യഹോവ, “ക്ഷമിക്കാൻ സന്നദ്ധതയുള്ള” ദൈവം
“ഓ, യഹോവേ, നീ നല്ലവനും ക്ഷമിക്കാൻ സന്നദ്ധതയുള്ളവനുമാകുന്നു.”—സങ്കീർത്തനം 86:5, NW.
1. ദാവീദ് രാജാവ് ഏതു വലിയ ഭാരം പേറി, തന്റെ അസ്വസ്ഥ ഹൃദയത്തിന് അവൻ ആശ്വാസം കണ്ടെത്തിയതെങ്ങനെ?
കുറ്റബോധമുള്ള മനസ്സാക്ഷിയുടെ ഭാരം എത്ര വലുതായിരിക്കാമെന്ന് പുരാതന ഇസ്രായേലിലെ ദാവീദ് രാജാവിന് അറിയാമായിരുന്നു. അവൻ എഴുതി: “എന്റെ അകൃത്യങ്ങൾ എന്റെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്കു അതിഘനമായിരിക്കുന്നു. ഞാൻ ക്ഷീണിച്ചു അത്യന്തം തകർന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ ഞരക്കംനിമിത്തം ഞാൻ അലറുന്നു.” (സങ്കീർത്തനം 38:4, 8) എന്നാൽ, ദാവീദ് തന്റെ അസ്വസ്ഥ ഹൃദയത്തിന് ആശ്വാസം കണ്ടെത്തി. യഹോവ പാപത്തെ വെറുക്കുന്നെങ്കിലും പാപിയെ—അയാൾ യഥാർഥ അനുതാപം പ്രകടിപ്പിക്കുകയും തന്റെ പാപപൂർണമായ ഗതി ഉപേക്ഷിക്കുകയും ചെയ്യുന്നെങ്കിൽ—വെറുക്കുന്നില്ലെന്ന് അവൻ തിരിച്ചറിഞ്ഞു. (സങ്കീർത്തനം 32:5; 103:3) അനുതാപമുള്ളവരോടു കരുണ കാണിക്കാനുള്ള യഹോവയുടെ മനസ്സൊരുക്കത്തിൽ പൂർണവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ദാവീദ് പറഞ്ഞു: “ഓ, യഹോവേ, നീ നല്ലവനും ക്ഷമിക്കാൻ സന്നദ്ധതയുള്ളവനുമാകുന്നു.”—സങ്കീർത്തനം 86:5, NW.
2, 3. (എ) പാപം ചെയ്യുന്നതിന്റെ ഫലമായി നാമേതു ഭാരം പേറിയേക്കാം, അതു പ്രയോജനപ്രദമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) നാം കുറ്റബോധത്തിൽ ‘മുങ്ങിപ്പോകു’ന്നതിൽ എന്ത് അപകടമുണ്ട്? (സി) ക്ഷമിക്കാനുള്ള യഹോവയുടെ സന്നദ്ധതയെക്കുറിച്ചു ബൈബിൾ നമുക്ക് എന്ത് ഉറപ്പു നൽകുന്നു?
2 പാപം ചെയ്യുന്നതിന്റെ ഫലമായി നാമും ഒരു വ്യഥിതമനസ്സാക്ഷിയുടെ ഞെരുക്കുന്ന ഭാരം പേറിയേക്കാം. ഈ പശ്ചാത്താപ വികാരം സാധാരണമാണ്, പ്രയോജനപ്രദംപോലുമാണ്. നമ്മുടെ തെറ്റുകൾ തിരുത്തുന്നതിനുള്ള ക്രിയാത്മക പടികൾ സ്വീകരിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കാൻ അതിനു കഴിയും. എന്നാൽ, ചില ക്രിസ്ത്യാനികൾ കുറ്റബോധത്താൽ അത്യധികം വ്യാകുലപ്പെട്ടിട്ടുണ്ട്. എത്രമാത്രം അനുതാപമുള്ളവരായിരുന്നാലും ദൈവം തങ്ങളോടു പൂർണമായി ക്ഷമിക്കുകയില്ലെന്ന് അവരുടെ കുറ്റം വിധിക്കുന്ന ഹൃദയം ശഠിച്ചേക്കാം. “യഹോവ നമ്മെ മേലാൽ സ്നേഹിക്കാതിരുന്നേക്കാമെന്നുള്ള തോന്നൽ തികച്ചും അസ്വാസ്ഥ്യജനകമാ”ണെന്ന്, താൻ ചെയ്ത തെറ്റിനെക്കുറിച്ചു ചിന്തിച്ചുകൊണ്ട് ഒരു സഹോദരി പറഞ്ഞു. അനുതപിക്കുകയും സഭാമൂപ്പന്മാരിൽനിന്ന് സഹായകമായ ബുദ്ധ്യുപദേശം സ്വീകരിക്കുകയും ചെയ്തശേഷംപോലും താൻ ദൈവത്തിന്റെ ക്ഷമയ്ക്ക് അയോഗ്യയാണെന്ന് അവർ ചിന്തിച്ചുകൊണ്ടിരുന്നു. അവർ വിശദീകരിക്കുന്നു: “യഹോവയുടെ ക്ഷമയ്ക്കുവേണ്ടി ഞാൻ യാചിക്കാത്ത ഒരു ദിവസവുമില്ല.” നാം കുറ്റബോധത്തിൽ ‘മുങ്ങിപ്പോകു’ന്നെങ്കിൽ, പിൻവാങ്ങാൻ, യഹോവയെ സേവിക്കാൻ യോഗ്യരല്ലെന്നു ചിന്തിക്കാൻ തക്കവണ്ണം നമ്മെ സ്വാധീനിക്കാൻ സാത്താൻ ശ്രമിച്ചേക്കാം.—2 കൊരിന്ത്യർ 2:5-7, 11.
3 എന്നാൽ തീർച്ചയായും യഹോവ കാര്യങ്ങളെ വീക്ഷിക്കുന്നത് അപ്രകാരമല്ല! നാം ഹൃദയംഗമമായ യഥാർഥ അനുതാപം പ്രകടിപ്പിക്കുമ്പോൾ അവൻ ക്ഷമിക്കാൻ മനസ്സൊരുക്കമുള്ളവനാണെന്ന്, അതേ, സന്നദ്ധൻപോലുമാണെന്ന് അവന്റെ വചനം നമുക്ക് ഉറപ്പു തരുന്നു. (സദൃശവാക്യങ്ങൾ 28:13) അതുകൊണ്ട്, നിങ്ങൾക്കു ദൈവത്തിന്റെ ക്ഷമ ലഭിക്കുകയില്ലെന്ന് എന്നെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ, അവൻ എന്തുകൊണ്ട്, എങ്ങനെ ക്ഷമിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു മെച്ചമായ ഗ്രാഹ്യം നിങ്ങൾക്കാവശ്യമായിരുന്നേക്കാം.
യഹോവ “ക്ഷമിക്കാൻ സന്നദ്ധതയുള്ളവ”നായിരിക്കുന്നത് എന്തുകൊണ്ട്?
4. നമ്മുടെ പ്രകൃതിയെക്കുറിച്ച് യഹോവ എന്ത് ഓർക്കുന്നു, അവൻ നമ്മോടു പെരുമാറുന്ന വിധത്തെ അത് എങ്ങനെ ബാധിക്കുന്നു?
4 നാം വായിക്കുന്നു: “ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതു പോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകററിയിരിക്കുന്നു. അപ്പന്നു മക്കളോടു കരുണ തോന്നുന്നതു പോലെ യഹോവെക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു.” കരുണ കാണിക്കാൻ യഹോവ പ്രവണതയുള്ളവനായിരിക്കുന്നത് എന്തുകൊണ്ട്? അടുത്ത വാക്യം ഉത്തരം നൽകുന്നു: “അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു.” (സങ്കീർത്തനം 103:12-14) തീർച്ചയായും നാം അപൂർണതയുടെ ഫലമായി ബലഹീനതകൾ അഥവാ ദൗർബല്യങ്ങൾ ഉള്ള, പൊടിയിൽനിന്നു നിർമിക്കപ്പെട്ട സൃഷ്ടികളാണെന്നുള്ളത് യഹോവ വിസ്മരിക്കുന്നില്ല. അവൻ “നമ്മുടെ പ്രകൃതി” അറിയുന്നുവെന്ന പ്രയോഗം, ബൈബിൾ യഹോവയെ ഒരു കുശവനോടും നമ്മെ അവൻ നിർമിക്കുന്ന പാത്രങ്ങളോടും ഉപമിക്കുന്നുവെന്നത് നമ്മെ ഓർമിപ്പിക്കുന്നു.a (യിരെമ്യാവു 18:2-6) ഒരു കുശവൻ തന്റെ മൺപാത്രങ്ങളെ, എല്ലായ്പോഴും അവയുടെ പ്രകൃതി തിരിച്ചറിഞ്ഞ് ദൃഢമായി, എന്നാൽ കരുതലോടെ കൈകാര്യം ചെയ്യുന്നു. വലിയ കുശവനായ യഹോവയും നമ്മുടെ പാപപ്രകൃതം നിമിത്തമുള്ള ദൗർബല്യത്തിന് അനുസരണമായി നമ്മോടുള്ള അവന്റെ ഇടപെടലുകളെ മയപ്പെടുത്തുന്നു.—2 കൊരിന്ത്യർ 4:7 താരതമ്യം ചെയ്യുക.
5. നമ്മുടെ അപൂർണ ജഡത്തിന്മേലുള്ള പാപത്തിന്റെ ശക്തമായ പിടിയെ റോമറുടെ പുസ്തകം വിവരിക്കുന്നതെങ്ങനെ?
5 പാപം എത്ര ശക്തമാണെന്ന് യഹോവയ്ക്കറിയാം. തിരുവെഴുത്തുകൾ പാപത്തെ മനുഷ്യന്റെമേൽ മാരകമായി പിടിമുറുക്കിയിരിക്കുന്ന ശക്തമായൊരു സ്വാധീനമായി വർണിക്കുന്നു. പാപത്തിന്റെ പിടി എത്രമാത്രം ശക്തമാണ്? റോമറുടെ പുസ്തകത്തിൽ നിശ്വസ്ത അപ്പോസ്തലനായ പൗലൊസ് അതിനെ വർണനാത്മക ഭാഷയിൽ വിവരിക്കുന്നു: സൈനികർ സേനാപതിയുടെ കീഴിലായിരിക്കുന്നതുപോലെ നാം “പാപത്തിൻ കീഴാകുന്നു” (റോമർ 3:9); അത് ഒരു രാജാവിനെപ്പോലെ മനുഷ്യവർഗത്തിന്മേൽ ‘ഭരിച്ചിരിക്കുന്നു’ (റോമർ 5:21, NW); അതു നമ്മിൽ ‘വസിക്കുന്നു’ (റോമൻ 7:17, 20); ഫലത്തിൽ, നമ്മുടെ ഗതിയെ നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ട് അതിന്റെ “നിയമം” നമ്മിൽ അനവരതം വ്യാപരിച്ചുകൊണ്ടിരിക്കുന്നു. (റോമർ 7:23, 25, NW) അപൂർണ ജഡത്തിന്മേലുള്ള പാപത്തിന്റെ ശക്തമായ പിടിയെ ചെറുത്തുനിൽക്കാനുള്ള എന്തൊരായാസകരമായ പോരാട്ടമാണ് നമുക്കുള്ളത്!—റോമർ 7:21, 24.
6. പശ്ചാത്താപമുള്ള ഹൃദയത്തോടെ തന്റെ കരുണ തേടുന്നവരെ യഹോവ എങ്ങനെ വീക്ഷിക്കുന്നു?
6 അതുകൊണ്ട് നമ്മുടെ ഹൃദയം എത്രതന്നെ ആഗ്രഹിച്ചാലും, ദൈവത്തെ സമ്പൂർണമായി അനുസരിക്കുക നമ്മെ സംബന്ധിച്ചിടത്തോളം അസാധ്യമാണെന്ന് നമ്മുടെ കരുണാസമ്പന്നനായ ദൈവത്തിനറിയാം. (1 രാജാക്കന്മാർ 8:46) നാം പശ്ചാത്താപമുള്ള ഹൃദയത്തോടെ അവന്റെ പിതൃസമാന കരുണ തേടുമ്പോൾ നമ്മോടു ക്ഷമിക്കുമെന്ന് അവൻ സ്നേഹപൂർവം നമുക്ക് ഉറപ്പു തരുന്നു. സങ്കീർത്തനക്കാരനായ ദാവീദ് പറഞ്ഞു: “ദൈവത്തിന്റെ [“ദൈവത്തിനുള്ള,” NW] ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു; തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.” (സങ്കീർത്തനം 51:17) പാപഭാരത്താൽ തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ യഹോവ ഒരിക്കലും നിരസിക്കുകയോ തള്ളിക്കളയുകയോ ഇല്ല. ക്ഷമിക്കാനുള്ള യഹോവയുടെ സന്നദ്ധതയെ അതെത്ര മനോഹരമായി വർണിക്കുന്നു!
7. നാം ദൈവത്തിന്റെ കരുണയെ നിസ്സാരമായെടുക്കരുതാത്തതെന്തുകൊണ്ട്?
7 എന്നാൽ, പാപപൂർണമായ പ്രകൃതത്തെ പാപം ചെയ്യുന്നതിനുള്ള ഒരു ഒഴികഴിവായി ഉപയോഗിച്ചുകൊണ്ട് നമുക്കു ദൈവത്തിന്റെ കരുണയെ നിസ്സാരമായെടുക്കാമെന്നാണോ ഇതിന്റെയർഥം? യാതൊരു പ്രകാരത്തിലും അല്ല! യഹോവ കേവലം വികാരത്താൽ നയിക്കപ്പെടുന്നില്ല. അവന്റെ കരുണയ്ക്ക് അതിരുകളുണ്ട്. അനുതാപമില്ലാതെ കഠിനഹൃദയത്തോടെ മനഃപൂർവം ദ്രോഹകരമായ, പാപം ചെയ്യുന്നവരോട് അവൻ യാതൊരു പ്രകാരത്തിലും ക്ഷമിക്കുകയില്ല. (എബ്രായർ 10:26-31) നേരേമറിച്ച്, “തകർന്നും നുറുങ്ങിയുമിരിക്കുന്ന” ഒരു ഹൃദയം കാണുമ്പോൾ അവൻ “ക്ഷമിക്കാൻ സന്നദ്ധതയുള്ളവ”നാണ്. (സദൃശവാക്യങ്ങൾ 17:3) ദിവ്യ ക്ഷമയുടെ സമ്പൂർണതയെ വിവരിക്കാൻ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന അർഥപൂർണമായ ചില പ്രയോഗങ്ങൾ നമുക്ക് പരിഗണിക്കാം.
യഹോവ എത്ര സമ്പൂർണമായി ക്ഷമിക്കുന്നു?
8. യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കുമ്പോൾ അവൻ ഫലത്തിൽ എന്താണ് ചെയ്യുന്നത്, അതിന് നമ്മുടെമേൽ എന്തു ഫലമുണ്ടായിരിക്കണം?
8 അനുതപിച്ച ദാവീദ് രാജാവ് പറഞ്ഞു: “ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല. എന്റെ ലംഘനങ്ങളെ യഹോവയോടു ഏററുപറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുററം ക്ഷമിച്ചുതന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (സങ്കീർത്തനം 32:5) വാസ്തവത്തിൽ, “എടുക്കുക,” “വഹിക്കുക, മാറ്റുക” തുടങ്ങിയ അർഥങ്ങളുള്ള ഒരു എബ്രായ പദത്തിന്റെ പരിഭാഷയാണ് ‘ക്ഷമിച്ചു’ എന്ന പ്രയോഗം. അതിന്റെ ഇവിടുത്തെ ഉപയോഗം ‘കുറ്റം, പാപം, ലംഘനം എന്നിവ നീക്കംചെയ്യുന്നതിനെ’ അർഥമാക്കുന്നു. അതുകൊണ്ട്, ഒരുതരത്തിൽ പറഞ്ഞാൽ, യഹോവ ദാവീദിന്റെ പാപങ്ങൾ എടുത്തുമാറ്റി. (ലേവ്യപുസ്തകം 16:20-22 താരതമ്യം ചെയ്യുക.) ദാവീദ് അനുഭവിച്ചുകൊണ്ടിരുന്ന കുറ്റബോധത്തെ അത് ലഘൂകരിച്ചുവെന്നതിൽ സംശയമില്ല. (സങ്കീർത്തനം 32:3 താരതമ്യം ചെയ്യുക.) യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ക്ഷമ തേടുന്നവരുടെ പാപങ്ങൾ ക്ഷമിക്കുന്ന ദൈവത്തിൽ നമുക്കും പൂർണ വിശ്വാസമുള്ളവരായിരിക്കാൻ കഴിയും. (മത്തായി 20:28; യെശയ്യാവു 53:12 താരതമ്യം ചെയ്യുക.) അതുകൊണ്ട്, യഹോവ ആരുടെ പാപങ്ങൾ എടുത്തുമാറ്റിയിരിക്കുന്നുവോ അവർ കഴിഞ്ഞകാല പാപങ്ങളുടെ കുറ്റബോധഭാരം തുടർന്നും പേറേണ്ടതില്ല.
9. ‘ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ’ എന്ന യേശുവിന്റെ വാക്കുകളുടെ അർഥമെന്ത്?
9 യഹോവ ക്ഷമിക്കുന്നവിധം ചിത്രീകരിക്കുന്നതിന് യേശു കടംകൊടുത്തവനും കടക്കാരനും തമ്മിലുള്ള ബന്ധത്തെ ഉപയോഗിച്ചു. ദൃഷ്ടാന്തത്തിന്, ‘ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ’ എന്ന് പ്രാർഥിക്കാൻ യേശു ഉദ്ബോധിപ്പിച്ചു. (മത്തായി 6:12) യേശു അങ്ങനെ “പാപങ്ങളെ” “കടങ്ങളോട്” ഉപമിച്ചു. (ലൂക്കൊസ് 11:4) നാം പാപം ചെയ്യുമ്പോൾ, നാം യഹോവയോടു “കടക്കാർ” ആയിത്തീരുന്നു. “ക്ഷമിക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് ക്രിയാപദം, “ഒരു കടം, ആവശ്യപ്പെടാതെതന്നെ പൂർണമായി ഇളച്ചുകൊടുക്കുക, ഉപേക്ഷിക്കുക” എന്നിങ്ങനെ അർഥമാക്കാവുന്നതാണ്. യഹോവ ക്ഷമിക്കുമ്പോൾ ഒരർഥത്തിൽ അവൻ, നമ്മുടെ കണക്കിൽ കൊള്ളിക്കേണ്ട കടം റദ്ദാക്കുന്നു. അതുകൊണ്ട് അനുതാപമുള്ള പാപികൾക്ക് ആശ്വാസംകൊള്ളാൻ കഴിയും. താൻ റദ്ദുചെയ്ത ഒരു കടം വീട്ടാൻ യഹോവ ഒരിക്കലും ആവശ്യപ്പെടുകയില്ല!—സങ്കീർത്തനം 32:1, 2; മത്തായി 18:23-35 താരതമ്യം ചെയ്യുക.
10, 11. (എ) പ്രവൃത്തികൾ 3:19-ൽ കാണുന്ന ‘മാഞ്ഞുകിട്ടുക’ എന്ന പ്രയോഗത്താൽ പ്രകടിപ്പിക്കപ്പെടുന്ന ആശയമെന്ത്? (ബി) യഹോവയുടെ ക്ഷമയുടെ സമ്പൂർണത ചിത്രീകരിക്കപ്പെട്ടിരിക്കുന്നതെങ്ങനെ?
10 ദൈവത്തിന്റെ ക്ഷമയെ വിവരിക്കുന്നതിന് പ്രവൃത്തികൾ 3:19-ൽ ബൈബിൾ വ്യക്തമായ മറ്റൊരു ആലങ്കാരിക പ്രയോഗം ഉപയോഗിക്കുന്നു: “ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ.” ആലങ്കാരികമായി ഉപയോഗിക്കുമ്പോൾ “തുടച്ചുനീക്കുക, പൂർണമായി ഇല്ലായ്മചെയ്യുക, റദ്ദാക്കുക, നശിപ്പിക്കുക” എന്നിങ്ങനെ അർഥം വരുന്ന ഒരു ഗ്രീക്ക് ക്രിയയുടെ പരിഭാഷയാണ് ‘മാഞ്ഞുകിട്ടുക’ എന്ന പദപ്രയോഗം. ചില പണ്ഡിതന്മാർ പറയുന്നതനുസരിച്ച്, കയ്യെഴുത്ത് തുടച്ചുകളയുക എന്ന ആശയമാണ് അത് പ്രകടിപ്പിക്കുന്നത്. അത് എങ്ങനെ സാധിക്കുമായിരുന്നു? പുരാതനകാലത്ത് സാധാരണമായി ഉപയോഗിച്ചിരുന്ന മഷി കരിയും പശയും വെള്ളവും ചേർന്ന ഒരു മിശ്രിതംകൊണ്ട് ഉണ്ടാക്കിയതായിരുന്നു. അത്തരം മഷികൊണ്ട് എഴുതിയ ഉടനെ, ഒരു നനഞ്ഞ സ്പോഞ്ച് എടുത്ത് ഒരുവന് ആ എഴുത്ത് തുടച്ചുകളയാൻ കഴിയുമായിരുന്നു.
11 യഹോവയുടെ ക്ഷമയുടെ സമ്പൂർണത സംബന്ധിച്ച മനോഹരമായൊരു വർണനയാണത്. അവൻ നമ്മുടെ പാപങ്ങൾ ക്ഷമിക്കുമ്പോൾ അത്, അവൻ ഒരു സ്പോഞ്ച് എടുത്ത് അവ തുടച്ചുകളയുന്നതുപോലെയാണ്. ഭാവിയിൽ നമുക്കെതിരെ അവൻ ആ പാപങ്ങൾ വെച്ചുകൊണ്ടിരിക്കുമെന്നു ഭയപ്പെടേണ്ടതില്ല. കാരണം യഹോവയുടെ കരുണ സംബന്ധിച്ച് ശരിക്കും അതിശയകരമായ മറ്റൊരു സംഗതി ബൈബിൾ വെളിപ്പെടുത്തുന്നു: അവൻ ക്ഷമിക്കുമ്പോൾ അവൻ മറക്കുന്നു!
‘ഞാൻ അവരുടെ പാപം ഇനി ഓർക്കയില്ല’
12. യഹോവ നമ്മുടെ പാപങ്ങൾ മറക്കുന്നുവെന്ന് ബൈബിൾ പറയുമ്പോൾ അതിന്റെയർഥം അവയെ വീണ്ടും ഓർമിക്കാൻ അവൻ അപ്രാപ്തനാണെന്നാണോ, നിങ്ങൾ എന്തുകൊണ്ടാണ് അപ്രകാരം ഉത്തരം പറയുന്നത്?
12 യഹോവ പുതിയ ഉടമ്പടിയിലുള്ളവരെക്കുറിച്ച് പ്രവാചകനായ യിരെമ്യാവ് മുഖാന്തരം ഇങ്ങനെ വാഗ്ദാനം ചെയ്തു: “ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല.” (യിരെമ്യാവു 31:34) യഹോവ പാപങ്ങൾ ക്ഷമിച്ചാൽപ്പിന്നെ അവയെ വീണ്ടും ഓർമിക്കാൻ അവൻ അപ്രാപ്തനാണെന്നാണോ ഇതിന്റെ അർഥം? സംഗതി അതായിരിക്കാവുന്നതല്ല. ദാവീദ് ഉൾപ്പെടെ യഹോവ ക്ഷമിച്ച അനേകം വ്യക്തികളുടെ പാപങ്ങളെക്കുറിച്ച് ബൈബിൾ നമ്മോടു പറയുന്നു. (2 ശമൂവേൽ 11:1-17; 12:1-13) വ്യക്തമായും യഹോവ ഇപ്പോഴും അവർ ചെയ്ത പാപങ്ങളെക്കുറിച്ച് ബോധവാനാണ്, നാമും അങ്ങനെയായിരിക്കണം. അവരുടെ പാപത്തിന്റെയും അനുതാപത്തിന്റെയും ദൈവത്താലുള്ള ക്ഷമയുടെയും രേഖ നമ്മുടെ പ്രയോജനത്തിനായി കാത്തുസൂക്ഷിച്ചിരിക്കുന്നു. (റോമർ 15:4) അപ്പോൾപ്പിന്നെ, താൻ ക്ഷമിക്കുന്നവരുടെ പാപങ്ങളെ യഹോവ “ഓർക്ക”യില്ലെന്ന് ബൈബിൾ പറയുമ്പോൾ അത് എന്താണ് അർഥമാക്കുന്നത്?
13. (എ) ‘ഞാൻ ഓർക്കും’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ ക്രിയാപദത്തിന്റെ അർഥത്തിൽ എന്തുൾപ്പെട്ടിരിക്കുന്നു? (ബി ‘ഞാൻ അവരുടെ പാപം ഇനി ഓർക്കയില്ല’ എന്ന് യഹോവ പറയുമ്പോൾ അവൻ നമുക്ക് എന്തുറപ്പാണ് നൽകുന്നത്?
13 ‘ഞാൻ ഓർക്കും’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ ക്രിയാപദം കഴിഞ്ഞകാല കാര്യങ്ങൾ കേവലം മനസ്സിലേക്കു കൊണ്ടുവരുന്നതിനെക്കാൾ അധികം അർഥമാക്കുന്നു. പഴയനിയമത്തിന്റെ ദൈവശാസ്ത്ര പദപുസ്തകം (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച്, “ഉചിതമായ നടപടി സ്വീകരിക്കുകയെന്ന കൂടുതലായ അർഥം” അതിൽ ഉൾക്കൊള്ളുന്നു. അതുകൊണ്ട് ഈ അർഥത്തിൽ, പാപം ‘ഓർക്കുന്ന’തിൽ പാപികൾക്കെതിരായി നടപടി സ്വീകരിക്കുന്നത് ഉൾപ്പെടുന്നു. വഴിപിഴച്ച ഇസ്രായേല്യരെക്കുറിച്ച്, “അവൻ [യഹോവ] അവരുടെ അകൃത്യം ഓർക്കു”മെന്ന് പ്രവാചകനായ ഹോശേയ പറഞ്ഞപ്പോൾ, അവരുടെ അനുതാപരാഹിത്യം നിമിത്തം യഹോവ അവർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രവാചകൻ അർഥമാക്കി. അതുകൊണ്ട് ആ വാക്യത്തിന്റെ ബാക്കി ഭാഗം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അവൻ അവരുടെ പാപത്തിന് ശ്രദ്ധനൽകും.” (ഹോശേയ 9:9, NW) നേരേമറിച്ച്, ‘ഞാൻ അവരുടെ പാപം ഇനി ഓർക്കയില്ല’ എന്ന് പറയുകവഴി യഹോവ, അനുതാപമുള്ള ഒരു പാപിയോട് താൻ ഒരിക്കൽ ക്ഷമിച്ചാൽപ്പിന്നെ ആ പാപങ്ങളെപ്രതി ഭാവിയിൽ എന്നെങ്കിലും അയാൾക്കെതിരെ നടപടിയെടുക്കുകയില്ലെന്ന് നമുക്ക് ഉറപ്പുതരുന്നു. (യെഹെസ്കേൽ 18:21, 22) അങ്ങനെ, വീണ്ടുംവീണ്ടും നമ്മെ കുറ്റപ്പെടുത്തുന്നതിനോ ശിക്ഷിക്കുന്നതിനോ വേണ്ടി നമ്മുടെ പാപങ്ങളെ ആവർത്തിച്ചാവർത്തിച്ച് കുത്തിപ്പൊക്കുകയില്ലെന്നുള്ള അർഥത്തിൽ അവൻ അതു മറക്കുന്നു. മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ നമുക്ക് അനുകരിക്കുന്നതിനായി യഹോവ അങ്ങനെ മഹത്തായൊരു ദൃഷ്ടാന്തംവെക്കുന്നു. വിയോജിപ്പുകൾ ഉയർന്നുവരുമ്പോൾ, ക്ഷമിക്കാമെന്നു നാം മുമ്പ് സമ്മതിച്ച കഴിഞ്ഞകാല തെറ്റുകൾ കുത്തിപ്പൊക്കാതിരിക്കുന്നതാണ് ഉത്തമം.
ഭവിഷ്യത്തുകൾ സംബന്ധിച്ചെന്ത്?
14. ക്ഷമയ്ക്ക്, അനുതാപമുള്ള പാപി തന്റെ തെറ്റായ ഗതിയുടെ എല്ലാ ഭവിഷ്യത്തുകളിൽനിന്നും ഒഴിവാക്കപ്പെടുമെന്ന് അർഥമില്ലാത്തതെന്തുകൊണ്ട്?
14 ക്ഷമിക്കാനുള്ള യഹോവയുടെ സന്നദ്ധത അനുതാപമുള്ള പാപി തന്റെ തെറ്റായ ഗതിയുടെ എല്ലാ ഭവിഷ്യത്തുകളിൽനിന്നും ഒഴിവാക്കപ്പെടുന്നുവെന്ന് അർഥമാക്കുന്നുവോ? തീർച്ചയായുമില്ല. പാപം ചെയ്താൽ ഭവിഷ്യത്തുണ്ടാകുമെന്ന് ഉറപ്പാണ്. പൗലൊസ് എഴുതി: “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.” (ഗലാത്യർ 6:7) നമ്മുടെ ചില പ്രവർത്തനങ്ങളുടെയോ പ്രശ്നങ്ങളുടെയോ ഭവിഷ്യത്തുകൾ നാം അഭിമുഖീകരിച്ചേക്കാം. എന്നാൽ ക്ഷമിക്കാൻ സന്നദ്ധനായശേഷം, നമുക്ക് അനർഥം ഭവിക്കാൻ യഹോവ ഒരിക്കലും ഇടയാക്കുന്നില്ല. പ്രശ്നങ്ങൾ ഉയർന്നു വരുമ്പോൾ, ‘കഴിഞ്ഞകാല പാപങ്ങളെപ്രതി യഹോവ എന്നെ ശിക്ഷിക്കുകയായിരിക്കാ’മെന്ന് ഒരു ക്രിസ്ത്യാനിയും വിചാരിക്കരുത്. (യാക്കോബ് 1:13 താരതമ്യം ചെയ്യുക.) മറുവശത്ത്, നമ്മുടെ തെറ്റായ പ്രവർത്തനങ്ങളുടെ എല്ലാ ഫലങ്ങളിൽനിന്നും യഹോവ നമ്മെ സംരക്ഷിക്കുന്നില്ല. വിവാഹമോചനം, ആഗ്രഹിക്കാത്ത ഗർഭധാരണങ്ങൾ, ലൈംഗികമായി പകരുന്ന രോഗങ്ങൾ, വിശ്വാസവും ആദരവും നഷ്ടമാകൽ—ഇവയെല്ലാം പാപത്തിന്റെ ദുഃഖകരമായ ഭവിഷ്യത്തുകളായിരിക്കാം. യഹോവ നമ്മെ അവയിൽനിന്ന് സംരക്ഷിക്കുകയില്ല. ബത്ത്-ശേബയോടും ഊരീയാവിനോടുമുള്ള ബന്ധത്തിൽ ദാവീദ് ചെയ്ത പാപം യഹോവ ക്ഷമിച്ചെങ്കിലും തുടർന്നുണ്ടായ അനർഥകരമായ ഭവിഷ്യത്തുകളിൽനിന്ന് യഹോവ ദാവീദിനെ സംരക്ഷിച്ചില്ലെന്ന് ഓർമിക്കുക.—2 ശമൂവേൽ 12:9-14.
15, 16. ലേവ്യപുസ്തകം 6:1-7-ൽ രേഖപ്പെടുത്തിയിരിക്കുന്ന നിയമം ഇരയായവനും കുറ്റക്കാരനും പ്രയോജനം ചെയ്തതെങ്ങനെ?
15 നമ്മുടെ പാപങ്ങൾക്ക് മറ്റു ഭവിഷ്യത്തുകളും ഉണ്ടായിരുന്നേക്കാം. ദൃഷ്ടാന്തത്തിന്, ലേവ്യപുസ്തകം 6-ാം അധ്യായത്തിലെ വിവരണം പരിചിന്തിക്കുക. മോഷണത്തിലൂടെയോ ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ സഹഇസ്രായേല്യന്റെ വസ്തുക്കൾ കൈവശപ്പെടുത്തിക്കൊണ്ട് ഗുരുതരമായ തെറ്റുചെയ്യുന്ന ഒരു വ്യക്തി ഉൾപ്പെടുന്ന സാഹചര്യത്തെക്കുറിച്ചാണ് മോശൈക ന്യായപ്രമാണം ഇവിടെ പ്രതിപാദിക്കുന്നത്. എന്നിട്ട് പാപി തന്റെ കുറ്റം നിഷേധിക്കുന്നു, യതൊരു ലജ്ജയും കൂടാതെ ധൈര്യസമേതം കള്ളസത്യംപോലും ചെയ്യുന്നു. ഇത് രണ്ടു വ്യക്തികൾ തമ്മിലുള്ള തെളിവില്ലാത്ത തർക്കമാണ്. എന്നാൽ പിന്നീട്, കുറ്റക്കാരന് മനസ്സാക്ഷിക്കുത്ത് അനുഭവപ്പെട്ടിട്ട് അയാൾ തന്റെ പാപം ഏറ്റുപറയുന്നു. ദൈവത്തിന്റെ ക്ഷമ ലഭിക്കുന്നതിന് അയാൾ മൂന്നു കാര്യങ്ങൾക്കൂടി ചെയ്യേണ്ടതുണ്ട്: എടുത്തതു തിരിച്ചുകൊടുക്കുക, അതിന്റെ 20 ശതമാനം ഇരയായവനു പിഴയായി നൽകുക, അകൃത്യയാഗമായി ഒരു ആട്ടുകൊററനെ അർപ്പിക്കുക. അപ്പോൾ, നിയമം പ്രസ്താവിക്കുന്ന പ്രകാരം, “പുരോഹിതൻ യഹോവയുടെ സന്നിധിയിൽ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൻ അകൃത്യമായി ചെയ്തതൊക്കെയും അവനോടു ക്ഷമിക്കും.”—ലേവ്യപുസ്തകം 6:1-7; മത്തായി 5:23, 24 താരതമ്യം ചെയ്യുക.
16 ഈ നിയമം യഹോവയിൽനിന്നുള്ള കരുണാപൂർവകമായ ഒരു കരുതലായിരുന്നു. ഇരയായവന് അതു പ്രയോജനം ചെയ്തു, അയാളുടെ വസ്തുവകകൾ തിരിച്ചുകിട്ടി. കൂടാതെ അയാൾക്ക്, കുറ്റക്കാരൻ ഒടുവിൽ പാപം ഏറ്റുപറഞ്ഞപ്പോൾ നിസ്സംശയമായും വളരെയേറെ ആശ്വാസവും തോന്നി. അതേസമയം, മനസ്സാക്ഷിയുടെ പ്രേരണയാൽ ഒടുവിൽ തന്റെ കുറ്റം സമ്മതിക്കുകയും തെറ്റുതിരുത്തുകയും ചെയ്തവനും ആ നിയമം പ്രയോജനം ചെയ്തു. അയാൾ അപ്രകാരം ചെയ്യാൻ വിസമ്മതിച്ചിരുന്നെങ്കിൽ, തീർച്ചയായും അയാൾക്കു ദൈവത്തിൽനിന്നു ക്ഷമ ലഭിക്കുമായിരുന്നില്ല.
17. മറ്റുള്ളവർ നമ്മുടെ പാപങ്ങളാൽ വ്രണിതരാകുമ്പോൾ നാം എന്തു ചെയ്യാൻ യഹോവ പ്രതീക്ഷിക്കുന്നു?
17 നാം മോശൈക ന്യായപ്രമാണത്തിൻ കീഴിലല്ലെങ്കിലും, അത് ക്ഷമയെ സംബന്ധിച്ചുള്ള യഹോവയുടെ വീക്ഷണഗതി ഉൾപ്പെടെ, അവന്റെ മനസ്സിനെപ്പറ്റി നമുക്ക് അമൂല്യമായ ഉൾക്കാഴ്ച പ്രദാനം ചെയ്യുന്നു. (കൊലൊസ്സ്യർ 2:13, 14) മറ്റുള്ളവർ നമ്മുടെ പാപങ്ങൾക്ക് ഇരകളാകുകയോ അവയാൽ വ്രണിതരാകുകയോ ചെയ്യുമ്പോൾ, ‘തെറ്റ് തിരുത്താൻ’ നമ്മളാലാകുന്നതെല്ലാം ചെയ്യുന്നെങ്കിൽ യഹോവ സന്തോഷിക്കുന്നു. (2 കൊരിന്ത്യർ 7:11) നമ്മുടെ പാപം തിരിച്ചറിയുന്നതും കുറ്റം സമ്മതിക്കുന്നതും മാത്രമല്ല ഇരയായവനോടു ക്ഷമ ചോദിക്കുന്നതുപോലും ഇതിൽ ഉൾപ്പെടുന്നു. അപ്പോൾ നമുക്ക് യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ യഹോവയോട് അപേക്ഷിക്കാനും ഒരു ശുദ്ധ മനസ്സാക്ഷി കൈവരുത്തുന്ന ആശ്വാസം അനുഭവിക്കാനും ദൈവം നമ്മോടു ക്ഷമിച്ചിരിക്കുന്നെന്ന് ഉറപ്പുണ്ടായിരിക്കാനും കഴിയും.—എബ്രായർ 10:21, 22.
18. ക്ഷമിക്കുന്നതിനോടൊപ്പം യഹോവ എന്തു ശിക്ഷണം നൽകിയേക്കാം?
18 സ്നേഹവാനായ ഏതൊരു പിതാവിനെയുംപോലെ, യഹോവ ക്ഷമിക്കുന്നതിനൊപ്പം ഉചിതമായ അളവിലുള്ള ശിക്ഷണവും നൽകിയേക്കാം. (സദൃശവാക്യങ്ങൾ 3:11, 12) അനുതാപമുള്ള ക്രിസ്ത്യാനി ഒരു മൂപ്പനോ ശുശ്രൂഷാദാസനോ പയനിയറോ എന്നനിലയിലുള്ള തന്റെ സേവനപദവി ഉപേക്ഷിക്കേണ്ടിവന്നേക്കാം. തനിക്കു വളരെ മൂല്യവത്തായിരുന്ന പദവികൾ ഒരു കാലഘട്ടത്തേക്കു നഷ്ടപ്പെടുന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വേദനാജനകമായിരുന്നേക്കാം. എന്നാൽ, അത്തരം ശിക്ഷണം അദ്ദേഹത്തിന് യഹോവയുടെ അംഗീകാരം നഷ്ടപ്പെട്ടെന്നോ യഹോവ അദ്ദേഹത്തോടു ക്ഷമിച്ചിട്ടില്ലെന്നോ അർഥമാക്കുന്നില്ല. അതിനുപുറമേ, യഹോവയിൽനിന്നുള്ള ശിക്ഷണം നമ്മോടുള്ള അവന്റെ സ്നേഹത്തിന്റെ തെളിവാണെന്നു നാം ഓർമിക്കണം. അതു സ്വീകരിക്കുകയും ബാധകമാക്കുകയും ചെയ്യുന്നത് നമ്മുടെ ഉത്തമ താത്പര്യങ്ങൾക്കു പ്രയോജകീഭവിക്കുകയും നമ്മെ നിത്യജീവനിലേക്കു നയിക്കുകയും ചെയ്യുന്നു.—എബ്രായർ 12:5-11.
19, 20. (എ) നിങ്ങൾ തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ യഹോവയുടെ കരുണ നിങ്ങളുടെ എത്തുപാടിനതീതമാണെന്ന് വിചാരിക്കരുതാത്തത് എന്തുകൊണ്ട്? (ബി) തുടർന്നുള്ള ലേഖനത്തിൽ എന്തു ചർച്ചചെയ്യപ്പെടും?
19 “ക്ഷമിക്കാൻ സന്നദ്ധതയുള്ള” ഒരു ദൈവത്തെയാണു നാം സേവിക്കുന്നത് എന്ന അറിവ് എത്ര നവോന്മേഷപ്രദമാണ്! യഹോവ നമ്മുടെ പാപങ്ങൾക്കും പിഴവുകൾക്കും അപ്പുറം കാണുന്നു. (സങ്കീർത്തനം 130:3, 4) നമ്മുടെ ഹൃദയത്തിൽ എന്താണുള്ളതെന്ന് അവനറിയാം. കഴിഞ്ഞകാല തെറ്റുകൾ നിമിത്തം നിങ്ങളുടെ ഹൃദയം തകർന്നും നുറുങ്ങിയുമിരിക്കുന്നതായി തോന്നുന്നെങ്കിൽ യഹോവയുടെ കരുണ നിങ്ങളുടെ എത്തുപാടിനതീതമാണെന്നു നിഗമനം ചെയ്യരുത്. നിങ്ങൾ ചെയ്തിരിക്കാവുന്ന തെറ്റുകൾ എന്തായിരുന്നാലും, യഥാർഥമായി അനുതപിക്കുകയും തെറ്റു തിരുത്താൻ നടപടികൾ സ്വീകരിക്കുകയും യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിന്റെ അടിസ്ഥാനത്തിൽ യഹോവയുടെ ക്ഷമയ്ക്കായി ആത്മാർഥമായി പ്രാർഥിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, 1 യോഹന്നാൻ 1:9-ലെ വാക്കുകൾ നിങ്ങൾക്കു ബാധകമാണെന്നു പൂർണ ബോധ്യമുണ്ടായിരിക്കാവുന്നതാണ്: “നമ്മുടെ പാപങ്ങളെ ഏററുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.”
20 പരസ്പരമുള്ള ഇടപെടലുകളിൽ യഹോവയുടെ ക്ഷമ അനുകരിക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ മറ്റുള്ളവർ നമ്മോടു പാപം ചെയ്യുമ്പോൾ നാം ഏതളവുവരെ പൊറുക്കാനും മറക്കാനും പ്രതീക്ഷിക്കപ്പെടുന്നു? തുടർന്നുള്ള ലേഖനത്തിൽ ഇതു ചർച്ചചെയ്യപ്പെടും.
[അടിക്കുറിപ്പുകൾ]
a രസാവഹമായി, “നമ്മുടെ പ്രകൃതി” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദം കുശവൻ നിർമിച്ച മൺപാത്രങ്ങളോടുള്ള ബന്ധത്തിൽ ഉപയോഗിച്ചിരിക്കുന്നു.—യെശയ്യാവു 29:16.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ യഹോവ “ക്ഷമിക്കാൻ സന്നദ്ധതയുള്ളവ”നായിരിക്കുന്നത് എന്തുകൊണ്ട്?
□ യഹോവയുടെ ക്ഷമയുടെ സമ്പൂർണതയെ ബൈബിൾ എങ്ങനെ വിവരിക്കുന്നു?
□ യഹോവ ക്ഷമിക്കുമ്പോൾ അവൻ ഏത് അർഥത്തിലാണ് മറക്കുന്നത്?
□ മറ്റുള്ളവർ നമ്മുടെ പാപങ്ങളാൽ വ്രണിതരാകുമ്പോൾ നാം എന്തു ചെയ്യാൻ യഹോവ പ്രതീക്ഷിക്കുന്നു?
[12-ാം പേജിലെ ചിത്രം]
മറ്റുള്ളവർ നമ്മുടെ പാപങ്ങളാൽ വ്രണിതരാകുമ്പോൾ കാര്യങ്ങളെ യഥാസ്ഥാനത്താക്കാൻ വേണ്ട പടികൾ നാം സ്വീകരിക്കണമെന്ന് യഹോവ പ്രതീക്ഷിക്കുന്നു