പാഠം 10
ഞങ്ങളുടെ മീറ്റിങ്ങുകൾ നിങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്യും?
യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങുകൾക്ക് അഥവാ സഭായോഗങ്ങൾക്ക് നിങ്ങൾ എപ്പോഴെങ്കിലും പോയിട്ടുണ്ടോ? ആദ്യമായി ഞങ്ങളുടെ മീറ്റിങ്ങിന് പോകുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ഈ ചോദ്യങ്ങൾ വന്നേക്കാം: ‘മീറ്റിങ്ങിൽ എന്തൊക്കെ പരിപാടികൾ ഉണ്ടായിരിക്കും? മീറ്റിങ്ങുകൾക്ക് പോകേണ്ട കാര്യമുണ്ടോ? അവിടെ പോകുന്നതുകൊണ്ട് പ്രയോജനമുണ്ടോ?’ മീറ്റിങ്ങിൽ പങ്കെടുക്കുമ്പോൾ നമ്മൾ ദൈവത്തോടു കൂടുതൽ അടുക്കുന്നത് എങ്ങനെയാണെന്നും നമുക്ക് എന്തൊക്കെ പ്രയോജനങ്ങൾ ലഭിക്കുമെന്നും ഈ പാഠത്തിൽ പഠിക്കും.
1. മീറ്റിങ്ങുകൾക്ക് കൂടിവരേണ്ടതിന്റെ പ്രധാന കാരണം എന്താണ്?
മീറ്റിങ്ങുകൾക്ക് കൂടിവരേണ്ടതിന്റെ ഏറ്റവും പ്രധാന കാരണം യഹോവയെ സ്തുതിക്കുക എന്നതാണ്. ബൈബിളിന്റെ എഴുത്തുകാരിൽ ഒരാൾ ഇങ്ങനെ പറഞ്ഞു: “മഹാസഭയിൽ ഞാൻ യഹോവയെ വാഴ്ത്തും.” (സങ്കീർത്തനം 26:12) ബൈബിൾ എഴുതിയ കാലത്ത് ആളുകൾ ഒരുമിച്ച് കൂടിവന്ന് യഹോവയെ ആരാധിച്ചിരുന്നു. അതുപോലെ ഇന്നും ലോകമെങ്ങും യഹോവയുടെ സാക്ഷികൾ മീറ്റിങ്ങുകൾക്ക് സന്തോഷത്തോടെ ഒരുമിച്ച് കൂടിവരുന്നു. യഹോവയെക്കുറിച്ച് പഠിക്കാനും പാടി സ്തുതിക്കാനും പ്രാർഥിക്കാനും ആയിട്ടാണ് ഞങ്ങൾ എല്ലാ ആഴ്ചയും സഭകളിൽ കൂടിവരുന്നത്. ഓരോ വർഷവും ചില പ്രത്യേക അവസരങ്ങളിൽ ഞങ്ങൾ വലിയ കൂട്ടങ്ങളായും കൂടിവരാറുണ്ട്.
2. മീറ്റിങ്ങുകളിൽനിന്ന് നിങ്ങൾക്ക് എന്തൊക്കെ പഠിക്കാം?
മീറ്റിങ്ങുകളിൽ ഞങ്ങൾ പഠിക്കുന്ന കാര്യങ്ങളെല്ലാം ബൈബിളിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അവിടെ ദൈവവചനം ‘വ്യക്തമായി വിശദീകരിച്ച് അർഥം പറഞ്ഞുതരുന്നു.’ (നെഹമ്യ 8:8 വായിക്കുക.) യഹോവയെക്കുറിച്ചും യഹോവയുടെ ഗുണങ്ങളെക്കുറിച്ചും അവിടെ നമ്മൾ പഠിക്കും. യഹോവയ്ക്കു നിങ്ങളോട് എത്രത്തോളം സ്നേഹമുണ്ടെന്നു മനസ്സിലാക്കുമ്പോൾ നിങ്ങൾ യഹോവയോടു കൂടുതൽ അടുക്കും. മാത്രമല്ല ജീവിതത്തിൽ സന്തോഷവും സമാധാനവും എങ്ങനെ കണ്ടെത്താമെന്നും പഠിക്കും.—യശയ്യ 48:17, 18.
3. മീറ്റിങ്ങുകളിൽ വരുന്നവരെ പരിചയപ്പെടുന്നത് നിങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്യും?
‘സ്നേഹിക്കാനും നല്ല കാര്യങ്ങൾ ചെയ്യാനും വേണ്ടി പരസ്പരം പ്രചോദിപ്പിക്കാൻ യോഗങ്ങൾക്കു കൂടിവരണം’ എന്നാണ് യഹോവ പറയുന്നത്. (എബ്രായർ 10:24, 25) സ്നേഹിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന പലരെയും ഞങ്ങളുടെ യോഗങ്ങളിൽ നിങ്ങൾക്കു കാണാം. അവർ നിങ്ങളെപ്പോലെതന്നെ ദൈവത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ താത്പര്യമുള്ളവരാണ്. അവർ ബൈബിളിൽനിന്നുള്ള പ്രോത്സാഹനം പകരുന്ന വാക്കുകൾ പറയുന്നത് നിങ്ങൾക്കു കേൾക്കാം. (റോമർ 1:11, 12 വായിക്കുക.) പ്രശ്നങ്ങളൊക്കെ ഉണ്ടെങ്കിലും സന്തോഷത്തോടെ ജീവിക്കുന്ന പലരെയും നിങ്ങൾക്ക് അവിടെ പരിചയപ്പെടാം. ഇങ്ങനെ പല പ്രയോജനങ്ങളും ഉള്ളതുകൊണ്ടാണ് മുടങ്ങാതെ മീറ്റിങ്ങുകൾക്ക് വരാൻ യഹോവ പറയുന്നത്.
ആഴത്തിൽ പഠിക്കാൻ
യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങുകളിൽ എന്തൊക്കെ പരിപാടികൾ ഉണ്ട്? മീറ്റിങ്ങുകൾക്ക് മുടങ്ങാതെ വരാൻ പരമാവധി ശ്രമിക്കേണ്ടത് എന്തുകൊണ്ട്? നമുക്കു നോക്കാം.
4. യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങുകൾ
യേശുവിന്റെ ശിഷ്യന്മാർ യഹോവയെ ആരാധിക്കുന്നതിനായി ഒന്നിച്ച് കൂടിവന്നിരുന്നു. (റോമർ 16:3-5) കൊലോസ്യർ 3:16 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
യേശുവിന്റെ ശിഷ്യന്മാർ എന്തിനാണ് കൂടിവന്നിരുന്നത്?
യഹോവയുടെ സാക്ഷികൾ ഇന്നും യഹോവയെ ആരാധിക്കുന്നതിനുവേണ്ടി പതിവായി കൂടിവരുന്നുണ്ട്. ഞങ്ങളുടെ യോഗസ്ഥലത്തെ വിളിക്കുന്നത് രാജ്യഹാൾ എന്നാണ്. ഞങ്ങളുടെ മീറ്റിങ്ങുകൾ എങ്ങനെയാണെന്ന് അറിയാൻ വീഡിയോ കാണുക. അതിനു ശേഷം, മീറ്റിങ്ങ് സ്ഥലത്തിന്റെ ചിത്രം കാണുക. തുടർന്ന് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
കൊലോസ്യർ 3:16-ൽ വായിച്ച് കേട്ടതുപോലുള്ള എന്തൊക്കെ കാര്യങ്ങളാണ് രാജ്യഹാളിൽ നടക്കുന്നത്?
മീറ്റിങ്ങുകളെക്കുറിച്ച് വീഡിയോയിലോ ചിത്രത്തിലോ കണ്ട ഏതു കാര്യമാണ് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്?
2 കൊരിന്ത്യർ 9:7 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങുകളിൽ പണപ്പിരിവ് നടത്താത്തത് എന്തുകൊണ്ട്?
അടുത്ത ആഴ്ചയിലെ മീറ്റിങ്ങിൽ എന്തൊക്കെ വിവരങ്ങളായിരിക്കും ചർച്ച ചെയ്യുന്നതെന്നു നിങ്ങൾ ഒരുമിച്ചിരുന്നു നോക്കുക.
മീറ്റിങ്ങിലെ ഏതു പരിപാടിയാണ് നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്?
നിങ്ങൾക്ക് അറിയാമോ?
jw.org വെബ്സൈറ്റിൽ നോക്കിയാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന മീറ്റിങ്ങുകളുടെ സമയവും സ്ഥലവും കണ്ടെത്താൻ കഴിയും.
ഞങ്ങളുടെ മീറ്റിങ്ങുകളിൽ പ്രസംഗങ്ങളും വീഡിയോകളും പരിശീലനത്തിനായുള്ള അവതരണങ്ങളും ഉണ്ട്. പാട്ട് പാടി പ്രാർഥിച്ചാണ് മീറ്റിങ്ങുകൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും
ചില പരിപാടികളിൽ അഭിപ്രായം പറയാനുള്ള അവസരമുണ്ടായിരിക്കും
മീറ്റിങ്ങുകളിൽ കുടുംബങ്ങൾക്കും ചെറുപ്പക്കാർക്കും പ്രായമായവർക്കും കുട്ടികൾക്കും ഒക്കെ പങ്കെടുക്കാം
മീറ്റിങ്ങുകൾ സൗജന്യമായി കൂടാം. പ്രവേശനഫീസോ യാതൊരു തരത്തിലുള്ള പണപ്പിരിവോ അവിടെയില്ല
5. മീറ്റിങ്ങുകൾക്ക് വരാൻ ശ്രമം ചെയ്യണം
യേശുവിന്റെ കുടുംബത്തിന്റെ മാതൃക നോക്കുക. എല്ലാ വർഷവും നസറെത്തിൽനിന്ന് യരുശലേമിലേക്ക് പെരുന്നാളിനു പോകാൻ യേശുവിനും കുടുംബാംഗങ്ങൾക്കും മൂന്നു ദിവസത്തെ വഴിദൂരം (ഏകദേശം 100 കിലോമീറ്റർ) നടക്കണമായിരുന്നു. അതും കുന്നുകളും മലകളും കയറിയിറങ്ങി! ലൂക്കോസ് 2:39-42 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
യരുശലേമിലേക്കുള്ള അവരുടെ യാത്ര എളുപ്പമായിരുന്നെന്നു തോന്നുന്നുണ്ടോ?
മീറ്റിങ്ങുകൾക്ക് പോകാൻ നിങ്ങൾക്ക് എന്തെല്ലാം തടസ്സങ്ങൾ വന്നേക്കാം? അത് മറികടക്കാൻ എന്തു ചെയ്യാം?
ശ്രമം ചെയ്താണെങ്കിലും മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നത് നല്ലതാണെന്നു നിങ്ങൾക്ക് തോന്നുന്നുണ്ടോ? എന്തുകൊണ്ട്?
യഹോവയെ ആരാധിക്കുന്നതിനുവേണ്ടി മീറ്റിങ്ങുകൾക്കു കൂടിവരേണ്ടത് വളരെ പ്രധാനമാണെന്നു ബൈബിൾ പറയുന്നു. എബ്രായർ 10:24, 25 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
മുടങ്ങാതെ മീറ്റിങ്ങുകൾക്ക് പോകേണ്ടത് എന്തുകൊണ്ടാണ്?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ബൈബിൾ വീട്ടിലിരുന്ന് പഠിച്ചാൽ പോരേ! അതിനുവേണ്ടി എങ്ങും പോകേണ്ട കാര്യമൊന്നുമില്ല.”
ഇക്കാര്യത്തിൽ യഹോവ എന്താണ് ആഗ്രഹിക്കുന്നത് എന്നു മനസ്സിലാക്കാൻ ബൈബിളിലെ ഏതു വാക്യം അല്ലെങ്കിൽ വിവരണം നിങ്ങളെ സഹായിക്കും?
ചുരുക്കത്തിൽ
മറ്റുള്ളവരോടൊപ്പം യഹോവയെ ആരാധിക്കാനും യഹോവയെക്കുറിച്ച് കൂടുതൽ പഠിക്കാനും യഹോവയോടു കൂടുതൽ അടുക്കാനും ഒക്കെ മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നതു നിങ്ങളെ സഹായിക്കും.
ഓർക്കുന്നുണ്ടോ?
നമ്മൾ മീറ്റിങ്ങുകൾക്ക് കൂടിവരണമെന്ന് യഹോവ പറയുന്നത് എന്തുകൊണ്ടാണ്?
യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങുകളിൽനിന്ന് നിങ്ങൾക്ക് എന്തൊക്കെ കാര്യങ്ങൾ പഠിക്കാം?
മീറ്റിങ്ങുകൾക്കു കൂടിവരുന്നതുകൊണ്ട് മറ്റ് എന്തൊക്കെ പ്രയോജനങ്ങൾ നിങ്ങൾക്ക് കിട്ടും?
കൂടുതൽ മനസ്സിലാക്കാൻ
മീറ്റിങ്ങുകൾക്ക് പോകുന്നതിനെക്കുറിച്ച് ഓർക്കുമ്പോൾ നിങ്ങൾക്ക് ടെൻഷൻ തോന്നുന്നുണ്ടോ? അങ്ങനെ തോന്നിയ ഒരാൾക്ക് മീറ്റിങ്ങുകൾ ഇഷ്ടമായത് എങ്ങനെയെന്നു കാണുക.
ഒരു ചെറുപ്പക്കാരന് മീറ്റിങ്ങ് ഇഷ്ടപ്പെട്ടത് എന്തുകൊണ്ടാണെന്നും, മുടങ്ങാതെ മീറ്റിങ്ങ് കൂടാൻ ആ ചെറുപ്പക്കാരൻ എന്താണു ചെയ്തതെന്നും കാണുക.
മീറ്റിങ്ങുകളിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് മറ്റുള്ളവർക്ക് എന്താണ് പറയാനുള്ളത്?
“രാജ്യഹാളിൽ മീറ്റിങ്ങുകൾക്ക് പോകുന്നത് എന്തിന്?” (വെബ്സൈറ്റിലെ ലേഖനം)
ഗുണ്ടയായിരുന്ന ഒരു വ്യക്തി യഹോവയുടെ സാക്ഷികളുടെ ഒരു മീറ്റിങ്ങിൽ പങ്കെടുത്തതിനു ശേഷം ജീവിതത്തിൽ എന്തു മാറ്റം വരുത്തി?
“കൈത്തോക്കില്ലാതെ ഞാൻ പുറത്ത് ഇറങ്ങുമായിരുന്നില്ല” (വീക്ഷാഗോപുരം 2014 ഒക്ടോബർ)