“നിങ്ങൾ നികുതികൾ അടയ്ക്കാൻ കടപ്പെട്ടിരിക്കുന്നുവെങ്കിൽ നികുതികൾ അടയ്ക്കുവിൻ”
“മരണത്തിനും നികുതികൾക്കുമൊഴികെ ഈ ലോകത്തിൽ ഒന്നിനും ഉറപ്പില്ല.” 18-ാം നൂററാണ്ടിലെ അമേരിക്കൻ രാജ്യതന്ത്രജ്ഞനും ഉപജ്ഞാതാവുമായിരുന്ന ബഞ്ചമിൻ ഫ്രാങ്ക്ളിൻ അപ്രകാരം പറയുകയുണ്ടായി. ഒട്ടു മിക്കപ്പോഴും ഉദ്ധരിക്കപ്പെടുന്ന അദ്ദേഹത്തിന്റെ വാക്കുകൾ പ്രതിഫലിപ്പിക്കുന്നത് നികുതികളുടെ അനിവാര്യതയെമാത്രമല്ല അവ ഉണർത്തുന്ന ഭീതിയെയുമാണ്. അനേകരെ സംബന്ധിച്ചിടത്തോളം നികുതികൾ കൊടുക്കുന്നത് മരിക്കുന്നതിനു തുല്യമാണ്.
നികുതികൾ കൊടുക്കുക എന്നത് അഹിതകരമെങ്കിലും യഥാർഥ ക്രിസ്ത്യാനികൾ സഗൗരവം പരിഗണിക്കുന്ന ഒരു കടമയാണിത്. റോമിലെ ക്രിസ്തീയ സഭയ്ക്ക് അപ്പോസ്തലനായ പൗലോസ് എഴുതി: “ഓരോ മനുഷ്യനും നിങ്ങൾ അയാൾക്കു കടപ്പെട്ടിരിക്കുന്നതു കൊടുക്കുവിൻ: നിങ്ങൾ നികുതികൾ അടയ്ക്കാൻ കടപ്പെട്ടിരിക്കുന്നുവെങ്കിൽ നികുതികൾ അടയ്ക്കുവിൻ; ചുങ്കമെങ്കിൽ ചുങ്കം; ആദരവെങ്കിൽ ആദരവ്; ബഹുമാനമെങ്കിൽ ബഹുമാനം.” (റോമർ 13:7, ന്യൂ ഇൻറർനാഷണൽ വേർഷൻ) കൂടാതെ, യേശുക്രിസ്തു പ്രത്യേകിച്ചും നികുതികളെ ഉദ്ദേശിച്ചാണ് “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ” എന്നു പറഞ്ഞത്.—മർക്കൊസ് 12:14, 17.
“ശ്രേഷ്ഠാധികാരങ്ങളെ” അസ്തിത്വത്തിലിരിക്കാൻ യഹോവ അനുവദിച്ചിരിക്കുന്നു. തൻമൂലം, അവർക്ക് ആപേക്ഷികമായി കീഴ്പെടാൻ ദൈവം തന്റെ ദാസരോട് ആവശ്യപ്പെടുന്നു. എന്നാൽ, തന്റെ ആരാധകർ നികുതികൾ കൊടുക്കണമെന്ന കാര്യത്തിൽ ദൈവം എന്തുകൊണ്ടാണു നിർബന്ധം ചെലുത്തുന്നത്? പൗലോസ് മൂന്ന് അടിസ്ഥാന കാരണങ്ങൾ സൂചിപ്പിക്കുന്നു: (1) നിയമലംഘകരെ ശിക്ഷിക്കുന്നതിൽ ‘ശ്രേഷ്ഠാധികാരിക’ളുടെ ‘ക്രോധം’; (2) നികുതികൾ വെട്ടിക്കുന്നപക്ഷം, ഒരു ക്രിസ്ത്യാനിയുടെ അശുദ്ധമായിത്തീരുന്ന മനസ്സാക്ഷി; (3) പലവിധ സേവനങ്ങളും ഒരു പരിധിവരെ ക്രമസമാധാനനിലയും പ്രദാനംചെയ്യുന്ന ഈ “പൊതുജനസേവകർ”ക്ക് അതിന്റെ തുക കൊടുക്കേണ്ടതിന്റെ ആവശ്യം. (റോമർ 13:1-7, NW) നികുതി കൊടുക്കാൻ അനേകർക്കും ഇഷ്ടമില്ലായിരിക്കാം. എന്നാൽ, പൊലീസ് സംരക്ഷണമോ അഗ്നിശമന സംരക്ഷണമോ റോഡ് പരിപാലനമോ പൊതുജന സ്കൂളുകളോ തപാൽവകുപ്പോ ഇല്ലാത്ത ഒരു ദേശത്തു താമസിക്കുന്നത് അവർക്ക് അതിനെക്കാൾ ഇഷ്ടമില്ലാത്ത കാര്യമാണ്. അമേരിക്കൻ അഭിഭാഷകനായ ഒലിവർ വെൻഡൽ ഹോംമ്സ് ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “സംസ്കാരസമ്പന്നമായ സമുദായത്തിനു നാം നൽകുന്നതെന്തോ അതാണു നികുതി.”
നികുതി കൊടുക്കുക എന്നത് ദൈവത്തിന്റെ സേവകരെ സംബന്ധിച്ചിടത്തോളം പുത്തരിയല്ല. പുരാതന ഇസ്രായേലിലെ നിവാസികൾ തങ്ങളുടെ രാജാവിനെ പിന്തുണയ്ക്കുന്നതിന് ഒരു തരത്തിലുള്ള നികുതി കൊടുത്തിരുന്നു. അവരിൽ ചില ഭരണാധിപൻമാർ അന്യായമായ നികുതി ചുമത്തലിലൂടെ ആളുകളുടെമേൽ അമിതഭാരംവെച്ചു. തങ്ങളുടെമേൽ ആധിപത്യം പുലർത്തിയ ഈജിപ്ത്, പേർഷ്യ, റോം തുടങ്ങിയ വിദേശ ശക്തികൾക്കും യഹൂദൻമാർ കപ്പങ്ങളും നികുതികളും കൊടുത്തു. അതുകൊണ്ട് പൗലോസ് നികുതികളെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം എന്തിനെക്കുറിച്ചാണു പറയുന്നതെന്ന് അദ്ദേഹത്തിന്റെ നാളിലെ ക്രിസ്ത്യാനികൾക്കു നന്നായറിയാമായിരുന്നു. നികുതികൾ ന്യായയുക്തമായിരുന്നാലും അല്ലെങ്കിലും, ഗവൺമെൻറ് ഈ പണം എങ്ങനെ ചെലവഴിക്കും എന്നതു കണക്കാക്കാതെ തങ്ങൾ കടപ്പെട്ടിരുന്ന നികുതി കൊടുക്കണമെന്ന് അവർക്കറിയാമായിരുന്നു. അത് ഇന്നും ക്രിസ്ത്യാനികൾക്ക് ബാധകമാണ്. എന്നിരുന്നാലും, ഈ സങ്കീർണ കാലങ്ങളിൽ നികുതികൾ നൽകുന്നതിന് ഏതു തത്ത്വങ്ങൾ നമുക്കു മാർഗനിർദേശം നൽകും?
അഞ്ചു മാർഗദർശക തത്ത്വങ്ങൾ
ക്രമമുള്ളവർ ആയിരിക്കുക. നാം സേവിക്കുകയും അനുകരിക്കുകയും ചെയ്യുന്നത് “കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവ”മായ യഹോവയെ ആണ്. (1 കൊരിന്ത്യർ 14:33; എഫെസ്യർ 5:1) നികുതികൾ കൊടുക്കുന്നതിനോടുള്ള ബന്ധത്തിൽ ക്രമമുള്ളവർ ആയിരിക്കുക എന്നത് നിർണായക കാര്യമാണ്. നിങ്ങളുടെ രേഖകളെല്ലാം പൂർണവും കൃത്യവും അടുക്കുംചിട്ടയുമുള്ളവയും ആണോ? സാധാരണഗതിയിൽ ചെലവുകൂടിയ ഫയലിങ് സമ്പ്രദായത്തിന്റെ ആവശ്യമില്ല. ഓരോ വിധത്തിലുമുള്ള രേഖയ്ക്കുംവേണ്ടി (രസീതുകൾ പോലെ) ലേബലൊട്ടിച്ച ഒരു ഫോൾഡർ മതിയാകും. അതിൽ നിങ്ങളുടെ വ്യത്യസ്ത ചെലവുകൾ തരംതിരിച്ചു സൂചിപ്പിക്കാവുന്നതാണ്. ഓരോ വർഷത്തേക്കുമുള്ള ഇവയെ ഒരു വലിയ ഫോൾഡറിൽ സമാഹരിച്ചാൽ മതിയാകും. അനേക രാജ്യങ്ങളിലും കഴിഞ്ഞകാല രേഖകളെല്ലാം ഗവൺമെൻറ് പരിശോധിച്ചേക്കാമെന്നതുകൊണ്ട് അത്തരം ഫയലുകൾ വർഷങ്ങളോളം സൂക്ഷിക്കേണ്ടത് അത്യാവശ്യമായി വരുന്നു. അതുകൊണ്ട്, വീണ്ടും ആവശ്യമില്ലെന്ന് ഉറപ്പാകുന്നതുവരെ ഒന്നും എറിഞ്ഞുകളയരുത്.
സത്യസന്ധർ ആയിരിക്കുക. പൗലോസ് ഇങ്ങനെ എഴുതി: “ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിപ്പിൻ. സകലത്തിലും നല്ലവരായി നടപ്പാൻ ഇച്ഛിക്കകൊണ്ടു ഞങ്ങൾക്കു നല്ല [“സത്യസന്ധമായ,” NW] മനസ്സാക്ഷി ഉണ്ടെന്നു ഞങ്ങൾ ഉറച്ചിരിക്കുന്നു.” (എബ്രായർ 13:18) സത്യസന്ധരായിരിക്കുക എന്ന ഹൃദയംഗമമായ ആഗ്രഹം നികുതികൾ കൊടുക്കുമ്പോൾ നാം എടുക്കുന്ന തീരുമാനങ്ങളെയെല്ലാം നയിക്കേണ്ടതുണ്ട്. ഗവൺമെൻറിനെ അറിയിക്കേണ്ട ആദായത്തിൻമേൽ കൊടുക്കേണ്ട നികുതിയെപ്പററി ആദ്യം ചിന്തിക്കാം. അനേക നാടുകളിലും കൂടുതലായ വരുമാനം—ടിപ്പുകൾ, ചില്ലറപ്പണികൾ, വില്പനകൾ എന്നിവയിലൂടെ ലഭിക്കുന്ന വരുമാനം—നിശ്ചിത തുകയ്ക്കു മീതെയാകുന്ന ഉടനെ അതു നികുതിചുമത്തലിനു വിധേയമാണ്. “സത്യസന്ധമായ മനസ്സാക്ഷി” ഉള്ള ഒരു ക്രിസ്ത്യാനി താൻ താമസിക്കുന്നിടത്തു നികുതി കൊടുക്കേണ്ട വരുമാനമെന്താണെന്നു കണ്ടെത്തുകയും ഉചിതമായ നികുതി കൊടുക്കുകയും ചെയ്യും.
ഇളവു ചെയ്യലാണു രണ്ടാമത്തേത്. നികുതിദായകരുടെ ആദായ നികുതിയിൽ ഗവൺമെൻറുകൾ പൊതുവേ ഇളവ് അനുവദിക്കാറുണ്ട്. അത്തരം ഇളവിനുവേണ്ടി അവകാശമുന്നയിക്കുമ്പോൾ “കൃത്രിമത്വംകാണിക്കുന്ന”തിൽ എന്തെങ്കിലും തെററുള്ളതായി സത്യസന്ധതയില്ലാത്ത ഈ ലോകത്ത് അനേകരും കരുതുന്നില്ല. ഐക്യനാടുകളിൽ ഒരു വ്യക്തി ഭാര്യയ്ക്കുവേണ്ടി രോമംകൊണ്ടുള്ള വിലകൂടിയ ഒരു കോട്ടു വാങ്ങി കച്ചവടസ്ഥലത്ത് ഒരു ദിവസത്തേക്കു തൂക്കിയിട്ടു. ജോലിസ്ഥലത്തെ “അലങ്കാരവസ്തുവെന്നു” പറഞ്ഞ് അതിൻമേൽ ഇളവു വാങ്ങാൻവേണ്ടിയാണ് അയാൾ അങ്ങനെ ചെയ്തത്! മറെറാരു മനുഷ്യൻ മകളുടെ വിവാഹച്ചെലവ് കച്ചവടക്കിഴിവാണെന്ന് അവകാശപ്പെട്ടു. വേറൊരാൾ തന്നോടൊപ്പം 4 മാസം ഭാര്യയും പൂർവേഷ്യയിൽ യാത്രചെയ്തുവെന്ന് അവകാശപ്പെട്ടുകൊണ്ടു തുകയിൽ ഇളവു വരുത്താൻ ശ്രമിച്ചു. വാസ്തവത്തിൽ ഭാര്യ അവിടെയുണ്ടായിരുന്നതു മുഖ്യമായും സാമുദായികവും വിനോദപരവുമായ ഉദ്ദേശ്യത്തിലായിരുന്നു. ഇത്തരം കേസുകൾക്ക് ഒരന്തവുമില്ലാത്തപോലെ തോന്നുന്നു. ലളിതമായിപ്പറഞ്ഞാൽ, വാണിജ്യക്കിഴിവിൽപ്പെടാത്ത എന്തിനെയെങ്കിലും അങ്ങനെ വിളിക്കുന്നത് ഒരുവിധത്തിൽപ്പറഞ്ഞാൽ നുണയാണ്. നമ്മുടെ ദൈവമായ യഹോവ അത്യന്തം വെറുക്കുന്ന ഒന്നാണത്.—സദൃശവാക്യങ്ങൾ 6:16-19.
ജാഗ്രതയുള്ളവർ ആയിരിക്കുക. “പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരി”ക്കാൻ യേശു തന്റെ ശിഷ്യൻമാരെ പ്രേരിപ്പിച്ചു. (മത്തായി 10:16) ആ ഉപദേശം നാം നികുതി കൊടുക്കുന്ന കാര്യത്തിൽ തികച്ചും ബാധകമായേക്കാവുന്നതാണ്, വികസിത രാജ്യങ്ങളിൽ പ്രത്യേകിച്ചും. ഇപ്പോൾ കൂടുതൽ ആളുകൾ തങ്ങൾ എത്രത്തോളം നികുതി കൊടുക്കണമെന്നു കണക്കുകൂട്ടുന്നതിന് കണക്കുകൾ ശരിയാക്കുന്ന കമ്പനികളെയോ വിദഗ്ധരെയോ ആശ്രയിക്കുകയാണ്. പിന്നീട്, അവർ ഫാറത്തിൽ വെറുതെ ഒപ്പിട്ട് ചെക്ക് അയക്കുന്നു. ഈ സന്ദർഭം സദൃശവാക്യങ്ങൾ 14:15-ൽ നൽകിയിരിക്കുന്ന മുന്നറിയിപ്പു പാലിക്കുന്നതിന് ഉചിതമായ സമയമാണ്: “അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.”
മനസ്സാക്ഷിക്കുത്തില്ലാത്ത കണക്കെഴുത്തുകാരനോ നികുതി തയ്യാറാക്കുന്ന അനുഭവപരിചയം കുറവുള്ളയാളോ പറയുന്ന ‘ഏതു വാക്കിലും’ വിശ്വസിക്കുന്നതുകൊണ്ട് ഏതാനും പേരൊന്നുമല്ല ഗവൺമെൻറുമായുള്ള പ്രശ്നത്തിൽ അകപ്പെട്ടിട്ടുള്ളത്. സൂക്ഷ്മ ബുദ്ധിയുള്ളവരായിരിക്കുന്നത് എത്രയോ മെച്ചമാണ്! നിങ്ങൾ ഒപ്പിടുന്നതിനുമുമ്പ് ഏതു പ്രമാണവും സസൂക്ഷ്മം വായിച്ചുകൊണ്ട് ജാഗ്രത കാട്ടുക. കൂടുതലായി ചേർത്തിരിക്കുന്നതോ തള്ളിക്കളഞ്ഞിരിക്കുന്നതോ ഇളവു വരുത്തിയിരിക്കുന്നതോ ആയ ചില കാര്യങ്ങൾ പന്തിയല്ലെന്നു നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ അത് സത്യസന്ധവും നിയമപരവുമാണെന്നു നിങ്ങൾക്കു പൂർണ സംതൃപ്തി ഉണ്ടാകുന്നതുവരെ വിശദീകരിക്കാൻ—ആവശ്യമെന്നു തോന്നിയാൽ പലവട്ടം വിശദീകരിക്കാൻ—ആവശ്യപ്പെടുക. പല നാടുകളിലും നികുതി നിയമങ്ങൾ സങ്കീർണമായിത്തീർന്നിരിക്കുന്നുവെന്നതു സമ്മതിക്കുന്നു. എങ്കിലും, സാധ്യമാകുന്നിടത്തോളം നിങ്ങൾ ഒപ്പിടുന്ന എന്തും മനസ്സിലാക്കുക എന്നത് ബുദ്ധിയാണ്. നികുതിയെപ്പററി വിവരമുള്ള ഒരു സഹക്രിസ്ത്യാനിക്ക് ചില സന്ദർഭങ്ങളിൽ നിങ്ങൾക്ക് ഉൾക്കാഴ്ച നൽകാൻ കഴിയുമെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. ഒരു വക്കീൽ എന്നനിലയിൽ നികുതികാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു ക്രിസ്തീയ മൂപ്പൻ സംക്ഷിപ്തമായി ഇങ്ങനെ പറഞ്ഞു: “സത്യമായിരിക്കാൻ ഒട്ടും സാധ്യതയില്ലാത്ത ഒരു സംഗതി നിങ്ങളുടെ കണക്കെഴുത്തുകാരൻ നിർദേശിക്കുന്നുവെങ്കിൽ ഒരുപക്ഷേ അത് സത്യസന്ധമായിരിക്കുകയില്ല!”
ഉത്തരവാദിത്വമുള്ളവർ ആയിരിക്കുക. “ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ” എന്ന് അപ്പോസ്തലനായ പൗലോസ് എഴുതി. (ഗലാത്യർ 6:5) നികുതി അടയ്ക്കുന്നതിനോടുള്ള ബന്ധത്തിൽ ഓരോ ക്രിസ്ത്യാനിയും സത്യസന്ധനും നിയമം പാലിക്കുന്നവനും ആയിരിക്കുന്നതിനുള്ള ഉത്തരവാദിത്വം വഹിക്കണം. ഇത് സഭയിലെ മൂപ്പൻമാർ തങ്ങളുടെ സംരക്ഷണത്തിൻകീഴിലുള്ള ആടുകളെ മേൽനോട്ടം വഹിക്കുന്നതിൽ ഉൾപ്പെടുന്ന ഒരു സംഗതിയല്ല. (താരതമ്യം ചെയ്യുക: 2 കൊരിന്ത്യർ 1:24.) സമുദായത്തിൽ അപവാദം ഇളക്കിവിടുന്നപോലുള്ള എന്തെങ്കിലും ഗുരുതരമായ ദുഷ്പ്രവൃത്തി അവരുടെ ശ്രദ്ധയിൽ പെടുന്നതുവരെ അവർ നികുതി കാര്യങ്ങളിൽ ഇടപെടുകയില്ല. പൊതുവേ പറഞ്ഞാൽ, തിരുവെഴുത്തു തത്ത്വങ്ങൾ ബാധകമാക്കുന്നതിന് ശരിയായി പരിശീലിപ്പിക്കപ്പെട്ട മനസ്സാക്ഷി ഉപയോഗിക്കുന്നതിന് ക്രിസ്ത്യാനി വ്യക്തിഗതമായി ഉത്തരവാദിത്വം വഹിക്കുന്ന ഒരു മേഖലയാണിത്. (എബ്രായർ 5:14) നികുതി രേഖയിൽ ഒപ്പിടുന്നത്—അത് ആരു തയ്യാറാക്കിയതായാലും ശരി—നിങ്ങൾ പ്രമാണം വായിച്ചുവെന്നും അതിൽ അടങ്ങിയിരിക്കുന്നതു സത്യമാണെന്നു വിശ്വസിക്കുന്നുവെന്നുമുള്ളതിന്റെ നിയമപരമായ പ്രസ്താവനയാക്കിത്തീർക്കുമെന്ന് അറിയുന്നതും ഇതിൽ ഉൾപ്പെടുന്നു.a
അനിന്ദ്യർ ആയിരിക്കുക. അനിന്ദ്യർ ആയിരുന്നാലേ ക്രിസ്തീയ മേൽവിചാരകൻമാർക്ക് ആ സ്ഥാനം വഹിക്കുന്നതിനുള്ള യോഗ്യത നേടാൻ കഴിയൂ. സമാനമായി, മുഴു സഭയും ദൈവദൃഷ്ടിയിൽ അനിന്ദ്യരായിരിക്കണം. (1 തിമൊഥെയൊസ് 3:2; താരതമ്യം ചെയ്യുക: എഫെസ്യർ 5:27.) തൻമൂലം നികുതികൊടുക്കുന്ന കാര്യത്തിൽപ്പോലും സമുദായത്തിൽ സൽപ്പേരു നിലനിർത്താൻ അവർ ശ്രമിക്കുന്നു. ഇക്കാര്യത്തിൽ യേശുക്രിസ്തുതന്നെ മാതൃകവെച്ചു. മന്ദിരത്തിന്റെ നികുതി, നിസ്സാരമായ രണ്ടു ദ്രഹ്മപ്പണം, യേശു കൊടുത്തോയെന്ന് അവന്റെ ശിഷ്യനായ പത്രോസിനോട് ചോദിക്കുകയുണ്ടായി. വാസ്തവത്തിൽ, മന്ദിരം തന്റെ പിതാവിന്റെ ഭവനമായിരുന്നതിനാലും ഒരു രാജാവും സ്വന്തം പുത്രന്റെമേൽ നികുതി ചുമത്തുകയില്ലായിരുന്നതിനാലും യേശു ഈ നികുതിയിൽനിന്ന് ഒഴിവുള്ളവനായിരുന്നു. യേശു അങ്ങനെ അർഥമാക്കിയെങ്കിലും അവൻ നികുതി കൊടുക്കുകതന്നെ ചെയ്തു. വാസ്തവത്തിൽ, അതിന് ആവശ്യമായിരുന്ന പണത്തിനുവേണ്ടി അവൻ ഒരു അത്ഭുതം പ്രവർത്തിക്കുകപോലും ചെയ്യുകയുണ്ടായി! നികുതി കൊടുക്കുന്നതിൽനിന്ന് ഒരുപക്ഷേ ഒഴിവുള്ളവനായിരുന്ന അവൻ എന്തുകൊണ്ട് അങ്ങനെ ചെയ്യണം? യേശു പറഞ്ഞപ്രകാരം അത് “അവർക്കു ഇടർച്ച വരുത്താതിരിക്കേണ്ടതി”ന് ആയിരുന്നു.—മത്തായി 17:24-27.b
ദൈവത്തിനു ബഹുമാനം കൈവരുത്തുന്ന സൽപ്പേരു നിലനിർത്തുക
മററുള്ളവർക്കു തങ്ങൾ ഇടർച്ചവരുത്തരുതെന്ന കാര്യത്തിൽ ഇന്ന് യഹോവയുടെ സാക്ഷികൾ അതേപോലെതന്നെ ചിന്തയുള്ളവരാണ്. വിശ്വസ്തരും നികുതി കൊടുക്കുന്ന പൗരൻമാരുമെന്ന നിലയിൽ യഹോവയുടെ സാക്ഷികൾ മൊത്തത്തിൽ ലോകമെമ്പാടും സൽപ്പേര് നിലനിർത്തുന്നുവെന്നതിൽ അതിശയിക്കാനൊന്നുമില്ല. ദൃഷ്ടാന്തത്തിന്, സ്പാനിഷ് പത്രമായ എൽ ഡിയാറിയോ വാസ്കോ സ്പെയിനിൽ വിപുലവ്യാപകമായിരുന്ന നികുതിവെട്ടിപ്പിനെക്കുറിച്ച് അഭിപ്രായം പറഞ്ഞു. എന്നാൽ അത് ഇങ്ങനെ സൂചിപ്പിക്കുകയുണ്ടായി: “യഹോവയുടെ സാക്ഷികൾ മാത്രമാണ് ഇതിൽനിന്ന് ഒഴിവുള്ളവർ. അവർ [സ്ഥലം] വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ അതിന്റെ വില കാണിച്ചുകൊണ്ട് അവർ ഉണ്ടാക്കുന്ന രേഖ തികച്ചും സത്യമാണ്.” സമാനമായി, ഏതാനും വർഷത്തിനുമുമ്പ് യു.എസ്. പത്രമായ സാൻഫ്രാൻസിസ്കോ എക്സാമിനർ ഇങ്ങനെ അഭിപ്രായപ്പെട്ടു: “നിങ്ങൾ [യഹോവയുടെ സാക്ഷികളെ] മാതൃകാ പൗരൻമാരായി കരുതിയെന്നുവരാം. അവർ കൃത്യമായി നികുതി കൊടുക്കുകയും രോഗികളെ പരിപാലിക്കുകയും നിരക്ഷരത നിർമാർജനം ചെയ്യാൻ കഠിനശ്രമം ചെലുത്തുകയും ചെയ്യുന്നു.”
കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത ഈ സൽപ്പേരിനു കളങ്കം ചാർത്താനിടയുള്ള എന്തെങ്കിലും ചെയ്യാൻ ഒരു സത്യക്രിസ്ത്യാനിയും ആഗ്രഹിക്കുകയില്ല. ഒരു തീരുമാനമെടുക്കേണ്ടതായി വരുന്നെങ്കിൽ കുറച്ചു പണം സമ്പാദിക്കാൻ കഴിയുന്നപക്ഷം ഒരു നികുതിവെട്ടിപ്പുകാരൻ എന്നറിയപ്പെട്ടാലും വേണ്ടില്ല എന്നു നിങ്ങൾ കരുതുമോ? ഇല്ല. നിങ്ങളുടെ സൽപ്പേരിനു കളങ്കം ചാർത്തിക്കൊണ്ട് നിങ്ങളുടെ യഥാർഥ വില കളഞ്ഞുകുളിക്കാനും യഹോവയുടെ ആരാധന മോശമായി വീക്ഷിക്കപ്പെടാനും ഇടവരുത്തുന്നതിനു പകരം നിങ്ങൾ പണം നഷ്ടപ്പെടാൻ അനുവദിക്കും എന്നതു തീർച്ചയാണ്.
വാസ്തവത്തിൽ നീതിയും വിശ്വസ്തതയുമുള്ള ഒരു വ്യക്തിയെന്ന സൽപ്പേരു നിലനിർത്തുന്നതിനു നിങ്ങൾക്കു ചിലപ്പോഴൊക്കെ പണം നഷ്ടപ്പെടുത്തേണ്ടി വന്നേക്കാം. ഏതാണ്ട് 24 നൂററാണ്ടുകൾക്കുമുമ്പ് ഗ്രീക്കു തത്ത്വചിന്തകനായ പ്ലേറേറാ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഒരേ ആദായത്തിൻമേൽ ആദായനികുതി കൊടുക്കേണ്ടിവരുമ്പോൾ നീതിമാൻ കൂടുതലും നീതികെട്ടവൻ കുറവും കൊടുക്കും.” നീതിമാനായിരിക്കുന്നതിന് പണം മുടക്കേണ്ടിവരുന്നതിൽ നീതിമാൻ ഖേദിക്കുന്നില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തിരുന്നെങ്കിൽ കൊള്ളായിരുന്നു. അത്തരം സൽപ്പേര് ഉണ്ടായിരിക്കുന്നതുപോലും മുടക്കിനുതക്ക മൂല്യമുള്ളതാണ്. ക്രിസ്ത്യാനികളുടെ കാര്യത്തിൽ ഇത് തികച്ചും സത്യമാണ്. അവരുടെ സൽപ്പേര് അവർക്കു വിലയേറിയതാണ് കാരണം അത് അവരുടെ സ്വർഗീയ പിതാവിനെ മഹത്ത്വപ്പെടുത്തുന്നു. കൂടാതെ അവരുടെ ജീവിതരീതിയിലേക്കും അവരുടെ ദൈവമായ യഹോവയിലേക്കും മററുള്ളവരെ ആകർഷിക്കാൻ അതു സഹായമേകുകയും ചെയ്യും.—സദൃശവാക്യങ്ങൾ 11:30; 1 പത്രൊസ് 3:1.
എല്ലാററിനുമുപരി, സത്യക്രിസ്ത്യാനികൾ യഹോവയുമായുള്ള തങ്ങളുടെ ബന്ധത്തിനു വിലകൽപ്പിക്കുന്നു. അവർ ചെയ്യുന്നതെല്ലാം ദൈവം കാണുന്നു. അവനെ സന്തോഷിപ്പിക്കാൻ അവർ ആഗ്രഹിക്കുകയും ചെയ്യുന്നു. (എബ്രായർ 4:13) അതുകൊണ്ട് ഗവൺമെൻറിനെ വഞ്ചിക്കുന്നതിനുള്ള പ്രലോഭനത്തെ അവർ തള്ളിക്കളയുന്നു. ദൈവം വിശ്വസ്തമായ, നീതിനിഷ്ഠമായ നടത്തയിൽ പ്രസാദിക്കുന്നുവെന്ന് അവർ തിരിച്ചറിയുന്നു. (സങ്കീർത്തനം 15:1-3) കൂടാതെ, അവർ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ട് തങ്ങൾക്കു ബാധ്യതയുള്ള എല്ലാ നികുതികളും അവർ അടയ്ക്കുന്നു.—സദൃശവാക്യങ്ങൾ 27:11; റോമർ 13:7.
[അടിക്കുറിപ്പുകൾ]
a ഇത് അവിശ്വാസിയായ ഇണയോടു ചേർന്നു കൂട്ടുനികുതി കൊടുക്കുന്ന ക്രിസ്ത്യാനിക്ക് ഒരു വെല്ലുവിളിയായേക്കാം. ശിരഃസ്ഥാന തത്ത്വത്തോടും നികുതി സംബന്ധിച്ചുള്ള കൈസറിന്റെ നിയമത്തോടും സന്തുലിത മനോഭാവം പുലർത്തുന്നതിന് ക്രിസ്തീയ ഭാര്യ മനഃപൂർവ ശ്രമം നടത്തേണ്ടതുണ്ട്. തെററായ ഒരു പ്രമാണത്തിൽ അറിഞ്ഞുകൊണ്ട് ഒപ്പിടുന്നതുകൊണ്ടുണ്ടാകുന്ന നിയമപരമായ പരിണതഫലങ്ങളെക്കുറിച്ച് അവൾ ശരിക്കും അറിവുള്ളവളായിരിക്കണം.—താരതമ്യം ചെയ്യുക: റോമർ 13:1; 1 കൊരിന്ത്യർ 11:3.
b രസകരമെന്നുപറയട്ടെ, യേശുവിന്റെ ഭൗമിക ജീവിതത്തിലുണ്ടായ ഈ സംഭവം മത്തായിയുടെ സുവിശേഷത്തിൽ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ഒരു മുൻ നികുതി പിരിവുകാരൻ എന്നനിലയിൽ മത്തായിക്ക് യേശു ഇക്കാര്യത്തിൽ കാട്ടിയ മനോഭാവത്തിൽ മതിപ്പുളവായി എന്നതിൽ സംശയമില്ല.