അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ
5 അനന്യാസ് എന്നയാളും ഭാര്യ സഫീറയും കൂടെ അവരുടെ കുറച്ച് സ്ഥലം വിറ്റു. 2 അനന്യാസ് കിട്ടിയ പണത്തിൽ കുറെ, ഭാര്യയുടെ അറിവോടെ രഹസ്യമായി മാറ്റിവെച്ചു. ബാക്കി പണം അപ്പോസ്തലന്മാരുടെ അടുത്ത് കൊണ്ടുവന്നു.+ 3 എന്നാൽ പത്രോസ് അയാളോടു പറഞ്ഞു: “അനന്യാസേ, പരിശുദ്ധാത്മാവിനോടു+ നുണ പറയാനും+ സ്ഥലത്തിന്റെ വിലയിൽ കുറെ രഹസ്യമായി മാറ്റിവെക്കാനും സാത്താൻ നിന്നെ ധൈര്യപ്പെടുത്തിയത് എങ്ങനെ? 4 വിൽക്കുന്നതിനു മുമ്പ് അതു നിന്റേതല്ലായിരുന്നോ? വിറ്റശേഷം ആ പണംകൊണ്ട് ഇഷ്ടമുള്ളതു ചെയ്യാനുള്ള സ്വാതന്ത്ര്യവും നിനക്കില്ലായിരുന്നോ? ഇങ്ങനെയൊരു കാര്യം ചെയ്യാൻ നിനക്ക് എങ്ങനെ മനസ്സുവന്നു? നീ നുണ പറഞ്ഞതു മനുഷ്യനോടല്ല, ദൈവത്തോടാണ്.” 5 ഇതു കേട്ട ഉടനെ അനന്യാസ് കുഴഞ്ഞുവീണ് മരിച്ചു. അത് അറിഞ്ഞ എല്ലാവരും പേടിച്ചുപോയി. 6 കുറച്ച് ചെറുപ്പക്കാർ അയാളെ തുണിയിൽ പൊതിഞ്ഞ് പുറത്ത് കൊണ്ടുപോയി അടക്കം ചെയ്തു.
7 ഏകദേശം മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ, സംഭവിച്ചതൊന്നും അറിയാതെ അയാളുടെ ഭാര്യ സഫീറ അകത്ത് വന്നു. 8 “പറയൂ, നിങ്ങൾ ഈ വിലയ്ക്കാണോ സ്ഥലം വിറ്റത്” എന്നു പത്രോസ് ചോദിച്ചപ്പോൾ, “അതെ, ഈ വിലയ്ക്കുതന്നെയാണ്” എന്നു സഫീറ പറഞ്ഞു. 9 അപ്പോൾ പത്രോസ് സഫീറയോടു പറഞ്ഞു: “യഹോവയുടെ ആത്മാവിനെ പരീക്ഷിക്കാൻ നിങ്ങൾ തമ്മിൽ പറഞ്ഞൊത്തു, അല്ലേ? ഇതാ, നിന്റെ ഭർത്താവിനെ അടക്കം ചെയ്തവർ വാതിൽക്കൽ നിൽക്കുന്നു; അവർ നിന്നെയും പുറത്തേക്ക് എടുത്തുകൊണ്ടുപോകും.” 10 ഉടനെ സഫീറ പത്രോസിന്റെ കാൽക്കൽ മരിച്ചുവീണു. ചെറുപ്പക്കാർ അകത്ത് വന്നപ്പോൾ സഫീറ മരിച്ചുകിടക്കുന്നതു കണ്ടു. അവർ സഫീറയെ പുറത്തേക്ക് എടുത്തുകൊണ്ടുപോയി ഭർത്താവിന് അരികെ അടക്കം ചെയ്തു. 11 സഭയിലുള്ളവരും ഈ കാര്യങ്ങളെക്കുറിച്ച് കേട്ട മറ്റുള്ളവരും ഭയന്നുപോയി.
12 അപ്പോസ്തലന്മാർ ജനത്തിന് ഇടയിൽ അനേകം അടയാളങ്ങളും അത്ഭുതങ്ങളും ചെയ്തുകൊണ്ടിരുന്നു.+ അവർ ശലോമോന്റെ മണ്ഡപത്തിൽ+ കൂടിവരുമായിരുന്നു. 13 മറ്റുള്ളവർ അവരോടൊപ്പം ചേരാൻ ധൈര്യപ്പെട്ടില്ല. ജനത്തിനു പക്ഷേ, അവരെക്കുറിച്ച് നല്ല മതിപ്പായിരുന്നു. 14 കർത്താവിൽ വിശ്വസിച്ച സ്ത്രീപുരുഷന്മാരുടെ എണ്ണം കൂടിക്കൂടിവന്നു.+ 15 ആളുകൾ രോഗികളെ തെരുവുകളിൽപ്പോലും കൊണ്ടുവന്ന് ചെറിയ കിടക്കകളിലും പായകളിലും കിടത്തുമായിരുന്നു. പത്രോസ് അതുവഴി പോകുമ്പോൾ പത്രോസിന്റെ നിഴൽ എങ്കിലും അവരുടെ മേൽ പതിക്കട്ടെയെന്നു കരുതിയാണ് അവർ അങ്ങനെ ചെയ്തത്.+ 16 യരുശലേമിനു ചുറ്റുമുള്ള നഗരങ്ങളിൽനിന്നും ആളുകൾ ഒരുപാടു രോഗികളെയും അശുദ്ധാത്മാക്കൾ* ബാധിച്ചവരെയും ചുമന്നുകൊണ്ടുവന്നു. അവരെല്ലാം സുഖപ്പെട്ടു.
17 എന്നാൽ അസൂയ മൂത്ത മഹാപുരോഹിതനും അദ്ദേഹത്തിന്റെ പക്ഷക്കാരായ സദൂക്യവിഭാഗവും+ 18 അപ്പോസ്തലന്മാരെ പിടിച്ച്* ജയിലിൽ അടച്ചു.+ 19 എന്നാൽ രാത്രി യഹോവയുടെ ദൂതൻ ജയിലിന്റെ വാതിൽ തുറന്ന്+ അവരെ പുറത്ത് കൊണ്ടുവന്നിട്ട് അവരോട്, 20 “നിങ്ങൾ ദേവാലയത്തിൽ ചെന്ന് ജീവന്റെ* വചനങ്ങളെല്ലാം ജനത്തെ അറിയിക്കുക” എന്നു പറഞ്ഞു. 21 ഇതു കേട്ട് അവർ അതിരാവിലെ ദേവാലയത്തിൽ ചെന്ന് പഠിപ്പിക്കാൻതുടങ്ങി.
മഹാപുരോഹിതനും കൂടെയുള്ളവരും സൻഹെദ്രിൻ സഭയെയും ഇസ്രായേൽമക്കളുടെ മൂപ്പന്മാരുടെ സംഘത്തെയും വിളിച്ചുകൂട്ടിയിട്ട് അപ്പോസ്തലന്മാരെ വിളിച്ചുകൊണ്ടുവരാൻ ജയിലിലേക്ക് ആളയച്ചു. 22 എന്നാൽ ദേവാലയത്തിലെ കാവൽഭടന്മാർ ചെന്നപ്പോൾ ജയിലിൽ അവരെ കണ്ടില്ല. അവർ മടങ്ങിവന്ന് ഇങ്ങനെ അറിയിച്ചു: 23 “ഞങ്ങൾ ചെന്നപ്പോൾ ജയിൽ ഭദ്രമായി പൂട്ടിക്കിടക്കുന്നതാണു കണ്ടത്, കാവൽഭടന്മാർ വാതിൽക്കൽ നിൽക്കുന്നുമുണ്ടായിരുന്നു. പക്ഷേ തുറന്നുനോക്കിയപ്പോൾ അകത്ത് ആരെയും കണ്ടില്ല.” 24 ദേവാലയത്തിലെ കാവൽക്കാരുടെ മേധാവിയും മുഖ്യപുരോഹിതന്മാരും ഇതു കേട്ടപ്പോൾ, ഇത് ഇനി എവിടെച്ചെന്ന് അവസാനിക്കും എന്ന് ഓർത്ത് പരിഭ്രാന്തരായി. 25 അപ്പോൾ ഒരാൾ അവിടെ എത്തി അവരോട്, “അതാ, നിങ്ങൾ ജയിലിൽ ഇട്ടിരുന്നവർ ദേവാലയത്തിൽ ആളുകളെ പഠിപ്പിക്കുന്നു” എന്ന് അറിയിച്ചു. 26 കാവൽക്കാരുടെ മേധാവി അയാളുടെ ഭടന്മാരോടൊപ്പം ചെന്ന് അവരെ കൊണ്ടുവന്നു. ജനം തങ്ങളെ കല്ലെറിയുമെന്ന ഭയം കാരണം+ ബലപ്രയോഗംകൂടാതെയാണ് അവരെ കൊണ്ടുവന്നത്.
27 അങ്ങനെ അവർ അവരെ കൊണ്ടുവന്ന് സൻഹെദ്രിന്റെ മുമ്പാകെ ഹാജരാക്കി. മഹാപുരോഹിതൻ അവരെ ചോദ്യം ചെയ്തു. 28 അദ്ദേഹം അവരോടു ചോദിച്ചു: “ഈ നാമത്തിൽ ഇനി പഠിപ്പിക്കരുതെന്നു ഞങ്ങൾ നിങ്ങളോടു കർശനമായി ആജ്ഞാപിച്ചതല്ലേ?+ എന്നിട്ടും നിങ്ങൾ യരുശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ട് നിറച്ചിരിക്കുന്നു. ആ മനുഷ്യന്റെ മരണത്തിനു* ഞങ്ങളെ ഉത്തരവാദികളാക്കാൻ നിങ്ങൾ തീരുമാനിച്ചിരിക്കുകയാണല്ലേ?”+ 29 പത്രോസും മറ്റ് അപ്പോസ്തലന്മാരും പറഞ്ഞു: “ഞങ്ങൾ മനുഷ്യരെയല്ല, ദൈവത്തെയാണ് അനുസരിക്കേണ്ടത്.*+ 30 നിങ്ങൾ സ്തംഭത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പൂർവികരുടെ ദൈവം ഉയിർപ്പിച്ചു.+ 31 ഇസ്രായേലിനു മാനസാന്തരവും പാപമോചനവും നൽകാനായി+ ദൈവം യേശുവിനെ മുഖ്യനായകനും+ രക്ഷകനും+ ആയി തന്റെ വലതുഭാഗത്തേക്ക് ഉയർത്തി.+ 32 ഈ കാര്യങ്ങൾക്കു ഞങ്ങളും, തന്നെ ഭരണാധികാരിയായി അനുസരിക്കുന്നവർക്കു ദൈവം നൽകിയ പരിശുദ്ധാത്മാവും+ സാക്ഷികളാണ്.”+
33 ഇതു കേട്ടപ്പോൾ അവർക്കു കോപം അടക്കാനായില്ല. അപ്പോസ്തലന്മാരെ കൊന്നുകളയാൻ അവർ ആഗ്രഹിച്ചു.+ 34 എന്നാൽ ഗമാലിയേൽ+ എന്നൊരു പരീശൻ സൻഹെദ്രിനിൽ എഴുന്നേറ്റുനിന്ന് അൽപ്പസമയത്തേക്ക് അപ്പോസ്തലന്മാരെ പുറത്ത് നിറുത്താൻ കല്പിച്ചു. എല്ലാവരും ആദരിച്ചിരുന്ന, നിയമം* പഠിപ്പിക്കുന്ന ഒരാളായിരുന്നു അദ്ദേഹം. 35 ഗമാലിയേൽ പറഞ്ഞു: “ഇസ്രായേൽപുരുഷന്മാരേ, നന്നായി ആലോചിച്ചിട്ടു മാത്രമേ ഇവരുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യാവൂ. 36 കുറെ നാൾ മുമ്പ് തദാസ് എന്നൊരാൾ താൻ വലിയ ആളാണെന്ന ഭാവത്തിൽ രംഗപ്രവേശം ചെയ്തു. ഏകദേശം 400 പുരുഷന്മാർ അയാളുടെ കൂട്ടത്തിൽ ചേർന്നു. എന്നാൽ അയാൾ കൊല്ലപ്പെടുകയും അയാളുടെ അനുയായികളെല്ലാം ചിതറിപ്പോകുകയും ചെയ്തു. ആ കൂട്ടമേ ഇല്ലാതായി. 37 തദാസിനു ശേഷം, ജനസംഖ്യാകണക്കെടുപ്പിന്റെ കാലത്ത് ഗലീലക്കാരനായ യൂദാസ് കുറെ ആളുകളെ വശീകരിച്ച് അയാളുടെ പക്ഷത്ത് ചേർത്തു. അയാളും നശിച്ചുപോയി. അയാളുടെ അനുയായികളെല്ലാം പലയിടങ്ങളിലേക്കു ചിതറിപ്പോകുകയും ചെയ്തു. 38 അതുകൊണ്ട് ഈ സാഹചര്യത്തിൽ ഞാൻ നിങ്ങളോടു പറയുകയാണ്: ഈ മനുഷ്യരുടെ കാര്യത്തിൽ ഇടപെടാതെ അവരെ വിട്ടേക്കുക. കാരണം ഈ ആശയവും പ്രവൃത്തിയും ഒക്കെ മനുഷ്യരിൽനിന്നുള്ളതാണെങ്കിൽ അതു താനേ പരാജയപ്പെട്ടുകൊള്ളും. 39 എന്നാൽ ദൈവത്തിൽനിന്നുള്ളതാണെങ്കിൽ നിങ്ങൾക്ക് അതു പരാജയപ്പെടുത്താനാകില്ല.+ അതു മാത്രമല്ല, നിങ്ങൾ ദൈവത്തോടു പോരാടുന്നവരാണെന്നുവരും.”+ 40 ഗമാലിയേൽ പറഞ്ഞത് അവർ അംഗീകരിച്ചു. അവർ അപ്പോസ്തലന്മാരെ വിളിച്ചുവരുത്തി അടിപ്പിച്ചിട്ട്,+ മേലാൽ യേശുവിന്റെ നാമത്തിൽ സംസാരിക്കരുതെന്ന് ആജ്ഞാപിച്ച് വിട്ടയച്ചു.
41 എന്നാൽ യേശുവിന്റെ പേരിനുവേണ്ടി അപമാനം സഹിക്കാൻ പദവി ലഭിച്ചതിൽ സന്തോഷിച്ചുകൊണ്ട്+ അവർ സൻഹെദ്രിന്റെ മുന്നിൽനിന്ന് പോയി. 42 അവർ ദിവസവും ദേവാലയത്തിലും വീടുതോറും+ ക്രിസ്തുവായ യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത നിറുത്താതെ പഠിപ്പിക്കുകയും അറിയിക്കുകയും ചെയ്തു.+