അധ്യായം അഞ്ച്
യഹോവയുടെ ആരാധകർ ആസ്വദിക്കുന്ന സ്വാതന്ത്ര്യം
1, 2. (എ) ആദ്യ മനുഷ്യജോടിക്കു ദൈവം ഏതുതരം സ്വാതന്ത്ര്യം നൽകി? (ബി) ആദാമിന്റെയും ഹവ്വായുടെയും പ്രവർത്തനത്തെ ഭരിച്ച ചില നിയമങ്ങൾ പറയുക.
യഹോവ ആദ്യ മനുഷ്യനെയും സ്ത്രീയെയും സൃഷ്ടിച്ചപ്പോൾ, ഇന്നു മനുഷ്യർക്കുള്ള ഏതു സ്വാതന്ത്ര്യത്തെക്കാളും വളരെ മികച്ച സ്വാതന്ത്ര്യം അവർ ആസ്വദിച്ചിരുന്നു. അവരുടെ ഭവനം പറുദീസ—മനോഹരമായ ഏദെൻതോട്ടം—ആയിരുന്നു. അവരുടെ ജീവിതാസ്വാദനത്തെ തടസ്സപ്പെടുത്തുന്ന യാതൊരുവിധ രോഗങ്ങളും അവർക്ക് ഉണ്ടായിരുന്നില്ല, കാരണം അവരുടെ മനസ്സും ശരീരവും പൂർണതയുള്ളത് ആയിരുന്നു. പിന്നീടു ജനിച്ചവരുടെ കാര്യത്തിലെന്നപോലെ അവർക്കു മരണത്തെ ഭയക്കേണ്ടതില്ലായിരുന്നു. അവർ യന്ത്രമനുഷ്യർ അല്ലായിരുന്നു. മറിച്ച്, ഇച്ഛാസ്വാതന്ത്ര്യം എന്ന അത്യത്ഭുതവരം ഉള്ളവരായിരുന്നു, അതായത് സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള പ്രാപ്തി ഉള്ളവർ. എന്നാൽ, അത്തരം വിശിഷ്ട സ്വാതന്ത്ര്യം തുടർന്നും ആസ്വദിക്കുന്നതിന് അവർ ദൈവനിയമങ്ങളെ ആദരിക്കേണ്ടതുണ്ടായിരുന്നു.
2 ദൃഷ്ടാന്തത്തിന്, ദൈവം സ്ഥാപിച്ച ഭൗതിക നിയമങ്ങളെക്കുറിച്ചു ചിന്തിക്കുക. ഈ നിയമങ്ങൾ അവർക്ക് അക്ഷരീയമായി എഴുതിക്കൊടുത്തിരിക്കാൻ സാധ്യതയില്ലെന്നുള്ളതു വ്യക്തം. എങ്കിലും സ്വാഭാവികമായി അവ അനുസരിക്കത്തക്ക വിധത്തിൽ ആയിരുന്നു ആദാമും ഹവ്വായും സൃഷ്ടിക്കപ്പെട്ടത്. അവരുടെ വിശപ്പ് ഭക്ഷണം കഴിക്കാനും ദാഹം എന്തെങ്കിലും കുടിക്കാനും അതുപോലെ സൂര്യാസ്തമയം ഉറങ്ങാനും ഉള്ളതിന്റെ സൂചനകളായിരുന്നു. യഹോവ അവർക്കു വേല ചെയ്യാനുള്ള നിയമനവും നൽകിയിരുന്നു. ആ നിയമനം അവരുടെ പ്രവർത്തനഗതിയെ ഭരിക്കുമായിരുന്നതുകൊണ്ട് ഫലത്തിൽ അതൊരു നിയമം ആയിരുന്നു. അവർ മക്കളെ ജനിപ്പിക്കണമായിരുന്നു. പക്ഷിമൃഗാദികളുടെമേൽ ആധിപത്യം പുലർത്തണമായിരുന്നു. കൂടാതെ, പറുദീസ ഭൂമിയിലെങ്ങും വ്യാപിപ്പിക്കണമായിരുന്നു. (ഉല്പത്തി 1:28; 2:15) എത്ര ആനന്ദദായകമായ, പ്രയോജനപ്രദമായ നിയമം! അത് അവർക്കു തികച്ചും സംതൃപ്തികരമായ വേല നൽകി. തങ്ങളുടെ കഴിവുകൾ ഉപയോഗപ്രദമായ വിധങ്ങളിൽ പൂർണമായി വിനിയോഗിക്കാൻ അത് അവരെ പ്രാപ്തരാക്കി. കൂടാതെ, അവർക്ക് തങ്ങളുടെ നിയമനം എങ്ങനെ നിറവേറ്റണം എന്നതു സംബന്ധിച്ചു തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ഇതിലുപരി മറ്റെന്താണ് അവർക്കു വേണ്ടിയിരുന്നത്?
3. തീരുമാനങ്ങൾ എടുക്കാനുള്ള തങ്ങളുടെ സ്വാതന്ത്ര്യം ജ്ഞാനപൂർവം ഉപയോഗിക്കാൻ ആദാമിനും ഹവ്വായ്ക്കും എങ്ങനെ സാധിക്കുമായിരുന്നു?
3 തീർച്ചയായും, ആദാമിനും ഹവ്വായ്ക്കും തീരുമാനങ്ങൾ എടുക്കാനുള്ള പദവി അനുവദിച്ചുകൊടുത്തപ്പോൾ അവർ എടുക്കുന്ന ഏതു തീരുമാനവും സത്ഫലങ്ങൾ ഉളവാക്കുമെന്ന് അതർഥമാക്കിയില്ല. തീരുമാനങ്ങൾ എടുക്കാനുള്ള ആ സ്വാതന്ത്ര്യം അവർ ദൈവത്തിന്റെ നിയമങ്ങളുടെയും തത്ത്വങ്ങളുടെയും പരിധിക്കുള്ളിൽ നിന്നുകൊണ്ടു വിനിയോഗിക്കണമായിരുന്നു. ആ നിയമങ്ങളും തത്ത്വങ്ങളും അവർക്ക് എങ്ങനെ പഠിക്കാൻ കഴിയുമായിരുന്നു? സ്രഷ്ടാവിനെ ശ്രദ്ധിക്കുന്നതിനാലും അവന്റെ പ്രവൃത്തികളെ നിരീക്ഷിക്കുന്നതിനാലും. പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കാനുള്ള ബുദ്ധി ആദാമിനും ഹവ്വായ്ക്കും ദൈവം കൊടുത്തിരുന്നു. അവർ പൂർണരായി സൃഷ്ടിക്കപ്പെട്ടതിനാൽ അവരുടെ സ്വാഭാവിക പ്രവണത തീരുമാനങ്ങൾ എടുക്കുമ്പോൾ ദൈവികഗുണങ്ങൾ പ്രതിഫലിപ്പിക്കാൻ ആയിരിക്കുമായിരുന്നു. ദൈവം അവർക്കായി ചെയ്തിരുന്ന കാര്യങ്ങളെ അവർ വാസ്തവമായി വിലമതിക്കുകയും അവനെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്തിരുന്നെങ്കിൽ, അവർ ദൈവിക ഗുണങ്ങൾ പ്രതിഫലിപ്പിക്കാൻ തീർച്ചയായും ശ്രദ്ധാലുക്കൾ ആയിരിക്കുമായിരുന്നു.—ഉല്പത്തി 1:26, 27; യോഹന്നാൻ 8:29.
4. (എ) ഒരു വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കരുതെന്ന് ആദാമിനും ഹവ്വായ്ക്കും കൊടുത്ത കൽപ്പന അവരുടെ സ്വാതന്ത്ര്യത്തെ കവർന്നുകളഞ്ഞോ? (ബി) അത് ഉചിതമായ ഒരു വ്യവസ്ഥ ആയിരുന്നത് എന്തുകൊണ്ട്?
4 അവരുടെ ജീവദാതാവെന്ന നിലയിൽ തന്നോടുള്ള അവരുടെ ഭക്തിയെയും താൻ കൽപ്പിച്ചിരിക്കുന്ന പരിധിക്കുള്ളിൽ നിലനിൽക്കാനുള്ള അവരുടെ മനസ്സൊരുക്കത്തെയും പരീക്ഷിക്കാൻ ദൈവം ഉചിതമായും തീരുമാനിച്ചു. യഹോവ ആദാമിന് ഈ കൽപ്പന കൊടുത്തു: “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.” (ഉല്പത്തി 2:16, 17) ഹവ്വാ സൃഷ്ടിക്കപ്പെട്ടശേഷം അവൾക്കും ഈ നിയമത്തെ കുറിച്ച് അറിവു ലഭിച്ചു. (ഉല്പത്തി 3:2, 3) ഈ നിയന്ത്രണം അവരുടെ സ്വാതന്ത്ര്യം കവർന്നുകളഞ്ഞോ? തീർച്ചയായും ഇല്ല. സ്വാദിഷ്ടമായ എല്ലാത്തരം ഭക്ഷ്യവസ്തുക്കളും അവർക്കു യഥേഷ്ടം ആസ്വദിക്കാൻ കഴിയുമായിരുന്നതിനാൽ, ആ ഒരു വൃക്ഷഫലം തിന്നേണ്ട ആവശ്യം അവർക്കില്ലായിരുന്നു. (ഉല്പത്തി 2:8, 9) ഭൂമിയെ ദൈവം സൃഷ്ടിച്ചതായതിനാൽ അത് അവന്റേതാണെന്നും അതുകൊണ്ടുതന്നെ തന്റെ ഉദ്ദേശ്യത്തിനു യോജിക്കുന്നതും മനുഷ്യവർഗത്തിനു പ്രയോജനകരവുമായ നിയമങ്ങൾ വെക്കാനുള്ള അവകാശം അവനുണ്ടെന്നും അവർ ഉചിതമായി അംഗീകരിക്കേണ്ടിയിരുന്നു.—സങ്കീർത്തനം 24:1, 10.
5. (എ) ആദാമും ഹവ്വായും തങ്ങൾക്ക് ഉണ്ടായിരുന്ന മഹത്തായ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയത് എങ്ങനെ? (ബി) ആദാമും ഹവ്വായും ആസ്വദിച്ച സ്വാതന്ത്ര്യത്തിന്റെ സ്ഥാനത്ത് എന്തു വരാൻ ഇടയായി, നമ്മൾ ബാധിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ?
5 എന്നാൽ എന്തു സംഭവിച്ചു? സ്വാർഥപരമായ അതിമോഹത്താൽ പ്രേരിതനായി ഒരു ദൂതൻ തന്റെ ഇച്ഛാസ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുകയും സാത്താൻ—“എതിരാളി” എന്നർഥം—ആയിത്തീരുകയും ചെയ്തു. ദൈവേഷ്ടത്തിനു വിരുദ്ധമായ ഒരു കാര്യം സംബന്ധിച്ച് ഉറപ്പുകൊടുത്തുകൊണ്ട് അവൻ ഹവ്വായെ വഞ്ചിച്ചു. (ഉല്പത്തി 3:4, 5) ദൈവനിയമം ലംഘിക്കുന്നതിൽ ആദാം ഹവ്വായോടു ചേർന്നു. തങ്ങൾക്ക് അവകാശപ്പെടാത്തതു സ്വന്തമാക്കാൻ തുനിഞ്ഞതിനാൽ അവർക്കു മഹത്തായ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. പാപം അവരുടെമേൽ അധിപതി ആയിത്തീർന്നു. ദൈവം മുന്നറിയിപ്പു കൊടുത്തിരുന്നതുപോലെ ഒടുവിൽ അവർ മരിച്ചു. പാപം ആയിരുന്നു അവരുടെ സന്തതികൾക്കു പാരമ്പര്യമായി ലഭിച്ചത്—തെറ്റു ചെയ്യാനുള്ള ജന്മസിദ്ധമായ പ്രവണതയിൽ അതു ദൃശ്യമാണ്. പാപം രോഗത്തിലും വാർധക്യത്തിലും മരണത്തിലും കലാശിക്കുന്ന ദൗർബല്യങ്ങളും വരുത്തിവെച്ചു. സാത്താന്റെ സ്വാധീനത്താൽ ഒന്നുകൂടെ രൂക്ഷമായ മനുഷ്യനിലെ ഈ പാപപ്രവണത പകയുടെയും കുറ്റകൃത്യങ്ങളുടെയും അടിച്ചമർത്തലിന്റെയും മാത്രം ചരിത്രമുള്ള ഒരു മാനവസമുദായത്തെ സൃഷ്ടിച്ചിരിക്കുന്നു, കോടിക്കണക്കിനാളുകളുടെ ജീവൻ അപഹരിച്ച യുദ്ധങ്ങൾക്ക് ഇടയാക്കിയിരിക്കുന്നു. തുടക്കത്തിൽ ദൈവം മനുഷ്യവർഗത്തിനു കൊടുത്ത സ്വാതന്ത്ര്യത്തിൽനിന്ന് എത്ര വിഭിന്നമായ അവസ്ഥ!—ആവർത്തനപുസ്തകം 32:4, 5; ഇയ്യോബ് 14:1, 2; റോമർ 5:12; വെളിപ്പാടു 12:9.
സ്വാതന്ത്ര്യം കണ്ടെത്താവുന്ന സ്ഥലം
6. (എ) യഥാർഥ സ്വാതന്ത്ര്യം എവിടെ കണ്ടെത്താം? (ബി) യേശു ഏതുതരം സ്വാതന്ത്ര്യത്തെ കുറിച്ചാണു പറഞ്ഞത്?
6 ഇന്ന് എവിടെയുമുള്ള ദുരവസ്ഥകളുടെ വീക്ഷണത്തിൽ ആളുകൾ കൂടുതൽ സ്വാതന്ത്ര്യത്തിനായി കാംക്ഷിക്കുന്നതിൽ ആശ്ചര്യമില്ല. എന്നാൽ യഥാർഥ സ്വാതന്ത്ര്യം എവിടെ കണ്ടെത്താനാകും? യേശു പറഞ്ഞു: “എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.” (യോഹന്നാൻ 8:31, 32) ആളുകൾ ഒരു ഭരണാധികാരിയെ അല്ലെങ്കിൽ ഭരണകൂടത്തെ തള്ളിക്കളഞ്ഞ് മറ്റൊന്നിനെ അനുകൂലിക്കുമ്പോൾ അവർ പ്രതീക്ഷിക്കുന്ന സ്വാതന്ത്ര്യം അല്ല അത്. പകരം, ഈ സ്വാതന്ത്ര്യം മാനുഷ പ്രശ്നങ്ങളുടെ ഉൾക്കാമ്പിലേക്കുതന്നെ എത്തുന്നതാണ്. യേശു ചർച്ച ചെയ്തുകൊണ്ടിരുന്നത് പാപത്തിന്റെ അടിമത്തത്തിൽനിന്നുള്ള സ്വാതന്ത്ര്യമായിരുന്നു. (യോഹന്നാൻ 8:24, 34-36) അങ്ങനെ, ഒരു വ്യക്തി യേശുക്രിസ്തുവിന്റെ യഥാർഥ ശിഷ്യനായിത്തീരുമ്പോൾ അയാൾ തന്റെ ജീവിതത്തിൽ ഗണ്യമായ മാറ്റം അനുഭവിക്കുന്നു, യഥാർഥ സ്വാതന്ത്ര്യം!
7. (എ) നമുക്ക് ഇപ്പോൾ ഏതർഥത്തിൽ പാപത്തിൽനിന്നു സ്വതന്ത്രരാകാൻ കഴിയും? (ബി) ആ സ്വാതന്ത്ര്യം ലഭിക്കാൻ നാം എന്തു ചെയ്യണം?
7 പാപത്തോടുള്ള ജന്മസിദ്ധമായ ചായ്വിന്റെ ഫലങ്ങൾ ഇന്നു സത്യക്രിസ്ത്യാനികൾക്ക് അനുഭവപ്പെടുകയില്ലെന്ന് ഇതിനർഥമില്ല. പാപം പാരമ്പര്യമായി ലഭിച്ചിരിക്കുന്നതിനാൽ, അവർക്ക് ഇപ്പോഴും അതു നിമിത്തമുള്ള ഒരു പോരാട്ടമുണ്ട്. (റോമർ 7:21-25) എന്നാലും ഒരു വ്യക്തി യഥാർഥത്തിൽ യേശുവിന്റെ പഠിപ്പിക്കലുകൾക്കു ചേർച്ചയിൽ ജീവിക്കുന്നെങ്കിൽ, അയാൾ മേലാൽ പാപത്തിന്റെ അടിമ ആയിരിക്കയില്ല. ആജ്ഞകൾ അന്ധമായി അനുസരിച്ചുകൊള്ളണമെന്നു കൽപ്പിക്കുന്ന ഒരു സ്വേച്ഛാധികാരിയെ പോലെ പാപം മേലാൽ അയാളുടെ മേൽ വാഴുകയില്ല. ഉദ്ദേശ്യരഹിതവും കുറ്റബോധം ജനിപ്പിക്കുന്നതുമായ ഒരു ജീവിതരീതിയിൽ അയാൾ കുടുങ്ങിപ്പോകുകയില്ല. ക്രിസ്തുവിന്റെ ബലിയിലുള്ള തന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞകാല പാപങ്ങളിൽനിന്നു മോചനം ലഭിച്ചതിനാൽ അയാൾ ദൈവമുമ്പാകെ ഒരു ശുദ്ധമനസ്സാക്ഷി ആസ്വദിക്കും. പാപപൂർണമായ ചായ്വുകൾ അയാളുടെമേൽ നിയന്ത്രണം ചെലുത്താൻ ശ്രമിച്ചേക്കാം. എന്നാൽ ക്രിസ്തുവിന്റെ ശുദ്ധമായ പഠിപ്പിക്കലുകൾ ഓർമിച്ചുകൊണ്ട് ആ ചായ്വുകൾക്കനുസൃതമായി പ്രവർത്തിക്കാൻ വിസമ്മതിക്കുമ്പോൾ പാപം മേലാൽ തന്റെ യജമാനനല്ലെന്ന് അയാൾ പ്രകടമാക്കുന്നു.—റോമർ 6:12-17.
8. (എ) സത്യക്രിസ്ത്യാനിത്വം നമുക്ക് ഏതു സ്വാതന്ത്ര്യങ്ങൾ നൽകുന്നു? (ബി) ലൗകിക ഭരണാധികാരികളോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം?
8 ക്രിസ്ത്യാനികളെന്ന നിലയിൽ നാം ആസ്വദിക്കുന്ന സ്വാതന്ത്ര്യങ്ങളെ കുറിച്ചു പരിചിന്തിക്കുക. വ്യാജോപദേശങ്ങളുടെ പരിണതഫലങ്ങളിൽനിന്നും അന്ധവിശ്വാസത്തിന്റെ അടിമത്തത്തിൽനിന്നും പാപത്തിന്റെ ദാസ്യത്തിൽനിന്നും നാം മോചിതരായിരിക്കുന്നു. മരിച്ചവരുടെ അവസ്ഥയെയും പുനരുത്ഥാനത്തെയും കുറിച്ചുള്ള മഹത്തായ സത്യങ്ങൾ മരണത്തെ കുറിച്ചുള്ള ന്യായരഹിതമായ ഭയത്തിൽനിന്നു നമ്മെ സ്വതന്ത്രരാക്കിയിരിക്കുന്നു. അപൂർണ മാനുഷഭരണങ്ങളുടെ സ്ഥാനത്ത് ദൈവത്തിന്റെ നീതിയുള്ള രാജ്യം സ്ഥാപിതമാകുമെന്ന അറിവ് നിരാശയിൽനിന്നു നമ്മെ വിമുക്തരാക്കുന്നു. (ദാനീയേൽ 2:44; മത്തായി 6:10) എന്നിരുന്നാലും, അത്തരം സ്വാതന്ത്ര്യം ഭരണാധികാരികളോടും അവരുടെ നിയമങ്ങളോടുമുള്ള അനാദരവിനെ ന്യായീകരിക്കുന്നില്ല.—തീത്തൊസ് 3:1, 2; 1 പത്രൊസ് 2:16, 17.
9. (എ) ഇപ്പോൾ മനുഷ്യർക്കു സാധ്യമായിരിക്കുന്നതിൽ ഏറ്റവും കൂടിയ അളവിലുള്ള സ്വാതന്ത്ര്യം ആസ്വദിക്കുന്നതിനു യഹോവ സ്നേഹപൂർവം നമ്മെ സഹായിക്കുന്നത് എങ്ങനെ? (ബി) നമുക്ക് എങ്ങനെ ജ്ഞാനപൂർവം തീരുമാനങ്ങൾ എടുക്കാൻ കഴിയും?
9 നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ഏറ്റവും നല്ല ജീവിതരീതി കണ്ടുപിടിക്കാൻ യഹോവ നമ്മെ വിട്ടിരിക്കുകയല്ല. നാം നിർമിക്കപ്പെട്ടിരിക്കുന്നത് എങ്ങനെയെന്ന് അവനറിയാം, അതുപോലെ നമുക്കു യഥാർഥ സംതൃപ്തി കൈവരുത്തുന്നതും നിത്യപ്രയോജനം ചെയ്യുന്നതും എന്താണെന്ന് അവനറിയാം. താനുമായും സഹമനുഷ്യരുമായും ഉള്ള ഒരു വ്യക്തിയുടെ ബന്ധത്തെ നശിപ്പിച്ചേക്കാവുന്നതും ഒരുപക്ഷേ പുതിയ ലോകത്തിലേക്കുള്ള അയാളുടെ പ്രവേശനത്തെ തടഞ്ഞേക്കാവുന്നതുമായ ചിന്തകളെയും നടത്തയെയും കുറിച്ച് അവന് അറിവുണ്ട്. ബൈബിളും അവന്റെ ദൃശ്യസംഘടനയും മുഖാന്തരം യഹോവ ഈ കാര്യങ്ങളെല്ലാം സ്നേഹപൂർവം നമ്മെ അറിയിക്കുന്നു. (മർക്കൊസ് 13:10; ഗലാത്യർ 5:19-23; 1 തിമൊഥെയൊസ് 1:12, 13) നാം എങ്ങനെ പ്രതികരിക്കുമെന്നു തീരുമാനിക്കാൻ നമ്മുടെ ഇച്ഛാസ്വാതന്ത്ര്യം ഉപയോഗിക്കാനുള്ള ഉത്തരവാദിത്വം നമ്മുടേതാണ്. ബൈബിൾ നമ്മോടു പറയുന്നതു നാം ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ ആദാമിൽനിന്നു വ്യത്യസ്തമായി നാം ജ്ഞാനപൂർവം തീരുമാനങ്ങൾ എടുക്കും. യഹോവയുമായുള്ള ഒരു നല്ല ബന്ധമാണു നമ്മുടെ ജീവിതത്തിലെ മുഖ്യ താത്പര്യം എന്നു നാം പ്രകടമാക്കും.
ചിലർ മറ്റൊരുതരം സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു
10. യഹോവയുടെ സാക്ഷികളായ ചിലർ ഏതുതരം സ്വാതന്ത്ര്യം നേടാൻ ശ്രമിച്ചിരിക്കുന്നു?
10 യഹോവയുടെ സാക്ഷികളായ ചില യുവജനങ്ങളും മുതിർന്നവരും ചിലപ്പോൾ മറ്റൊരുതരം സ്വാതന്ത്ര്യം ആഗ്രഹിച്ചേക്കാം. ലോകം വളരെ ആകർഷകവും ഉല്ലാസദായകവുമായി കാണപ്പെട്ടേക്കാം. അവർ അതിനെക്കുറിച്ച് എത്രയധികം ചിന്തിക്കുന്നുവോ ലോകത്തിൽ വ്യാപകമായിരിക്കുന്ന ക്രിസ്തീയവിരുദ്ധ കാര്യങ്ങളോടുള്ള അവരുടെ മോഹവും അത്രയധികം ശക്തമായിത്തീരും. മയക്കുമരുന്നുകൾ ഉപയോഗിക്കാനോ അമിതമായി മദ്യപിക്കാനോ പരസംഗത്തിൽ ഏർപ്പെടാനോ ഒന്നും അവർ ഉദ്ദേശിക്കില്ലായിരിക്കാം. എന്നാൽ സത്യക്രിസ്ത്യാനികൾ അല്ലാത്തവരുമായി സഹവസിച്ചു തുടങ്ങുമ്പോൾ അവരുടെ അംഗീകാരം നേടാൻ അവർ ആഗ്രഹിക്കുന്നു. അവരുടെ സംസാരത്തെയും നടത്തയെയും അവർ അനുകരിക്കുക പോലും ചെയ്തേക്കാം.—3 യോഹന്നാൻ 11.
11. തെറ്റു ചെയ്യാനുള്ള പ്രലോഭനം ചിലപ്പോൾ എവിടെനിന്നു വരുന്നു?
11 ചിലപ്പോൾ ക്രിസ്തീയമല്ലാത്ത നടത്തയിൽ ഏർപ്പെടാനുള്ള പ്രലോഭനം ഉണ്ടാകുന്നത് യഹോവയെ സേവിക്കുന്നതായി അവകാശപ്പെടുന്ന ഒരാളിൽനിന്നായിരിക്കാം. ചില ആദിമ ക്രിസ്ത്യാനികളുടെ കാര്യത്തിൽ അതു സത്യമായിരുന്നു. നമ്മുടെ നാളിലും അതുതന്നെ സംഭവിച്ചേക്കാം. അങ്ങനെയുള്ളവർ തങ്ങൾക്ക് ഉല്ലാസം പകരുമെന്നു വിചാരിക്കുന്ന കാര്യങ്ങൾ ചെയ്യാൻ മിക്കപ്പോഴും ആഗ്രഹിക്കുന്നു. എന്നാൽ ആ കാര്യങ്ങൾ ദൈവനിയമങ്ങൾക്കു വിരുദ്ധമാണ്. ലോകത്തിന്റെ അൽപ്പം ‘രസമൊക്കെ ഉണ്ടായിരിക്കാൻ’ അവർ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നു. ‘തങ്ങൾതന്നെ ദുഷിപ്പിന്റെ അടിമകൾ ആയിരിക്കെ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുകയാണ്’ അവർ.—2 പത്രൊസ് 2:19, NW.
12. (എ) ദൈവത്തിന്റെ നിയമങ്ങൾക്കും തത്ത്വങ്ങൾക്കും വിരുദ്ധമായ നടത്തയുടെ പരിതാപകരമായ ചില ഫലങ്ങളേവ?
12 അങ്ങനെയുള്ള ‘സ്വാതന്ത്ര്യം’ എല്ലായ്പോഴും ഹാനികരമാണ്. കാരണം, അതു ദൈവനിയമങ്ങളുടെ ലംഘനത്തെ അർഥമാക്കുന്നു. ദൃഷ്ടാന്തത്തിന്, അവിഹിത ലൈംഗികത വൈകാരിക പ്രക്ഷുബ്ധതയ്ക്കും രോഗത്തിനും മരണത്തിനും അനാവശ്യ ഗർഭധാരണത്തിനും ചിലപ്പോൾ വിവാഹത്തകർച്ചയ്ക്കും ഇടയാക്കുന്നു. (1 കൊരിന്ത്യർ 6:18; 1 തെസ്സലൊനീക്യർ 4:3-8) മയക്കുമരുന്നിന്റെ ഉപയോഗം ശുണ്ഠി, കുഴഞ്ഞ സംസാരം, കാഴ്ചത്തകരാറ്, തലകറക്കം, ശ്വസനതടസ്സം, മതിഭ്രമം എന്നിവ ഉളവാക്കിയേക്കാം, ചിലപ്പോൾ അതു മരണത്തിനു പോലും ഇടയാക്കിയെന്നുവരാം. മയക്കുമരുന്നിന് അടിമപ്പെട്ടു കഴിയുമ്പോൾ ഒരു വ്യക്തി ആ ശീലം നിലനിറുത്താനായി കുറ്റകൃത്യങ്ങളിലേക്കു തിരിഞ്ഞേക്കാം. മദ്യം ദുരുപയോഗം ചെയ്യുന്നതിന്റെ ഭവിഷ്യത്തുകളും ഇതൊക്കെത്തന്നെയാണ്. (സദൃശവാക്യങ്ങൾ 23:29-35) അത്തരം നടത്തയിൽ ഏർപ്പെടുന്നവർ തങ്ങൾ സ്വതന്ത്രരാണെന്നു വിചാരിച്ചേക്കാം, എന്നാൽ വാസ്തവത്തിൽ തങ്ങൾ പാപത്തിന് അടിമകളായിരിക്കുകയാണെന്ന സംഗതി അവർ മനസ്സിലാക്കുമ്പോഴേക്കും വളരെ വൈകിക്കഴിഞ്ഞിരിക്കും. പാപം എത്ര ക്രൂരനായ ഒരു യജമാനനാണ്! ഇക്കാര്യത്തെ കുറിച്ച് ഇപ്പോൾത്തന്നെ യുക്തിസഹമായി ചിന്തിക്കുന്നത് അത്തരം ഒരു അനുഭവം ഉണ്ടാകുന്നതിനെതിരെ നമ്മെ സംരക്ഷിക്കും.—ഗലാത്യർ 6:7, 8.
പ്രശ്നത്തിന്റെ തുടക്കം
13. (എ) പ്രശ്നങ്ങളിലേക്കു നയിക്കുന്ന മോഹങ്ങളെ മിക്കപ്പോഴും തൊട്ടുണർത്തുന്നത് എന്താണ്? (ബി) “മോശമായ സഹവാസങ്ങൾ” എന്താണെന്നു മനസ്സിലാക്കാൻ ആരുടെ കാഴ്ചപ്പാടു നമുക്ക് ആവശ്യമാണ്? (സി) 13-ാം ഖണ്ഡികയിലെ ഓരോ ചോദ്യത്തിനും നിങ്ങൾ ഉത്തരം പറയുമ്പോൾ യഹോവയുടെ വീക്ഷണത്തിന് ഊന്നൽ നൽകുക.
13 മിക്കപ്പോഴും പ്രശ്നങ്ങൾ എവിടെയാണ് ആരംഭിക്കുന്നത് എന്നു ചിന്തിക്കുക. ബൈബിൾ വിശദീകരിക്കുന്നു: “ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.” (യാക്കോബ് 1:14, 15) മോഹം ഉണരുന്നത് എങ്ങനെയാണ്? മനസ്സിലേക്കു പോകുന്ന കാര്യങ്ങളാണ് അതിനെ തൊട്ടുണർത്തുന്നത്. മിക്കപ്പോഴും ഇതു ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കാത്തവരുമായുള്ള സഹവാസത്തിന്റെ ഫലമാണ്. “മോശമായ സഹവാസങ്ങൾ” ഒഴിവാക്കണമെന്നു നമുക്കെല്ലാം അറിയാമെന്നുള്ളതു തീർച്ചയാണ്. (1 കൊരിന്ത്യർ 15:33, NW) എന്നാൽ ഏതു സഹവാസങ്ങളാണു മോശം? യഹോവ സംഗതി വീക്ഷിക്കുന്നത് എങ്ങനെയാണ്? താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങളെ കുറിച്ചു യുക്തിസഹമായി ചിന്തിക്കുന്നതും പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ എടുത്തു നോക്കുന്നതും ശരിയായ നിഗമനങ്ങളിൽ എത്താൻ നമ്മെ സഹായിക്കേണ്ടതാണ്.
ചില ആളുകൾ മാന്യരായി കാണപ്പെടുന്നു എന്ന വസ്തുത അവർ നല്ല സഹവാസികളാണെന്ന് അർഥമാക്കുന്നുണ്ടോ? (ഉല്പത്തി 34:1, 2, 18, 19)
അവരുടെ സംഭാഷണം, ഒരുപക്ഷേ തമാശകൾ, നാം അവരുടെ ഉറ്റ കൂട്ടുകാർ ആണെന്നു സൂചിപ്പിച്ചേക്കുമോ? (എഫെസ്യർ 5:3, 4)
യഹോവയെ സേവിക്കാത്ത ആളുകളുമായി അടുത്തു സഹവസിക്കാൻ നാം തീരുമാനിക്കുന്നെങ്കിൽ അവൻ എന്തു വിചാരിക്കും? (2 ദിനവൃത്താന്തം 19:1, 2)
നമ്മുടെ വിശ്വാസങ്ങൾ വെച്ചുപുലർത്താത്ത ആളുകളോടൊത്തു നാം ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്തേക്കാമെങ്കിലും നാം ജാഗ്രത പാലിക്കേണ്ടത് എന്തുകൊണ്ട്? (1 പത്രൊസ് 4:3, 4)
ടെലിവിഷൻ, ചലച്ചിത്രങ്ങൾ എന്നിവ കാണുന്നതും ഇന്റർനെറ്റ് ഉപയോഗിക്കുന്നതും മാസികകൾ, പുസ്തകങ്ങൾ, പത്രങ്ങൾ എന്നിവ വായിക്കുന്നതും മറ്റുള്ളവരുമായി സഹവസിക്കുന്ന വിധങ്ങളാണ്. അത്തരം ഉറവുകളിൽനിന്നുള്ള ഏതുതരം വിവരങ്ങൾക്കെതിരെ നാം ജാഗരൂകരായിരിക്കണം? (സദൃശവാക്യങ്ങൾ 3:31, NW; യെശയ്യാവു 8:19; എഫെസ്യർ 4:17-19)
നാം തിരഞ്ഞെടുത്തിരിക്കുന്ന കൂട്ടുകെട്ട് നാം ഏതുതരം ആളുകളാണെന്ന് യഹോവയ്ക്കു വെളിപ്പെടുത്തിക്കൊടുക്കുന്നു? (സങ്കീർത്തനം 26:1, 4, 5; 97:10)
14. ഇപ്പോൾ ദൈവവചനത്തിലെ ബുദ്ധിയുപദേശം വിശ്വസ്തമായി ബാധകമാക്കുന്നവർക്ക് സമീപ ഭാവിയിൽ മഹത്തായ ഏതു സ്വാതന്ത്ര്യം ലഭിക്കും?
14 ദൈവത്തിന്റെ പുതിയ ലോകം നമ്മുടെ തൊട്ടുമുന്നിലാണ്. ദൈവത്തിന്റെ സ്വർഗീയ രാജ്യഗവൺമെന്റു മുഖാന്തരം മനുഷ്യവർഗം സാത്താന്റെയും അവന്റെ മുഴുദുഷ്ട വ്യവസ്ഥിതിയുടെയും സ്വാധീനത്തിൽനിന്നു സ്വതന്ത്രരാക്കപ്പെടും. ക്രമേണ, അനുസരണമുള്ള മനുഷ്യവർഗത്തിൽനിന്ന് പാപത്തിന്റെ സകല ഫലങ്ങളും നീക്കംചെയ്യപ്പെടും. അങ്ങനെ, പറുദീസയിലെ നിത്യജീവൻ ആസ്വദിക്കാൻ കഴിയത്തക്കവണ്ണം നമ്മുടെ മനസ്സിനും ശരീരത്തിനും പൂർണത കൈവരും. ‘യഹോവയുടെ ആത്മാവിനു’ പൂർണ ചേർച്ചയിലുള്ള സ്വാതന്ത്ര്യം ഒടുവിൽ സകല ജീവികളും ആസ്വദിക്കും. (2 കൊരിന്ത്യർ 3:17, NW) ഇപ്പോൾ ദൈവവചനത്തിലെ ബുദ്ധിയുപദേശം അവഗണിച്ചുകൊണ്ട് അതെല്ലാം നഷ്ടപ്പെടുത്തുന്നതു ബുദ്ധിയാണോ? നമ്മുടെ ക്രിസ്തീയ സ്വാതന്ത്ര്യം ഇന്നു ജ്ഞാനപൂർവം വിനിയോഗിച്ചുകൊണ്ട് നാം യഥാർഥത്തിൽ ആഗ്രഹിക്കുന്നതു “ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യ”മാണെന്നു നമുക്കേവർക്കും പ്രകടമാക്കാം.—റോമർ 8:21, NW.
പുനരവലോകന ചർച്ച
• ആദ്യ മനുഷ്യജോടി ഏതുതരം സ്വാതന്ത്ര്യം ആസ്വദിച്ചിരുന്നു? അതിനോടുള്ള താരതമ്യത്തിൽ മനുഷ്യവർഗത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെയുള്ളതാണ്?
• സത്യക്രിസ്ത്യാനികൾക്ക് ഏതു സ്വാതന്ത്ര്യമുണ്ട്? ലോകം കണക്കാക്കുന്ന സ്വാതന്ത്ര്യത്തിൽനിന്ന് അതു വിഭിന്നമായിരിക്കുന്നത് എങ്ങനെ?
• മോശമായ സഹവാസങ്ങൾ ഒഴിവാക്കുന്നതു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? ആദാമിൽനിന്നു വ്യത്യസ്തമായി, മോശമായ കാര്യങ്ങൾ എന്താണെന്നുള്ളതു സംബന്ധിച്ച ആരുടെ തീരുമാനങ്ങളാണു നാം സ്വീകരിക്കുന്നത്?
[46-ാം പേജിലെ ചിത്രങ്ങൾ]
ദൈവവചനം മുന്നറിയിപ്പു നൽകുന്നു: “വഴിതെറ്റിക്കപ്പെടരുത്. മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു”