യുവജനങ്ങളേ, നിങ്ങളുടെ വിശ്വാസം ശക്തമാക്കുക
‘വിശ്വാസം എന്നതോ കാണപ്പെടാത്ത കാര്യങ്ങളെക്കുറിച്ചുള്ള, തെളിവിലധിഷ്ഠിതമായ നിശ്ചയമാകുന്നു.’—എബ്രാ. 11:1.
1, 2. ഇന്നു യുവപ്രായക്കാർ എന്തു സമ്മർദമാണു നേരിടുന്നത്, അതിനെ മറികടക്കാൻ എന്തൊക്കെ ചെയ്യാനാകും?
“ദൈവത്തിൽ വിശ്വസിക്കാൻ മാത്രം ബുദ്ധിയില്ലാത്തവളാണോ നീ?” ബ്രിട്ടനിലെ നമ്മുടെ ഒരു യുവസഹോദരിയോടു സഹപാഠി ചോദിച്ചതാണ് ഇത്. ജർമനിയിലുള്ള ഒരു സഹോദരൻ എഴുതി: “സൃഷ്ടിയെക്കുറിച്ചുള്ള ബൈബിളിന്റെ വിവരണം ഒരു കെട്ടുകഥയാണെന്നാണ് എന്റെ ടീച്ചർമാർ പറയുന്നത്. എല്ലാ വിദ്യാർഥികളും പരിണാമത്തിലാണു വിശ്വസിക്കുന്നത് എന്ന രീതിയിലാണ് അവർ പഠിപ്പിക്കുന്നത്.” ഫ്രാൻസിലെ ഒരു യുവസഹോദരി ഇങ്ങനെ പറയുന്നു: “ബൈബിളിൽ വിശ്വസിക്കുന്ന വിദ്യാർഥികൾ ഇപ്പോഴുമുണ്ട് എന്നത് എന്റെ സ്കൂളിലെ ടീച്ചർമാർക്ക് ഒരു അത്ഭുതമാണ്.”
2 യഹോവയെ ആരാധിക്കുന്ന അല്ലെങ്കിൽ യഹോവയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന ഒരു യുവവ്യക്തിയാണു നിങ്ങളെങ്കിൽ ഒരു സ്രഷ്ടാവിൽ വിശ്വസിക്കുന്നതിനു പകരം പരിണാമത്തിൽ വിശ്വസിക്കാൻ നിങ്ങൾക്കു സമ്മർദമുണ്ടാകും. എങ്കിൽ നിങ്ങളുടെ വിശ്വാസം ശക്തമാക്കാനും അങ്ങനെതന്നെ നിലനിറുത്താനും നിങ്ങൾക്കു ചെയ്യാനാകുന്ന ചിലതുണ്ട്. ദൈവം നിങ്ങൾക്കു തന്നിരിക്കുന്ന വകതിരിവ് അഥവാ ചിന്താശേഷി നന്നായി ഉപയോഗിക്കുക. “വകതിരിവു നിന്നെ കാക്കും” എന്നു ബൈബിൾ പറയുന്നു. നിങ്ങളുടെ വിശ്വാസം തകർത്തുകളഞ്ഞേക്കാവുന്ന തത്ത്വചിന്തകളിൽനിന്ന് അതു നിങ്ങളെ സംരക്ഷിക്കും.—സദൃശവാക്യങ്ങൾ 2:10-12 വായിക്കുക.
3. ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കുന്നത്?
3 യഥാർഥവിശ്വാസത്തിന്റെ അടിസ്ഥാനം ദൈവത്തെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനമാണ്. (1 തിമൊ. 2:4) അതുകൊണ്ട് ബൈബിളും ക്രിസ്തീയപ്രസിദ്ധീകരണങ്ങളും വെറുതേ വായിക്കുന്നതിനു പകരം വായിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് അവ ‘ഗ്രഹിക്കാൻ’ ശ്രമിക്കുക. (മത്താ. 13:23) അങ്ങനെ ചെയ്യുന്നത്, യഹോവ സ്രഷ്ടാവാണെന്നും ബൈബിൾ ദൈവത്തിൽനിന്നാണെന്നും ഉള്ള നമ്മുടെ ബോധ്യം ശക്തമാക്കും. അതിനെക്കുറിച്ചാണ് ഇനി നമ്മൾ പഠിക്കാൻപോകുന്നത്.—എബ്രാ. 11:1.
നിങ്ങളുടെ വിശ്വാസം എങ്ങനെ ശക്തമാക്കാം?
4. ഒരാൾ വിശ്വസിക്കുന്നതു സൃഷ്ടിയിലായാലും പരിണാമത്തിലായാലും വിശ്വാസം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്, നമ്മൾ ഓരോരുത്തരും എന്തു ചെയ്യണം?
4 ആളുകൾ നിങ്ങളോട് ഇങ്ങനെ പറഞ്ഞേക്കാം: “ഞാൻ പരിണാമത്തിൽ വിശ്വസിക്കുന്നതിന്റെ കാരണം അതു സത്യമാണെന്നു ശാസ്ത്രജ്ഞന്മാർ പറയുന്നതുകൊണ്ടാണ്. നമ്മൾ ആരും ദൈവത്തെ ഇതുവരെ കണ്ടിട്ടില്ല. പിന്നെ എങ്ങനെയാണു ദൈവത്തിൽ വിശ്വസിക്കുക?” പലരും ഇങ്ങനെയാണു പറയുന്നത്. എന്നാൽ ഒന്നു ചിന്തിക്കുക: ഒരു വ്യക്തി വിശ്വസിക്കുന്നതു ദൈവത്തിലാണെങ്കിലും പരിണാമത്തിലാണെങ്കിലും, ഒരുതരത്തിൽ രണ്ടിനും വിശ്വാസം ആവശ്യമാണ്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? നമ്മൾ ആരും ദൈവത്തെ കണ്ടിട്ടില്ല. ദൈവം സൃഷ്ടി നടത്തുന്നതും കണ്ടിട്ടില്ല. (യോഹ. 1:18) എന്നാൽ പരിണാമത്തിന്റെ കാര്യവും അങ്ങനെതന്നെയല്ലേ? ഒരു ശാസ്ത്രജ്ഞനോ മറ്റ് ആരെങ്കിലുമോ, ഒരു ജീവരൂപത്തിൽനിന്ന് മറ്റൊരു ജീവരൂപം പരിണമിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. ഉദാഹരണത്തിന്, പാമ്പുപോലുള്ള ഒരു ഉരഗത്തിൽനിന്ന് ആനയെപ്പോലുള്ള ഒരു സസ്തനി പരിണമിക്കുന്നത് ആരും കണ്ടിട്ടില്ല. (ഇയ്യോ. 38:1, 4) അതുകൊണ്ട് നമ്മൾ ഓരോരുത്തരും തെളിവുകൾ പരിശോധിക്കുകയും ചിന്താപ്രാപ്തി ഉപയോഗിച്ച് ശരിയായ നിഗമനങ്ങളിൽ എത്തുകയും വേണം. സൃഷ്ടിയെക്കുറിച്ച് പൗലോസ് ഇങ്ങനെ എഴുതി: “ലോകസൃഷ്ടിമുതൽ (ദൈവത്തിന്റെ) അദൃശ്യഗുണങ്ങളായ നിത്യശക്തിയും ദൈവത്ത്വവും അവന്റെ സൃഷ്ടികളിലൂടെ വ്യക്തമായി കണ്ടു ഗ്രഹിക്കാൻ സാധിക്കുമാറ് വെളിവായിരിക്കുന്നു. അതുകൊണ്ട് അവർക്ക് ഒരു ഒഴികഴിവും പറയാനില്ല.”—റോമ. 1:20.
5. സൃഷ്ടിയെക്കുറിച്ച് പഠിക്കാൻ ദൈവജനത്തെ സഹായിക്കുന്ന ചില പ്രസിദ്ധീകരണങ്ങൾ ഏതൊക്കെയാണ്?
5 ഒറ്റനോട്ടത്തിൽ കാണാനാകാത്തതോ വ്യക്തമല്ലാത്തതോ ആയ എന്തെങ്കിലും തിരിച്ചറിയുന്നതിനെയാണു “ഗ്രഹിക്കുക” എന്നതുകൊണ്ട് അർഥമാക്കുന്നത്. (എബ്രാ. 11:3) കാര്യങ്ങൾ ഗ്രഹിക്കാൻ ശ്രമിക്കുന്നവർ ഒരു കാര്യം വെറുതേ കാണുകയും കേൾക്കുകയും മാത്രമല്ല ചെയ്യുന്നത്, അവർ അതെക്കുറിച്ച് ചിന്തിക്കുന്നു. അതിനു നമ്മളെ സഹായിക്കാൻ, യഹോവയുടെ സംഘടന ഗവേഷണം ചെയ്ത് ധാരാളം പ്രസിദ്ധീകരണങ്ങൾ നമുക്കു തന്നിട്ടുണ്ട്. വിശ്വാസത്തിന്റെ കണ്ണുകളാൽ നമ്മുടെ സ്രഷ്ടാവിനെ ‘കാണാൻ’ അവ നമ്മളെ സഹായിക്കും. (എബ്രാ. 11:27) ഈ പ്രസിദ്ധീകരണങ്ങളിൽ ചിലതാണ്, സൃഷ്ടിയിലെ അത്ഭുതങ്ങൾ ദൈവത്തിന്റെ മഹത്ത്വം വിളിച്ചോതുന്നു (ഇംഗ്ലീഷ്) എന്ന വീഡിയോയും ജീവൻ സൃഷ്ടിക്കപ്പെട്ടതോ? (ഇംഗ്ലീഷ്), ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ എന്നീ ലഘുപത്രികകളും നിങ്ങളെക്കുറിച്ചു കരുതലുള്ള ഒരു സ്രഷ്ടാവുണ്ടോ? (ഇംഗ്ലീഷ്) എന്ന പുസ്തകവും. നമ്മുടെ മാസികകളിലും ഇത്തരത്തിലുള്ള വിവരങ്ങൾ ലഭ്യമാണ്. മുമ്പ് ദൈവത്തിൽ വിശ്വസിക്കാതിരുന്ന ശാസ്ത്രജ്ഞന്മാരും മറ്റു പലരും ആയി നടത്തിയ അഭിമുഖങ്ങൾ ഉണരുക!-യിൽ കാണാനാകും. അവർ എന്തുകൊണ്ടാണ് ഇപ്പോൾ ദൈവത്തിൽ വിശ്വസിക്കുന്നതെന്ന് അതിൽ വിശദീകരിക്കുന്നു. “ആരുടെ കരവിരുത്?” എന്ന ലേഖനപരമ്പര പ്രകൃതിയിലെ വിസ്മയകരമായ ചില രൂപമാതൃകകളിലേക്കു നമ്മുടെ ശ്രദ്ധ കൊണ്ടുപോകുന്നു—ശാസ്ത്രജ്ഞന്മാർപോലും അനുകരിക്കാൻ ആഗ്രഹിക്കുന്ന രൂപമാതൃകകൾ.
6. നമുക്കു ലഭിച്ചിരിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ പ്രയോജനങ്ങൾ എന്തൊക്കെയാണ്, നിങ്ങൾക്ക് എന്തു പ്രയോജനമാണു ലഭിച്ചിരിക്കുന്നത്?
6 മുകളിൽ പറഞ്ഞ രണ്ടു ലഘുപത്രികകളെക്കുറിച്ച് ഐക്യനാടുകളിലുള്ള 19 വയസ്സുകാരനായ ഒരു സഹോദരൻ ഇങ്ങനെ പറഞ്ഞു: “ആ ലഘുപത്രികകൾ എനിക്കു ശരിക്കും പ്രയോജനപ്പെട്ടു. ഞാൻ അവ ഒരുപാടു തവണ വായിച്ചു.” ഫ്രാൻസിലെ ഒരു സഹോദരി എഴുതി: “‘ആരുടെ കരവിരുത്?’ എന്ന ലേഖനപരമ്പര വായിക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നാറുണ്ട്. പ്രകൃതിയിലെ സങ്കീർണമായ രൂപമാതൃകകൾ അനുകരിക്കാൻ പ്രഗത്ഭരായ എഞ്ചിനീയർമാർ ശ്രമം നടത്തുന്നുണ്ട്. പക്ഷേ അത് അതേപടി പകർത്താൻ അവർക്കു സാധിക്കുന്നില്ല.” സൗത്ത് ആഫ്രിക്കയിലുള്ള ഒരു 15 വയസ്സുകാരിയുടെ മാതാപിതാക്കൾ ഇങ്ങനെ പറഞ്ഞു: “ഉണരുക! കൈയിൽ കിട്ടിയാൽ ഞങ്ങളുടെ മകൾ ആദ്യം വായിക്കുന്നത് ‘അഭിമുഖം’ എന്ന ഭാഗമാണ്.” ഇത്തരം സഹായങ്ങൾ നിങ്ങൾ പൂർണമായും പ്രയോജനപ്പെടുത്തുന്നുണ്ടോ? നിങ്ങളുടെ വിശ്വാസം ആഴത്തിൽ വേരുകളുള്ള ഒരു വൃക്ഷംപോലെയായിത്തീരാൻ അവ നിങ്ങളെ സഹായിക്കും. തെറ്റായ പഠിപ്പിക്കലുകളുടെ ശക്തമായ കാറ്റു വീശുമ്പോൾ വീണുപോകാതിരിക്കാൻ നിങ്ങളുടെ ആ വിശ്വാസം നിങ്ങളെ പ്രാപ്തരാക്കും.—യിരെ. 17:5-8.
ബൈബിളിലുള്ള നിങ്ങളുടെ വിശ്വാസം
7. നിങ്ങൾ ചിന്താപ്രാപ്തി ഉപയോഗിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?
7 ബൈബിളിനെക്കുറിച്ച് സംശയങ്ങൾ ചോദിക്കുന്നതു തെറ്റാണോ? ഒരിക്കലുമല്ല. ‘കാര്യബോധം’ അഥവാ ചിന്താപ്രാപ്തി ഉപയോഗിച്ചുകൊണ്ട് നിങ്ങൾ സത്യം സ്വയം ബോധ്യപ്പെടുത്തണമെന്നാണ് യഹോവ ആഗ്രഹിക്കുന്നത്. അല്ലാതെ മറ്റുള്ളവർ വിശ്വസിക്കുന്നതുകൊണ്ട് നിങ്ങൾ ഒരു കാര്യം വിശ്വസിക്കാൻ യഹോവ പ്രതീക്ഷിക്കുന്നില്ല. അതിനാൽ, ചിന്താപ്രാപ്തി ഉപയോഗിച്ചുകൊണ്ട് ബൈബിൾപരിജ്ഞാനം നേടുക. അതാണ് യഥാർഥവിശ്വാസത്തിന്റെ അടിസ്ഥാനം. (റോമർ 12:1, 2; 1 തിമൊഥെയൊസ് 2:4 വായിക്കുക.) ചില പഠനപ്രോജക്ടുകളിലൂടെ അത്തരം പരിജ്ഞാനം നിങ്ങൾക്കു നേടാനാകും.
8, 9. (എ) പഠിക്കാനായി ചിലർ ഏതൊക്കെ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നു? (ബി) പഠിച്ച കാര്യങ്ങൾ ധ്യാനിച്ചതിൽനിന്ന് ചിലർക്ക് എന്തു പ്രയോജനം ലഭിച്ചു?
8 ബൈബിൾപ്രവചനങ്ങളെക്കുറിച്ചുള്ള പഠനമാണു ചിലർ പ്രോജക്ടായി തിരഞ്ഞെടുത്തിരിക്കുന്നത്. മറ്റു ചിലരാകട്ടെ ബൈബിളിന്റെ ചരിത്രപരവും ശാസ്ത്രീയവും ആയ കൃത്യതയെക്കുറിച്ച് പഠിക്കുന്നു. വേറെ ചിലർക്കു ബൈബിളിനോടു ബന്ധപ്പെട്ട പുരാവസ്തുശാസ്ത്ര സംബന്ധമായ കാര്യങ്ങളിലാണു താത്പര്യം. പഠിക്കാൻ ആവേശമുണർത്തുന്ന ഒരു പ്രവചനമാണ് ഉൽപത്തി 3:15. ബൈബിളിന്റെ മുഖ്യവിഷയമായ ദൈവരാജ്യത്തിലൂടെയുള്ള ദൈവത്തിന്റെ പരമാധികാരത്തിന്റെ സംസ്ഥാപനത്തിലേക്കും ദൈവനാമത്തിന്റെ വിശുദ്ധീകരണത്തിലേക്കും അതു ശ്രദ്ധ തിരിക്കുന്നു. ഒരർഥത്തിൽ പറഞ്ഞാൽ, ഏദെൻ തോട്ടംമുതൽ മനുഷ്യർ അനുഭവിക്കുന്ന സകല കഷ്ടപ്പാടുകൾക്കും യഹോവ എങ്ങനെയാണ് അവസാനം വരുത്തുന്നതെന്ന് ആ ഒരൊറ്റ വാക്യത്തിലൂടെ പറയുന്നു. ഉൽപത്തി 3:15 നിങ്ങൾക്ക് എങ്ങനെ പഠിക്കാൻ കഴിയും? ആ പ്രവചനത്തിന്റെ നിവൃത്തിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്ന മറ്റു തിരുവെഴുത്തുകളുടെ ഒരു ലിസ്റ്റ് നിങ്ങൾക്ക് ഉണ്ടാക്കാനാകും. എന്നിട്ട് ആ തിരുവെഴുത്തുകൾ കാലാനുക്രമത്തിൽ എഴുതുക. പ്രവാചകന്മാരും ബൈബിളെഴുത്തുകാരും ‘പരിശുദ്ധാത്മാവിനാൽ പ്രചോദിതരായിരുന്നെന്ന്,’ ബൈബിളിന്റെ പരസ്പരയോജിപ്പു കാണുമ്പോൾ നിങ്ങൾക്കു വ്യക്തമാകും.—2 പത്രോ. 1:21.
9 ബൈബിളിലെ ഓരോ പുസ്തകവും എങ്ങനെയാണു ദൈവരാജ്യത്തെക്കുറിച്ച് വിശദീകരിക്കുന്നതെന്നു ജർമനിയിലുള്ള ഒരു സഹോദരൻ ചിന്തിച്ചു. അദ്ദേഹം പറയുന്നു: “അതു ശരിക്കും അതിശയമാണ്. കാരണം, ഏകദേശം 40 പേർ ചേർന്നാണു ബൈബിൾ എഴുതിയത്. അവരിൽ മിക്കവരും വ്യത്യസ്ത കാലഘട്ടങ്ങളിൽ ജീവിച്ചിരുന്നവരാണ്. പലരും തമ്മിൽ പരിചയമില്ലാത്തവരുമായിരുന്നു.” പെസഹയുടെ അർഥത്തെക്കുറിച്ച് ചർച്ച ചെയ്ത 2013 ഡിസംബർ 15 ലക്കം വീക്ഷാഗോപുരം ഓസ്ട്രേലിയയിലുള്ള ഒരു സഹോദരിയെ ആഴത്തിൽ സ്പർശിച്ചു. ആ പ്രത്യേക ആചരണം ഉൽപത്തി 3:15-ഉം മിശിഹയുടെ വരവും ആയി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. സഹോദരി ഇങ്ങനെ എഴുതി: “ആ ലേഖനം എന്റെ കണ്ണു തുറപ്പിച്ചു. യഹോവ എത്ര മഹാനായ ദൈവമാണെന്ന് അത് എന്നെ പഠിപ്പിച്ചു. ആ ആചരണം ഇസ്രായേല്യർക്കു മാത്രമുള്ളതാണെന്നാണു ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ അതു യേശുവിലേക്കാണു വിരൽ ചൂണ്ടുന്നതെന്നു പഠിച്ചത് എന്നെ അതിശയിപ്പിച്ചു. പെസഹാഭക്ഷണത്തിന്റെ പ്രാവചനികമായ അർഥം എത്ര മഹത്തരമാണെന്ന് ആ വിഷയത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ എനിക്കു മനസ്സിലായി.” എന്തുകൊണ്ടാണ് ആ സഹോദരിക്ക് അങ്ങനെ തോന്നിയത്? വായിച്ചതിനെക്കുറിച്ച് സഹോദരി ആഴത്തിൽ ചിന്തിച്ചു; അതിന്റെ അർഥം ‘ഗ്രഹിച്ചു.’ വിശ്വാസം ശക്തമാക്കാനും യഹോവയോടു കൂടുതൽ അടുക്കാനും അത് ആ സഹോദരിയെ സഹായിച്ചു.—മത്താ. 13:23.
10. ബൈബിളെഴുത്തുകാരുടെ സത്യസന്ധത ബൈബിളിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കുന്നത് എങ്ങനെ?
10 ബൈബിളെഴുത്തുകാരുടെ ധൈര്യത്തെയും സത്യസന്ധതയെയും കുറിച്ച് പഠിക്കുന്നത് നമ്മുടെ വിശ്വാസം ശക്തമാക്കും. പണ്ടുകാലത്തെ മിക്ക എഴുത്തുകാരും അവരുടെ നേതാക്കളെയും സാമ്രാജ്യങ്ങളെയും പുകഴ്ത്തുക മാത്രമേ ചെയ്തിട്ടുള്ളൂ. എന്നാൽ യഹോവയുടെ പ്രവാചകന്മാർ എപ്പോഴും സത്യം സംസാരിച്ചു. സ്വന്തം ജനത്തിന്റെ, എന്തിന് രാജാക്കന്മാരുടെപോലും, കുറവുകൾ എഴുതിവെക്കാൻ അവർക്ക് ഒരു മടിയുമില്ലായിരുന്നു. (2 ദിന. 16:9, 10; 24:18-22) തങ്ങൾക്കും മറ്റു ദൈവദാസർക്കും പറ്റിയ തെറ്റുകളും അവർ തുറന്നെഴുതി. (2 ശമു. 12:1-14; മർക്കോ. 14:50) ബ്രിട്ടനിലുള്ള ഒരു യുവസഹോദരൻ ഇങ്ങനെ പറഞ്ഞു: “ഇത്തരം സത്യസന്ധത അധികമെങ്ങും കാണാൻ കഴിയില്ല. ബൈബിൾ സത്യമായും യഹോവയുടേതാണ് എന്നതിന് ഇത് ഉറപ്പു തരുന്നു.”
11. ബൈബിൾതത്ത്വങ്ങളുടെ മൂല്യം മനസ്സിലാക്കാൻ യുവപ്രായക്കാർക്ക് എങ്ങനെ സാധിക്കും?
11 മനുഷ്യജീവിതത്തിൽ പ്രയോജനം ചെയ്യുന്ന തത്ത്വങ്ങൾ ബൈബിളിലുള്ളതുകൊണ്ടാണ് അതു ദൈവവചനമാണെന്നു പലരും വിശ്വസിക്കുന്നത്. (സങ്കീർത്തനം 19:7-11 വായിക്കുക.) ജപ്പാനിലുള്ള ഒരു യുവസഹോദരി ഇങ്ങനെ എഴുതി: “ബൈബിൾതത്ത്വങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയപ്പോൾ ഞങ്ങളുടെ കുടുംബം കൂടുതൽ സന്തോഷമുള്ളതായിത്തീർന്നു. സമാധാനവും ഐക്യവും സ്നേഹവും കുടുംബത്തിലുണ്ടാകാൻ അതു സഹായിച്ചു.” വ്യാജാരാധനയിൽനിന്നും അനേകരെ വഴിതെറ്റിക്കുന്ന അന്ധവിശ്വാസങ്ങളിൽനിന്നും ബൈബിൾതത്ത്വങ്ങൾ നമ്മളെ സംരക്ഷിക്കുന്നു. (സങ്കീ. 115:3-8) ദൈവമില്ലെന്നു പറയുന്ന തത്ത്വചിന്തകൾ ആളുകളെ ബാധിക്കുന്നുണ്ടോ? യഹോവയ്ക്കു മാത്രമുള്ള കഴിവുകൾ പ്രകൃതിക്കു നൽകിക്കൊണ്ട് പരിണാമംപോലുള്ള പഠിപ്പിക്കലുകൾ പ്രകൃതിയെ ഒരു ദൈവമാക്കുന്നു. ഭാവി നമ്മുടെ നിയന്ത്രണത്തിലാണ് എന്ന് അത്തരക്കാർ അവകാശപ്പെടുന്നു. പക്ഷേ, ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവർക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല.—സങ്കീ. 146:3, 4.
മറ്റുള്ളവരുമായി എങ്ങനെ ന്യായവാദം ചെയ്യാം?
12, 13. സഹപാഠികളോടും ടീച്ചർമാരോടും മറ്റുള്ളവരോടും സൃഷ്ടിയെക്കുറിച്ചും ബൈബിളിനെക്കുറിച്ചും നമുക്ക് എങ്ങനെ നന്നായി ന്യായവാദം ചെയ്യാം?
12 സൃഷ്ടിയെക്കുറിച്ചും ബൈബിളിനെക്കുറിച്ചും മറ്റുള്ളവരോടു നന്നായി ന്യായവാദം ചെയ്യാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? മറ്റുള്ളവരുടെ വിശ്വാസം എന്താണെന്നു നിങ്ങൾക്കു നന്നായി അറിയാമെന്നു ചിന്തിക്കരുത്. ചിലർ പരിണാമത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിലും ഒരു ദൈവമുണ്ടെന്നും പറയുന്നു. ദൈവം പരിണാമത്തിലൂടെയാണു വ്യത്യസ്ത ജീവരൂപങ്ങൾ സൃഷ്ടിച്ചത് എന്നാണ് അവരുടെ വാദം. പരിണാമം ഒരു സത്യമല്ലായിരുന്നെങ്കിൽ സ്കൂളുകളിൽ അതു പഠിപ്പിക്കില്ലായിരുന്നെന്നു ചിന്തിക്കുന്നതുകൊണ്ട് മറ്റു ചിലർ പരിണാമത്തിൽ വിശ്വസിക്കുന്നു. മതങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടതു കാരണമാണു വേറെ ചിലർക്കു ദൈവവിശ്വാസമില്ലാത്തത്. അതുകൊണ്ട് ജീവന്റെ ആരംഭത്തെക്കുറിച്ച് ആരെങ്കിലുമായി സംസാരിക്കുമ്പോൾ ആദ്യംതന്നെ ആ വ്യക്തിയുടെ വിശ്വാസം എന്താണെന്നു ചോദിച്ചുമനസ്സിലാക്കുക. നിങ്ങൾ ന്യായബോധത്തോടെ ഇടപെടുകയും അവരെ ശ്രദ്ധിക്കാൻ മനസ്സുകാണിക്കുകയും ചെയ്യുന്നെങ്കിൽ അവരും നിങ്ങൾ പറയുന്നതു ശ്രദ്ധിച്ചേക്കാം.—തീത്തോ. 3:2.
13 സൃഷ്ടിയിലുള്ള നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് ആരെങ്കിലും ചോദ്യം ചെയ്യുന്നെങ്കിൽ നമുക്ക് എന്തു ചെയ്യാൻ കഴിഞ്ഞേക്കും? ഒരു സ്രഷ്ടാവില്ലാതെ ജീവൻ എങ്ങനെ ഉണ്ടായി എന്നു വിശദീകരിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടാം. ആദ്യമുണ്ടായിരുന്ന ജീവരൂപത്തിൽനിന്ന് മറ്റൊന്ന് ഉണ്ടാകണമെങ്കിൽ അതിന് അതിന്റെ പകർപ്പുണ്ടാക്കാൻ കഴിയണം അതായത്, അതിനു പുനരുത്പാദനപ്രാപ്തി വേണം. ഈ പ്രക്രിയ നടക്കുമ്പോൾ ആവശ്യമായിവരുന്ന ചില കാര്യങ്ങളെക്കുറിച്ച് ഒരു രസതന്ത്രശാസ്ത്രജ്ഞൻ വിശദീകരിക്കുന്നു. അവയിൽ ചിലതാണ്: (1) ചർമംപോലെ ഒരു ആവരണം, (2) ഊർജം സ്വീകരിക്കാനും ഉപയോഗിക്കാനും ഉള്ള കഴിവ്, (3) രൂപത്തെയും വളർച്ചയെയും നിയന്ത്രിക്കുന്ന ജീനുകൾ, (4) ആ വിവരങ്ങളുടെ പകർപ്പുകൾ ഉണ്ടാക്കാനുള്ള പ്രാപ്തി. അദ്ദേഹം പറയുന്നു: “ഏറ്റവും ലളിതമായ ജീവരൂപംപോലും വളരെ സങ്കീർണമാണെന്നതു നമ്മളെ അതിശയിപ്പിക്കുന്നു.”
14. സൃഷ്ടിയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ നിങ്ങൾക്കു ലളിതമായ ഏതു ന്യായവാദം ഉപയോഗിക്കാൻ കഴിയും?
14 ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സമയത്ത് സൃഷ്ടിയെക്കുറിച്ചോ പരിണാമത്തെക്കുറിച്ചോ സംസാരിക്കേണ്ടിവരുന്നെങ്കിൽ പൗലോസ് പറഞ്ഞ ഈ ലളിതമായ ന്യായവാദം നിങ്ങൾക്ക് ഉപയോഗിക്കാം. പൗലോസ് എഴുതി: “ഏതു ഭവനവും നിർമിക്കാൻ ഒരാൾ വേണം; സകലവും നിർമിച്ചവനോ ദൈവംതന്നെ.” (എബ്രാ. 3:4) യുക്തിയോടെയുള്ള അത്തരം ന്യായവാദം ഫലം ചെയ്യും. സങ്കീർണമായ രൂപകല്പനകൾക്കു ബുദ്ധിശക്തിയുള്ള ഒരാൾ കൂടിയേ തീരൂ എന്നു പറയുക. അനുയോജ്യമായ ഒരു പ്രസിദ്ധീകരണവും നിങ്ങൾക്ക് ഉപയോഗിക്കാനായേക്കും. ദൈവത്തിലല്ല പരിണാമത്തിലാണു വിശ്വസിക്കുന്നതെന്നു പറഞ്ഞ ഒരു യുവാവിന് ഒരു സഹോദരി, ഈ ലേഖനത്തിൽ പരാമർശിച്ച ആ രണ്ടു ലഘുപത്രികകൾ കൊടുത്തു. ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോൾ ആ വ്യക്തി ഇങ്ങനെ പറഞ്ഞു: “ഇപ്പോൾ ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു.” ആ യുവാവ് ബൈബിൾ പഠിക്കാമെന്നു സമ്മതിച്ചു. പിന്നീട് നമ്മുടെ ഒരു സഹോദരനായിത്തീരുകയും ചെയ്തു.
15, 16. ബൈബിളിന്റെ വിശ്വാസ്യതയെക്കുറിച്ച് സംസാരിച്ചുതുടങ്ങുന്നതിനു മുമ്പ് നിങ്ങൾ എന്തു ചെയ്യണം, എന്തായിരിക്കണം നിങ്ങളുടെ ലക്ഷ്യം?
15 ബൈബിളിൽ വിശ്വസിക്കാത്ത ആളുകളോടും നമ്മൾ ഇപ്പോൾ കണ്ട അതേ അടിസ്ഥാനതത്ത്വങ്ങൾ ഉപയോഗിച്ച് ന്യായവാദം ചെയ്യാം. ആ വ്യക്തി യഥാർഥത്തിൽ എന്താണു വിശ്വസിക്കുന്നതെന്നും ഏതു വിഷയത്തിലാണ് അദ്ദേഹത്തിനു താത്പര്യമെന്നും കണ്ടുപിടിക്കുക. (സദൃ. 18:13) ശാസ്ത്രീയകാര്യങ്ങളിൽ താത്പര്യമുള്ള വ്യക്തിയാണെങ്കിൽ ബൈബിളിന്റെ ശാസ്ത്രീയകൃത്യതയെക്കുറിച്ച് കാണിച്ചുകൊടുക്കാനായേക്കും. ബൈബിൾപ്രവചനങ്ങളുടെ നിവൃത്തിയും ബൈബിളിന്റെ ചരിത്രപരമായ കൃത്യതയും ആയിരിക്കാം മറ്റു ചിലരുടെ ശ്രദ്ധയാകർഷിക്കുന്നത്. അല്ലെങ്കിൽ, നല്ലൊരു ജീവിതം നയിക്കാൻ സഹായിക്കുന്ന തത്ത്വങ്ങൾ ബൈബിളിൽനിന്ന് കാണിച്ചുകൊടുക്കാനായേക്കും. ഗിരിപ്രഭാഷണംപോലുള്ള ഭാഗങ്ങളിൽ അത്തരം അനേകം തത്ത്വങ്ങളുണ്ട്.
16 ഹൃദയങ്ങൾ നേടുക എന്നതാണു നിങ്ങളുടെ ലക്ഷ്യം, അല്ലാതെ തർക്കത്തിൽ ജയിക്കുക എന്നതല്ല. അതുകൊണ്ട് ഒരു നല്ല കേൾവിക്കാരനായിരിക്കുക. ആത്മാർഥമായ ചോദ്യങ്ങൾ ചോദിക്കുക. നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് പറയുമ്പോൾ സൗമ്യതയും ആദരവും കാണിക്കുക, പ്രത്യേകിച്ചും പ്രായമായവരോട്. അങ്ങനെയെങ്കിൽ നിങ്ങൾ പറയുന്നതു കേൾക്കാൻ അവർ മനസ്സുകാണിച്ചേക്കും. നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് നിങ്ങൾ നന്നായി ചിന്തിക്കുന്നുണ്ടെന്നും അവർക്കു മനസ്സിലാകും. പല യുവജനങ്ങളും അങ്ങനെ ചിന്തിക്കാറില്ല. അതേസമയം, വെറുതേ തർക്കിക്കുന്നവർക്കും നമ്മുടെ വിശ്വാസങ്ങളെ കളിയാക്കുന്നവർക്കും മറുപടി കൊടുക്കാനുള്ള കടപ്പാടു നിങ്ങൾക്കില്ലെന്ന് ഓർക്കുക.—സദൃ. 26:4.
സത്യം നിങ്ങളുടെ സ്വന്തമാക്കുക
17, 18. (എ) സത്യം സ്വന്തമാക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും? (ബി) അടുത്ത ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
17 ശക്തമായ വിശ്വാസം വേണമെങ്കിൽ ബൈബിളിലെ അടിസ്ഥാനകാര്യങ്ങൾ മാത്രം അറിഞ്ഞിരുന്നാൽ പോരാ. മറഞ്ഞിരിക്കുന്ന നിക്ഷേപങ്ങൾ കണ്ടെത്തുന്നതിനു നിങ്ങൾ ദൈവവചനത്തിലേക്ക് ആഴത്തിൽ കുഴിച്ചിറങ്ങണം. (സദൃ. 2:3-6) കൂടുതൽ പഠിക്കാനായി ലഭ്യമായിരിക്കുന്ന ഗവേഷണോപാധികൾ ഉപയോഗിക്കുക. വാച്ച്ടവർ ഓൺലൈൻ ലൈബ്രറി, യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി, ഡിവിഡി-യിലുള്ള വാച്ച്ടവർ ലൈബ്രറി (ഇംഗ്ലീഷ്), വാച്ച്ടവർ പ്രസിദ്ധീകരണ സൂചിക (ഇംഗ്ലീഷ്) എന്നിവയൊക്കെ നിങ്ങൾക്ക് ഉപയോഗിക്കാനായേക്കും. ബൈബിൾ മുഴുവനും വായിച്ചുതീർക്കാൻ ഒരു ലക്ഷ്യം വെക്കുക. ഒരു വർഷംകൊണ്ട് നിങ്ങൾക്ക് അതു പൂർത്തിയാക്കാൻ കഴിഞ്ഞേക്കും. ദൈവവചനം വായിക്കുന്നതു നിങ്ങളുടെ വിശ്വാസം ശക്തമാക്കും. ഒരു സർക്കിട്ട് മേൽവിചാരകൻ അദ്ദേഹത്തിന്റെ യൗവനകാലത്തെക്കുറിച്ച് പറയുന്നു: “എന്റെ യൗവനകാലത്ത് സ്ഥിരമായി ബൈബിൾ വായിച്ചതാണ് അതു ദൈവവചനമാണെന്നു വിശ്വസിക്കാൻ എന്നെ സഹായിച്ചത്. കൊച്ചുകുട്ടിയായിരുന്നപ്പോൾമുതൽ ഞാൻ കേട്ട ബൈബിൾകഥകൾക്കു കൂടുതൽ അർഥം കൈവന്നു. ആത്മീയമായി പുരോഗമിക്കാൻ അത് എന്നെ സഹായിച്ചു.”
18 മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളുടെ ആത്മീയപുരോഗതിയിൽ നിങ്ങൾക്കു വലിയൊരു പങ്കുണ്ട്. ശക്തമായ വിശ്വാസമുള്ളവരായിരിക്കാൻ നിങ്ങൾക്ക് അവരെ എങ്ങനെ സഹായിക്കാനാകും? അടുത്ത ലേഖനത്തിൽ അതിനുള്ള ഉത്തരം കാണാം.