസ് യുസ്തോസിന്റെ വീട്ടിൽ യോഗങ്ങൾ നടത്തിത്തുടങ്ങുകയുംചെയ്തു. (സിന്നഗോഗിന്റെ മുൻ അദ്ധ്യക്ഷനായിരുന്ന ക്രിസ്പസും അയാളുടെ കുടുംബവും ഉൾപ്പെടെ) അനേകർ സ്നാപനമേററ വിശ്വാസികളായിത്തീർന്നു. യഹൂദ്യപിണക്കം കൊരിന്തിൽ കഴിയുന്നതിനെക്കുറിച്ച് പൗലോസ് സംശയിക്കാനിടയാക്കിയെങ്കിൽ, ദർശനത്തിൽ കർത്താവ് അവനോട് ഇങ്ങനെ പറഞ്ഞപ്പോൾ സംശയം അപ്രത്യക്ഷമായി: ‘ഭയപ്പെടേണ്ട. പ്രസംഗിച്ചുകൊണ്ടേയിരിക്കുക, എന്തുകൊണ്ടെന്നാൽ ഞാൻ നിന്നോടുകൂടെയുണ്ട്, യാതൊരു മനുഷ്യനും നിനക്കു ഉപദ്രവംചെയ്യുകയില്ല. ഈ നഗരത്തിൽ എനിക്ക് അനേകരുണ്ട്.’ അതുകൊണ്ടു പൗലോസ് അവിടെ ദൈവവചനം പഠിപ്പിച്ചുകൊണ്ടേയിരുന്നു, ആകെ ഒരു വർഷവും ആറുമാസവും. യഹോവയുടെ ജനത്തിന് ഇപ്പോൾ ദർശനങ്ങൾ കിട്ടുന്നില്ലെങ്കിലും പ്രാർത്ഥനയും പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശവും രാജ്യതാത്പര്യങ്ങളെ ബാധിക്കുന്ന ജ്ഞാനപൂർവകമായ സമാനതീരുമാനങ്ങൾ ചെയ്യാൻ അവരെ സഹായിക്കുന്നു.
15. പൗലോസ് പ്രോകോൺസലായിരുന്ന ഗല്ലിയോയുടെ മുമ്പാകെ കൊണ്ടുപോകപ്പെട്ടപ്പോൾ എന്തു സംഭവിച്ചു?
15 യഹൂദൻമാർ പൗലോസിനെ പ്രോകോൺസലായിരുന്ന ജൂനിയസ് ഗല്ലിയോയുടെ അടുക്കലേക്കു കൊണ്ടുപോയി. (18:12-17) പൗലോസ് നിയമവിരുദ്ധമായിട്ടാണ് മതപരിവർത്തനംചെയ്യിക്കുന്നതെന്ന് അവർ സൂചിപ്പിച്ചു—ഇത് ഗ്രീക്ക് വൈദികർ ഇപ്പോൾ യഹോവയുടെ സാക്ഷികൾക്കെതിരെ ഉന്നയിക്കുന്ന ഒരു വ്യാജാരോപണമാണ്. പൗലോസ് ദുഷ്ടനല്ലെന്നും യഹൂദൻമാർ റോമായുടെ യുദ്ധത്തിലും അതിന്റെ നിയമത്തിലും ശ്രദ്ധിക്കുന്നില്ലെന്നും ഗല്ലിയോയിക്ക് അറിയാമായിരുന്നു, തന്നിമിത്തം അവൻ അവരെ ഇറക്കിവിട്ടു. കാണികൾ സിനഗോഗിന്റെ പുതിയ അദ്ധ്യക്ഷനായിരുന്ന സോസ്തനേസിനെ തല്ലിയപ്പോൾ ഗല്ലിയോ ഇടപെട്ടില്ല, ഒരുപക്ഷേ, പൗലോസിനെതിരായ പ്രക്ഷോഭണത്തിന്റെ നേതാവെന്നു തോന്നിയവന് അർഹതയുള്ളതു കിട്ടുകയാണെന്ന് വിചാരിച്ചുകൊണ്ടുതന്നെ.
16. ഒരു നേർച്ചയോടുള്ള ബന്ധത്തിൽ പൗലോസിന്റെ മുടി നീളം കുറച്ചു കത്രിക്കുന്നത് അവനു സ്വീകാര്യമായിരുന്നതെന്തുകൊണ്ട്?
16 പൗലോസ് ഈജിയൻ തുറമുഖമായ കെംക്രേയയിൽനിന്ന് ഏഷ്യാമൈനറിലെ ഒരു നഗരമായ എഫേസൂസിലേക്കു കപ്പൽയാത്ര നടത്തി. (18:18-22) ആ യാത്രക്കു മുമ്പ്, ‘അവന് ഒരു നേർച്ചയുണ്ടായിരുന്നതുകൊണ്ട് അവൻ മുടി നീളംകുറച്ചു വെട്ടി.’ യേശുവിന്റെ അനുഗാമിയാകുന്നതിനു മുമ്പായിരുന്നോ പൗലോസ് നേർന്നതെന്നോ ഇത് നേർച്ചയുടെ ഘട്ടത്തിന്റെ തുടക്കമായിരുന്നോ അവസാനമായിരുന്നോ എന്നോ പറയപ്പെട്ടിട്ടില്ല. ക്രിസ്ത്യാനികൾ ന്യായപ്രമാണത്തിൻകീഴിലല്ല, എന്നാൽ അത് ദൈവം കൊടുത്തതും വിശുദ്ധവുമായിരുന്നു, അങ്ങനെയുള്ള ഒരു നേർച്ചസംബന്ധിച്ച് പാപപൂർണ്ണമായി യാതൊന്നുമില്ലായിരുന്നു. (റോമർ 6:14; 7:6, 12; ഗലാത്യർ 5:18) എഫേസൂസിൽ പൗലോസ് യഹൂദൻമാരോടു ന്യായവാദംചെയ്യുകയും ദൈവത്തിനിഷ്ടമെങ്കിൽ തിരിച്ചുവരാമെന്നു വാഗ്ദാനംചെയ്യുകയുംചെയ്തു. (ആ വാഗ്ദാനം പിന്നീട് നിവർത്തിക്കപ്പെട്ടു) സിറിയൻ അന്ത്യോക്യയിലേക്കുള്ള അവന്റെ മടങ്ങിവരവ് അവന്റെ രണ്ടാമത്തെ മിഷനറിപര്യടനത്തെ അവസാനിപ്പിച്ചു.
യഹോവയുടെ വചനം എഫേസൂസിൽ പ്രബലപ്പെടുന്നു
17. സ്നാപനത്തെസംബന്ധിച്ച്, അപ്പല്ലോസിനും മററു ചിലർക്കും എന്തു നിർദ്ദേശം ആവശ്യമായിരുന്നു?
17 പെട്ടെന്നുതന്നെ പൗലോസ് തന്റെ മൂന്നാമത്തെ മിഷനറിയാത്ര തുടങ്ങി. (ഏകദേശം ക്രി.വ. 52-56.) (18:23–19:7) അതേസമയം എഫേസൂസിൽ ആയിരുന്നപ്പോൾ അപ്പല്ലോസ് യേശുവിനെക്കുറിച്ചു പഠിപ്പിച്ചു, എന്നാൽ ന്യായപ്രമാണ ഉടമ്പടിക്കെതിരായ പാപങ്ങളുടെ അനുതാപത്തിന്റെ പ്രതീകമായുള്ള യോഹന്നാന്റെ സ്നാപനത്തെക്കുറിച്ചുമാത്രമേ അവൻ കേട്ടിരുന്നുള്ളു. പ്രിസ്ക്കില്ലായും അക്വിലായും “അവന് കൂടുതൽ ശരിയായി ദൈവത്തിന്റെ മാർഗ്ഗം വിശദീകരിച്ചുകൊടുത്തു,” യേശുവിനെപ്പോലെ സ്നാപനമേൽക്കുന്നതിൽ ഒരു വ്യക്തി ജലനിമജ്ജനത്തിനു വിധേയമാകുന്നതും പകരപ്പെടുന്ന പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതും ഉൾപ്പെടുന്നുവെന്ന് വിശദീകരിച്ചുകൊണ്ടായിരിക്കാം. ക്രി.വ. 33ൽ പരിശുദ്ധാത്വുകൊണ്ടുള്ള സ്നാപനം നടന്നശേഷം യോഹന്നാന്റെ സ്നാപനമേററ ഏതൊരാളും യേശുവിന്റെ നാമത്തിൽ വീണ്ടും സ്നാപനമേൽക്കണമായിരുന്നു. (മത്തായി 3:11, 16; പ്രവൃത്തികൾ 2:38) പിന്നീട് എഫേസൂസിൽ യോഹന്നാന്റെ സ്നാപനത്തിനു വിധേയരായിരുന്ന ഏതാണ്ടു 12 യഹൂദപുരുഷൻമാർ “കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാപനമേററു.” തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏക പുനഃസ്നാപനം ഇതായിരുന്നു. പൗലോസ് അവരുടെമേൽ കൈകൾവെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവും സ്വർഗ്ഗീയ അംഗീകാരത്തിന്റെ രണ്ട് അത്ഭുതസൂചനകളും—ഭാഷകളിലുള്ള സംസാരവും പ്രവചിക്കലും—സ്വീകരിക്കുകയും ചെയ്തു.
18. എഫേസൂസിലായിരുന്നപ്പോൾ, പൗലോസ് എവിടെ സാക്ഷീകരിച്ചു, എന്തു ഫലങ്ങളോടെ?
18 പൗലോസ് തീർച്ചയായും 3,00,000ത്തോളം നിവാസികളുള്ള ഒരു നഗരമായിരുന്ന എഫേസൂസിൽ തിരക്കുള്ളവനായിരുന്നു. (19:8-10) അതിലെ അർത്തേമിസ്ദേവിയുടെ ക്ഷേത്രം പുരാതനലോകത്തിലെ ഏഴ് അത്ഭുതങ്ങളിലൊന്നായിരുന്നു. അതിലെ തിയേറററിൽ 25,000പേരെ ഇരുത്താൻ കഴിയുമായിരുന്നു. സിനഗോഗിൽ പൗലോസ് ബോദ്ധ്യപ്പെടുത്തുന്ന വാദമുഖങ്ങൾ അവതരിപ്പിച്ചുകൊണ്ട് ‘പ്രേരണ ഉപയോഗിച്ചു,’ എന്നാൽ ചിലർ മാർഗ്ഗത്തെക്കുറിച്ച് അഥവാ ക്രിസ്തുവിലുള്ള വിശ്വാസത്തിലധിഷ്ഠിതമായ ജീവിതരീതിയെക്കുറിച്ച് ദുഷിച്ചുസംസാരിച്ചപ്പോൾ അവൻ പിൻമാറി. രണ്ടുവർഷക്കാലം പൗലോസ് ദിവസവും തുറന്നോസിന്റെ സ്കൂൾ ഓഡിറേറാറിയത്തിൽ പ്രസംഗിച്ചു, ആസ്യപ്രവിശ്യയിലെല്ലാം “വചനം” പരന്നു.
19. ‘യഹോവയുടെ വചനം വളരാനും പ്രബലപ്പെടാനും’ ഇടയാക്കുമാറ് എഫേസൂസിൽ എന്തു സംഭവിച്ചു?
19 രോഗശാന്തിവരുത്താനും ഭൂതങ്ങളെ പുറത്താക്കാനും പൗലോസിനെ പ്രാപ്തനാക്കിക്കൊണ്ട് ദൈവം അവന്റെ പ്രവർത്തനത്തിന് അംഗീകാരം നൽകി. (19:11-20) എന്നാൽ മുഖ്യപുരോഹിതനായ സ്കേവയുടെ ഏഴു പുത്രൻമാർ യേശുവിന്റെ നാമം ഉപയോഗിച്ചുകൊണ്ട് ഒരു ഭൂതത്തെ പുറത്താക്കുന്നതിൽ പരാജയപ്പെട്ടു, എന്തുകൊണ്ടെന്നാൽ അവർ ദൈവത്തെയും ക്രിസ്തുവിനെയും പ്രതിനിധാനംചെയ്തില്ല. ഭൂതബാധിതനായ മനുഷ്യൻ അവരെ മുറിവേൽപ്പിക്കുകപോലും ചെയ്തു! ഇതു ആളുകളെ ഭയചകിതരാക്കി, “കർത്താവായ യേശുവിന്റെ നാമം മഹിമപ്പെട്ടുകൊണ്ടേയിരുന്നു.” വിശ്വാസികളായിത്തീർന്നവർ തങ്ങളുടെ നിഗൂഢ ആചാരങ്ങളെ തള്ളിക്കളയുകയും പ്രത്യക്ഷത്തിൽ മന്ത്രങ്ങളും മാന്ത്രികവിധികളും അടങ്ങിയ തങ്ങളുടെ പുസ്തകങ്ങൾ പരസ്യമായി ചുട്ടുകളയുകയുംചെയ്തു. “അങ്ങനെ, ഒരു ശക്തമായ വിധത്തിൽ യഹോവയുടെ വചനം വളരുകയും പ്രബലപ്പെടുകയും ചെയ്തുകൊണ്ടിരുന്നു”വെന്ന് ലൂക്കോസ് എഴുതി. ഇന്നും, ദൈവദാസൻമാർ ആളുകളെ ഭൂതാരാധനയിൽനിന്നു മുക്തമാക്കാൻ സഹായിക്കുന്നു.—ആവർത്തനം 18:10-12.
മതപരമായ അസഹിഷണുത വിജയിക്കുന്നില്ല
20. എഫേസൂസിലെ വെള്ളിപ്പണിക്കാർ ഒരു കലഹം ഇളക്കിവിട്ടതെന്തുകൊണ്ട്, അത് എങ്ങനെ അവസാനിപ്പിക്കപ്പെട്ടു?
20 യഹോവയുടെ സാക്ഷികൾ മിക്കപ്പോഴും കോപാകുലരായ ജനക്കൂട്ടങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്, എഫേസൂസിലെ ക്രിസ്ത്യാനികളും അങ്ങനെ അഭിമുഖീകരിച്ചു. (19:21-41) വിശ്വാസികൾ പെരുകിയപ്പോൾ ബഹുകുചങ്ങളോടുകൂടിയ ഫലപുഷ്ടിദേവിയായിരുന്ന അർത്തേമിസിന്റെ വെള്ളിയിൽതീർത്ത ക്ഷേത്രരൂപങ്ങൾ അധികം പേർ വാങ്ങാഞ്ഞതുകൊണ്ട് ദമത്രിയസിനും മററു വെള്ളിപ്പണിക്കാർക്കും പണനഷ്ടമുണ്ടായി. ദമത്രിയസിനാൽ ഇളക്കിവിടപ്പെട്ട ഒരു ജനക്കൂട്ടം പൗലോസിന്റെ കൂട്ടാളികളായിരുന്ന ഗായസിനെയും അരിസ്തർഹോസിനെയും തിയേറററിലേക്കു കൊണ്ടുപോയി, എന്നാൽ പൗലോസ് അകത്തേക്കു പോകാൻ ശിഷ്യൻമാർ അനുവദിച്ചില്ല. ഉത്സവങ്ങളുടെയും കളികളുടെയും ചില കമ്മീഷണർമാർപോലും ആ അപകടം വരുത്തിക്കൂട്ടരുതെന്ന് അഭ്യർത്ഥിച്ചു. “എഫേസ്യരുടെ അർത്തേമിസ് മഹതിയാകുന്നു!”വെന്ന് ജനക്കൂട്ടം രണ്ടു മണിക്കൂറോളം ആർത്തുകൊണ്ടിരുന്നു. ഒടുവിൽ, (മുനിസിപ്പൽ ഭരണത്തിന്റെ തലവനായിരുന്ന) നഗര കാര്യസ്ഥൻ, കരകൗശലവിദഗ്ദ്ധർക്ക് ന്യായത്തീർപ്പുകൾ നടത്താൻ അധികാരമുള്ള ഒരു പ്രോകോൺസലിന്റെ മുമ്പിൽ തങ്ങളുടെ ആരോപണങ്ങൾ സമർപ്പിക്കാവുന്നതാണെന്ന് അല്ലെങ്കിൽ അവരുടെ കേസിന് പൗരൻമാരുടെ ഒരു “ക്രമമായ സഭയിൽ” തീർപ്പുണ്ടാക്കാമെന്ന് പറഞ്ഞു. അതല്ലെങ്കിൽ, ഈ ക്രമരഹിതമായ കൂട്ടം ഒരു ലഹളയാണെന്ന് റോമായിക്ക് ആരോപിക്കാം. അങ്ങനെ പറഞ്ഞുകൊണ്ട് അയാൾ അവരെ പിരിച്ചുവിട്ടു.
21. ഏതു വിധത്തിൽ ദൈവം പൗലോസിന്റെ വേലയെ അനുഗ്രഹിച്ചു, ഇന്നത്തെ യഹോവയുടെ സാക്ഷികളുടെ വേലയെ അവൻ എങ്ങനെ അനുഗ്രഹിക്കുന്നു?
21 ദൈവം വിവിധ പീഡാനുഭവങ്ങളെ അഭിമുഖീകരിക്കാൻ പൗലോസിനെ സഹായിക്കുകയും മതപരമായ അബദ്ധത്തെ തള്ളിയിട്ട് സത്യം സ്വീകരിക്കാൻ ആളുകളെ സഹായിക്കാനുള്ള അവൻറ ശ്രമങ്ങളെ അനുഗ്രഹിക്കുകയും ചെയ്തു. (യിരെമ്യാവ് 1:9, 10 താരതമ്യപ്പെടുത്തുക.) നമ്മുടെ സ്വർഗ്ഗീയപിതാവ് സമാനമായി നമ്മുടെ വേലയെ അനുഗ്രഹിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്! അങ്ങനെ, ഒന്നാം നൂററാണ്ടിലേപ്പോലെ ഇപ്പോഴും ‘യഹോവയുടെ വചനം വളരുകയും പ്രബലപ്പെടുകയുമാണ്.’ (w90 6⁄15)
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ പരിശുദ്ധാത്മാവിൽനിന്നുള്ള മാർഗ്ഗനിർദ്ദേശം സ്വീകരിക്കുന്നതിൽ പൗലോസ് എന്തു മാതൃകവെച്ചു?
◻ യഹോവയുടെ സാക്ഷികൾ ഇപ്പോഴും ഉപയോഗിക്കുന്ന ഏതു രീതിയിൽ പൗലോസ് കാര്യങ്ങൾ ‘വിശദീകരിക്കുകയും തെളിയിക്കുകയുംചെയ്തു.’
◻ അരയോപഗസിലെ പൗലോസിന്റെ പ്രസംഗത്തോടുള്ള പ്രതികരണങ്ങളും യഹോവയുടെ സാക്ഷികളുടെ പ്രസംഗത്തോടുള്ള പ്രതികരണങ്ങളും തമ്മിൽ എന്തു സമാന്തരമുണ്ട്?
◻ പൗലോസ് ശുശ്രൂഷയിൽ തന്നേത്തന്നെ പോററിയതെങ്ങനെ, ഇതിന് എന്ത് ആധുനിക സമാന്തരമുണ്ട്?
◻ പൗലോസിന്റെ വേലയെ ദൈവം അനുഗ്രഹിച്ചതുപോലെ ഇന്നത്തെ യഹോവയുടെ സാക്ഷികളുടെ വേലയെ അവൻ അനുഗ്രഹിച്ചിരിക്കുന്നതെങ്ങനെ?
[26, 27 പേജുകളിലെ ചിത്രങ്ങൾ]
യഹോവയുടെ വചനം പ്രബലപ്പെട്ട സ്ഥലങ്ങൾ
1. ഫിലിപ്പി
2. ഉം 3. ഉം. ഏതെൻസ്
4. ഉം 6. ഉം എഫേസൂസ്
5. റോമാ
[കടപ്പാട്]
Photo No. 4: Manley Studios