ബൈബിളിന്റെ വീക്ഷണം
അഹങ്കാരത്തെയും അഭിമാനത്തെയും ദൈവം വീക്ഷിക്കുന്നത് എങ്ങനെ?
മാരകമായ ഏഴു പാപങ്ങളിൽ ഒന്നാമത്തേത് അഹങ്കാരം ആണെന്ന് ഒരു പരമ്പരാഗത മൊഴിയുണ്ട്. എങ്കിലും, ആ ചിന്താഗതിക്ക് ഇപ്പോൾ തെല്ലും പ്രസക്തി ഇല്ലെന്ന് അനേകരും വിചാരിക്കുന്നു. 21-ാം നൂറ്റാണ്ടിന്റെ പടിവാതിൽക്കൽ എത്തിയിരിക്കവെ, അഹങ്കാരം ഒരു പാപമായിട്ടല്ല മറിച്ച് ഒരു നേട്ടമായിട്ടാണു കരുതപ്പെടുന്നത്.
എങ്കിലും, മോശമായ അർഥത്തിലാണു ബൈബിൾ അഹങ്കാരത്തെ ചിത്രീകരിക്കുന്നത്. സദൃശവാക്യങ്ങൾ എന്ന ബൈബിൾ പുസ്തകത്തിൽ മാത്രമായി അഹങ്കാരത്തെ അപലപിക്കുന്ന നിരവധി പ്രസ്താവനകൾ കാണാം. ഉദാഹരണത്തിന്, സദൃശവാക്യങ്ങൾ 8:13 ഇങ്ങനെ പറയുന്നു: “ഡംഭം, അഹങ്കാരം, ദുർമ്മാർഗ്ഗം, വക്രതയുള്ള വായ് എന്നിവയെ ഞാൻ പകെക്കുന്നു.” സദൃശവാക്യങ്ങൾ 16:5 ഇങ്ങനെ പ്രസ്താവിക്കുന്നു: “ഗർവ്വമുള്ള [“അഹങ്കാരമുള്ള,” NW] ഏവനും യഹോവെക്കു വെറുപ്പു.” 18-ാം വാക്യം ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “നാശത്തിന്നു മുമ്പെ ഗർവ്വം [“അഹങ്കാരം,” NW]; വീഴ്ചക്കു മുമ്പെ ഉന്നതഭാവം.”
അഹങ്കാരത്തെ കുറിച്ചു ബൈബിൾ പറയുന്നത്
അഹങ്കാരത്തെ, അമിതമായ ആത്മാഭിമാനം അതായത്, ഒരുവനു തന്റെ കഴിവിലും സൗന്ദര്യത്തിലും സമ്പത്തിലും വിദ്യാഭ്യാസത്തിലും യശസ്സിലും മറ്റുമുള്ള അനുചിത ശ്രേഷ്ഠ ചിന്താഗതി എന്നു നിർവചിക്കാവുന്നതാണ്. അവജ്ഞയോടെയുള്ള പെരുമാറ്റം, പൊങ്ങച്ചം, ധിക്കാരം, ഗർവം എന്നിവയിലൂടെ അതു പ്രകടമായേക്കാം. തന്നെക്കുറിച്ചുതന്നെ വേണ്ടതിലധികം ഭാവിക്കുന്നത് ഒരുവൻ ആവശ്യമായ തിരുത്തലുകൾ സ്വീകരിക്കാതിരിക്കാനും തെറ്റുകൾ സമ്മതിച്ച് ക്ഷമാപണം നടത്താതിരിക്കാനും വിട്ടുകൊടുക്കാതിരിക്കാനും താഴ്ന്നു കൊടുക്കാതിരിക്കാനും ഇടയാക്കിയേക്കാം. കൂടാതെ, ആരെങ്കിലും പറഞ്ഞതോ ചെയ്തതോ ആയ കാര്യങ്ങളിൽ അനാവശ്യമായി മുഷിയുന്നതിനും അത് ഇടവരുത്തിയേക്കാം.
എല്ലായ്പോഴും തങ്ങളുടേതായ രീതിയിൽ കാര്യങ്ങൾ നടക്കണമെന്ന്, അല്ലാത്തപക്ഷം അതു നടക്കരുതെന്ന്, അഹങ്കാരികൾ നിർബന്ധം പിടിച്ചേക്കാം. അത്തരം മനോഭാവം മിക്കപ്പോഴും ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിലുള്ള വഴക്കുകളിൽ കലാശിക്കുന്നത് അസാധാരണമല്ല. വംശത്തെയോ രാഷ്ട്രത്തെയോ കുറിച്ചുള്ള ഉന്നതഭാവം നിരവധി യുദ്ധങ്ങൾക്കും രക്തച്ചൊരിച്ചിലുകൾക്കും വഴിമരുന്നിട്ടിരിക്കുന്നു. ബൈബിൾ പറയുന്നപ്രകാരം, ദൈവത്തിന്റെ ഒരു ആത്മപുത്രന്റെ മത്സരത്തിനു വഴിതെളിച്ചത് അഹങ്കാരമാണ്. അങ്ങനെ അവൻ സ്വയം പിശാചായ സാത്താൻ ആയിത്തീർന്നു. ക്രിസ്തീയ മൂപ്പന്മാർക്ക് ഉണ്ടായിരിക്കേണ്ട യോഗ്യതകളെ കുറിച്ചു പൗലൊസ് ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “നിഗളിച്ചിട്ടു [“അഹങ്കരിച്ചിട്ട്,” NW] പിശാചിന്നു വന്ന ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ പുതിയ ശിഷ്യനും അരുതു.” (1 തിമൊഥെയൊസ് 3:6; യെഹെസ്കേൽ 28:13-17 താരതമ്യം ചെയ്യുക.) ഇതെല്ലാമാണ് അഹങ്കാരത്തിന്റെ തിക്തഫലങ്ങൾ എങ്കിൽ ദൈവം അതിനെ കുറ്റംവിധിക്കുന്നതിൽ അതിശയിക്കാനില്ല. എന്നാൽ, അഭിമാനം സംബന്ധിച്ചെന്ത്?
അഭിമാനത്തെ കുറിച്ചു ബൈബിൾ പറയുന്നത്
“അഭിമാനിക്കുക, ആഹ്ലാദിക്കുക, വമ്പു പറയുക” എന്നിങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്ന കാഫ്കായോമെ എന്ന ക്രിയാപദം ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ മോശമായ അർഥത്തിലും നല്ല അർഥത്തിലും ഉപയോഗിച്ചിരിക്കുന്നു. ഉദാഹരണത്തിന്, പൗലൊസ് ഇങ്ങനെ പറയുന്നു: “ദൈവമഹത്വത്തിൽ പങ്കുചേരാമെന്ന പ്രത്യാശയിൽ നമുക്ക് അഭിമാനിക്കാം.” അവൻ ഇങ്ങനെയും ശുപാർശ ചെയ്യുന്നു: “പ്രശംസിക്കുന്നവൻ [ഗ്രീക്ക്: കാഫ്കായോമെ, “വമ്പു പറയുന്നവൻ,” NW] കർത്താവിൽ പ്രശംസിക്കട്ടെ [ഗ്രീക്ക്: കാഫ്കായോമെ, “വമ്പു പറയുന്നവൻ,” NW].” (റോമർ 5:2, പി.ഒ.സി. ബൈബിൾ; 2 കൊരിന്ത്യർ 10:17) അതിന്റെ അർഥം, നമ്മുടെ ദൈവമെന്ന നിലയിൽ യഹോവയിൽ അഭിമാനിക്കുക എന്നാണ്. അത്തരം വികാരം നമ്മെ, അവന്റെ നല്ല നാമത്തെയും സത്കീർത്തിയെയും പ്രതി ആഹ്ലാദിക്കുന്നതിലേക്കു നയിച്ചേക്കാം.
ഉദാഹരണത്തിന്, സത്പേരിനു കളങ്കം വരുത്തുന്ന ദൂഷണത്തെ ഖണ്ഡിക്കാൻ ആഗ്രഹിക്കുന്നതു തെറ്റാണോ? ഒരിക്കലുമല്ല. നിങ്ങളുടെ കുടുംബാംഗങ്ങളെയോ നിങ്ങൾ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന മറ്റുള്ളവരെയോ കുറിച്ച് ആളുകൾ അന്യായമായി സംസാരിക്കുന്നു എന്നിരിക്കട്ടെ. അതു നിങ്ങളെ രോഷാകുലർ ആക്കുകയും അവർക്കുവേണ്ടി വാദിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുകയില്ലേ? “അനവധി സമ്പത്തിലും സൽകീർത്തി . . . നല്ലതു” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 22:1) ഒരു സന്ദർഭത്തിൽ, ഈജിപ്തിലെ അഹങ്കാരിയായ ഫറവോനോടു സർവശക്തനായ ദൈവം ഇങ്ങനെ പറഞ്ഞു: “എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിന്നും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു.” (പുറപ്പാടു 9:16) തന്റെ സത്പേരിനെയും കീർത്തിയെയും പ്രതി ദൈവം അഭിമാനം കൊള്ളുകയും അതു കാത്തുസൂക്ഷിക്കാൻ ശുഷ്കാന്തി കാട്ടുകയും ചെയ്യുന്നു. സത്പേരു കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ നമുക്കും തത്പരർ ആയിരിക്കാവുന്നതാണ്. എന്നാൽ, പൊങ്ങച്ചമോ സ്വാർഥത കലർന്ന അഹങ്കാരമോ ആയിരിക്കരുത് അതിന്റെ പിന്നിൽ.—സദൃശവാക്യങ്ങൾ 16:18.
ആരോഗ്യാവഹമായ ഏതൊരു ബന്ധത്തിനും ആദരവ് അനിവാര്യമാണ്. സഹകാരികളിൽ വിശ്വാസം നഷ്ടപ്പെടുന്നതു നമ്മുടെ സാമൂഹിക ജീവിതത്തെയും ബിസിനസിനെയും പ്രതികൂലമായി ബാധിക്കുന്നു. സമാനമായി, ഒരു സംയുക്ത സംരംഭത്തിലോ ബിസിനസ് പങ്കാളിത്തത്തിലോ ഏർപ്പെട്ടിരിക്കെ, ഒരു കക്ഷി തനിക്കോ മറ്റുള്ളവർക്കോ ചീത്തപ്പേരു വരുത്തിവെക്കുന്ന എന്തെങ്കിലും ചെയ്യുന്നതു സകലതും തകിടം മറിയാൻ കാരണമാകും. ഏതൊരു ലക്ഷ്യത്തിൽ എത്തിച്ചേരാനും സത്പേരു നിലനിർത്തേണ്ടത് ആവശ്യമാണ്. ക്രിസ്തീയ സഭയിലുള്ള മേൽവിചാരകന്മാർ “പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ച”വർ ആയിരിക്കേണ്ടതിന്റെ ഒരു കാരണം അതാണ്. (1 തിമൊഥെയൊസ് 3:7) സത്പേരു സമ്പാദിക്കാനുള്ള ആഗ്രഹത്തിനു പ്രേരകം ആയിരിക്കേണ്ടത് അഹങ്കാരം നിഴലിക്കുന്ന ആത്മപ്രശംസയല്ല, മറിച്ച് യോഗ്യവും മാന്യവുമായ രീതിയിൽ ദൈവത്തെ പ്രതിനിധാനം ചെയ്യേണ്ടിയിരിക്കുന്നു എന്ന വസ്തുതയാണ്. എന്തുതന്നെയായാലും, പുറമെയുള്ളവരുടെ മോശമായ സാക്ഷ്യം പ്രാപിച്ച ഒരു ശുശ്രൂഷകൻ എത്രകണ്ടു വിശ്വസനീയൻ ആണെന്നു പറയാനാകും?
വ്യക്തിപരമായ നേട്ടങ്ങളിൽ അഭിമാനിക്കുന്നതു സംബന്ധിച്ചോ? ദൃഷ്ടാന്തത്തിന്, കുട്ടികൾ പഠനത്തിലും മറ്റും ശോഭിക്കുമ്പോൾ മാതാപിതാക്കൾക്കുണ്ടാകുന്ന സന്തോഷത്തെ കുറിച്ചു ചിന്തിക്കുക. അത്തരമൊരു നേട്ടം സംതൃപ്തി പ്രദാനം ചെയ്യുന്നു. തെസ്സലൊനീക്യയിലെ സഹക്രിസ്ത്യാനികൾക്ക് എഴുതവെ, അവരുടെ നേട്ടങ്ങളിൽ താനും സന്തോഷിക്കുന്നതായി പൗലൊസ് എഴുതി: “സഹോദരന്മാരേ, നിങ്ങളുടെ വിശ്വാസം ഏററവും വർദ്ധിച്ചും ആളാംപ്രതി നിങ്ങൾക്കു എല്ലാവർക്കും അന്യോന്യസ്നേഹം പെരുകിയും വരികയാൽ ഞങ്ങൾ യോഗ്യമാകുംവണ്ണം ദൈവത്തിന്നു എപ്പോഴും നിങ്ങളെക്കുറിച്ചു സ്തോത്രം ചെയ്വാൻ കടമ്പെട്ടിരിക്കുന്നു. അതുകൊണ്ടു നിങ്ങൾ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണുതയും വിശ്വാസവും നിമിത്തം ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു [“അഭിമാനം കൊള്ളുന്നു,” NW].” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (2 തെസ്സലൊനീക്യർ 1:3, 4) പ്രിയപ്പെട്ടവരുടെ നേട്ടങ്ങളിൽ ആനന്ദിക്കുക തികച്ചും സ്വാഭാവികമാണ്. അങ്ങനെയെങ്കിൽ, അഹങ്കാരവും അഭിമാനവും ഏതെന്നു നിർണയിക്കുന്നത് എന്താണ്?
നമ്മുടെ സത്പേരു കാത്തുസൂക്ഷിക്കുന്നതും വിജയം നേടുന്നതും വിജയത്തിൽ സന്തോഷിക്കുന്നതുമൊന്നും അനുചിതമല്ല. എന്നിരുന്നാലും, താൻ വലിയവനാണെന്ന ഭാവവും ഡംഭും തന്നെ കുറിച്ചോ മറ്റുള്ളവരെ കുറിച്ചോ പൊങ്ങച്ചമടിക്കുന്നതും ദൈവം കുറ്റം വിധിക്കുന്നു. ആരെങ്കിലും, അഹങ്കാരംകൊണ്ടു ‘ചീർക്കുന്ന’തോ ‘ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരുന്ന’തോ ദുഃഖകരം തന്നെ. യഹോവയാം ദൈവത്തിലും അവൻ നമുക്കു വേണ്ടി ചെയ്തിരിക്കുന്ന സംഗതികളിലും അല്ലാതെ ക്രിസ്ത്യാനികൾക്കു വമ്പു പറയത്തക്കതായി അല്ലെങ്കിൽ പൊങ്ങച്ചമടിക്കത്തക്കതായി യാതൊന്നും ഇല്ല. (1 കൊരിന്ത്യർ 4:6, 7; റോമർ 12:3) യിരെമ്യാ പ്രവാചകൻ നമുക്ക് ഒരു ഉത്തമ തത്ത്വം പ്രദാനം ചെയ്യുന്നു: “പ്രശംസിക്കുന്നവനോ: [“വമ്പു പറയുന്നവനോ,” NW] യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു എന്നിങ്ങനെ എന്നെ ഗ്രഹിച്ചറിയുന്നതിൽ തന്നേ പ്രശംസിക്കട്ടെ [“വമ്പു പറയട്ടെ,” NW].”—യിരെമ്യാവു 9:24.
[20-ാം പേജിലെ ചിത്രം]
“Pope Innocent X,” by Don Diego Rodríguez de Silva Velázquez
[കടപ്പാട്]
Scala/Art Resource, NY