നിങ്ങൾക്ക് എത്രകാലം ജീവിച്ചിരിക്കാനാകും?
“അപ്പോൾ അവന്റെ ദേഹം യൌവനചൈതന്യത്താൽ പുഷ്ടിവെക്കും; അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും.”—ഇയ്യോബ് 33:25.
കുഞ്ഞുങ്ങളെ വളർത്തുക, പൂച്ചകളെ ഓടിക്കുക, എല്ലിൻകഷണങ്ങൾ ഒളിച്ചുവെക്കുക, യജമാനനെ സംരക്ഷിക്കുക തുടങ്ങി നായ്ക്കൾ സാധാരണ ചെയ്യാറുള്ള എല്ലാ കാര്യങ്ങളും പത്തോ ഇരുപതോ വർഷത്തെ ജീവിതത്തിനിടയ്ക്ക് ഒരു നായ് ചെയ്തിട്ടുണ്ടായിരിക്കും. പക്ഷേ 70-ഓ 80-ഓ വർഷത്തെ ജീവിതത്തിനു തിരശ്ശീല വീഴുമ്പോൾ, സാധിക്കുമായിരുന്നതിന്റെ ഒരംശം മാത്രമേ മനുഷ്യൻ നേടിയിട്ടുണ്ടാവുകയുള്ളൂ. സ്പോർട്സിലായിരുന്നു താത്പര്യമെങ്കിൽ, ഒന്നോ രണ്ടോ ഇനങ്ങളിൽ മാത്രമേ അവൻ മികച്ചുനിന്നിട്ടുണ്ടായിരിക്കുകയുള്ളൂ. സംഗീതം ആസ്വദിച്ചിരുന്നെങ്കിൽ, ഒന്നോ രണ്ടോ വാദ്യോപകരണങ്ങളിൽ വൈദഗ്ധ്യം നേടാനേ അവനു സാധിച്ചിരിക്കുകയുള്ളൂ. ആളുകളോട് അവരുടെ മാതൃഭാഷയിൽ സംസാരിക്കാൻ ഇഷ്ടപ്പെട്ടിരുന്നെങ്കിൽ, രണ്ടോ മൂന്നോ ഭാഷകൾ മാത്രം ഒഴുക്കോടെ സംസാരിക്കാനേ അവനു കഴിഞ്ഞിട്ടുണ്ടാവുകയുള്ളൂ. ആയുസ്സ് ഒന്നു നീട്ടിക്കിട്ടിയിരുന്നെങ്കിൽ ആളുകളെ പരിചയപ്പെടുക, പുതിയ കാര്യങ്ങൾ കണ്ടുപിടിക്കുക, ദൈവത്തോടു കൂടുതൽ അടുക്കുക തുടങ്ങി എത്രയെത്ര കാര്യങ്ങൾ അവനു സാധിക്കുമായിരുന്നു.
നിങ്ങൾ ഒരുപക്ഷേ ഇങ്ങനെ ചിന്തിച്ചേക്കാം, ‘ഇത്രയധികം കാര്യങ്ങൾ ആസ്വദിക്കാനുള്ള പ്രാപ്തിയോടെ മനുഷ്യനെ സൃഷ്ടിച്ച ദൈവം, പിന്നെ എന്തുകൊണ്ടാണ് ക്ഷണികജീവിതം നൽകി അവനെ നിരാശപ്പെടുത്തുന്നത്’? സൃഷ്ടിയിൽ തെളിഞ്ഞു കാണുന്ന ഉദ്ദേശ്യപൂർണമായ രൂപകൽപ്പനയുമായി ഒത്തുപോകുന്നതല്ല മനുഷ്യന്റെ ഹ്രസ്വമായ ആയുസ്സ്. നിങ്ങൾ ഇങ്ങനെയും ചിന്തിച്ചേക്കാം, ‘ദൈവം മനുഷ്യനെ നീതി, കരുണ തുടങ്ങിയ ഉത്കൃഷ്ട ഗുണങ്ങളോടെ സൃഷ്ടിക്കുകയും അതേസമയംതന്നെ അവനു മോശമായ വിധത്തിൽ പ്രവർത്തിക്കാനുള്ള ചായ്വു നൽകുകയും ചെയ്തത് എന്തുകൊണ്ടാണ്?’
മനോഹരമായ ഒരു കാറ് വല്ലാതെ ചളുങ്ങിയിരിക്കുന്നതായി കണ്ടാൽ അതു രൂപകൽപ്പനയുടെ ഭാഗമാണെന്നു നിങ്ങൾ വിചാരിക്കുമോ? ഒരിക്കലുമില്ല! നിങ്ങൾ ഇങ്ങനെ നിഗമനം ചെയ്തേക്കാം: ‘ഉദ്ദേശിച്ചിരുന്നതുപോലെയല്ല ഇപ്പോൾ ഈ കാറിന്റെ അവസ്ഥ. തുടക്കത്തിൽ കുഴപ്പമൊന്നും ഇല്ലാതിരുന്ന ഇതിന് ആരോ കേടുവരുത്തിയതായിരിക്കണം. സമാനമായി, നാം നിർമിക്കപ്പെട്ടിരിക്കുന്ന അദ്ഭുതകരമായ വിധത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ, തുടക്കത്തിൽ ഉദ്ദേശിച്ചിരുന്നതിൽനിന്നു വ്യത്യസ്തമാണ് നമ്മുടെ ഇപ്പോഴത്തെ അവസ്ഥ എന്ന നിഗമനത്തിൽ എത്തിച്ചേരാനേ നമുക്കു കഴിയുകയുള്ളൂ. നമ്മുടെ ഹ്രസ്വമായ ആയുസ്സും തെറ്റു ചെയ്യാനുള്ള പ്രവണതയും മനോഹരമായ കാറിലുണ്ടായ ചളുക്കം പോലെയാണ്. പൈതൃകമായി നമുക്കു ലഭിക്കേണ്ടിയിരുന്ന പൂർണ മനുഷ്യജീവന് ആരോ ഗുരുതരമായ കേടുവരുത്തി. അത് ആരാണ്? ആ കുറ്റവാളി ആരാണെന്ന് ബൈബിൾ വ്യക്തമാക്കുന്നു.
നിത്യമായി ജീവിക്കാനുള്ള പ്രാപ്തി തുടക്കത്തിൽ മനുഷ്യവർഗത്തിന് ഉണ്ടായിരുന്നെങ്കിൽ, പിന്നീട് ആ പൈതൃകത്തിനു കേടു വരുത്താൻ ആർക്കാണ് കഴിയുമായിരുന്നത്? മുഴു മനുഷ്യവർഗത്തിന്റെയും ജനയിതാവും നമ്മുടെയെല്ലാം പൂർവപിതാവുമായ ഒരാൾക്കു മാത്രം. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ തന്റെ പിൻഗാമികളുടെ മാത്രം, അതായത് മനുഷ്യവർഗത്തിലെ ഒരു ഭാഗം ആളുകളുടെ മാത്രം ജീനുകളെ തകരാറിലാക്കാനേ കഴിയുമായിരുന്നുള്ളൂ. ശ്രദ്ധേയമായ ഈ വസ്തുതയ്ക്ക് അടിവരയിട്ടുകൊണ്ട് ബൈബിൾ ഇപ്രകാരം പറയുന്നു: “അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” (റോമർ 5:12) അതുകൊണ്ട്, നമ്മുടെ പൈതൃകത്തിനു കോട്ടം വരുത്തിയതിനു തിരുവെഴുത്തുകൾ കുറ്റം വിധിക്കുന്നത് ആദാമിനെയാണ്. അങ്ങനെയെങ്കിൽ മനുഷ്യജീവൻ തുടക്കത്തിൽ എപ്രകാരമായിരുന്നു?
ജീവിതത്തിന്റെ ആദിമ ഉദ്ദേശ്യത്തിലേക്ക് ഒരു എത്തിനോട്ടം
മരണം “ലോകത്തിൽ കടന്നു” എന്നു പറയുകവഴി ബൈബിൾ സൂചിപ്പിക്കുന്നത് മനുഷ്യർ മരിക്കണമെന്ന് ആദ്യം ഉദ്ദേശിച്ചിരുന്നില്ലെന്നാണ്. ദൈവത്തിന് എതിരെ ആദ്യ മനുഷ്യൻ മത്സരിച്ചതിന്റെ ഫലമായാണ് മനുഷ്യർ വാർധക്യം പ്രാപിക്കുന്നതും മരിക്കുന്നതും. എന്നാൽ എന്നേക്കും ജീവിക്കുകയെന്ന ഉദ്ദേശ്യത്തോടെയല്ല മറ്റു ജന്തുജാലങ്ങൾ സൃഷ്ടിക്കപ്പെട്ടത്.—ഉല്പത്തി 3:21; 4:4; 9:3, 4.
മൃഗങ്ങളിൽനിന്നു വ്യത്യസ്തമായാണ് മനുഷ്യർ രൂപകൽപ്പന ചെയ്യപ്പെട്ടത്. ദൂതന്മാർ മനുഷ്യരെക്കാൾ ഉയർന്ന ജീവരൂപമായിരിക്കുന്നതുപോലെ മനുഷ്യർ മൃഗങ്ങളെക്കാൾ ഉയർന്ന ജീവരൂപമാണ്. (എബ്രായർ 2:7) മൃഗങ്ങളിൽനിന്നു വ്യത്യസ്തമായി, മനുഷ്യൻ “ദൈവത്തിന്റെ സ്വരൂപത്തി”ലാണ് സൃഷ്ടിക്കപ്പെട്ടത്. (ഉല്പത്തി 1:27) തന്നെയുമല്ല, ബൈബിൾ ആദാമിനെ “ദൈവത്തിന്റെ മകൻ” എന്നു വിളിച്ചിരിക്കുന്നു, എന്നാൽ മൃഗങ്ങൾക്ക് അത്തരമൊരു വിശേഷണം നൽകുന്നില്ല. (ലൂക്കൊസ് 3:38) അതുകൊണ്ട്, മനുഷ്യർ വാർധക്യം പ്രാപിക്കാനും മരിക്കാനും ഉദ്ദേശിച്ചിരുന്നില്ലെന്നു വിശ്വസിക്കാൻ നമുക്ക് ഈടുറ്റ കാരണമുണ്ട്. ദൈവം മരിക്കുന്നില്ല, അവൻ തന്റെ മക്കളെ സൃഷ്ടിച്ചതും മരിക്കാൻ വേണ്ടിയല്ല.—ഹബക്കൂക് 1:12, പി.ഒ.സി. ബൈബിൾ; റോമർ 8:20, 21.
മനുഷ്യജീവനെ സംബന്ധിച്ച ദൈവത്തിന്റെ ആദിമ ഉദ്ദേശ്യത്തിലേക്കു കൂടുതൽ വെളിച്ചം വീശുന്നതാണ് മനുഷ്യവർഗത്തിലെ ആദ്യ തലമുറകളുടെ ചരിത്ര രേഖകൾ. അന്നുള്ള ആളുകൾ നൂറ്റാണ്ടുകളോളം ജീവിച്ചതിനുശേഷമാണു വാർധക്യം പ്രാപിച്ചത്. ആദാമിന്റെ ആയുസ്സ് 930 വർഷമായിരുന്നു. ഏതാനും തലമുറകൾക്കുശേഷം, നോഹയുടെ പുത്രനായ ശേം 600 വർഷം ജീവിച്ചിരുന്നു, നോഹയുടെ പൗത്രനായ അർപ്പക്ഷാദിന്റെ ആയുസ്സ് 438 വർഷമായിരുന്നു.a (ഉല്പത്തി 5:5; 11:10-13) അബ്രാഹാം 175 വർഷം ജീവിച്ചിരുന്നു. (ഉല്പത്തി 25:7) ഇതു കാണിക്കുന്നത് പാപം ക്രമേണ ആയുസ്സിന്മേൽ പിടിമുറുക്കാൻ തുടങ്ങി എന്നാണ്. കാലത്തിന്റെ നീരൊഴുക്കിൽ, ആദ്യത്തെ പൂർണതയോടുകൂടിയ രൂപകൽപ്പനയിൽനിന്ന് അകന്നുമാറാൻ തുടങ്ങിയ മനുഷ്യവർഗത്തിന്റെ ആയുസ്സ് കുറഞ്ഞുകുറഞ്ഞു വന്നു. പക്ഷേ തുടക്കത്തിൽ എന്നേക്കും ജീവിക്കുന്നതിനു വേണ്ടിയാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്. അതുകൊണ്ട് ‘മനുഷ്യർ ഭൂമിയിൽ എന്നേക്കും ജീവിക്കണം എന്നുള്ളത് ഇപ്പോഴും ദൈവത്തിന്റെ ഉദ്ദേശ്യമാണോ’ എന്ന ചോദ്യം നമ്മുടെ മനസ്സിലൂടെ കടന്നുപോയേക്കാം.
വാർധക്യത്തിൽനിന്നു മോചനം
തന്നോട് അനുസരണക്കേടു കാണിക്കുന്ന ഏതൊരു വ്യക്തിയും മരണത്തിനു കീഴടങ്ങിക്കൊണ്ട് പാപത്തിനുള്ള വിലയൊടുക്കുമെന്നു യഹോവയാം ദൈവം പറഞ്ഞിരുന്നതിനാൽ, ആദാമിന്റെ പിൻഗാമികൾ ആശയറ്റ ഒരു അവസ്ഥയിലായതുപോലെ തോന്നി. (ഉല്പത്തി 2:17) എന്നിരുന്നാലും, വാർധക്യ പ്രക്രിയയിൽനിന്നു മനുഷ്യവർഗത്തെ മോചിപ്പിക്കാനുള്ള വീണ്ടെടുപ്പുവില ഒരാൾ കൊടുക്കുമെന്ന പ്രത്യാശ നിശ്വസ്ത തിരുവെഴുത്തുകൾ വെച്ചുനീട്ടി. നാം ഇങ്ങനെ വായിക്കുന്നു: “കുഴിയിൽ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ; ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു എന്നു പറയും. അപ്പോൾ അവന്റെ ദേഹം യൌവനചൈതന്യത്താൽ പുഷ്ടിവെക്കും; അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും.” (ഇയ്യോബ് 33:24, 25; യെശയ്യാവു 53:4; 12) വാർധക്യ പ്രക്രിയയിൽനിന്നു മനുഷ്യവർഗത്തെ മോചിപ്പിക്കാൻ ഒരാൾ വീണ്ടെടുപ്പുവില കൊടുക്കുമെന്ന അദ്ഭുതകരമായ പ്രത്യാശയിലേക്കാണ് ബൈബിൾ ഇവിടെ വിരൽചൂണ്ടുന്നത്.
ആർക്കാണ് ഈ വീണ്ടെടുപ്പുവില കൊടുക്കാൻ കഴിയുമായിരുന്നത്? ഈ വീണ്ടെടുപ്പുവിലയ്ക്കു പണത്തെക്കാൾ മൂല്യമുണ്ടായിരുന്നു. അപൂർണരായ മനുഷ്യരെ പരാമർശിച്ചുകൊണ്ട് ബൈബിൾ പറയുന്നു: “സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല.” (സങ്കീർത്തനം 49:7-9) എന്നിരുന്നാലും, പണത്തെക്കാൾ മൂല്യമുള്ള ഒന്ന്, അതായത് പൂർണതയുള്ള മനുഷ്യജീവൻ യേശുവിന്റെ പക്കലുണ്ടായിരുന്നു. ഭൂമിയിലായിരുന്നപ്പോൾ, ദൈവത്തിന്റെ പുത്രനെന്നനിലയിൽ ആദാമ്യപാപം അവകാശപ്പെടുത്തുന്നതിൽനിന്നു സംരക്ഷിക്കപ്പെട്ടതിനാലാണ് അവനു പൂർണതയുള്ള മനുഷ്യജീവൻ ഉണ്ടായിരുന്നത്. യേശുവിന്റെ വാക്കുകൾ അനുസരിച്ച്, “അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാ”നാണ് അവൻ വന്നത്. മറ്റൊരു അവസരത്തിൽ അവൻ പറഞ്ഞു: “അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നത്.”—മത്തായി 20:28; യോഹന്നാൻ 10:10.
നിത്യജീവന്റെ പ്രത്യാശയായിരുന്നു യേശുവിന്റെ പ്രസംഗത്തിന്റെ മുഖ്യവിഷയം. അവന്റെ വിശ്വസ്ത അനുഗാമിയായ പത്രൊസ് ഒരിക്കൽ അവനോടു പറഞ്ഞു: “നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ട്.” (യോഹന്നാൻ 6:68) നിത്യജീവൻ എന്നു പറയുമ്പോൾ യേശു എന്താണ് അർഥമാക്കിയത്?
നിത്യജീവൻ
യേശുവിന്റെ രാജ്യ ഗവൺമെന്റിന്റെ ഭാഗമെന്ന നിലയിൽ തങ്ങൾക്കു സ്വർഗത്തിൽ നിത്യജീവൻ ആസ്വദിക്കാനാകുമെന്ന് യേശുവിന്റെ അപ്പൊസ്തലന്മാർ പ്രത്യാശിച്ചിരുന്നു. (ലൂക്കൊസ് 22:29; യോഹന്നാൻ 14:3) എന്നിരുന്നാലും, ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യത്തെക്കുറിച്ചു യേശു കൂടെക്കൂടെ സംസാരിച്ചു. (മത്തായി 5:5; 6:10; ലൂക്കൊസ് 23:43) യെശയ്യാ പ്രവാചകൻ മുഖാന്തരം വളരെക്കാലം മുമ്പ് യഹോവ നൽകിയ വാഗ്ദാനങ്ങളെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു നിത്യജീവനെക്കുറിച്ചുള്ള യേശുവിന്റെ പഠിപ്പിക്കലുകളും അവൻ ചെയ്ത അദ്ഭുതങ്ങളും. യെശയ്യാ പ്രവാചകൻ ഇപ്രകാരം എഴുതി: “അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കും.” (യെശയ്യാവു 25:8) പിന്നീടൊരിക്കലും മനുഷ്യന്റെ യൗവനചൈതന്യം അപചയത്തിനു വഴിമാറുകയില്ല.
ദൈവത്തിന്റെ പുതിയ ലോകത്തിൽ, വിശ്വസ്തരായ മനുഷ്യർ പൂർണതയിലെത്തിച്ചേരുമ്പോൾ, വാർധക്യ പ്രക്രിയയിൽനിന്ന് അവർ വിടുതൽ പ്രാപിക്കും. ബൈബിൾ പറയുന്നു: “സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും” (റോമർ 8:20) അതേക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ! കാലം കടന്നുപോകവേ ആളുകളുടെ ജ്ഞാനവും അനുഭവപരിചയവും വർധിച്ചുകൊണ്ടിരിക്കും. എന്നാൽ അവരുടെ യൗവനചൈതന്യത്തിന് ഒരിക്കലും മങ്ങലേൽക്കുകയില്ല. നിങ്ങൾ അപ്പോൾ ജീവിച്ചിരിക്കുമോ?
നിങ്ങൾ എത്രകാലം ജീവിച്ചിരിക്കും?
യേശു പറഞ്ഞത് അനുസരിച്ച്, ദൈവത്തിന്റെ ന്യായവിധി ദിവസത്തെ തുടർന്ന് ഭൂമിയിൽ വളരെക്കുറച്ച് ആളുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. (മത്തായി 24:21, 22) അവൻ പറഞ്ഞു: “നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.”—മത്തായി 7:13, 14.
നിത്യജീവൻ ആസ്വദിക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കണമെങ്കിൽ, നിങ്ങൾ ദൈവത്തിന്റെ അംഗീകാരം നേടേണ്ടതുണ്ട്. ദൈവത്തെക്കുറിച്ചുള്ള അറിവു നേടുക എന്നതാണ് അതിനുള്ള ആദ്യ പടി. യേശു പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) ദൈവത്തെ നന്നായി അറിയണമെങ്കിൽ അതിനു ശ്രമം കൂടിയേതീരൂ, എന്നിരുന്നാലും അത് മൂല്യവത്താണ്. ഓരോ ദിവസത്തെയും ആഹാരത്തിനുവേണ്ടി പണം സമ്പാദിക്കാൻ ശ്രമം ആവശ്യമായിരിക്കുന്നതു പോലെയാണത്. ദൈവപരിജ്ഞാനത്തെ ആഹാരത്തോട് ഉപമിച്ചുകൊണ്ട് യേശു ഇപ്രകാരം ഉദ്ബോധിപ്പിച്ചു: “നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ.” (യോഹന്നാൻ 6:27) നിങ്ങൾ ചെയ്യുന്ന ഏതൊരു ശ്രമത്തിനും തക്ക മൂല്യമുള്ളതല്ലേ നിത്യജീവൻ?—മത്തായി 16:26.
യേശു പറഞ്ഞു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3:16) അതുകൊണ്ട്, നിങ്ങൾ എത്ര കാലം ജീവിച്ചിരിക്കും എന്നുള്ളത് ദൈവസ്നേഹത്തോടുള്ള നിങ്ങളുടെ പ്രതികരണത്തെ ആശ്രയിച്ചിരിക്കും.
[അടിക്കുറിപ്പ്]
a ഈ ബൈബിൾ വിവരണത്തിൽ പരാമർശിച്ചിരിക്കുന്ന വർഷങ്ങൾ വാസ്തവത്തിൽ മാസങ്ങളാണെന്നു ചിലർ അവകാശപ്പെടുന്നു. എന്നാൽ, അർപ്പക്ഷാദിനു 35 വയസ്സായപ്പോൾ അവൻ ശാലഹിനെ ജനിപ്പിച്ചു എന്നു വിവരണം പറയുന്നു. അപ്പോൾ 35 വർഷങ്ങളെ 35 മാസങ്ങളായി കണക്കാക്കുകയാണെങ്കിൽ മൂന്നു വയസ്സാകുന്നതിനു മുമ്പുതന്നെ അർപ്പക്ഷാദ് പിതാവായി—അതു തീർത്തും അസാധ്യമാണ്. കൂടാതെ, ഉല്പത്തി പുസ്തകത്തിലെ ആദ്യ അധ്യായങ്ങൾ സൂര്യനെ അടിസ്ഥാനമാക്കിയുള്ള വർഷങ്ങളും ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള മാസങ്ങളും വേർതിരിച്ചു കാണിക്കുന്നുണ്ട്.—ഉല്പത്തി 1:14-16; 7:11.
[7-ാം പേജിലെ ആകർഷക വാക്യം]
സാധിക്കുമായിരുന്നതിന്റെ ഒരംശം മാത്രമേ 80 വർഷത്തെ ജീവിതംകൊണ്ട് ഒരു വ്യക്തി നേടുന്നുള്ളൂ
[8-ാം പേജിലെ ആകർഷക വാക്യം]
രൂപകൽപ്പന പ്രകാരം മൃഗങ്ങളെക്കാൾ ഉയർന്ന ജീവരൂപമാണ് മനുഷ്യൻ
[7-ാം പേജിലെ ചിത്രം]
ഈ കാർ രൂപകൽപ്പന ചെയ്യപ്പെട്ടപ്പോൾ ചളുക്കമുണ്ടായിരുന്നോ?
[8, 9 പേജുകളിലെ ചിത്രം]
മനുഷ്യർ ‘ബാല്യപ്രായത്തിലേക്കു’ തിരിഞ്ഞുവരുമെന്നു ദൈവവചനം പറയുന്നു