ശ്രേഷ്ഠാധികാരങ്ങളോടുള്ള നമ്മുടെ ആപേക്ഷികകീഴ്പ്പെടൽ
“അതുകൊണ്ട് കീഴ്പ്പെട്ടിരിക്കുന്നതിന് നിങ്ങൾക്ക് നിർബന്ധിതകാരണമുണ്ട്.”—റോമർ 13:5
1. യഹോവയുടെ സാക്ഷികൾക്ക് നാസി ശ്രേഷ്ഠാധികാരങ്ങളുടെ കൈകളാൽ ഏത് കഠിനാനുഭവങ്ങൾ ഉണ്ടായി, ഇത് “തിൻമ ചെയ്ത”തുകൊണ്ടായിരുന്നോ?
ആയിരത്തിത്തൊള്ളായിരത്തിനാല്പത് ജനുവരി 7ന് ഫ്രാൻസ് റീറററും വേറെ അഞ്ച് യുവ ഓസ്ത്രിയാക്കാരും വധയന്ത്രത്തിൽ വധിക്കപ്പെട്ടു. അവർ ബൈബൽഫോഷർ, യഹോവയുടെ സാക്ഷികൾ, ആയിരുന്നു. അവർക്ക് ഹിററ്ലറുടെ ഭരണകൂടത്തിനുവേണ്ടി മനഃസാക്ഷിപൂർവം ആയുധമെടുക്കാൻ കഴിയാഞ്ഞതുകൊണ്ടാണ് അവർ മരിച്ചത്. റീററർ രണ്ടാം ലോകമഹായുദ്ധകാലത്ത് തങ്ങളുടെ വിശ്വാസത്തിനുവേണ്ടി മരിച്ച ആയിരക്കണക്കിനു സാക്ഷികളിൽ ഒരാളായിരുന്നു. അനേകർകൂടെ തടങ്കൽപാളയങ്ങളിൽ ദീർഘവർഷങ്ങളിൽ സഹിച്ചുനിന്നു. ഇവരെല്ലാം “തിൻമചെയ്തതു”കൊണ്ടായിരുന്നോ നാസിശ്രേഷ്ഠാധികാരങ്ങളുടെ “വാളി”നാൽ ശിക്ഷിക്കപ്പെട്ടത്? (റോമർ 13:4) തികച്ചും അല്ല! ഈ ക്രിസ്ത്യാനികൾ റോമർ 13-ാം അദ്ധ്യായത്തിലെ ദൈവകല്പനകൾ അനുസരിച്ചുവെന്ന് പൗലോസിന്റെ കൂടുതലായ വാക്കുകൾ പ്രകടമാക്കുന്നു, അവർ അധികാരത്തിന്റെ കൈയാൽ കഷ്ടപ്പെട്ടെങ്കിലും.
2. ശ്രേഷ്ഠാധികാരങ്ങൾക്ക് കീഴ്പ്പെട്ടിരിക്കേണ്ടതിന്റെ നിർബന്ധിതകാരണമെന്താണ്?
2 റോമർ 13:5-ൽ അപ്പോസ്തലൻ ഇങ്ങനെ എഴുതുന്നു: “അതുകൊണ്ട് കീഴ്പ്പെട്ടിരിക്കുന്നതിന് നിങ്ങൾക്ക് നിർബന്ധിതകാരണമുണ്ട്, ആ ക്രോധം നിമിത്തം മാത്രമല്ല, നിങ്ങളുടെ മനഃസാക്ഷി നിമിത്തവും.” അധികാരം “വാൾ” വഹിക്കുന്നുവെന്നത് അതിനു കീഴ്പ്പെട്ടിരിക്കുന്നതിന് ഒരു നല്ല കാരണമാണെന്ന് പൗലോസ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അവൻ ശക്തിയേറിയ ഒരു കാരണം നൽകുന്നു: മനഃസാക്ഷി. “ഒരു ശുദ്ധമനഃസാക്ഷിയോടെ” ദൈവത്തെ സേവിക്കാൻ നാം കഠിനശ്രമംചെയ്യുന്നു. (2 തിമൊഥെയോസ് 1:3) ശ്രേഷ്ഠാധികാരങ്ങൾക്കു കീഴ്പ്പെട്ടിരിക്കാൻ ബൈബിൾ നമ്മോടു പറയുന്നു, ദൈവദൃഷ്ടിയിൽ ശരിയായതുചെയ്യാൻ നാം ആഗ്രഹിക്കുന്നതുകൊണ്ട് നാം അനുസരിക്കുന്നു. (എബ്രായർ 5:14) തീർച്ചയായും നമ്മെ പരിശോധിക്കാൻ യാതൊരു മനുഷ്യനും ഇല്ലാത്തപ്പോൾപോലും അധികാരത്തെ അനുസരിക്കാൻ നമ്മുടെ ബൈബിൾപരിശീലിത മനഃസാക്ഷി നമ്മെ പ്രേരിപ്പിക്കുന്നു.—സഭാപ്രസംഗി 10:20 താരതമ്യപ്പെടുത്തുക.
“അതുകൊണ്ടാണ് നിങ്ങൾ നികുതികളും കൊടുക്കുന്നത്”
3, 4. യഹോവയുടെ സാക്ഷികൾക്ക് ഏത് കീർത്തിയുണ്ട്, ക്രിസ്ത്യാനികൾ നികുതികൾ കൊടുക്കേണ്ടതെന്തുകൊണ്ട്?
3 കുറെ വർഷങ്ങൾക്കുമുമ്പ് നൈജീറിയായിൽ നികുതികൾ കൊടുക്കുന്നതുസംബന്ധിച്ച് ലഹളകൾ നടന്നു. അനേകർക്ക് ജീവഹാനി നേരിട്ടു, അധികാരികൾ സൈന്യത്തെ വരുത്തി. പടയാളികൾ ഒരു യോഗം നടന്നുകൊണ്ടിരുന്ന ഒരു രാജ്യഹാളിൽ പ്രവേശിച്ചു, യോഗത്തിന്റെ ഉദ്ദേശ്യമെന്തെന്ന് അറിയണമെന്ന് ആവശ്യപ്പെട്ടു. അത് യഹോവയുടെ സാക്ഷികളുടെ ഒരു ബൈബിൾപഠന യോഗമാണെന്ന് മനസ്സിലാക്കിയപ്പോൾ ചുമതല വഹിച്ചിരുന്ന ഓഫീസർ “യഹോവയുടെ സാക്ഷികൾ നികുതിപ്രക്ഷോഭകരല്ല” എന്നു പറഞ്ഞുകൊണ്ട് വിട്ടുപോകാൻ പടയാളികളോട് ആവശ്യപ്പെട്ടു.
4 ആ നൈജീറിയൻ സാക്ഷികൾക്ക് “അതുകൊണ്ടാണ് നിങ്ങൾ നികുതികളും കൊടുക്കുന്നത്; എന്തെന്നാൽ അവർ ഈ ഉദ്ദേശ്യത്തിൽത്തന്നെ നിരന്തരം സേവിക്കുന്ന പൊതുജനസേവകരാകുന്നു”വെന്ന പൗലോസിന്റെ വാക്കുകൾക്കു ചേർച്ചയായി ജീവിക്കുന്നതിന്റെ കീർത്തിയുള്ളവരായിരുന്നു. (റോമർ 13:6) ‘കൈസർക്കുള്ളവ കൈസർക്കു തിരികെ കൊടുക്കുക’ എന്ന നിയമം യേശു നൽകിയപ്പോൾ അവൻ നികുതികൾ കൊടുക്കുന്നതിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു. (മത്തായി 22:21) ലൗകികാധികാരികൾ റോഡുകളും പൊലീസ് സംരക്ഷണവും ലൈബ്രറികളും ഗതാഗത പദ്ധതികളും സ്കൂളുകളും പോസ്ററൽസേവനങ്ങളും മററനേകം കാര്യങ്ങളും പ്രദാനംചെയ്യുന്നു. നാം മിക്കപ്പോഴും ഈ കരുതലുകളുപയോഗിക്കുന്നു. നമ്മുടെ നികുതികൾ മുഖേന നാം അവക്ക് പ്രതിഫലം കൊടുക്കുന്നത് ന്യായംമാത്രമാണ്.
“എല്ലാവർക്കും അവരുടെ വിഹിതങ്ങൾ കൊടുക്കുക”
5. “എല്ലാവർക്കും അവരുടെ വിഹിതങ്ങൾ കൊടുക്കുക” എന്ന വാചകത്തിന്റെ അർത്ഥമെന്താണ്?
5 പൗലോസ് തുടരുന്നു: “എല്ലാവർക്കും അവരുടെ വിഹിതങ്ങൾ കൊടുക്കുക, നികുതി ആവശ്യപ്പെടുന്നവന് നികുതി; കപ്പം ആവശ്യപ്പെടുന്നവന് കപ്പം; ഭയം ആവശ്യപ്പെടുന്നവന് അങ്ങനെയുള്ള ഭയം; ബഹുമാനം ആവശ്യപ്പെടുന്നവന് അങ്ങനെയുള്ള ബഹുമാനം.” (റോമർ 13:7) “എല്ലാവർക്കും” എന്ന പദം ദൈവത്തിന്റെ പൊതുജനസേവകനായിരിക്കുന്ന എല്ലാ ലൗകികാധികാരത്തെയും ഉൾപ്പെടുത്തുന്നു. വ്യത്യാസമില്ല. നമുക്ക് വ്യക്തിപരമായി ഇഷ്ടമില്ലാത്ത ഒരു രാഷ്ട്രീയവ്യവസ്ഥിതിയിലാണ് നാം ജീവിക്കുന്നതെങ്കിൽപോലും നാം നികുതികൾ കൊടുക്കുന്നു. നാം ജീവിക്കുന്നടത്ത് മതങ്ങൾക്ക് നികുതികളിൽനിന്ന് ഒഴിവുണ്ടെങ്കിൽ സഭകൾക്ക് അത് പ്രയോജനപ്പെടുത്താം. മററു പൗരൻമാരെപ്പോലെ ക്രിസ്ത്യാനികൾക്ക് തങ്ങൾ കൊടുക്കുന്ന നികുതികളെ പരിമിതപ്പെടുത്താൻ ചെയ്യപ്പെടുന്ന ഏതു നിയമപരമായ വ്യവസ്ഥകളെയും ഉപയോഗിക്കാൻകഴിയും. എന്നാൽ യാതൊരു ക്രിസ്ത്യാനിയും നിയമവിരുദ്ധമായി നികുതികൊടുക്കലിൽനിന്ന് ഒഴിഞ്ഞുമാറരുത്.—മത്തായി 5:41; 17:24-27 താരതമ്യപ്പെടുത്തുക.
6, 7. നമുക്ക് വിയോജിപ്പുള്ള എന്തിനെങ്കിലും ചെലവിടാൻ പണം ഉപയോഗിക്കപ്പെടുന്നുവെങ്കിൽപോലും അല്ലെങ്കിൽ അധികാരം നമ്മെ പീഡിപ്പിക്കുന്നുവെങ്കിൽപോലും നാം നികുതികൾ കൊടുക്കേണ്ടതെന്തുകൊണ്ട്?
6 ഒരു നികുതി അന്യായമാണെന്ന് തോന്നുന്നുവെന്നിരിക്കട്ടെ. അല്ലെങ്കിൽ സൗജന്യഗർഭച്ഛിദ്രം, രക്തബാങ്കുകൾ, അല്ലെങ്കിൽ നിങ്ങളുടെ നിഷ്പക്ഷവീക്തണങ്ങൾക്കെതിരായ പരിപാടികൾ എന്നിങ്ങനെ നിങ്ങൾക്കു വിയോജിപ്പുള്ള എന്തിനെങ്കിലും ചെലവുവഹിക്കാൻ നികുതിപ്പണത്തിന്റെ ഒരു ഭാഗം ഉപയോഗിക്കുന്നുവെങ്കിലോ? അപ്പോഴും നാം സകല നികുതികളും കൊടുക്കുന്നു. നികുതിപ്പണം എങ്ങനെ ഉപയോഗിക്കുന്നുവെന്നതിന്റെ ഉത്തരവാദിത്തം വഹിക്കേണ്ടത് അധികാരമാണ്. അധികാരത്തെ വിധിക്കാൻ നാം നിയുക്തരായിട്ടില്ല. “സർവഭൂമിയുടെയും ന്യായാധിപൻ” ദൈവമാണ്. അവൻ തന്റെ തക്ക സമയത്ത് ഗവൺമെൻറുകൾ തങ്ങളുടെ അധികാരം എങ്ങനെ ഉപയോഗിച്ചുവെന്നതിന് കണക്കുചോദിക്കും. (സങ്കീർത്തനം 94:2; യിരെമ്യാവ് 25:31) അതു സംഭവിക്കുന്നതുവരെ നാം നികുതികൾ കൊടുക്കുന്നു.
7 അധികാരം നമ്മെ പീഡിപ്പിക്കുന്നുവെങ്കിലോ? അർപ്പിക്കപ്പെടുന്ന ദൈനംദിനസേവനങ്ങൾ നിമിത്തം നാം അപ്പോഴും നികുതികൾ കൊടുക്കുന്നു; ഒരു ആഫ്രിക്കൻരാജ്യത്ത് പീഡനമനുഭവിക്കുന്ന സാക്ഷികളെസംബന്ധിച്ച്, ദി സാൻഫ്രാൻസിസ്ക്കോ എക്സാമിനർ ഇങ്ങനെ പറയുകയുണ്ടായി: “നിങ്ങൾക്ക് അവരെ മാതൃകാപൗരൻമാരായി കരുതാവുന്നതാണ്. അവർ ഉത്സാഹപൂർവം നികുതികൾ കൊടുക്കുന്നു, രോഗികളെ ശുശ്രൂഷിക്കുന്നു, നിരക്ഷരതയോടു പോരാടുന്നു.” അതെ, പീഡിപ്പിക്കപ്പെട്ട ആ സാക്ഷികൾ അവരുടെ നികുതികൾ കൊടുത്തു.
“ഭയവും” “ബഹുമാനവും”
8. നാം അധികാരത്തിനു കൊടുക്കുന്ന “ഭയം” എന്താണ്?
8 റോമർ 13:7ലെ “ഭയം” ഭീരുത്വത്തോടെയുള്ള ഒരു ഭയമല്ല, പിന്നെയോ ലൗകികാധികാരത്തോടുള്ള ഒരു ആദരവാണ്, അതിന്റെ നിയമങ്ങൾ ലംഘിക്കുന്നതിലുള്ള ഒരു ഭയം. ഉൾപ്പെട്ടിരിക്കുന്ന സ്ഥാനം നിമിത്തമാണ് ഈ ആദരവ് കാണിക്കപ്പെടുന്നത്, എല്ലായ്പ്പോഴും ആ സ്ഥാനത്തിരിക്കുന്ന വ്യക്തി നിമിത്തമല്ല. റോമൻ ചക്രവർത്തിയായിരുന്ന തിബര്യോസിനെക്കുറിച്ച് പ്രാവചനികമായി പറയുമ്പോൾ ബൈബിൾ അയാളെ “നിന്ദ്യനായ ഒരാൾ” എന്നു വിളിക്കുന്നു. (ദാനിയേൽ 11:21) എന്നാൽ അയാൾ ചക്രവർത്തിയായിരുന്നു. അങ്ങനെയാകയാൽ ഒരു ക്രിസ്ത്യാനി അയാളോടു ഭയവും ബഹുമാനവും കാണിക്കാൻ കടപ്പെട്ടവനായിരുന്നു.
9. നാം മനുഷ്യാധികാരങ്ങൾക്ക് ബഹുമാനം കൊടുക്കുന്ന ചില വിധങ്ങളേവ?
9 ബഹുമാനത്തിന്റെ സംഗതിയിൽ, മതപരമായ പദവിയിലധിഷ്ഠിതമായ സ്ഥാനപ്പേരുകൾ കൊടുക്കാതിരിക്കാനുള്ള യേശുവിന്റെ കല്പന നാം അനുസരിക്കുന്നു. (മത്തായി 23:8-10) എന്നാൽ ലൗകികാധികാരങ്ങളുടെ കാര്യത്തിൽ അവരെ ബഹുമാനിക്കുന്നതിന് ആവശ്യമായിരുന്നേക്കാവുന്ന ഏതു സ്ഥാനപ്പേരുകളും ചേർത്ത് അവരെ സംബോധനചെയ്യാൻ നമുക്ക് സന്തോഷമുണ്ട്. റോമാഗവർണർമാരോടു സംസാരിച്ചപ്പോൾ “രാജശ്രീ” എന്ന പദം പൗലോസ് ഉപയോഗിച്ചു. (പ്രവൃത്തികൾ 26:25) ദാനിയേൽ നെബുഖദ്നേസ്സരെ “എന്റെ യജമാനനേ” എന്നു വിളിച്ചു. (ദാനിയേൽ 4:19) ഇന്ന്, ക്രിസ്ത്യാനികൾക്ക് “യുവർ ലോർഡ്ഷിപ്പ്” എന്നോ “യുവർ മജസ്ററി” എന്നോ പോലുള്ള പദപ്രയോഗങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഒരു ന്യായാധിപൻ കോടതിമുറിയിൽ വരുമ്പോൾ അവർക്ക് എഴുന്നേൽക്കാവുന്നതാണ്. അല്ലെങ്കിൽ ഒരു ഭരണാധികാരിയുടെ മുമ്പാകെ ആദരപൂർവം വണങ്ങാവുന്നതാണ്, അതാണ് ആചാരമെങ്കിൽ.
ആപേക്ഷിക കീഴ്പ്പെടൽ
10. ഒരു മാനുഷാധികാരത്തിന് ഒരു ക്രിസ്ത്യാനിയിൽനിന്ന് ആവശ്യപ്പെടാവുന്നതിന് പരിമിതികളുണ്ടെന്ന് യേശു പ്രകടമാക്കിയതെങ്ങനെ?
10 യഹോവയുടെ സാക്ഷികൾ മാനുഷാധികാരത്തിന് കീഴ്പ്പെട്ടിരിക്കുന്നതിനാൽ ഫ്രാൻസ് റീറററും മററനേകരും ആ നിലയിൽ കഷ്ടതയനുവിച്ചതെന്തുകൊണ്ട്? നമ്മുടെ കീഴ്പ്പെടൽ ആപേക്ഷികമായതുകൊണ്ടും അധികാരത്തിന് ആവശ്യപ്പെടാൻകഴിയുന്നതിന് ബൈബിൾപരമായി വെക്കപ്പെട്ടിരിക്കുന്ന പരിമിതികളുണ്ടെന്ന് അത് എല്ലായ്പ്പോഴും അംഗീകരിക്കാത്തതുകൊണ്ടുംതന്നെ. അധികാരം പരിശീലിതമായ ഒരു ക്രിസ്തീയമനഃസാക്ഷിയെ മുറിപ്പെടുത്തുന്ന എന്തെങ്കിലും ആവശ്യപ്പെടുന്നുവെങ്കിൽ അത് അതിന്റെ ദൈവദത്തമായ പരിധിക്കപ്പുറം പോകുകയാണ്. “കൈസർക്കുള്ളവ കൈസർക്കും ദൈവത്തിനുള്ളവ ദൈവത്തിനും തിരികെ കൊടുക്കുക” എന്നു പറഞ്ഞപ്പോൾ യേശു ഇതു സൂചിപ്പിക്കുകയുണ്ടായി. (മത്തായി 22:21) കൈസർ ദൈവത്തിനുള്ളത് ആവശ്യപ്പെടുമ്പോൾ ദൈവത്തിനാണ് അവകാശത്തിൽ മുൻഗണനയെന്ന് നാം സമ്മതിക്കേണ്ടതാണ്.
11. ഒരു മാനുഷാധികാരത്തിന് ആവശ്യപ്പെടാൻ കഴിയുന്നതിന് പരിമിതികളുണ്ടെന്ന് പ്രകടമാക്കുന്ന ഏതു തത്വം പരക്കെ അംഗീകരിക്കപ്പെടുന്നു?
11 ഈ നിലപാട് വിദ്ധ്വംസകമോ വഞ്ചനാത്മകമോ ആണോ? അശേഷമല്ല. യഥാർത്ഥത്തിൽ അത് സംസ്ക്കാരമുള്ള മിക്ക രാഷ്ട്രങ്ങളും അംഗീകരിക്കുന്ന ഒരു തത്വത്തിന്റെ വിപുലീകരണമാണ്. 15-ാം നൂററാണ്ടിൽ ഒരു പീററർ വോൺ ഹേഗൻബാക്ക് തനിക്കധികാരമുണ്ടായിരുന്ന യൂറോപ്പിന്റെ ഒരു ഭാഗത്ത് ഒരു ഭീകരവാഴ്ച തുടങ്ങിയതിന് വിചാരണചെയ്യപ്പെട്ടു. താൻ തന്റെ യജമാനന്റെ, ഡ്യൂക്ക് ഓഫ് ബർഗുണ്ടിയുടെ, ആജ്ഞകളനുസരിക്കുകമാത്രമായിരുന്നുവെന്നുള്ള അയാളുടെ പ്രതിവാദം നിരസിക്കപ്പെട്ടു. ഒരു മേലധികാരിയുടെ ആജ്ഞകളനുസരിക്കുകയാണെങ്കിൽ ക്രൂരതകൾ കാട്ടുന്ന ഒരു വ്യക്തി കണക്കുബോധിപ്പിക്കേണ്ടതില്ല എന്ന അവകാശവാദം അതിനുശേഷം പലപ്പോഴും ചെയ്യപ്പെട്ടിട്ടുണ്ട്—ന്യൂറംബർഗ്ഗിലെ സാർവദേശീയ കോടതി മുമ്പാകെ നാസി യുദ്ധകുററവാളികൾ നടത്തിയതായിരുന്നു ഏററം ഗണനീയം. സാധാരണയായി ഈ അവകാശവാദം നിരസിക്കപ്പെട്ടിട്ടുണ്ട്. സാർവദേശീയകോടതി അതിന്റെ വിധിയിൽ ഇങ്ങനെ പ്രസ്താവിച്ചു: “ഒററപ്പെട്ട സംസ്ഥാനം ചുമത്തുന്ന അനുസരണത്തിന്റെ ദേശീയകടപ്പാടുകളെക്കാൾ ഉപരിയായ സാർവദേശീയ കടമകൾ വ്യക്തികൾക്കുണ്ട്.”
12. അധികാരിയുടെ അന്യായമായ ആവശ്യങ്ങൾ അനുസരിക്കാൻ വിസമ്മതിച്ച ദൈവദാസൻമാരുടെ ചില തിരുവെഴുത്തുദൃഷ്ടാന്തങ്ങൾ ഏവ?
12 തങ്ങൾക്ക് മനഃസാക്ഷിപൂർവകമായ കടപ്പാടുള്ള ശേഷ്ഠാധികാരങ്ങളോടുള്ള കീഴ്പ്പെടലിന് പരിമിതികളുണ്ടെന്ന് ദൈവദാസൻമാർ എല്ലായ്പ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്. മോശ ഈജിപ്ററിൽ ജനിച്ച കാലത്തോടടുത്ത്, നവജാതരായ എബ്രായ ആൺകുട്ടികളെയെല്ലാം കൊല്ലാൻ ഫറവോൻ രണ്ട് എബ്രായ സൂതികർമ്മിണികളോട് കല്പിച്ചു. എന്നിരുന്നാലും, സൂതികർമ്മിണികൾ ശിശുക്കളെ ജീവനോടെ സൂക്ഷിച്ചു. അവർ ഫറവോനെ അനുസരിക്കാതിരുന്നത് തെററായിരുന്നോ? അല്ലായിരുന്നു. അവർ തങ്ങളുടെ ദൈവദത്തമായ മനഃസാക്ഷിയെ അനുസരിക്കുകയായിരുന്നു. അതുനിമിത്തം ദൈവം അവരെ അനുഗ്രഹിച്ചു. (പുറപ്പാട് 1:15-20) യിസ്രായേൽ ബാബിലോണിൽ പ്രവാസികളായിരുന്നപ്പോൾ, എബ്രായരായിരുന്ന ശദ്രക്കും മേശക്കും അബേദ്നെഗോയും ഉൾപ്പെടെ തന്റെ സകല ഉദ്യോഗസ്ഥൻമാരും ദുരാ മരുഭൂമിയിൽ താൻ നിർത്തിയിരിക്കുന്ന ഒരു പ്രതിമയുടെ മുമ്പാകെ കുമ്പിടണമെന്ന് നെബുഖദ്നേസ്സർ ആവശ്യപ്പെട്ടു. മൂന്ന് എബ്രായർ നിരസിച്ചു. അവർ തെററുചെയ്യുകയായിരുന്നോ? അല്ലായിരുന്നു. എന്തുകൊണ്ടെന്നാൽ രാജാവിന്റെ കല്പന അനുസരിക്കുന്നത് ദൈവനിയമം ലംഘിക്കുന്നതിനെ അർത്ഥമാക്കുമായിരുന്നു.—പുറപ്പാട് 20:4, 5; ദാനിയേൽ 3:1-18.
“ദൈവത്തെ ഭരണാധികാരിയെന്ന നിലയിൽ അനുസരിക്കുക”
13. ശ്രേഷ്ഠാധികാരങ്ങളോടുള്ള ആപേക്ഷിക കീഴ്പ്പെടലിന്റെ സംഗതിയിൽ ആദിമക്രിസ്ത്യാനികൾ എന്തു മാതൃക നൽകി?
13 സമാനമായി, യഹൂദ്യ അധികാരികൾ യേശുവിനെക്കുറിച്ചുള്ള പ്രസംഗം നിർത്താൻ പത്രോസിനോടും യോഹന്നാനോടും കല്പിച്ചപ്പോൾ “ദൈവത്തെക്കാളുപരി നിങ്ങളെ കേട്ടനുസരിക്കുന്നത് ദൈവദൃഷ്ടിയിൽ നീതിയോ എന്ന് നിങ്ങൾതന്നെ വിധിക്കുക” എന്ന് അവർ മറുപടിപറഞ്ഞു. (പ്രവൃത്തികൾ 4:19; 5:29) അവർക്ക് മൗനംപാലിക്കാൻ കഴിയുമായിരുന്നില്ല. ദി ക്രിസ്ത്യൻ സെഞ്ചുറി എന്ന മാസിക ആദിമക്രിസ്ത്യാനികൾ സ്വീകരിച്ച മനഃസാക്ഷിപൂർവകമായ മറെറാരു നിലപാടിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു: “ഏററവും ആദ്യമുണ്ടായിരുന്ന ക്രിസ്ത്യാനികൾ സായുധസൈന്യത്തിൽ സേവിച്ചിരുന്നില്ല. ‘പുതിയനിയമ കാലഘട്ടത്തിന്റെ അവസാനം മുതൽ എ.ഡി. 170-180ലെ ദശാബ്ദംവരെ ക്രിസ്ത്യാനികൾ സൈന്യത്തിൽ ചേർന്നിരുന്നുവെന്നതിന് യാതൊരു തെളിവുമില്ല’ എന്ന് റോളൻഡ് ബയിൻറൻ കുറിക്കൊള്ളുന്നു. (യുദ്ധത്തോടും സമാധാനത്തോടുമുള്ള ക്രിസ്തീയ മനോഭാവങ്ങൾ [ആബിംഗ്ഡൺ, 1960], പേ. 67-8). . . .ജസ്ററിൻ മാർട്ടർ ‘ക്രിസ്ത്യാനികൾ അക്രമപ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കണമെന്നുള്ളത് മാർഗ്ഗത്തിന്റെ ഒരു സംഗതിയാണ്’ എന്നു കരുതുന്നതായി സ്വിഫ്ററ് പറയുന്നു.”
14, 15. മനുഷ്യാധികാരങ്ങളോടുള്ള ആദിമക്രിസ്ത്യാനികളുടെ ആപേക്ഷിക അനുസരണത്തെ ഭരിച്ച ചില ബൈബിൾതത്വങ്ങളേവ?
14 ആദിമക്രിസ്ത്യാനികൾ പടയാളികളായി സേവിക്കാഞ്ഞതെന്തുകൊണ്ടായിരുന്നു? നിസ്സംശയമായി, ഓരോരുത്തരും ശ്രദ്ധാപൂർവം ദൈവവചനവും നിയമങ്ങളും പഠിക്കുകയും തന്റെ ബൈബിൾപരിശീലിത മനഃസാക്ഷിയുടെ അടിസ്ഥാനത്തിൽ വ്യക്തിപരമായ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. അവർ നിഷ്പക്ഷരായിരുന്നു, “ലോകത്തിന്റെ ഭാഗമല്ലാ”യിരുന്നു. അവരുടെ നിഷ്പക്ഷത ഈ ലോകത്തിലെ പോരാട്ടങ്ങളിൽ പക്ഷം പിടിക്കുന്നതിൽനിന്ന് അവരെ വിലക്കി. (യോഹന്നാൻ 17:16; 18:36) കൂടാതെ, അവർ ദൈവത്തിനുള്ളവർ ആയിരുന്നു. (2 തിമൊഥെയോസ് 2:19) സംസ്ഥാനത്തിനുവേണ്ടി തങ്ങളുടെ ജീവൻ അർപ്പിക്കുന്നത് ദൈവത്തിനുള്ളത് കൈസർക്കു കൊടുക്കുന്നതിനെ അർത്ഥമാക്കുമായിരുന്നു. തന്നെയുമല്ല, അവർ സ്നേഹത്താൽ ബന്ധിതരായ ഒരു സാർവദേശീയ സഹോദരവർഗ്ഗത്തിന്റെ ഭാഗമായിരുന്നു. (യോഹന്നാൻ 13:34, 35; കൊലോസ്യർ 3:14; 1 പത്രോസ് 4:8; 5:9) അവർക്ക് നല്ല മനഃസാക്ഷിയിൽ ഒരു സഹക്രിസ്ത്യാനിയെ കൊല്ലാനുള്ള സാദ്ധ്യതയോടെ ആയുധമെടുക്കാൻ കഴിയുമായിരുന്നില്ല.
15 ഇതിനുപുറമേ, ക്രിസ്ത്യാനികൾക്ക് ചക്രവർത്തിയാരാധനപോലെ ജനപ്രീതിയുണ്ടായിരുന്ന മതാനുഷ്ഠാനങ്ങളോടു ചേർന്നുപോകാൻ കഴിയുമായിരുന്നില്ല. തത്ഫലമായി, അവർ “പ്രത്യേക സ്വഭാവമുള്ളവരും അപകടകാരികളുമായ ആളുകളായി” വീക്ഷിക്കപ്പെട്ടിരുന്നു, “ജനതതിയിൽ ശേഷിച്ചവർ സ്വാഭാവികമായി അവരെ സംശയിച്ചു.” (ഡബ്ലിയു. എ. സ്മാർട്ട് എഴുതിയ ഇപ്പോഴും ബൈബിൾ സംസാരിക്കുന്നു) ക്രിസ്ത്യാനികൾ ‘ഭയം ആവശ്യപ്പെടുന്നവന് അങ്ങനെയുള്ള ഭയം കൊടുക്കണ’മെന്ന് പൗലോസ് എഴുതിയെങ്കിലും അവർ യഹോവയോടുള്ള തങ്ങളുടെ കൂടിയ ഭയം അഥവാ ആദരവ് മറന്നില്ല. (റോമർ 13:7; സങ്കീർത്തനം 86:11) യേശുതന്നെ ഇങ്ങനെ പറഞ്ഞു: “ദേഹിയെ കൊല്ലാൻകഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടരുത്; എന്നാൽ ദേഹത്തെയും ദേഹിയെയും ഗീഹെന്നയിൽ നശിപ്പിക്കാൻ കഴിയുന്നവനെ ഭയപ്പെടുക.”—മത്തായി 10:28.
16. (എ). ശ്രേഷ്ഠാധികാരങ്ങളോടുള്ള തങ്ങളുടെ കീഴ്പ്പെടലിനെ ഏതു മണ്ഡലങ്ങളിൽ ക്രിസ്ത്യാനികൾ ശ്രദ്ധാപൂർവം തൂക്കിനോക്കണം? (ബി) 25-ാം പേജിലെ ചതുരം എന്ത് ഉദാഹരിക്കുന്നു?
16 ക്രിസ്ത്യാനികളെന്ന നിലയിൽ നാം ഇന്ന് സമാനമായ വെല്ലുവിളികളെ നേരിടുന്നു. നമുക്ക് വിഗ്രഹാരാധനയുടെ ഏതെങ്കിലും ആധുനികരൂപത്തിൽ പങ്കെടുക്കാൻ കഴിയുന്നതല്ല—അത് ഒരു പ്രതിമയോടോ പ്രതീകത്തോടോ ഉള്ള ആരാധനാപരമായ നടപടികളോ ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ രക്ഷ ആരോപിക്കുന്നതോ ആയാലും പാടില്ല. (1 കൊരിന്ത്യർ 10:14; 1 യോഹന്നാൻ 5:21) ആദിമക്രിസ്ത്യാനികളെപ്പോലെ നമുക്ക് നമ്മുടെ ക്രിസ്തീയനിഷ്പക്ഷതയിൽ വിട്ടുവീഴ്ചചെയ്യാൻ പാടില്ല.—2 കൊരിന്ത്യർ 10:4 താരതമ്യപ്പെടുത്തുക.
“ഒരു സൗമ്യപ്രകൃതവും ആഴമായ ബഹുമാനവും”
17. മനഃസാക്ഷിനിമിത്തം കഷ്ടതയനുഭവിക്കുന്നവർക്ക് പത്രോസ് എന്ത് ബുദ്ധിയുപദേശം കൊടുത്തു?
17 അപ്പോസ്തലനായ പത്രോസ് നമ്മുടെ മനഃസാക്ഷിപരമായ നിലപാടിനെക്കുറിച്ച് എഴുതുകയും ഇങ്ങനെ പറയുകയുംചെയ്തു: “ദൈവത്തോടുള്ള മനഃസാക്ഷി നിമിത്തം ആരെങ്കിലും ദുഃഖകരമായ കാര്യങ്ങളിൻകീഴിൽ സഹിച്ചുനിൽക്കുകയും അന്യായമായി കഷ്ടം സഹിക്കുകയും ചെയ്യുന്നുവെങ്കിൽ അത് ഹിതകരമായ ഒരു സംഗതിയാകുന്നു.” (1 പത്രോസ് 2:19) അതെ, ഒരു ക്രിസ്ത്യാനി പീഡനം ഗണ്യമാക്കാതെ ഉറച്ചുനിൽക്കുമ്പോൾ അത് ദൈവത്തിന് ഹിതകരമാണ്. ക്രിസ്ത്യാനിയുടെ വിശ്വാസം ബലിഷ്ഠമാകുകയും സ്ഫുടംചെയ്യപ്പെടുകയും ചെയ്യുന്നുവെന്ന കൂടുതലായ പ്രയോജനവുമുണ്ട്. (യാക്കോബ് 1:2-4; 1 പത്രോസ് 1:6, 7; 5:8-10) പത്രോസ് ഇങ്ങനെയും എഴുതി: “നിങ്ങൾ നീതിക്കുവേണ്ടി കഷ്ടം സഹിക്കണമെങ്കിൽ, നിങ്ങൾ സന്തുഷ്ടരാകുന്നു. എന്നിരുന്നാലും, അവരുടെ ഭയവിഷയത്തെ നിങ്ങൾ ഭയപ്പെടരുത്, പ്രക്ഷുബ്ധരാകയുമരുത്. എന്നാൽ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിക്കുക, നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ച് ന്യായം ചോദിക്കുന്ന ഏതൊരാളിന്റെയും മുമ്പാകെ പ്രതിവാദം നടത്താനുള്ള സന്നദ്ധതയോടെതന്നെ, എന്നാൽ ഒരു സൗമ്യപ്രകൃതവും ആഴമായ ബഹുമാനവും സഹിതം അങ്ങനെ ചെയ്യുക.” (1 പത്രോസ് 3:14, 15) തീർച്ചയായും സഹായകമായ ബുദ്ധിയുപദേശംതന്നെ!
18, 19. അധികാരം നമ്മുടെ ആരാധനാസ്വാതന്ത്ര്യത്തിന് പരിമിതികൾ വെക്കുന്നുവെങ്കിൽ ആഴമായ ആദരവിന്റെയും ന്യായബോധത്തിന്റെയും മനോഭാവത്തിന് എങ്ങനെ സഹായിക്കാൻ കഴിയും?
18 ക്രിസ്ത്യാനിയുടെ നിലപാടിനെ അധികാരം തെററിദ്ധരിക്കുന്നതുകൊണ്ടോ ക്രൈസ്തവലോകത്തിലെ മതനേതാക്കൻമാർ യഹോവയുടെ സാക്ഷികളെ അധികാരത്തിന്റെ മുമ്പാകെ തെററിദ്ധരിപ്പിച്ചതുകൊണ്ടോ പീഡനം ഉയർന്നുവരുമ്പോൾ അധികാരത്തിന്റെ മുമ്പാകെ വസ്തുതകൾ അവതരിപ്പിക്കുന്നത് സമ്മർദ്ദം ലഘൂകരിക്കപ്പെടുന്നതിൽ കലാശിച്ചേക്കാം. ഒരു സൗമ്യപ്രകൃതവും ആഴമായ ബഹുമാനവും പ്രകടമാക്കിക്കൊണ്ട് ഒരു ക്രിസ്ത്യാനി പീഡകർക്കെതിരെ ശാരീരികമായി പോരാടുന്നില്ല. എന്നിരുന്നാലും, അവൻ തന്റെ വിശ്വാസത്തിനുവേണ്ടി പ്രതിവാദം നടത്താൻ ലഭ്യമായ എല്ലാ നിയമമാർഗ്ഗങ്ങളും ഉപയോഗിക്കുന്നു. അനന്തരം അവൻ കാര്യങ്ങൾ യഹോവയുടെ കൈകളിൽ വിടുന്നു.—ഫിലിപ്പിയർ 1:7; കൊലോസ്യർ 4:5, 6.
19 ആഴമായ ബഹുമാനം തന്റെ മനഃസാക്ഷിയെ ലംഘിക്കാതെ അധികാരത്തെ അനുസരിക്കാൻ ആവോളം പോകുന്നതിലേക്കും ക്രിസ്ത്യാനിയെ നയിക്കുന്നു. ദൃഷ്ടാന്തത്തിന്, സഭാമീററിംഗുകൾ നിരോധിക്കപ്പെടുന്നുവെങ്കിൽ, യഹോവയുടെ മേശയിൽനിന്ന് തുടർന്ന് പോഷിപ്പിക്കപ്പെടുന്നതിന് ക്രിസ്ത്യാനി തടസ്സം കുറഞ്ഞ ഏതെങ്കിലും മാർഗ്ഗം കണ്ടെത്തും. പരമോന്നത അധികാരിയായ യഹോവയാം ദൈവം പൗലോസിലൂടെ നമ്മോടു പറയുന്നു: “ചിലർക്കുള്ള പതിവുപോലെ, നമ്മുടെ കൂടിവരവ് ഉപേക്ഷിക്കാതെ, സ്നേഹത്തിനും സൽപ്രവൃത്തികൾക്കും പ്രോൽസാഹിപ്പിക്കാൻ നമുക്ക് അന്യോന്യം പരിഗണിക്കാം.” (എബ്രായർ 10:24, 25) എന്നാൽ അങ്ങനെയുള്ള കൂടിവരവ് വിവേകപൂർവം ചെയ്യാവുന്നതാണ്. കുറച്ചുപേർമാത്രമേ ഹാജരുള്ളുവെങ്കിൽപോലും അങ്ങനെയുള്ള ക്രമീകരണങ്ങളെ ദൈവം അനുഗ്രഹിക്കുന്നുവെന്ന് നമുക്ക് ദൃഢവിശ്വാസമുണ്ടായിരിക്കാൻകഴിയും.—മത്തായി 18:20 താരതമ്യപ്പെടുത്തുക.
20. സുവാർത്തയുടെ പരസ്യപ്രസംഗം നിരോധിക്കപ്പെടുന്നുവെങ്കിൽ ക്രിസ്ത്യാനികൾക്ക് എങ്ങനെ സാഹചര്യം കൈകാര്യംചെയ്യാവുന്നതാണ്?
20 അതുപോലെതന്നെ, ചില അധികാരങ്ങൾ സുവാർത്തയുടെ പരസ്യപ്രസംഗത്തെ വിലക്കിയിട്ടുണ്ട്. പരമോന്നത അധികാരം യേശു മുഖാന്തരംതന്നെ “സകല ജനതകളിലും സുവാർത്ത ആദ്യം പ്രസംഗിക്കപ്പെടേണ്ടതുണ്ട്” എന്നു പറഞ്ഞിട്ടുണ്ടെന്ന് അവരുടെ കീഴിൽ ജീവിക്കുന്ന ക്രിസ്ത്യാനി ഓർക്കുന്നു. (മർക്കോസ് 13:10) അതുകൊണ്ട് തങ്ങൾക്ക് എന്തു നേരിട്ടാലും അവർ പരമോന്നത അധികാരത്തെ അനുസരിക്കുന്നു. സാദ്ധ്യമാകുന്നടത്ത് അപ്പോസ്തലൻമാർ പരസ്യമായും വീടുതോറും പ്രസംഗിച്ചു. എന്നാൽ അനൗപചാരികസാക്ഷീകരണം പോലെ ആളുകളെ സമീപിക്കാൻ മററു മാർഗ്ഗങ്ങളുണ്ട്. (യോഹന്നാൻ 4:7-15; പ്രവൃത്തികൾ 5:42; 20:20) മിക്കപ്പോഴും ബൈബിൾമാത്രം ഉപയോഗിക്കപ്പെടുകയാണെങ്കിൽ അധികാരങ്ങൾ പ്രസംഗവേലയെ പ്രതിബന്ധപ്പെടുത്തുകയില്ല—ഇത് തിരുവെഴുത്തുകളിൽനിന്ന് ന്യായവാദംചെയ്യാൻ എല്ലാ സാക്ഷികളും സുപരിശീലിതരായിരിക്കേണ്ടതിന്റെ ആവശ്യത്തെ പ്രദീപ്തമാക്കുന്നു. (പ്രവൃത്തികൾ 17:2, 17 താരതമ്യപ്പെടുത്തുക.) ആദരവോടെ, ധൈര്യമുള്ളവരായിരിക്കുന്നതിനാൽ ക്രിസ്ത്യാനികൾക്ക് മിക്കപ്പോഴും ശ്രേഷ്ഠാധികാരങ്ങളുടെ ക്രോധം വരുത്തിക്കൂട്ടാതെ യഹോവയെ അനുസരിക്കാൻ ഒരു മാർഗ്ഗം കണ്ടെത്താവുന്നതാണ്.—തീത്തോസ് 3:1, 2.
21. കൈസർ അവിരാമം പീഡിപ്പിക്കുന്നുവെങ്കിൽ ക്രിസ്ത്യാനികൾ ഏതു ഗതി തെരഞ്ഞെടുക്കേണ്ടതാണ്?
21 എന്നാൽ ചിലപ്പോൾ, അധികാരം ക്രിസ്ത്യാനികളെ അവിരാമം പീഡിപ്പിക്കുന്നു. അപ്പോൾ നമുക്ക് തെളിഞ്ഞ മനഃസാക്ഷിയിൽ നൻമചെയ്യുന്നതിൽ സഹിച്ചുനിൽക്കാനേ കഴിയൂ. യുവാവായിരുന്ന ഫ്രാൻസ് റീററർ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചു: തന്റെ വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യുക അല്ലെങ്കിൽ മരിക്കുക. ദൈവാരാധന നിർത്താൻ അവനു കഴിയുമായിരുന്നില്ലാഞ്ഞതിനാൽ അവൻ സധൈര്യം തന്റെ മരണത്തിലേക്കു നീങ്ങി. താൻ മരിച്ചതിന്റെ തലേ രാത്രിയിൽ അവൻ അമ്മക്കെഴുതി: “ഞാൻ നാളെ രാവിലെ വധിക്കപ്പെടും. കഴിഞ്ഞകാലത്ത് എല്ലായ്പ്പോഴും സത്യക്രിസ്ത്യാനികളുടെ കാര്യത്തിലുണ്ടായിരുന്നതുപോലെ, എനിക്ക് ദൈവത്തിൽനിന്നുള്ള ശക്തിയുണ്ട് . . . മരണംവരെ നിങ്ങൾ ഉറച്ചുനിൽക്കുമെങ്കിൽ നാം വീണ്ടും പുനരുത്ഥാനത്തിൽ കണ്ടുമുട്ടും.”
22. നമുക്ക് എന്ത് പ്രത്യാശയുണ്ട്, ഇതിനിടയിൽ നാം എങ്ങനെ നീങ്ങണം?
22 ഒരു കാലത്ത് സകല മനുഷ്യവർഗ്ഗവും ഒരൊററ നിയമത്തിൻകീഴിലായിരിക്കും, യഹോവയാം ദൈവത്തിന്റെതന്നെ. അന്നുവരെ, നാം നല്ല മനഃസാക്ഷിയോടെ ദൈവത്തിന്റെ ക്രമീകരണം അനുസരിക്കുകയും ശ്രേഷ്ഠാധികാരങ്ങളോടുള്ള നമ്മുടെ ആപേക്ഷികകീഴ്പ്പെടൽ നിലനിർത്തുകയും ചെയ്യണം. അതേസമയം നാം പരമാധികാരിയാം കർത്താവായ യഹോവയെ സകലത്തിലും അനുസരിക്കണം.—ഫിലിപ്പിയർ 4:5-7. (w90 11⁄1)
നിങ്ങൾ ഓർമ്മിക്കുന്നുവോ?
◻ ശ്രേഷ്ഠാധികാരങ്ങൾക്കു കീഴ്പ്പെട്ടിരിക്കേണ്ടതിന്റെ നിർബന്ധിതകാരണമെന്താണ്?
◻ കൈസർ ചുമത്തുന്ന നികുതികൾ കൊടുക്കാൻ നാം മടിക്കരുതാത്തതെന്തുകൊണ്ട്?
◻ നാം അധികാരത്തിന് ഏതു തരം ബഹുമാനം കൊടുക്കണം?
◻ കൈസറിനോടുള്ള നമ്മുടെ കീഴ്പ്പെടൽ ആപേക്ഷികംമാത്രമായിരിക്കുന്നതെന്തുകൊണ്ട്?
◻ കൈസർ ദൈവത്തിനുള്ളത് ആവശ്യപ്പെടുന്നതുകൊണ്ട് നാം പീഡിപ്പിക്കപ്പെടുന്നുവെങ്കിൽ നാം എങ്ങനെ പ്രതികരിക്കണം?
[25-ാം പേജിലെ ചതുരം]
ആരാധനയല്ല, ആദരവ്
ഒരു ദിവസം രാവിലെ, യഹോവയുടെ ഒരു കൊച്ചു കനേഡിയൻ സാക്ഷിയായ റെററാ ഒരു സഹപാഠിയെ അദ്ധ്യാപകൻ കുറച്ചു സമയത്തേക്ക് ക്ലാസ്മുറിയിൽനിന്ന് ഇറക്കിക്കൊണ്ടുപോയതായി കണ്ടു. അതിനുശേഷം അല്പംകഴിഞ്ഞ്, പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് തന്റെ കൂടെ ചെല്ലാൻ അദ്ധ്യാപകൻ ശാന്തമായി റെററായോട് ആവശ്യപ്പെട്ടു.
അവിടെ എത്തിയപ്പോൾ പ്രിൻസിപ്പലിന്റെ മേശ ഒരു കനേഡിയൻപതാകകൊണ്ട് അലങ്കരിച്ചിരിക്കുന്നതു റെററാ കണ്ടു. പതാകയിൽ തുപ്പാൻ അദ്ധ്യാപകൻ റെററായോടു പറഞ്ഞു! റെററാ ദേശീയഗാനം പാടുകയോ പതാകയെ വന്ദിക്കുകയോ ചെയ്യാത്തതുകൊണ്ട് അവൾക്ക് അതു ചെയ്യാതിരിക്കാൻ കാരണമില്ലെന്ന് അദ്ധ്യാപകൻ സൂചിപ്പിച്ചു. റെററാ വിസമ്മതിച്ചു. യഹോവയുടെ സാക്ഷികൾ പതാകയെ ആരാധിക്കുന്നില്ലെങ്കിലും അവർ അതിനെ ആദരിക്കുകതന്നെ ചെയ്യുന്നുവെന്ന് വിശദീകരിക്കുകയുംചെയ്തു.
ക്ലാസ്സിൽ തിരികെ ചെന്നിട്ട് താൻ ഒരു പരീക്ഷണം നടത്തിക്കഴിഞ്ഞതേയുള്ളുവെന്ന് അദ്ധ്യാപകൻ പ്രഖ്യാപിച്ചു. അദ്ദേഹം പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് രണ്ടു വിദ്യാർത്ഥികളെ ഓരോരുത്തരായി കൊണ്ടുപോയി പതാകയിൽ തുപ്പാൻ അവരോടു നിർദ്ദേശിച്ചു. ആദ്യത്തെ വിദ്യാർത്ഥിനി ദേശസ്നേഹപരമായ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. എന്നാൽ പതാകയെ തുപ്പാൻ പറഞ്ഞപ്പോൾ അവൾ അതു ചെയ്തു. ഇതിനു വിരുദ്ധമായി റെററാ ദേശീയഗാനം പാടുകയോ പതാകയെ വന്ദിക്കുകയോ ചെയ്തില്ല; എന്നിരുന്നാലും പതാകയെ തുപ്പി അതിനെ അപമാനിക്കാൻ അവൾ വിസമ്മതിച്ചു. ഉചിതമായ ആദരവു പ്രകടിപ്പിച്ചത് റെററാ ആയിരുന്നുവെന്ന് അദ്ധ്യാപകൻ ചൂണ്ടിക്കാട്ടി.—യഹോവയുടെ സാക്ഷികളുടെ 1990ലെ വാർഷികപ്പുസ്തകം.
[21-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
French Embassy Press & Information Division
USSR Mission to the UN