ബൈബിൾ പുസ്തക നമ്പർ 52—1 തെസ്സലൊനീക്യർ
എഴുത്തുകാരൻ: പൗലൊസ്
എഴുതിയ സ്ഥലം: കൊരിന്ത്
എഴുത്തു പൂർത്തിയായത്: പൊ.യു. ഏകദേശം 50
1. (എ) ഒന്നു തെസ്സലൊനീക്യർ എഴുതപ്പെടാനിടയായത് എങ്ങനെ? (ബി) ഇത് എപ്പോഴായിരുന്നു, അങ്ങനെ ഈ ലേഖനത്തിന് എന്തു ബഹുമതി ഉണ്ട്?
അപ്പോസ്തലനായ പൗലൊസ് തന്റെ രണ്ടാമത്തെ പ്രസംഗപര്യടനസമയത്തു മാസിഡോണിയയിലെ തെസ്സലൊനീക്യനഗരം സന്ദർശിക്കുകയും അവിടെ ഒരു ക്രിസ്തീയ സഭ സ്ഥാപിക്കുകയും ചെയ്തതു പൊ.യു. ഏതാണ്ട് 50-ാം വർഷത്തിലായിരുന്നു. ഒരു വർഷത്തിനുളളിൽ, സില്വാനോസിനോടും (അപ്പോസ്തലപ്രവൃത്തികളിലെ ശീലാസ്) തിമൊഥെയൊസിനോടുംകൂടെ കൊരിന്തിലായിരിക്കെ, തെസ്സലൊനീക്യരെ ആശ്വസിപ്പിക്കുന്നതിനും അവരെ വിശ്വാസത്തിൽ കെട്ടുപണിചെയ്യുന്നതിനും അവർക്കുളള തന്റെ ഒന്നാമത്തെ ലേഖനം എഴുതാൻ പൗലൊസ് പ്രേരിതനായി. അതു പൊ.യു. 50-ന്റെ അവസാനത്തിലായിരിക്കാനിടയുണ്ട്. ഈ ലേഖനത്തിനു ബൈബിൾകാനോന്റെ ഭാഗമായിത്തീരുന്ന പൗലൊസിന്റെ ലേഖനങ്ങളിൽ ആദ്യത്തേത് എന്നും സാധ്യതയനുസരിച്ചു മത്തായിയുടെ സുവിശേഷമൊഴിച്ചാൽ എഴുതപ്പെട്ട ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ ഒന്നാമത്തെ പുസ്തകം എന്നുമുളള ബഹുമതിയുണ്ട്.
2. ഒന്നു തെസ്സലൊനീക്യരുടെ ലേഖനകർതൃത്വത്തിനും വിശ്വാസ്യതക്കും എന്തു തെളിവുണ്ട്?
2 ഈ ലേഖനത്തിന്റെ വിശ്വാസ്യതയെയും നിർമലതയെയും പിന്താങ്ങുന്ന തെളിവ് ധാരാളമാണ്. എഴുത്തുകാരനെന്ന നിലയിൽ പൗലൊസ് പേർപറഞ്ഞു തന്നേത്തന്നെ തിരിച്ചറിയിക്കുന്നു. ഈ പുസ്തകം നിശ്വസ്ത തിരുവെഴുത്തുകളിൽ ശേഷിച്ചവയുമായി ആന്തരിക യോജിപ്പുളളതാണ്. (1 തെസ്സ. 1:1; 2:18) മുറേറേറാറിയൻ ശകലം ഉൾപ്പെടെ നിശ്വസ്ത തിരുവെഴുത്തുകളുടെ ഏററവും നേരത്തെയുളള അനേകം പുസ്തകപ്പട്ടികകളിൽ ഈ ലേഖനത്തിന്റെ പേർ പറയുന്നുണ്ട്.a സഭാസംബന്ധമായ അനേകം ആദിമ എഴുത്തുകാർ ഒന്നു തെസ്സലൊനീക്യരെ ഒന്നുകിൽ ഉദ്ധരിക്കുന്നുണ്ട് അല്ലെങ്കിൽ പരാമർശിക്കുന്നുണ്ട്, അവരിൽ അതിന്റെ പേർ എടുത്തുപറയുന്ന ഐറേനിയസ് (പൊ.യു. രണ്ടാം നൂററാണ്ട്) ഉൾപ്പെടുന്നു. പൊ.യു. ഏതാണ്ട് 200-ലെ ചെസ്ററർ ബീററി പപ്പൈറസ് നമ്പർ 2-ൽ (P46) ഒന്നു തെസ്സലൊനീക്യർ അടങ്ങിയിരിക്കുന്നു, ഇപ്പോൾ ബെൽജിയത്തിലെ കെൻറിലുളള മൂന്നാം നൂററാണ്ടിലെ മറെറാരു പപ്പൈറസിൽ (P30) ഒന്നും രണ്ടും തെസ്സലൊനീക്യരുടെ ശകലങ്ങൾ അടങ്ങിയിട്ടുണ്ട്.b
3, 4. തെസ്സലൊനീക്യയിലെ പൗലൊസിന്റെ ശുശ്രൂഷയുടെ ആദ്യകാലവിജയത്തിൽനിന്ന് എന്തു ഫലമുണ്ടായി?
3 ഈ ലേഖനം എഴുതുന്നതിനു മുമ്പത്തെ തെസ്സലൊനീക്യ സഭയുടെ ഹ്രസ്വമായ ചരിത്രത്തിലേക്കുളള ഒരു എത്തിനോട്ടം ആ നഗരത്തിലെ സഹോദരൻമാരിലുളള പൗലൊസിന്റെ അഗാധതാത്പര്യത്തിന്റെ പശ്ചാത്തലത്തെ സ്ഥിരീകരിക്കുന്നു. തുടക്കംമുതൽതന്നെ സഭ കഠിന പീഡനത്തിനും എതിർപ്പിനും വിധേയമായി. പ്രവൃത്തികൾ 17-ാം അധ്യായത്തിൽ പൗലൊസും ശീലാസും തെസ്സലൊനീക്യയിൽ വന്നെത്തിയതിനെക്കുറിച്ചു ലൂക്കൊസ് വിവരിക്കുന്നു, അവിടെ “യെഹൂദൻമാരുടെ ഒരു പളളി ഉണ്ടായിരുന്നു.” മൂന്നു ശബത്തുകളിൽ പൗലൊസ് അവരോടു പ്രസംഗിച്ചു. തിരുവെഴുത്തുകളെ ആസ്പദമാക്കി ന്യായവാദംചെയ്തുകൊണ്ട് അതിലും കൂടുതൽ കാലം അവൻ അവിടെ താമസിച്ചു എന്നു സൂചനകളുണ്ട്. കാരണം അവനു തന്റെ തൊഴിലിൽ ഏർപ്പെടുന്നതിനും, എല്ലാററിനുമുപരിയായി ഒരു സഭ സ്ഥാപിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും സമയം ലഭിച്ചിരുന്നു.—പ്രവൃ. 17:1; 1 തെസ്സ. 2:9; 1:6, 7.
4 പ്രവൃത്തികൾ 17:4-7-ലെ രേഖ തെസ്സലൊനീക്യയിലെ പൗലൊസിന്റെ പ്രസംഗത്തിന്റെ ഫലം വ്യക്തമായി വിവരിക്കുന്നു. പൗലൊസിന്റെ ക്രിസ്തീയ ശുശ്രൂഷയിലെ വിജയത്തിൽ അസൂയാലുക്കളായി യഹൂദൻമാർ ഒരു കൂട്ടപ്രക്ഷോഭണം സംഘടിപ്പിക്കുകയും നഗരത്തെ ഒരു ലഹളയിലേക്കു തളളിവിടുകയും ചെയ്തു. അവർ യാസോന്റെ വീട് ആക്രമിച്ച് അവനെയും മററു സഹോദരൻമാരെയും നഗരഭരണാധിപൻമാരുടെ അടുക്കലേക്ക് ഇഴച്ചുകൊണ്ടുപോകുകയും “ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയുമെത്തി; യാസോൻ അവരെ കൈക്കൊണ്ടും ഇരിക്കുന്നു; അവരൊക്കെയും യേശു എന്ന മറെറാരുവൻ രാജാവു എന്നു പറഞ്ഞുകൊണ്ടു കൈസരുടെ നിയമങ്ങൾക്കു പ്രതികൂലമായി പ്രവർത്തിക്കുന്നു” എന്നു മുറവിളി കൂട്ടുകയും ചെയ്തു. യാസോനും മററുളളവരും വിട്ടയയ്ക്കപ്പെടുന്നതിനു ജാമ്യം കൊടുക്കാൻ നിർബന്ധിതരായി. സഭയിലെ സഹോദരൻമാരെപ്രതിയും അതുപോലെതന്നെ അവരുടെ സ്വന്തം സുരക്ഷിതത്വത്തെപ്രതിയും പൗലൊസും ശീലാസും രാത്രിയിൽ ബെരോവക്കു പറഞ്ഞയയ്ക്കപ്പെട്ടു. എന്നാൽ തെസ്സലൊനീക്യയിലെ സഭ അപ്പോഴേക്കും സ്ഥാപിതമായിക്കഴിഞ്ഞിരുന്നു.
5. തെസ്സലൊനീക്യസഭയെ സംബന്ധിച്ച തന്റെ ഉത്ക്കണ്ഠയും സ്നേഹപൂർവകമായ താത്പര്യവും പൗലൊസ് പ്രകടമാക്കിയത് എങ്ങനെ?
5 യഹൂദൻമാരിൽനിന്നുളള ഉഗ്രമായ പീഡനം ബെരോവയിലേക്കു പൗലൊസിനെ പിന്തുടരുകയും അവന്റെ അവിടത്തെ പ്രസംഗം നിർത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. അവൻ പിന്നീടു ഗ്രീസിലെ ഏഥൻസിലേക്കു പോയി. അപ്പോഴും തെസ്സലൊനീക്യയിലെ സഹോദരൻമാർ പീഡനത്തിൻകീഴിൽ എങ്ങനെ കഴിയുന്നുവെന്നറിയാൻ അവൻ കാംക്ഷിച്ചു. അവരുടെ അടുക്കലേക്കു മടങ്ങിപ്പോകാൻ രണ്ടു പ്രാവശ്യം അവൻ ശ്രമിച്ചു, എന്നാൽ ഓരോ പ്രാവശ്യവും ‘സാത്താൻ തടുത്തു.’ (1 തെസ്സ. 2:17, 18) പഴക്കം കുറഞ്ഞ സഭയെക്കുറിച്ചുളള ഉത്ക്കണ്ഠ നിറഞ്ഞും അവർ വിധേയമായിക്കൊണ്ടിരുന്ന ഉപദ്രവത്തെക്കുറിച്ചുളള വേദനാജനകമായ അറിവോടെയും പൗലൊസ് സഹോദരൻമാരെ ആശ്വസിപ്പിക്കുന്നതിനും വിശ്വാസത്തിൽ കൂടുതൽ ഉറപ്പിക്കുന്നതിനുമായി തിമൊഥെയൊസിനെ തെസ്സലൊനീക്യയിലേക്കു തിരിച്ചയച്ചു. തിമൊഥെയൊസ് ഹൃദയോദ്ദീപകമായ റിപ്പോർട്ടുമായി തിരിച്ചെത്തിയപ്പോൾ ഉഗ്രമായ പീഡനത്തിൻമധ്യേയുളള അവരുടെ ധീരമായ നിർമലതയുടെ വാർത്തയിൽ പൗലൊസ് അതിയായി സന്തോഷിച്ചു. അവരുടെ രേഖ ഇപ്പോൾ മുഴു മാസിഡോണിയയിലും അഖായയിലുമുളള വിശ്വാസികൾക്കു മാതൃകയായിത്തീർന്നിരുന്നു. (1:6-8; 3:1-7) അവരുടെ വിശ്വസ്തമായ സഹിഷ്ണുതക്കു പൗലൊസ് യഹോവയാം ദൈവത്തോടു നന്ദിയുളളവനായിരുന്നു, എന്നാൽ അവർ തുടർന്നു പക്വതയിലേക്കു പുരോഗമിക്കുമ്പോൾ അവർക്കു കൂടുതലായ മാർഗനിർദേശവും ബുദ്ധ്യുപദേശവും ആവശ്യമായിവരുമെന്നും അവൻ തിരിച്ചറിഞ്ഞു. അതുകൊണ്ട്, തിമൊഥെയൊസിനോടും സില്വാനോസിനോടുംകൂടെ കൊരിന്തിലായിരിക്കവേ, പൗലൊസ് തെസ്സലൊനീക്യർക്കുളള തന്റെ ഒന്നാം ലേഖനമെഴുതി.
ഒന്നു തെസ്സലൊനീക്യരുടെ ഉളളടക്കം
6. പൗലൊസ് തെസ്സലൊനീക്യരെ എന്തിന് അഭിനന്ദിക്കുന്നു?
6 തെസ്സലൊനീക്യർ മററു വിശ്വാസികൾക്കു മാതൃക (1:1-10). തെസ്സലൊനീക്യരുടെ വിശ്വസ്ത വേലയെയും സ്നേഹപൂർവകമായ അധ്വാനത്തെയും പ്രത്യാശാനിർഭരമായ സഹിഷ്ണുതയെയും ഊഷ്മളമായി അഭിനന്ദിച്ചുകൊണ്ട് അവർക്കുളള തന്റെ ലേഖനം പൗലൊസ് തുടങ്ങുന്നു. അവരുടെയിടയിൽ പ്രസംഗിക്കപ്പെട്ട സുവാർത്ത വചനമായി മാത്രമായിരുന്നില്ല, പിന്നെയോ ‘ശക്തിയോടും ബഹുനിശ്ചയത്തോടും’ കൂടെയായിരുന്നു. തങ്ങൾക്കുവേണ്ടി വെച്ച മാതൃകയെ അനുകരിച്ചുകൊണ്ടു തെസ്സലൊനീക്യർ “പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ” വചനം സ്വീകരിക്കുകയും മാസിഡോണിയയിലും അഖായയിലും അതിനപ്പുറത്തുംപോലുമുളള സകല വിശ്വാസികൾക്കും അവർതന്നെ മാതൃകയായിത്തീരുകയും ചെയ്തു. അവർ ‘ജീവനുളള സത്യദൈവത്തെ സേവിപ്പാനും സ്വർഗത്തിൽനിന്നുളള അവന്റെ പുത്രനുവേണ്ടി കാത്തിരിപ്പാനും’ അവരുടെ വിഗ്രഹങ്ങളിൽനിന്നു പൂർണമായി അകന്നുമാറിയിരുന്നു.—1:5, 6, 9, 10.
7. തെസ്സലൊനീക്യരുടെ ഇടയിലായിരുന്നപ്പോൾ പൗലൊസും അവന്റെ സഹപ്രവർത്തകരും എന്തു മനോഭാവം പ്രകടമാക്കിയിരുന്നു, അവർ എന്തു ചെയ്യാൻ അവർ ഉദ്ബോധിപ്പിച്ചിരുന്നു?
7 തെസ്സലൊനീക്യരിലുളള പൗലൊസിന്റെ സ്നേഹപൂർവകമായ താത്പര്യം (2:1–3:13). ഫിലിപ്പിയിൽ ധിക്കാരപരമായ പെരുമാററത്തിനു വിധേയരായശേഷം പൗലൊസും അവന്റെ സഹപ്രവർത്തകരും തെസ്സലൊനീക്യരോടു പ്രസംഗിക്കാൻ ധൈര്യമവലംബിച്ചു. ഇത് അവർ ചെയ്തതു മനുഷ്യരെ പ്രസാദിപ്പിക്കുന്നവരോ മുഖസ്തുതി പറയുന്നവരോ മനുഷ്യരിൽനിന്നു മഹത്ത്വം തേടുന്നവരോ ആയിട്ടല്ല. മറിച്ച്, “ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോററുംപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രതയുളളവരായിരുന്നു. ഇങ്ങനെ ഞങ്ങൾ നിങ്ങളെ ഓമനിച്ചുകൊണ്ടു നിങ്ങൾക്കു ദൈവത്തിന്റെ സുവിശേഷം പ്രസംഗിപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനുംകൂടെ വെച്ചുതരുവാൻ ഒരുക്കമായിരുന്നു” എന്നു പൗലൊസ് പറയുന്നു. (2:7, 8) ഒരു പിതാവു മക്കളെ പ്രബോധിപ്പിക്കുമ്പോലെ, തന്റെ രാജ്യത്തിനും മഹത്ത്വത്തിനുമായി അവരെ വിളിച്ച ദൈവത്തിനു യോഗ്യമായി തുടർന്നു നടക്കാൻ അവർ തെസ്സലൊനീക്യരെ പ്രബോധിപ്പിച്ചുകൊണ്ടിരുന്നു.
8. തെസ്സലൊനീക്യർ പൗലൊസിന് ഒരു ആഹ്ലാദമായിത്തീർന്നിരിക്കുന്നത് എങ്ങനെ, അവർക്കുവേണ്ടി അവൻ എന്തു പ്രാർഥിക്കുന്നു?
8 സുവാർത്തയെ അതായിരിക്കുന്നതുപോലെ “ദൈവവചനമായി” മനസ്സോടെ സ്വീകരിച്ചതിനു പൗലൊസ് അവരെ അഭിനന്ദിക്കുന്നു. സ്വന്ത നാട്ടുകാരാൽ പീഡിപ്പിക്കപ്പെടുന്നത് അവർ മാത്രമല്ല, എന്തുകൊണ്ടെന്നാൽ യഹൂദ്യയിലെ ആദ്യവിശ്വാസികൾ യഹൂദൻമാരുടെ കൈയാൽ സമാനമായ പീഡനമനുഭവിച്ചു. അവരുടെ ക്ഷേമത്തിലുളള ഉത്ക്കണ്ഠയോടെ പൗലൊസ് രണ്ടു സന്ദർഭങ്ങളിൽ അവരുടെ അടുക്കലേക്കു നേരിട്ടുചെല്ലാൻ ആഗ്രഹിച്ചുവെങ്കിലും സാത്താൻ അതു വിഫലമാക്കി. പൗലൊസിനും അവന്റെ സഹപ്രവർത്തകർക്കും തെസ്സലൊനീക്യസഹോദരൻമാർ ഒരു ആഹ്ലാദകിരീടമാണ്, അവരുടെ “മഹത്വവും സന്തോഷവും” ആണ്. (2:13, 20) അവരെസംബന്ധിച്ച വിവരം കിട്ടാഞ്ഞു മേലാൽ സഹിക്കാതായപ്പോൾ അവരുടെ വിശ്വാസത്തെ ഉറപ്പിക്കുന്നതിനും അവരെ ആശ്വസിപ്പിക്കുന്നതിനുമായി പൗലൊസ് തിമൊഥെയൊസിനെ തെസ്സലൊനീക്യയിലേക്ക് അയച്ചു. ഇപ്പോൾ തിമൊഥെയൊസ് അവരുടെ ആത്മീയ അഭിവൃദ്ധിയുടെയും സ്നേഹത്തിന്റെയും സുവാർത്തയുമായി മടങ്ങിവന്നതേയുളളു. ഇത് അപ്പോസ്തലന് ആശ്വാസവും സന്തോഷവും കൈവരുത്തിയിരിക്കുന്നു. പൗലൊസ് ദൈവത്തിനു നന്ദി കൊടുക്കുകയും ദൈവം അവർക്കു വർധനവു കൊടുക്കാനും അവരുടെ സ്നേഹം പെരുകാനും അവരുടെ ഹൃദയങ്ങൾ കർത്താവായ യേശുവിന്റെ സാന്നിധ്യത്തിങ്കൽ പിതാവായ ദൈവമുമ്പാകെ “വിശുദ്ധീകരണത്തിൽ അനിന്ദ്യ”മായിരിക്കാനും പ്രാർഥിക്കുകയും ചെയ്യുന്നു.—3:13.
9. വിശുദ്ധീകരണത്തെക്കുറിച്ചും അന്യോന്യമുളള സ്നേഹത്തെക്കുറിച്ചും പൗലൊസ് എന്ത് ഉദ്ബോധിപ്പിക്കുന്നു?
9 വിശുദ്ധീകരണത്തിലും മാന്യതയിലും സേവിക്കൽ (4:1-12). ദൈവത്തെ പ്രസാദിപ്പിക്കത്തക്കവണ്ണം നടക്കുന്നതിനു പൗലൊസ് തെസ്സലൊനീക്യരെ അഭിനന്ദിക്കുന്നു. അതു കൂടുതൽ പൂർണമായി ചെയ്തുകൊണ്ടിരിക്കാൻ അവൻ അവരെ ഉദ്ബോധിപ്പിക്കുന്നു. ഓരോരുത്തരും ‘കാമവികാരത്തിലല്ല, വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടേ’ണ്ടതെങ്ങനെയെന്ന് അറിയണം. ഇതിൽ, ആരും തന്റെ സഹോദരന്റെ അവകാശങ്ങളുടെമേൽ കയ്യേററം നടത്തരുത്. എന്തുകൊണ്ടെന്നാൽ ദൈവം അവരെ “അശുദ്ധിക്കല്ല, വിശുദ്ധീകരണത്തിനത്രേ വിളിച്ചതു. ആകയാൽ തുച്ഛീകരിക്കുന്നവൻ മനുഷ്യനെ അല്ല . . . ദൈവത്തെ തന്നേ തുച്ഛീകരിക്കുന്നു.” (4:4, 5, 7, 8) തെസ്സലൊനീക്യർ പരസ്പരം സ്നേഹം കാട്ടുന്നതിനാൽ പൗലൊസ് അവരെ അഭിനന്ദിക്കുന്നു. ഇതു തികവേറിയ അളവിൽ ചെയ്തുകൊണ്ടിരിക്കുന്നതിനും ശാന്തമായി ജീവിച്ചു സ്വന്തം കാര്യം നോക്കി സ്വന്ത കൈകൊണ്ടു ജോലിചെയ്യാൻ ലക്ഷ്യംവെക്കുന്നതിനും പൗലൊസ് അവരെ ഉദ്ബോധിപ്പിക്കുന്നു. എന്തുകൊണ്ടെന്നാൽ “പുറത്തുളളവരോടു”ളള ബന്ധത്തിൽ അവർ യോഗ്യമായി നടക്കേണ്ടതാണ്.—4:12.
10. മരണത്തിൽ നിദ്രകൊണ്ടവരെക്കുറിച്ചു സഹോദരൻമാർക്ക് എന്തു മനോഭാവമുണ്ടായിരിക്കണം?
10 പുനരുത്ഥാനപ്രത്യാശ (4:13-18). മരണത്തിൽ നിദ്രകൊളളുന്നവരുടെ കാര്യത്തിൽ, പ്രത്യാശയില്ലാത്ത മററുളളവരെപ്പോലെ സഹോദരൻമാർ ദുഃഖിക്കരുത്. യേശു മരിക്കുകയും വീണ്ടും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു എന്നതാണ് അവരുടെ വിശ്വാസമെങ്കിൽ അതുപോലെതന്നെ മരണത്തിൽ നിദ്രപ്രാപിച്ച മററുളളവരെയും ദൈവം ക്രിസ്തുമുഖാന്തരം ഉയിർപ്പിക്കും. കർത്താവിന്റെ സാന്നിധ്യത്തിങ്കൽ, അവൻ ആജ്ഞാരൂപത്തിലുളള ഒരു ആഹ്വാനത്തോടെ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുകയും “ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേല്ക്കയും ചെയ്യും.” പിന്നീട്, അതിജീവിക്കുന്നവർ എല്ലായ്പോഴും കർത്താവിനോടുകൂടെ ആയിരിക്കുന്നതിന് “ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും.”—4:16, 17.
11. തെസ്സലൊനീക്യർ എന്തുകൊണ്ട് ഉണർന്നിരിക്കണം, അവർ എന്തു ചെയ്തുകൊണ്ടിരിക്കണം?
11 യഹോവയുടെ ദിവസം അടുത്തുവരുമ്പോൾ ഉണർന്നിരിക്കൽ (5:1-28). “യഹോവയുടെ ദിവസം കൃത്യമായി രാത്രിയിലെ ഒരു കളളനെപ്പോലെ വരുന്നു.” ആളുകൾ “സമാധാനവും സുരക്ഷിതത്വവും!” എന്നു പറയുമ്പോഴാണു പെട്ടെന്നുളള നാശം ക്ഷണത്തിൽ അവരുടെമേൽ വരുന്നത്. അതുകൊണ്ടു തെസ്സലൊനീക്യർ സുബോധം പാലിച്ചുകൊണ്ടും ‘വിശ്വാസവും സ്നേഹവുമാകുന്ന കവചവും രക്ഷയുടെ പ്രത്യാശ എന്ന ശിരസ്ത്രവും’ ധരിച്ചുകൊണ്ടും “വെളിച്ചത്തിന്റെ പുത്രൻമാരും പകലിന്റെ പുത്രൻമാരു”മെന്ന നിലയിൽ ഉണർന്നിരിക്കട്ടെ. (5:2, 3, 5, 8, NW) ഇത് അവർ അന്യോന്യം ആശ്വസിപ്പിച്ചും കെട്ടുപണിചെയ്തും കൊണ്ടിരിക്കാനുളള ഒരു സമയമാണ്. അവരുടെ ഇടയിൽ കഠിനവേല ചെയ്യുകയും അധ്യക്ഷത വഹിക്കുകയും ചെയ്യുന്നവർക്ക് എല്ലാവരും “സ്നേഹത്തിൽ അസാധാരണയിലുമധികമായ പരിഗണന” കൊടുക്കട്ടെ. മറിച്ച്, ക്രമംകെട്ടവരെ ബുദ്ധ്യുപദേശിക്കയും ദുർബലരെ കെട്ടുപണിചെയ്യുകയും വേണം, എല്ലാവരോടും ദീർഘക്ഷമ കാണിക്കുകയും ചെയ്യണം. അതെ, “അന്യോന്യവും എല്ലാവരോടും എപ്പോഴും നൻമ ചെയ്തുകൊണ്ടിരിപ്പിൻ” എന്നു പൗലൊസ് എഴുതുന്നു.—5:13, 15, NW.
12. ഏതു മർമപ്രധാന കാര്യങ്ങൾ സംബന്ധിച്ചു പൗലൊസ് ഒടുവിൽ ബുദ്ധ്യുപദേശം കൊടുക്കുന്നു, അവൻ തെസ്സലൊനീക്യർക്കുളള തന്റെ ലേഖനം എങ്ങനെ ഉപസംഹരിക്കുന്നു?
12 ഒടുവിൽ, പൗലൊസ് നിരവധി മർമപ്രധാനമായ കാര്യങ്ങൾസംബന്ധിച്ചു ബുദ്ധ്യുപദേശം കൊടുക്കുന്നു. ‘എല്ലാററിനും നന്ദി കൊടുത്തുകൊണ്ട് ഇടവിടാതെ പ്രാർഥിക്കുക. ആത്മാവിന്റെ തീ നിലനിർത്തുക. പ്രവചിക്കലുകളോടു ബഹുമാനം പുലർത്തുക. എല്ലാം തിട്ടപ്പെടുത്തുകയും നല്ലതിനെ മുറുകെപ്പിടിക്കുകയും ചെയ്യുക. സകല രൂപത്തിലുമുളള ദുഷ്ടതയും വർജിക്കുക.’ (5:16-22, NW) പിന്നീട് അവൻ സമാധാനത്തിന്റെ ദൈവംതന്നെ അവരെ പൂർണമായി വിശുദ്ധീകരിക്കാനും കർത്താവായ യേശുക്രിസ്തുവിന്റെ സാന്നിധ്യത്തിങ്കൽ ആത്മാവിലും ദേഹിയിലും ശരീരത്തിലും അവർ കുററമററവരായി നിൽക്കാനും പ്രാർഥിക്കുന്നു. ഊഷ്മളമായ പ്രോത്സാഹനവാക്കുകളോടെയും ലേഖനം എല്ലാ സഹോദരൻമാരെയും വായിച്ചുകേൾപ്പിക്കണമെന്നുളള ഗൗരവമായ നിർദേശത്തോടെയും അവൻ ലേഖനം അവസാനിപ്പിക്കുന്നു.
എന്തുകൊണ്ടു പ്രയോജനപ്രദം
13. പൗലൊസും അവന്റെ സഹപ്രവർത്തകരും എന്തിൽ ഒരു ശ്രേഷ്ഠമാതൃകയായിരുന്നു, മനസ്സോടെയുളള സ്നേഹപ്രകടനത്തിനു സഭയിൽ എന്തു ഫലമുണ്ട്?
13 ഈ ലേഖനത്തിൽ പൗലൊസ് തന്റെ സഹോദരൻമാർക്കുവേണ്ടി സ്നേഹമസൃണമായ താത്പര്യത്തിന്റെ മനോഭാവം പ്രകടമാക്കി. അവനും അവന്റെ സഹശുശ്രൂഷകരും ആർദ്രപ്രിയത്തിന്റെ ഒരു ശ്രേഷ്ഠമാതൃക വെക്കുകയും തെസ്സലൊനീക്യയിലെ തങ്ങളുടെ പ്രിയസഹോദരൻമാർക്കുവേണ്ടി ദൈവത്തിന്റെ സുവാർത്ത മാത്രമല്ല, സ്വന്തദേഹികളെപ്പോലും പ്രദാനംചെയ്യുകയും ചെയ്തിരുന്നു. എല്ലാ മേൽവിചാരകൻമാരും തങ്ങളുടെ സഭകളുമായി സ്നേഹത്തിന്റെ അത്തരം ബന്ധങ്ങൾ വളർത്തിയെടുക്കാൻ കഠിനയത്നം ചെയ്യട്ടെ! അത്തരം സ്നേഹപ്രകടനങ്ങൾ പരസ്പരം സ്നേഹം കാണിക്കാൻ എല്ലാവരെയും ഉത്സാഹിപ്പിക്കും, പൗലൊസ് പറഞ്ഞതുപോലെതന്നെ: “എന്നാൽ ഞങ്ങൾക്കു നിങ്ങളോടുളള സ്നേഹം വർദ്ധിക്കുന്നതുപോലെ, കർത്താവു നിങ്ങൾക്കു തമ്മിലും എല്ലാവരോടുമുളള സ്നേഹം വർദ്ധിപ്പിച്ചു കവിയു”മാറാക്കട്ടെ. ദൈവജനത്തിന്റെയെല്ലാമിടയിൽ മനസ്സോടെ പ്രകടിതമാകുന്ന ഈ സ്നേഹം ഏററം പരിപുഷ്ടിപ്പെടുത്തുന്നതാണ്. അതു “കർത്താവായ യേശു തന്റെ സകലവിശുദ്ധൻമാരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം” ഹൃദയങ്ങളെ ‘സ്ഥിരപ്പെടുത്തും.’ അതു ക്രിസ്ത്യാനികൾക്കു വിശുദ്ധിയിലും വിശുദ്ധീകരണത്തിലും നടന്ന് അങ്ങനെ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയേണ്ടതിന് അവരെ ദുഷിച്ച ഒരു അധാർമികലോകത്തിൽനിന്നു വേർപെടുത്തി നിർത്തുന്നു.—3:12, 13; 2:8; 4:1-8.
14. ഒന്നു തെസ്സലൊനീക്യർ നയത്തോടും സ്നേഹത്തോടുംകൂടിയ ബുദ്ധ്യുപദേശത്തിന്റെ ഒരു വിശിഷ്ടദൃഷ്ടാന്തമായിരിക്കുന്നത് എങ്ങനെ?
14 ഈ ലേഖനം ക്രിസ്തീയസഭയിൽ നയപൂർവകവും സ്നേഹപൂർവകവുമായ ബുദ്ധ്യുപദേശത്തിന്റെ ഒരു വിശിഷ്ടമാതൃക പ്രദാനംചെയ്യുന്നു. തെസ്സലൊനീക്യസഹോദരൻമാർ തീക്ഷ്ണതയും വിശ്വസ്തതയുമുളളവരായിരുന്നെങ്കിലും തിരുത്തേണ്ട കാര്യങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും ഓരോ സംഗതിയിലും, പൗലൊസ് സഹോദരൻമാരെ അവരുടെ നല്ല ഗുണങ്ങൾക്കുവേണ്ടി അഭിനന്ദിക്കുന്നു. ദൃഷ്ടാന്തത്തിന്, ധാർമിക അശുദ്ധിക്കെതിരെ മുന്നറിയിപ്പു കൊടുക്കുമ്പോൾ ദൈവത്തെ പ്രസാദിപ്പിക്കത്തക്കവണ്ണം നടക്കുന്നതിന് അവൻ അവരെ ആദ്യം അഭിനന്ദിക്കുന്നു, അനന്തരം ഓരോരുത്തരും വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ സൂക്ഷിച്ചുകൊണ്ട് അതു “കൂടുതൽ പൂർണമായി” ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുന്നു. പിന്നീട്, അവരുടെ സഹോദരസ്നേഹംസംബന്ധിച്ച് അവരെ അഭിനന്ദിച്ചശേഷം “തികവേറിയ അളവിൽ” ഈ വിധത്തിൽ തുടരാനും സ്വന്തം കാര്യം നോക്കാനും പുറത്തുളളവരുടെ മുമ്പാകെ യോഗ്യമായ ജീവിതം നയിക്കാനും അവൻ അവരെ ഉദ്ബോധിപ്പിക്കുന്നു. പൗലൊസ്, “തമ്മിലും എല്ലാവരോടും എപ്പോഴും നൻമചെയ്തു”കൊണ്ടിരിക്കാൻ നയപൂർവം തന്റെ സഹോദരൻമാരെ നയിക്കുന്നു.—4:1-7, 9-12, NW; 5:15.
15. തെസ്സലൊനീക്യയിലായിരുന്നപ്പോൾ പൗലൊസ് തീക്ഷ്ണതയോടെ രാജ്യപ്രത്യാശ പ്രസംഗിച്ചുവെന്ന് എന്തു സൂചിപ്പിക്കുന്നു, ഈ ബന്ധത്തിൽ ഏതു നല്ല ബുദ്ധ്യുപദേശം അവൻ കൊടുത്തു?
15 നാലു സന്ദർഭങ്ങളിൽ പൗലൊസ് യേശുക്രിസ്തുവിന്റെ “സാന്നിദ്ധ്യ”ത്തെക്കുറിച്ചു [NW] പറയുന്നു. പ്രത്യക്ഷത്തിൽ, തെസ്സലൊനീക്യയിലെ പുതു പരിവർത്തിത ക്രിസ്ത്യാനികൾ ഈ പഠിപ്പിക്കലിൽ വളരെയധികം തത്പരരായിരുന്നു. അവരുടെ നഗരത്തിലായിരുന്നപ്പോൾ, “അവർ ഒക്കെയും യേശു എന്ന മറെറാരുവൻ രാജാവു എന്നു പറഞ്ഞുകൊണ്ടു കൈസരുടെ നിയമങ്ങൾക്കു പ്രതികൂലമായി പ്രവർത്തിക്കുന്നു” എന്നു പൗലൊസിനും അവന്റെ സഹപ്രവർത്തകർക്കുമെതിരായി ഉന്നയിക്കപ്പെട്ട കുററാരോപണത്താൽ സൂചിപ്പിക്കപ്പെടുന്നതുപോലെ, പൗലൊസ് സധൈര്യം ക്രിസ്തുവിന്റെ കൈകളിലെ ദൈവരാജ്യത്തെസംബന്ധിച്ചു പ്രസംഗിച്ചിരുന്നുവെന്നതിനു സംശയമില്ല. (പ്രവൃ. 17:7; 1 തെസ്സ. 2:19; 3:13; 4:15; 5:23) തെസ്സലൊനീക്യസഹോദരൻമാർ രാജ്യത്തിൽ പ്രത്യാശ അർപ്പിച്ചിരുന്നു. ദൈവത്തിൽ വിശ്വാസമുണ്ടായിരുന്നുകൊണ്ട് അവർ വരാനിരിക്കുന്ന ക്രോധത്തിൽനിന്നു തങ്ങളെ വിടുവിക്കുന്നതിന് ‘അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച യേശു സ്വർഗ്ഗത്തിൽനിന്നു വരുന്നതു കാത്തിരിക്കുകയായിരുന്നു.’ അതുപോലെതന്നെ, ഇന്നു ദൈവരാജ്യത്തിൽ പ്രത്യാശിക്കുന്ന എല്ലാവരും, ‘തന്റെ രാജ്യത്തിനും മഹത്വത്തിനും തങ്ങളെ വിളിക്കുന്ന ദൈവത്തിനു യോഗ്യമായി നടന്നു’കൊണ്ടേയിരിക്കാൻ ഹൃദയങ്ങളെ സ്ഥിരവും കുററമററതുമാക്കി സ്നേഹത്തിൽ പെരുകിവരാനുളള ഒന്നു തെസ്സലൊനീക്യയിലെ നല്ല ബുദ്ധ്യുപദേശം അനുസരിക്കേണ്ടതുണ്ട്.—1 തെസ്സ. 1:8, 10; 3:12, 13; 2:12.
[അടിക്കുറിപ്പുകൾ]
a “ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ പ്രമുഖ ആദിമ പുസ്തകപ്പട്ടികകൾ” പേജ് 303 കാണുക.
b പുതിയനിയമ പാഠം (ഇംഗ്ലീഷ്), കർട്ടും ബാർബറാ അലൻഡും രചിച്ച് ഈ. എഫ്. റോഡ്സ് വിവർത്തനം ചെയ്തത്, 1987, പേജുകൾ 97, 99.