സത്യമതം എങ്ങനെ കണ്ടെത്താം?
‘ദൈവത്തെക്കുറിച്ചുള്ള സത്യം എന്നൊന്നുണ്ടെങ്കിൽ ഞാൻ എന്തിന് അത് അന്വേഷിച്ചു കണ്ടെത്തണം? മാനവരാശിക്കായി ദൈവത്തിന്റെ പക്കൽ ഒരു സന്ദേശമുണ്ടെങ്കിൽ എല്ലാവർക്കും എളുപ്പം മനസ്സിലാകുന്ന വിധത്തിൽ അവൻ അതു വെളിപ്പെടുത്തിത്തരില്ലേ? അപ്പോൾപ്പിന്നെ അതു കണ്ടെത്താനായി പാടുപെടേണ്ടതുണ്ടോ?’ ആളുകളുടെ മനസ്സിലൂടെ കടന്നുപോകുന്ന ചില ചോദ്യങ്ങളാണിവ.
നിസ്സംശയമായും ദൈവത്തിന് അതു ചെയ്യാനുള്ള പ്രാപ്തിയുണ്ട്. എന്നാൽ സത്യം അറിയിക്കാൻ അവൻ ഉപയോഗിക്കുന്ന മാർഗം അതാണോ?
ദൈവം സത്യം വെളിപ്പെടുത്തുന്ന മാർഗം
സത്യാന്വേഷികൾക്ക് അന്വേഷിച്ചു കണ്ടെത്താനാകുന്ന രീതിയിലാണു ദൈവം തന്റെ സന്ദേശങ്ങൾ അറിയിക്കുന്നത്. (സങ്കീർത്തനം 14:2) ഉദാഹരണത്തിന്, നൂറ്റാണ്ടുകൾക്കുമുമ്പ് ദൈവം തന്റെ ജനത്തെ അറിയിച്ച ഒരു സന്ദേശത്തെക്കുറിച്ചു ചിന്തിക്കുക. ബാബിലോണിന്റെ കയ്യാലുള്ള യെരൂശലേമിന്റെ ആസന്നമായ നാശത്തെക്കുറിച്ച് വഴിപിഴച്ച ആ ജനത്തിനു നൽകിയ മുന്നറിയിപ്പായിരുന്നു അത്. അതിനായി അവൻ തന്റെ പ്രവാചകനായ യിരെമ്യാവിനെ ഉപയോഗിച്ചു.—യിരെമ്യാവു 25:8-11; 52:12-14.
അതേസമയം മറ്റു പ്രവാചകന്മാരും തങ്ങൾ അറിയിക്കുന്നതു ദൈവത്തിൽനിന്നുള്ള സന്ദേശമാണെന്ന് അവകാശപ്പെട്ടു. യെരൂശലേമിൽ സമാധാനം ഉണ്ടാകുമെന്ന് ഹനന്യാവ് പ്രവചിച്ചു; യിരെമ്യാവ് പറഞ്ഞതിൽനിന്നു തികച്ചും വ്യത്യസ്തമായ ഒരു സന്ദേശം! ഇപ്പോൾ ജനം ആരെ വിശ്വസിക്കും, യിരെമ്യാവിനെയോ മറ്റു പ്രവാചകന്മാരെയോ?—യിരെമ്യാവു 23:16, 17; 28:1, 2, 10-17.
ആരു പറയുന്നതാണു സത്യം എന്നു വിവേചിച്ചറിയുന്നതിന്, ആത്മാർഥഹൃദയരായ യഹൂദന്മാർ യഹോവയെ ഒരു വ്യക്തിയെന്ന നിലയിൽ അടുത്തറിയേണ്ടിയിരുന്നു. അവന്റെ നിയമങ്ങളും തത്ത്വങ്ങളും ദുഷ്പ്രവൃത്തികളോടുള്ള അവന്റെ മനോഭാവവും മനസ്സിലാക്കുമ്പോൾ ‘ആരും തന്റെ ദുഷ്ടതയെക്കുറിച്ചു അനുതപിക്കുന്നില്ല’ എന്ന് യിരെമ്യാവു മുഖാന്തരം യഹോവ അരുളിച്ചെയ്ത വാക്കുകളുടെ സത്യത അവർക്കു വ്യക്തമാകുമായിരുന്നു. (യിരെമ്യാവു 8:5-7) തന്നെയുമല്ല, പരിതാപകരമായ ഈ അവസ്ഥ യെരൂശലേമിനും അതിലെ നിവാസികൾക്കും ദുരന്തഹേതുവാകുമെന്നും അവർ തിരിച്ചറിയുമായിരുന്നു.—ആവർത്തനപുസ്തകം 28:15-68; യിരെമ്യാവു 52:4-14.
ബി.സി. 607-ൽ ബാബിലോണിയർ യെരൂശലേമിനെ നശിപ്പിച്ചപ്പോൾ, ആ നഗരത്തെക്കുറിച്ചുള്ള യിരെമ്യാവിന്റെ പ്രവചനങ്ങൾ സത്യമായി ഭവിച്ചു.
അനുസരണക്കേടിന്റെ പരിണതഫലങ്ങളെക്കുറിച്ചു ദീർഘകാലം മുമ്പേ പറഞ്ഞിരുന്നെങ്കിലും ദൈവം നടപടി സ്വീകരിക്കാനുള്ള സമയം വന്നെത്തിയിരിക്കുന്നുവെന്നു തിരിച്ചറിയാൻ അവരുടെ ഭാഗത്തു ശ്രമം ആവശ്യമായിരുന്നു എന്നാണ് ഈ സംഭവം കാണിക്കുന്നത്.
ക്രിസ്തീയ സത്യത്തിന്റെ കാര്യമോ?
യേശുക്രിസ്തു ഘോഷിച്ച സത്യത്തെക്കുറിച്ച് എന്തു പറയാനാകും? ദൈവത്തിൽനിന്നുള്ള സന്ദേശമായി എല്ലാവരും അത് അംഗീകരിച്ചോ? ഇല്ല. പഠിപ്പിക്കുകയും അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് യേശു അവരുടെ ഇടയിൽത്തന്നെ ഉണ്ടായിരുന്നെങ്കിലും അവനാണു മുൻകൂട്ടി പറയപ്പെട്ട മിശിഹാ—ക്രിസ്തു അഥവാ അഭിഷിക്തൻ—എന്ന് ശ്രോതാക്കളിൽ ഭൂരിപക്ഷവും തിരിച്ചറിഞ്ഞില്ല.
ദൈവരാജ്യം എപ്പോൾ വരുമെന്നു ചോദിച്ച പരീശന്മാരോട് യേശു പറഞ്ഞു: “പ്രത്യക്ഷമായ അടയാളങ്ങളോടു കൂടെയല്ല ദൈവരാജ്യം വരുന്നത്.” അവൻ കൂട്ടിച്ചേർത്തു: “ദൈവരാജ്യം നിങ്ങളുടെ ഇടയിൽത്തന്നെയുണ്ട്.” (ലൂക്കൊസ് 17:20, 21, പി.ഒ.സി. ബൈബിൾ) ദൈവത്തിന്റെ നിയമിത ഭരണാധികാരിയായ യേശു അവരുടെ ഇടയിൽത്തന്നെ ഉണ്ടായിരുന്നു! മിശിഹൈക പ്രവചനങ്ങൾ യേശുവിൽ നിറവേറുന്നു എന്നതിന്റെ തെളിവുകൾക്കുനേരെ കണ്ണടച്ചുകളഞ്ഞ അവർ “ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു” ആയി അവനെ അംഗീകരിക്കാൻ വിസമ്മതിച്ചു.—മത്തായി 16:16.
ഒന്നാം നൂറ്റാണ്ടിൽ ക്രിസ്ത്യാനികൾ ഘോഷിച്ച സത്യത്തോടുള്ള പ്രതികരണം എന്തായിരുന്നു? ആദിമ ശിഷ്യർക്ക് ദിവ്യപിന്തുണയുണ്ടെന്ന് അവരുടെ അത്ഭുത പ്രവൃത്തികൾ തെളിവു നൽകിയെങ്കിലും ആളുകളിൽ മിക്കവർക്കും സത്യം തിരിച്ചറിയുക അത്ര എളുപ്പമായിരുന്നില്ല. (പ്രവൃത്തികൾ 8:1-8; 9:32-41) പഠിപ്പിച്ചു ‘ശിഷ്യരാക്കാനുള്ള’ നിയമനം യേശു തന്റെ അനുഗാമികൾക്കു നൽകിയതു നല്ല കാരണത്തോടെയാണ്. തിരുവെഴുത്തു സത്യങ്ങൾ കേൾക്കുകയും പഠിക്കുകയും ചെയ്ത ആത്മാർഥഹൃദയരായ സത്യാന്വേഷികൾ വിശ്വാസികളായിത്തീർന്നു.—മത്തായി 28:20; പ്രവൃത്തികൾ 5:42; 17:2-4, 32-34.
ഇന്നും ഇതു സത്യമാണ്. “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും” പ്രസംഗിക്കപ്പെടുന്നു. (മത്തായി 24:14) എന്നാൽ ദൈവത്തിൽനിന്നുള്ള സന്ദേശമാണു ഘോഷിക്കപ്പെടുന്നതെന്നു ഭൂമുഖത്തുള്ള ഓരോ വ്യക്തിക്കും തിരിച്ചറിയാനാകുംവിധം “പ്രത്യക്ഷമായ അടയാളങ്ങളോടു കൂടെയല്ല” ഇതു നിർവഹിക്കപ്പെടുന്നത്. എന്നുവരികിലും ദൈവം അംഗീകരിക്കുന്ന വിധത്തിൽ അവനെ ആരാധിക്കാൻ ആഗ്രഹിക്കുന്ന ആത്മാർഥഹൃദയർക്കു സത്യം തിരിച്ചറിയാനാകും, അവർ അതിനോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്യും.—യോഹന്നാൻ 10:4, 27.
നിങ്ങൾ ബൈബിളധിഷ്ഠിതമായ ഈ മാസിക വായിക്കുന്നു എന്നതുതന്നെ കാണിക്കുന്നത് സാധ്യതയനുസരിച്ചു നിങ്ങളൊരു സത്യാന്വേഷിയാണെന്നാണ്. ഏതു മതമാണു സത്യം പഠിപ്പിക്കുന്നതെന്ന് നിങ്ങൾക്ക് എങ്ങനെ കണ്ടെത്താം?
ഒരു പ്രായോഗിക മാർഗം
ഒന്നാം നൂറ്റാണ്ടിൽ, തന്റെ പഠിപ്പിക്കലിനോടു പ്രതികരിച്ച വിധത്തെപ്രതി ചില ബെരോവക്കാരെ അപ്പൊസ്തലനായ പൗലൊസ് അഭിനന്ദിച്ചു. പൗലൊസ് പഠിപ്പിച്ചതു സത്യമാണെന്ന് കേട്ടപാടെ അവർ വിശ്വസിച്ചില്ല, എങ്കിൽപ്പോലും ആദരവോടെ അവർ അതു ശ്രദ്ധിച്ചു. ആ സന്ദേശത്തോടുള്ള അവരുടെ പ്രതികരണത്തിൽനിന്നു നമുക്കു ചിലതു പഠിക്കാനാകും.
ബൈബിൾ പറയുന്നു: “അവർ [ബെരോവക്കാർ] തെസ്സലൊനീക്കയിലുള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനമ്പ്രതി തിരുവെഴുത്തുകളെ പരിശോധിച്ചുപോന്നു. അവരിൽ പലരും . . . വിശ്വസിച്ചു.” (പ്രവൃത്തികൾ 17:10-12) വെറുമൊരു ചടങ്ങെന്നപോലെയല്ല അവർ സത്യം അന്വേഷിച്ചത്. കേവലം ഒന്നോ രണ്ടോ പ്രാവശ്യം പൗലൊസുമായി ചർച്ചചെയ്താൽ, സത്യത്തിനായുള്ള അന്വേഷണം പൂർത്തിയാകുമെന്ന് അവർ കരുതിയില്ല.
ബെരോവക്കാർ ‘വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടു’ എന്നതു ശ്രദ്ധിക്കുക. തിരുവെഴുത്തുകൾ പഠിക്കുന്നതിനോടുള്ള അവരുടെ മനോഭാവത്തെക്കുറിച്ച് ഇതിൽനിന്നു നമുക്കു ചിലതു മനസ്സിലാക്കാനാകും. എല്ലാം കണ്ണുമടച്ചു വിശ്വസിക്കുന്നവരോ കേട്ടപാടെ തള്ളിക്കളയുന്നവരോ ആയിരുന്നില്ല അവർ. ദൈവത്തിന്റെ പ്രതിനിധിയായ പൗലൊസിന്റെ വാക്കുകൾ അവർ വിമർശനബുദ്ധിയോടെയല്ല എടുത്തത്.
മറ്റൊരു കാര്യം ശ്രദ്ധിക്കുക. ക്രിസ്ത്യാനിത്വത്തെക്കുറിച്ചു ബെരോവക്കാർ കേൾക്കുന്നത് ആദ്യമായിട്ടായിരുന്നു. കേട്ട കാര്യങ്ങൾ അവിശ്വസനീയമായി അവർക്കു തോന്നിയിരിക്കാം. എന്നാൽ അത് അപ്പാടെ തള്ളിക്കളയുന്നതിനു പകരം പൗലൊസ് പറഞ്ഞത് “അങ്ങനെ തന്നെയോ” എന്നറിയാൻ അവർ തിരുവെഴുത്തുകളെ ശ്രദ്ധാപൂർവം പരിശോധിച്ചു. ശുഷ്കാന്തിയോടെ അങ്ങനെ ചെയ്ത ബെരോവയിലും തെസ്സലൊനീക്കയിലുമുള്ളവർ വിശ്വാസികളായിത്തീർന്നു എന്നതു ശ്രദ്ധേയമാണ്. (പ്രവൃത്തികൾ 17:4, 12) ദൈവത്തെക്കുറിച്ചുള്ള സത്യം കണ്ടെത്താനാവില്ല എന്നു നിഗമനം ചെയ്തുകൊണ്ട് അവർ പിന്മാറിയില്ല. അവർ സത്യമതം കണ്ടെത്തുകതന്നെ ചെയ്തു.
സത്യം ആളുകളെ സ്വാധീനിക്കുന്ന വിധം
ഒരുവൻ ബെരോവക്കാരെപ്പോലെ സത്യം കണ്ടെത്തിക്കഴിഞ്ഞാൽ ഉത്സാഹപൂർവം അതു മറ്റുള്ളവരുമായി പങ്കുവെക്കും. എന്നാൽ എല്ലാവർക്കും ഇത് ഇഷ്ടപ്പെട്ടെന്നുവരില്ല. എല്ലാ മതങ്ങളും ഒരുപോലെയാണെന്നും അവയിലെല്ലാം സത്യമുണ്ടെന്നും വിശ്വസിക്കുന്നതാണു താഴ്മ എന്ന് അവർ പറഞ്ഞേക്കാം. എന്നാൽ ഒരുവൻ ബൈബിളിലെ സത്യം തിരിച്ചറിഞ്ഞാൽ, അതാണു യഥാർഥ സത്യം എന്ന ബോധ്യം അത് അദ്ദേഹത്തിൽ ഉളവാക്കുന്നു. ‘സത്യം കണ്ടെത്താനാകുമോ?’ ‘എല്ലാ മതങ്ങളും രക്ഷയിലേക്കു നയിക്കുമോ?’ എന്നീ സംശയങ്ങൾ അദ്ദേഹത്തിൽ അവശേഷിക്കില്ല. സത്യം കണ്ടെത്തുന്നതിനു പക്ഷേ ആത്മാർഥമായി കാര്യങ്ങളെ പരിശോധിച്ചു വിലയിരുത്തേണ്ടതുണ്ട്. അതിനു താഴ്മ കൂടിയേ തീരൂ.
യഹോവയുടെ സാക്ഷികൾ കാര്യങ്ങളെ ഈ രീതിയിൽ പരിശോധിച്ചു വിലയിരുത്തിയിരിക്കുന്നു. അതുകൊണ്ടാണ് സത്യമതം കണ്ടെത്തിയിരിക്കുന്നു എന്ന് അവർ ഉറച്ചുവിശ്വസിക്കുന്നത്. ആരാണ് ഇന്നു സത്യമതം ആചരിക്കുന്നതെന്നു തിരുവെഴുത്തുകൾ പരിശോധിച്ചു കണ്ടെത്താൻ അവർ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെക്കുറിച്ചുള്ള ചില വിവരങ്ങൾ ഈ പേജിലെതന്നെ ചതുരത്തിൽ കാണാനാകും. നിങ്ങളുടെ അന്വേഷണത്തിന് ഒരു തുടക്കമിടാൻ ഇതു സഹായിച്ചേക്കും. എന്നാൽ സത്യമതം കണ്ടെത്തുന്നതിൽ ഇതിലധികം ഉൾപ്പെട്ടിട്ടുണ്ട് എന്നതിൽ സംശയമില്ല.
ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്ന കാര്യങ്ങളിലേക്കു ചൂഴ്ന്നിറങ്ങുന്നതിന് യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കുക. അങ്ങനെ ചെയ്യുന്നത് സത്യമതം ഏതെന്നു തിരിച്ചറിയാൻ നിങ്ങളെ സഹായിക്കും.
[27-ാം പേജിലെ ചതുരം]
സത്യമതത്തിന്റെ പ്രത്യേകതകൾ
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ ഉപദേശങ്ങളും ആചാരങ്ങളും:
◼ ദൈവവചനമായിരുന്നു അവരുടെ വഴികാട്ടി.—2 തിമൊഥെയൊസ് 3:16,17; 2 പത്രൊസ് 1:21.
◼ യേശു ദൈവത്തിന്റെ പുത്രനാണെന്നും അതുകൊണ്ട് അവൻ ദൈവത്തോടു സമനല്ലെന്നും വേറിട്ട ഒരു വ്യക്തിയാണെന്നും അവർ പഠിപ്പിച്ചു.—1 കൊരിന്ത്യർ 11:3; 1 പത്രൊസ് 1:3.
◼ മരിച്ചവർ പുനരുത്ഥാനം പ്രാപിച്ച് ജീവനിലേക്കു തിരികെവരുമെന്ന് അവർ പഠിപ്പിച്ചു.—പ്രവൃത്തികൾ 24:15.
◼ അന്യോന്യമുള്ള സ്നേഹത്തെപ്രതി അവർ പരക്കെ അറിയപ്പെട്ടിരുന്നു.—യോഹന്നാൻ 13:34, 35.
◼ ഓരോ വ്യക്തിയും സ്വന്തമായ വിധത്തിലല്ല ദൈവത്തെ ആരാധിച്ചിരുന്നത്, അവർ ഓരോരുത്തരും പ്രാദേശിക സഭകളുടെ ഭാഗമായിരുന്നു. ക്രിസ്തുവിനെ ശിരസ്സായി അംഗീകരിച്ചിരുന്ന മേൽവിചാരകന്മാരുടെയും ഒരു കേന്ദ്ര ഭരണസംഘത്തിന്റെയും കീഴിൽ അവർ ഏകീകരിക്കപ്പെട്ടിരുന്നു.—പ്രവൃത്തികൾ 14:21-23; 15:1-31; എഫെസ്യർ 1:22; 1 തിമൊഥെയൊസ് 3:1-13.
◼ മനുഷ്യവർഗത്തിന്റെ ഏകപ്രത്യാശയായ ദൈവരാജ്യത്തെക്കുറിച്ചു ഘോഷിക്കുന്നതിൽ തീക്ഷ്ണതയുള്ളവരായിരുന്നു അവർ.—മത്തായി 24:14; 28:19, 20; പ്രവൃത്തികൾ 1:8.
[25-ാം പേജിലെ ചിത്രം]
യിരെമ്യാവിന്റെ വാക്കുകൾക്കു കടകവിരുദ്ധമായി പലരും പ്രവചിച്ച സ്ഥിതിക്ക് ദൈവത്തിന്റെ പ്രവാചകനെ ജനങ്ങൾക്ക് എങ്ങനെ തിരിച്ചറിയാനാകുമായിരുന്നു?
[26, 27 പേജുകളിലെ ചിത്രങ്ങൾ]
ഒന്നാം നൂറ്റാണ്ടിലെ ബെരോവക്കാർ പൗലൊസിന്റെ വാക്കുകൾ ശ്രദ്ധിച്ചുകേട്ടു, അവൻ പറഞ്ഞതു സത്യമാണെന്ന് ഉറപ്പുവരുത്താൻ അവർ തിരുവെഴുത്തുകൾ പരിശോധിച്ചുനോക്കി
[26, 27 പേജുകളിലെ ചിത്രം]
സത്യമതത്തെ തിരിച്ചറിയാൻ ബൈബിളിന്റെ ശ്രദ്ധാപൂർവമായ പഠനം നിങ്ങളെ സഹായിക്കും