സന്തുഷ്ടരായിരിക്കുക—ക്ലേശിതരോടു പ്രീതികാട്ടുക
“കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു; എളിയവരോടു കൃപകാണിക്കുന്നവനോ ഭാഗ്യവാൻ.”—സദൃശവാക്യങ്ങൾ 14:21.
1, 2. മൂന്നു ഫിലിപ്പിയൻ കുടുംബങ്ങൾക്ക് എന്തു സംഭവിച്ചു, ഏതു ചോദ്യങ്ങൾ പരിചിന്തിക്കാൻ ഇതു നമ്മെ നയിക്കുന്നു?
പാംഗാസിനൻ പ്രോവിൻസിലെ മൂന്നു ഫീലിപ്പീൻ കുടുംബങ്ങൾ ഒരു ക്രിസ്തീയയോഗത്തിൽ സംബന്ധിച്ചുകൊണ്ടിരുന്നപ്പോൾ ഒരു അഗ്നിബാധ അവരുടെ വീടുകളെ ചാമ്പലാക്കി. വീട്ടിൽ മടങ്ങിയെത്തിയപ്പോൾ അവർക്ക് ആഹാരവും കിടന്നുറങ്ങാൻ ഇടവുമില്ലായിരുന്നു. ഈ വിപത്തിനെക്കുറിച്ച് അറിഞ്ഞപ്പോൾ സഹക്രിസ്ത്യാനികൾ ഭക്ഷണവുമായി പാഞ്ഞെത്തുകയും സഭയിലെ മററുള്ളവരോടുകൂടെ താമസസൗകര്യം ക്രമീകരിക്കുകയും ചെയ്തു. അടുത്ത പ്രഭാതത്തിൽ ക്രിസ്ത്യാനികൾ മുളകളും മററു നിർമ്മാണ വസ്തുക്കളുമായി വന്നു. ഈ സഹോദരസ്നേഹം അയൽവാസികളിൽ മതിപ്പുളവാക്കി. ആ മൂന്നു കുടുംബങ്ങളും നല്ല രീതിയിൽ സ്വാധീനിക്കപ്പെട്ടു. തീ അവരുടെ വീടുകളെ നശിപ്പിച്ചു, എന്നാൽ അവരുടെ വിശ്വാസവും മററു ക്രിസ്തീയ ഗുണങ്ങളും സ്നേഹപൂർവ്വകമായ പ്രതികരണം നിമിത്തം നിലനിൽക്കുകയും വളരുകയും ചെയ്തു.—മത്തായി 6:33; 1 കൊരിന്ത്യർ 3:12-14 താരതമ്യപ്പെടുത്തുക.
2 ഇത്തരം സംഭവങ്ങൾ ഹൃദയോദ്ദീപകമല്ലേ? അവ മനഷ്യ ദയയിലുള്ള നമ്മുടെ വിശ്വാസത്തെ കെട്ടുപണി ചെയ്യുന്നു, യഥാർത്ഥ ക്രിസ്ത്യാനിത്വത്തിന്റെ ശക്തിയിൽ അതിലുമേറെ വിശ്വാസം കെട്ടുപണി ചെയ്യുന്നു. (പ്രവൃത്തികൾ 28:2) ‘എല്ലാവർക്കും, വിശ്വാസത്തിൽ നമ്മോടു ബന്ധപ്പെട്ടവർക്ക്, നൻമ ചെയ്യുന്ന’തിന്റെ അടിസ്ഥാനത്തെ നാം വിലമതിക്കുന്നുണ്ടോ? (ഗലാത്യർ 6:10) നമുക്ക് ഈ കാര്യത്തിൽ വ്യക്തിപരമായി കൂടുതൽ ചെയ്യാൻ എങ്ങനെ കഴിയും?
നമുക്ക് ഒരു വിശിഷ്ട മാതൃക
3. നമ്മോടുള്ള യഹോവയുടെ താത്പര്യം സംബന്ധിച്ച് നമുക്ക് എന്തിൽ ഉറപ്പുണ്ടായിരിക്കാൻ കഴിയും?
3 ശിഷ്യനായ യാക്കോബ് നമ്മോടു പറയുന്നു: “നല്ല ഏതു ദാനവും തികഞ്ഞ ഏതു സമ്മാനവും ഉയരത്തിൽ നിന്നാകുന്നു.” (യാക്കോബ് 1:17) അത് എത്ര സത്യമാണ്, എന്തുകൊണ്ടെന്നാൽ യഹോവ ആത്മീയവും ഭൗതികവുമായ നമ്മുടെ നൻമക്കായി സമൃദ്ധമായി കരുതൽ ചെയ്യുന്നു! എന്നാൽ അവൻ എന്തിനാണ് മുൻഗണന കൊടുക്കുന്നത്? ആത്മീയകാര്യങ്ങൾക്ക്. ഉദാഹരണത്തിന്, നമുക്ക് ആത്മീയ വഴികാട്ടലും പ്രത്യാശയും ലഭിക്കേണ്ടതിന് അവൻ നമുക്ക് ബൈബിൾ നൽകി. ആ പ്രത്യാശ അവന്റെ പുത്രനാകുന്ന ദാനത്തിൻമേൽ കേന്ദ്രീകരിച്ചിരിക്കുന്നു, അവന്റെ ബലിയാണ് നമ്മോടു ക്ഷമിക്കുന്നതിന്റെയും നിത്യജീവന്റെ പ്രത്യാശ നൽകുന്നതിന്റെയും അടിസ്ഥാനം.—യോഹന്നാൻ 3:16; മത്തായി 20:28.
4. ദൈവം നമ്മുടെ ഭൗതികാവശ്യങ്ങളിലും തത്പരനാണെന്ന് തെളിവായിരിക്കുന്നതെങ്ങനെ?
4 യഹോവ നമ്മുടെ ഭൗതികക്ഷേമത്തിലും തത്പരനാണ്. അപ്പോസ്തലനായ പൗലോസ് പുരാതന ലുസ്രയിലെ ആളുകളുമായി ഇതു സംബന്ധിച്ച് ന്യായവാദം ചെയ്യുകയുണ്ടായി. അവർ സത്യാരാധകരല്ലായിരുന്നെങ്കിലും, സ്രഷ്ടാവ് ‘നമുക്ക് ആകാശത്തുനിന്നു മഴയും ഫലപുഷ്ഠിയുള്ള കാലങ്ങളും നൽകിക്കൊണ്ടും ആഹാരവും നല്ല സന്തോഷവും കൊണ്ട് നമ്മുടെ ഹൃദയങ്ങളെ നിറച്ചുകൊണ്ടും നൻമചെയ്തിരിക്കുന്നു’വെന്നതിനെ അവർക്കു നിഷേധിക്കാൻ കഴിയുമായിരുന്നില്ല. (പ്രവൃത്തികൾ 14:15-17) യഹോവ സ്നേഹത്തിൽനിന്ന് നമ്മുടെ ആത്മീയാവശ്യങ്ങൾ സാധിച്ചുതരികയും നമ്മുടെ ഭൗതികജീവിതത്തിന് കരുതൽ ചെയ്യുകയും ചെയ്യുന്നു. ഇത് അവൻ “സന്തുഷ്ട ദൈവ”മായിരിക്കുന്നതിന് സംഭാവന ചെയ്യുന്നുവെന്ന് നിങ്ങൾ വിചാരിക്കുന്നില്ലേ?—1 തിമൊഥെയോസ് 1:11.
5. പുരാതന യിസ്രായേലിനോടുള്ള ദൈവത്തിന്റെ ഇടപെടലുകളിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും?
5 പുരാതന യിസ്രായേലുമായുള്ള ദൈവത്തിന്റെ ഇടപെടലുകൾ അവന്റെ ആരാധകരുടെ ആത്മീയാവശ്യങ്ങളിലും അവരുടെ ഭൗതികസ്ഥിതിയിലുമുള്ള അവന്റെ സന്തുലിത ശ്രദ്ധയെ ചിത്രീകരിക്കുന്നു. ഒന്നാമതായി, അവൻ തന്റെ ന്യായപ്രമാണം തന്റെ ജനത്തിന് ലഭ്യമാക്കി. അവന്റെ രാജാക്കൻമാർ ന്യായപ്രമാണത്തിന്റെ ഒരു വ്യക്തിപരമായ പ്രതി തയ്യാറാക്കേണ്ടിയിരുന്നു. ജനം അവന്റെ ന്യായപ്രമാണം വായിച്ചുകേൾക്കുന്നതിന് കാലികമായി സമ്മേളിച്ചിരുന്നു. (ആവർത്തനം 17:18; 31:9-13) ന്യായപ്രമാണം ഒരു സമാഗമന കൂടാരത്തിനോ ആലയത്തിനോ വ്യവസ്ഥ ചെയ്തിരുന്നു. ജനത്തിന് ദൈവത്തിന്റെ പ്രീതി ലഭിക്കേണ്ടതിന് പുരോഹിതൻമാർ യാഗങ്ങൾ കൈകാര്യം ചെയ്യണമായിരുന്നു. യിസ്രായേല്യർ ആത്മീയ ഉത്ഭവങ്ങൾക്കായി സമ്മേളിച്ചു, അവ അവരുടെ വാർഷികാരാധനയുടെ സവിശേഷതകളായിരുന്നു. (ആവർത്തനം 16:1-17) ഇതിന്റെയെല്ലാം ഫലമായി യിസ്രായേല്യ വ്യക്തികൾക്ക് ദൈവമുമ്പാകെ ആത്മീയമായി സമ്പന്നരായിരിക്കാൻ കഴിയുമായിരുന്നു.
6, 7. യഹോവ ന്യായപ്രമാണത്തിൽ യിസ്രായേല്യരുടെ ശാരീരികാവശ്യങ്ങൾ സംബന്ധിച്ച് താത്പര്യം പ്രകടമാക്കിയതെങ്ങനെ?
6 എന്നിരുന്നാലും, ദൈവം തന്റെ ദാസൻമാരുടെ ഭൗതിക സാഹചര്യങ്ങളിൽ എത്ര ശ്രദ്ധാലുവാണെന്നും പ്രകടമാക്കി. ഒരുപക്ഷേ നിങ്ങളുടെ മനസ്സിലേക്കു വരുന്നത് ശുചീകരണം സംബന്ധിച്ച് യിസ്രായേലിന് കൊടുക്കപ്പെട്ടിരുന്ന നിയമങ്ങളും രോഗാണുബാധയുടെ വ്യാപനത്തെ കുറയ്ക്കുന്നതിനുള്ള നടപടികളുമായിരിക്കാം. (ആവർത്തനം 14:11-21; 23:10-14) എന്നിരുന്നാലും, ദരിദ്രരെയും ക്ലേശിതരെയും സഹായിക്കുന്നതിന് ദൈവം ചെയ്ത പ്രത്യേക കരുതലുകളെ നാം അവഗണിക്കരുത്. മോശമായ ആരോഗ്യമോ അഗ്നിബാധയോ പ്രളയമോ പോലുള്ള ഒരു വിപത്തോ ഒരു യിസ്രായേല്യനെ ദാരിദ്ര്യത്തിലാഴ്ത്തിയിരിക്കാം. എല്ലാവരും സാമ്പത്തികമായി തുല്യരായിരിക്കുകയില്ലെന്ന് യഹോവ തന്റെ ന്യായപ്രമാണത്തിൽതന്നെ സമ്മതിച്ചിരിക്കുന്നു. (ആവർത്തനം 15:11) എന്നാൽ ദരിദ്രരോടും ക്ലേശിതരോടും സഹതപിക്കുന്നതിലുപരി അവൻ ചെയ്തു. അവൻ സഹായത്തിന് ഏർപ്പാടു ചെയ്തു.
7 അങ്ങനെയുള്ളവർക്ക് ആഹാരം അടിയന്തിരമായി ആവശ്യമായിരിക്കും. തന്നിമിത്തം യിസ്രായേലിലെ സാധുക്കൾക്ക് വയലുകളിലും മുന്തിരിത്തോട്ടങ്ങളിലും അല്ലെങ്കിൽ ഒലിവു വൃക്ഷങ്ങളിലുംനിന്ന് കാലാപറിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ദൈവം നിർദ്ദേശിച്ചു. (ആവർത്തനം 24:19-22; ലേവ്യപുസ്തകം 19:9, 10; 23:22) മടിയരായിരിക്കുന്നതിനോ വേല ചെയ്യാൻ കഴിവുള്ളപ്പോൾ പൊതുജനങ്ങളിൽനിന്നുള്ള ദാനത്തിൽനിന്ന് ഉപജീവിക്കാനോ ദൈവവഴി ആളുകളെ പ്രോത്സാഹിപ്പിച്ചില്ല. കാലാ പറിക്കുന്ന ഒരു യിസ്രായേല്യൻ അന്നന്നത്തേക്ക് ആഹാരം ശേഖരിക്കുന്നതിന് ഉഗ്രമായ വെയിലിൽ ഒരുപക്ഷേ നീണ്ട മണിക്കൂറുകൾ ചെലവഴിച്ചുകൊണ്ട് ശ്രമം ചെലുത്തേണ്ടിയിരുന്നു. എന്നിരുന്നാലും ഈ വിധത്തിൽ ദൈവം ദരിദ്രർക്കുവേണ്ടി ഗണ്യമായി കരുതൽ ചെയ്തിരുന്നുവെന്ന വസ്തുതയെ നാം അവഗണിക്കരുത്.—രൂത്ത് 2:2-7 താരതമ്യപ്പെടുത്തുക; സങ്കീർത്തനം 69:33; 102:17.
8. (എ) വ്യക്തികളായ യിസ്രായേല്യർ തങ്ങളുടെ സഹോദരങ്ങൾക്കുവേണ്ടി എന്തു ചെയ്യാൻ പ്രോത്സാഹിപ്പിക്കപ്പെട്ടു? (യിരെമ്യാവ് 5:26, 28 താരതമ്യപ്പെടുത്തുക.) (ബി) യഹോവ യിസ്രായേല്യർക്കുണ്ടായിരിക്കാൻ പ്രോത്സാഹിപ്പിച്ച മനോഭാവത്തെയും ഇന്നു സാധാരണമായിരിക്കുന്ന മനോഭാവത്തെയും നിങ്ങൾ എങ്ങനെ താരതമ്യപ്പെടുത്തും?
8 യെശയ്യാവ് 58:6, 7-ലെതുപോലെയുള്ള പ്രസ്താവനകളാൽ യഹോവ ക്ലേശിതരിലുള്ള തന്റെ താൽപ്പര്യത്തെ കൂടുതലായി ഊന്നിപ്പറഞ്ഞു. സ്വസംതൃപ്തരായിരുന്ന ചില യിസ്രായേല്യർ ഉപവാസത്തിന്റെ ഒരു നാട്യം കാണിച്ചപ്പോൾ ദൈവത്തിന്റെ പ്രവാചകൻ ഇങ്ങനെ പ്രഖ്യാപിച്ചു: “ഞാൻ ഇഷ്ടപ്പെടുന്ന ഉപവാസം ഇതല്ലയോ? ഞെരുക്കപ്പെട്ടവരെ സ്വതന്ത്രരായി വിട്ടയയ്ക്കുന്നതും നിങ്ങൾ ഏതു നുകത്തെയും രണ്ടായി ഒടിക്കുന്നതും. . . ? അത് നിങ്ങളുടെ അപ്പത്തെ വിശക്കുന്നവന് പങ്കുവെയ്ക്കുന്നതും ക്ലേശിതരും ഭവന രഹിതരുമായവരെ നിങ്ങളുടെ വീട്ടിൽ കൊണ്ടുവരുന്നതുമല്ലയോ? നഗ്നനായ ആരെയെങ്കിലും നിങ്ങൾ കാണുന്നപക്ഷം നിങ്ങൾ അവനെ ഉടുപ്പിക്കുന്നതും നിന്റെ സ്വന്തം ജഡത്തിൽനിന്ന് ഒളിച്ചുകളയാതിരിക്കുന്നതുമല്ലയോ?” ഇക്കാലത്ത് ചില വ്യക്തികൾ തങ്ങളുടെ ‘സുഖമേഖല’യെന്നു വിളിക്കാവുന്നതിനെ സംരക്ഷിക്കുന്നു. തങ്ങൾക്ക് വ്യക്തിപരമായ ത്യാഗമോ അസൗകര്യമോ വരുത്തിക്കൂട്ടുന്നില്ലെങ്കിൽ മാത്രം ഒരു ദരിദ്രനെ സഹായിക്കാൻ അവർ സന്നദ്ധരാണ്. യെശയ്യാവിലൂടെയുള്ള ദൈവവചനങ്ങൾ എത്ര വ്യത്യസ്തമായ ഒരു മനോഭാവത്തെയാണ് ഊന്നിപ്പറഞ്ഞത്!—യെഹെസ്ക്കേൽ 18:5-9 കൂടെ കാണുക.
9. വായ്പ കൊടുക്കുന്നതു സംബന്ധിച്ച് ന്യായപ്രമാണം എന്തു ബുദ്ധിയുപദേശിച്ചു, ദൈവം എന്തു മനോഭാവത്തിനു പ്രോത്സാഹിപ്പിച്ചു?
9 ദരിദ്രരായ യിസ്രായേല്യ സഹോദരൻമാരോടുള്ള താത്പര്യം വായ്പ കൊടുക്കുന്നതിൽ പ്രകടമാക്കാൻ കഴിയുമായിരുന്നു. വ്യാപാരത്തിലേർപ്പെടാനോ അതു വികസിപ്പിക്കാനോ ഉപയോഗിക്കാൻ ആർക്കെങ്കിലും പണം വായ്പ കൊടുക്കുമ്പോൾ ഒരു യിസ്രയേല്യന് പലിശ പ്രതീക്ഷിക്കാൻ കഴിയുമായിരുന്നു. എന്നിരുന്നാലും, ദരിദ്രനായ ഒരു സഹോദരന് വായ്പ കൊടുക്കുന്ന പണത്തിന് പലിശ ചുമത്തരുതെന്ന് യഹോവ പറഞ്ഞു, വായ്പ വാങ്ങുന്നയാളുടെ നൈരാശ്യം മററു വിധത്തിൽ അയാളെ ദുഷ്പ്രവൃത്തിക്ക് പ്രലോഭിപ്പിച്ചേക്കാം. (പുറപ്പാട് 22:25; ആവർത്തനം 15:7, 8, 11; 23:19, 20; സദൃശവാക്യങ്ങൾ 6:30, 31) നിർഭാഗ്യവാൻമാരോടുള്ള ദൈവത്തിന്റെ മനോഭാവം അവന്റെ ജനത്തിന് ഒരു മാതൃകയായിരിക്കണമായിരുന്നു. നമ്മോട് ഇങ്ങനെ വാഗ്ദത്തം ചെയ്യുകപോലും ചെയ്തിരിക്കുന്നു: “എളിയവനോടു പ്രീതികാട്ടുന്നവൻ യഹോവക്കു വായ്പ കൊടുക്കുകയാകുന്നു, അവന്റെ പെരുമാററം അവൻ അവനു തിരികെ കൊടുക്കും.” (സദൃശവാക്യങ്ങൾ 19:17) അതിനെക്കുറിച്ചു ചിന്തിക്കുക—നിങ്ങൾക്ക് ധാരാളമായി അവൻ തിരികെ നൽകുമെന്നുള്ള ഉറപ്പോടെ യഹോവയ്ക്കു വായ്പ കൊടുക്കൽ!
10. ദൈവത്തിന്റെ ദൃഷ്ടാന്തം പരിചിന്തിച്ചശേഷം നിങ്ങൾക്ക് നിങ്ങളോടുതന്നെ എന്തു ചോദിക്കാവുന്നതാണ്?
10 തന്നിമിത്തം നമ്മളെല്ലാം ഇങ്ങനെ ചോദിക്കേണ്ടിയിരിക്കുന്നു: ക്ലേശിതരോടുള്ള ദൈവത്തിന്റെ വീക്ഷണവും പെരുമാററവും എന്നെ സംബന്ധിച്ച് എന്തർത്ഥമാക്കുന്നു? നാം അവന്റെ പൂർണ്ണതയുള്ള മാതൃകയിൽനിന്ന് പഠിച്ച് അത് അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ടോ? ഈ കാര്യത്തിൽ ദൈവത്തിന്റെ പ്രതിച്ഛായയിലായിരിക്കുന്നതു സംബന്ധിച്ച് എനിക്കു മെച്ചപ്പെടാൻ കഴിയുമോ?—ഉൽപത്തി 1:26.
പിതാവിനെപ്പോലെ പുത്രനും
11. യേശുവിന്റെ താത്പര്യം അവന്റെ പിതാവിന്റെതിന്റെതിനോട് ഒക്കുന്നതെങ്ങനെ? (2 കൊരിന്ത്യർ 8:9)
11 യേശുക്രിസ്തു “[യഹോവയുടെ] മഹത്വത്തിന്റെ പ്രതിഫലനവും അവന്റെ അസ്തിത്വത്തിന്റെ തന്നെ കൃത്യമായ പ്രതിനിധാനവും” ആകുന്നു. (എബ്രായർ 1:3) അതുകൊണ്ട് സത്യാരാധനയിൽ താല്പരരായവരോടുള്ള തന്റെ പിതാവിന്റെ താത്പര്യത്തെ അവൻ പ്രതിഫലിപ്പിക്കുമെന്ന് നമുക്കു പ്രതീക്ഷിക്കാവുന്നതാണ്. അവൻ പ്രതിഫലിപ്പിച്ചു. ഏററവുമധികം പരിഹാരം ആവശ്യമായിരുന്നത് ആത്മീയ ദാരിദ്ര്യത്തിനാണെന്ന് യേശു പ്രകടമാക്കി: “തങ്ങളുടെ ആത്മീയ ദാരിദ്ര്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു, എന്തുകൊണ്ടെന്നാൽ സ്വർഗ്ഗരാജ്യം അവർക്കുള്ളതാണ്.” (മത്തായി 5:3; ലൂക്കോസ് 6:20 താരതമ്യപ്പെടുത്തുക) “സത്യത്തിനു സാക്ഷ്യം വഹിക്കേണ്ടതിന് ഞാൻ ജനിച്ചിരിക്കുന്നു, ഇതിനായി ഞാൻ ലോകത്തിലേക്കു വന്നിരിക്കുന്നു” എന്നും ക്രിസ്തു പറഞ്ഞു. (യോഹന്നാൻ 18:37) അതിൻപ്രകാരം അവൻ അത്ഭുതം പ്രവർത്തിക്കുന്ന ഒരുവനായിട്ടോ രോഗശാന്തിവരുത്തുന്നവനായിട്ടോ അല്ല മുഖ്യമായി അറിയപ്പെട്ടത്, പിന്നെയോ ഒരു ഉപദേഷ്ടാവായിട്ടായിരുന്നു. (മർക്കോസ് 10:17-21; 12:28-33) ഈ ബന്ധത്തിൽ, മർക്കോസ് 6:30-34 ശ്രദ്ധിക്കുക. യേശു ആശ്വസിക്കുന്നതിന് രഹസ്യമായി കുറേ സമയം തേടിയതിനെക്കുറിച്ചു നാം വായിക്കുന്നു. അപ്പോൾ “ഇടയനില്ലാത്ത ആടുകളെപ്പോലെ . . . അവൻ ഒരു മഹാപുരുഷാരത്തെ കണ്ടു.” അവൻ എങ്ങനെ പ്രതികരിച്ചു?” “അവൻ അവരെ പലതും പഠിപ്പിച്ചു തുടങ്ങി.” അതെ, യേശു അവരുടെ ഏററവും വലിയ ആവശ്യത്തോടുള്ള പ്രതികരണമായി സ്വന്തം പ്രവർത്തനത്തെ ദീർഘിപ്പിച്ചു: അവർക്ക് എന്നേക്കും ജീവിക്കാൻ സഹായകമായ സത്യമായിരുന്നു അവരുടെ ഏററവും വലിയ ആവശ്യം.—യോഹന്നാൻ 4:14; 6:51.
12. മർക്കോസ് 6:30-34-ൽ നിന്നും മർക്കോസ് 6:35-44-ൽ നിന്നും യേശുവിന്റെ വീക്ഷണങ്ങൾ സംബന്ധിച്ച് നമുക്ക് എന്തു പഠിക്കാൻ കഴിയും?
12 യേശു വിനീതരായ യഹൂദൻമാരുടെ ആത്മീയാവശ്യങ്ങളിൽ കേന്ദ്രീകരിച്ചപ്പോൾ തന്നെ അവരുടെ ഭൗതികാവശ്യങ്ങളെ അവൻ അവഗണിച്ചില്ല. അക്ഷരീയ ഭക്ഷണത്തിന്റെ ആവശ്യം സംബന്ധിച്ചു യേശു ഉണർവ്വുള്ളവനായിരുന്നുവെന്ന് മർക്കോസിന്റെ വിവരണം പ്രകടമാക്കുന്നു. “ഭക്ഷിക്കാൻ എന്തെങ്കിലും സ്വയം വാങ്ങുന്നതിന്” ജനക്കൂട്ടത്തെ പറഞ്ഞയയ്ക്കണമെന്ന് അപ്പോസ്തലൻമാർ ആദ്യം നിർദ്ദേശിച്ചു. യേശു സമ്മതിച്ചില്ല. അപ്പോൾ തങ്ങളുടെ കൈവശമുണ്ടായിരുന്ന പ്രവർത്തനഫണ്ടിൽ കുറെ എടുത്ത് ഭക്ഷ്യം വാങ്ങുന്നതിനുപയോഗിക്കാനുള്ള സാദ്ധ്യത അപ്പോസ്തലൻമാർ ഉന്നയിച്ചു. പകരം, സ്ത്രീകളെയും കുട്ടികളെയും കൂടാതെ 5000 പുരുഷൻമാരെ പോഷിപ്പിച്ച കീർത്തിപ്പെട്ട അത്ഭുതം പ്രവർത്തിക്കാനാണ് യേശു ഇഷ്ടപ്പെട്ടത്. അപ്പവും മീനുമാകുന്ന ഒരു അടിസ്ഥാനഭക്ഷണം പ്രദാനം ചെയ്യതുകൊണ്ടുതന്നെ. ജനക്കൂട്ടത്തിന്റെ ആവശ്യത്തെ അത്ഭുതകരമായി നിറവേററുന്നത് യേശുവിന് എളുപ്പമായിരുന്നുവെന്ന് ചിലർ ഇക്കാലത്ത് വിചാരിച്ചേക്കാം. എന്നാലും, അവന് യഥാർത്ഥ താത്പര്യമുണ്ടായിരുന്നുവെന്ന വസ്തുയെ നാം അവഗണിക്കരുത്. അവൻ അതനുസരിച്ച് പ്രവർത്തിച്ചു.—മർക്കോസ് 6:35-44; മത്തായി 14:21.a
13. യേശു ആളുകളുടെ ക്ഷേമത്തിലുള്ള തന്റെ താത്പര്യത്തിന്റെ വേറെ ഏതു തെളിവുനൽകി?
13 നിർഭ്യാഗ്യവാൻമാരോടുള്ള യേശുവിന്റെ വികാരം ദരിദ്രർക്കുമതീതമായി പോയെന്നു തെളിയിക്കുന്ന സുവിശേഷ വിവരണങ്ങൾ നിങ്ങൾ വായിച്ചിരിക്കാനിടയുണ്ട്. അവൻ രോഗികളെയും ക്ലേശിതരെയും സഹായിച്ചു. (ലൂക്കോസ് 6:17-19; 17:12-19; യോഹന്നാൻ 5:2-9; 9:1-7) അവന്റെ അടുത്തായിരിക്കാനിടയായവരെ മാത്രം സൗഖ്യമാക്കുകയായിരുന്നില്ല. ചില സമയങ്ങളിൽ സഹായം കൊടുക്കുന്നതിന് അവൻ രോഗിയുടെ അടുക്കലേക്കു സഞ്ചരിച്ചു.—ലൂക്കോസ് 41:55.
14, 15. (എ) യേശു തന്റെ അനുഗാമികൾ തന്റേതു പോലുള്ള താത്പര്യങ്ങൾ പ്രകടമാക്കാൻ പ്രതീക്ഷിച്ചുവെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
14 എന്നിരുന്നാലും, ദരിദ്രരും ക്ലേശിതരുമായ ശിഷ്യൻമാരുടെ (അഥവാ സത്യാന്വേഷികളുടെ) ആവശ്യങ്ങൾ അത്ഭുതങ്ങൾ ചെയ്തുകൊണ്ട് ആശ്വാസം പകരാൻ കഴിവുണ്ടായിരുന്നവരുടെ മാത്രം കാര്യം ആയിരുന്നുവോ? അല്ലായിരുന്നു. യേശുവിന്റെ ശിഷ്യൻമാരെല്ലാവരും താത്പര്യമെടുക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യണമായിരുന്നു. ദൃഷ്ടാന്തമായി, നിത്യജീവൻ ആഗ്രഹിച്ച ഒരു ധനികനായ മനുഷ്യനെ അവൻ ഇങ്ങനെ ഉപദേശിച്ചു: “നിനക്കുള്ളവയെല്ലാം വിററ് ദരിദ്രർക്കു വിതരണം ചെയ്യുക, അപ്പോൾ നിനക്ക് സ്വർഗ്ഗത്തിൽ നിക്ഷേപമുണ്ടാകം.” (ലൂക്കോസ് 18:18-22) യേശു ഇങ്ങനെയും ബുദ്ധിയുപദേശിച്ചു: “നീ ഒരു വിരുന്നൊരുക്കുമ്പോൾ ദരിദ്രരെയും അംഗഹീനരെയും മുടന്തരെയും കുരുടരെയും ക്ഷണിക്കുക; അപ്പോൾ നീ സന്തുഷ്ടനായിരിക്കും, എന്തുകൊണ്ടെന്നാൽ നിനക്ക് തിരിച്ചുതരാൻ അവർക്കു യാതൊന്നുമില്ല. എന്തെന്നാൽ നീതിമാൻമാരുടെ പുനരുത്ഥാനത്തിൽ നിനക്കു പ്രതിഫലം ലഭിക്കും.”—ലൂക്കോസ് 14:13, 14.
15 ക്രിസ്ത്യാനി ക്രിസ്തുവിന്റെ ഒരു അനുകാരിയാണ്. തന്നിമിത്തം നമ്മിലോരോരുത്തർക്കും ഇങ്ങനെ ചോദിക്കാവുന്നതാണ്: ദരിദ്രരോടും ക്ലേശിതരോടും നിർഭാഗ്യവാൻമാരോടുമുള്ള യേശുവിന്റെ മനോഭാവത്തെയും പ്രവർത്തനങ്ങളെയും ഞാൻ ഏതളവിൽ അനുകരിക്കുന്നു? അപ്പോസ്തലനായ പൗലോസിനെപ്പോലെ “ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ എന്റെ അനുകാരികളായിത്തീരുക” എന്ന് എനിക്ക് സത്യസന്ധമായി പറയാൻ കഴിയുമോ?—1 കൊരിന്ത്യർ 11:1.
പൗലോസ്—ഒരു സന്തുഷ്ട മാതൃക
16. അപ്പോസ്തലനായ പൗലോസിന് പ്രത്യേക താത്പര്യമുണ്ടായിരുന്നത് എന്തിലായിരുന്നു?
16 ഈ ബന്ധത്തിൽ പൗലോസിനെ പരിഗണിക്കുന്നത് ഉചിതമാണ്, എന്തുകൊണ്ടെന്നാൽ അവനും അനുകരിക്കുന്നതിന് ഒരു നല്ല ദൃഷ്ടാന്തമാണ്. നാം പ്രതീക്ഷിക്കുന്നതുപോലെ, അവന്റെ മുഖ്യ ശ്രദ്ധ മററുള്ളവരുടെ ആത്മീയാവശ്യങ്ങളിലായിരുന്നു. അവൻ ’“മററുള്ളവരോടു നിരന്നുകൊള്ളുക” എന്ന് യാചിക്കുന്ന, ക്രിസ്തുവിനുപകരമുള്ള ഒരു സ്ഥാനപതി’യായിരുന്നു. (2 കൊരിന്ത്യർ 5:20) പൗലോസിന്റെ പ്രത്യേക നിയമനം യഹൂദേതരരുടെ ഇടയിൽ പ്രസംഗിക്കുന്നതിനും അവരുടെ സഭകളെ കെട്ടുപണിചെയ്യുന്നതിനുമായിരുന്നു. അവൻ എഴുതി: “പരിച്ഛേദനയേൽക്കാത്തവർക്കുവേണ്ടി എന്നെ സുവാർത്ത ഭരമേൽപ്പിച്ചിരിക്കുന്നു.”—ഗലാത്യർ 2:7.
17. പൗലോസ് ശാരീരിക താത്പര്യങ്ങൾക്കും ശ്രദ്ധ കൊടുത്തുവെന്ന് നാം എങ്ങനെ അറിയുന്നു?
17 എന്നാൽ താൻ ക്രിസ്തുവിനെ അനുകരിക്കുന്നുവെന്ന് പൗലോസ് പറഞ്ഞതുകൊണ്ട്, അവൻ (യഹോവയേയും ക്രിസ്തുവിനെയുംപോലെ) സഹാരാധകരുടെ ശാരീരിക ക്ലേശങ്ങൾക്ക് അഥവാ പ്രയാസങ്ങൾക്ക് ശ്രദ്ധ കൊടുത്തോ? പൗലോസ് തന്നെ ഉത്തരം പറയട്ടെ. ഗലാത്യർ 2:9-ൽ അവൻ തുടർന്നു: ‘ഞങ്ങൾ ജനതകളുടെ അടുക്കലേക്കു പോകേണ്ടതിന് യാക്കോബും കേഫാവും [പത്രോസും] യോഹന്നാനും എനിക്കും ബർന്നബാസിനും കൂട്ടായ്മയുടെ വലങ്കൈ തന്നു.’ അനന്തരം അടുത്ത വാക്യത്തിൽതന്നെ പൗലോസ് ഇങ്ങനെ കൂട്ടിച്ചേർത്തു: “ഞങ്ങൾ ദരിദ്രരെ ഓർക്കുക മാത്രം ചെയ്യണം. അതുതന്നെ ചെയ്യാനാണ് ഞാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുള്ളത്.” (ഗലാത്യർ 2:10) അങ്ങനെ താൻ അനേകം സഭകളുടെ ഉത്തരവാദിത്തങ്ങളുള്ള ഒരു മിഷനറി—അപ്പോസ്തലനാണെങ്കിലും തന്റെ സഹോദരീസഹോദരൻമാരുടെ ശാരീരികക്ഷേമത്തിൽ താൽപര്യം കാണിക്കാൻ കഴിയാത്തവിധം താൻ അത്ര തിരക്കിലായിരിക്കാവുന്നതല്ലെന്ന് പൗലോസ് മനസ്സിലാക്കി.
18. ഗലാത്യർ 2:10-ൽ ഏതു “ദരിദ്രരെ” പരാമർശിക്കുകയായിരുന്നിരിക്കാം, അവർക്ക് ശ്രദ്ധ ലഭിക്കേണ്ടിയിരുന്നതെന്തുകൊണ്ട്?
18 അവൻ ഗലാത്യർ 2:10-ൽ പറഞ്ഞ “ദരിദ്രർ” മുഖ്യമായി യഹൂദ്യയിലെ യെരൂശലേമിലുമുണ്ടായിരുന്ന യഹൂദ ക്രിസ്ത്യാനികളായിരിക്കാനിടയുണ്ട്. നേരത്തെ ഭക്ഷ്യത്തിന്റെ “ദൈനംദിന വിതരണത്തിൽ തങ്ങളുടെ വിധവമാർ അവഗണിക്കപ്പെട്ടതുകൊണ്ട് എബ്രായ സംസാരിക്കുന്ന യഹൂദൻമാർക്കെതിരെ ഗ്രീക്ക് സംസാരിക്കുന്ന യഹൂദൻമാരുടെ ഭാഗത്ത് പിറുപിറുപ്പ്” ഉണ്ടായിരുന്നു. (പ്രവൃത്തികൾ 6:1) അതുകൊണ്ട്, താൻ ജനതകളുടെ ഒരു അപ്പോസ്തലനാണെന്നു പറഞ്ഞപ്പോൾ താൻ ക്രിസ്തീയ സഹോദരവർഗ്ഗത്തിലെ ആരെയും അവഗണിക്കുന്നില്ലെന്ന് പൗലോസ് വ്യക്തമാക്കി. (റോമർ 11:13) “ശരീരത്തിൽ ഭിന്നത ഉണ്ടായിരിക്കരുത്, എന്നാൽ . . . അതിലെ അംഗങ്ങൾക്ക് പരസ്പരം ഒരേ പരിപാലനം ഉണ്ടായിരിക്കണം. ഒരു അംഗം കഷ്ടപ്പെടുന്നുവെങ്കിൽ, മറെറാല്ലാ അംഗങ്ങളും അതോടുകൂടെ കഷ്ടപ്പെടുന്നു” എന്ന വാക്കുകളിൽ സഹോദരൻമാരുടെ ശാരീരിക പരിപാലനവും ഉൾപ്പെടുന്നുവെന്ന് അവൻ മനസ്സിലാക്കി.—1 കൊരിന്ത്യർ 12:25, 26.
19. പൗലോസും മറ്റുള്ളവരും ദരിദ്രരോടുള്ള തങ്ങളുടെ താത്പര്യത്തിനനുസൃതമായി പ്രവർത്തിച്ചുവെന്നു നമുക്ക് എന്തു തെളിവുണ്ട്?
19 ദാരിദ്ര്യമോ പ്രാദേശിക ക്ഷാമമോ പീഡനമോ നിമിത്തം യെരൂശലേമിലും യഹൂദ്യയിലുമുള്ള ക്രിസ്ത്യാനികൾ കഷ്ടപ്പെട്ടപ്പോൾ ചില വിദൂര സഭകൾ പ്രതിവർത്തിച്ചു. തീർച്ചയായും അവർ ദൈവസഹായത്തിനും ആശ്വാസത്തിനും വേണ്ടി പ്രാർത്ഥനയിൽ തങ്ങളുടെ ദരിദ്രസഹോദരൻമാരെ ഓർത്തിരിക്കണം. എന്നാൽ അവർ അതുകൊണ്ടു തൃപ്തിപ്പെട്ടില്ല. “യെരൂശലേമിലെ വിശുദ്ധൻമാരിൽ ദരിദ്രർക്കുവേണ്ടിയുള്ള ഒരു സംഭാവനയാൽ തങ്ങളുടെ വസ്തുക്കൾ പങ്കുവെക്കാൻ മക്കെദോന്യയിലും അഖായയിലുമുള്ളവർക്ക് ഇഷ്ടമായിരുന്നു” എന്ന് പൗലോസ് എഴുതി. (റോമർ 15:26, 27) കഷ്ടപ്പെടുന്ന തങ്ങളുടെ സഹോദരൻമാർക്കുവേണ്ടി അങ്ങനെയുള്ള സാമ്പത്തിക സഹായം ചെയ്തവർ “നമ്മിലൂടെ ദൈവത്തിന് ഒരു നന്ദിപ്രകടനം ഉളവാക്കുന്ന ഏതുതരം ഔദാര്യത്തിനും സമ്പന്നരാക്കപ്പെടുക”യായിരുന്നു. (2 കൊരിന്ത്യർ 9:1-13) അത് അവർ സന്തുഷ്ടരായിരിക്കാൻ കാരണമായിരിക്കുകയില്ലേ?
20. “ദരിദ്രരെ” സഹായിക്കാൻ സംഭാവന ചെയ്തവർക്ക് സന്തുഷ്ടരായിരിക്കാൻ കഴിഞ്ഞതെന്തുകൊണ്ട്?
20 “യെരൂശലേമിലെ വിശുദ്ധൻമാരിൽ ദരിദ്രരായവർക്കുവേണ്ടി” തങ്ങളുടെ ഫണ്ട് പങ്കുവെച്ച സഹോദരൻമാർക്ക് സന്തുഷ്ടിക്ക് കൂടുതലായ ഒരു അടിസ്ഥാനമുണ്ടായിരുന്നു. സംഭാവന ചെയ്തവർ ക്ലേശിതരെ പരിപാലിച്ചത് അവർക്ക് ദൈവാംഗീകാരം ലഭിക്കാൻ സഹായിക്കുമായിരുന്നു. എന്തുകൊണ്ടെന്ന് റോമർ 15:26-ലും 2 കൊരിന്ത്യർ 9:13-ലും “സംഭാവന” എന്നു വിവർത്തനം ചെയ്തിരുന്ന ഗ്രീക്ക് പദത്തിൽ “കൂട്ടായ്മയുടെ അടയാളം, സഹോദര ഐക്യത്തിന്റെ തെളിവ്, ദാനം എന്നുപോലു”മുള്ള ആശയം ഉണ്ടെന്ന് ഗൗനിക്കുന്നതിനാൽ നമുക്കു കാണാൻ കഴിയും. അത് എബ്രായർ 13:16-ൽ ഉപയോഗിച്ചിരിക്കുന്നു, അതിങ്ങനെ പറയുന്നു: “നൻമചെയ്യലും മററുള്ളവർക്കുവേണ്ടിയുള്ള വസ്തുക്കളുടെ പങ്കുവെക്കലും മറക്കരുത്, എന്തുകൊണ്ടെന്നാൽ അങ്ങനെയുള്ള യാഗങ്ങളിൽ ദൈവം നന്നായി പ്രസാദിക്കുന്നു.”
നാം സന്തുഷ്ടരായിരിക്കുമോ?
21. സന്തുഷ്ടി നേടുന്നതിന് എന്ത് ഒരു അടിസ്ഥാനം നൽകുമെന്ന് നമുക്ക് അനുമാനിക്കാൻ കഴിയും?
21 ഈ പരിചിന്തനത്തിൽ, യഹോവയാം ദൈവവും യേശുക്രിസ്തുവും അപ്പോസ്തലനായ പൗലോസും ക്ലേശിതരെ പരിപാലിച്ചുവെന്നതിന്റെ തിരുവെഴുത്തു തെളിവ് നാം പരിശോധിക്കുകയുണ്ടായി. ആത്മീയാവശ്യങ്ങൾക്ക് പ്രഥമ ശ്രദ്ധ ലഭിക്കണമെന്ന് അവരെല്ലാം തിരിച്ചറിഞ്ഞതായി നാം കണ്ടു. എന്നാൽ അവരെല്ലാം വളരെ പ്രായോഗികമായ വിധങ്ങളിൽ ദരിദ്രരിലും രോഗികളിലും ദൗർഭാഗ്യമനുഭവിക്കുന്നവരിലും താത്പര്യം പ്രകടാമാക്കിയെന്നതും സത്യമാണ്. പ്രായോഗികസഹായം കൊടുക്കുന്നതിൽ അവർക്കു സന്തുഷ്ടി കണ്ടെത്താൻ കഴിഞ്ഞു. അതു നമ്മേ സംബന്ധിച്ച് കുറഞ്ഞ വിധത്തിൽ സത്യമായിരിക്കണമോ? “‘സ്വീകരിക്കുന്നതിനെക്കാൾ അധികം സന്തോഷം കൊടുക്കുന്നതിലുണ്ട്’ എന്നു കർത്താവായ യേശു തന്നെ പറഞ്ഞപ്പോഴത്തെ അവന്റെ വാക്കുകൾ ഓർക്കുക” എന്ന് അപ്പോസ്തലനായ പൗലോസ് നമ്മെ ശക്തമായി ഉപദേശിക്കുന്നു.—പ്രവൃത്തികൾ 20:35.
22. ഈ സംഗതിയുടെ ഏതു വശങ്ങൾ ഇനി നിങ്ങളുടെ ശ്രദ്ധ അർഹിക്കുന്നു?
22 എന്നാൽ എനിക്ക് വ്യക്തിപരമായി എന്തു ചെയ്യാൻ കഴിയും? യഥാർത്ഥ ദരിദ്രർ ആരാണെന്ന് എനിക്ക് എങ്ങനെ അറിയാൻ കഴിയും? അലസതക്കു പ്രോത്സാഹിപ്പിക്കാതെ മററുള്ളവരുടെ വികാരങ്ങളെ പരിഗണിക്കുന്നതും, ദയാപൂർവ്വകവും പ്രായോഗികവും സുവാർത്ത പരത്താനുള്ള എന്റെ ക്രിസ്തീയ കടമയുമായി സമനിലയിലായിരിക്കുന്നതുമായ ഒരു വിധത്തിൽ എനിക്ക് എങ്ങനെ സഹായം കൊടുക്കാൻ കഴിയും എന്നു നിങ്ങൾ തീർച്ചയായും ചോദിച്ചേക്കാം. നിങ്ങൾക്ക് കൂടുതലായ സന്തുഷ്ടി കണ്ടെത്താനുള്ള അടിസ്ഥാനമിട്ടുകൊണ്ട് അടുത്ത ലേഖനം ഈ സംഗതിയുടെ വശങ്ങൾ കൈകാര്യം ചെയ്യുന്നതാണ്. (w86 10/15)
[അടിക്കുറിപ്പുകൾ]
a രസാവഹമായി, യേശുതന്നെ മററുള്ളവരിൽനിന്ന് സഹായം സ്വീകരിക്കുന്നതിൽ ബുദ്ധിമുട്ടുള്ളവനായിരുന്നില്ല, അല്ലെങ്കിൽ സഹായം സ്വീകരിക്കാതിരിക്കാൻ തക്കവണ്ണം അഹങ്കാരിയായിരുന്നില്ല.—ലൂക്കോസ് 5:29; 7:36, 37; 8:3.
നിങ്ങൾ ശ്രദ്ധിച്ചോ?
◻ ദൈവം നമ്മുടെ ആത്മീയാവശ്യങ്ങളിലും അതുപോലെതന്നെ ഭൗതികാവശ്യങ്ങളിലുമുള്ള തന്റെ താത്പര്യത്തിനു തെളിവു നൽകുന്നതെങ്ങനെ?
◻ ആളുകളെ സത്യം പഠിപ്പിച്ചുകൊണ്ട് സഹായിക്കുന്നതിനെക്കാളുപരിയായ താത്പര്യം യേശുവിന് ഉണ്ടായിരുന്നുവെന്ന് എന്തു പ്രകടമാക്കുന്നു?
◻ ദരിദ്രരെ സംബന്ധിച്ച് പൗലോസ് ഏതുതരം ദൃഷ്ടാന്തം വെച്ചു?
◻ യഹോവയുടെയും യേശുവിന്റെയും അപ്പോസ്തലനായ പൗലോസിന്റെയും ദൃഷ്ടാന്തങ്ങൾ പരിഗണിച്ചശേഷം എന്തു ചെയ്യുന്നതിന്റെ ആവശ്യം നിങ്ങൾക്കു കാണാൻ കഴിയും?
(ബി) നാം നമ്മോടുതന്നെ എന്തു ചോദിക്കുന്നതു നന്നാണ്?