പാഠം 52
നമ്മുടെ വസ്ത്രധാരണവും ചമയവും ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?
വസ്ത്രം ധരിക്കുന്ന കാര്യത്തിലും ഒരുങ്ങുന്ന കാര്യത്തിലും നമുക്ക് എല്ലാവർക്കും നമ്മുടേതായ ഇഷ്ടങ്ങളുണ്ട്. അത്തരം ഇഷ്ടാനിഷ്ടങ്ങളെല്ലാം മാറ്റിവെക്കാതെതന്നെ യഹോവയെ സന്തോഷിപ്പിക്കുന്ന തീരുമാനങ്ങളെടുക്കാനാകും. അതിനു ലളിതമായ ചില ബൈബിൾതത്ത്വങ്ങൾ അനുസരിച്ചാൽ മാത്രം മതി. അതിൽ ചിലതു നമുക്കു നോക്കാം.
1. വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിൽ നമ്മളെ സഹായിക്കുന്ന ബൈബിൾതത്ത്വങ്ങൾ എന്തൊക്കെയാണ്?
നമ്മൾ ‘മാന്യമായി, സുബോധത്തോടെ, അന്തസ്സുള്ള വസ്ത്രം ധരിക്കണം.’ കൂടാതെ നമ്മുടെ ചമയം അഥവാ ഒരുക്കം ‘ദൈവഭക്തനായ’ ഒരു വ്യക്തിക്കു യോജിച്ച വിധത്തിലുള്ളതായിരിക്കണം. (1 തിമൊഥെയൊസ് 2:9, 10) ഇനി പറയുന്ന നാലു തത്ത്വങ്ങളെക്കുറിച്ച് ചിന്തിക്കുക: (1) നമ്മുടെ വസ്ത്രധാരണം ‘മാന്യമായിരിക്കണം.’ സഭയിൽ മീറ്റിങ്ങുകൾക്കു വന്നപ്പോൾ നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകും. ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങൾ പലതാണെങ്കിലും എല്ലാവരും വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും കേശാലങ്കാരത്തിന്റെയും കാര്യത്തിൽ ദൈവത്തിന് ആദരവും ബഹുമാനവും കൊടുക്കുന്നവരാണ്. (2) ‘സുബോധത്തോടെയുള്ള’ വസ്ത്രധാരണം. അതിന്റെ അർഥം വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിൽ ഇന്നു ലോകത്ത് പുറത്തിറങ്ങുന്ന ഓരോ ഫാഷന്റെയും പുറകേ നമ്മൾ പോകില്ല എന്നാണ്. (3) “അന്തസ്സുള്ള” വസ്ത്രധാരണം. എന്നു പറഞ്ഞാൽ, ലൈംഗികമോഹങ്ങൾ ഉണർത്തുന്ന വിധത്തിലുള്ളതോ നമ്മളിലേക്കു വളരെയധികം ശ്രദ്ധ ആകർഷിക്കുന്ന വിധത്തിലുള്ളതോ ആയ വസ്ത്രധാരണം നമ്മൾ ഒഴിവാക്കും. (4) നമ്മുടെ ചമയവും ഒരുക്കവും എല്ലാം ‘ദൈവഭക്തനായ’ ഒരു വ്യക്തിക്കു യോജിച്ച വിധത്തിലുള്ളതായിരിക്കണം. അപ്പോൾ നമ്മൾ സത്യദൈവത്തെ ആരാധിക്കുന്നവരാണെന്നു മറ്റുള്ളവർക്കു വ്യക്തമാകും.—1 കൊരിന്ത്യർ 10:31.
2. നമ്മുടെ വസ്ത്രധാരണം സഹാരാധകരെ ഏതെങ്കിലും വിധത്തിൽ ബാധിക്കുമോ?
ഏതു വസ്ത്രം ധരിക്കണം എന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെങ്കിലും മറ്റുള്ളവരെ അത് എങ്ങനെ ബാധിക്കും എന്നുകൂടി നമ്മൾ ചിന്തിക്കേണ്ടതുണ്ട്. അവർക്ക് ഒരുതരത്തിലും അസ്വസ്ഥത ഉണ്ടാക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. പകരം, നമ്മുടെ ‘അയൽക്കാരനെ പ്രീതിപ്പെടുത്താനും ബലപ്പെടുത്താനും’ ആയിരിക്കും നമ്മൾ നോക്കുക.—റോമർ 15:1, 2 വായിക്കുക.
3. നമ്മുടെ വസ്ത്രധാരണവും ചമയവും സത്യാരാധനയിലേക്ക് ആളുകളെ ആകർഷിക്കുന്നത് എങ്ങനെ?
നമ്മൾ എപ്പോഴും നല്ല വസ്ത്രം ധരിക്കാൻ ശ്രമിക്കുന്നവരാണെങ്കിലും യോഗങ്ങൾക്കും ശുശ്രൂഷയ്ക്കും പോകുമ്പോൾ അക്കാര്യം പ്രത്യേകം ശ്രദ്ധിക്കും. കാരണം, നമ്മൾ അറിയിക്കുന്ന പ്രധാനപ്പെട്ട സന്ദേശത്തെ ആളുകൾ വിലകുറച്ചുകാണാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. മറിച്ച് നമ്മുടെ വസ്ത്രധാരണവും ചമയവും ‘ദൈവത്തിന്റെ പഠിപ്പിക്കലിന് ഒരു അലങ്കാരമാകാനാണ്’ നമ്മൾ ആഗ്രഹിക്കുന്നത്. അപ്പോൾ നമ്മൾ അറിയിക്കുന്ന സന്ദേശത്തോട് ആളുകൾക്ക് താത്പര്യം തോന്നിയേക്കാം.—തീത്തോസ് 2:10.
ആഴത്തിൽ പഠിക്കാൻ
നമ്മുടെ വസ്ത്രധാരണവും ചമയവും ക്രിസ്ത്യാനികൾക്കു യോജിച്ച വിധത്തിലുള്ളതാണെന്നു നമുക്ക് എങ്ങനെ ഉറപ്പാക്കാം?
4. നമ്മുടെ മാന്യമായ വസ്ത്രധാരണവും ചമയവും യഹോവയ്ക്ക് ആദരവ് കൊടുക്കുന്നു
വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിൽ നമ്മൾ നല്ല ശ്രദ്ധകൊടുക്കണമെന്നു പറയുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്താണ്? സങ്കീർത്തനം 47:2 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
നമ്മുടെ വസ്ത്രധാരണം യഹോവയുടെ പേരിനെ ബാധിച്ചേക്കാമെന്ന കാര്യം ഓർക്കേണ്ടത് എന്തുകൊണ്ട്?
മീറ്റിങ്ങിനും ശുശ്രൂഷയ്ക്കും പോകുമ്പോൾ വസ്ത്രധാരണത്തെക്കുറിച്ചും ചമയത്തെക്കുറിച്ചും ചിന്തിക്കേണ്ടതു പ്രധാനമാണോ, എന്തുകൊണ്ട്?
5. വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിൽ എങ്ങനെ നല്ല തീരുമാനങ്ങളെടുക്കാം?
നമ്മുടെ വസ്ത്രം വിലയേറിയതാണെങ്കിലും അല്ലെങ്കിലും അത് വൃത്തിയുള്ളതും സന്ദർഭത്തിനു യോജിക്കുന്നതും ആയിരിക്കണം. 1 കൊരിന്ത്യർ 10:24; 1 തിമൊഥെയൊസ് 2:9, 10 എന്നീ വാക്യങ്ങൾ വായിക്കുക. അതിനു ശേഷം താഴെ പറയുന്ന വിധത്തിലുള്ള വസ്ത്രധാരണരീതി നമ്മൾ ഒഴിവാക്കേണ്ടത് എന്തുകൊണ്ടാണെന്നു ചർച്ച ചെയ്യുക.
വൃത്തിയില്ലാത്തതോ സന്ദർഭത്തിനു ചേരാത്തതോ ആയ അശ്രദ്ധമായ വസ്ത്രധാരണം.
ഇറുകിപ്പിടിച്ചതോ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്നതോ മറ്റുള്ളവരിൽ ലൈംഗികാഗ്രഹങ്ങൾ ഉണർത്തുന്നതോ ആയ വസ്ത്രധാരണരീതി.
ക്രിസ്ത്യാനികൾ മോശയുടെ നിയമത്തിൻകീഴിൽ അല്ലെങ്കിലും വസ്ത്രധാരണരീതിയെക്കുറിച്ചുള്ള യഹോവയുടെ ചിന്ത മനസ്സിലാക്കാൻ അതു നമ്മളെ സഹായിക്കും. ആവർത്തനം 22:5 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
പുരുഷനെ കണ്ടാൽ സ്ത്രീയെന്നും സ്ത്രീയെ കണ്ടാൽ പുരുഷനെന്നും തോന്നിപ്പിക്കുന്ന വിധത്തിൽ നമ്മൾ വസ്ത്രധാരണം ചെയ്യരുതാത്തത് എന്തുകൊണ്ട്?
1 കൊരിന്ത്യർ 10:32, 33; 1 യോഹന്നാൻ 2:15, 16 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
നമ്മുടെ വസ്ത്രധാരണരീതി നമ്മുടെ പ്രദേശത്തോ സഭയിലോ ഉള്ളവരെ അസ്വസ്ഥരാക്കുമോ എന്ന കാര്യം നമ്മൾ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?
നിങ്ങളുടെ പ്രദേശത്ത് സർവസാധാരണമായ വസ്ത്രധാരണരീതികൾ ഏതൊക്കെയാണ്?
അതിൽ ഏതെങ്കിലും ഒരു വസ്ത്രധാരണരീതിയോ ചമയമോ ക്രിസ്ത്യാനികൾക്കു ചേരാത്തതാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ, എന്തുകൊണ്ട്?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “എനിക്ക് ഇഷ്ടമുള്ളതു ഞാൻ ധരിക്കും. അത് എന്റെ അവകാശമാണ്.”
ഈ അഭിപ്രായത്തോടു നിങ്ങൾ യോജിക്കുന്നുണ്ടോ? വിശദീകരിക്കുക.
ചുരുക്കത്തിൽ
വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിൽ നല്ല തീരുമാനങ്ങളെടുക്കുമ്പോൾ നമ്മൾ യഹോവയെയും മറ്റുള്ളവരെയും ബഹുമാനിക്കുകയാണ്.
ഓർക്കുന്നുണ്ടോ?
നമ്മുടെ വസ്ത്രധാരണവും ചമയവും യഹോവ പ്രധാനമായി കാണുന്നുണ്ടോ, എന്തുകൊണ്ട്?
വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിൽ നല്ല തിരഞ്ഞെടുപ്പുകൾ നടത്താൻ ഏതൊക്കെ ബൈബിൾതത്ത്വങ്ങൾ നമ്മളെ സഹായിക്കും?
നമ്മുടെ വസ്ത്രധാരണവും ചമയവും, ആളുകൾ യഹോവയുടെ ആരാധനയെ വീക്ഷിക്കുന്ന വിധത്തെ സ്വാധീനിച്ചേക്കാവുന്നത് എങ്ങനെ?
കൂടുതൽ മനസ്സിലാക്കാൻ
നിങ്ങളുടെ വസ്ത്രധാരണരീതി കണ്ട് മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്തായിരിക്കും ചിന്തിക്കുക?
ശരീരത്തിൽ പച്ചകുത്തുന്നതു ജ്ഞാനമാണോ?
“പച്ചകുത്തുന്നതിനെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?” (വെബ്സൈറ്റിലെ ലേഖനം)
നല്ല തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്ന കൂടുതലായ ചില ബൈബിൾതത്ത്വങ്ങളെക്കുറിച്ച് മനസ്സിലാക്കുക.
“നിങ്ങളുടെ വസ്ത്രധാരണം ദൈവത്തെ മഹത്ത്വപ്പെടുത്തുമോ?” (വീക്ഷാഗോപുരം 2016 സെപ്റ്റംബർ)
വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിൽ മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങളെ മാനിക്കാൻ ഒരു സ്ത്രീയെ സഹായിച്ചത് എന്താണ്?
“വസ്ത്രധാരണവും ഒരുക്കവും ആയിരുന്നു എന്നെ പിന്നോട്ടുവലിച്ചത്” (വെബ്സൈറ്റിലെ ലേഖനം)