ക്രിസ്തീയയോബേൽ സഹസ്രാബ്ദത്തിൽ പാരമ്യത്തിലെത്തുന്നു
1. യിസ്രായേൽ റിപ്പബ്ലിക്കിലെ യഹൂദൻമാർ എന്തു പുനഃസ്ഥാപിക്കാൻ ശ്രമം ചെയ്തിട്ടില്ല, എന്തുകൊണ്ട്?
യിസ്രായേൽ റിപ്പബ്ലിക്കിൽപോലും (1948-ൽ സ്ഥാപിതം) മോശൈക ന്യായപ്രമാണത്തിൻ കീഴിലാണു തങ്ങളെന്നു പരിഗണിക്കുന്ന അനേകം യഹൂദൻമാർ യോബേൽ വർഷത്തിന്റെ ആഘോഷം പുനഃസ്ഥാപിച്ചിട്ടില്ല. അവർ അതിനു ശ്രമിച്ചാൽ പല കുഴപ്പങ്ങൾ ഉണ്ടാകും. വസ്തുസംബന്ധമായ അവകാശങ്ങൾ ഉൾപ്പെട്ടിരിക്കുന്നതുകൊണ്ട് വമ്പിച്ച സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകും. യിസ്രായേൽ റിപ്പബ്ലിക്ക് പന്ത്രണ്ടു പുരാതന ഗോത്രങ്ങൾ നിവസിച്ചിരുന്ന ദേശമെല്ലാം കൈവശമാക്കിയിട്ടില്ല. അവർക്ക് ലേവിഗോത്രത്തിൽപെട്ട മഹാപുരോഹിതൻ സഹിതം ഒരു ആലയവുമില്ല. ജനങ്ങളുടെ ഗോത്രപരമായ താദാത്മ്യങ്ങൾ നഷ്ടപ്പെട്ടുപോയിരിക്കുന്നു.
2. ചില ക്രിസ്ത്യാനികൾ ഇപ്പോൾത്തന്നെ പുരാതന യിസ്രായേലിന്റെ യോബേലിനാൽ മുൻനിഴലാക്കപ്പെട്ട ഒരു യോബേൽ ആഘോഷിച്ചു തുടങ്ങിയിരിക്കുന്നതെങ്ങനെ?
2 എന്നാൽ അത് യോബേലാഘോഷത്തിന്റെ അനുഗ്രഹങ്ങൾ സംബന്ധിച്ച് നമ്മെ എവിടെ വിടും? പുരാതന യോബേൽ സ്വാതന്ത്ര്യത്തിന്റെ ഒരു ഉത്സവവർഷമായിരുന്നുവെന്ന് നാം അനുസ്മരിക്കുന്നു. അടിമത്തത്തിലേക്കു തങ്ങളേത്തന്നെ വിററ യിസ്രായേല്യർ സ്വതന്ത്രരാക്കപ്പെടുകയും പരമ്പരാഗത വസ്തുക്കൾ തിരികെ കൊടുക്കപ്പെടുകയും ചെയ്തു. (ലേവ്യപുസ്തകം 25:8-54) മുൻ ലേഖനത്തിൽ, ഈ ക്രമീകരണം മോശൈകന്യായപ്രമാണ ഉടമ്പടിയോടുകൂടെ ക്രി. വ. 33-ൽ അവസാനിച്ചുവെന്നു നാം കണ്ടുകഴിഞ്ഞു. (റോമർ 7:4, 6; 10:4) അനന്തരം ഒരു പുതിയ ഉടമ്പടി പ്രാബല്യത്തിൽ വരുത്തപ്പെട്ടു, അതു മുഖേന ദൈവത്തിന് വിശ്വാസികളുടെ പാപങ്ങൾ മോചിക്കാനും അവരെ പരിശുദ്ധാത്മാവുകൊണ്ട് അഭിഷേകം ചെയ്യാനും സ്വർഗ്ഗത്തിലേക്കു കൊണ്ടുപോകാൻ പുത്രൻമാരായി ദത്തെടുക്കാനും കഴിയുമായിരുന്നു. (എബ്രായർ 10:15-18) എന്നിരുന്നാലും, ഈ പുതിയ ഉടമ്പടി ക്രമീകരണത്തിൽനിന്ന് പ്രയോജനം സിദ്ധിക്കുന്നവർ “ഭൂമിയിൽനിന്ന് വിലയ്ക്കു വാങ്ങപ്പെട്ടിരിക്കുന്ന” 1,44,000 പേരുടെ ഒരു “ചെറിയ ആട്ടിൻകൂട്ടം” മാത്രമാണ്. അതുകൊണ്ടു വിശ്വസ്തരായ ദശലക്ഷക്കണക്കിനു മററു വിശ്വസ്ത ക്രിസ്ത്യാനികൾക്ക് യോബേലിനാൽ മുൻനിഴലാക്കപ്പെട്ട വിമോചനം എങ്ങനെ ലഭിക്കാൻ കഴിയും?—ലൂക്കോസ് 12:32; വെളിപ്പാട് 14:1-4.
എല്ലാവർക്കുംവേണ്ടിയുള്ള ഒരു ബലി
3. യേശുവിന്റെ ബലി എത്ര ഫലപ്രദവും നിലനിൽക്കുന്നതുമാണ്?
3 ക്രിസ്തീയകാലത്തിനു മുൻപ് വാർഷിക പാപപരിഹാര ദിവസത്തിന്റെ പ്രയോജനങ്ങൾ ഒരു വർഷത്തേക്കു മാത്രമേ നിലനിന്നിരുന്നുള്ളു. കർത്താവായ യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിന്റെ പ്രയോജനങ്ങൾ തുടരുന്നവയാണ്, സ്ഥിരമാണ്. അതുകൊണ്ട്, പ്രതിമാതൃകയിലെ മഹാപുരോഹിതനായ യേശു വീണ്ടും ഒരു മനുഷ്യനായി തന്നേത്തന്നെ ബലിചെയ്യുകയും അനന്തരം യഹോവയാം ദൈവത്തിന്റെ അതിവിശുദ്ധത്തിൽ ആ ബലിയുടെ മൂല്യം സമർപ്പിക്കുന്നതിന് ആണ്ടുതോറും സ്വർഗ്ഗത്തിലേക്കു മടങ്ങിപ്പോകുകയും ചെയ്യേണ്ടിയിരിക്കുന്നില്ല. തിരുവെഴുത്തുകൾ പ്രസ്താവിക്കുന്നപ്രകാരം, “ക്രിസ്തു ഇപ്പോൾ മരിച്ചവരിൽനിന്ന് ഉയർപ്പിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് മേലാൽ മരിക്കുന്നില്ല; മരണം മേലാൽ അവന്റെമേൽ യജമാനനായിരിക്കുന്നില്ല.”—റോമർ 6:9; എബ്രായർ 9:28.
4, 5. (എ) ക്രി. വ. 33-ലെ പെന്തെക്കോസ്തു മുതൽ യേശുവിന്റെ ബലി പ്രായോഗികമാക്കുന്നതിന്റെ ഫലമെന്താണ്? (ബി) അവന്റെ ബലി കൂടുതൽ വ്യാപകമായി ബാധകമാക്കാൻ പോകുന്നുവെന്നതിന് നമുക്ക് എന്തു സൂചനയുണ്ട്?
4 അതുകൊണ്ട്, ക്രി. വ. 33 മുതലുള്ള വർഷങ്ങളിൽ വിശ്വാസികൾ മഹത്വീകരിക്കപ്പെട്ട യേശുക്രിസ്തുവിന്റെ ആത്മജനനം പ്രാപിച്ച ശിഷ്യൻമാരായിത്തീർന്നപ്പോൾ അവർ ക്രിസ്തീയ യോബേൽ ആഘോഷിച്ചുതുടങ്ങി. ‘പാപത്തിന്റെയും മരണത്തിന്റെയും നിയമത്തിൽനിന്ന് സ്വതന്ത്രരാക്കപ്പെട്ട’തോടെ അവർ ഊർജ്ജ്വസ്വലത നൽകുന്ന സ്വാതന്ത്ര്യം ആസ്വദിച്ചിരിക്കുന്നു. (റോമർ 8:1, 2) മററുള്ളവർക്കുകൂടെ പാപങ്ങൾ മോചിച്ചുകിട്ടേണ്ടതിനും അവർ അഭിഷേകം ചെയ്യപ്പെടുകയും ദൈവത്തിന്റെ ആത്മീയ പുത്രൻമാരായിത്തീരുകയും ചെയ്യേണ്ടതിനും അവർ ആ ക്രിസ്തീയ സന്ദേശം വിളംബരം ചെയ്യുകകൂടെ ചെയ്തിരിക്കുന്നു. എന്നാൽ ഒരുവൻ 144,000 പേരായി പരിമിതപ്പെട്ടിരിക്കുന്ന ആ കൂട്ടത്തിൽപെട്ടവനല്ലെങ്കിൽ അയാൾക്ക് ഇപ്പോൾ സന്തോഷകരമായ വിമോചനം അനുഭവിക്കാൻ കഴികയില്ലെന്ന് ഇതിനർത്ഥമുണ്ടോ?
5 ഈ ബന്ധത്തിൽ റോമർ 8:19-21-ലെ അപ്പോസ്തലനായ പൗലോസിന്റെ വാക്കുകൾ പ്രധാനമാണ്: “സൃഷ്ടിയുടെ ആകാംക്ഷാപൂർവ്വകമായ പ്രതീക്ഷ ദൈവപുത്രൻമാരുടെ വെളിപ്പെടലിനുവേണ്ടി കാത്തിരിക്കുകയാണ്. എന്തെന്നാൽ സൃഷ്ടി നിഷ്പ്രയോജനത്വത്തിന് [പാപപൂർണ്ണരാകയാലും പാപം നീക്കാൻ അപ്രാപ്തരാകയാലും] വിധേയമാക്കപ്പെട്ടു.” അനന്തരം “സൃഷ്ടിതന്നെ ദ്രവത്വത്തിന്റെ അടിമത്തത്തിൽനിന്ന് സ്വതന്ത്രമാക്കപ്പെടുകയും ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യുമെന്നുള്ള പ്രത്യാശ” ഉണ്ടെന്ന് പൗലോസ് ഊന്നിപ്പറഞ്ഞു. അതുകൊണ്ട് അങ്ങനെയുള്ള സ്വാതന്ത്ര്യം സ്വർഗ്ഗത്തിൽ “ദൈവമക്കളാ”യിത്തീരുന്നവർക്കു പരിമിതപ്പെടുത്തിയിട്ടില്ല. യോഹന്നാൻ 3:16-ലെ സുപരിചിത വാക്കുകൾ അതിനെ സ്ഥിരീകരിക്കുന്നു. സൂചിപ്പിക്കപ്പെട്ടതുപോലെ, അഭിഷേകം ചെയ്യപ്പെട്ട അപ്പോസ്തലനായ യോഹന്നാൻ, “നമ്മുടേതിനു മാത്രമല്ല, മുഴുലോകത്തിന്റെയും പാപങ്ങൾക്കുവേണ്ടി” ക്രിസ്തു മരിച്ചുവെന്ന് പറയുകയുണ്ടായി.—1 യോഹന്നാൻ 2:2.
1919—ഒരു പ്രാരംഭ വിമോചനം
6, 7. ഏതുതരം വിമോചനം 1919 മുതൽ വിളംബരം ചെയ്യപ്പെട്ടിരിക്കുന്നു, വിശേഷാൽ അന്നുമുതലായിരിക്കുന്നതെന്തുകൊണ്ട്?
6 ആധുനികകാലങ്ങളിൽ ക്രിസ്തീയ യോബേലാഘോഷിക്കുന്ന അഭിഷിക്തർ, വിശേഷിച്ച് 1919 മുതൽ വിമോചന സുവാർത്ത ഘോഷിച്ചുകൊണ്ടാണിരിക്കുന്നത്. ‘ആ കാലം മുതൽ എന്തുകൊണ്ട്?’ എന്ന് നിങ്ങൾ അടുത്തകാലത്താണു ജനിച്ചതെങ്കിൽ അതിശയിക്കുന്നുണ്ടായിരിക്കും. നിങ്ങളുടെ വിമോചനത്തിന്റെ അനുഭവം ഉൾപ്പെട്ടിരിക്കുന്നുവെന്നു മനസ്സിൽ പിടിച്ചുകൊണ്ട് നമുക്ക് നോക്കാം.
7 ആ തീയതിക്കു ദശാബ്ദങ്ങൾക്കു മുമ്പുതന്നെ പ്രസിദ്ധമായ വേദാദ്ധ്യയന പത്രികകളിലേതുപോലെയുള്ള (1886-1917) ബൈബിൾ സത്യങ്ങൾ യഹോവയുടെ അഭിഷിക്തൻമാർ പ്രസിദ്ധീകരിച്ചു. അവർ വിജ്ഞാനപ്രദങ്ങളായ അനേകം ചെറുപുസ്തകങ്ങളും ലഘുലേഖകളും വിതരണം ചെയ്തു. ഒന്നാം ലോക മഹായുദ്ധകാലത്ത് എതിർപ്പും പരിശോധനയും വേർതിരിക്കലും അവരുടെ ഭാഗത്ത് ഒരു മന്ദീഭാവവും ഉണ്ടായി. എന്നാൽ 1919-ൽ അഭിഷിക്തശേഷിപ്പ് ബൈബിൾ സത്യങ്ങൾ ഘോഷിക്കാൻ പുതു തീക്ഷ്ണതയോടെ പുറപ്പെട്ടു. ക്രി. വ. 30-ൽ “ബന്ദികളോട് ഒരു വിടുതലും കുരുടരോട് കാഴ്ചയുടെ ഒരു വീണ്ടെടുക്കലും” പ്രസംഗിക്കാൻ താൻ അഭിഷേകം ചെയ്യപ്പെട്ടുവെന്ന് യേശുവിനു പറയാൻ കഴിഞ്ഞതുപോലെ, ആധുനികനാളിലെ ഈ അഭിഷിക്തർക്കും പറയാൻ കഴിയും. 1919 സെപ്ററംബർ 1-7-ലെa ഒരു പുളകപ്രദമായ കൺവെൻഷനുശേഷം അവർ അസംഖ്യം ആളുകളെ വിമോചിപ്പിച്ച സത്യങ്ങൾ പ്രസംഗിക്കുന്നതിൽ മുന്നേറുകയുണ്ടായി.—ലൂക്കോസ് 4:18.
8, 9. അനേകർ ഏതർത്ഥത്തിൽ സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു, അങ്ങനെയുള്ള വിമോചനം വിളംബരം ചെയ്യുന്നതിന് ഏതു സഹായങ്ങൾ ഉപയോഗിക്കപ്പെട്ടിരിക്കുന്നു?
8 ദൃഷ്ടാന്തമായി, ദൈവത്തിന്റെ കിന്നരം എന്ന ബൈബിൾ പഠനസഹായി (1921) യെക്കുറിച്ച് പരിചിന്തിക്കുക. അതു മർമ്മപ്രധാനമായ സത്യങ്ങളെ അവ ഒരു കിന്നരത്തിന്റെ പത്തു കമ്പികളായിരിക്കുന്നതുപോലെ അവതരിപ്പിച്ചു. അനേകർ “ദുഷ്ടൻമാരുടെ ശിക്ഷ . . . കെടുത്താൻ കഴിയാത്ത തീയും ഗന്ധകവും എരിയുന്ന ഒരു നിത്യദണ്ഡനമാണ്” എന്ന ഉപദേശത്താൽ ബൈബിൾ പഠനത്തിൽനിന്ന് അകന്നുമാറിയിരിക്കുന്നതായി ആ പുസ്തകം സമ്മതിച്ചു. “ഈ ഉപദേശത്തിന് (1) അതു ന്യായരഹിതമായിരിക്കുന്നതിനാൽ (2) അത് നീതിക്ക് വെറുക്കത്തക്കതായിരിക്കുന്നതിനാൽ (3) അത് സ്നേഹത്തിന്റെ തത്വത്തിനെതിരായിരിക്കുന്നതിനാൽ (4) അത് തികച്ചും തിരുവെഴുത്തു വിരുദ്ധമായിരിക്കുന്നതിനാൽ സത്യമായിരിക്കാവുന്നതല്ലെന്ന് ഈ പുസ്തകത്തിന്റെ 60,00,000 വരുന്ന വായനക്കാർ മനസ്സിലാക്കി. നരകത്തിലെ നിത്യദണ്ഡനത്തിന്റെയോ ശുദ്ധീകരണസ്ഥലത്തെ കഠിനവേദനയുടെയോ ഭീതിയിൽ വളർന്നുവന്നിരുന്ന ആളുകൾക്ക് അത് എത്ര വിമോചനദായകമായിരുന്നുവെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയും!
9 അതെ, ഈ അഭിഷിക്തരാലുള്ള ബൈബിൾ സത്യത്തിന്റെ തീക്ഷ്ണമായ പ്രസംഗം വ്യാജോപദേശങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും (പൂർവ്വാരാധന, പ്രേതങ്ങളെ അല്ലെങ്കിൽ ദുരാത്മാക്കളെയുള്ള ഭയം എന്നിങ്ങനെയുള്ള) തിരുവെഴുത്തു വിരുദ്ധമായ ആചാരങ്ങൾക്കും അടിമപ്പെട്ടിരുന്ന ആളുകളെ സ്വതന്ത്രരാക്കി. ചില ബൈബിൾ പഠന സഹായികളുടെ പേരുകൾ തന്നെ ദശലക്ഷങ്ങളുടെമേൽ അവയ്ക്കുണ്ടായിരുന്ന വിമോചകസ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നു.b അങ്ങനെ, തന്റെ ശിഷ്യൻമാർ താൻ ചെയ്തതിനെക്കാൾ ‘വലിയ വേലകൾ ചെയ്യു’മെന്ന് യേശു പറഞ്ഞ വാക്കുകൾ സത്യമെന്നു തെളിഞ്ഞിരിക്കുന്നു. (യോഹന്നാൻ 14:12) “അടിമകൾക്ക് ഒരു വിടുതൽ” പ്രസംഗിച്ചതിൽ യേശു ചെയ്ത പ്രാഥമിക ആത്മീയ വിമോചനവേലയോടു താരതമ്യപ്പെടുത്തുമ്പോൾ ദൈവത്തിന്റെ ആധുനികകാല ദാസൻമാർ വളരെയധികം പ്രവർത്തിച്ചിരിക്കുന്നു—ഗോളത്തിനുചുററുമുള്ള അനേക ദശലക്ഷങ്ങളെ സമീപിച്ചുകൊണ്ടുതന്നെ.
10. കൂടുതലായി വലിപ്പമേറിയ ഒരു വിമോചനം അനുഭവപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
10 എന്നിരുന്നാലും, ഒന്നാം നൂററാണ്ടിൽ ക്രി. വ. 33-ലെ പെന്തെക്കോസ്തിൽ കൂടുതലായ ഒരു വിമോചന വേല തുടങ്ങിയെന്ന് ഓർക്കുക. അന്ന് “ചെറിയ ആട്ടിൻകൂട്ട”ത്തിന് ക്രിസ്തീയ യോബേൽ തുടങ്ങി. അത് അവരുടെ പാപങ്ങൾ മോചിക്കപ്പെടും, അവർ സ്വർഗ്ഗത്തിൽ “ദൈവപുത്രൻമാർ” ആയിത്തീരുന്നതിലേക്കും നയിക്കുകയും ചെയ്യുമായിരുന്നു. നമ്മുടെ കാലത്തെ സംബന്ധിച്ചെന്ത്? അർപ്പിതരായ മററ് ദശലക്ഷക്കണക്കിനു ക്രിസ്ത്യാനികൾക്ക് പാപത്തിന്റെ അടിമത്തത്തിൽനിന്ന് മോചിതരാകാനും അങ്ങനെ മഹത്തായ ഒരു യോബേൽ ആഘോഷിക്കാനും കഴിയുമോ? ഉവ്വ്, “പഴയകാലത്തെ തന്റെ വിശുദ്ധ പ്രവാചകൻമാരുടെ വായ് മുഖാന്തരം ദൈവം സംസാരിച്ച സകല കാര്യങ്ങളുടെയും പുനഃസ്ഥിതീകരണ”ത്തെക്കുറിച്ച് അപ്പോസ്തലനായ പത്രോസ് പ്രസ്താവിച്ചപ്പോൾ അവൻ അതു സൂചിപ്പിക്കുകയുണ്ടായി.—പ്രവൃത്തികൾ 3:21.
ദശലക്ഷങ്ങൾക്കായുള്ള ഒരു യോബേൽ
11. ആത്മീയ യിസ്രായേലിനെ കവിഞ്ഞു വ്യാപിക്കുന്ന ഒരു വിമോചനത്തിനായി നമുക്ക് പ്രതീക്ഷിക്കാമെന്ന് ലേവ്യപുസ്തകം 25-ാം അദ്ധ്യായം സൂചിപ്പിക്കുന്നതെങ്ങനെ?
11 ലേവ്യപുസ്തകം 25-ാം അദ്ധ്യായത്തിൽ യഹോവയുടെ നിലപാടിൽ യിസ്രായേല്യർ താൻ ഈജിപ്ററിൽ നിന്ന് വിമോചിപ്പിച്ച തന്റെ അടിമകളാണെന്ന് രണ്ടു പ്രാവശ്യം ഓർമ്മിപ്പിച്ചത് ശ്രദ്ധാർഹമാണ്. (42-ഉം 55-ഉം വാക്യങ്ങൾ) ഈ യോബേലദ്ധ്യായം ‘കുടിപാർപ്പുകാരെയും’ ‘അവരുടെ ഇടയിലെ അന്യദേശീയരെയും’ കുറിച്ചും പറയുന്നു. അങ്ങനെയുള്ളവർക്ക് ഇക്കാലത്തെ “മഹാപുരുഷാര”ത്തോടു സമാന്തരത്വമുണ്ട്, അവർ ആത്മീയ യിസ്രായേല്യരോടൊത്ത് ക്രിസ്തീയ സുവാർത്ത ഘോഷിച്ചുകൊണ്ടിരിക്കുകയാണ്.
12. ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തഞ്ചു മുതൽ ഏതു സന്തുഷ്ടവികാസം പുരോഗമനത്തിലിരിക്കുന്നു?
12 “നല്ല ഇടയ”നായ യേശുക്രിസ്തു താൻ “വേറെ ആളുകൾ” എന്നു പരാമർശിച്ചവരെ 1935 മുതൽ അഭിഷിക്തശേഷിപ്പിനോടുള്ള സജീവ സഹവാസത്തിലേക്കു വരുത്തിയിരിക്കുന്നു. ഇവരെ അവൻ “കൊണ്ടുവരേണ്ടി”യിരുന്നു. അവർ “ഏക ഇടയന്റെ” കീഴിൽ “ഏക ആട്ടിൻകൂട്ടം” ആയിത്തീരണമായിരുന്നു. (യോഹന്നാൻ 10:16) “വേറെ ആടുകളുടെ” എണ്ണം ഇപ്പോൾ ദശലക്ഷക്കണക്കിനാണ്. നിങ്ങൾ ആ സന്തുഷ്ടകൂട്ടത്തിൽ പെട്ടവരാണെങ്കിൽ നിങ്ങൾ ഇപ്പോൾത്തന്നെ ദൈവത്തിന്റെ ഒരു സ്നേഹിതനെന്നനിലയിൽ നീതിമാനായി എണ്ണപ്പെടുന്നു. മനുഷ്യസൃഷ്ടിയുടെ ഒരു ഭാഗമെന്നനിലയിൽ നിങ്ങൾ ആസന്നമായിരിക്കുന്ന ഭൂമിയിലെ “സകല കാര്യങ്ങളുടെയും പുനഃസ്ഥിതീകരണ കാലങ്ങളിൽ” “ദ്രവത്വത്തിന്റെ അടിമത്തത്തിൽനിന്ന് സ്വതന്ത്രരാക്കപ്പെടുന്ന”തിന് നോക്കിപ്പാർത്തിരിക്കുകയാണ്. ഇത് തെററായ ഒരു പ്രത്യാശയല്ല.—റോമർ 8:19-21; പ്രവൃത്തികൾ 3:20, 21.
13. “മഹോപദ്രവ”ത്തിനുശേഷം വിശേഷാൽ ഏതനുഗ്രഹം സംഭവിക്കുന്നതായി നാം ശ്രദ്ധിക്കണം?
13 സ്വർഗ്ഗീയ ഭാവി സഹിതം ക്രിസ്തീയ യോബേൽ ആഘോഷിക്കുന്ന 144000 പേരെ അപ്പോസ്തലനായ യോഹന്നാൻ കണ്ടശേഷം അവൻ പിൻവരുന്ന പ്രകാരം പറയുന്ന ഒരു “മഹാപുരുഷാര”ത്തെ വർണ്ണിച്ചു: “ഇവരാണ് മഹോപദ്രവത്തിൽനിന്നു പുറത്തുവരുന്നവർ, അവർ കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കികൾ അലക്കി വെളുപ്പിച്ചിരിക്കുന്നു. അതുകൊണ്ടാണ് അവർ ദൈവത്തിന്റെ സിംഹാസനത്തിൻമുമ്പിലായിരിക്കുന്നത്; അവർ അവന്റെ ആലയത്തിൽ അവന് പകലും രാവും വിശുദ്ധസേവനം അർപ്പിച്ചുകൊണ്ടിരിക്കുന്നു.”—വെളിപ്പാട് 7:14, 15.
14, 15. “മഹാപുരുഷാര”ത്തിൽ പെട്ടവർക്ക് ഇപ്പോൾ സന്തോഷിക്കാൻ പ്രത്യേക കാരണമുള്ളതെന്തുകൊണ്ട്?
14 മഹോപദ്രവത്തിനു മുമ്പുള്ള ഇപ്പോൾപോലും ഇവർ ക്രിസ്തുവിന്റെ ചൊരിയപ്പെട്ട രക്തത്തിൽ വിശ്വാസം പ്രകടിപ്പിക്കുകയും അങ്ങനെ അവന്റെ ബലിമരണത്തിൽനിന്ന് പ്രയോജനം നേടുകയും ചെയ്യുന്നു. കൂടാതെ, മഹാബാബിലോനിൽനിന്ന് വിമോചിതരായതിലും യഹോവയാം ദൈവത്തിൻമുമ്പാകെ ഒരു നല്ല മനഃസാക്ഷി ലഭിച്ചതിലും അവസാനം വരുന്നതിനു മുമ്പ് രാജ്യസുവാർത്ത പ്രസംഗിച്ചുകൊണ്ട് മത്തായി 24:14-ന്റെ നിവൃത്തിയിൽ പങ്കുപററുന്നതിനുള്ള പദവി ലഭിച്ചതിലും അവർ സന്തോഷിക്കുന്നു.
15 എന്നിരുന്നാലും, മഹാപുരുഷാരം ജൻമസിദ്ധമായ പാപത്തിൽനിന്നും അപൂർണ്ണതയിൽനിന്നും വിമോചിപ്പിക്കപ്പെടുന്നതിനുള്ള പ്രത്യാശ സംബന്ധിച്ചെന്ത്? ആ സമയം അടുത്തിരിക്കുന്നുവോ? മുൻകൂട്ടി പറഞ്ഞ സകല കാര്യങ്ങളും നിവൃത്തിയാകുന്നതിനു മുൻപ് നീങ്ങിപ്പോകുകയില്ലെന്ന് യേശുക്രിസ്തു പറഞ്ഞ മനുഷ്യവർഗ്ഗ തലമുറയിൽപെട്ട ചിലർ ഇപ്പോഴും നമ്മോടുകൂടെ ഉണ്ടെന്ന് വിശ്വസിക്കുന്നതിന് നമുക്കു നല്ല കാരണമുണ്ട്. (മത്തായി 24:34) അതുകൊണ്ട്, “വ്യവസ്ഥിതിയുടെ സമാപന”ത്തിന്റെ മഹത്തായ പരിസമാപ്തി വളരെ സമീപത്തിലായിരിക്കണം.—മത്തായി 24:3.
ക്രിസ്തീയ യോബേലിന്റെ മകുടം ചാർത്തുന്ന സവിശേഷതകൾ
16. ദൈവോദ്ദേശ്യത്തിന്റെ സാക്ഷാത്ക്കരണത്തിൽ നാം എവിടെ നിലകൊള്ളുന്നു, എന്ത് ഭാവിയിൽ സ്ഥിതി ചെയ്യുന്നു?
16 “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധം” സത്വരം സമീപിച്ചുവരുകയാണ്. “ചെറിയ ആട്ടിൻകൂട്ടം”ത്തിന്റെ ശേഷിപ്പും വിശ്വസ്തരും ഭക്തരുമായ അവരുടെ കൂട്ടാളികളുടെ “മഹാപുരുഷാരവും” യഹോവയാം ദൈവത്തോടുള്ള നിർമ്മലതപാലിക്കുകയും ദിവ്യസംരക്ഷണം ലഭിക്കുന്നതിന് നോക്കിപ്പാർത്തിരിക്കുകയും ചെയ്യുന്നു. യഹോവ സകല ശത്രു സൈന്യങ്ങളെയും തകർത്തു പരാജയപ്പെടുത്തി പരമാധികാരിയെന്ന നിലയിൽ തന്നെ സംസ്ഥാപിക്കുന്നതിന് അവർ നോക്കിപ്പാർത്തിരിക്കുകയാണ്. ഇത് ക്രിസ്തീയ സ്വാതന്ത്ര്യത്തിന്റെ ആസ്വാദനത്തിനു മകുടം ചാർത്തുന്ന എന്തോരു സവിശേഷതയായിരിക്കും!—വെളിപ്പാട് 16:14; 19:19-21; ഹബക്കൂക്ക് 2:3.
17. ദശലക്ഷങ്ങൾ ഇനിയും മഹത്തായ ഒരു യോബേലിൽ എങ്ങനെ വിമോചനം നേടും?
17 തുടർന്ന് ശുദ്ധീകരിക്കപ്പെട്ട ഭൂമിയിൽ ജയശാലിയായ യേശുക്രിസ്തുവിന്റെ വാഴ്ച നടക്കും. യഹോവയുടെ സാർവ്വത്രിക പരമാധികാരം വീണ്ടു സ്ഥിരീകൃതമാകും. രാജാധിരാജാവും കർത്താധികർത്താവുമെന്ന നിലയിൽ യേശുക്രിസ്തുവിന് ഭൂമിയുടെ പൂർണ്ണനിയന്ത്രണം ഉണ്ടായിരിക്കും. അന്ന് അവൻ ദശലക്ഷക്കണക്കിനു മനുഷ്യർക്ക് തന്റെ ബലിയുടെ പുണ്യം പ്രയോഗിക്കും; വിശ്വാസം പ്രകടമാക്കുന്നവരും ദൈവം ക്രിസ്തു മൂലം നൽകുന്ന പാപമോചനത്തെ മനസ്സോടെ സ്വീകരിക്കുന്നവരുമായി മരിച്ചവരിൽനിന്നു പുനരുത്ഥാനം പ്രാപിച്ചവരും അവരിൽ ഉൾപ്പെടും. ദൈവം “അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തടച്ചുകളയും, മേലാൽ മരണം ഉണ്ടായിരിക്കുകയില്ല, വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കയില്ല” എന്നതുതന്നെ അതിന്റെ തെളിവായിരിക്കും. (വെളിപ്പാട് 21:3, 4) അത് യഥാർത്ഥ വിമോചനമല്ലെങ്കിൽ മറെറന്താണ് യഥാർത്ഥ വിമോചനം?
18. പുരാതന യോബേലിന്റെ ഒരു സവിശേഷതയോടു താരതമ്യപ്പെടുത്താവുന്നതായി പുതിയ വ്യവസ്ഥിതിയിൽ ഭൂമിയെ സംബന്ധിച്ച് എന്തു സംഭവിക്കും?
18 തന്നെയുമല്ല, മേലാൽ ഭൂമി അത്യാഗ്രഹികളായ വ്യക്തികളാലോ കോർപ്പറേഷനുകളാലോ മാനുഷഗവൺമെൻറുകളാലോ നിയന്ത്രിക്കപ്പെടുകയോ മലിനീകരിക്കപ്പെടുകയോ ഇല്ല. (വെളിപ്പാട് 11:18) പകരം അതു സത്യാരാധകർക്കു തിരിച്ചുകൊടുക്കപ്പെടും. അവർക്ക് യെശയ്യാ പ്രവചനത്തിന്റെ അക്ഷരീയ നിവൃത്തിയിൽ പങ്കെടുക്കുന്ന ഉല്ലാസകരമായ വേല ലഭിക്കും. “അവർ തീർച്ചയായും മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി അവയുടെ ഫലം ഭക്ഷിക്കും. അവർ പണിയുകയും മററാരെങ്കിലും പാർക്കുകയും ചെയ്യുകയില്ല . . . അവർ വ്യർത്ഥമായി അദ്ധ്വാനിക്കുകയില്ല, അവർ ഉപദ്രവത്തിനായി പ്രസവിക്കുകയുമില്ല; എന്തുകൊണ്ടെന്നാൽ അവർ യഹോവയുടെ അനുഗൃഹീതർ ഉൾപ്പെടുന്ന സന്തതി ആയിരിക്കും.” (യെശയ്യാവ് 65:21-25) സഹസ്രാബ്ദവാഴ്ചയുടെ അവസാനമാകുമ്പോഴേക്ക് അവകാശപ്പെടുത്തിയ പാപത്തിന്റെയും അപൂർണ്ണതയുടെയും സകല കണികകളും തുടച്ചുനീക്കപ്പെട്ടിരിക്കും. ഭൂമിയിലെ ദൈവത്തിന്റെ വിശ്വസ്തൻമാർ യോബേലിന്റെ അവസാനത്തെ പരമകാഷ്ഠയുടെ ആഘോഷം നടത്തുന്നതായിരിക്കും. അങ്ങനെ യോബേലിനാൽ മുൻനിഴലാക്കപ്പെട്ട വിമോചനം സമ്പൂർത്തിയാക്കപ്പെടും.—എഫേസ്യർ 1:10.
യോബേലിന്റെ സഹസ്രാബ്ദ പരകോടി
19, 20. സഹസ്രാബ്ദ യോബേലിൽനിന്ന് സംസിദ്ധമാകുന്ന അനുഗ്രഹങ്ങൾക്ക് പ്രതിബന്ധം സൃഷ്ടിക്കാൻ സാത്താനും ഭൂതങ്ങളും എങ്ങനെ ശ്രമിക്കും, എന്നാൽ പരിണതഫലമെന്തായിരിക്കും?
19 മനുഷ്യവർഗ്ഗത്തിൻമേലുള്ള ക്രിസ്തുവിന്റെ ആയിരവർഷവാഴ്ചക്കാലത്ത് ഭൂതസൈന്യങ്ങളുടെ അധിപതിയായ പിശാചായ സാത്താൻ രംഗത്തുണ്ടായിരിക്കയില്ലെന്ന് വെളിപ്പാട് 20:1-3 പറയുന്നു. സഹസ്രാബ്ദത്തിന്റെ ഒടുവിൽ അല്പകാലത്തേക്ക് ഇറങ്ങിവരാൻ പിശാചും ഭൂതങ്ങളും അനുവദിക്കപ്പെടുമ്പോൾ ഭൂമി ഈ ദുഷ്ടാത്മാക്കൾ വിട്ടിട്ടുപോയ അവസ്ഥയിലല്ല. പിന്നെയോ അവർണ്ണനീയമാംവിധം മനോഹരമായ ഒരു അവസ്ഥയിലായിരിക്കുന്നതായി അവർ കാണും. വിശ്വസ്തരായ “മഹാപുരുഷാര”വും യേശുക്രിസ്തു ഒരു മറുവിലയായി ആർക്കുവേണ്ടി മരിച്ചുവോ ആ പുനരുത്ഥാനം പ്രാപിച്ച ശതകോടിക്കണക്കിനാളുകളും ഭൂമിയെ അവകാശപ്പെടുത്തിയിരിക്കുന്നതായി അവർ കാണും. സഹസ്രാബ്ദത്തിന്റെ അവസാനമാകുമ്പോഴേക്ക് ക്രിസ്തീയയോബേൽ മനുഷ്യവർഗ്ഗത്തെ പാപത്തിന്റെ ഫലങ്ങളിൽനിന്ന് പൂർണ്ണമായി വിമോചിപ്പിക്കുകയെന്ന അതിന്റെ ഉദ്ദേശ്യം സാക്ഷാത്ക്കരിച്ചിരിക്കും. (റോമർ 8:21) ആ നല്ല അവസ്ഥയെ നശിപ്പിക്കാൻ ശ്രമിക്കുന്നത് എത്ര പൈശാചികവും അപമാനകരവുമായിരിക്കും! എന്നാൽ സർവ്വശക്തനായ ദൈവത്തിന്റെ അനുവാദത്താൽ പിശാച് ഇതു ചെയ്യുന്നതിന് അന്തിമമായി ഒരു ശ്രമം നടത്തും. വെളിപ്പാട് 20:7-10, 14 ഈ ഫലത്തിൽ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു:
20 “ആയിരം വർഷം അവസാനിച്ചാലുടനെ സാത്താൻ അവന്റെ തടവിൽനിന്ന് അഴിച്ചുവിടപ്പെടും, അവൻ ഭൂമിയുടെ നാലുകോണുകളിലുമുള്ള ഗോഗ്, മാഗോഗ് എന്നീ ജനതകളെ വഴിതെററിക്കുന്നതിന് പുറപ്പെടും. ഇവരുടെ സംഖ്യ സമുദ്രത്തിലെ മണൽപോലെയാകുന്നു. അവർ ഭൂമിയുടെ പരപ്പിലൂടെ മുന്നേറുകയും വിശുദ്ധൻമാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളയുകയും ചെയ്തു. എന്നാൽ ആകാശത്തുനിന്ന് തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളഞ്ഞു. അവരെ വഴിതെററിച്ചുകൊണ്ടിരുന്ന പിശാച് തീയും ഗന്ധകവും കത്തുന്ന തീത്താടാകത്തിലേക്ക് എറിയപ്പെട്ടു.”
21. സഹസ്രാബ്ദത്തോടെ ക്രിസ്തീയയോബേൽ അവസാനിച്ചശേഷം സ്വർഗ്ഗീയ ദൈവപുത്രൻമാരുടെ ഏതു പ്രതികരണം ഇയ്യോബ് 38:7-നെ അനുസ്മരിപ്പിക്കുന്നതായിരിക്കും?
21 യോബേൽ ക്രമീകരണത്താൽ ആനയിക്കപ്പെട്ട യഥാർത്ഥ സ്വാതന്ത്ര്യം തുടർന്ന് എല്ലായിടത്തും ആസ്വദിക്കപ്പെടും; സകല സൃഷ്ടികളും സ്വതന്ത്രരായിരിക്കും, അവർ യഹോവ എന്നു നാമമുള്ള ഏകനെ ബഹുമാനിക്കുന്നതായിരിക്കും. (സങ്കീർത്തനം 83:18) യഹോവ സർവ്വ അഖിലാണ്ഡത്തിലും തന്റെ ഉദ്ദേശ്യം സാക്ഷാത്ക്കരിക്കുന്നതിൽ തുടരുമ്പോൾ അതു സത്യമായിരിക്കും. ഭൂമിയുടെ സൃഷ്ടിപ്പിങ്കൽ, മനുഷ്യവർഗ്ഗം അതിൻമേൽ ആക്കിവെക്കപ്പെടുന്നതിനു മുമ്പ് “പ്രഭാതനക്ഷത്രങ്ങൾ ഒത്തുചേർന്ന് സന്തോഷപൂർവ്വം ആർപ്പുവിളിച്ചു,” ആ മനോഹരമായ കാഴ്ചയിൽ” ദൈവപുത്രൻമാരെല്ലാം ആർത്തു ഘോഷിച്ചു.” (ഇയ്യോബ് 38:7) സർവ്വശക്തനായ ദൈവത്തോട് തങ്ങളുടെ തികഞ്ഞ സമർപ്പണവും നിർമ്മലതയും പ്രകടമാക്കുകയും തെളിയിക്കുകയും ചെയ്തിട്ടുള്ള സ്ത്രീ പുരുഷൻമാർ ഭൂമിയിൽ അധിവസിക്കുന്നത് കാണുമ്പോൾ അവർ എത്രയധികം അങ്ങനെ ചെയ്യുന്നതായിരിക്കും.
22. സങ്കീർത്തനം 150:1-6-ൽ കാണപ്പെടുന്ന ഉദ്ബോധനത്തിനു ചേർച്ചയായി നമ്മുടെ മനോഭാവം എന്തായിരിക്കണം?
22 തിരുവെഴുത്തുകളുടെമേൽ വീശുന്ന കണ്ണഞ്ചിക്കുന്ന പ്രകാശത്തിന്റെ വെളിച്ചത്തിൽ എല്ലാം കണക്കിലെടുക്കുമ്പോൾ നമുക്ക് സ്വപ്രേരിതമായി സ്വർഗ്ഗത്തോടുകൂടെ സന്തോഷിക്കുകയും ഹല്ലേലുയ്യാ പറയുകയുമല്ലാതെ മറെറാന്നും കരണീയമായില്ല! സങ്കീർത്തനങ്ങളുടെ പുസ്തകം നമുക്കുവേണ്ടി ഈ ഉദ്ബോധനത്തോടെയാണ് അവസാനിക്കുന്നത്: “ഹല്ലേലൂയ്യാ. യഹോവയെ അവന്റെ വിശുദ്ധ മന്ദിരത്തിൽ സ്തുതിക്കുക; അവന്റെ കോട്ടയായ ആകാശത്തിൽ ദൈവത്തെ സ്തുതിക്കുക. അവൻറ വീര്യപ്രവൃത്തി നിമിത്തം അവനെ സ്തുതിക്കുക; അവന്റെ മഹിമാധിക്യം നിമിത്തം അവനെ സ്തുതിക്കുക. കാഹളനാദത്തോടെ അവനെ സ്തുതിക്കുക; കിന്നരത്തോടും വീണയോടുംകൂടെ അവനെ സ്തുതിക്കുക. തപ്പിനോടും നൃത്തത്തിനോടും കൂടെ അവനെ സ്തുതിക്കുക; തന്ത്രിനാദത്തോടും കുഴലിനോടും കൂടെ അവനെ സ്തുതിക്കുക. ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിക്കുക. ശ്വസിക്കുന്ന സകലവും കർത്താവിനെ സ്തുതിക്കട്ടെ. ഹല്ലേലൂയ്യാ.”—സങ്കീർത്തനം 150:1-6, തനാക്ക് ബൈബിൾ (1985) അമേരിക്കയിലെ യഹൂദ പ്രസിദ്ധീകരണ സമൂഹം. (w87 1/1)
[അടിക്കുറിപ്പുകൾ]
a അവിടെ ഒരു പുതിയ മാസിക റിലീസ് ചെയ്യപ്പെട്ടു, അത് “സമ്മിശ്രതയുടെ മരുഭൂമിയിൽ ഒരു ശബ്ദംപോലെ” ആയിരിക്കേണ്ടിയിരുന്നു, “അതിന്റെ ദൗത്യം സുവർണ്ണയുഗത്തിന്റെ ആഗമനത്തെ അറിയിക്കുകയെന്നതായിരുന്നു.” ഇന്ന് ഈ മാസിക ഉണരുക! എന്ന് വിളിക്കപ്പെടുന്നു.
b ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കയില്ല (1920); ഉദ്ധാരണം (1926); ജനങ്ങൾക്കു സ്വാതന്ത്ര്യം (1927); സ്വാതന്ത്ര്യം (1932; “സത്യം നിങ്ങളെ സ്വതന്ത്രരാക്കും.” (1943); “മരണാനന്തര ജീവിത”ത്തെക്കുറിച്ച് തിരുവെഴുത്തുകൾ എന്തു പറയുന്നു? (1955); ദൈവപുത്രൻമാരുടെ സ്വാതന്ത്ര്യത്തിൽ നിത്യജീവൻ (1966); നിത്യജീവനിലേക്കു നയിക്കുന്ന സത്യം (1968); വിമോചനത്തിലേക്കു നയിക്കുന്ന ദിവ്യസത്യത്തിന്റെ പാത (1980)
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ ക്രിസ്തുവിന്റെ ശിഷ്യൻമാർ ക്രി. വ. 33-ൽ പെന്തെക്കോസ്തിൽ എന്തിൽനിന്ന് വിടുവിക്കപ്പെട്ടു, അത് അവർക്ക് എന്തിന്റെ തുടക്കം കുറിച്ചു?
◻ ഒന്നാം നൂററാണ്ടിൽ സംഭവിച്ചതിനെക്കാൾ വലിയ വിമോചനം പ്രതീക്ഷിക്കാൻ കാരണമുള്ളതെന്തുകൊണ്ട്?
◻ ഏതുതരം വിമോചനമാണ് 1919 മുതൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്?
◻ “വേറെ ആടുകൾക്ക്” എങ്ങനെ, എപ്പോൾ, മഹത്തായ ഒരു യോബേലിൽനിന്ന് പ്രയോജനം ലഭിക്കും?
◻ യോബേലിന്റെ പരമകാഷ്ഠക്കുശേഷം ഭൂമി എങ്ങനെയായിരിക്കും?
[23-ാം പേജിലെ ചിത്രം]
1919-ൽ സീഡാർപോയിൻറിൽ സ്വാതന്ത്ര്യം വിളംബരം ചെയ്യപ്പെടുന്നു
[24-ാം പേജിലെ ചിത്രം]
“വേറെ ആടുകൾ” സഹസ്രാബ്ദ യോബേലിൽ പങ്കെടുക്കുന്നു.