രക്ഷയ്ക്കായി പരസ്യപ്രഖ്യാപനം നടത്തുക
“യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടും.”—റോമർ 10:13, NW.
1. ചരിത്രത്തിലുടനീളം, ഏതു മുന്നറിയിപ്പുകൾ നൽകപ്പെട്ടിട്ടുണ്ട്?
ചരിത്രം പല ‘യഹോവയുടെ ദിവസങ്ങളെ’ക്കുറിച്ചു വർണിക്കുന്നുണ്ട്. നോഹയുടെ നാളിലെ പ്രളയം, സൊദോം ഗൊമോരയുടെ നാശം, പൊ.യു.മു. 607-ലെയും പൊ.യു. 70-ലെയും യെരൂശലേമിന്റെ നാശങ്ങൾ എന്നിവയെല്ലാം യഹോവയുടെ വലുതും അതിഭയങ്കരവുമായ ദിവസങ്ങളായിരുന്നു. യഹോവയ്ക്കെതിരെ മത്സരിച്ചവരുടെമേൽ ന്യായവിധി നടപ്പാക്കിയ ദിവസങ്ങളായിരുന്നു അവയെല്ലാം. (മലാഖി 4:5; ലൂക്കൊസ് 21:22) ആ ദിവസങ്ങളിൽ, തങ്ങളുടെ ദുഷ്ടതനിമിത്തം അനേകർ നശിച്ചു. എന്നാൽ ചിലർ അതിജീവിച്ചു. ആസന്നമായിരിക്കുന്ന വിപത്തിനെക്കുറിച്ചു ദുഷ്ടന്മാരെ അറിയിച്ചുകൊണ്ടും നീതിമാന്മാർക്കു രക്ഷ നേടാനുള്ള അവസരം പ്രദാനംചെയ്തുകൊണ്ടും യഹോവ മുന്നറിയിപ്പു നൽകി.
2, 3. (എ) പെന്തക്കോസ്തിൽ ഏതു പ്രാവചനിക മുന്നറിയിപ്പ് ഉദ്ധരിക്കപ്പെട്ടു? (ബി) പൊതുയുഗം 33-ലെ പെന്തക്കോസ്തു മുതൽ, യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നതിൽ എന്തുൾപ്പെട്ടിരുന്നു?
2 പൊ.യു. 70-ലെ യെരൂശലേമിന്റെ നാശം ഇതിന്റെ ഒരു ശ്രദ്ധേയമായ ദൃഷ്ടാന്തമാണ്. ആ സംഭവത്തെക്കുറിച്ച് ഏതാണ്ട് 900 വർഷംമുമ്പുതന്നെ മുൻകൂട്ടിപ്പറഞ്ഞുകൊണ്ട് യോവേൽ എഴുതി: “ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങളെ കാണിക്കും: രക്തവും തീയും പുകത്തൂണും തന്നേ. യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.” ഒരുവന് അത്തരമൊരു ഭയാനക സമയത്തെ എങ്ങനെ അതിജീവിക്കാനാകും? നിശ്വസ്തതയിൽ യോവേൽ എഴുതി: “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും; യഹോവ അരുളിച്ചെയ്തതുപോലെ സീയോൻപർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.”—യോവേൽ 2:30-32.
3 പൊ.യു. 33-ലെ പെന്തക്കോസ്തിൽ പത്രൊസ് അപ്പോസ്തലൻ യെരൂശലേമിൽ ഒരു കൂട്ടം യഹൂദന്മാരെയും മതപരിവർത്തിതരെയും അഭിസംബോധന ചെയ്തുകൊണ്ട് യോവേൽ പ്രവചനം ഉദ്ധരിച്ചു. അതിന്റെയൊരു നിവൃത്തി തങ്ങളുടെ നാളിൽ പ്രതീക്ഷിക്കാമെന്ന് അവൻ ശ്രോതാക്കളോടു പറഞ്ഞു: “ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നേ. കർത്താവിന്റെ [“യഹോവയുടെ,” NW] വലുതും പ്രസിദ്ധവുമായ നാൾ വരും മുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. എന്നാൽ കർത്താവിന്റെ [“യഹോവയുടെ,” NW] നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും.” (പ്രവൃത്തികൾ 2:16-21) പത്രൊസിനെ ശ്രവിച്ചുകൊണ്ടിരുന്ന ജനങ്ങളെല്ലാവരും മോശൈക ന്യായപ്രമാണത്തിൻ കീഴിലുള്ളവരായിരുന്നു, അതുകൊണ്ട് അവർക്കു യഹോവയുടെ നാമം അറിയാമായിരുന്നു. ഇനിമുതൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നതിൽ കൂടുതലായ അർഥവ്യാപ്തി കൈവരുമെന്നു പത്രൊസ് വിശദമാക്കി. വിശേഷിച്ചും, വധിക്കപ്പെട്ട് അമർത്യ സ്വർഗീയ ജീവനിലേക്കു പുനരുത്ഥാനം പ്രാപിച്ച യേശുവിന്റെ നാമത്തിൽ സ്നാപനമേൽക്കുന്നത് ഇതിലുൾപ്പെട്ടു.—പ്രവൃത്തികൾ 2:37, 38.
4. ക്രിസ്ത്യാനികൾ ഏതു സന്ദേശം പ്രസിദ്ധമാക്കി?
4 പെന്തക്കോസ്തുമുതൽ, ക്രിസ്ത്യാനികൾ പുനരുത്ഥാനം പ്രാപിച്ച യേശുവിനെക്കുറിച്ചുള്ള വചനം പ്രചരിപ്പിച്ചു. (1 കൊരിന്ത്യർ 1:23) മനുഷ്യർക്കു യഹോവയാം ദൈവത്തിന്റെ ആത്മീയ പുത്രന്മാരായി ദത്തെടുക്കപ്പെടാനും ‘യഹോവയുടെ സദ്ഗുണങ്ങൾ ഘോഷിപ്പാനുള്ള’ ഒരു ആത്മീയ ജനതയായ “ദൈവത്തിന്റെ” പുതിയ “യിസ്രായേലി”ന്റെ ഭാഗമായിത്തീരാനും സാധിക്കുമെന്ന് അവർ അറിയിച്ചു. (1 പത്രൊസ് 2:9, NW; ഗലാത്യർ 6:16) മരണത്തോളം വിശ്വസ്തതയോടെ നിലകൊണ്ടവർ യേശുവിനോടൊപ്പം സഹഭരണാധികാരികളായി അവന്റെ സ്വർഗീയ രാജ്യത്തിൽ അമർത്യ സ്വർഗീയ ജീവൻ അവകാശപ്പെടുത്തുമായിരുന്നു. (മത്തായി 24:13; റോമർ 8:15, 16; 1 കൊരിന്ത്യർ 15:50-54) കൂടാതെ, യഹോവയുടെ വരാനിരിക്കുന്ന വലുതും ഭയങ്കരവുമായ ദിവസത്തെക്കുറിച്ച് ഈ ക്രിസ്ത്യാനികൾ ഘോഷിക്കേണ്ടിയിരുന്നു. യെരൂശലേമിനും ദൈവജനതയെന്ന് അവകാശപ്പെടുന്നവർക്കും പൂർവാധികം കഠിനമായ ഉപദ്രവം നേരിടുമെന്നും അവർ യഹൂദലോകത്തെ അറിയിക്കണമായിരുന്നു. എന്നിരുന്നാലും, അതിജീവകരുണ്ടാകുമായിരുന്നു. ആരെല്ലാം? യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവർ.
‘അന്ത്യകാലത്ത്’
5. പ്രവചനത്തിന്റെ ഏതു നിവൃത്തികൾ ഇന്നു സംഭവിച്ചിരിക്കുന്നു?
5 അനേകവിധങ്ങളിൽ, അന്നത്തെ അവസ്ഥകൾ നാമിന്നു കാണുന്ന സംഗതികളെ മുൻനിഴലാക്കി. 1914 മുതൽ മനുഷ്യവർഗം ബൈബിൾ “അന്ത്യകാല”മെന്നും “വ്യവസ്ഥിതിയുടെ സമാപന”മെന്നും “അന്ത്യനാളുകളെ”ന്നും വിശേഷിപ്പിക്കുന്ന ഒരു പ്രത്യേക കാലഘട്ടത്തിലാണ്. (ദാനീയേൽ 12:1, 4; മത്തായി 24:3-8; 2 തിമൊഥെയൊസ് 3:1-5, 13, NW) നമ്മുടെ നൂറ്റാണ്ടിൽ, മൃഗീയയുദ്ധങ്ങളും അനിയന്ത്രിത അക്രമങ്ങളും സമൂഹത്തിന്റെ അധഃപതനവും പരിസ്ഥിതിനാശവും ബൈബിൾ പ്രവചനത്തിന്റെ ശ്രദ്ധേയമായ നിവൃത്തിയാണ്. യേശു പ്രവചിച്ച അടയാളത്തിന്റെ ഭാഗമാണിതെല്ലാം. യഹോവയുടെ അന്തിമവും നിർണായകവുമായ അതിഭയങ്കര ദിവസത്തെ മനുഷ്യവർഗം അഭിമുഖീകരിക്കാറായെന്ന് ഇവ സൂചിപ്പിക്കുന്നു. ഇത് “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ട”ത്തിന്റെ പാരമ്യമായ അർമഗെദോൻ യുദ്ധത്തിൽ പാരമ്യത്തിലെത്തും.—മത്തായി 24:21; വെളിപ്പാടു 16:16.
6. (എ) സൗമ്യരെ രക്ഷിക്കാൻ യഹോവ പ്രവർത്തിച്ചുകൊണ്ടിരുന്നതെങ്ങനെ? (ബി) എങ്ങനെ അതിജീവിക്കാമെന്നതു സംബന്ധിച്ചുള്ള പൗലൊസിന്റെ ബുദ്ധ്യുപദേശം നമുക്ക് എവിടെ കണ്ടെത്താം?
6 വിനാശദിവസം അടുത്തുവരുന്തോറും, യഹോവ സൗമ്യരുടെ രക്ഷയ്ക്കായി പ്രവർത്തിക്കുകയാണ്. ഈ ‘അന്ത്യകാലത്ത്’ ദൈവം തന്റെ ആത്മീയ ഇസ്രായേലിൽ ശേഷിക്കുന്നവരെ കൂട്ടിവരുത്തുകയും തന്റെ ഭൗമിക ദാസന്മാരുടെ ശ്രദ്ധയെ 1930 മുതൽ “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാര”ത്തെ കൂട്ടിവരുത്തുന്നതിലേക്കു തിരിക്കുകയും ചെയ്തിരിക്കുന്നു. ഒരു കൂട്ടമെന്ന നിലയിൽ ഇവർ “മഹാകഷ്ടത്തിൽനിന്നു” ജീവനോടെ പുറത്തു‘വരുന്നവരാണ്.’ (വെളിപ്പാടു 7:9, 14) എന്നാൽ ഓരോ വ്യക്തിക്കും തന്റെ അതിജീവനം എങ്ങനെ ഉറപ്പാക്കാനാകും? പൗലൊസ് അപ്പോസ്തലൻ ആ ചോദ്യത്തിന് ഉത്തരം നൽകുന്നു. അതിജീവിക്കുന്നതിന് അവന്റെ നാളിൽ ബാധകമായതും നമ്മുടെ നാളിൽ ബാധകമാകുന്നതുമായ ഉത്തമ ബുദ്ധ്യുപദേശം റോമർ 10-ാം അധ്യായത്തിൽ അവൻ നൽകുന്നുണ്ട്.
രക്ഷയ്ക്കായുള്ളൊരു പ്രാർഥന
7. (എ) റോമർ 10:1, 2-ൽ ഏതു പ്രത്യാശ തിരിച്ചറിയിച്ചിരിക്കുന്നു? (ബി) ഇപ്പോൾ കൂടുതൽ വ്യാപകമായി “സുവാർത്ത” ഘോഷിക്കപ്പെടാൻ യഹോവ ഇടയാക്കുന്നതെന്തുകൊണ്ട്?
7 പൗലൊസ് റോമർക്കുള്ള ലേഖനം എഴുതിയപ്പോൾ, യഹോവ ഇസ്രായേലിനെ ഒരു ജനതയെന്ന നിലയിൽ അതിനോടകംതന്നെ തള്ളിക്കളഞ്ഞിരുന്നു. എന്നിട്ടും, അപ്പോസ്തലൻ തറപ്പിച്ചുപറഞ്ഞു: “അവർ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവർക്കുവേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു.” യഹൂദന്മാർ വ്യക്തിപരമായ അടിസ്ഥാനത്തിൽ ദൈവഹിതത്തെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം നേടി രക്ഷ പ്രാപിക്കണമെന്നതായിരുന്നു അവന്റെ പ്രത്യാശ. (റോമർ 10:1, 2) കൂടാതെ, യോഹന്നാൻ 3:16-ൽ സൂചിപ്പിക്കുന്നതുപോലെ, വിശ്വാസം പ്രകടമാക്കി മുഴുമനുഷ്യവർഗവും രക്ഷ പ്രാപിക്കണമെന്നു യഹോവ ആഗ്രഹിക്കുന്നു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” യേശുവിന്റെ മറുവിലയാഗം ആ മഹത്തായ രക്ഷയ്ക്കു വഴി തുറന്നു. നോഹയുടെ നാളിലും തുടർന്നുള്ള മറ്റു ന്യായവിധി നാളുകളിലും സംഭവിച്ചതുപോലെ, രക്ഷയ്ക്കുള്ള വഴി കാണിച്ചുകൊടുത്തുകൊണ്ട് യഹോവ “സുവാർത്ത” ഘോഷിപ്പിച്ചു.—മർക്കൊസ് 13:10, 19, 20.
8. പൗലൊസിന്റെ മാതൃക പിൻപറ്റിക്കൊണ്ട്, സത്യക്രിസ്ത്യാനികൾ ഇന്ന് ആരിൽ താത്പര്യം പ്രകടമാക്കുന്നു, എങ്ങനെ?
8 യഹൂദന്മാരോടും വിജാതീയരോടുമുള്ള തന്റെ ഹൃദയവാഞ്ഛ പ്രകടമാക്കിക്കൊണ്ട്, പൗലൊസ് എല്ലാ അവസരങ്ങളിലും പ്രസംഗിച്ചു. അവൻ “യെഹൂദന്മാരെയും യവനന്മാരെയും സമ്മതിപ്പിച്ചു.” അവൻ എഫെസൊസിലെ മൂപ്പന്മാരോടു പറഞ്ഞു: ‘പ്രയോജനമുള്ളതു ഒന്നും മറെച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയിക്കയും ഉപദേശിക്കയും ചെയ്തു. ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു.’ (പ്രവൃത്തികൾ 18:4; 20:20, 21) അതുപോലെ, യഹോവയുടെ സാക്ഷികൾ ഇന്ന്, ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരോടുമാത്രമല്ല, എല്ലാ ആളുകളോടും, “ഭൂമിയുടെ അററത്തോളവും” സുവാർത്ത പ്രസംഗിക്കുന്നതിൽ കഠിനമായി പ്രവർത്തിക്കുന്നു.—പ്രവൃത്തികൾ 1:8; 18:5.
“വിശ്വാസവചനം” ഏറ്റുപറയൽ
9. (എ) റോമർ 10:8, 9 ഏതുതരം വിശ്വാസത്തെയാണു പ്രോത്സാഹിപ്പിക്കുന്നത്? (ബി) നമ്മുടെ വിശ്വാസം നാം എപ്പോൾ, എങ്ങനെ ഏറ്റുപറയണം?
9 നിലനിൽക്കുന്ന വിശ്വാസം രക്ഷയ്ക്കാവശ്യമാണ്. ആവർത്തനപുസ്തകം 30:14 ഉദ്ധരിച്ചുകൊണ്ട് പൗലൊസ് പ്രഖ്യാപിച്ചു: ‘“വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസവചനം തന്നേ.’ (റോമർ 10:8) നാം ആ “വിശ്വാസവചനം” പ്രസംഗിക്കുമ്പോൾ, അതു നമ്മുടെ ഹൃദയത്തിൽ അധികമധികം രൂഢമൂലമായിത്തീരുന്നു. പൗലൊസിന്റെ കാര്യത്തിൽ അത് അങ്ങനെയായിരുന്നു. മറ്റുള്ളവരുമായി ആ വിശ്വാസം പങ്കുവെക്കുന്നതിൽ അവനെപ്പോലെയാകാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ബലിഷ്ഠമാക്കുന്നതാണ് അവന്റെ തുടർന്നുള്ള വാക്കുകൾ: “യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏററുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.” (റോമർ 10:9) മറ്റുള്ളവരുടെ മുമ്പാകെയുള്ള ഈ ഏറ്റുപറച്ചിൽ സ്നാപനസമയത്തു മാത്രമല്ല, സത്യത്തിന്റെ എല്ലാ മഹനീയ വശങ്ങളെയുംകുറിച്ച് പരസ്യസാക്ഷീകരണം നടത്തുന്ന, തുടർച്ചയായി ചെയ്യുന്ന ഒരു ഏറ്റുപറച്ചിലായിരിക്കണം. അത്തരം സത്യം പരമാധീശ കർത്താവായ യഹോവയുടെ മഹനീയ നാമത്തെയും നമ്മുടെ മിശിഹൈക രാജാവും മറുവിലദാതാവും കർത്താവുമായ യേശുക്രിസ്തുവിനെയും മഹത്തായ രാജ്യവാഗ്ദാനങ്ങളെയും കേന്ദ്രീകരിച്ചുള്ളതാണ്.
10. റോമർ 10:10, 11-നോടുള്ള ചേർച്ചയിൽ, നാം ഈ “വിശ്വാസവചനം” കൈകാര്യം ചെയ്യേണ്ടതെങ്ങനെ?
10 അപ്പോസ്തലൻ തുടർന്നു പ്രസ്താവിക്കുന്നതുപോലെ, ഈ “വിശ്വാസവചനം” സ്വീകരിച്ചു ബാധകമാക്കാത്ത ആർക്കും രക്ഷയില്ല: ‘ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏററുപറകയും ചെയ്യുന്നു. “അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ.’ (റോമർ 10:10, 11) നാം ഈ “വിശ്വാസവചന”ത്തെക്കുറിച്ച് സൂക്ഷ്മപരിജ്ഞാനം നേടി അതു ഹൃദയത്തിൽ താലോലിക്കുന്നതിൽ തുടരണം, അങ്ങനെ അതെക്കുറിച്ചു മറ്റുള്ളവരോടു പറയാൻ നാം പ്രചോദിതരാകും. യേശുതന്നെയും നമ്മെ ഇങ്ങനെ അനുസ്മരിപ്പിക്കുന്നു: “വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധ ദൂതൻമാരുമായി വരുമ്പോൾ നാണിക്കും.”—മർക്കൊസ് 8:38.
11. സുവാർത്ത എത്ര വ്യാപകമായി പ്രസംഗിക്കപ്പെടണം, എന്തുകൊണ്ട്?
11 പ്രവാചകനായ ദാനീയേൽ മുൻകൂട്ടിപ്പറഞ്ഞതുപോലെ, ഈ അന്ത്യകാലത്ത് രാജ്യസാക്ഷ്യം ഭൂമിയുടെ എല്ലാ ഭാഗത്തേക്കും വ്യാപിക്കുന്നതനുസരിച്ച് “ബുദ്ധിമാന്മാർ [“ഉൾക്കാഴ്ചയുള്ളവർ,” NW] ആകാശമണ്ഡലത്തിന്റെ പ്രഭപോലെ” പ്രശോഭിക്കുന്നവരായി കാണപ്പെടുന്നു. അവർ “പലരെയും നീതിയിലേക്കു തിരിക്കു”കയാണ്. യഥാർഥ ജ്ഞാനം നിശ്ചയമായും സമൃദ്ധമായിരിക്കുന്നു, എന്തെന്നാൽ ഈ അന്ത്യകാലത്തെക്കുറിച്ചുള്ള പ്രവചനങ്ങളിന്മേൽ യഹോവ പൂർവാധികം പ്രകാശം ചൊരിയുകയാണ്. (ദാനീയേൽ 12:3, 4) സത്യത്തെയും നീതിയെയും സ്നേഹിക്കുന്ന സകലരുടെയും അതിജീവനത്തിന് മർമപ്രധാനമായ രക്ഷാസന്ദേശം ഇതാണ്.
12. റോമർ 10:12-ഉം വെളിപ്പാടു 14:6-ൽ വർണിച്ചിരിക്കുന്ന ദൂതന്റെ നിയമനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ?
12 പൗലൊസ് അപ്പോസ്തലൻ തുടരുന്നു: “യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നല്കുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു.” (റോമർ 10:12) “സുവാർത്ത” ഇന്ന് കൂടുതൽ ആഗോളമായ അടിസ്ഥാനത്തിൽ ഭൂമിയുടെ എല്ലാ ഭാഗത്തുമുള്ള എല്ലാ ആളുകളോടും പ്രസംഗിക്കപ്പെടേണ്ടതാണ്. വെളിപ്പാടു 14:6-ലെ ദൂതൻ ‘ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാനുള്ള ഒരു നിത്യസുവിശേഷം’ നമ്മെ ഏൽപ്പിച്ചുകൊണ്ട് ആകാശമധ്യേ പറക്കുന്നത് തുടരുകയാണ്. പ്രതികരിക്കുന്നവർക്ക് ഇതെങ്ങനെ പ്രയോജനം ചെയ്യും?
യഹോവയുടെ നാമം വിളിച്ചപേക്ഷിക്കൽ
13. (എ) 1998-ലേക്കുള്ള നമ്മുടെ വാർഷികവാക്യമെന്ത്? (ബി) ഈ വാർഷികവാക്യം ഇന്ന് ഏറ്റവും ഉചിതമായിരിക്കുന്നതെന്തുകൊണ്ട്?
13 യോവേൽ 2:32 ഉദ്ധരിച്ചുകൊണ്ട് പൗലൊസ് പ്രഖ്യാപിക്കുന്നു: “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടും.” (റോമർ 10:13, NW) ആ വാക്കുകൾ 1998-ലേക്കുള്ള യഹോവയുടെ സാക്ഷികളുടെ വാർഷികവാക്യമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എത്രയോ ഉചിതം! അവന്റെ നാമവും അതർഥമാക്കുന്ന മഹത്തായ ഉദ്ദേശ്യങ്ങളും അറിയിച്ചുകൊണ്ട് യഹോവയിലുള്ള ആശ്രയത്തോടെ മുന്നോട്ടുപോകുന്നതിന് ഇപ്പോൾ പൂർവാധികം പ്രാധാന്യമുണ്ട്! ഒന്നാം നൂറ്റാണ്ടിലേതുപോലെ, ഈ ദുഷിച്ച വ്യവസ്ഥിതിയുടെ അന്ത്യനാളുകളിൽ മാറ്റൊലികൊള്ളുന്ന ആഹ്വാനം തുടരുകയാണ്: “ഈ വക്രതയുള്ള തലമുറയിൽനിന്നു രക്ഷിക്കപ്പെടുവിൻ.” (പ്രവൃത്തികൾ 2:40) തങ്ങൾക്കും തങ്ങളുടെ സുവാർത്തയുടെ പരസ്യപ്രഖ്യാപനം ശ്രദ്ധിക്കുന്നവർക്കും രക്ഷ പ്രദാനംചെയ്യുന്നതിന് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കാൻ ലോകമെമ്പാടുമുള്ള ദൈവഭക്തരായ ഏവർക്കുമുള്ള ഒരു കാഹളധ്വനിസമാന ക്ഷണമാണ് അത്.—1 തിമൊഥെയൊസ് 4:16.
14. ഏതു പാറയെയാണു നാം രക്ഷയ്ക്കായി വിളിച്ചപേക്ഷിക്കേണ്ടത്?
14 ഭൂമിയിൽ യഹോവയുടെ മഹാ ദിവസം പൊട്ടിപ്പുറപ്പെടുമ്പോൾ എന്തു സംഭവിക്കും? മിക്കവരും രക്ഷയ്ക്കായി യഹോവയിങ്കലേക്കു നോക്കുകയില്ല. മനുഷ്യവർഗം പൊതുവേ “മലകളോടും പാറകളോടും; ഞങ്ങളുടെ മേൽ വീഴുവിൻ; സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുഖം കാണാതവണ്ണവും കുഞ്ഞാട്ടിന്റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറെപ്പിൻ” എന്നു പറഞ്ഞുകൊണ്ടിരിക്കും. (വെളിപ്പാടു 6:15, 16) അവരുടെ പ്രത്യാശ ഈ വ്യവസ്ഥിതിയിലെ പർവതസമാന സംഘടനകളിലും സ്ഥാപനങ്ങളിലുമായിരിക്കും. എന്നാൽ ഏറ്റവും വലിയ പാറയായ യഹോവയാം ദൈവത്തിൽ അവർ ആശ്രയിക്കുന്നെങ്കിൽ എത്ര നന്നായിരുന്നേനേ! (ആവർത്തനപുസ്തകം 32:3, 4) അവനെക്കുറിച്ചു ദാവീദ് രാജാവ് പറഞ്ഞു: “യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും” ആകുന്നു. യഹോവ ‘നമ്മുടെ രക്ഷയുടെ പാറ’യുമാകുന്നു. (സങ്കീർത്തനം 18:2; 95:1) അവന്റെ നാമം “ബലമുള്ള ഗോപുര”മാണ്, വരാനിരിക്കുന്ന പ്രതിസന്ധിയിൽനിന്നു നമ്മെ സംരക്ഷിക്കാൻ മതിയായ ശക്തിയുള്ള ഒരേയൊരു “ഗോപുര”മാണ്. (സദൃശവാക്യങ്ങൾ 18:10) അതുകൊണ്ട്, ഇന്നു ജീവിച്ചിരിക്കുന്ന അറുന്നൂറു കോടിയാളുകളിൽ സാധിക്കുന്നത്രയുംപേരെ വിശ്വസ്തതയോടെയും ആത്മാർഥതയോടെയും യഹോവയുടെ നാമം വിളിച്ചപേക്ഷിക്കാൻ പഠിപ്പിക്കുന്നത് മർമപ്രധാനമാണ്.
15. വിശ്വാസവുമായി ബന്ധപ്പെട്ട് റോമർ 10:14 എന്തു സൂചിപ്പിക്കുന്നു?
15 ഉചിതമായിത്തന്നെ, പൗലൊസ് അപ്പോസ്തലൻ തുടർന്നിങ്ങനെ ചോദിക്കുന്നു: “എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും?” (റോമർ 10:14) രക്ഷയ്ക്കായി യഹോവയെ വിളിച്ചപേക്ഷിക്കാൻ “വിശ്വാസവചനം” ഹൃദിസ്ഥമാക്കണം, അതിനു സഹായം ലഭിക്കേണ്ട നിരവധിയാളുകൾ ഇനിയുമുണ്ട്. വിശ്വാസം മർമപ്രധാനമാണ്. പൗലൊസ് മറ്റൊരു ലേഖനത്തിൽ പ്രസ്താവിക്കുന്നു: “വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.” (എബ്രായർ 11:6) എന്നിരുന്നാലും, ഇനിയും ലക്ഷക്കണക്കിനാളുകൾ ദൈവത്തിൽ വിശ്വാസം അർപ്പിക്കുമോ? റോമർക്കുള്ള ലേഖനത്തിൽ പൗലൊസ് ചോദിക്കുന്നു: “അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും?” (റോമർ 10:14) യഹോവ അവർക്കു കേൾക്കാനുള്ള അവസരമൊരുക്കുന്നുണ്ടോ? നിശ്ചയമായും ഉണ്ട്! പൗലൊസ് തുടർന്നു പറയുന്നത് കേൾക്കുക: “പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും?”
16. ദിവ്യക്രമീകരണത്തിൽ, പ്രസംഗകർ അത്യന്താപേക്ഷിതമായിരിക്കുന്നതെന്തുകൊണ്ട്?
16 പ്രസംഗകരെ ആവശ്യമുണ്ടെന്നത് പൗലൊസിന്റെ വാദഗതിയിൽനിന്നു സുവ്യക്തമാണ്. “വ്യവസ്ഥിതിയുടെ സമാപനംവരെ” പ്രസംഗകരെ ആവശ്യമുണ്ടെന്നു യേശു സൂചിപ്പിച്ചു. (മത്തായി 24:14; 28:18-20) രക്ഷയ്ക്കായി യഹോവയുടെ നാമം വിളിച്ചപേക്ഷിക്കാൻ ആളുകളെ സഹായിക്കുന്നതിനുള്ള ദിവ്യക്രമീകരണത്തിൽ പ്രസംഗവേല അടിസ്ഥാന സംഗതിയാണ്. ക്രൈസ്തവലോകത്തിൽപ്പോലും മിക്കവരും ദൈവത്തിന്റെ മഹനീയ നാമത്തെ ബഹുമാനിക്കാൻ യാതൊന്നും ചെയ്യുന്നില്ല. വിശദീകരണാതീതമായ ത്രിത്വോപദേശത്തിലെ മറ്റു രണ്ടു ഘടകങ്ങളുമായി അനേകർ യഹോവയെ കൂട്ടിക്കുഴച്ചിരിക്കുന്നു, അങ്ങനെ അവർ ആശയറ്റ നിലയിലാണ്. ഇനി, അനേകരും സങ്കീർത്തനം 14:1-ഉം 53:1-ഉം പറയുന്ന വിഭാഗത്തിൽപ്പെടുന്നു: “ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു.” യഹോവ ജീവിക്കുന്ന ദൈവമാണെന്ന് അവർ അറിയേണ്ടതുണ്ട്. കൂടാതെ ആസന്നമായിരിക്കുന്ന മഹോപദ്രവത്തിൽനിന്നു രക്ഷപ്പെടണമെങ്കിൽ അവന്റെ നാമം എന്തിനുവേണ്ടി നിലകൊള്ളുന്നുവെന്നും അവർ മനസ്സിലാക്കണം.
പ്രസംഗകരുടെ ‘മനോഹര പാദങ്ങൾ’
17. (എ) ഒരു പുനഃസ്ഥാപന പ്രവചനം ഉദ്ധരിക്കുന്നത് പൗലൊസിനെ സംബന്ധിച്ചിടത്തോളം ഉചിതമായിരിക്കുന്നതെന്തുകൊണ്ട്? (ബി) ‘മനോഹര പാദങ്ങൾ’ ഉണ്ടായിരിക്കുന്നതിൽ എന്തുൾപ്പെട്ടിരിക്കുന്നു?
17 പൗലൊസ് അപ്പോസ്തലൻ മർമപ്രധാനമായ ഒരു ചോദ്യംകൂടെ ചോദിക്കുന്നു: ‘ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാൽ [“പാദങ്ങൾ,” NW] എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ.” (റോമർ 10:15) പൗലൊസ് ഇവിടെ യെശയ്യാവു 52:7 ഉദ്ധരിക്കുകയാണ്. അതാകട്ടെ 1919 മുതലുള്ള കാലഘട്ടത്തിനു ബാധകമായിരിക്കുന്ന പുനഃസ്ഥിതീകരണ പ്രവചനത്തിന്റെ ഭാഗമാണുതാനും. ഇന്ന്, യഹോവ വീണ്ടും “സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും”ചെയ്യുന്നവനെ അയയ്ക്കുകയാണ്. അനുസരണയോടെ, ദൈവത്തിന്റെ അഭിഷിക്ത ‘കാവൽക്കാരും’ അവരുടെ സഹകാരികളും സന്തോഷത്തോടെ ഘോഷിക്കുകയാണ്. (യെശയ്യാവു 52:7, 8) ഇന്നു രക്ഷ പ്രസിദ്ധമാക്കി വീടുതോറും പോകുന്നവരുടെ പാദങ്ങൾ ക്ഷീണിക്കുകയോ അവയിൽ പൊടി പറ്റുകയോ ചെയ്തേക്കാം; എന്നാൽ അവരുടെ മുഖം ആഹ്ലാദത്താൽ വെട്ടിത്തിളങ്ങുകയാണ്! സമാധാനസുവാർത്ത ഘോഷിക്കാനും വിലപിക്കുന്നവരെ ആശ്വസിപ്പിക്കാനും, അങ്ങനെ അവരെ രക്ഷയ്ക്കായി യഹോവയുടെ നാമം വിളിച്ചപേക്ഷിക്കാൻ സഹായിക്കാനും തങ്ങളെ നിയമിച്ചിരിക്കുന്നത് യഹോവയാണെന്ന് അവർക്കറിയാം.
18. സുവാർത്ത ഘോഷിക്കുന്നതിന്റെ അവസാന ഫലമെന്തായിരിക്കുമെന്നാണ് റോമർ 10:16-18 പറയുന്നത്?
18 ‘കേട്ട സംഗതി’ ആളുകൾ ‘വിശ്വസിച്ചാ’ലും നിരസിച്ചാലും പൗലൊസിന്റെ വാക്കുകൾ സത്യമാണ്: ‘അവർ കേട്ടില്ലയോ? കേട്ടിരിക്കുന്നു നിശ്ചയം.’ എന്തിന്, വാസ്തവത്തിൽ “അവരുടെ നാദം സർവ്വഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്റെ അററത്തോളവും പരന്നു.” (റോമർ 10:16-18) സൃഷ്ടിവേലകളിൽ പ്രകടമായിരിക്കുന്നപ്രകാരം “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്ന”തുപോലെ, ഭൂമിയിൽ അവന്റെ സാക്ഷികൾ “യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കു”കയും “ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പി”ക്കുകയും വേണം. (സങ്കീർത്തനം 19:1-4; യെശയ്യാവു 61:2, 3)
19. ഇന്നു ‘യഹോവയുടെ നാമം’ വിളിച്ചപേക്ഷിക്കുന്നവർക്ക് എന്തു സംഭവിക്കും?
19 യഹോവയുടെ വലുതും അതിഭയങ്കരവുമായ ദിവസം പൂർവാധികം അടുത്തുവരുകയാണ്. “ആ ദിവസം അയ്യോ കഷ്ടം! യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അതു സർവ്വശക്തന്റെ പക്കൽനിന്നു സംഹാരംപോലെ വരുന്നു.” (യോവേൽ 1:15; 2:31) ജനതതികൾ സുവാർത്തയോട് അടിയന്തിരമായി പ്രതികരിച്ച് യഹോവയുടെ സ്ഥാപനത്തിലേക്ക് ചേക്കേറണമെന്നതാണു നമ്മുടെ പ്രാർഥന. (യെശയ്യാവു 60:8; ഹബക്കൂക് 2:3) ദുഷ്ടന്മാർക്കു നാശം വരുത്തിയ യഹോവയുടെ മറ്റു ദിവസങ്ങളെക്കുറിച്ചോർക്കുക—നോഹയുടെ നാൾ, ലോത്തിന്റെ നാൾ, വിശ്വാസത്യാഗികളായ ഇസ്രായേലിന്റെയും യഹൂദയുടെയും നാളുകൾ. നിത്യസമാധാനം കുടികൊള്ളുന്ന പറുദീസയ്ക്കു വഴിയൊരുക്കാനുള്ള, യഹോവയുടെ കൊടുങ്കാറ്റ് ഈ ഭൂമിയിൽനിന്നു ദുഷ്ടത തുടച്ചുനീക്കാനിരിക്കുന്ന എക്കാലത്തെക്കാളും വലിയ മഹോപദ്രവത്തിന്റെ വക്കത്താണു നാമിപ്പോൾ. നിങ്ങൾ വിശ്വസ്തതയോടെ “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന” ഒരുവനായിരിക്കുമോ? എങ്കിൽ, ആഹ്ലാദിക്കുക! ദൈവംതന്നെയാണ് നിങ്ങൾ രക്ഷിക്കപ്പെടുമെന്നു വാഗ്ദാനം ചെയ്തിരിക്കുന്നത്.—റോമർ 10:13.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ പൊ.യു. 33-ലെ പെന്തക്കോസ്തിനെത്തുടർന്ന് ഏതു പുതിയ കാര്യങ്ങൾ ഘോഷിക്കപ്പെട്ടു?
□ ക്രിസ്ത്യാനികൾ “വിശ്വാസവചന”ത്തിനു ശ്രദ്ധ കൊടുക്കേണ്ടതെങ്ങനെ?
□ ‘യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുക’യെന്നതിന്റെ അർഥമെന്ത്?
□ ഏതർഥത്തിലാണ് രാജ്യസന്ദേശവാഹകർക്ക് ‘മനോഹര പാദങ്ങ’ളുള്ളത്?
[18-ാം പേജിലെ ചിത്രങ്ങൾ]
പോർട്ടോറിക്കോ, ഘാന, പെറു, പാപ്പുവ ന്യൂഗിനി എന്നിവിടങ്ങളിൽ—അതേ, ഗോളമെമ്പാടും—ദൈവത്തിന്റെ ജനം അവന്റെ സദ്ഗുണങ്ങൾ ഘോഷിക്കുന്നു